Slider

അവൻ മുപ്പതുകളിൽ

0
Image may contain: 2 people, people smiling, child and outdoor
മുപ്പതുകളിലാണ് അവനേറ്റവും പ്രണയിക്കുന്നത്.
പക്ഷെ,
പ്രണയത്തിന്റെ നൈർമല്യമുള്ള ഭാഷയവൻ മറന്നു പോയെന്നു വരാം,
കാരണങ്ങൾ കണ്ടെത്തിയവൻ കലഹിച്ചുവെന്നു വരാം..
നിങ്ങളവന്റെ പ്രണയഭാഷ വശപ്പെടുത്താതിരുന്നാൽ.
മുപ്പതുകളിലാണ് അവനേറ്റവും ശുണ്ഠി കൂടുന്നത്.
പ്രണയാതുരമായ മനമോടെ നിങ്ങൾ വരുമ്പോൾ അവൻ തിരക്കിലായിരിക്കും.
എന്നാലവന്റെയുന്മാദം മുഴുവൻ നിങ്ങളായിരിക്കും,
നിങ്ങളുടെ ഓർമ്മകളായിരിക്കും.
നിലാവുള്ള രാത്രിയിൽ മുഖത്തോട് മുഖം നോക്കിയിരിക്കാൻ നിങ്ങൾ വരുമ്പോൾ,
അവൻ നിങ്ങളുടെ നാളെയ്ക്കായുള്ള ആലോചനയിലാണ്ടിട്ടുണ്ടാകും.
മുപ്പതുകളിലാണ് അവനേറ്റവും ശ്രദ്ധാലുവാകുന്നത്.
പ്രായത്തിൽ വെളിപ്പെടുത്തലുകൾ നിങ്ങളിൽ തെളിയുമ്പോൾ
മുഖം തിരിക്കാതെയവൻ നിങ്ങളെ ചേർത്തു നിർത്തും.
അരണ്ട വെളിച്ചത്തിൽ ചേർന്നു കിടക്കുമ്പോൾ വടുക്കൾ വീണ വയറിൽ മക്കളെക്കുറിച്ചുപറഞ്ഞുമ്മ വയ്ക്കും.
ഒരശ്വമായ് പ്രണയത്തിൻ കൊടിമുടി കീഴടക്കാൻ കൂടെ വരും.
മുപ്പതുകളാണ് അവനേറ്റവും ഇഷ്ട്ടം.
സ്വപ്നവും യാഥാർത്ഥ്യവും ഒന്നായ് ചേർന്നൊഴുകുന്ന നദിയിൽ
അവനൊറ്റയ്ക്ക് യാത്ര ചെയ്യുന്നതാണെന്ന് നിങ്ങൾക്ക് തോന്നും.!
അവനൊരു പരുക്കനായും,
ഉരുക്കു പോലുള്ള ഹൃദയമുള്ളവനായും തോന്നും.!
എന്നാൽ,
നിങ്ങളുടെ ഒരു ചുംബനത്തിൽ അലിഞ്ഞില്ലാതാകുന്ന ഒരു മഞ്ഞുതുള്ളിയാണവൻ.
ഭവിഷ്യത്തുകളെക്കുറിച്ചാണവൻ
മുപ്പതുകളിൽ ഏറെയാലോചിക്കുന്നത്.
നിങ്ങൾക്കെന്തെങ്കിലും ദോഷം സംഭവിച്ചാലോ എന്നോർത്ത് നിങ്ങളെ ചിലപ്പോൾ പിന്തിരിപ്പിക്കുന്നു.
കാരണം അവൻ അവന്റെ മുപ്പതുകളിലാണ്, നിങ്ങളിൽ ഉള്ള അതി ഗാഢമായ പ്രണയത്തിലാണ്.
നിങ്ങളുടെ പ്രണയത്തെ അങ്ങേയറ്റമാശിക്കുമ്പോഴും അവൻ നാളെയ്ക്കായി നടക്കുകയാകും.
വേനൽ തരിശിൽ നിന്നും വിത്തുകൾ പൊട്ടി വരുന്ന
ഒരു പ്രണയകാലത്തിനായ് അവൻ ഓടി നടക്കുകയാകും.
പ്രണയകാല ഓർമ്മകൾ നിശാഗന്ധിയായ് സുഗന്ധം പൊഴിക്കുമ്പോഴും
അവൻ ആലോചനയിലാകും.
അതെ സമയം,
ഒരു ചുംബനം കൊണ്ടവൻ നിങ്ങൾക്കായുസ്സ് കൂട്ടും.
അവന്റെ പ്രണയത്തിൽ ഋതുക്കൾ കൂടുകൂട്ടിയിട്ടുണ്ടാകും.
മുപ്പതുകളിലാണവൻ യാത്രകൾ ചെയ്യുന്നത്, നിങ്ങളോടൊപ്പം.
ദീർഘ യാത്രകളിൽ നിങ്ങളവന്റെ തോളിൽ തലവെച്ചു മയങ്ങുമ്പോഴവൻ,
നിങ്ങളുടെ ഉറക്കത്തിനു ഭംഗം വരാതിരിക്കുവാൻ ഉണർന്നിരിക്കുകയാവും.
ഒടുവിലൊരു മുറിയിൽ, നിങ്ങളുടെ ലോകത്തിലേക്ക്
ഒരു വിയർപ്പിന്റെ ഗന്ധമോടെ ഒന്ന് ചേരാൻ നിങ്ങളാഗ്രഹിക്കുമ്പോൾ
അവൻ യാത്രയിലെ അവന്റെ ഉറക്കത്തിലേക്ക് വഴുതിപ്പോയിരിക്കും.
ഇനിയും നിങ്ങളുറങ്ങുമ്പോൾ, നിങ്ങളുടെ ഉറക്കത്തിനു ഭംഗം വരാതിരിക്കുവാൻ.
അതെ,
മുപ്പതുകളിലാണ് അവൻ നിങ്ങളെ പ്രണയിക്കുന്നത്.
മുപ്പതുകളിലാണ് അവൻ നിങ്ങളെ സംരക്ഷിക്കുന്നത്,
മുപ്പതുകളിലാണ് അതി തീവ്രമായി നിങ്ങളെയവൻ ചേർത്ത് പിടിക്കുന്നത്.,
കാരണം അവൻ അവന്റെ മുപ്പതുകളിലാണ്.
സ്നേഹം നിറഞ്ഞ മുപ്പതുകളിൽ.
-ശ്രീജ അനിലാഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo