
"മോള് പ്രസവിച്ചു.... പെൺകുട്ടിയാണ് കേട്ടോ"
വലിയ സന്തോഷമൊന്നും മുഖത്ത് കാണിക്കാതെയാണ് സിസ്റ്റർ പുറത്തേക്കു വന്നു അത് പറഞ്ഞത്...
കേട്ട് നിന്ന താനും അച്ഛനും അമ്മയും തലകുലുക്കി.. പരസ്പരം മുഖത്തോടു മുഖം നോക്കി... ഒരു ആൺകുട്ടി.. അതായിരുന്നു ഏവരുടെയും ആഗ്രഹം...
അകത്ത് ചെന്ന് ഭാര്യയുടെ സമീപം ഇരുന്നു
"ദാ നമ്മുടെ മോള് " ഭാര്യ പതിയെ പറഞ്ഞു
കണ്ണുകളടച്ചു കൈവിരലുകൾ കൂട്ടിപിടിച്ചു കിടക്കുന്നു... ഒരു കുഞ്ഞു മോൾ
"ചേട്ടന് വിഷമം ഉണ്ടോ... പെണ്കുട്ടിയായതിൽ "
ആൺകുട്ടിയാകാത്തതിലുള്ള ദുഃഖം പുറത്തുകാണിക്കാത താൻ ഇല്ലെന്നർത്‌ഥത്തിൽ തലയാട്ടാൻ ഒരു പാഴ് ശ്രമം നടത്തി...
വര്ഷങ്ങള്ക്കു മുൻപ് തന്റെ മകൾ ജനിച്ചു വീണ ആ ദിനം ആശുപത്രികിടക്കയിൽ കണ്ണടച്ചു കിടന്നുകൊണ്ട് അയാൾ ഓർത്തു
"എന്താണ് ഒരു ആലോചന '
കണ്ണ് തുറന്നപ്പോൾ പുഞ്ചിരിച്ചികൊണ്ടു ഡോക്ർ
"രണ്ടു ദിവസം കൊണ്ട് പോകാം കേട്ടോ "
ഒന്ന് നിർത്തിയിട്ടു ഡോക്ടർ തുടർന്നു
"നിങ്ങൾ ഭാഗ്യവാനാണ്.. ഇങ്ങനെയൊരു മകളെ ലഭിച്ചതിൽ.. ആക്സിഡന്റ് നടന്ന ആ സമയം ആരും സഹായിക്കാൻ മുന്നോട്ടു വരാഞ്ഞപ്പോൾ നിങ്ങളെ തോളിലേറ്റി ചുമന്നു തക്കസമയത്ത് ഇവിടെ എത്തിച്ച ആ മോള് കാരണമാണ് നിങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നത്... അവൾ പെൺകുട്ടിയല്ല.. ശരിക്കും ഒരു ആൺകുട്ടി. ശക്തനായ ആൺകുട്ടി... "
തിരിഞ്ഞുനടക്കാൻ ഭാവിച്ച ഡോക്ടറുടെ കയ്യിൽ അയാൾ പിടിചു.. ഡോക്ടർ തിരിഞ്ഞുനോക്കി...
"അങ്ങനെ പറയല്ലേ ഡോക്ടർ.. അവൾ ശക്തനായ ആൺകുട്ടിയല്ല.. ശക്തയായ പെൺകുട്ടിയാണ് എന്റെ മോള്... ശക്തയായ പെണ്ണ്.. അത് കേൾക്കുന്നതാ എനിക്കിഷ്ടം.. എനിക്കഭിമാനം.... "
ഡോക്ടർ അതെ എന്നർത്ഥത്തിൽ തലകുലുക്കി..
വര്ഷങ്ങള്ക്കുമുന്പ് കുഞ്ഞി കണ്ണുകൾ അടച്ചു കൊച്ചുകൈവിരലുകൾ കൂട്ടിപ്പടിച്ചു ഒന്നുമറിയാതെ ഉറങ്ങുകയായിരുന്ന തന്റെ മകൾക്കു അന്ന് നൽകാൻ കഴിയാതെ പോയ എന്തോ ഒന്ന് നൽകാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു അയാളപ്പോൾ
ഒരു കാവ്യനീതിപോലെ...
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക