Slider

അസ്വസ്ഥത

0

എന്റെ മേരിക്കൊച്ചേ എത്ര നേരമായി ആ കുഞ്ഞു കിടന്ന് തൊണ്ടപൊളിക്കുന്നു...അതിനിത്തിരി മുല കൊടുത്തുകൂടെ??
മൂടും മുലയും ഇളക്കി ചന്തം കാണിച്ചു നടക്കാൻ മാത്രമല്ല തമ്പുരാനത് തന്നേക്കുന്നെ...അതിന്റെ കരച്ചില് കണ്ട് കർത്താവാണേ എന്റെ നെഞ്ച് പൊടിയുന്നുണ്ട്..."
ബന്ധുവീട്ടിൽ ഒരു മാമ്മോദീസക്ക് എത്തിയതാണ് ഞാൻ..
കയ്യിലിരുന്ന കുപ്പിപ്പാൽ കുടിപ്പിക്കാൻ ശ്രമിച്ചിട്ട് വാശിയോടെ അത് തട്ടിക്കളഞ്ഞു നിർത്താതെ കരയുന്ന മോനെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുടുംബത്തിലെ തല നരച്ച ഒരു വല്യമ്മയുടെ ഉറക്കെയുള്ള ഡയലോഗ്.
വട്ടം കൂടിനിന്ന് കുടുംബവിശേഷങ്ങൾ പറയുന്നതിനിടക്കും എല്ലാവരുടെയും കണ്ണുകൾ എനിക്ക് നേരെ അസഹ്യതയോടെ നീളുന്നത് ഞാൻ കണ്ടു.
വലിയൊരു ഉപദേശം തന്നപോലെ ശാസിച്ച ആളും ഗമയോടെ നിൽക്കുന്നു.
നാട്ടിലെത്തിയ ശേഷം ആദ്യമായാണ് അവനെയും കൊണ്ട് ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കുന്നത്....
കണ്ണിൽ കണ്ടതൊക്കെ കാണിച്ചുകൊടുത്തിട്ടും കയ്യിൽ കരുതിയ പാല് കൊടുത്തിട്ടും അവനിങ്ങനെ ശ്വാസം വിടാതെ കരയുന്നത് ..വിശപ്പല്ല ! അപരിചിതരായ ആളുകൾക്കിടയിലുള്ള അസ്വസ്ഥതയാണ് .
ഒന്നും പറയാനില്ല !
ശരിയാ.. മുലകൊടുക്കാത്ത അമ്മയാ ഞാൻ ! എനിക്കതിന് എന്റേതായ കാരണങ്ങളുമുണ്ട് പറയുന്നവരെന്തുവേണമെങ്കിലും പറയട്ടെ എന്നുകരുതി ഞാൻ തിരിഞ്ഞു ആളൊഴിഞ്ഞ ഒരിടത്തേക്ക് നടന്നു..
മുൻപിലേക്ക് നടക്കുന്തോറും ഓർമചിത്രങ്ങൾ പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി..
ഒന്നര വർഷം മുൻപൊരു പുലർച്ചെ, പ്രെഗ്നൻസി കിറ്റിലെ രണ്ടുവരകൾ തന്ന സന്തോഷം ഏറെനേരം
നീണ്ടുനിന്നില്ല... കാരണം അതിന് മുൻപും രണ്ടുമൂന്ന് തവണ ഇങ്ങനെ കാണിച്ചു കൊതിപ്പിച്ചതാ തമ്പുരാൻ..
പിന്നെ കർത്താവതുങ്ങളെയങ്ങു തിരിച്ചെടുത്തപ്പോൾ
ഹൃദയം നുറുങ്ങുന്ന വേദനയോടെ ജോസേട്ടന്റെ നെഞ്ചിൽ തലതല്ലി കരഞ്ഞ ചിത്രമാണ് മനസ്സ് നിറയെ...
എല്ലാതവണയും പോലെ ഇത്തവണയും കെട്ട്യോൻ വന്നെത്തിനോക്കി മൂർദ്ധാവിൽ ഉമ്മവച്ചു ചേർത്തുപിടിച്ചു..
" നോക്കിക്കോ ഇത്തവണ കർത്താവ് നമ്മളെ കരയിപ്പിക്കില്ല.. ഇനിയും കരയാൻ ഒരുതുള്ളി പോലും എന്റെയും നിന്റെയും കണ്ണിൽ ബാക്കിയില്ലെന്ന് മൂപ്പർക്കും മനസ്സിലായിക്കാണും.."
ഭയവും ആശങ്കയും സന്തോഷങ്ങളും നിറഞ്ഞ ഗർഭകാലം..
നാട്ടിലേക്കു പോലും വിടാതെ ലീവെടുത്തു കൂടെനിന്ന് ജോസേട്ടനെന്നെ കുഞ്ഞിനെ പോലെ പരിചരിച്ചു...
വർഷങ്ങളായുള്ള ചികിത്സയുടെ ബാക്കിപത്രമായി ബാങ്ക് ബാലൻസും ക്രെഡിറ്റ് കാർഡുകളും എല്ലാ ചിലവുകളും കുറക്കാൻ ഇടവിടാതെ ഓർമിപ്പിച്ചുകൊണ്ടിരുന്നു...
അക്കാരണം കൊണ്ടുതന്നെ പ്രസവശുശ്രുഷക്ക് ആരെയും വരുത്തിയില്ല...അല്ലെങ്കിലും ഞാനത് ആഗ്രഹിച്ചിരുന്നില്ലല്ലോ..
ഓരോ തവണയും ആകാംഷയോടെ സ്കാനിംഗ് മെഷിന്റെ സ്ക്രീനിലേക്ക് കണ്ണുംനട്ട് ഞാനും ജോസേട്ടനും നോക്കിയിരിക്കുമ്പോൾ പുഞ്ചിരിയോടെ പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞു Dr.ജയശ്രീ എന്റെ ചുമലിൽ തട്ടും...
ശാരീരികമായും മാനസികമായും ഒരുപാട് വേദനകളിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വർഗത്തിലേക്ക് വരാൻ പോകുന്ന കുഞ്ഞുമാലാഖയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ ...
ഇനിയിവൾക്കൊരു കുഞ്ഞുണ്ടാകുമോയെന്നും നിന്റെ ജീവിതമിങ്ങനെ നശിപ്പിക്കണോയെന്നുമുള്ള ചോദ്യങ്ങൾ ഓരോ തവണയും നാട്ടിലേക്ക് വിളിക്കുമ്പോൾ കേൾക്കുന്നത് പാടെ അവഗണിച്ചു നെഞ്ചോട് ചേർത്ത് നിർത്തിയ ജോസേട്ടനപ്പോഴും എന്റെ ആരോഗ്യമായിരുന്നു പ്രാധാന്യം .
മുൻകൂട്ടി തീരുമാനിച്ച പ്രകാരം സിസേറിയൻ കഴിഞ്ഞു...
മോൻ ആരോഗ്യത്തോടെയുണ്ടെന്ന് കാണും വരെയും ഞങ്ങളെ പോലെ ഡോക്ടർമാരും ടെൻഷനിൽ ആയിരുന്നു..
ആദ്യമായി മോനെ കൈകളിലെടുത്തു നിസ്സഹായയായി ഒഴിഞ്ഞ മാറിലേക്ക് ചേർത്തതും അമ്മിഞ്ഞമധുരം നുണയാൻ തലചെരിച്ചു നെഞ്ചിൽ പരതിയ അവനെ നോക്കി അന്നുവരെ കരുതിയ ധൈര്യം മുഴുവൻ ചോർന്ന് ഞാൻ വാവിട്ടു കരഞ്ഞു..
എല്ലാ സ്ത്രീകളെയും പോലെ പ്രസവശേഷം കുഞ്ഞിനെ മുലയൂട്ടാനും നിർവൃതിയടയാനും ഞാനെന്തുമാത്രം കൊതിച്ചിരുന്നെന്ന് ആസ്പത്രി ബെഞ്ചിലെ മുലയൂട്ടുന്ന അമ്മമാരെ നോക്കിയിരിക്കുമ്പോൾ പ്രാണൻ പിടയുന്ന വേദനയോടെ ഞാനോർക്കും.
ആദ്യമായി ഫോർമുല മിൽക്ക് കൊതിയോടെ ചുണ്ടു നുണഞ്ഞു രുചിച്ചിറക്കുന്ന അവന്റെ മുഖം..
നിറഞ്ഞൊഴുകുന്ന കണ്ണുകൾ കാഴ്ച മറച്ചിട്ടും ഞാൻ നോക്കിയിരുന്നു..
കുഞ്ഞിന് ഏറ്റവും നല്ലത് മുലപ്പാലാണെന്നും ആദ്യമൊക്കെ പാല് വന്നില്ലെങ്കിലും അവനെ കുടിപ്പിക്കാൻ ശ്രമിക്കണമെന്നും പറഞ്ഞു എന്റെ ഉടുപ്പിന്റെ മുൻഭാഗം തുറന്ന് നോക്കി , പകച്ചു നിന്ന കുട്ടികളുടെ വാർഡിലെ നേഴ്സിനെ വേദനയിൽ ചാലിച്ച പുഞ്ചിരി കൊണ്ട് ഞാൻ തോൽപിച്ചു.
എല്ലാം ശരിയാകുമെന്ന് പറഞ്ഞു ആദ്യത്തെ അമ്പരപ്പ് മാറി അവരെന്നെ കെട്ടിപിടിച്ചതും അമ്മച്ചിയുടെ നെഞ്ചിലെന്ന പോലെ ആ നെഞ്ചിലേക്ക് ഞാൻ ശ്വാസം മുറുകെപ്പിടിച്ചു മുഖമമർത്തി .
ഫോർമുല മിൽക്ക് ശരിയല്ലെന്നും മുല ചുരക്കാത്ത ഒരമ്മയെ നോക്കി മുലപ്പാലാണ് നല്ലതെന്നും കേൾക്കുന്നതിനേക്കാൾ വേദന വേറൊന്നിനുമില്ല..
എങ്കിലും ആരോഗ്യത്തോടെയിരിക്കുന്ന മോനെ കാണുമ്പോളെന്റെ മനസ്സ് കുളിർമയോടെ ചിരിക്കും.
മുലയൂട്ടാത്ത അമ്മയെന്ന രീതിയിൽ പലപ്പോഴുമെന്നെ ആളുകൾ ന്യായം വിധിക്കുമ്പോഴും ഉള്ളിൽ കരഞ്ഞുകൊണ്ട് ധൈര്യത്തോടെ അവർക്ക് മുൻപിൽ ഞാൻ നിന്നു.
മുലയൂട്ടുന്നവർ മാത്രമല്ല അമ്മയാകുന്നത്.. അതിനായി നീയെടുത്ത വെല്ലുവിളികൾ നിറഞ്ഞ തീരുമാനം ഒരിക്കൽ നിന്റെ മകൻ തീർച്ചയായും അറിയുമെന്ന് പറഞ്ഞു അറിയുന്നവരെന്നെ ഒപ്പം ചേർത്ത് നിർത്തി.
കുപ്പിപ്പാൽ കൊടുക്കുന്നത് കാണുമ്പോൾ കുറ്റവാളിയെ നോക്കുന്നത് പോലെയുള്ള ചിലരുടെ നോട്ടവും എന്തൊരു സ്ത്രീയാണിവളെന്ന പറച്ചിലും പുഞ്ചിരിയോടെ നേരിടാൻ ഞാൻ പഠിച്ചു.
കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നടന്നാണ് ഞാനിവിടെയെത്തിയതെന്ന് അറിയാത്തവരാണല്ലോ എന്നെ ന്യായം വിധിക്കുന്നത് എന്നോർത്തു അവരോട് ക്ഷമിക്കാൻ ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു.
ശരീരസൗന്ദര്യം നിലനിർത്താനും സ്വന്തം സൗകര്യത്തിനും വേണ്ടി മുലപ്പാൽ നിഷേധിക്കുന്ന അമ്മമാർ മാത്രമാണ് കുപ്പിപ്പാൽ കൊടുക്കുന്നതെന്ന് ചിന്തിക്കുന്നവരെയോർത്തു എനിക്ക് സഹതാപം തോന്നി...
" ആഹാ നീയിവിടെ വന്ന് നിൽക്കയാണോ.. പോകണ്ടേ നമുക്ക് ..."
പിന്നിലെത്തിയ ജോസേട്ടന്റെ സ്വരം ഭൂതകാലത്തിലെ യാത്രകളിൽ നിന്നുമെന്നെ തിരിച്ചുവിളിച്ചു..
"അപ്പേടെ ചക്കര മോനിങ്ങു വന്നേ..."
അപ്പയുടെ കൈകളിലേക്ക് കുതിച്ചു ചാടുമ്പോൾ സന്തോഷം കൊണ്ടവന്റെ ചുണ്ടുകളിൽ നിന്നും തേൻകണങ്ങൾ ഉതിർന്നു വീഴുന്നു.
യാത്ര പറഞ്ഞിറങ്ങാൻ നേരം വീണ്ടുമതാ വല്യമ്മ ഞങ്ങൾക്ക് മുൻപിൽ...
"ജോസേ ...നിന്നെയൊന്ന് കാണാനിരിക്കുവാരുന്നു ഞാൻ...നീ നിന്റെ ഗൾഫുകാരി പെണ്ണുമ്പിള്ളയെ പറഞ്ഞു മനസിലാക്കിക്കണം മുല കൊടുത്തത് കൊണ്ട് ചന്തമൊന്നും കുറയാൻ പോകുന്നില്ലെന്ന്...
ഒൻപതെണ്ണത്തിനെ പെറ്റ് പാലൂട്ടിയ എന്റെ ചന്തമൊന്നും നിന്റെ പെണ്ണിന് കിട്ടാൻ പോകുന്നില്ല..ഇതൊന്നും കർത്താവ് പൊറുക്കൂല നോക്കിക്കോ.."
പിന്നെയും എന്തൊക്കെയോ പറയാനൊരുങ്ങുന്ന വല്യമ്മയെ ഒരു കൈ കൊണ്ട് ചേർത്തുപിടിച്ചു ജോസേട്ടൻ പരിഹസിക്കുന്ന മറ്റുമുഖങ്ങളിലേക്കും കൂടി നോക്കി പൊട്ടിച്ചിരിച്ചു.
" വല്യമ്മേ..ഒരു നാലു കൊല്ലം മുൻപ് മുലയൂട്ടി കുഞ്ഞിനെ വളർത്താനുള്ള അവകാശമങ്ങു കാൻസറിന്റെ രൂപത്തിൽ വന്ന് അറുത്തുമാറ്റാൻ പറഞ്ഞു അവളോട് ഈ കർത്താവ്..
തോറ്റില്ലവള്... അന്ന് അതുവച്ചുള്ള ചന്തമൊക്കെ വേണ്ടെന്ന് വച്ച് ഇന്ന് ഞങ്ങടെ കൊച്ചിനെയിങ്ങു വാങ്ങിയവൾ.."
ഞെട്ടിത്തരിച്ചു നിൽക്കുന്ന എല്ലാവരെയും നോക്കി തോല്പിക്കുന്ന പുഞ്ചിരി ഞാൻ സമ്മാനിക്കുമ്പോഴും ജോസേട്ടൻ പറയുന്നത് നിർത്തിയില്ല ..
" അവനറിയാം മുലചുരക്കുന്ന മാറില്ലെങ്കിലും അവന്റെ അമ്മ അവനെ കിട്ടാൻ സഹിച്ച വേദനകൾ..
മുലയൂട്ടാൻ കഴിയാത്ത നോവിൽ കൂടി ഓരോ നിമിഷവും കടന്നുപോകുമ്പോഴും സങ്കടമൊതുക്കിയുള്ള ആ ചിരിയുണ്ടല്ലോ എന്റെ പെണ്ണിന്റെ..ആ ചന്തമൊന്നും ഒൻപതും പത്തും പെറ്റ് പാലൂട്ടി വളർത്തിയ നിങ്ങൾക്ക് ഈ ജന്മം കിട്ടില്ല..."
ആ നിമിഷം!
ഓപ്പറേഷൻ കഴിഞ്ഞു ആദ്യമായി കണ്ണാടിയിൽ നോക്കി നിറകണ്ണുകളോടെ ഒഴിഞ്ഞ നെഞ്ചിൽ വിരലോടിച്ചു ദീർഘനിശ്വാസം വിട്ടയെന്നെ, പിൻകഴുത്തിൽ അമർത്തി ചുംബിച്ച ജോസേട്ടനെ ഞാൻ വീണ്ടും കണ്ടു.
തളർന്നുപോകാനല്ലാ തളർത്താൻ ശ്രമിച്ച കാരണത്തെ എത്രെ ധീരമായാണ് നീ നേരിട്ടതെന്ന് ഓർക്കാനാണ് മുലകൾ മുറിച്ചുമാറ്റിയ മുറിപ്പാടുകളെ കാണേണ്ടതെന്നും പറഞ്ഞു അദ്ദേഹമെന്നെ നെഞ്ചോട് ചേർത്ത് വരിഞ്ഞുമുറുക്കി..
" ഇപ്പോഴാ നിന്നെ കാണാൻ കൂടുതൽ ഭംഗിയെന്റെ മേരിപ്പെണ്ണേ.. കേട്ടുനോക്ക് എന്റെ ഹൃദയമെന്തു പറയുന്നെന്ന്.. നെഞ്ചോട് ചേർത്ത് നിർത്തി നിന്നെ കെട്ടിപിടിക്കാൻ ഇപ്പോഴാ സൗകര്യമെന്ന്.."
പ്രായം കുറവുള്ള വളരെ ചുരുക്കം പേരിൽ കണ്ടുവരുന്ന
സ്തനാർബുധം ഇരുപത്തിഒന്നാമത്തെ വയസിൽ എന്നെ തോൽപിക്കാൻ ശ്രമിച്ചപ്പോഴും... ഞാൻ തളർന്നില്ല.
കാൻസർ ഒരു അവസാന വാക്കല്ലെന്നും കുഞ്ഞുണ്ടാകാൻ മാറിടങ്ങളുടെ ആവശ്യമില്ലല്ലോ എന്നുമുള്ള ധൈര്യമായിരുന്നു മനസ്സിൽ...
പൂർണപിന്തുണയോടെ പതിവിലും സ്നേഹത്തോടെ പരിചരിക്കാനും സ്നേഹിക്കാനും പ്രാണനായി സ്നേഹിച്ചു കൂടെയൊരുത്തൻ ഉണ്ടെങ്കിൽ ആയുസ്സിന്റെ കണക്കുപുസ്തകം അടക്കാൻ ഒരു അസുഖത്തിനും കഴിയില്ലെന്ന് ഭർത്താവും തെളിയിച്ചു..
എന്റെ തോളിൽ ഒരു കയ്യിട്ട് ചേർത്തുപിടിച്ചുകൊണ്ട് മോനെയുമെടുത്തു ഞങ്ങളവിടുന്നു ഇറങ്ങുമ്പോൾ കണ്ടു ഞാൻ.... ജോസേട്ടന്റെ കണ്ണുകളിൽ എന്നത്തേക്കാളും ഇരട്ടി സ്നേഹം..
Note *** സ്തനാർബുദം ഒരു പാരമ്പര്യ രോഗമല്ല പക്ഷേ വളരെ അടുത്ത ബന്ധുക്കളിൽ വന്നവർക്ക് വരാനുള്ള ചാൻസ് പത്തുശതമാനത്തിൽ താഴെയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് .
**ജനിതകവ്യതിയാനം ഉണ്ടായി ബ്രെസ്റ്റ് കാൻസർ ജീനുകളുള്ളവരിൽ ചെറിയ പ്രായത്തിലും സ്താനാര്ബുദം കാണുന്നുണ്ട് ( BRCA 1,2 എന്നീ ജീനുകൾ )
••••••••••••••
ലിസ് ലോന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo