Slider

രമണിയുടെ ദിനവൃത്താന്തം

0
Image may contain: 1 person, beard, eyeglasses and closeup
"ചാച്ചിയേ ഊണൊക്കെ കാലവായോ?"
ഔതച്ചായന്റെ വീടിന്റെ അടുക്കള വശത്തെ മുറ്റത്തേയ്ക്ക് ,ഇടതൂർന്നു നിൽക്കുന്ന ഏലത്തട്ടകൾ വകഞ്ഞു മാറ്റി കയറുമ്പോൾ രമണി വിളിച്ചു ചോദിച്ചു. ഔതച്ചായന്റെ മൂത്തമരുമകൾ വീട്ടുകാർക്കും നാട്ടുകാർക്കും ചാച്ചിയാണ്.
"ആഹാ രമണിയോ, ഞാനോർത്തു ആരാണീ സമയത്തെന്ന് " അടുക്കളവാതിക്കൽ വന്ന് പുറത്തേയ്ക്ക് നോക്കി , കണ്ണിൽ നിന്ന് വന്ന വെള്ളം തുടച്ചുകൊണ്ട് ചാച്ചി തുടർന്നു.
" കേറി വാ, വിറകൊരിച്ചിരി കത്തുന്നില്ല. നനഞ്ഞ വിറകാ. ഇച്ചിരെ നേരം മാറിനിന്നാൽ അടുപ്പിൽ ചേര കേറും, ഊതിയൂതിയെന്റെ ഊപ്പാടിളകി" കണ്ണടച്ചു തുടങ്ങിയിരുന്ന തീ ഊതികത്തിച്ചതിനു ശേഷം ചാച്ചി ഉച്ചക്കത്തെ കറിക്കുള്ള ചക്കക്കുരു ചുരണ്ടാൻ തുടങ്ങി.
"നിന്റെ ഊണൊക്കെ കാലമായോ രമണിയേ, "നിനക്കിന്നു കാട്ടിൽ പണിയില്ലാരുന്നോ"
"അരിക്കുള്ളവെള്ളം അടുപ്പത്ത് വച്ചിട്ടാ ഞാൻ പോന്നത് . മൂന്നാലു ദിവസമായിട്ട് പണിയൊന്നുമില്ല ചാച്ചീ,മഴയല്ലേ അങ്ങേർക്കും പണിയില്ലാതിരിക്കുവാ"
"അല്ല രമണിയേ ഇന്നലേം കേട്ടല്ലോ നിന്റെ കരച്ചിലും ബഹളോം , ഇന്നലേം കള്ളാരുന്നോ കരണന്"
"അതിപ്പോ എന്നാ ചാച്ചീ ഇല്ലാത്തത്, അരിവാങ്ങാൻ കാശില്ലേലും എവിടുന്നേലും കുടിച്ചിട്ട് വരും, കുടിക്കുന്നത് പോട്ടെ എന്നും എന്തേലും ഒപ്പിച്ചു വയ്ക്കും കഴിഞ്ഞ ദിവസം എങ്ങാണ്ട് പോയി ബോധമില്ലാതെ വീണു കിടന്ന് ദേഹമെല്ലാം ഉറുമ്പരിച്ചത് പോലെ എന്തോ പാടാണ്, ഞാൻ മടുത്തു ചാച്ചീ എന്നും ഉപദ്രവും, ഇങ്ങനെ പോയാൽ ഞാൻ വല്ലകടുംകൈയും ചെയ്യും"
രമണി കണ്ണുതുടച്ചു.
" നീ വേണ്ടാതീനമൊന്നും പറയണ്ട, അവനെ പേടിപ്പിക്കാൻ നീയിത് പറഞ്ഞ് പറഞ്ഞ് അതിനും വിലയില്ലാണ്ടായി, നീ സ്നേഹത്തോടെ ശ്രമിച്ചാൽ ഒക്കെ ശരിയാവും"
"ശ്രമിക്കാഞ്ഞിട്ടാണോ ചാച്ചി, ഉപദ്രവിക്കുമ്പോ ഞാനെന്തു ചെയ്യാനാ, നിങ്ങളാരും നിലവിളിച്ചാൽ പോലും തിരിഞ്ഞും നോക്കത്തില്ല "
അടുപ്പിലൂതി കൊണ്ടിരുന്ന ചാച്ചി ചിരിയോടെയാണ് രമണിയുടെ പരിഭവത്തിന് മറുപടി പറഞ്ഞത്.
"അതുകൊള്ളാം ആരേലും ഓടി വന്നാൽ അപ്പൊ നീ കരണന്റെ സൈഡ് ആകത്തില്ലേ, എന്റെ കെട്ടിയോൻ എന്നെ എന്തേലും ചെയ്‌താൽ ചോദിക്കാൻ നിങ്ങളാരാണെന്നല്ലേ നീ പണ്ട് അച്ചായനോട് ചോദിച്ചത്"
രമണിയൊന്നും മിണ്ടിയില്ല.
"എന്റെ രമണീ നീ ആ കരണൻ എന്നാ ചെയ്താലും സപ്പോർട്ട് ചെയുന്നിടത്തോളം അവൻ നന്നാവില്ല, അവനാണേൽ ഒരു പാവം . കള്ള് കുടിക്കാത്തപ്പോ അവനെ പോലെ നല്ലൊരുത്തൻ ഈ നാട്ടീ കാണത്തില്ല"
രമണീടെ മുഖം തെളിഞ്ഞു. "അതെ ചാച്ചീ പാവാ, എന്നെ ജീവനാ, പിന്നെ പിള്ളേരില്ലാത്തതിന്റ വിഷമം എന്നെക്കാൾ അങ്ങേർക്കാ, അതല്ലേ ഞാൻ എല്ലാം സഹിക്കുന്നത്"
"നീയിങ്ങനെ രാവിലെ വന്നിരുന്നു അവന്റെ കുറ്റം എന്നോട് പറഞ്ഞിട്ട് രാത്രി അവന്റെ കൂടെ കെട്ടിമറിയും, പിന്നവന്റെ ഇടി,നിനക്കത്‌കിട്ടാതെ ഉറങ്ങാൻ പറ്റില്ലാരിക്കും, അതുംകേട്ട് ഞങ്ങളാരേലും ചോദിക്കാൻ വന്നാ നല്ല ശേലായി, പണ്ടാരാണ്ട് കെട്ടിയോനോട് ഇടിയ്ക്കുന്നേലിടിയ്ക്ക് എനിയ്ക്ക് കിടക്കണമെന്ന് പറഞ്ഞ പോലയാ നിന്റെ കാര്യം”
"ചാച്ചീ എന്നാ ഞാനിറങ്ങട്ടെ, ഇച്ചിരെ ചായപ്പൊടി ഉണ്ടോന്ന് ചോദിക്കാൻ വന്നതാ ഞാൻ, മൂന്നാലു ദിവസമായി അങ്ങേരോട് വാങ്ങാൻ പറഞ്ഞിട്ട് , അതെങ്ങനാ നാലുകാലിൽ അല്ലേ എന്നും വരവ്"
രമണി വേഗം വിഷയം മാറ്റി.
ചായപ്പൊടി കൊടുക്കുന്നതിനിടയിൽ ചാച്ചി ചോദിച്ചു.
"അരിയൊക്കെ ഉണ്ടോ വീട്ടിൽ , വേറെ വല്ലതും വേണോ നിനക്ക് . നീ കരണനോട് വേറെയെങ്ങും പണിയില്ലേൽ നാളെ രാവിലെ ഇങ്ങു വരാൻ പറ കുറച്ചു വിറകുകീറാനും ഒക്കെയുണ്ട് "
"അരിയുണ്ട് ചാച്ചീ, ഞാൻ പറയാം അങ്ങേരോട് നാളെ ഇങ്ങോട്ട് വരാൻ "
"വരുന്നതൊക്കെ കൊള്ളാം പണിക്കൂലി ഞാൻ നിന്റെ കയ്യിലെ തരത്തൊളെളന്ന് അവനോട് പറഞ്ഞോണം"
പറയാം ചാച്ചീ എന്ന് പറഞ്ഞിട്ട് രമണി ചായപ്പൊടിയും വാങ്ങി പോകാനിറങ്ങി, മുറ്റത്തുനിന്നും ഏലത്തിനിടയിലൂടെ നടന്നു മറയുന്ന രമണിയോട് ചാച്ചി വിളിച്ചു പറഞ്ഞു.
"എടി കറി വയ്ക്കാൻ വല്ലോം വേണേൽ ആ ഇഞ്ചിക്കാത്ത് കേറി പയർ വല്ലോം പറിച്ചോ കേട്ടോ"
രമണി ഒരു നിമിഷം നിന്നിട്ട് ശരി ചാച്ചീയെന്ന് പറഞ്ഞ് ഇഞ്ചി നട്ടിരിക്കുന്നിടത്തേയ്ക്ക് നടന്നു.
****** *********
"രമണിയേയ് .. എടി രമണിയേയ്.."
മുറ്റത്തിന്റെ തെക്കേ അറ്റത്തുനിന്ന മരത്തിലിരുന്നു മരോട്ടിക്കാ തിന്നുകൊണ്ടിരുന്ന അണ്ണാൻ,കരണന്റെ ശബ്ദം കേട്ട് ഞെട്ടി,മരോട്ടിക്കായ കൈവിട്ടു താഴെ പോയതിന്റെ ഈർച്ചയിൽ ചിൽ ചില്ലെന്ന ശബ്ദമുണ്ടാക്കി ഇടംവലം നോക്കിയിട്ട് മരോട്ടിക്കായ ലഷ്യമാക്കി താഴേയ്ക്ക് കുതിച്ചു.
"രമണിയേ എടി കഴുവേറി നീ എവിടെ പോയി തുലഞ്ഞെടി , ഒന്നോടി വാടി". കരണന്റെ കുഴയുന്ന ശബ്ദം കേട്ട് ഓലമറയത്ത് നിന്ന് കുളിക്കുകയായിരുന്ന രമണി കിട്ടിയ തുണി വാരിചുറ്റി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ഓടി.
ഏക്കറുകളോളം പരന്നുകിടക്കുന്ന ഏലത്തോട്ടത്തിന്റെ അതിരിലാണ് കരണന്റെ പത്തുസെന്റ് സ്ഥലവും ഓലമേഞ്ഞ വീടും, ഏലത്തോട്ടത്തിനു നടുവിലൂടെയുള്ള നടവഴിയിലൂടെ പോയാൽ കവലയിലെത്താൻ എളുപ്പവഴിയുണ്ട്, ആ ഭാഗത്ത് നിന്നാണ് കരണന്റെ ശബ്ദം കേൾക്കുന്നത്.
രമണിയോടിയെത്തുമ്പോൾ ഏലത്തോട്ടത്തിൽ മഴവെള്ളം ഒഴുകിപോകാതിരിക്കാൻ കുഴിച്ചിരിക്കുന്ന മഴക്കുഴിയിൽ വീണുകിടക്കുകയാണ് കരണൻ.കുഴിയിലെ വെള്ളത്തിൽ നിന്നെണീക്കാൻ ത്രാണിയില്ലാതെ കിടന്നുള്ള നിലവിളിയാണ്.. നനഞ്ഞ തുണിക്കിടയിലൂടെ രമണിയുടെ മാംസളത കണ്ട കരണന്റെ കണ്ണുകളാദ്യമൊന്നു പ്രകാശിച്ചു, തൊട്ടു പുറകെ തന്നെ അയാളുടെ ഭാവം മാറി.
" മണിക്കൂറൊന്നായല്ലോ ഞാനിവിടെ കിടന്നു നിലവിളിക്കുന്നു,ആരുടെ കൂടെ അഴിഞ്ഞാടുവാരുന്നെടീ,ഞാൻ നേരത്തെ വരുമെന്ന് നീ കരുതിയില്ലല്ലേടി"
കരണൻ എണീക്കാൻ ഒരു വിഫല ശ്രമം നടത്തി.
"ഞാൻ കുളിക്കുവാരുന്നു മനുഷ്യാ ഇല്ലാ വചനം പറഞ്ഞുണ്ടാക്കാതെ കേറി വരാൻ നോക്ക്"
രമണി കൈനീട്ടി അയാളെ കഷ്ടപ്പെട്ട് വലിച്ചു കയറ്റി. അയാളുടെ ലുങ്കി അഴിഞ്ഞു വെള്ളത്തിൽ വീണു.
അങ്ങനെ രമണിയുടെ മറ്റൊരു രാത്രി ആരഭിക്കുകയാണ്, ഇനി വിചാരണ നടക്കും . കുളിക്കുകയായിരുന്നു എന്ന രമണിയുടെ വാദമൊന്നും വിലപ്പോകില്ല. കട്ടിലിൽ വെട്ടിയിട്ട വാഴപോലെ കിടന്ന് അയാൾ രമണിയുടെ ജാരന്മാരുടെ നീണ്ട ലിസ്റ്റ് വായിക്കാൻ തുടങ്ങും. അതിൽ ഹൈറേഞ്ചിൽ ആദ്യകാല കുടിയേറ്റക്കാരനായിരുന്ന, കഴിഞ്ഞ മഴക്കാലത്ത് തൊണ്ണൂറ്റിയേഴാം വയസിൽ കുടിയേറ്റത്തിന്റെ അവസാന എപ്പിസോഡ് ആടിത്തീർത്ത ഔതച്ചായൻ മുതൽ,തൊട്ടടുത്ത ഏലക്കാട്ടിൽ പണിയെടുക്കുന്ന പേരറിയാവുന്നതും അല്ലാത്തതുമായ തമിഴന്മാർ വരെ കയറിയിറങ്ങും.
അത് കേട്ട് രമണി കഞ്ഞിക്ക് ചമ്മന്തി അരയ്ക്കും, കാലുനീട്ടിയിരുന്ന് മംഗളം വായിക്കും. കട്ടിലിന്റെ താഴെ പായ വിരിച്ചു കിടക്കും, ഇടക്ക് കരണന്റെ ശബ്ദം ഇല്ലാതായാൽ ചത്തോ മനുഷ്യാ എന്ന് വിളിച്ച് ചോദിക്കും.കരണൻ രമണിയുടെ പുറത്തിനിട്ടു മദ്ദളം കൊട്ടുന്നത് വരെ ഈ കലാപരിപാടി തുടരും .. അയ്യോ ഈ കാലമാടനെന്നെ കൊല്ലുന്നെയെന്ന രമണിയുടെ നിലവിളി ഏലത്തോട്ടത്തിലെ വന്മരങ്ങളിൽ തട്ടി പ്രതിധ്വനിക്കും, പതിവ് ഇടി കിട്ടിയ സന്തോഷത്തിൽ രമണിയും, അവളുടെ നിലവിളി കേട്ട സന്തോഷത്തിൽ അയല്പക്കംകാരും ഉറക്കത്തിലേക്ക് വഴുതിവീഴും.
ഏലക്കാടുകളുടെ പശ്ചാത്തല സംഗീതജ്ഞരായ ചീവീടുകൾ മാത്രം, ഇതൊക്കെ കണ്ടും കേട്ടും ,നിശബ്ദത ഭേദിച്ചുകൊണ്ട് ഉറക്കെ ചിരിക്കും.
പാതിരാ കഴിയുമ്പോൾ കരണൻ ഒരുറക്കം കഴിഞ്ഞ് ഞെട്ടിയുണരും.
"രമണി,എടി നീയുറങ്ങിയോ, വയറെരിയുന്നെടി കഞ്ഞിയുണ്ടോടി"
"എരിയട്ടെ ,രമണി ചത്തു, കെട്ടിയോൻ ഇടിച്ചു കൊന്നു, നിങ്ങൾക്ക് കഞ്ഞി തരാൻ വേറെ ആളെ നോക്ക് "
കരണന് കുറച്ചു ബോധം വന്നാൽ പിന്നെ രമണിയുടെ അവസരമാണ്. കരണൻ അവളുടെ പുറത്താണ് മദ്ദളം കൊട്ടിയതെങ്കിൽ ഇനി അവൾ സ്വന്തം നെഞ്ചത്ത് കൊട്ടാൻ തുടങ്ങും.
"എന്റെ സങ്കടം കാണാൻ എനിക്കൊരു കുഞ്ഞിനെ പോലും ഈശ്വരൻ തന്നില്ലല്ലോ, ഇങ്ങേരുടെ ഇടികൊണ്ടു ചാവാനാ ഈ മച്ചിയുടെ വിധി" രമണി നെഞ്ചത്ത് ആഞ്ഞിടിച്ചു.
കരണൻ കിടക്കപ്പായയിൽ എണീറ്റിരുന്നു, ഇരുട്ടത്ത് രമണി നെഞ്ചത്തിടിക്കുന്ന ശബ്ദം ഓലമറയിൽ തട്ടി ചീവീടുകളുടെ പക്കമേളങ്ങൾക്കിടയിൽ തലതല്ലിച്ചത്തു. ഇരുട്ടത്ത് തലയിണകീഴിൽ നിന്നും തീപ്പെട്ടി തപ്പിയെടുത്ത് കരണൻ ഒരു തെറുപ്പുബീഡി കത്തിച്ചു.
"നീയിച്ചിരി കഞ്ഞിതാടീ , ഈ കുടി എങ്ങനേലും നിർത്തണമെന്ന് എന്നെനിക്കില്ലഞ്ഞിട്ടാണോ, പറ്റാഞ്ഞിട്ടല്ലേ. ഞാൻ ശ്രമിക്കാം "
"ഭ്ഫാ... എന്നെക്കൊണ്ടൊന്നും പറയിക്കരുത്, ഇവിടെ വന്നു കേറിയ കാലം മുതൽ കേൾക്കുന്നതാ ഞാനിത്"
രമണിയുടെ ആട്ട് കേട്ട് ചീവീടുകൾ ഒരുനിമിഷം നിശബ്ദമായി, കരണൻ നിമിഷങ്ങളോളവും.
രമണി എഴുന്നേറ്റ് വിളക്ക് കത്തിച്ചു കഞ്ഞി വിളമ്പി, രണ്ടാൾക്കും. കഞ്ഞികുടിക്കുന്നതിനിടയിലെല്ലാം അവൾ ഏങ്ങലടിച്ചു കരയുകയും ഇടക്കൊക്കെ മൂക്ക് പിഴിയുകയും ചെയ്തു. കരണൻ നിശബ്ദനായിരുന്ന് കഞ്ഞികുടിച്ചു .
കഞ്ഞികുടി കഴിഞ്ഞ് താഴെ പായിൽകിടന്നുള്ള രമണിയുടെ എണ്ണിപറച്ചിലുകൾ, കെട്ടിറങ്ങി തുടങ്ങിയ കരണൻ കട്ടിലിൽ കിടന്ന് മൂളി കേട്ടു. രമണിയുടെ പയ്യാരം പറച്ചിലുകൾ കുറയുകയും ഏങ്ങലടികൾ നിശ്ശബ്ദതക്ക് വഴിമാറുകയും ചെയ്തപ്പോൾ കരണൻ മെല്ലെ വിളിച്ചു.
"രമണിയേ"
"ഉം"
"ഉറങ്ങിയോ"
"ഇല്ല ചത്തു"
"നീ വഴക്കിടാതെ, ക്ഷമിക്ക്. വാ ഇവിടെ കേറി കിടക്ക് "
കരണൻ അനുരഞ്ജനത്തിന്റെ പാതയിലാണ്. രമണി ഏങ്ങലടിയുടെ അകമ്പടിയോടെ പായിൽ നിന്നും,അനങ്ങുമ്പോൾ കരയുന്ന കട്ടിലിലേക്ക് കുടിയേറി.ചീവീടുകളുടെ കരച്ചിലുകൾക്ക് മീതെ കട്ടിലിന്റെ കരച്ചിൽ ശക്തിയാർജിക്കാൻ തുടങ്ങി. അങ്ങനെ രമണിയുടെ ഒരു ദിവസത്തിന് മേൽ തിരശീലവീഴുകയാണ്,തനിയാവർത്തനങ്ങളുടെ പുലരിയിലേക്ക് ഉണരുന്നത് വരെ.
**** *****. *****
ജോബി മുക്കാടൻ
21-08-2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo