നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചോതിനാളുകാരൻ


***********************
പൊട്ടിയ പോട്ടോ കാബിനിലെ പൊളിഞ്ഞടർന്നു തൂങ്ങിത്തുടങ്ങിയ വാതിലിലൂടെ പുറം കാഴ്ചയിലേക്ക് കണ്ണുകൾ പായിച്ചപ്പോഴാണ് ആ ഒരു കാഴ്ച മുകുന്ദനെ ആകർഷിച്ചത്..!
കാലിനോ മറ്റോ പരിക്കുപറ്റി നടക്കാൻ വയ്യാതായ ഒരുറുമ്പിനെ അതിന്റെ കൂട്ടാളികൾ പൊക്കിയെടുത്ത് സുരക്ഷിത താവളത്തിലേക്ക് നീങ്ങുന്നു.പൊടുന്നനെ പെയ്ത മഴ ശമിച്ചയുടനെ ആയതിനാലാവണം അവരിൽ ഒരു ധൃതിയും ദൃശ്യമായിരുന്നു..!
ആ കാഴ്ച കണ്ണിൽ നിന്നു മറഞ്ഞപ്പോൾ എന്തിനോ മുകുന്ദൻ തന്റെ വയ്യാതായ കാലിനെക്കുറിച്ചോർത്തു.സൗദി അറേബ്യയിലെ അൽ ആബിദ് എന്ന ഈ വില്ലേജിലെത്തിയിട്ടിപ്പോൾ നാല്പതു വർഷം കഴിഞ്ഞിരിക്കുന്നു. ജീവിതത്തിലെ നല്ല കാലം മുഴുവനും ഈ മരുഭൂമിയിൽത്തന്നെ..!
തോട്ടം ജോലിക്കാരനിൽ നിന്നും ജോലിക്കയറ്റം കിട്ടിയത് ഒരു വലിയ ഏരിയ നോക്കി നടത്തേണ്ടുന്ന തോട്ടം ജോലിക്കാരനായിത്തന്നെ. ശമ്പളത്തിൽ സ്ഥാനക്കയറ്റമൊട്ടില്ലതാനും..!
'' എന്ത്ന്നാ മൂന്നാട്ടാ... ഈ തണ്പ്പത്തിര്ന്ന് ഇങ്ങള് ക്നാവ് കാണലാ..." ?
കണ്ണൂർക്കാരൻ മധുവിന്റെ ശബ്ദം മുകുന്ദനെ ചിന്തയിൽ നിന്നുണർത്തി..!
" ഇങ്ങളിങ്ങന പണ്ട് കയ്ഞ്ഞതും പടേത്തൂറ്യതും ഓർമ്മിച്ച് നിന്നിറ്റെന്നാ കാര്യം..? മോള കല്യാണല്ലെ ബെര്ന്ന്..., നാട്ടില് പോട്...കല്യാണെല്ലം നടത്തിക്കൊട്ത്തിറ്റ് ഇങ്ങളെനി ആടയന്നെ കൂട്യാ മതീലേപ്പ... എത്ര കൊല്ലായി ഈ നയിപ്പ് തൊട്ങ്ങീറ്റ്...."
ഒന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും ചിരിയ്ക്കിടയിൽ തൂവി വന്ന കണ്ണീർ മധുവിന്റെ കണ്ണിൽപ്പെടാതിരിക്കാൻ മുകുന്ദൻ മുഖം തിരിച്ചു..!
''അതെ... പോകണം... പോകണം.. ,ഇനി ബാക്കി കാലം അവിടെ താമസിക്കണം.."
പാതി തന്നോടെന്ന വണ്ണം പതുക്കെ തലയാട്ടിക്കൊണ്ട് മുകുന്ദനത് ആവർത്തിക്കുന്നുണ്ടായിരുന്നു..!
വെള്ളിയാഴ്ചകളിൽ പുറത്തു പോകാൻ കിട്ടുന്ന അവസരമായതു കൊണ്ട് മധുവും കൂട്ടരും നല്ല ആവേശത്തിലായിരുന്നു. ഹരിപ്പാടുകാരൻ മുകുന്ദനേം, കണ്ണൂർക്കാരൻ മധുവിനേം കൂടാതെ കോഴിക്കോട്ടുകാരൻ അബ്ദുവും തൃശൂരുള്ള സുബാഷുമായിരുന്നു ആ കാബിനിലെ മറ്റംഗങ്ങൾ..!
അവരുടെ യാത്ര കടുത്ത ഒരു ഏകാന്തതയിലേക്കാണ് മുകുന്ദനെ തള്ളിയിട്ടത്. ഓർമ്മകൾ വർഷങ്ങളെ പിന്തള്ളി ഓടാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും..!
അച്ഛന്റെ പെട്ടെന്നുള്ള മരണം പ്രാരാബ്ധങ്ങൾ വേഗം തന്നെ തന്റെ തലയിലേക്കാക്കാൻ സഹായിച്ചെന്നു വേണം പറയാൻ..!
ആവശ്യപ്പെട്ട സ്ത്രീധനം നല്കിത്തന്നെ പെങ്ങന്മാരെ കെട്ടിച്ചയച്ചു.എല്ലാമൊന്നൊതുക്കി കൂട്ടിനൊരുവളെ കൊണ്ടു വന്ന ആദ്യ നാളുകളിൽത്തന്നെയായിരുന്നു അമ്മ പോയതും. വർഷങ്ങളുടെ കഷ്ടപ്പാടിൽ കെട്ടിയുയർത്തിയ വീട്ടിലെ കുളിമുറിയിൽ വഴുതിവീണുള്ള മരണം..!
മുകുന്ദനിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു..!
ചിലരിങ്ങനെയാണ്. നന്നായി ജീവിക്കാനുള്ള സൗകര്യങ്ങൾ ഒത്തു വരുമ്പോഴായിരിക്കും ജീവിതം തന്നെ അവരിൽ നിന്നും ഓടിയൊളിക്കുക..!
വിധി എന്ന ഓമനപ്പേരിട്ട് നാമതിനെ വിളിക്കും.ആർക്കറിയാം.. ,തന്റെ ഇപ്പോഴത്തെ അവസ്ഥയെ വിധി എന്നു വിളിച്ചാൽ മതിയാകുമോ എന്ന്..!
എവിടെയും ഉറപ്പിക്കാൻ പറ്റാത്ത നോട്ടം ഒടുവിൽ ഈന്തപ്പഴത്തോട്ടത്തിലേക്ക് തെന്നി മാറി..!
തീമഴ പോലെ സൂര്യൻ ചൂടുതിർത്തപ്പോഴും ഈ തോട്ടത്തിൽ താൻ ചെയ്തിരുന്ന ജോലികൾ..!
തടമെടുക്കലും, വെള്ളമൊഴിക്കലും.. ഇടദിവസങ്ങളിലെല്ലാം മരങ്ങൾ വൃത്തിയാക്കണം. കായ്കൾ പക്ഷികൾ കൊത്താതെ നോക്കണം..!
താഴെ വീഴാതിരിക്കാനുമായി ഓരോരോ കുലകൾക്കും വലകളിട്ടു കൊടുക്കണം.. ഓരോ ഈന്തപ്പനയും തന്റെ മക്കൾ തന്നെയായിരുന്നില്ലേ..?
അവരോട് സംസാരിക്കാത്ത ദിവസങ്ങളിൽ ആകെ ഒരസ്വസ്ഥത ആയിരിക്കും..
മക്കളല്ല... അതിനുമപ്പുറം മറ്റാരൊക്കെയോ ആയിരുന്നില്ലേ ഇവർ..!
മക്കൾ പലപ്പോഴും തന്നോട് സംസാരിക്കാൻ മടിക്കുന്നേടത്ത് ഇവർ താൻ പറയുന്നത് തലയാട്ടിക്കേൾക്കും..!
ഇളന്തലകൾ കാറ്റത്താടുന്നു എന്നതിനേക്കാൾ തന്റെ പറച്ചിൽ കേട്ട് തലയാട്ടുന്നു എന്നു വിശ്വസിക്കാനാണ് മുകുന്ദനിപ്പോൾ ഇഷ്ടപ്പെടുന്നത്....!
കാബിന്റെ മുന്നിലായി മറ്റു മൂവരുടെയും ചിരിയും പാട്ടുകളുമാണ് പിന്നീടയാളെ ചിന്തകളിൽ നിന്നുമുണർത്തിയത്..!
എല്ലാരും നല്ല സന്തോഷത്തിലാണ്... സന്തോഷിക്കട്ടെ പാവങ്ങൾ.. ഏറെക്കഴിയുമ്പോൾ തന്നെപ്പോലെ ഒരിക്കലും സന്തോഷിക്കാൻ കഴിഞ്ഞില്ലെങ്കിലോ...?
ഈയടുത്ത് വിവാഹിതനായ അബ്ദു ഭാര്യയുമായി കൊഞ്ചിക്കൊണ്ടുള്ള സംഭാഷണത്തിലാണ്..!
തന്റെ വിലാസിനിയും വിവാഹത്തിന്റെ ആദ്യനാളുകളിൽ ഇങ്ങനെത്തന്നെയായിരുന്നു... വിളിക്കുമ്പോഴെല്ലാം കരച്ചിലും പരിഭവം പറച്ചിലും...!
രണ്ടു പൊന്നുമക്കളെക്കിട്ടിയപ്പോൾ പതുക്കെപ്പതുക്കെ അതെല്ലാം മറന്നു എന്നു മാത്രം... പിന്നീട് വിളിക്കാൻ പറ്റാത്ത ദിവസങ്ങളിൽപോലും അവളൊന്ന് ഓർക്കുക പോലും ചെയ്യാതായി..!
ഈ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ തന്നിലേക്ക് പെയ്തിരുന്ന മഴയായിരുന്നില്ലേ അവൾ.. !
മുകുന്ദന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണീരൊഴുകി..
പിന്നെപ്പിന്നെ തനിക്കൊരിക്കലും ആ മഴ കിട്ടാറുണ്ടായിരുന്നില്ലല്ലോ..?
"അല്ലാ മൂന്നാട്ടാ.. ഇങ്ങളെന്നാ തിന്നാനൊന്നും ആക്കായ്ന്..?
ഞാള് പൊറത്ത്ന്ന് കയ്ച്ചിനേ... ഇങ്ങക്ക് ബെശ്പ്പും ഇല്ലാണ്ടായാ..? "
വീണ്ടും മധുവാണ്. അവൻ മാത്രമേ ഇവിടെ ഈ പഴഞ്ചനോട് അല്പമെങ്കിലും സംസാരിക്കാറുള്ളൂ....
മറ്റുള്ളവർ തന്റെ മക്കളെപ്പോലെത്തന്നെ... ഒരു തരം അവഗണന.. !
വിവരദോഷിയായ തന്നോട് അവർക്കൊന്നും മിണ്ടാനുണ്ടാവില്ല..!
വാടകക്കെട്ടിടത്തിൽ നിന്നും സ്വന്തം വീട്ടിലേക്കു മാറിയതും, കിട്ടുന്നിടത്തെല്ലാം സ്ഥലം വാങ്ങിക്കൂട്ടിയതും, പഠിക്കാൻ താല്പര്യമില്ലാത്ത മകനൊരു ജോലിയാകട്ടെ എന്നുവച്ച് ഒരു കടയിട്ടു കൊടുത്തതുമെല്ലാം ഈ വിവരദോഷി കഷ്ടപ്പെട്ടതു കൊണ്ടു തന്നെയാണ്...!
പെട്ടെന്നെന്തോ ഓർത്ത് വയ്യാത്ത കാലും വലിച്ച് അയാൾ അകത്തേക്കു നടന്നു.പൊടിയും മാറാലയും വേണ്ടത്ര അലങ്കാരപ്പണികൾ നടത്തിയിരുന്ന ഒരു പഴയ പെട്ടി മുകുന്ദൻ വലിച്ചു തുറന്നു..!
വേണ്ട... ഇതാരുമറിയണ്ട.. താൻ ഡയറിയിൽ കുറിച്ചിട്ടിരുന്ന ഈ വരികൾ.. !
എന്നു താൻ ഇല്ലാതായിത്തീരുന്നുവോ, അന്ന് തന്നോടൊപ്പം അവസാനിക്കണം ഈ വേദനയും..!
കാലിലുള്ള വേദന പൊടുന്നനെയാണ് തന്റെ ഇടതു കൈയിലേക്ക് പടർന്നതു പോലെ മുകുന്ദന് തോന്നിയത്..
"ആ....''
പരതിയെടുത്തിരുന്ന ഡയറി അപ്പോഴേക്കും ഇടതു കൈയിൽ നിന്നും ഊർന്നു വീണിരുന്നു.. !
ശബ്ദം കേട്ട് ഓടിയെത്തിയ മധു ഒരുവശം താങ്ങിപ്പിടിച്ചെങ്കിലും തല നേരെ നില്ക്കാൻ കൂട്ടാക്കാതെ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു...!
"അഷദു അല്ലാഹ് ഇലാഹ ഇല്ലള്ളാ.. ഹ്
അഷദു അന്ന മുഹമ്മദ് റസൂലുള്ളാ... ഹ്
ഹയ്യാല സലാ... ഹ്
ഹയ്യാല ഫലാ... ഹ്
ഉയരുന്ന ബാങ്കുവിളിയിൽ അബ്ദു അകത്തെ മുറിയിൽ നിസ്ക്കരിക്കുകയാണ്.
"ഡാ... ഓടി വാടാ..
മ്മടെ... മ്മടെ മൂന്നാട്ടൻ പോയെടാ...."
സുബാഷ് എടുത്തു നീട്ടിയ ഡയറിത്താളിൽ പഴയ നാലാം ക്ലാസ്സുകാരന്റെ കൈപ്പടയിലെ അക്ഷരങ്ങൾ ഇങ്ങനെ കുറിക്കപ്പെട്ടിരുന്നു.
ഞാൻ നാട്ടിലേക്കു പോയാൽ അവരുടെ നിലയും വിലയും കുറഞ്ഞു പോകും..
മക്കൾക്ക് നല്ല കല്യാണം ഒത്തു വന്നെന്നു വരില്ല.
എങ്കിലും...,എങ്കിലും വിലാസിനീ... ,
ചോതി നാളുകാരനായിരുന്ന എനിക്ക് നാട്ടിലിനി ഒരിക്കലും നല്ലകാലമുണ്ടാകില്ലെന്നും അവിടെ ജീവിക്കാൻ കൊള്ളില്ലെന്നും ഹരിപ്പാട്ടെ ജ്യോത്സ്യനെക്കൊണ്ട് നീ പറയിപ്പിക്കേണ്ടിയിരുന്നില്ല...!
==================================
സരിത.പി.കാവുമ്പായി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot