Slider

ജോഷിയുടെ ആകാശം

0
"പപ്പയ്ക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ ?"
ജോഷി എഴുനേറ്റു
"മോനെ നല്ല പ്രൊപോസൽ ആണ് .പെൺകുട്ടി ഡോക്ടർ ആണ് .നല്ല കുടുംബം "
"കുടുംബം ! പപ്പയും നല്ല കുടുംബത്തിൽ നിന്നല്ലേ കെട്ടിയത്?എന്നിട്ടു അവരെവിടെ ? പഴയ കാമുകനെ കണ്ടപ്പോൾ അങ്ങ് പോയി ..."
പപ്പയുടെ മുഖം വിളറി
"പപ്പാ എന്നോട് പെണ്ണിനെ കുറിച്ച് മാത്രം പറയല്ലേ എനിക്കറയ്ക്കും. കാഞ്ഞിരം പോലെ കയ്ക്കും ..ഞാൻ ഈ ജീവിതത്തിൽ കണ്ടിട്ടില്ല പപ്പാ നല്ല ഒന്നിനെ പോലും "
പപ്പാ നിശബ്ദനായി
"എസ്റ്റേറ്റിൽ നാളെ ഓഡിറ്റർ വരുന്ന ദിവസം ആണ് പോകണം .."അവൻ എണീറ്റു
"കഴിഞ്ഞ തവണത്തെ പോലെ അടിപിടി ഒന്നും ഉണ്ടാക്കല്ലേ ജോ "
"തല്ലൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ പപ്പാ "അവൻ ചിരിച്ചു
"ടേക്ക് കെയർ "
അവൻ പപ്പയെ ചേർത്ത് പിടിച്ചു ..എന്നിട്ടു കൈ വീശി നടന്നു പോയി
നല്ല മഴ പെയ്യുന്നുണ്ടായിരുന്നത് കൊണ്ട് ജോഷി സാവധാനത്തിലാണ് കാർ ഓടിച്ചത് .പക്ഷെ വണ്ടി എന്തിലോ തട്ടിയെന്ന് തോന്നിച്ചപ്പോൾ അവൻ വാഹനം നിർത്തി, ആൾക്കാർ ഓടിക്കൂടുന്നതു കണ്ടു അവൻ കാറിന്റ ഡോർ തുറന്നു പുറത്തിറങ്ങി.
ഒരു പെൺകുട്ടി
"ആശുപത്രിയിൽ കൊണ്ട് പോ സാറെ നോക്കിനിൽക്കാതെ " ആരോ പറഞ്ഞു
മുന്നിൽ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല .അവൻ അവന്റെ ഹോസ്പിറ്റലിലേക്ക് തന്നെയാണ് ഡ്രൈവ് ചെയ്തത്
"ലൂയിസ് ആ കേസ് ഒന്ന് അറ്റൻഡ് ചെയ്തേക്കു"എന്ന് ഡോക്ടർ ലൂയിസിനോട് പറഞ്ഞവൻ മുറിയിലേക്ക് പോയി
"വലിയ ഗുരുതരമായ പരുക്കുകൾ ഒന്നും ഇല്ല സാർ. വേണമെങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം .പക്ഷെ പേരെന്റ്സിനെ കുറിച്ചൊക്കെ ചോദിച്ചിട്ടു ആ കുട്ടി കരച്ചിൽ മാത്രമാണ് ..ഒന്നും പറയുന്നില്ല "
ലൂയിസ് വന്നു പറഞ്ഞപ്പോൾ ജോഷി ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു
"ലൂയിസ് പൊയ്ക്കോ ഞാൻ ഒന്ന് നോക്കട്ടെ "
ജോഷി ചെല്ലുമ്പോൾ സിസ്റ്റർ രേണുക മുറിയിലുണ്ടായിരുന്നു..പെൺകുട്ടി നല്ല മയക്കത്തിലായിരുന്നു .പപ്പാ ഈ ഹോസ്പിറ്റൽ വാങ്ങിയ കാലം തൊട്ടുള്ള ആളാണ് രേണുക അത് കൊണ്ട് തന്നെ ഒരു വെറും സ്റ്റാഫിനോടെന്നവണ്ണമല്ല അവൻ അവരോടു സംസാരിക്കുക
"ആന്റി നമുക്ക് പോലീസ്‌സ്റ്റേഷനിൽ ഇൻഫോം ചെയ്യാമല്ലേ ?ദാറ്റ് ഈസ്
ബെറ്റർ "
"മോനെ അത് വേണ്ട "അവർ പെട്ടെന്ന് പറഞ്ഞു "കുറച്ചു പ്രശ്നമുണ്ട് ..ഈ കൊച്ചിന്റെ പപ്പാ പൊലീസില് ആണ് ..ഒരു അപ്പൻ പെരുമാറുന്ന രീതിയിലല്ല ഈ കൊച്ചിനോട് അയാൾ പെരുമാറുന്നെ ...'അമ്മ മരിച്ചും പോയി .അതിന്റെ അമ്മയുടെ അനിയത്തി ഒരു കന്യാസ്ത്രീ ഉണ്ട് ..അവർക്കടുത്തേക്കു ഒളിച്ചു പോകുവാരുന്നു കൊച്ച്‌ . അപ്പോള മോന്റെ വണ്ടി ഇടിച്ചെ"
"ഇതൊക്കെ സത്യമാണൊന്നു എങ്ങനെയറിയാം ?പെണ്ണല്ലേ വർഗം ?വല്ലോന്റെ കൂടെ ചാടിപ്പോയതായിരിക്കും "അവൻ അവജ്ഞയോടെ പറഞ്ഞു
"അല്ല മോനെ ഞാൻ അവരെ വിളിച്ചു സത്യാ ..പക്ഷെ ഇപ്പൊ അവർ ഡൽഹിയിലാണ് . ഒരു പത്തു ദിവസം അവര് വന്നു കൊണ്ട് പൊക്കോളും അത് വരെ അതിന്റെ അപ്പനറിയുവേം ചെയ്യരുത് ..മോന്റെ എസ്റ്റേറ്റിലാകുമ്പോൾ പെട്ടെന്ന് സംശയിക്കില്ല. ഒന്ന് കൊണ്ട് പോകാമോ ?"
"എന്റെ കൂടെയോ ?ആന്റിക്ക് ഭ്രാന്തുണ്ടോ? എനിക്കി വക സാധനത്തിനെയൊന്നും ഏൽക്കാൻ പറ്റില്ല. നിങ്ങൾ കൊണ്ട് പോ "
"മോനെ എന്റെ വീട്ടിൽ അതിലും കഷ്ടമാ ..അവരുടെ ശബ്ദം ഇടറി ..ഒരു പെങ്കോച്ചല്ലിയോ മോനെ ..മാനം പോയാൽ അത് ചത്ത് കളയുമെന്ന പറയുന്നേ ..അതിനു അമ്മയുമില്ലല്ലോ "
"അത് നന്നായി ..അതില്ലാത്ത ആണ് നല്ലതു "അവൻ വെറുപ്പോടെ പറഞ്ഞു
രേണുക വിഷമത്തോടെ അവനെ ഒന്ന് നോക്കി .
അലീന എന്നാണ് അവളുടെ പേര്
അവളൊരു മുയൽക്കുഞ്ഞിനെ പോലെ അവന്റ വീടിന്റെ മുറികളിലൂടെ ഓടി നടന്നു കൊണ്ടിരുന്നു .എപ്പോളും എന്തെങ്കിലും ജോലികൾ ചെയ്തു കൊണ്ട് ..അവൾക്കവനെ ഒട്ടും പേടിയില്ലെന്നു തോന്നുമായിരുന്നു.അല്ലെങ്കിൽ അവൾക്കവന്റെ സമ്പന്നതയെകുറിച്ചോ സ്ഥാനമാനങ്ങളെ കുറിച്ചോ വലിയ അറിവുണ്ടായിരുന്നില്ല .
"ഞാൻ എന്താ വിളിക്കുക ?"ഒരു ദിവസം അവനോടവൾ ചോദിച്ചു "ജോച്ചായ "എന്ന് വിളിക്കാം '
"നീ ഒന്നും വിളിക്കണ്ട വേഗം പോയി തന്നാൽ മതി "അവൻ അസഹ്യതയോടെ പറയും
'അവൾ ചിരിക്കും
"പപ്പാ ചിലപ്പോൾ കണ്ടുപിടിക്കും, പോലീസ് അല്ലെ? "
അവൾ ഒരു ദിവസം പറഞ്ഞു
"നിന്റ അപ്പൻ നല്ല ആണുങ്ങളെ കണ്ടിട്ടില്ലാത്ത കൊണ്ടാ .. വരട്ടെ അയാളുടെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും "
അവൾ അമ്പരപ്പിൽ അവനെ നോക്കി
"തല്ലൊക്കെ ഉണ്ടാക്കുന്ന ആളാണോ? "
"അത്യാവശ്യം "
"ഗുണ്ട ആണോ? "
"ഗുണ്ട നിന്റെ തന്ത "
"തെമ്മാടി ആണല്ലേ അപ്പൊ? എന്റെ കർത്താവെ ...കണ്ടാലെന്നാ മാന്യനാ ..."
"പോടീ എന്റെ കയ്യീന്ന് മേടിക്കാതെ "അവൻ കൈ ഓങ്ങിയപ്പോൾ അവൾ ഓടിക്കളഞ്ഞു
ഇടയ്ക്കു നീട്ടിവിളിക്കും "തെമ്മാടീ ...."അവന്റെ മുഖം ചുവക്കുമ്പോൾ കള്ളച്ചിരി ചിരിക്കും.
"എന്നാലും കൊച്ചെ നീ എന്ന വിശ്വസിച്ച എന്റെ കൂടെ പോരുന്നേ ?ഞാനും നിന്റെ അപ്പനെ പോലെയായിരുന്നെങ്കിലോ ?"
ഒരു ദിവസം അവൻ ചോദിച്ചു
"തെമ്മാടി അങ്ങനെ ഒന്നുമല്ല. കണ്ണിൽ നോക്കിയാലറിയാമല്ലോ ആണിന്റെ ഉള്ള്"
അവളുട നിഷ്കളങ്കത നിറഞ്ഞ വാക്കുകളിൽ അവന്റ ഹൃദയം അലിവാർന്നു ..അവനവളെ കണ്ണ് ചിമ്മാതെ ഒരു നിമിഷം നോക്കിയിരുന്നു ..ഉള്ളിലെവിടെയോ ഒരു നീരുറവ പൊട്ടുന്നു ..കണ്ണിൽ നീർത്തിളക്കം പോലെ തോന്നിയിട്ട് അവൻ മുഖം തിരിച്ചു കളഞ്ഞു
അവളെ അവളുടെ അമ്മയുടെ അനിയത്തി വന്നു കൊണ്ട് പോകുമ്പോൾ അവൾ അവന്റെ അരികിൽ ചെന്നു
"എന്നെങ്കിലും എന്നെ കാണാൻ തെമ്മാടി വരുവോ ?" അവളുട കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു അവൻ അസ്വസ്ഥനായി
അവൾ പോയി കഴിഞ്ഞിട്ടും ആ അസ്വസ്ഥത അവനെ ചുറ്റിനിന്നു .ചിലരങ്ങനെയാണ് വിളിക്കാതെ ഒരു ദിവസം കയറി വരും .ഹൃദയത്തിലേക്ക്..വന്നു ഒരു കസേര വലിച്ചിട്ട് ഇരിക്കും ..ഒരു ദിവസം ഒന്നും പറയാതെ പോകുകയും ചെയ്യും ...ഒഴിഞ്ഞ കസേരയിൽ ഇനിയൊരാളെ ഇരുത്താനാവാതെ നമ്മളങ്ങനെ നീറി നീറി.
സെയിന്റ് ജോൺസ് കോൺവെന്റിന്റെ സ്വീകരണമുറിയിൽ നിൽക്കുമ്പോൾ ജോഷിയുടെ മനസ്സ് ശാന്തമായിരുന്നു
പടിയിറങ്ങി ഓടിക്കിതച്ച് അവൾ മുന്നിൽ വന്നു നിന്നു
"ഞാൻ ഈ വഴി പോയപ്പോൾ വെറുതെ ..."അവൻ ഒന്ന് വിക്കി
"നുണ തെമ്മാടി എന്നെ കാണാനായിട്ട് തന്നെ വന്നതാ. എനിക്കറിയാം "
അവൾ കുറുമ്പൊടെ പറഞ്ഞു
"പപ്പാ വന്നിരുന്നു എന്നെ കൊണ്ട് പോകുമെന്ന് പറഞ്ഞു വഴക്കുണ്ടാക്കി "അവളുടെ കണ്ണ് നിറഞ്ഞു
"നിന്റെ അപ്പനെ ഞാൻ അങ്ങ് തീർക്കട്ടെ ?അവൻ ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ടു
"ശൊ..എന്താ ഈ പറയുന്നേ .? .അവൾ ആ സിഗരറ്റു അവന്റ ചുണ്ടിൽ നിന്നെടുത്തതു പുറത്തേക്കു എറിഞ്ഞു കളഞ്ഞു .."ഇവിടെ പാടില്ല ഇതൊന്നും "
ജോഷി അവളെ ഒന്ന് നോക്കി
"ഞാൻ കന്യാസ്ത്രീ ആകട്ടെ? "
അതൊരു ചോദ്യമായിരുന്നു ജോഷിയുടെ ഉള്ളൊന്നുലഞ്ഞു
"അങ്ങനെ ഒക്കെ ആവേണ്ട ഒന്നാണോ അത്? "
"പിന്നെ ഞാൻ എന്താ ചെയ്ക? അല്ലെങ്കിൽ മരിക്കണം "ഒന്ന് നിർത്തി അവൾ അവന്റ മുഖത്തേക്ക് നോക്കി
"എന്നെ കൊണ്ട് പോകുവോ കൂടെ? ജോലിക്കാരിയായിട്ടു
മതി "
ജോഷി കുസൃതിയിൽ ഒന്ന് ചിരിച്ചു
"എന്ത് ജോലിയും ചെയ്യുവോ ?"
" ഉം "
'എന്തും ?"
"എന്തും "
"എങ്കിൽ പോരെ ..എനിക്ക് നല്ലോണം ചോറും കറിയുമൊക്കെ വെച്ച് തന്ന്, എന്റെ വസ്ത്രങ്ങളൊക്കെ അലക്കി വെടിപ്പാക്കി, മുറിയൊക്കെ വൃത്തിയാക്കി ...പിന്നെ .എന്റെ അഞ്ചാറ് കുഞ്ഞുങ്ങളെ ഒക്കെ പെറ്റുകൂട്ടി എന്റെ കൂടെ കൂടിക്കോ "
അവളുടെ കണ്ണ് മിഴിഞ്ഞു
"എന്താ ?"
"ജോഷിയുടെ കെട്ടിയോളാകാൻ പറ്റുവോ ?'"പേടിയില്ലെങ്കിൽ
മതി "
അവളുടെ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി
"കണ്ണീരിങ്ങനെ കരഞ്ഞു തീർക്കല്ലേ കൊച്ചെ ..ഈ തെമ്മാടിക്കൊപ്പം ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ നീ ഇനിം കരയും .എന്റെ ആകാശവും ഭൂമിയുമൊക്ക ഞാൻ ഉണ്ടാക്കുന്നതാ. വലിയ പാടാ ഒപ്പം ജീവിക്കാൻ. അതോണ്ട് തന്നെ .കരയിക്കില്ല എന്ന പഞ്ചാര വർത്തമാനം ഒന്നും പറയുകേല ജോഷി .
കരയിക്കും .അത് പോലെ സ്നേഹിച്ചു കൊല്ലുകേം ചെയ്യും.തീരുമാനം നിന്റേതാണ് "
അവന്റ കൈ പിടിക്കുമ്പോൾ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്ന രാത്രികളേക്കാൾ അവനെ കണ്ടു കൊണ്ട് ജീവിക്കാൻ കഴിയുന്ന പകലുകൾ ആയിരുന്നു അപ്പോൾ അവളുടെ ഉള്ളില് ..

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo