Slider

സുധാമണിയുടെ മുല്ലവള്ളി

0
Jasmine, White Flower, Garden, Blue Sky


🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
പഴയ സുഹൃത്തിന്റെ മകന്റെ കല്യാണത്തിന് പോയപ്പോഴാണ് മാധവേട്ടന് ആ മുല്ലവള്ളി കിട്ടിയത്... അതാകട്ടെ പത്താംതരത്തിൽ കൂടെ പഠിച്ചിരുന്ന സുധാമണിയുടെ വീട്ടിൽ നിന്നും...
ആ കല്യാണം കൂടാനെത്തിയ സുധാമണി മുല്ലപ്പൂവ് ചൂടിയിരുന്നു...കുളിച്ച് വിടർത്തിയിട്ട തലമുടിയുടെ തുമ്പിൽ ചെറിയ മുല്ലമാല കോർത്തിട്ടു വന്ന സുധാമണിയെ കണ്ട് മാധവേട്ടൻ വർഷങ്ങൾ കുറെ പിറകോട്ടു പോവുകയും ചെയ്തു...അവിടെ പാവാടക്കാരി സുധാമണി വന്നു പുഞ്ചിരിച്ചു...
ഉച്ചയൂണ് കഴിഞ്ഞു വെയിലാറിയപ്പോൾ എല്ലാരും പിരിഞ്ഞുപോകാൻ നേരം സുധാമണി മാധവേട്ടനെ വീട്ടിലേക്കു ക്ഷണിച്ചു...
സുധാമണിയുടെ മകനെയും ഭർത്താവിനെയും പരിചയപ്പെടാൻ...
മാധവേട്ടന് ആ ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല....
സുധയുടെ ഭർത്താവ് മണി ഒരു ഭാഗ്യവാനാണെന്നു ആ വീട്ടിലെത്തിയപ്പോൾ മാധവേട്ടന് തോന്നി... കാരണം ആ വീട്ടിലെ ഐശ്വര്യം മുല്ലപ്പൂ ചൂടിയ സുധയാണെന്ന് മാധവേട്ടന് മനസ്സിലായി... വെറുതെ ഒരു നിമിഷം മാധവേട്ടന്റെ മനസ്സ് സ്വന്തം വീട്ടിലേക്കു പോയി... അവിടത്തെ ഐശ്വര്യത്തെക്കണ്ടു പേടിച്ചു തിരിച്ചു വരികയും ചെയ്തു...
ചായയും സുധാമണിയുടെ കൈകൊണ്ടു ഉണ്ടാക്കിയ കായവറുത്തതും ഒണക്കതേങ്ങ കുരുകുരാ ചെത്തി നെയ്യിൽ വറുത്ത് അതിട്ടു ഉണ്ടാക്കിയ ഉണ്ണിയപ്പവും കഴിച്ചു ഇറങ്ങാൻ നേരമാണ് മുറ്റത്തെ കോണിൽ ഒരു കിളിമരത്തിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന മുല്ലവള്ളി മാധവേട്ടന്റെ കണ്ണിൽ പെട്ടത്...
കുറച്ചു പൂക്കളും നിന്നിരുന്നു അതിൽ...
ആ മുല്ലവള്ളിയിലെ പൂക്കളെല്ലാം തുമ്പ്കെട്ടിയിട്ട സുധയുടെ തലമുടിയെ ഓർമിപ്പിച്ചു...
അങ്ങനെയാണ് ഒരു മുല്ലവള്ളി വേണമെന്ന ആഗ്രഹം മാധവേട്ടന് ഉണ്ടാകുന്നതു... അതു കേട്ടു സുധ ആ മുല്ലയിൽ നിന്നും ഒരു വള്ളി അടർത്തി സമ്മാനിക്കുകയായിരുന്നു...
മുല്ലവള്ളിയുമായി മാധവേട്ടൻ നടന്നകലുന്നത് സുധ നോക്കി നിന്നു... സുധ നോക്കി നിൽപ്പുണ്ടെന്നു തിരിഞ്ഞു നോക്കാതെ മാധവേട്ടനും അറിഞ്ഞു.... ...
വീട്ടിലെത്തിയ മാധവേട്ടൻ മുല്ലവള്ളി മകന്റെ ഭാര്യയായ മിനികുട്ടിയെ ഏൽപ്പിച്ചു..... അവൾ മുറ്റത്തു ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്... മാവിന്റെ ചോട്ടിൽ മിനിയും മാധവേട്ടനും കൂടി അതു നട്ടു...
മാധവേട്ടന്റെ ഭാര്യ രാധമ്മയ്ക്കു ഇത്തരം കാര്യങ്ങളിൽ വലിയ താല്പര്യം ഇല്ല... അവർ പകൽ അടുക്കളയിൽ പാചകവും അതു കഴിഞ്ഞു പശുവിനെ തീറ്റലും പുല്ലുപറിയ്ക്കലും സന്ധ്യയായാൽ കുളിച്ചു കോട്ടുവായിട്ടു കുറച്ചു നാമം ചൊല്ലി പിന്നെ അത്താഴം കഴിച്ചു കിടക്കുന്ന സാധാരണക്കാരിയാണ്.. .
ദിവസങ്ങൾ കഴിഞ്ഞുപോയി.. ഇടയ്ക്കിടെ മാധവേട്ടന്റെ മനസ്സിൽ സുധാമണി ഒരു ചെറിയ കുളിർതെന്നൽ പോലെ കടന്നു വന്നു... അപ്പോഴൊക്കെ അയാൾ മാവിൻ ചോട്ടിലെ മുല്ലവള്ളിയെ അരുമയോടെ തലോടി...
മാവിനെ മുല്ല ചുറ്റിതുടങ്ങിയിരുന്നു...
നിറയെ ഇലകളും വള്ളികളും വന്നിരിക്കുന്നു... മിനിക്കുട്ടിയുടെ പരിചരണം മുല്ലയെ പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായിച്ചു......
വായനശാലയിൽ ആദ്യമായി ടെലിവിഷൻ വന്നപ്പോഴാണ് മിനിക്കുട്ടിയ്ക്കും രാധയ്മ്മയും അതിനോടുള്ള ആഗ്രഹം വർധിച്ചത്...
അയൽവക്കത്തെ പെണ്ണുങ്ങൾ ഞായറാഴ്ചകളിൽ വായനശാലയിൽ പോയിക്കണ്ട സിനിമാവിവരണവും കൂടിയായപ്പോൾ വീട്ടിൽ അതിനു വേണ്ടിയുള്ള ചില ചെറിയ പൊട്ടിത്തെറികളും ഉണ്ടായി...
അതുവരെ ചെറിയ ഉൾപ്പോരുണ്ടായിരുന്ന രാധമ്മയും മിനിക്കുട്ടിയും ഒത്തു ചേർന്നു ശക്തമായ ഒരു ഗ്രുപ്പുണ്ടാക്കി ടെലിവിഷന് വേണ്ടി മുദ്രവാക്യം വിളിച്ചു...
അങ്ങനെ തൊഴുത്തിലെ ഒരു മൂരിക്ടാവിനെയും പെറ്റുനിന്ന പെട്ടയെയും രണ്ടു കുഞ്ഞുങ്ങളെയും അലൈവികാക്കയ്ക്ക് വിറ്റു വീട്ടിൽ ടെലിവിഷൻ വാങ്ങി...
ടെലിവിഷൻ വന്നതോടെ വീട്ടിലെ കലപില സംസാരം കുറയുകയും മിനികുട്ടിയുടെ വാരികവായന നിൽക്കുകയും ചെയ്തു... മുറ്റത്തെ പൂന്തോട്ടവും മാവിൻചോട്ടിലെ മുല്ലയും മാധവേട്ടന്റെ മാത്രമായി..
മാധവേട്ടന്റെ ദിവസങ്ങളിൽ ഭൂരിഭാഗവും മാവിൻചോട്ടിലെ മുല്ലക്കായി നീക്കിവച്ചു... ആ മുല്ല സുധാമണിയുടെ മൂക്കിൻത്തുമ്പിലെ വിയർപ്പും കണ്ണിന്റെ കോണിലെ കണ്മഷിപടർപ്പും പിന്നെ പരിസരം മുഴുവൻ നിറഞ്ഞ ആ മുല്ലപ്പൂമണവും മാധവേട്ടനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു...
ഞായറാഴ്ചകൾ വീടിന്റെ വരാന്തയിൽ മുഴുവൻ അയൽവക്കത്തെ പെണ്ണുങ്ങളെയും കൊച്ചുങ്ങളെയും കൊണ്ട് നിറഞ്ഞു..... വെകുന്നേരസിനിമ അവരിൽ ചിരിയും കണ്ണീരും ഉണ്ടാക്കി... കറന്റ് ഇല്ലാത്ത ഒരു ഞായറാഴ്ച കറന്റ് വരാൻ അമ്പലത്തിൽ രാധമ്മയുടെ വക പ്രത്യേക കൂട്ടുപായസം വരെ നേർന്ന സംഭവംവരെ ഉണ്ടായി..
ദിവസങ്ങൾ പോകവേ മാധവേട്ടന്റെ മുല്ല മൊട്ടിട്ടു...
പണ്ട് മാധവേട്ടന്റെ ഭാര്യ രാധമ്മ മകൻ വസുദേവനെ ഗർഭം ഉണ്ടെന്നു പറഞ്ഞപ്പോളുണ്ടായ സന്തോഷത്തോടു മത്സരിച്ചു ഈ സന്തോഷവും...
മുല്ലമൊട്ടുകൾ വലുതാകുന്നത് നോക്കി മാധവേട്ടൻ ആ മാവിൻ ചോട്ടിൽ ദിവസത്തിൽ ഏറിയപങ്കും കഴിച്ചുകൂട്ടി...
ഓരോ മൊട്ടുകളായി വിരിഞ്ഞു തുടങ്ങി...
മിനിക്കുട്ടിയുടെ കണ്ണുകളും ഒരുവേള മാവിൻചോട്ടിലേക്കു വന്നു....
മുല്ലമൊട്ടുകൾ വിരിഞ്ഞു തുടങ്ങിയതോടെ രാത്രികളിൽ ഉറക്കത്തിൽ മാധവേട്ടന്റെ മുന്നിൽ തുമ്പുകെട്ടിയിട്ട തലമുടിയായി സുധാമണി കറുത്തകരയുള്ള ബാലരാമപുരം കൈത്തറിസാരിയുടുത്തു വന്നു നിന്നു.....
ഒരു ഞായറാഴ്ചസിനിമ നടക്കുന്ന ദിവസമാണ് മാധവേട്ടൻ ആദ്യമായി മരുമകൾ മിനികുട്ടിയുടെ തലമുടി ശ്രദ്ധിക്കുന്നത്....
അവൾ തന്റെ മുല്ലയിലെ പൂക്കൾ മുഴുവൻ മാല കോർത്തു തലയിൽ ചൂടിയിരിക്കുന്നു... തന്റെ തൊട്ടു മുന്നിൽ സിനിമ കണ്ടിരിക്കുന്ന അവൾക്കു ചുറ്റും ആ മുല്ലപൂമണം നിറഞ്ഞു നിൽക്കുന്നു... മാധവേട്ടൻ മുന്നോട്ടാഞ്ഞു ആ മുല്ലപ്പൂ മണം ആസ്വദിച്ചു......
ആ സമയം രണ്ടു കണ്ണുകൾക്ക് ആ ആസ്വദനം കണ്ടുനിൽക്കാനായില്ല.... രാധമ്മയുടെ കണ്ണുകളായിരുന്നു അത്...ആ കണ്ണുകൾ മാധവേട്ടന് ഒരു പുതിയ മുഖം സമ്മാനിച്ചു...
അന്നു രാത്രി രാധമ്മ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു...
നേരം വെളുക്കുമ്പോൾ മുല്ല വെട്ടി കണ്ടിച്ചു ആടിന് കൊടുക്കുമെന്നു....
അതു മാധവേട്ടനിൽ ഉറക്കം നഷ്ടപെടുത്തി...
രാത്രിമുഴുവൻ അയാൾ ജനലിൽ കൂടി ആ മാവിൽ വെളുത്ത പുഞ്ചിരി സമ്മാനിച്ചു പടർന്നു കിടക്കുന്നമുല്ലവള്ളിയെ നോക്കിനിന്നു.... ആ മുല്ലക്കരികിൽ സുധാമണി അയാളോട് പരിഭവിച്ചു നിൽക്കുന്നതായി തോന്നി അയാൾക്ക്‌....
നേരം വെളുത്തു രാധമ്മ എഴുന്നേറ്റത് മുല്ല വെട്ടി ആടിന് കൊടുക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു....
പക്ഷെ വെട്ടാൻ അരിവാളെടുക്കാൻ പോയ രാധമ്മ അതിനടിയിൽ കണ്ട കുറിപ്പ് കണ്ടു ശബ്ദയായി....
അതു ഇപ്രകാരമായിരുന്നു...
"പ്രിയപ്പെട്ട രാധമ്മയ്ക്കു... ഞാൻ കാശിക്കു പോകുന്നു... ഇനി തിരിച്ചു വരില്ല.... മുല്ല വെട്ടരുത്....എന്നു... മാധവൻ നായർ....


BY Chithra
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo