Slider

താന്തോന്നിയെ പ്രണയിച്ചവൾ.

0
Image may contain: 1 person, closeup

---------------------------------------------------------
പ്രളയത്തിന് മുൻപ് വരെ, ആധിപത്യം അവകാശമാക്കിയവർ കപ്പയും, വാഴയും, ഇഞ്ചിയും ഒക്കെ നട്ടു പിടിപ്പിച്ച് വിളവെടുത്തിരുന്ന ചെറുതോണി പുഴയിൽ, മണ്ണ് ലവലേശമില്ലാതെ അസ്ഥികൂടം കണക്കെ ഭീമൻ കല്ലുകൾ തല ഉയർത്തി നിൽക്കുന്നു.
ഞായറാഴ്ച്ച പത്തുമണി കുർബാനയും കഴിഞ്ഞ്, പുഴക്ക് സമാന്തരമായുള്ള കൈ വഴിയിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്നു ലിഷയും, അമ്മ നിർമ്മലയും.
നിർമ്മലക്കു രണ്ട് ചുവട് പിന്നിലായി നടന്നിരുന്ന ലിഷ പെട്ടന്ന് ഇടവഴിയിലൂടെ താഴേക്കിറങ്ങി. പുഴക്കരയിൽ വന്ന അവൾ നെറ്റി ചുളിച്ച്, കൃഷ്ണമണികൾ ഒന്ന് വട്ടം കറക്കി.ഒരു ഭീമാകാരനായ കല്ലിന്റെ നിഴലിൽ ഇരിക്കുന്ന അലക്സിയെ കണ്ടപ്പോൾ ലിഷയുടെ കണ്ണുകളൊന്ന് വിടർന്നു.
വറ്റി വരണ്ടു കിടക്കുന്ന ചെറുതോണി പുഴയിലേക്ക് ലിഷ ഇറങ്ങുന്നത് കണ്ടപ്പോൾ, ബിയർ കുപ്പിയിൽ അവശേഷിച്ചിരുന്നത് കൂടി വായിലേക്ക് കമഴ്ത്തിയിട്ട്, അലക്സി കുപ്പി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.കല്ലിൽ കൊണ്ട് പൊട്ടിച്ചിതറിയ ആ ശബ്ദം തിരിച്ചറിഞ്ഞെന്നു അവളുടെ നെറ്റി ചുളിഞ്ഞപ്പോൾ അവനു മനസ്സിലായി.കല്ലുകളിൽ ചവിട്ടി,ഇടക്കൊന്നു ചാടിയുള്ള വരവിൽ , ഹൈഹീൽ അവളെ ചതിക്കുമെന്ന് അലക്സിക്ക് തോന്നിയെങ്കിലും,ഇതിനപ്പുറവും ചാടിക്കടന്നവളാണ് എന്ന് തെളിയിച്ചുകൊണ്ട്, ആ വലിയ കല്ലിന്റെ സൈഡിൽ വന്ന് താഴേക്കിറങ്ങാതെ അവൾ ഇരുന്നു. കാറ്റിൽ, അവളുടെ ചുവപ്പ് ഷാളിന്റെ ഒരറ്റം പറന്ന് അവന്റെ മുഖത്തുരുമ്മികൊണ്ടിരുന്നു.
"എന്ത് തീരുമാനിച്ചു...? ".
മുകളിൽ നിന്നും ചോദ്യം വന്നപ്പോൾ തൻ്റെ മുഖം മൂടിയിരുന്ന ഷാളിൽ പിടിച്ച് വലിച്ചുകൊണ്ട് അലക്സി പറഞ്ഞു.
"ഇങ്ങിറങ്ങി വാടീ പെണ്ണേ ".
ലിഷ പതിയെ താഴേക്ക് ഇറങ്ങി. ചുവപ്പ് അണിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായ അവളുടെ വെളുത്ത മുഖത്തേക്ക് അലക്സി കണ്ണ് പറിക്കാതെ നോക്കി.
"ഇങ്ങനെ നോക്കി ഇരിക്കുകയേ ഉള്ളൂ. ഞാൻ എൻ്റെ പാട്ടിനു പോകും.പിന്നെ പറഞ്ഞില്ലന്ന് പറയരുത്."
"ഓ !! അങ്ങനെ പോകുന്നവരാണേൽ അങ്ങ് പോട്ടെന്നു വെക്കും ".
"എന്നാലും നമ്മൾ നന്നാവില്ല അല്ലേ,,? ".
"അങ്ങിനെ ഒരു ഉറപ്പൊന്നും തരാൻ പറ്റില്ല. "
"വേണം. എനിക്ക് ഉറപ്പ് വേണം.ഇപ്പോഴും കുടിച്ചിട്ടുണ്ടല്ലോ, ആദ്യം ഈ കള്ളുകുടി ഒന്ന് നിർത്തുവോ..? ".
"കള്ളല്ല, ബിയറാരുന്നു ".
"എന്ത് കുന്തം ആണേലും വേണ്ടില്ല. ഇപ്പോൾ ഉള്ള കൂട്ടുകെട്ടെല്ലാം നിർത്തി ഒരു ജോലി കണ്ടുപിടിച്ചാലേ എൻ്റെ വീട്ടുകാരെ എങ്ങനെയെങ്കിലും ഒന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ പറ്റൂ.വാക്കാൽ എങ്കിലും പറഞ്ഞു വെച്ചില്ലെങ്കിൽ, ജോലിയൊക്കെ കിട്ടി കുറച്ച് കഴിയുമ്പോൾ അവർക്ക് ഡിമാന്റുകൾ ഒത്തിരി ഉണ്ടാകും."
"ജോലിക്കാരി ആയിക്കഴിയുമ്പോൾ നിൻറെ ഡിമാന്റുകളും കൂടുമോ..? ".
"എൻ്റെ ഡിമാന്റുകൾ അല്ല പ്രശ്നം.എല്ലാവരുടെയും അനുഗ്രഹത്തോടെ അലക്സിയുടെ സ്വന്തം ആവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ".
"ഇന്ന് പള്ളിയിൽ വായിച്ച സുവിശേഷം ഏതാ..? ".
"ആ.. ഞാൻ ഓർക്കുന്നില്ല ".
"വിശുദ്ധ മത്തായിയുടെ സുവിശേഷം.ആറാം അധ്യായം, ഇരുപത്തിയാറു മുതലുള്ള തിരുവചനങ്ങൾ.
'ആകാശത്തിലെ പക്ഷികളെ നോക്കുവിൻ, അവ വിതക്കുന്നില്ല, കൊയ്യുന്നില്ല,കളപ്പുരയിൽ ശേഖരിക്കുന്നില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അതിനാൽ നാളെയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി."
"അലക്സിയോട് വല്ലതും പറയുന്ന എൻ്റെ തലക്കിട്ടടിക്കണം.അപ്പച്ചൻ ഇന്നലെ കാനഡക്ക് വിളിച്ചായിരുന്നു.രണ്ട് മാസത്തിനുള്ളിൽ പോകാം എന്നാണ് അവർ പറഞ്ഞത്.ജോലി കിട്ടി പോയിട്ട്, ആദ്യത്തെ ലീവിന് വരുമ്പോൾ കല്യാണം. അതുവരെ അലക്സിയോടും വിദേശത്ത് എവിടെയെങ്കിലും ഒരു ജോലി നോക്കാനാ അപ്പച്ചൻ പറഞ്ഞത്."
"അത് നടക്കില്ലന്ന് താൻ പറഞ്ഞില്ലേ..? "
അകലേക്ക്‌ നോക്കി ഇരുന്നതല്ലാതെ മറുപടി ഒന്നും വന്നില്ല.
മൗനം നീണ്ടുപോയപ്പോൾ ലിഷ എഴുന്നേറ്റു.
"ഞാൻ പോകുവാ, അമ്മച്ചി അന്വേഷിക്കുന്നുണ്ടാവും ".
ലിഷ കണ്ണിൽ നിന്നും മറയുന്നത് വരെ അലക്സി അവളെ നോക്കി ഇരുന്നു. കണ്ണുകൾ നിറഞ്ഞാണ് അവൾ പോയത്.ഇതിന് മുൻപൊരിക്കൽ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ലിഷയെ കണ്ടത് അവനോർമ്മ വന്നു.
പെരുമഴ പ്രളയം തീർത്തപ്പോൾ വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നു. ആർത്തിയോടെ ഇടിച്ചുകുത്തി ഒഴുകിയ വെള്ളം, രണ്ട് ഭാഗവും കവർന്നെടുത്ത്‌ ചെറുതോണി പുഴയുടെ വീതി കൂട്ടി.പുഴയുടെ സൈഡിലുള്ള വീടുകളിലെല്ലാം വെള്ളം ഇരച്ചു കയറി. ലിഷയുടെ വീട്ടിലും. താനും, കൂട്ടുകാരും ചെല്ലുമ്പോൾ നിലവിളിയോടെ ടെറസിനു മുകളിലായിരുന്നു ലിഷയും, വീട്ടുകാരും. എല്ലാവരേയും രക്ഷിച്ച് ക്യാമ്പിൽ എത്തിച്ചപ്പോൾ അവസാനം ഇറങ്ങിയത് ലിഷ ആയിരുന്നു .
'ഒന്ന് നോക്കി', നനഞ്ഞ കൺപീലികൾക്കിടയിൽ കൂടി.
കുഞ്ഞുനാൾ മുതൽ കാണുന്നതാണെങ്കിലും ഒരിക്കൽ പോലും മിണ്ടിയിട്ടില്ലായിരുന്നു.
ഭക്ഷണം ഉണ്ടാക്കുമ്പോഴും, വിളമ്പി കൊടുക്കുമ്പോളും,സാധനങ്ങൾ ചുമന്നു കൊണ്ട് വരുമ്പോഴുമെല്ലാം, ഞാനും കൂടാമെന്ന് പറഞ്ഞ് അവൾ അരികത്തുണ്ടായിരുന്നു.കുറച്ചു ദിവസങ്ങൾക്ക് ശേഷം ക്യാമ്പിൽ നിന്നും തിരിച്ചു പോകുമ്പോൾ മനസ്സുകൾ തമ്മിലടുത്തിരുന്നു.
പ്രളയം കഴിഞ്ഞപ്പോൾ താന്തോന്നിക്കൂട്ടം ധീരന്മാരായി ഒരു നാടിന്റെ മനസ്സിലേക്ക് ഇടിച്ചു കയറി. അലക്സി, ലിഷയുടെ മനസ്സിലേക്കും.
പ്രളയം എല്ലാവർക്കും ദുഃഖം ആയപ്പോൾ, തനിക്ക് മാത്രം പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനത്തെ നെഞ്ചോട് ചേർത്ത് കൊണ്ടു നടന്നു. അതിപ്പോഴും അങ്ങനെ തന്നെ ഉണ്ട്.
പക്ഷേ... ഒരു അകൽച്ച തുടങ്ങുവാണെന്ന് മനസ്സ് പറയുന്നു.
ലിഷയുടെ നിർബന്ധത്തിനു വഴങ്ങി കല്യാണത്തിന് സമ്മതിക്കുമെങ്കിലും, കല്യാണ ശേഷം മകളെ വീട്ടിൽ നിർത്താതിരിക്കാനാണ് അവളുടെ അപ്പച്ചൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കാരണം... വീൽ ചെയറിലും, കട്ടിലിലും ആയി ജീവിതം തള്ളി നീക്കുന്ന തൻ്റെ അമ്മയാണ്.
---------------------------------------------------------
മകൾ പഠിച്ചു വിദേശത്ത് ജോലി ലഭിക്കാനും, അവിടെത്തന്നെ ജോലിയുള്ള ഒരാൾക്ക് മകളെ കല്യാണം കഴിച്ചു കൊടുക്കണമെന്നും ആഗ്രഹിച്ച അപ്പൻ.
സ്നേഹിച്ച പെണ്ണിനെ ഇഷ്ടമാണെങ്കിലും , ജീവിതത്തിലേ അവസാന നാളുകളിൽ കൂടി കടന്നു പോകുന്ന അമ്മയേ വിട്ടിട്ടു പോകാൻ തയ്യാറല്ലാത്ത മകൻ.
പ്രളയം പോലെ മനസിനുള്ളിലേക്ക് ഇടിച്ചു കയറിയ പുരുഷനേയും,ഏറ്റവും വലിയ ശരിയെന്നു വിശ്വസിക്കുന്ന അപ്പനേയും വേണമെന്ന് ആഗ്രഹിക്കുന്ന മകൾ.
------------------------------------------------------
ജോർജിനും, റോസിക്കും ഒറ്റ മകനായിരുന്നു 'അലക്സി'.ജോർജ് ജീവിതത്തിലെ വസന്തകാലം മുഴുവൻ മരുഭൂമിയിൽ കഷ്ട്ടപ്പെട്ട് കാശുണ്ടാക്കി. ഷുഗർ കൂടി റോസിയുടെ കാൽ മുറിച്ചു മാറ്റിയപ്പോൾ അയാൾ വിദേശവാസം അവസാനിപ്പിച്ചു നാട്ടിലേക്കു വന്നു.കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ റോസിയുടെ അടുത്ത കാലിനും സ്പർശന ശേഷി നഷ്ടപ്പെട്ടു.
നേരത്തേ ഒരു ദേഷ്യക്കാരനായ ആളായിരുന്നു ജോർജ്.റോസിയുടെ കാൽ മുറിച്ചു മാറ്റിയതിൽ പിന്നെ അയാളൊരു പാവമായി.
അപ്പൻ, അമ്മയേ പൊന്നുപോലെ നോക്കുന്നുണ്ടെങ്കിലും, പലപ്പോഴും അപ്പന് തനിയെ അതിന് കഴിയുന്നില്ലന്ന് തോന്നിയപ്പോൾ , തൽക്കാലം ജോലി വേണ്ടാന്ന് അലക്സി തീരുമാനിച്ചു.
അത് വരെ ലഭിക്കാതിരുന്ന ചില നല്ല നിമിഷങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായി. അവസാന നാളുകളിലൂടെ കടന്നു പോകുന്ന അമ്മക്ക് കൊടുക്കാൻ ഇങ്ങനെ ചില സന്തോഷങ്ങൾ മാത്രമേ ഉള്ളതിനാൽ വീട് വിട്ട് പോകണ്ടെന്ന് അലക്സി തീരുമാനിക്കുകയായിരുന്നു.
-------------------------------------------------------------
ഒരു വർഷം പെട്ടന്നങ്ങു പോയി.ലിഷ ആദ്യത്തെ ലീവിന് നാളെ നാട്ടിൽ വരും.എല്ലാവരും അവരവരുടെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയാണ്.
ലിഷയെ കാനഡയിൽ തന്നെ ജോലിയുള്ള ഒരു സുമുഖനെ കൊണ്ട് കെട്ടിക്കാൻ വീട്ടുകാർ കരുക്കൾ നീക്കുന്നുണ്ട്.
-----------------------------------------------------------
അലച്ചുപെയ്തൊഴിഞ്ഞതിന്റെ ബാക്കിയെന്നോണം, ചാറ്റൽ മഴയുള്ളതിനാൽ കുളിരുള്ള ഒരു രാത്രി.റോഡിന് മുകളിലുള്ള ആ വീട്ടിൽ തലേ ദിവസം തെളിഞ്ഞ ചെറിയ ബൾബുകൾ ഇപ്പോഴും മിന്നിക്കൊണ്ടിരിക്കുന്നു.
ആ വീടിനുള്ളിലെ അത്താഴമേശയിൽ ഒരു പ്ളേറ്റ് കൂടുതൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
അലക്സിയും, അപ്പനും കാത്തിരിക്കുമ്പോൾ, അവർക്കരികിലേക്ക് വീൽ ചെയറിൽ റോസിയേയുമായി ലിഷ കടന്നു വന്നു.
സ്വന്തമായി ശമ്പളം ഉള്ള പെണ്ണിൻ്റെ ഉറച്ച ശബ്ദം ഉണ്ടായിരുന്നതിനാൽ, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തേപ്പ് ചരിത്രത്തിൻ്റെ ഭാഗമാകേണ്ടി വന്നില്ല അവൾക്ക്.
By :ബിൻസ് തോമസ്..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo