Showing posts with label SreejaAnilash. Show all posts
Showing posts with label SreejaAnilash. Show all posts

അവൻ മുപ്പതുകളിൽ

Image may contain: 2 people, people smiling, child and outdoor
മുപ്പതുകളിലാണ് അവനേറ്റവും പ്രണയിക്കുന്നത്.
പക്ഷെ,
പ്രണയത്തിന്റെ നൈർമല്യമുള്ള ഭാഷയവൻ മറന്നു പോയെന്നു വരാം,
കാരണങ്ങൾ കണ്ടെത്തിയവൻ കലഹിച്ചുവെന്നു വരാം..
നിങ്ങളവന്റെ പ്രണയഭാഷ വശപ്പെടുത്താതിരുന്നാൽ.
മുപ്പതുകളിലാണ് അവനേറ്റവും ശുണ്ഠി കൂടുന്നത്.
പ്രണയാതുരമായ മനമോടെ നിങ്ങൾ വരുമ്പോൾ അവൻ തിരക്കിലായിരിക്കും.
എന്നാലവന്റെയുന്മാദം മുഴുവൻ നിങ്ങളായിരിക്കും,
നിങ്ങളുടെ ഓർമ്മകളായിരിക്കും.
നിലാവുള്ള രാത്രിയിൽ മുഖത്തോട് മുഖം നോക്കിയിരിക്കാൻ നിങ്ങൾ വരുമ്പോൾ,
അവൻ നിങ്ങളുടെ നാളെയ്ക്കായുള്ള ആലോചനയിലാണ്ടിട്ടുണ്ടാകും.
മുപ്പതുകളിലാണ് അവനേറ്റവും ശ്രദ്ധാലുവാകുന്നത്.
പ്രായത്തിൽ വെളിപ്പെടുത്തലുകൾ നിങ്ങളിൽ തെളിയുമ്പോൾ
മുഖം തിരിക്കാതെയവൻ നിങ്ങളെ ചേർത്തു നിർത്തും.
അരണ്ട വെളിച്ചത്തിൽ ചേർന്നു കിടക്കുമ്പോൾ വടുക്കൾ വീണ വയറിൽ മക്കളെക്കുറിച്ചുപറഞ്ഞുമ്മ വയ്ക്കും.
ഒരശ്വമായ് പ്രണയത്തിൻ കൊടിമുടി കീഴടക്കാൻ കൂടെ വരും.
മുപ്പതുകളാണ് അവനേറ്റവും ഇഷ്ട്ടം.
സ്വപ്നവും യാഥാർത്ഥ്യവും ഒന്നായ് ചേർന്നൊഴുകുന്ന നദിയിൽ
അവനൊറ്റയ്ക്ക് യാത്ര ചെയ്യുന്നതാണെന്ന് നിങ്ങൾക്ക് തോന്നും.!
അവനൊരു പരുക്കനായും,
ഉരുക്കു പോലുള്ള ഹൃദയമുള്ളവനായും തോന്നും.!
എന്നാൽ,
നിങ്ങളുടെ ഒരു ചുംബനത്തിൽ അലിഞ്ഞില്ലാതാകുന്ന ഒരു മഞ്ഞുതുള്ളിയാണവൻ.
ഭവിഷ്യത്തുകളെക്കുറിച്ചാണവൻ
മുപ്പതുകളിൽ ഏറെയാലോചിക്കുന്നത്.
നിങ്ങൾക്കെന്തെങ്കിലും ദോഷം സംഭവിച്ചാലോ എന്നോർത്ത് നിങ്ങളെ ചിലപ്പോൾ പിന്തിരിപ്പിക്കുന്നു.
കാരണം അവൻ അവന്റെ മുപ്പതുകളിലാണ്, നിങ്ങളിൽ ഉള്ള അതി ഗാഢമായ പ്രണയത്തിലാണ്.
നിങ്ങളുടെ പ്രണയത്തെ അങ്ങേയറ്റമാശിക്കുമ്പോഴും അവൻ നാളെയ്ക്കായി നടക്കുകയാകും.
വേനൽ തരിശിൽ നിന്നും വിത്തുകൾ പൊട്ടി വരുന്ന
ഒരു പ്രണയകാലത്തിനായ് അവൻ ഓടി നടക്കുകയാകും.
പ്രണയകാല ഓർമ്മകൾ നിശാഗന്ധിയായ് സുഗന്ധം പൊഴിക്കുമ്പോഴും
അവൻ ആലോചനയിലാകും.
അതെ സമയം,
ഒരു ചുംബനം കൊണ്ടവൻ നിങ്ങൾക്കായുസ്സ് കൂട്ടും.
അവന്റെ പ്രണയത്തിൽ ഋതുക്കൾ കൂടുകൂട്ടിയിട്ടുണ്ടാകും.
മുപ്പതുകളിലാണവൻ യാത്രകൾ ചെയ്യുന്നത്, നിങ്ങളോടൊപ്പം.
ദീർഘ യാത്രകളിൽ നിങ്ങളവന്റെ തോളിൽ തലവെച്ചു മയങ്ങുമ്പോഴവൻ,
നിങ്ങളുടെ ഉറക്കത്തിനു ഭംഗം വരാതിരിക്കുവാൻ ഉണർന്നിരിക്കുകയാവും.
ഒടുവിലൊരു മുറിയിൽ, നിങ്ങളുടെ ലോകത്തിലേക്ക്
ഒരു വിയർപ്പിന്റെ ഗന്ധമോടെ ഒന്ന് ചേരാൻ നിങ്ങളാഗ്രഹിക്കുമ്പോൾ
അവൻ യാത്രയിലെ അവന്റെ ഉറക്കത്തിലേക്ക് വഴുതിപ്പോയിരിക്കും.
ഇനിയും നിങ്ങളുറങ്ങുമ്പോൾ, നിങ്ങളുടെ ഉറക്കത്തിനു ഭംഗം വരാതിരിക്കുവാൻ.
അതെ,
മുപ്പതുകളിലാണ് അവൻ നിങ്ങളെ പ്രണയിക്കുന്നത്.
മുപ്പതുകളിലാണ് അവൻ നിങ്ങളെ സംരക്ഷിക്കുന്നത്,
മുപ്പതുകളിലാണ് അതി തീവ്രമായി നിങ്ങളെയവൻ ചേർത്ത് പിടിക്കുന്നത്.,
കാരണം അവൻ അവന്റെ മുപ്പതുകളിലാണ്.
സ്നേഹം നിറഞ്ഞ മുപ്പതുകളിൽ.
-ശ്രീജ അനിലാഷ്-

മുത്തശ്ശിക്കഥ



മാതു എന്ന പതിമൂന്നു കാരിയുടെ ലോകം മുഴുവൻ തന്റെ തറവാടും മുത്തശ്ശിയുമായിരുന്നു.
പിന്നെ അമ്മാത്ത് ചിലവിടുന്ന അവധിക്കാലവും..
മുത്തശ്ശിയുടെ പഴങ്കഥകൾ കേട്ടാണുറക്കം. ചാത്തനും മാടനും മറുതയുടെയും ഒരു നൂറു കഥകളറിയാം മുത്തശ്ശിക്ക്..
സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തി നാമം ജപിച്ചു കൊണ്ടിരുന്ന മുത്തശ്ശിയുടെ മടിയിലേക്കവൾ ചാടിക്കേറിയിരുന്നു കൊഞ്ചിത്തുടങ്ങി...
മ്മ്... എന്നിട്ട്...?
എന്നിട്ട് ?
ബാക്കി പറ മുത്തശ്ശി..
ഒടിയന്റെ കഥേടെ ബാക്കി പറയ് മുത്തശ്ശി...
ആസ്വദിച്ചു കേട്ടുകൊണ്ടിരുന്ന കഥ ഇടയ്ക്ക് വച്ച് നിർത്തിയതിൽ മാതു പരിഭവിച്ചു.
എന്നിട്ടെന്താ....
അയാൾ തന്റെ കൊടുവാൾ കൊണ്ടെറിഞ്ഞ് മുന്നിൽക്കണ്ട ചെടിയെ വെട്ടിയരിഞ്ഞു വീഴ്ത്തി.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റുനോക്കുമ്പോൾ അയാളുടെ കാലുകൾ ആരോ വെട്ടിമാറ്റിയിരിക്കുന്നു.
ആര്...?
മാതുവിന് സംശയം തീരുന്നതേയില്ല
ആകാംക്ഷയും കൂടി വരുന്നു..
ആരാ മുത്തശ്ശി ?
അതും ഒടിയനാണോ ചെയ്തത്?
ഒടിയനാണോ അയാളുടെ കാല് വെട്ടിമാറ്റിയത്.?
എന്തിനാ അങ്ങിനെ ചെയ്തത്?
ഹാ... ഒടിയൻ തന്നെ.. അല്ലാണ്ടാരാ
എന്തിനാണെന്നു ചോദിച്ചാൽ എന്താ ഞാൻ പറയ്യാ...?
ഒടിയൻ അങ്ങനാ.. കൺകെട്ട് വിദ്യകൾ എല്ലാം ഒടിയനുണ്ട്..
ഒടിവിദ്യ കൊണ്ട് കളവും കൊലയും ഒക്കെ ചെയ്യും. ഒടിയന്റെ ഈ വിദ്യയെപ്പറ്റി കേട്ടിട്ട് പേടിച്ച് മരിച്ചുപോയവരും ഒരുപാടുണ്ട് .
ഒടിവിദ്യയൊ ?
എന്നു വച്ചാന്താ മുത്തശ്ശി?
ഈ ഒടിവിദ്യ..?
മാതുവിന്റെ സംശയം ഏറിവന്നു
ഒടിവിദ്യയോ !
പറയാം
ഗർഭിണികളായ പെണ്ണുങ്ങളെ മന്ത്രവാദം കൊണ്ട് അവരറിയാതെ വയറ്റിലുള്ള അവർടെ കുഞ്ഞുങ്ങളെ എടുത്ത് ആ കുഞ്ഞുങ്ങളുടെ ശരീരത്തിനുളളിൽ നിന്നുള്ള വെള്ളം ചില പച്ചിലകളുമായി ചേർത്ത് മന്ത്രം ജപിച്ചു കൊണ്ട് ഒരു മരുന്നുണ്ടാക്കും.ഈ മരുന്ന് ചെവിയിൽ പുരട്ടിയാൽ പിന്നെ അവർ വിചാരിക്കുന്ന രൂപത്തിൽ മാത്രേ മറ്റുള്ളവർക്ക് ഒടിയനെ കാണാൻ സാധിക്കൂ..
അപ്പോ ഇതാണ് ഒടിവിദ്യ ലേ...?
ഉം.. ഇതാണ് ഒടിവിദ്യ.
ഈ വിദ്യ ഉപയോഗിച്ചാണ് ഒടിയൻമാർ കൊലയും മറ്റും നടത്തുന്നത് അല്ലേ മുത്തശ്ശി...?
ഒടിയനെപ്പറ്റി ഒരു കഥ കൂടി പറ മുത്തശ്ശി ?
ഒരിക്കൽ ഒരിടത്ത് ഒരു മാന്ത്രികൻ ഉണ്ടായിരുന്നു.. ഒരു ദിവസം അയാൾ പൂജകളൊക്കെ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുകയായിരുന്നു.. പെട്ടെന്ന് ആ മാന്ത്രികന്റെ മുന്നിലേക്ക് രണ്ടു കാളകൾ നിൽക്കുന്നു. കണ്ണടച്ച് ധ്യാനിച്ച ശേഷം അയാൾ ആ കാളകളെ സൂക്ഷിച്ചു നോക്കി, അവയ്ക്ക് അംഗഭംഗമുണ്ടായിരുന്നതായി അയാൾ കണ്ടു.
അംഗഭംഗമോ....
ന്നു വച്ചാൽ....?
അംഗഭംഗം ന്നു വച്ചാൽ ഏതെങ്കിലും ഒരവയവം ഇല്ലാതിരിക്കുക. ശരിക്കും നോക്കിയാൽ ഒടിയൻമാരെ തിരിച്ചറിയാൻ സാധിക്കും.
ഒടിയൻമാർ പൂർണ്ണതയുള്ളവരായിരിക്കില്ല,
ഹാ എന്നിട്ട് ആ മാന്ത്രികൻ..?
ആ മാന്ത്രികൻ ആ ഒടിയൻമാരെ പിടിച്ചുകെട്ടിയിട്ടു എന്നിട്ട് ചെവിയിലെ ദ്രാവകം തുടച്ചു കളഞ്ഞു
അപ്പോത്തന്നെ അവർ രണ്ടു നഗ്നരായ മനുഷ്യരായി മാറി..
മുത്തശ്ശി ഈ ഒടിയൻമാർ ശരിക്കും ഉണ്ടോ...?
അങ്ങിനെ ചോദിച്ചാൽ ഉണ്ടെന്നാണ് വിശ്വാസം. അനുഭവവും അതാണ് മോളേ,
പണ്ടുകാലത്തൊക്കെ വീട്ടുജോലികളും കൃഷി സ്ഥലം നോക്കുന്ന ജോലികളും എല്ലാം ചെയ്തിരുന്നത് ഒടിയൻമാരായിരുന്നു.
എന്ത് ആവശ്യപ്പെട്ടാലും അതു സാധിച്ചു തരുമായിരുന്നു.
ആഹാ... മുത്തശ്ശി കണ്ടിട്ടുണ്ടോ ഒടിയനെ?
ഉണ്ടല്ലോ.. നമ്മുടെ തറവാട്ടിൽ ഒടിയൻമാരുണ്ട്.
പണ്ട് പത്തുമുപ്പത് കുട്ടകങ്ങളിൽ നിമിഷ നേരം കൊണ്ട് എനിക്ക് വെള്ളം നിറച്ചു തന്നിട്ടുമുണ്ട്. എല്ലാ ജോലികളും ചെയ്യിക്കുമായിരുന്നു മോൾടെ മുത്തച്ഛനത് വശമുണ്ടായിരുന്നു.
എങ്ങിനെ അറിയാം?
അവർ എങ്ങനാ കാണാൻ?
കാണാൻ...
മുത്തശ്ശി ഒന്നാലോചിച്ചു.
വല്ല ആടായോ കോഴിയായോ പശുവായോ പൂച്ചയായോ ഒക്കെ വരാം, അവയ്ക്ക് അംഗഭംഗമുണ്ടാകും അങ്ങിനെ തിരിച്ചറിയാം.
മാതുവിന് ആകാംക്ഷയേറി
കൂടെ ആരാധനയും..
കഥകേട്ട് അവളുടെ കണ്ണുകൾ വിടർന്നിരുന്നു.
അതിശക്തൻമാരാണെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കരാണിവർ
മുത്തശ്ശി തുടർന്നു....
ഒടിയനെ സേവിച്ചിരുന്നവരും ധാരാളമുണ്ട്.. അവർക്ക് വേണ്ടി, അവരാഗ്രഹിക്കുന്ന എന്തും ഒടിയൻമാർ ചെയ്തു കൊടുക്കും.
ആണോ....?
മാതു ആശ്ചര്യപ്പെട്ടു!
ശരിക്കും ഒടിയൻ പാവാല്ലേ മുത്തശ്ശി?
അതെ...
പണ്ടു ജന്മിമാരുടെ അടിയാളൻമാരായിരുന്നു ഇവർ.അടിച്ചമർത്തപ്പെട്ട വർഗ്ഗം. പണിയെടുക്കാനും കഷ്ടപ്പെടാനും മാത്രം വിധിച്ചി ട്ടുള്ള ഒരു കൂട്ടം.
ജന്മിമാരുടെ ക്രൂരതകൾ സഹിക്കവയ്യാതെ സ്വയരക്ഷക്കായി ഇങ്ങനായതാവാം...
അതുമല്ലെങ്കിൽ തിരിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ജന്മികൾ തന്നെ ഭീകര പരിവേഷം നൽകിയതാവാം.
രാത്രികാലങ്ങളിൽ അടിയാളൻമാരെ കൃഷി സ്ഥലം നോക്കാനേൽപ്പിച്ച് ഇരുട്ടിന്റെ മറവിൽ അടിയാളക്കുടിലുകളിൽത്തന്നെ നിർവൃതി തേടിയിറങ്ങുന്ന ജന്മിത്തത്തിന്റെ കാടത്തം കണ്ട് സഹിക്കവയ്യാതെ ദുർമന്ത്രവാദത്തിന്റെ മറ്റൊരു മുഖമായി തീർന്നതാണവർ എന്ന രഹസ്യം മുത്തശ്ശി മാതുവിനോടു പറഞ്ഞില്ല.
അവളതു മനസ്സിലാക്കാറായിട്ടില്ലലോ..
അപ്പോ നമ്മൾ ഇഷ്ട്ടപ്പെട്ടാൽ നമുക്കു വേണ്ടതെല്ലാം ഒടിയൻ ചെയ്തു തരൂലേ മുത്തശ്ശീ....?
ഉവ്വല്ലോ.. ചെയ്തു തരും
പക്ഷെ ആരെയും നമ്മൾ നോവിക്കരുത്.അങ്ങിനെ ചെയ്താൽ ആ നോവിന്റെ ഫലം നമുക്ക് തന്നെ ഭവിക്കും മോളെ...
അതുകൊണ്ട് മുത്തശ്ശിടെ പൊന്നുമോൾ ആർക്കും ദ്രോഹമുള്ള കാര്യങ്ങൾ മനസ്സിലോർക്കുക പോലും ചെയ്യരുത്ട്ടോ
ഇല്ല മുത്തശ്ശി.. സത്യം!
അറിഞ്ഞുകൊണ്ടോ അരുതാത്ത കാര്യങ്ങൾക്കോ മോളാരേം വേദനിപ്പിക്കില്ലാട്ടോ
മാതു മുത്തശ്ശിയുടെ മടിയിൽ കിടന്നു പറഞ്ഞു..
പക്ഷെങ്കി ഒടിയനെക്കണ്ടാൽ അമ്മാത്തു പോകുമ്പോൾ രാത്രി ഉറങ്ങുമ്പോൾ പേടിപ്പിക്കാൻ വരുന്ന പഴുതാരയെ കൊല്ലാൻ മോളു പറയും മുത്തശ്ശി..
ഒടിയനോടു ഞാൻ പറയും
മാതു പരിഭവിച്ചു.
മുത്തശ്ശി കണ്ണുകൾ ഇറുക്കിയടച്ചു..
നാമജപം തുടങ്ങി
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ.....
കഥകൾ കേട്ട് അവളെപ്പോഴോ ഉറങ്ങി. കഥപറച്ചിനിടയിലെപ്പോഴോ ഒടിയൻ മാതുവിന്റെ മനസ്സിൽ കടന്നു കൂടിയിരുന്നു.
എങ്ങിനെയും ഒടിയനെ കണ്ടു പിടിക്കണം
ആ കുഞ്ഞു മനസ്സ് എങ്ങോടൊക്കെയോ പാഞ്ഞുകൊണ്ടിരുന്നു.
ഒടിയൻ വരട്ടെ!
ന്നിട്ട് വേണം
മാതു മനസ്സിലുറപ്പിച്ചിരുന്നു.
ഉറക്കത്തിനിടയിലും ആ ചിന്ത മാതുവിനെ അലോസരപ്പെടുത്തിയിരുന്നു
അമ്മാത്ത് പോകുമ്പോൾ രാത്രിയിൽ മാത്രം കാലുകൾക്കിടയിലൂടെ ഇഴഞ്ഞു വരുന്ന പഴുതാര...
ഓർമ്മിക്കുമ്പോഴേ പേടി വരുന്നു...
എന്തായിരുന്നു അത്...?
കണ്ടിട്ടും ഇല്ല..
കണ്ണുകളിറുക്കിയടച്ച് മാതു മുത്തശ്ശിയേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
അവധിക്ക് അമ്മാത്തെത്തിയ മാതു തന്റെ കൂട്ടരുമായി ധൃതി പിടിച്ച കളിയിലാണ്.കൂട്ടത്തിൽ മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകളും പറഞ്ഞു,
കളികൾക്കിടയിലും അവൾ ഒടിയനെ തിരഞ്ഞുകൊണ്ടിരുന്നു കളിയെല്ലാം കഴിഞ്ഞ് മേൽക്കഴുകി നാമജപവും, അത്താഴവും കഴിഞ്ഞുറങ്ങാൻ കിടന്ന മാതുവിനെ ഓർമ്മകൾ ശല്യം ചെയ്യാൻ തുടങ്ങി.
തറവാട്ടിലായിരുന്നെങ്കിൽ മുത്തശ്ശിയെം കെട്ടിപ്പിടിച്ച് കഥകേട്ടുറങ്ങാമായിരുന്നു.
ഓർമ്മ വച്ചനാൾ മുതൽ മുത്തശ്ശിയാണെല്ലാം.
അരികിൽ വെള്ളം നിറച്ച കൂജയുമായി അവളുറങ്ങാൻ കിടന്നു.
മയക്കത്തിനിടയിലെപ്പൊഴോ കാലുകൾക്കിടയിലൂടെ അരിച്ചരിച്ച് കയറുന്ന ആ പഴുതാര..
വീണ്ടും..
അവൾ കണ്ണുകളിറുക്കിയടച്ചു.
കാലുകൾ നിലത്തിട്ടടിച്ചു..
ഇല്ല സാധിക്കുന്നില്ല.. കാലുകൾ അനങ്ങുന്നില്ല..
മുത്തശ്ശീ......
അവളുറക്കെ നിലവിളിച്ചു
ഇല്ല
ഉറക്കെയുറക്കെ വിളിക്കുമ്പോഴും തന്റെ നാവിൽ നിന്ന് ശബ്ദം പുറത്തേക്കു വരുന്നില്ല എന്നവൾക്കു മനസ്സിലായി .
താൻ കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ അവൾ നടുങ്ങി..
നാവു വറ്റിവരണ്ടു. കൂജ അടുത്തിരിക്കുന്നുണ്ട്. പക്ഷെ അതെടുക്കുവാൻ സാധിക്കുന്നില്ല.
എന്താ സംഭവിക്കുന്നത്?
സർവ്വശക്തിയുമെടുത്ത് എഴുന്നേറ്റോടി..
ഇല്ല സാധിക്കുന്നില്ല..
എന്തുപറ്റി?
എന്താ ഒന്നിനും സാധിക്കാത്തത്?
ഇനി ഇത് സ്വപ്നമാണോ?
മയക്കത്തിൽ എന്തൊക്കെയോ തെളിയുന്നു.മന്ത്രങ്ങളും, മുത്തശ്ശനും, ചുള്ളിക്കമ്പുകൾ ഒടിഞ്ഞു നുറുങ്ങുന്ന ഒച്ചയും..
എങ്ങിനെയോ അവളുറങ്ങിപ്പോയി..
വലിയ ബഹളങ്ങൾ കേട്ടാണ് പിന്നീടവൾ ഉണർന്നത്, അപ്പോഴേക്കും നേരം പുലർന്നിരുന്നു.
അടക്കം പറച്ചിലുകൾ, തേങ്ങിക്കരച്ചിലുകൾ,
പുറത്ത് പന്തൽ ഉയരുന്നു. ആരുടെയൊക്കെയോ കരച്ചിലുകൾ ഉയർന്നു പൊങ്ങുന്നു..
ന്താ കുട്ട്യേ നീയ്യിങ്ങനെ നിൽക്കണെ.?
വെക്കം ശുദ്ധിയായി എന്റെ കൂടെ വരൂ..
ചെറിയമ്മ പറഞ്ഞു
കർമ്മി കൈയ്യിൽ കൊടുത്ത അരിയും പൂവുമായി വായ്ക്കരിയിടാൻ ചെന്നപ്പോൾ കണ്ടത് തലയ്ക്കൽ കത്തിച്ച നിലവിളക്കിനു മുന്നിൽ വെള്ളപുതച്ചു കിടക്കുന്ന വല്യമ്മാമയെയാണ്.
നേരം സന്ധ്യയോടടുത്ത സമയം മൂന്നുകാലുള്ള പൂച്ച തന്നെ തന്നെ നോക്കി കൊണ്ടിരിക്കുന്നതായ് മാതു കണ്ടു അപ്പോഴേക്കും കർമ്മങ്ങൾ കഴിഞ്ഞ് ആളുകൾ പിരിഞ്ഞിരുന്നു.
മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകളുടെ ചുരുളുകളോരോന്നായ് അഴിയുന്നതായ് മാതുവിനു തോന്നി......
ശ്രീജ അനിലാഷ്

ഭാര്യ

ഭാര്യ
ഏട്ടാ ,ഏട്ടാ ...എന്തുപറ്റി ?എന്താ ഒച്ചകേൾക്കുന്നേ ?ഞാൻ ശർദിക്കുന്ന ഒച്ച കേട്ടാണ് അവൾ മുകളിലേക്ക് കേറിവരുന്നത് .ബാത്‌റൂമിൽ നിന്നിരുന്ന എന്റെ
പുറം തടവികൊണ്ടവൾ പറഞ്ഞു തുടങ്ങി "പുറത്തു നിന്നും ഒന്നും കഴിക്കരുത് എന്നുപറഞ്ഞാൽ കേക്കൂലാ ,എത്ര പറഞ്ഞാലും അനുസരിക്കില്ല ,എന്നിട്ടിപ്പോ
കണ്ടില്ലേ,ബാക്കിയുള്ളോർക്കാ മെനക്കെട് "ഞാൻ മുഖം കഴുകി വന്നു കിടന്നു.
'മേല് മുഴുവൻ വേദനിക്കുന്നു 'ഞാനവളോട് പറഞ്ഞു ...ഓ അത് അസുഖമൊന്നുമല്ല ,ശർദിച്ചതിന്റെയാ,ഇപ്പൊ മനസ്സിലായോ മൂന്നു മാസം
നിർത്താതെ ശര്ധിച്ചതിന്റെ ബുദ്ധിമുട്ട് ..എന്തെങ്കിലും വേണോ കുടിക്കാൻ ?
വേണ്ട..അതുപറ്റില്ല ഞാൻ കുറച്ചു കഞ്ഞിവെള്ളം കൊണ്ടൊരാം ..എനിക്ക് വേണ്ടാ,ഒന്നും കഴിക്കാനും കുടിക്കാനും തോന്നുന്നില്ല ..ആഹാ തോന്നുന്നില്ലലേ
ഞാൻ നിർത്താതെ ശ്റദ്ധിച്ചോണ്ടിരുന്നപ്പോൾ എല്ലാം നിനക്ക് തോന്നുന്നതാ ,ശർദ്ധിയൊന്നൂല്ല ,ശര്ധിച്ചാലും കുടിച്ചോ ,കുറെയൊക്കെ മാനസിക പ്രശ്നങ്ങളാണ് ,നിന്റെ മടി കാരണമാണ് കഴിക്കാത്തത് എന്നൊക്കെ പറഞ്ഞതിന്റെ വിഷമം ഇപ്പോ മനസ്സിലായോ ?
ഛെ ഇ പെണ്ണുങ്ങളെന്താ ഇങ്ങനെ ??മനുഷ്യനിവിടെ വയ്യാത്തതിരിക്കുമ്പോഴാ
അവളുടെ വർത്തമാനം ..ഞാൻ മനസ്സിലോർത്തു
ഏട്ടൻ കിടന്നോളു ഞാനിപ്പോ വരാം ..വേണ്ട വരണ്ട ..
അവൾ താഴേക്കിറങ്ങിപോയി ,കൊലുസിന്റെ ഒച്ച അകന്നകന്നു പോകുന്നതറിയാമായിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും കൊലുസിന്റെ ഒച്ച അടുത്തടുത്ത് വരുന്നു.എന്തുപറയാനാണാവോ ?
അവൾ സ്നേഹത്തോടെ എന്റെ മുഖത്തുനോക്കി ചിരിച്ചോണ്ടു വരുന്നു ,കുറച്ചു മുൻപ് ഇവൾ തന്നെയാണോ വഴക്കു പറഞ്ഞിട്ടു പോയത്.കുളിച്ചു ചന്ദനക്കുറിയും സിന്ദൂരവും നെറ്റിയിൽ ....പ്രണയപൂർവ്വം അവളെന്റെ അടുത്തിരുന്നു,പിന്നെ കവിളിൽ തൊട്ടു ,പിന്നീടാണ് ഞാനറിഞ്ഞത് വിരലുകൾ
കവിളിന്റെ ഇരുവശത്തും അമരുന്നുണ്ട് ,,,,അല്ല അമർന്നു എന്റെ വായ ഞാനറിയാതെ തുറന്നുപോയി..അതാ മറ്റേ കയ്യിൽ ഉണ്ടായിരുന്ന ചെറിയ ഗ്ലാസ് എന്റെ വായിലേക്ക് കമിഴ്ത്തുന്നു,,ഒരു വിരലിൽ തേനും ,അതെന്റെ നാക്കിൽ
തേച്ചുതന്നിട്ട് അവൾ പറഞ്ഞു "ഇഞ്ചി നീരാ ,നേരത്തെ പറഞ്ഞ കഴിക്കൂലാലോ"
ഇനി കണ്ണടച്ച് കിടന്നോ ,കുറച്ചു കഴിഞ്ഞു ഞാൻ കഞ്ഞി കൊണ്ടൊന്നു തരാം.
അവളെന്നെ പുതപ്പിച്ചു തന്നു .ഞാൻ ഫോൺ എടുത്തു,"ഓ ഈ സമയത്തെങ്കിലും ഈ കുന്തമൊന്നു മാറ്റുവോ ?
ലീവ് പറയണ്ടേ ?അതിനാ ഫോൺ ..അപ്പൊ അതിതുവരെ പറഞ്ഞില്ലേ ?
അപ്പോഴേക്കും മോന്റെ വിളി താഴത്തുനിന്നും വന്നു
"ദാ വരുന്നു മോനെ ...അവൾ പോയി ..താഴത്തു നിന്നും അവള്ടെ പാട്ടുകേട്ടു
മോന് ഇഷ്ടമുള്ള കാർട്ടൂണിലെ പാട്ടാണ്
ഈ പെണ്ണുങ്ങളുടെ ഭാവങ്ങൾ എത്ര പെട്ടന്നാണ് മാറുന്നത് ?
കുറച്ചു മുൻപു എന്നോട് ദേഷ്യപ്പെട്ടവളാണു പിന്നീട് സ്നേഹിച്ചത് ...ആ അവളാണു ഇപ്പൊ മോന്റെ കൂടെ പാട്ടുപാടി കളിക്കുന്നത്
ആലോചിച്ചിരിക്കെ ഞാനുറങ്ങിപ്പോയി,,എപ്പോഴോ അവളുടെ കൊലുസിന്റെ ഒച്ച ഞാൻ കേട്ടു സ്വപ്നമാണോ ?അതോ .....
ഓർത്തിരിക്കെ അവളുടെ കൈകൾ നെറ്റിയിൽ തൊട്ടു പിന്നെ കഴുത്തിലും
പനിയുണ്ടോ എന്നു തൊട്ടുനോക്കിയതാണ്.എന്നെ ഒന്നുടെ നല്ലപോലെ പുതപ്പിച്ചു തന്നിട്ട് നെറ്റിയിൽ എന്നെയുണർത്താതെ ഒരുമ്മയും തന്നിട്ട് അവൾ
നടന്നുപോയി ..ഞാൻ കണ്ണടച്ചു തന്നെ കിടന്നു
പിന്നെയും പെണ്ണിന്റെ ഭാവമാറ്റത്തെ കുറിച്ചോർത്തു ഞാനിരുന്നു ...
നിറവയറും കാലിലെ നീരും മറ്റ് അസ്വസ്ഥകളും മാറ്റിവച്ചാണു ഈ നടപ്പ്.
വീട്ടിലുള്ള ദിവസം ഫോൺ മുകളിൽ വച്ചിട്ട് ഞാൻ താഴെ വന്നിരിക്കും അതല്ലെങ്കിൽ ഫോൺ താഴെ വച്ചിട്ട് ഞാൻ മുകളിൽ പോയിരിക്കും റിങ് ചെയ്യുമ്പോൾ അവളോട് എടുത്ത് തരാൻ പറയുമ്പോൾ "ഹ്മ്മ്മ് എല്ലാത്തിനും ഞാൻ തന്നെ വേണോ ?പോയി എടുത്താലെന്താ ?എന്നെ ഇങ്ങനെ നടത്തിക്കണോ ?" ഞാൻ എടുത്തോളാം എന്ന് പറഞ്ഞാലോ വേണ്ട ഞാൻ എടുത്ത് തരാം ,ഏട്ടനിനി കയറിഇറങ്ങണ്ടാ എന്നും പറഞ്ഞു അവൾ തന്നെ
എടുത്തു തരും..തൊട്ടതിനും പിടിച്ചതിനും അവളെയാണ് വിളിക്കാറ് എന്തെങ്കിലും പറഞ്ഞാലും അവളാണ് എല്ലാം ചെയ്തു തരാറു .എല്ലാ പണിയും
കഴിഞ്ഞു മോനേം ഉറക്കി നീരുവന്ന് വീർത്ത കാല് തലയിണക്കു മുകളിൽ കയറ്റിവച്ചു തനിയെ തടവികൊണ്ടിരിക്കുന്ന അവളെ ഓർത്തപ്പോൾ എനിക്ക്
പാവംതോന്നി ..ഇന്ന് രാത്രി അവളുടെ കാലു തിരുമ്മിക്കൊടുക്കണം ഞാൻ
തീരുമാനിച്ചുറച്ചു .ഉച്ചയായി അവൾ വീണ്ടും വന്നു കഞ്ഞിയും കൊണ്ട്,കോരി
തന്നിട്ട് വീണ്ടും കിടന്നോളാൻ പറഞ്ഞു ..പനിയും ക്ഷീണവും കുറഞ്ഞു,
ഒരു ബക്കറ്റിൽ ചൂടുവെള്ളം കൊണ്ടുവന്നിട്ട് അവൾ പറഞ്ഞു ഒന്ന് കുളിച്ചാൽ
ഈ ക്ഷീണമെല്ലാം മാറും ,മടിപിടിച്ചു കിടന്ന എന്നെ ദേഷ്യപ്പെട്ടു എണീപ്പിച്ചു
കുളിക്കാൻ പറഞ്ഞു വിട്ടു ...ശരിയാണ് കുളികഴിഞ്ഞു വന്നപ്പോൾ ഒരുണർവ്
തോന്നി ..അപ്പോളെന്റെ സ്വഭാവവും മാറി "ഞാനൊന്നു പുറത്തുപോയിട്ട്
വരാം "പ്രതീക്ഷിച്ചതുപോലെ തന്നെ അവൾ നാഗവല്ലിയായി "ഇത്ര നേരം
പുതച്ചു മൂടിക്കിടന്നതു ആരാ ?ഞാനാണോ ?ഇന്ന് എങ്ങും പോയില്ലെങ്കിൽ എന്താ വരണത് ..ആരെ കാണാനാ ഇത്ര ധിറുതി കാണിച്ചു പോണത്?
രാത്രി എങ്ങാനും പനിച്ചാൽ ഞാൻ കാണിച്ചു തരാം .."മുഖം ചുവന്നു വീർത്തു
നല്ല ദേഷ്യമാണ് ...അവളെ പറഞ്ഞിട്ട് കാര്യമില്ല ..എന്റെ ഭാഗത്താണ് തെറ്റ് എന്നെനിക്കറിയാമായിരുന്നു എന്നാലും പോകാതിരിക്കാനായില്ല ..പോയിട്ട്
വേഗം തന്നെ എത്തി ..ഭക്ഷണം കഴിച്ചു റൂമിൽ എത്തിയപ്പോൾ അവൾ മോനെ ഉറക്കുവായിരുന്നു.മുഖം കണ്ടാലറിയാം ദേഷ്യം മാറീട്ടില്ല .കാലു തിരുമ്മി കൊടുക്കുന്ന കാര്യം ഓർമ്മയുണ്ടായിരുന്നെങ്കിലും ആ വഴിക്കു പോയില്ല
ഇനി എങ്ങാനും തൊഴിച്ചാലോ?ഗർഭിണിയാണെന്നൊന്നും ചിലപ്പോ ഓർത്തുന്നു വരില്ല ..മോനെ ഉറക്കി അവളും കിടന്നു ..മോന് പതിവുള്ള ഉമ്മ
കൊടുത്തു പിന്നെ ഒരുമ്മ വരാൻ പോകുന്ന കുഞ്ഞിനും അതോടു കൂടി
ചീറ്റപ്പുലി വെറും പൂച്ചകുഞ്ഞായി ,എന്നോട്മുഖം വീർപ്പിച്ചു കിടന്നവൾ
അതാ ചിരിച്ചോണ്ടു പറ്റിച്ചേർന്നു കിടക്കുന്നു ..
ഞാൻ പിന്നയും ഭാവമാറ്റങ്ങളെ കുറിച്ചോർത്തു ...
അവളുടെ സ്നേഹം കുറച്ചുകൂടെ കിട്ടാൻ വേണ്ടി ഞാൻ വെറുതെ ഒരു കാര്യവുമില്ലാതെ അവളോട് പറഞ്ഞു "ഹോ തലവേദനിക്കുന്നു "നെറ്റി തടവി തരും എന്നുകരുതിയ ഞാൻ പെട്ടന്ന് കട്ടിലിൽ നിന്നും താഴെ വീണു ..
എന്താ ഇപ്പോ നടന്നത് എനിക്കൊന്നും മനസ്സിലായില്ല
വേദനയോ മിണ്ടരുത് ..ആവുന്നത് ഞാൻ പറഞ്ഞതല്ലേ പുറത്തു പോകരുത് എന്ന് ,എന്നിട്ടിപ്പോ തലവേദന ,പോയി ആ ഗ്രൗണ്ടിൽ പോയി കിടന്നോ,കൂട്ടിന് നിങ്ങളുടെ കൂട്ടുകാരേം വിളിച്ചോ ..
ഇതും പറഞ്ഞു മോനേം കെട്ടിപ്പിടിച്ചു അവൾ തിരിഞ്ഞു കിടന്നുറങ്ങി
എനിക്കിപ്പോ ഇതിന്റ വല്ല കാര്യവും ഉണ്ടായിരുന്നോ ??
--ശ്രീജ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo