Showing posts with label Ritu. Show all posts
Showing posts with label Ritu. Show all posts

ദൈവവിളി

Image may contain: 1 person, text


***********
മുറത്തിലെടുത്ത കാച്ചിലുമായി ജിൻസി ഉമ്മറത്തേക്ക് വരുമ്പോൾ ജയിംസൂട്ടി പത്രവായനയിൽ തന്നെയായിരുന്നു.
"ഈ പത്രത്തിലിതെന്തോന്നാ ഇച്ചായാ ഇതിനും മാത്രം വായിക്കാനിരിക്കുന്നത്? പീഢനം, കൊള്ള, കൊല ഇതൊക്കെ തന്നെയല്ലേ?"
"അതല്ല ജിൻസിക്കൊച്ചേ..." (കൊച്ചേന്നുള്ള ജയിംസൂട്ടിയുടെ വിളിയിൽ മയങ്ങിയ ജിൻസി, ചവിട്ടുപടിയിലോട്ട് കാല് രണ്ടും ഇറക്കി വെച്ച് ഉമ്മറത്തിണ്ണയോട് ചേർന്നിരുന്ന് കാച്ചിലിന്റെ തൊലി ചെത്താൻ തുടങ്ങി.
പത്രം മടക്കി വെച്ച്, പല്ലും കടിച്ച് കാച്ചിലിനോടുള്ള അടങ്ങാത്ത വിരോധം തീർക്കുന്ന ജിൻസിയുടെ മുഖത്തേക്കും കയ്യിലെ കത്തിയിലേക്കും മാറി മാറി നോക്കി ജയിംസൂട്ടി ഒന്നു മുരടനക്കി. "കൊച്ചേ..."
"എന്നതാ ഇച്ചായാ?"
"എന്നതൊക്കെയാ ചുറ്റിലും നടക്കുന്നേ.'' ഗേറ്റിലോട്ട് കണ്ണും നട്ട്, ജയിംസൂട്ടി ഒരു ദീർഘനിശ്വാസത്തോടെ അത് പറഞ്ഞപ്പോൾ ജിൻസിയും ഗേറ്റിലോട്ടൊന്നു പാളി നോക്കി. ചിക്കിപ്പെറുക്കി മന്ദം മന്ദം നടന്നു വരുന്ന കോഴിയും മൂന്നാല് കുഞ്ഞുങ്ങളുമല്ലാതെ വേറൊന്നും ചുറ്റിലും നടക്കുന്ന കാണാത്തതിനാൽ ജിൻസി വീണ്ടും കാച്ചിലിലോട്ട് ശ്രദ്ധ കേന്ദ്രീകരിച്ചു.
"രണ്ട് മാസം മുന്നല്ല്യോടി... ഏതോ ഒരച്ചന്റെ കൂടെ ഒരു പെണ്ണ് ഒളിച്ചോടീത്. ഇപ്പോ ദാ... പീഢനം.''
''ഓ... അതാർന്നോ? " പിറുപിറുത്തു കൊണ്ട് ജിൻസി സ്വന്തം ജോലിയിൽ മുഴുകി.
"എന്നാലും കൊച്ചേ... ദൈവവിളി കിട്ടിയിട്ടല്ലേ ഇവരൊക്കെ സംന്യാസത്തിന് ഇറങ്ങിത്തിരിക്കുന്നത്. പിന്നേം സാത്താന്റെ പ്രലോഭനം.'
"ഓ അതിലൊന്നും കാര്യമില്ല ഇച്ചായോ. പത്ത് കഴിഞ്ഞപ്പോ ഞാനുമൊന്ന് പോയതാ."
'''എങ്ങോട്ട്?" നിലവിളി പോലെ ജയിംസൂട്ടിയുടെ ചോദ്യമുയർന്നു.
"ദൈവവിളി ക്യാമ്പിന്." ഭാവഭേദമൊന്നുമില്ലാതെ ജിൻസി മറുപടി പറഞ്ഞപ്പോൾ ജയിംസൂട്ടി നെടുവീർപ്പിട്ടു.
"എന്നിട്ട്?"
"എന്നിട്ടെന്നാ... മൂന്നാം ദിവസം കൗൺസലിംഗ് ന്ന് പറഞ്ഞ് തീരുമാനം അറിയിക്കാൻ ഓരോരുത്തരെ രഹസ്യമായി കർത്താവിന്റെ മണവാട്ടിമാർ വിളിച്ചപ്പോ... എനിക്ക് കല്യാണം കഴിച്ചാ മതീന്നു പറഞ്ഞു. ഹോ... അന്നു രാത്രി ചക്കപ്പുഴുക്ക് വിളമ്പുമ്പോൾ അവരുടെ കറുത്ത മുഖം. നമ്മളു കേൾക്കേ പിറുപ്പിറുക്കലും. കെട്ടിയാൽ മതിയെങ്കി ഇതുങ്ങൾക്കൊക്കെ പോയിക്കൂടേന്നു."
"ദേ... ഇച്ചായാ വെയിലുറയ്ക്കുന്നുണ്ട്. ആ ഷീറ്റെല്ലാം വെയിലത്തോട്ടിട്ടെ." ഉത്തരവാദിത്വമുള്ള വീട്ടമ്മയായി ജിൻസി മാറി.
"എടുത്തിട്ടോളാം കൊച്ചേ. എന്നാലും അവര് ചോദിച്ചത് ന്യായമല്ലേ.''
"ഓ... ന്യായത്തിനുള്ള മറുപടി ഞാൻ അപ്പോത്തന്നെ കൊടുത്താർന്നു." ജിൻസി ഒരു കള്ളച്ചിരിയോടെ പതുക്കെ പറഞ്ഞു.
"അതെന്നാ മറുപടിയാർന്നു കൊച്ചേ?" ജയിംസൂട്ടിയുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നു.
"അത്... പിന്നേ... ഇച്ചായോ... ഞാനവരോട് പറഞ്ഞു. നിങ്ങൾക്കുവേണ്ടി വേണമെങ്കിൽ ഞാൻ കർത്താവിന്റെ മണവാട്ടിയാകാം. പക്ഷേ... കാണാൻ കൊള്ളാവുന്ന അച്ചൻ ഇടവകേൽ വന്നാൽ ഞാൻ ലൈനിടും. അവസാനം സഭയ്ക്ക് കളങ്കമുണ്ടാക്കീന്നു പറയരുതെന്ന്." കള്ളച്ചിരിയോടെ ജിൻസി ഭൂതക്കാലത്തേയ്ക്ക് ഊളിയിട്ടപ്പോൾ അന്നവിടെ കണ്ണും തള്ളി, വായും പൊളിച്ച് നിന്ന മണവാട്ടികളെ പോലെ ജയിംസൂട്ടിയും വാ പൊളിച്ചു.
കാച്ചിലിന്റെ കഥ കഴിച്ച ചാരിതാർത്ഥ്യത്തോടെ അകത്തേക്ക് നടക്കുന്നതിനിടയിൽ വായും പൊളിച്ചിരിക്കുന്ന ജയിംസൂട്ടിയുടെ തോളിൽ ഒരു കുത്തു കൊടുത്ത് ഷീറ്റിന്റെ കാര്യം ഓർമ്മിപ്പിക്കാൻ ജിൻസി മറന്നില്ല.
മുറ്റത്തേക്കിറങ്ങുമ്പോൾ ജിൻസിക്കും മൂന്നാല് വർഷം മുൻപ്, മറ്റൊരു ദൈവവിളി ക്യാമ്പ് തെളിഞ്ഞു വന്നു.
"അപ്പനുമമ്മേം പറഞ്ഞോണ്ട് മാത്രം വന്നതാ അച്ചോ. എനിക്ക് കെട്ടിയാ മതി. ഇല്ലെങ്കിൽ എന്റെ ഇടവകയിലെ ഏതെങ്കിലും മണവാട്ടിയെ ഞാൻ മിന്നുകെട്ടും.'' പൊടിമീശക്കാരന്റെ ദാർഷ്ട്യം തിരികെ വന്നപ്പോൾ അമ്മച്ചിയുടെ ചട്ടുകപ്പാടായി തുടയിൽ തെളിഞ്ഞു.
ഷീറ്റ് വിരിച്ചിട്ട്, ജിൻസിയോട് പറയാത്ത ആ കഥ മനസ്സിനുള്ളിൽ പൂട്ടിവെച്ച്, രണ്ടാമതൊരു ദൈവവിളി റിലീസിംഗും ലക്ഷ്യമിട്ട് ജയിംസച്ചൻ കാച്ചിൽ പുഴുങ്ങികൊണ്ടിരുന്ന ജിൻസിമണവാട്ടിയെ തേടി അടുക്കളയിലേക്ക് പാഞ്ഞു.
****
Ritu

അയനം

Image may contain: 1 person

ജനന മരണങ്ങൾക്കിടയിലെ
നേർത്ത വേരുകൾ പിണച്ചിട്ട
അബോധ-ബോധ മണ്ഡലങ്ങൾ താണ്ടി
കടമകളുടെ മൂടുപ്പടത്തിനുള്ളിൽ
ശ്വാസം കിട്ടാതെ വീണു പിടഞ്ഞ
സ്വപ്നങ്ങളെ ചവിട്ടി ഞെരിച്ച്
ഭൂതകാലത്തെ നോവുകളുടെ
കല്ലറകൾ പാകിയ മനസ്സുമായ്
അനന്തമായ് നീളുന്ന
ദിക്കുകളറിയാത്ത കൺകെട്ടു യാത്ര.
ഇവിടെ മെതിയടിക്കൾക്കു താഴെ
പൂർണ്ണമാകാത്ത നിലവിളികളുടെ
ശ്വാസം നിറച്ച കൈക്കുമ്പിളുകൾ
അർച്ചനക്കായ് എന്ന പോലെ
അയന രഥമേറുന്നു.
രശ്മികൾ രേഖയായ് മാറുമിടം
അർത്ഥനയായ് സ്വയം അലിയുന്നു.
അവിടെ തുടക്കവും ഒടുക്കവും ഒരുമിക്കുമൊരിടത്തിൽ
ഒരൊറ്റ ബിന്ദുവിൽ പൂർണ്ണത തേടുന്നു.
*****
Ritu

മയൂരനടനങ്ങൾക്കൊടുവിൽ

മയൂരനടനങ്ങൾക്കൊടുവിൽ
*******************************
മഴമേഘങ്ങൾ തിരികൊളുത്തിയ ആനന്ദ-
ഭാവങ്ങൾ വിരിഞ്ഞിറങ്ങും നയനങ്ങൾ.
ചിലങ്ക കെട്ടാത്ത ലാസ്യനടന-
മുയിർകൊള്ളും ചേലൊത്ത പാദങ്ങൾ.
മഴവിൽ ചന്തമണിഞ്ഞിറങ്ങുന്ന വെഞ്ചാമരങ്ങൾ
വിറ കൊള്ളിക്കും കാറ്റിന്റെ സ്പന്ദനങ്ങൾ.
പൂവുടൽ ഉലയുകയായ്
മേഘ തപസ്സ് ഭംഗം വരികയായ്.
മറ്റൊരു മോഹിനി, മയൂരമായ് ആടവേ
തുറന്ന കണ്ണുകളവളെ കാണവേ
ആർത്തലച്ചെത്തുകയായ്
മുടിയഴിച്ചിട്ട സന്യാസി മേഘങ്ങൾ.
വിടർന്ന പീലികൾ ഒതുക്കി
രോമഹർഷയായ് മിഴി കൂമ്പി
ചുംബനം ഏറ്റുവാങ്ങയായ് മയൂരം.
ആടിത്തളർന്നൊടുവിൽ പിരിയവേ
മുടിയറുത്ത് കാഷായ-
മഴിച്ചു വെക്കുന്നു മേഘങ്ങൾ.
പ്രണയ നയനയായ് പിന്നെയും പിന്നെയും തപസ്സിളക്കുന്നു മയൂര നടനം.
കോൾമയിർകൊണ്ട് ഉന്മാദനൃത്തം ചവിട്ടുന്ന
മേഘകേശങ്ങൾ തേടിയെത്തുകയായ് അവളെ.
*****
Ritu

മറഞ്ഞു പോയ പൂവേ ... നിനക്കായ്

മറഞ്ഞു പോയ പൂവേ ... നിനക്കായ്
*************************************
ഇവിടെ പേരറിയാ മരങ്ങൾക്കു കീഴിൽ
ഉയർന്നു നിൽപ്പുണ്ട് നിറം മങ്ങിയ കല്ലറകൾ.
ഇരുണ്ടതെന്തീ പൂന്തോട്ടം
ഇരുളാർന്നതെന്നോ ഈ ലോകം.
പല പൂക്കളുറങ്ങുമീ മരത്തണലിൽ
ഉറങ്ങുന്നുണ്ടെൻ പൊൻ മകളും.
പത്തു മാസം ചുമന്നൊടുവിൽ
പേറ്റുനോവിൻ യാതനക്കപ്പുറം
പിളർന്ന ചുണ്ടിൽ മൗനവുമായ്
പൂവിതൾ പോലവൾ കൊഴിഞ്ഞുപോയി.
കേൾക്കാൻ കൊതിച്ച കിളി കൊഞ്ചലുകൾ
പാടാൻ കരുതിയ താരാട്ടുകൾ
ഊട്ടാൻ ചുരന്ന അമൃതവും
വേണ്ടെന്ന് വെച്ചവൾ യാത്രയായി.
കുഞ്ഞുടുപ്പുകൾ... വയറിലവശേഷിച്ച പാടുകൾ
നൊമ്പരം കെട്ടിയ മാറിടങ്ങൾ
മൂകമായ് തേങ്ങുന്നുണ്ട്
ഉയർന്നൊരു കല്ലറക്കു മുന്നിൽ.
തണുത്ത മണ്ണിനടിയിൽ നിശബ്ദയായ്
എന്റെ മാലാഖ കുഞ്ഞുറങ്ങുന്നുണ്ട്.
ഇലകളുടെ മർമ്മരം താളമായ് മൂളുന്ന
പക്ഷികളവൾക്കായ് പാടുന്നുണ്ട്.
എന്റെ കുഞ്ഞുറങ്ങുമീ
മരത്തണലിൻ കീഴെ
അവളറിയാത്തൊരമ്മ തൻ
കണ്ണുനീർ പൊഴിയുന്നുണ്ട്.
മറഞ്ഞു പോയൊരു പൂവേ നീ
കരയുന്നുണ്ടോ എനിക്കന്യമാം ശബ്ദവീചികളിൽ.
വരണ്ടുപോയ ചുണ്ടുകൾ
വിതുമ്പുന്നുണ്ടോ ഒരിറ്റമൃതത്തിനായ്.
ഞാനരികെ അണയും വരെ
കുഞ്ഞേ നീയുറങ്ങുക.
കരുതി വെക്കാം ഞാൻ നിനക്കായ്
സ്നേഹത്തിൽ ഒരു പാലാഴി.
ഇരുണ്ട ലോകത്തൊരു വർണ്ണശലഭമായ്
ആത്മാക്കളേ നിങ്ങളവളെ താരാട്ടുക.
ഇവിടെയീ പൂന്തോട്ടത്തിലെ ഒരു കുഞ്ഞു പൂമൊട്ടായ് അവളെയെതിരേൽക്കുക.
****
Ritu

മറഞ്ഞു പോയ പൂവേ ... നിനക്കായ്

മറഞ്ഞു പോയ പൂവേ ... നിനക്കായ്
*************************************
ഇവിടെ പേരറിയാ മരങ്ങൾക്കു കീഴിൽ
ഉയർന്നു നിൽപ്പുണ്ട് നിറം മങ്ങിയ കല്ലറകൾ.
ഇരുണ്ടതെന്തീ പൂന്തോട്ടം
ഇരുളാർന്നതെന്നോ ഈ ലോകം.
പല പൂക്കളുറങ്ങുമീ മരത്തണലിൽ
ഉറങ്ങുന്നുണ്ടെൻ പൊൻ മകളും.
പത്തു മാസം ചുമന്നൊടുവിൽ
പേറ്റുനോവിൻ യാതനക്കപ്പുറം
പിളർന്ന ചുണ്ടിൽ മൗനവുമായ്
പൂവിതൾ പോലവൾ കൊഴിഞ്ഞുപോയി.
കേൾക്കാൻ കൊതിച്ച കിളി കൊഞ്ചലുകൾ
പാടാൻ കരുതിയ താരാട്ടുകൾ
ഊട്ടാൻ ചുരന്ന അമൃതവും
വേണ്ടെന്ന് വെച്ചവൾ യാത്രയായി.
കുഞ്ഞുടുപ്പുകൾ... വയറിലവശേഷിച്ച പാടുകൾ
നൊമ്പരം കെട്ടിയ മാറിടങ്ങൾ
മൂകമായ് തേങ്ങുന്നുണ്ട്
ഉയർന്നൊരു കല്ലറക്കു മുന്നിൽ.
തണുത്ത മണ്ണിനടിയിൽ നിശബ്ദയായ്
എന്റെ മാലാഖ കുഞ്ഞുറങ്ങുന്നുണ്ട്.
ഇലകളുടെ മർമ്മരം താളമായ് മൂളുന്ന
പക്ഷികളവൾക്കായ് പാടുന്നുണ്ട്.
എന്റെ കുഞ്ഞുറങ്ങുമീ
മരത്തണലിൻ കീഴെ
അവളറിയാത്തൊരമ്മ തൻ
കണ്ണുനീർ പൊഴിയുന്നുണ്ട്.
മറഞ്ഞു പോയൊരു പൂവേ നീ
കരയുന്നുണ്ടോ എനിക്കന്യമാം ശബ്ദവീചികളിൽ.
വരണ്ടുപോയ ചുണ്ടുകൾ
വിതുമ്പുന്നുണ്ടോ ഒരിറ്റമൃതത്തിനായ്.
ഞാനരികെ അണയും വരെ
കുഞ്ഞേ നീയുറങ്ങുക.
കരുതി വെക്കാം ഞാൻ നിനക്കായ്
സ്നേഹത്തിൽ ഒരു പാലാഴി.
ഇരുണ്ട ലോകത്തൊരു വർണ്ണശലഭമായ്
ആത്മാക്കളേ നിങ്ങളവളെ താരാട്ടുക.
ഇവിടെയീ പൂന്തോട്ടത്തിലെ ഒരു കുഞ്ഞു പൂമൊട്ടായ് അവളെയെതിരേൽക്കുക.
****
Ritu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo