Slider

ബാബുവിന്റെ ശരികൾ

0
Image may contain: Muhammad Ali Ch, smiling, tree, hat, outdoor and closeup
---------------------------------------
എയർപോട്ടിൽ അറൈവൽ ഏരിയയിൽ വെച്ചാണ് ബാബുവിനെ ഞാൻ പരിചയപ്പെട്ടത്. മറ്റൊരു യാത്രക്കാരനോടൊപ്പം ഷെയർ ടാക്സിയിൽ ഞങ്ങൾ റെയിൽവേസ്റേഷനിലെത്തി. വടക്കോട്ടുള്ള ട്രെയിനിലാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഞങ്ങൾ മൂന്നുപേർക്കും വീട്ടിലേക്ക് പോകേണ്ടതും.
റെയിൽവേസ്റ്റേഷനിൽ ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കവേ , ഇരുചെവികളിലും ഇയർഫോൺ കുത്തിക്കയറ്റിയ ചെറുപ്പക്കാരൻ - , അയാളുടെ ലഗേജുകളിൽ പേരെഴുതി ഒട്ടിച്ചിരിക്കുന്നതിനാൽ, പേര് സുനിൽ ആണെന്നും, ദുബായിൽ നിന്നുമാണ് യാത്ര എന്നും മനസ്സിലാക്കി, ഞാൻ കുശലം പറഞ്ഞു. ഭാഗികമായി മാത്രം കേട്ടത് കൊണ്ടാവാം, സുനിൽ ചെവികളിൽ നിന്നും ആ വെളുത്ത ഉപകരണം എടുത്തു മാറ്റി സംസാരിക്കാൻ തുടങ്ങി. അങ്ങനെ സുനിലും മൂവർ സംഘത്തോടൊപ്പം കൂടി, നാൽവർ സംഘമായി മാറി.
ട്രെയിനിനുള്ളിൽ, ഞങ്ങൾക്കിടയിലെ സംസാരത്തിന്റെ നിയന്ത്രണം ബാബു ഏറ്റെടുത്തു,
താല്പര്യമുള്ളവർ ബാബുവിന്റെ സംസാരത്തിന് ഒന്ന് മൂളിക്കൊടുക്കുകയോ, എന്തെങ്കിലും ചോദിക്കുകയോ, ആശ്ചര്യം പ്രകടിപ്പിക്കുകയോ ഒക്കെ ചെയ്‌താൽ ബാബു അങ്ങനെ മുന്നോട്ട് പൊയ്ക്കൊള്ളും, ആകർഷകമായ ശരീര ഭാഷയും, അംഗവിക്ഷേപങ്ങളും കൈമുതലായുള്ളയാളാണ് ബാബുവെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി
"ഞാൻ ഈ സാധനവും ചെവികളിൽ കുത്തിവെച്ച് പാട്ടുകൾ ആസ്വദിച്ച് യാത്ര ചെയ്യാനായിരുന്നു പ്ലാൻ, ഇതിപ്പോൾ ഈ ബാബുവേട്ടന്റെ സംസാരം കേട്ട് കൊണ്ടിരുന്നപ്പോൾ ഞാനതങ്ങ് മറന്നു പോയി, അതിൽ ലയിച്ചു പോയി ഹഹഹ ". സുനിൽ തന്റെ മനസ്സിലുള്ളത് പങ്കുവെച്ചു.
ഞങ്ങളിരുന്ന ഭാഗം സീറ്റുകൾ മിക്കതും കാലിയായതിനാൽ ഒരു ബെർത്തിൽ നീണ്ടു നിവർന്നു കിടക്കുകയാണ് പ്രദീപ്.
"നാട്ടിലെ ചെറുപ്പക്കാരുടെ കാര്യമൊക്കെ വളരെ കഷ്ടാ ചങ്ങായിമാരെ....",
"ഹൂം ? എന്താ ചെറുപ്പക്കാർക്ക് ഇപ്പോ പ്രശ്നം ? അവർ എല്ലാ കാര്യങ്ങളും നന്നായി പഠിക്കുന്നു, അതിവേഗം ലോകത്തെ മുന്നോട്ട് നീക്കുന്നു, പണ്ടു കാലത്ത് സൈക്കിളാണ് പ്രചാരമെങ്കിൽ ഇപ്പോൾ ബൈക്ക്, സ്മാർട്ട് ഫോൺ , ചെറുപ്രായത്തിലേ സ്വന്തമായി കാർ, അങ്ങനെ എല്ലാം കൊണ്ടും ഉഷാറല്ലെ ? അവരല്ലേ ഇപ്പോളത്തെ താരങ്ങൾ?” ഞാൻ മറുപടിയായി പറഞ്ഞു.
"ഹോ പിന്നെ, അതൊന്നുമല്ല കാര്യങ്ങൾ” ..“ചില രാഷ്ട്രീയ പാർട്ടികൾ അവരെ മോശമാക്കുകയാണ്”.
ബാബുവിന്റെ സംസാരദിശ എന്തോ രാഷ്ട്രീയ കാര്യത്തിലേക്കാണ്..
“ദേ റോഡ് സൈഡിൽ വയലിൽ എന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ദിവസം നോക്കുമ്പോളുണ്ട് ഒരു ചെറിയ മരത്തൂണിൽ ഒരു കൊടി , കണ്ടയുടനെ ഞാനതങ്ങ് പിഴുതു മാറ്റി , കുറെയെണ്ണം - ആ കൊടിയുടെ പാർട്ടിക്കാരാണ് പോലും, എന്റടുത്ത് ചോദ്യം ചെയ്യാൻ വന്നു, ഞാൻ പറഞ്ഞു, എന്റെ സ്ഥലത്ത് ഇമ്മാതിരി ഉഡായിപ്പും കൊണ്ട് വന്നാ ഞാൻ ഇത് തന്നെ ചെയ്യും. ഞാനും ഈ കൊടിയെ ബഹുമാനിക്കുന്നോനാ, പക്ഷെ ഇന്ന് എന്റെ സ്ഥലത്ത് ഞാനതനുവദിച്ചാ നാളെ നിങ്ങൾ മറ്റൊരാളുടെ സ്ഥലം കയ്യേറി ഇതിലും വലുത് ചെയ്യും. നിങ്ങൾ സ്ഥലം വിടാൻ നോക്ക് , വന്നവർ അതെപടി തിരിച്ചു പോയി.",
“ഞാൻ രണ്ടു മാസത്തിലൊരിക്കൽ ഒരു മാസത്തെ അവധിക്ക് നാട്ടിലേക്ക് വരുന്നയാളാ”.
“ഒരിക്കൽ ഞാൻ വീട്ടിലെത്തിയതിന്റെ പിറ്റേന്ന് , കുറെ നേരം വൈകിയിട്ടും പതിനെട്ടുകാരനായ എന്റെ മൂത്ത മകൻ വീട്ടിലെത്തിയില്ല, ഡിഗ്രിക്ക് പഠിക്കുന്നോനാ..
“അവൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ, അവനിങ്ങ് വന്നോളും" എന്ന് ഞാൻ സമാധാനിപ്പിച്ചിട്ടും ഭാര്യ നിക്കപ്പൊറുതി തരാതായപ്പോൾ .. ഞാനവന്റെ മൊബൈലിലേക്ക് വിളിച്ചു നോക്കി. ഫോൺ അറ്റൻഡ് ചെയ്ത അവൻ പറയുന്നു, അവനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണത്രെ , “
“എന്താ കാര്യം” എന്ന് ചോദിച്ചപ്പോൾ പറയുവാ, "അച്ഛൻ വിഷമിക്കണ്ട, ഞാനിപ്പോൾ അങ്ങെത്തിയേക്കാമെന്ന്",
ഞാനുടനെ ആശുപത്രിയിലേക്ക് കുതിച്ചു, അവനെ കിടത്തിയിരിക്കുന്ന വാർഡിലെത്തി നോക്കുമ്പോൾ ചെറുതല്ലാത്ത ഒരാൾക്കൂട്ടം, മിക്കവാറും എല്ലാവരും വെള്ള വസ്ത്ര ധാരികൾ, സ്ഥലം എം എൽ എ വരെ അവിടെ ഉണ്ട് !!, ഞാൻ ആകപ്പാടെ അങ്കലാപ്പിലായി, "ആൾക്കൂട്ടം കണ്ടപ്പോൾ മകനെന്തോ അത്യാഹിതം സംഭവിച്ചത് പോലെ തോന്നിപ്പോയി”..
ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി വാർഡിലേക്ക് പോകുമ്പോൾ ചിലർ എന്നെ തടഞ്ഞു.
അവരോട് ഞാൻ പറഞ്ഞു…
"അകത്ത് കിടക്കുന്ന ചെക്കൻ സനൂപിൻറെ അച്ഛനാണ് ഞാൻ, എനിക്കവനെ കാണണം."
അവന്റെയടുത്ത് ചെന്ന് നോക്കുമ്പോൾ അവന് ബാഹ്യമായ യാതൊരു പരിക്കും കാണാനില്ല, അവനെന്തെങ്കിലും സംഭവിച്ചതായി തോന്നുന്നേയില്ല.”
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു,
"അച്ഛൻ ഇവിടേക്ക് ഓടി വരേണ്ട കാര്യമൊന്നുമില്ലാന്ന് ഞാൻ പറഞ്ഞില്ലേ..”
", ഞാൻ മകനോട് ചോദിച്ചു, "നിനക്കെന്താ പറ്റിയെ ?"
നേതാവെന്ന് തോന്നിക്കുന്ന ഒരാളാണ് മറുപടി പറഞ്ഞത്,
“അത് ... ഇവനെയും, ദാ ആ കിടക്കുന്ന പയ്യനെ കണ്ടോ മനീഷ്,.. അവനെയും അവന്മാർ മർദ്ദിച്ചു, ഇവർ നമ്മുടെ പാർട്ടിക്കാരായോണ്ടാ അവർ അത് ചെയ്തത്, അവരെ നമ്മൾ വിടൂല, പോലീസ് ഇപ്പോളെത്തും, മൊഴി കൊടുത്തു കഴിഞ്ഞാൽ സനൂപിനെ വീട്ടിലേക്ക് ഞങ്ങൾ തന്നെ കൊണ്ട് വിട്ടോളാ".
"അപ്പൊ അവന് കുഴപ്പമൊന്നുമില്ല അല്ലേ ? " തെല്ലാശ്വാസത്തോടെ ഞാൻ ചോദിച്ചു "ഏയ്, ഒരു കുഴപ്പവുമില്ല, പോലീസ് കേസാക്കാൻ വേണ്ടി കിടത്തിയതാ", നേതാവ് യാതൊരു കൂസലുമില്ലാതെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
കിടന്നിടത്തു നിന്നും മകനെ ഞാൻ കൈപിടിച്ചെഴുന്നേല്പിച്ചു നിലത്ത് നിർത്തി.
“ 'ടപ്പേ' ന്നും പറഞ്ഞ് ഒന്ന് കനത്തിൽ അവന്റെ കരണത്ത് പൊട്ടിച്ചു കൊണ്ട് പറഞ്ഞു ..
"നടക്കെടാ വീട്ടിലേക്ക് , നിന്റെ അമ്മ എത്ര വെഷമിച്ചാ വീട്ടിൽ കഴിയുന്നതെന്നറിയോ ? ", അടികൊണ്ട് ചുവന്ന മുഖം തടവിക്കൊണ്ട് മകൻ പറഞ്ഞു..
"ഞാൻ വരാം അച്ഛാ",
'സംഭവം' കണ്ടുകൊണ്ട് അവിടേക്ക് കയറി വന്ന എം എൽ എ ഇടപെട്ടു, എന്നോട് പറഞ്ഞു..
"അത്, നിങ്ങൾക്ക് ഇപ്പോൾ സനൂപിനെ കൊണ്ടുപോകാൻ പറ്റില്ല, ഇവൻ പൊലീസിന് മൊഴി നൽകാനുള്ളതാ, ഇവരെ ആക്രമിച്ചവരെ ഞങ്ങൾ വിടൂല".
ഞാൻ എം എൽ എയോട് പറഞ്ഞു..
"എടൊ എം എൽ എ, നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ അനിയനെയോ അളിയനെയോ ഇവിടെ കൊണ്ട് വന്ന് കിടത്തിക്കോ, കേസാക്കാനും മൊഴി കൊടുക്കാനും, എന്റെ മകനെ ഞാൻ കൊണ്ടുപോകുകയാണ്, നിങ്ങൾക്കെന്ത് ചെയ്യാൻ പറ്റും? , എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കല്ലേ”...
ദേഷ്യം കൊണ്ട് വിറക്കുകയായിരുന്ന ഞാൻ എം എൽ എ യോട് തട്ടിക്കയറി, ആളെ കണ്ടാൽ എന്റെ മകന്റെയത്ര പ്രായമുള്ള മകൻ ആ എം എൽ എക്കുണ്ടാവില്ല, അതാ അനിയനെയോ, അളിയനെയോ എന്ന് ഞാൻ പറഞ്ഞെ, മനസ്സിലായോ, “എം എൽ എ പിന്നെ എന്നെ തടയാനോ എന്നോട് എന്തെങ്കിലും സംസാരിക്കാനോ തയ്യാറായില്ല.” ഒറ്റ ശ്വാസത്തിലെന്ന പോലെ ഇത്രയും പറഞ്ഞു, ബാബു വീണ്ടും ചിരിച്ചു.
ആരെയും കൂസാത്ത ആ ഭാവം ഞങ്ങളോട് ഈ കാര്യം വിവരിക്കുമ്പോളും അയാളുടെ മുഖത്ത് കാണാം.
"ഇതൊക്കെയാ ഇക്കാലത്ത് ചെറുപ്പക്കാരെ ചൂഷണം ചെയ്യുന്ന മറ്റൊരവസ്ഥ".
ഇങ്ങനെയുള്ള രാഷ്ട്രീയ പാർട്ടിക്കാർ തന്നെ ഇവരെ മദ്യപിക്കാനും മയക്കു മരുന്ന് ഉപയോഗിക്കാനും ശീലിപ്പിക്കുന്നു. അവരുടെ പാർട്ടിയിലേക്ക് ചോരത്തിളപ്പുള്ള യുവാക്കളെ ആകർഷിക്കാൻ.. കവലകളിലോ, റോഡരികിലോ, കാണുന്നിടത്ത് രണ്ട് കല്ലും വെച്ച്, ഒരു മരപ്പലകയുമിട്ട് ഇരിപ്പിടമാക്കും, അവന്റെയൊക്കെ തറവാട് സ്വത്ത് പോലെ... പിന്നെ സന്ധ്യയാകുമ്പോ കുറെയെണ്ണം ഒരുമിച്ചു കൂടും, എന്റെ മോനെ പോലെയുള്ളവന്മാരെ ഒരു ബൈക്കും കൊടുത്തു മദ്യം വാങ്ങാനയക്കും , പിന്നെ അവരോട്, ടേസ്റ്റ് നോക്കാനെന്നും പറഞ്ഞു കുറേശ്ശെ കുടിപ്പിക്കും, അങ്ങനെ അവരും ആ സംഘത്തിലാകും, പിന്നെ ക്രമേണ മറ്റേതും”.. (പുക വലിക്കുന്ന ആംഗ്യം കാട്ടി, കഞ്ചാവ് ബീഡി സൂചിപ്പിച്ചു കൊണ്ട് ) ..
എന്റെ മകനോടും കൂട്ടുകാരോടുമെല്ലാം ‘അവരുടെ’ രാഷ്ട്രീയ പാർട്ടിക്കാർ പറഞ്ഞുവത്രേ, "നിങ്ങൾക്ക് ആരെയെങ്കിലും തല്ലാനുണ്ടെങ്കിൽ ധൈര്യമായി തല്ലിക്കോ , ഞങ്ങളുണ്ട് പിറകെ, ബാക്കി നമ്മൾ നോക്കിക്കോളാന്ന്," “ഇങ്ങനെയൊക്കെയാണ് ഇവർ കുട്ടികളെ തങ്ങളോടടുപ്പിക്കുന്ന മറ്റൊരു വഴി. പിന്നെയെവിടെയാ കുട്ടികൾ നന്നാവുക ? “ ബാബു പറഞ്ഞു.
ഞങ്ങൾ മൂന്നുപേരും ബാബുവിന്റെ സംസാരശൈലി ആസ്വദിച്ചു ചിരിച്ചു ..
പലപ്പോഴും ഞാൻ പൊട്ടിച്ചിരിച്ചു പോയി..
"നീ ചിരിക്കെടാ, ജീവിതത്തിൽ ചിരിച്ചു കൊണ്ടേയിരിക്കണം, എന്നാൽ സ്വന്തം ഉത്തരവാദിത്തം മറന്നു പോകാനും പാടില്ല., മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി മൂക്കിട്ട് മണപ്പിക്കാനും പാടില്ല. ഞാൻ പറഞ്ഞത് സദാചാരം പകൽ കവലകളിൽ പ്രസംഗിക്കുകയും, രാത്രിയിൽ അത് മറക്കുകയും ചെയ്യുന്നവരെക്കുറിച്ച്- എനിക്കറിവുള്ളവരെക്കുറിച്ചാണ്, നേരിട്ട് ബോധ്യമുള്ളവരെക്കുറിച്ചാണ് "
പക്ഷെ എല്ലാ ചെറുപ്പക്കാരും പിന്നെ രാഷ്ട്രീയക്കാരും അങ്ങനെയല്ല ബാബു ഭായ്," ഞാൻ ബാബുവിനെ തിരുത്താനായി പറഞ്ഞു.
"ഭൂരിഭാഗം യുവാക്കളും നന്നായി വിദ്യാഭ്യാസം ചെയ്യണമെന്നും, ഉന്നത ജോലികളിലെത്തണമെന്നോ, ബിസിനസ് ചെയ്യണമെന്നോ, കൂടെ കുറച്ച് അടിച്ചുപൊളിക്കണം, മാന്യമായി ജീവിക്കണം എന്നൊക്കെയുള്ള ആഗ്രഹമുള്ളവരാ, കുറഞ്ഞപക്ഷം പ്രത്യേകിച്ച് ഗ്രാമങ്ങളിൽ ചില ചെറുപ്പക്കാർ ഈ വിധം ചൂഷണം ചെയ്യപ്പെടുന്നുണ്ടാവാം. പിന്നെ രാഷ്ട്രീക്കാരിലും പിന്തിരിപ്പന്മാർ ഉണ്ടാവുമല്ലോ, ഇതേപോലെയുള്ള ചെറുപ്പക്കാർ വളർന്നാവുമല്ലോ അത്തരക്കാരായി മാറുന്നത് , പക്ഷേ എല്ലാരേയും അടച്ചാപേക്ഷിക്കുന്നത് ശരിയല്ലല്ലോ ബാബു ഭായ്".
ഞാൻ എന്റെ നിരീക്ഷണം പ്രകടിപ്പിച്ചു. ഉറക്കക്ഷീണമുള്ള പ്രദീപ് ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി, സുനിൽ തലയാട്ടിക്കൊണ്ട് എന്റെ നിരീക്ഷണത്തോട് യോജിച്ചു.
"അല്ല, എല്ലാരും അങ്ങനെയാണെന്ന് പറയാൻ ഞാനും തയ്യാറല്ല, എന്റെ ചില അനുഭവങ്ങൾ, പിന്നെ എന്റെ ഗ്രാമത്തിൽ കണ്ടുവരുന്ന ഈ നിലവാരമില്ലാത്ത പ്രവൃത്തികൾ ... അതാണ് ഞാൻ പറയുന്നത് ", ബാബു മറുപടിയായി പറഞ്ഞു.
അപ്പോളേക്കും ബാബുവിന് ഇറങ്ങാനുള്ള സ്റ്റേഷൻ അടുക്കാറായിരുന്നു. എന്തൊക്കെയോ വിശേഷങ്ങൾ പറയാൻ ബാക്കി വെച്ച് വീണ്ടും കാണാമെന്ന യാത്രാമൊഴിയോടെ ബാബു ട്രെയിനിൽ നിന്നും ഇറങ്ങിപ്പോകുന്നത് ഒരൽപ്പം നിരാശയോടെ ഞാൻ നോക്കി നിന്നു.
-മുഹമ്മദ് അലി മാങ്കടവ്
31/12/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo