Slider

ഒന്നുകൂടി-

0
Image may contain: 1 person, beard, tree, outdoor, nature and closeup
പ്രളയകൽപ്പത്തിലേക്കിനിയെത്രകാലം
പ്രണവ നാദത്തിലേക്കിനിയെത്രദൂരം .
ജനനിയവൾ നോക്കുന്നു ജനിമൃതിക്കപ്പുറം
നരവംശമിനിയിയെത്രകാലം തുടരണം.
അടരുകളിടിയുന്നു പടവുകൾ പുതയുന്നു
പരിണാമചക്രം പകച്ചുനോക്കുന്നു.
പതിവായി വരുമെന്നൊരറിവുതെറ്റുന്നു
മഴമേഘമകലേ പിണങ്ങിനിൽക്കുന്നു.
പരിഭവം പറയുവാനൊടുവിൽവരുകിലോ
തോരാതെ കണ്ണീരുവാർത്തു കേഴുന്നു.
ഇടിമുഴക്കങ്ങൾ ഇരുട്ടിലാർക്കുമ്പോൾ
മാരിയവൾ മണ്ണിൽ മദിച്ചു നടമാടുന്നു.
ഊട്ടിയ കയ്യിനാൽ ഉദകക്രിയനിങ്ങൾ-
ചെയ്യിക്കരുതെന്നു മിന്നൽ പറയുന്നു.
തെന്നലായിന്നലെ വന്നുതഴുകിയോൾ
ഒന്നായ്പ്പിഴുതെറിഞ്ഞാർത്തലറുന്നു.
കണ്ണീരിലൊഴുകിപ്പതഞ്ഞു പോകുന്നു
മണ്ണിൽ മനുഷ്യൻ വരച്ച സ്വപ്‌നങ്ങൾ
മുന്നിൽക്കാണാത്തവർ തമ്മിൽക്കാണുന്നു
കണ്ണിൻ കറകൾ കരഞ്ഞുമായ്ക്കുന്നു
വിണ്ണിൽനിന്നൊരുവേളയവളതുകാണുന്നു
പലതായ പടലയവരൊരുമിച്ചിരിക്കുന്നു.
ഒന്നായിരിക്കുന്നു ഒരുമിച്ചു തിന്നുന്നു
കണ്ണീരു പങ്കിട്ടു നടുവുചായ്ക്കുന്നു
ഇല്ലായ്മയെന്നതിൻ വല്ലായ്‌മയറിയവേ
എല്ലാരുമൊന്നെന്ന് മെല്ലെയോതുന്നു
വല്ലാത്ത നേരമിതെന്നു വിതുമ്പവേ
കണ്ണു തുടച്ചവൾ മെല്ലെ മറയുന്നു
മെല്ലെത്തെളിഞ്ഞൊരു മാനത്തു നോക്കീട്ട്
ഉള്ളതും വാരിപ്പിരിഞ്ഞു പോകുന്നു
എന്റേതും നിന്റേതുമെന്നവർ വീണ്ടും
തല്ലു തുടങ്ങി തെറിവിളിക്കുന്നു
കൊള്ളകൊലകളും പിന്നെപ്പലതും
പണ്ടെന്നപോലെ പിടിച്ചുപറിയും
കണ്ടുപഠിക്കാത്ത മാനുഷരെ നിങ്ങൾ
കൊണ്ടിട്ടുമെന്തേ പഠിക്കാത്തതെന്തേ.
പ്രളയമിനിയെപ്പോൾ വരുമെന്നറിവീല
പറയുവാനിത്തിരി വ്യഥയുണ്ടതെന്നാലും
നരവംശമെന്നതു നാശമാകും വരെ
തോരുകില്ലവളുടെ മിഴിനീരിനിമേൽ
പ്രളയകൽപ്പത്തിലേക്കിനിയെന്തുദൂരം
പ്രണവ നാദത്തിലേക്കിനിയെത്ര വേണം.
ജനനിയവൾ നോക്കുന്നു ജനിമൃതിക്കപ്പുറം
നരവംശമിനിയിയെത്രകാലം തുടരണം.
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo