'കുർബാന കഴിഞ്ഞ് അച്ഛൻ നിന്നെ സ്വകാര്യമായി വിളിച്ചുനിർത്തി എന്താരുന്നെടീ പറഞ്ഞത് ?'
പള്ളിയിൽനിന്ന് വരുന്നവഴി, മേരിയോടാണ് അമ്മാമ്മയുടെ ചോദ്യം. ലക്കും ലഗാനുമില്ലാത്ത അമ്മച്ചിയാണ്, വായിൽവരുന്നത് വിളിച്ചുപറയും.
'അമ്മച്ചിക്ക് വയ്യാത്തോണ്ടാ എന്നെ മാത്രം വിളിച്ചെ. ദിവ്യയുടെ കാര്യം ചോദിക്കുവാരുന്നു'
മേരി നടത്തത്തിന് വേഗം കൂട്ടി.
'ഇത്ര ചോദിക്കാനെന്തിരിക്കുന്നു? ഇടവകേല് ആദ്യായിട്ടൊന്നുവല്ലല്ലോ പിള്ളേര് ഒളിച്ചോടി കെട്ടുന്നത്? സത്യം പറയെടീ.. എടീ നിക്കാൻ!'
അപ്പോഴേക്കും മേരി ഗേറ്റും കടന്ന് വീടിൻ്റെ സിറ്റൗട്ടിലേക്ക് കയറിയിരുന്നു. ദിവ്യ വന്ന് വാതിൽ തുറന്നു, രണ്ടുപേർക്കും കുടിക്കാനുള്ള ചായയും കൊണ്ടുവച്ചു.
'ദോശയും ചമ്മന്തിയും ഉണ്ടാക്കി വച്ചിട്ടുണ്ട്'
ദിവ്യ അമ്മച്ചിയോടെന്നപോലെ, മേരിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
'അത് നിൻ്റെ വീട്ടിൽ പിള്ളേച്ചനും പെമ്പ്രന്നോത്തിക്കും കൊണ്ടെക്കൊടുത്താ മതി, ഞങ്ങള് നസ്രാണികള് വായ്ക്ക് രുചിയുള്ള സാധനങ്ങളാ വച്ചുണ്ടാക്കി കഴിക്കാറ്'
അമ്മച്ചിയുടെ കയ്യിലുള്ള മലയാളം ഡിക്ഷണറി തുറക്കും മുന്നേ മേരി, ദിവ്യയെ കണ്ണുകാണിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി.
ഒന്നൊന്നര ആഴ്ചയായിട്ട് ഇതാണവസ്ഥ! കഴുത്തിന് ചുറ്റും നാക്കുമായി അമ്മച്ചി ദിവ്യയെ നിർത്തീം ഇരുത്തീം പൊരിക്കുവാണ്. മേരിയാൻറിയാണെങ്കി സ്വിച്ചിട്ട മെഷീൻപോലെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും.
'അത് നീ പുതുപ്പെണ്ണായോണ്ടാ.. അമ്മച്ചീടെ ടേപ് റിക്കോർഡർ നിർത്താൻ നമ്മളെക്കൊണ്ട് പറ്റൂല. മേരി സമാധാനിപ്പിച്ചു.
'എൻ്റെ പെണ്ണേ, പള്ളിക്കാരും പട്ടക്കാരും അറിഞ്ഞ്, പൊന്നുംപണവുമായി കയറിവന്നതാ ഞാന്. ആ എന്നെ ഇവിടിട്ട് കാണിച്ചുകൂട്ടിയത് കർത്താവിനും എനിക്കും മാത്രേ അറിയൂ...'
'പപ്പയൊന്നും മിണ്ടാറില്ലേ ?'
'അതിയാന് അമ്മച്ചിയെ പേടിയാ.. പിന്നെ അവര് പെണ്ണും ആണുമൊക്കെയായി ഏഴെട്ടുപേര് ഒത്തിരി കഷ്ടപ്പെട്ട് ജീവിച്ചതാണെന്ന് അച്ചായൻ ഇടയ്ക്കിടെ പറയും.. പിന്നെ ഇക്കൂട്ടർക്ക് ജന്മനാ കിട്ടിയതാ ഈ ഒച്ചയും ബഹളോം. മാത്തന് ഈ തള്ളേടെ സ്വഭാവം ഇച്ചിരി കിട്ടീട്ടൊണ്ട്. അച്ചായനെ ഞാൻ സാരിത്തുമ്പെ കെട്ടിക്കൊണ്ട് നടക്കുവാന്നും പറഞ്ഞ് ഇവര് എന്നെ ഈ രാജ്യം മൊത്തം നാറ്റിച്ചിട്ടുണ്ട്. ചെലപ്പോ തോന്നും പെണ്ണുങ്ങളായാ അമ്മച്ചിയെപ്പോലെ വേണമെന്ന്, ഒറ്റയൊരുത്തനും ഈ പറമ്പിലേക്ക് പോലും നോക്കുകേല, ആക്കാര്യത്തി എൻ്റെ മോള് പേടിക്കണ്ടാ..'
'എന്തുവാടീ രണ്ടുംകൂടെ നിന്ന് കുണുകുണാ പറയുന്നത്? മനുഷ്യരിവിടെ വിശന്ന് ചാകുവല്ലോ'
അമ്മച്ചി അടുക്കളവാതിലിലെത്തി വെടിപൊട്ടിച്ചു.
മേരി എന്ന മെഷീൻ പെട്ടെന്ന് സ്വിച്ച് ഓണായി. ഡൈനിംഗ് ടേബിളിലേക്ക് ഓട്സ് കാച്ചിയതും, വെജിറ്റബിൾ സാലഡും, ജീരകവെള്ളവും, മുട്ട അവിച്ചതുമൊക്കെ കൊണ്ടുവച്ചു. ത്രേസ്യമ്മാമ്മക്ക് കഴിക്കേണ്ട ഗുളികകളും പുരട്ടേണ്ട മരുന്നുകളും എടുക്കാൻ റൂമിലേക്ക് പോയി.
'ദിവ്യ ഗോപിനാഥൻ'
'എന്താ മേഡം?'
'ആ മോണോ ആക്ടിന് സമ്മാനം കിട്ടിയ കുട്ടിയില്ലേ, അത് ആ കാന്റീനിൻ്റെ സൈഡിൽ നിന്ന് കരച്ചിലോ പിഴിച്ചിലോ ഒക്കെ, ഒന്നങ്ങോട്ട് ചെല്ല്. മീറ്റിങ് കഴിഞ്ഞ് വരുമ്പോ എന്നെ വന്നൊന്ന് കാണ്..'
സയൻസ് ബാച്ചിലെ കുറെ അലമ്പ് പിടിച്ച പിള്ളേരുണ്ട്. ദിവ്യ ശിങ്കിടികളേം കൂട്ടി അങ്ങോട്ട് പോയി. കെ.എസ്.യൂ സ്ഥാനാർത്ഥിയായി നിന്ന് തോറ്റെങ്കിലും ചെയർമാനെക്കാളും സ്വീകാര്യതയും തന്റേടവും ദിവ്യക്കാണ്! അവളെ കണ്ടപാടെ മോണോ ആക്ട് കണ്ടുനിന്നവരും, കൂടിനിന്നവരും നാലുപാടും തെറിച്ചു. സയൻസ് ലാബിൻ്റെ മറവിലൂടെ ഓടിയ അലമ്പൻസിനെ ദിവ്യയും സംഘവും ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു. അതേ ദിവ്യയാണ് പൂച്ചക്കുട്ടിയെപ്പോലെ, മറ്റൊരു വീടിൻ്റെ അടുക്കളയിൽ ഗദ്ഗദകുണ്ഠിതയായി നിൽക്കുന്നത്!
'എന്ത് മൈ@#%ണെടീ നിന്ന് ആലോചിക്കുന്നത്? നിൻ്റെ ആരെങ്കിലും ചത്തുപോയോ?
ഒരൊറ്റ വെടിയൊച്ചയിൽ പരിസരബോധം വീണ്ടെടുത്ത ദിവ്യ അടുക്കളയിലേക്കോടി. അമ്മച്ചിയുടെ മലയാള പാഠാവലി ഹാളിൽ നിന്നാണ് കേൾക്കുന്നത്! നായര് പെണ്ണിനേം കൊണ്ട് കൊച്ചുമോൻ വീട്ടിൽവന്നതിന് മേരിക്കും വയറുനിറച്ചും കൊടുക്കുന്നുണ്ട്.
മേരിയാൻറിയുടെ ഒരേയൊരു മകൾ തൃശൂരാണ്, ഇന്ന് അവരും പപ്പയും അങ്ങോട്ടേക്ക് പോകും. എമർജൻസി എന്നുപറഞ്ഞ് ബാംഗ്ലൂരെ ഹെഡ് ഓഫീസിലേക്ക് പോയ മാത്തനാണെങ്കി ഇന്ന് വരും വെളുപ്പിന് വരും ദാ എത്തി ദോ വന്നു എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് ദിവസം നാലഞ്ചായി. എന്നുവരുമെന്ന് ഇനിയും നിശ്ചയമില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ ധാരധാരയായി ഒഴുകുന്ന ത്രേസ്യമ്മാമ്മയുടെ പദസഞ്ചയങ്ങളോർത്ത് ദിവ്യയുടെ ഉള്ളുകാളി, നീറിപ്പുകഞ്ഞു.
പെട്ടെന്നാണ് ദിവ്യയുടെ മുന്നിലേക്ക് ആരോ ഒരു മൈക്ക് കൊണ്ടുവച്ചത്, കൂടെ ഒരു അനൗൺസ്മെൻറും;
'അടുത്തതായി രണ്ടുവാക്ക് സംസാരിക്കാൻ ഫൈനൽ ഇയർ ബോട്ടണി വിദ്യാർത്ഥിനിയും, സർവ്വോപരി നമ്മുടെ കോളേജിൻ്റെ അഭിമാനവുമായ ദിവ്യ ഗോപിനാഥിനെ ക്ഷണിക്കുന്നു...'
അവൾ കുറച്ച് മുന്നോട്ട് നീങ്ങിനിന്നു,
'സുഹൃത്തുക്കളേ... സഹൃദയരേ... പ്രീയ ഗുരുനാഥന്മാരെ... വളരെ കാലികപ്രസക്തമായ ഒരു വിഷയമാണ് വനിതാദിനത്തോട് അനുബന്ധിച്ച്, മുഴുവൻ ദിവസവും നീണ്ടുനിൽക്കുന്ന സംവാദ പരിപാടിയിലൂടെ നമ്മൾ മുന്നോട്ട് വച്ചിരിക്കുന്നത്. നേരത്തെ ആദരണീയയായ മേയർ സൂചിപ്പിച്ചതു പോലെ, പലതരം സംഘർഷങ്ങളിലൂടെയാണ് സ്ത്രീസമൂഹം കടന്നുപോകുന്നത്! ദുർഘടങ്ങളായ അവസ്ഥകൾ തരണം ചെയ്യുന്നതിന് നാമേവരും നമ്മെ ഒരുക്കിയെടുക്കേണ്ടതുണ്ട്...' പെട്ടെന്ന് സദസ്സിലിരുന്ന ആരോ അവളുടെ വാക്ധോരണിയെ തടസ്സപ്പെടുത്തി,
'ഒന്നിങ്ങോട്ട് വാടീ, ഈ ടീവിയൊന്ന് വെക്ക്..' മൈക്കിനെക്കാളും ഉച്ചത്തിൽ അമ്മച്ചി. അവൾ ഓടിച്ചെന്ന് റിമോട്ടെടുത്തു.
'ആ രണ്ടൊന്ന് ഞെക്ക്, കണ്ണൻ്റെ രാധ തൊടങ്ങിയോന്ന് നോക്കട്ടെ..'
മേരിയാൻറീം പപ്പയും തൃശൂർക്ക് പോകാനിറങ്ങി. ഇറങ്ങിയപ്പോൾ പപ്പ, മേരിയാൻറീടെ ചെരുപ്പെടുത്ത് കയ്യിൽ പിടിച്ചിരുന്നു. പുതിയതാണെന്ന് തോന്നുന്നു. ആൻറി, വെപ്രാളത്തിന് ഇറങ്ങിയപ്പോ ചെരുപ്പെടുത്തില്ല!
'നീ ഇങ്ങനൊരു പെങ്കോന്തനായി പോയല്ലോടാ...' അമ്മച്ചി കാറിത്തുപ്പി.
ദിവ്യ മുറിയിലേക്ക് പോയി. ഡയറിയെടുത്ത് എഴുത്ത് തുടങ്ങി. ഈയിടെയായി ഇതാണൊരാശ്വാസം. അഞ്ചാറു പേജുകളായിട്ടുണ്ട്, പ്രായമായവർക്ക് കൊടുക്കാൻ പറ്റിയ സ്ലോ പോയ്സൺ അന്വേഷിച്ചുകൊണ്ടുള്ള കുറിപ്പുവരെ അതിലുണ്ട്, മാത്തനോടുള്ള ദേഷ്യമുണ്ട്, അച്ഛനമ്മമാരോടുള്ള അപേക്ഷകളുണ്ട്, ഒളിച്ചോടാൻ നേരത്ത് കട്ടക്ക് കൂടെനിന്ന കെ.എസ്.യൂക്കാരോടുള്ള കടുത്തപകയുണ്ട്, അങ്ങനെയങ്ങനെ നീണ്ടുപോകുന്ന കുത്തിക്കുറിപ്പുകൾ. അന്നും അവൾ എഴുതി. ഒക്കെ അസംബദ്ധമാണെന്ന് ഉപബോധമനസ്സിന് തോന്നിയതുകൊണ്ടാവും അതിനിടയിലെപ്പോഴോ മയങ്ങിപ്പോയി.
ഏറെനേരം കഴിഞ്ഞാണ് ഉണർന്നത്. സമയം പത്തു കഴിഞ്ഞുകാണും, ഹാളിലിരുന്ന് അമ്മച്ചി വെട്ടും കുത്തും കൊലപാതകങ്ങളും കണ്ടു രസിക്കുന്നു. അപ്പോഴാണ് ഒരു പെൺകുട്ടി സ്റ്റെപ്പിറങ്ങി താഴേക്കു വന്നത്. അവൾ നേരെ അടുക്കളയിൽ ചെന്ന് എന്തോതിരഞ്ഞ് തിരികെ കയറിപ്പോയി. ലിൻസി ആവാനാണ് സാധ്യത. വരുമെന്ന് മേരിയാൻറി പറഞ്ഞിരുന്നു, അമ്മാമ്മയുടെ നാത്തൂൻ്റെ കൊച്ചുമകളാണ് ലിൻസി. പക്ഷെ തന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ഏതായാലും ആ ദിവസവും അങ്ങനെ കഴിഞ്ഞുപോകുകയാണ്.
പിറ്റേദിവസം പതിവിലും നേരത്തെ ദിവ്യ ഉണർന്നു. ദോശ കൊടുത്താൽ പുട്ടില്ലേയെന്നും, പുട്ടുണ്ടാക്കിയാൽ കട്ലറ്റില്ലേയെന്നുമൊക്കെ ചോദിക്കുന്ന അമ്മാമ്മ എട്ടുമണിയാകും ഉണരാൻ. ദിവ്യ ദോശയും പുട്ടും ഉണ്ടാക്കി, ഓട്സ് കാച്ചി വച്ചു, ചട്ണിയുണ്ടാക്കി, പോരാത്തേന് ലിൻസിയുമുണ്ടല്ലോ, പുഴുങ്ങിയ പയർ കടുകുതാളിക്കുന്നതിനിടയിൽ വാതിലിനരികിൽ അമ്മാമ്മ പ്രത്യക്ഷപ്പെട്ടു!
'എന്തുവാടീ ഇവിടെ കല്യാണം വല്ലതും നടക്കുന്നുണ്ടോ? ഇക്കണക്കിന് ഒരു മാസത്തെ പലചരക്ക് രണ്ടുദിവസം കൊണ്ട് തീരുവല്ലോ...' അവൾ മേരിയാൻറിയെ മനസ്സിൽ ധ്യാനിച്ച് ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോഴേക്കും ലിൻസിയും ഡൈനിംഗ് ടേബിളിൽ ഇരിപ്പുറപ്പിച്ചു. സാധനങ്ങൾ ടേബിളിലേക്ക് മാറ്റുന്നതിനിടയിൽ ദിവ്യയുടെ കൈതട്ടി ഒരു ചായക്കപ്പ് ലിൻസിയുടെ ദേഹത്ത് വീണു. അവളുടെ കയ്യിലിരുന്ന മൊബൈൽ താഴേക്കും വീണു. അരിശം കയറിയ ലിൻസി ദിവ്യയെ ഒറ്റത്തള്ള്! ബാലൻസ് തെറ്റിയ ദിവ്യ ഭിത്തിയിൽ അള്ളിപ്പിടിച്ചെങ്കിലും, വഴുതി താഴെവീണു. ഭാഗ്യത്തിന് തലയിടിച്ചില്ല.
അടുത്തത് ത്രേസ്യമ്മാമ്മയുടെ ഊഴമായിരുന്നു. അവർ ലിൻസിയെ എടുത്തുടുത്തു. ഒന്നും വ്യക്തമായില്ലെങ്കിലും ദിവ്യ പെട്ടെന്ന് ചാടിയെഴുന്നേൽക്കാനൊന്നും മിനക്കെട്ടില്ല. അമ്മാമ്മയാണ് അവളെ പിടിച്ചെഴുന്നേൽപ്പിച്ചത്.
'വല്ലതും പറ്റിയോടീ നിനക്ക്?'
ദിവ്യ ചെറുതായി ഒന്ന് ഞരങ്ങി, ശബ്ദം പുറത്തേക്ക് വരുന്നില്ല.
'അയ്യോ, മാത്തൻ വന്നാ ഞാനെന്തോ പറയും? ഇതിപ്പോ ഞാൻ വരുത്തിവച്ചതാണെന്നേ മേരിയും ആൻഡ്രൂസും പറയത്തൊള്ളല്ലോ എൻ്റെ കർത്താവേ...' ത്രേസ്യമ്മാമ്മയുടെ കണ്ണുകലങ്ങി. അവരുടെ പത്തല് പോലത്തെ വിരലുകൾ ദിവ്യയുടെ നടുവിലും മുതുകിലും ഓടിനടന്നു.
മുകളിലേക്ക് പോയ ലിൻസി വാണംവിട്ടപോലെ താഴെയെത്തി. കയ്യിൽ ബാഗുമുണ്ട്.
'എൻ്റെ കൊച്ചിൻ്റെ മേത്ത് കൈ വെയ്ക്കാറായോടീ നീ...' യൂബറോ മറ്റോ വിളിക്കാൻ മൊബൈലെടുത്തു കുത്താൻ തുടങ്ങിയ ലിൻസീടെ താടിക്ക് പിടിച്ച് അമ്മച്ചി രണ്ടു കുത്ത്!
'കണ്ണുംമുമ്പിന്ന് പോടീ അസത്തെ.. വല്യ പഠിപ്പും പത്രാസും ഒക്കെ ഉള്ളവളാ.. നീ എന്താടീ നോക്കുന്നെ.. ങേ!' ലിൻസിയെ കൊന്ന് തിന്നാൽ കൊള്ളാമെന്നുണ്ട് അമ്മച്ചിക്ക്.
'നാട്ടുകാര് കേക്കുമല്ലോ ദൈവമേ' ദിവ്യ മനസ്സിൽ പറഞ്ഞു.
'നീ എങ്ങോട്ടാടീ പോകുന്നത്? കേർടീ അകത്ത്..' അമ്മച്ചി ലിൻസിയുടെ മുതുകിനു പിടിച്ച് താഴെയിരുത്തി, വാതിലടച്ച് കുറ്റിയിട്ടു.
'മോളെ നമ്മക്ക് ആശുപത്രീലെങ്ങാനും പോവാം' അവർ ദിവ്യക്കരികിലെത്തി.
'വേണ്ടമ്മച്ചി, എനിക്ക് ഒന്നുമില്ല... സാരമില്ല..' ദിവ്യ മുറിയിലേക്ക് നടന്നു.
ലിൻസിയുടെ നേർക്ക് അമ്മച്ചിയുടെ അലർച്ച അവൾക്ക് കേക്കാമായിരിന്നു. ഇതിനിടെ പലതവണ 'എൻ്റെ കൊച്ച്', 'ഞങ്ങടെ മോള്' , 'എൻ്റെ മാത്തൻ കെട്ടിക്കൊണ്ടുവന്ന പെണ്ണ്' എന്നിങ്ങനെയൊക്കെ അമ്മച്ചി പറയുന്നതും കേൾക്കാം.
ദിവ്യ മുറിയിലെ നിലക്കണ്ണാടിയിലേക്ക് നോക്കി. അതിൽ കാണുന്ന രൂപത്തിന് പ്രായം കൂടിക്കൂടി വരുന്ന പോലെ. പതിയെപ്പതിയെ പത്തെമ്പത് വയസ്സുള്ള ഒരമ്മച്ചിയെപ്പോലെ രൂപംമാറി, ദിവ്യമ്മാമ്മ!
'എന്ത് തേങ്ങയാടീ ഇങ്ങനെ നോക്കുന്നെ? കൊറേനേരമായല്ലോ..!' ആ രൂപം അവളെ ആട്ടിയോടിച്ചു.
ഒന്ന് പകച്ചെങ്കിലും ഒട്ടും ഭയപ്പെടാതെ അവൾ മേശതുറന്ന് ഡയറി പുറത്തെടുത്തു. അതിൽ എഴുതിവച്ചതൊക്കെ കീറിക്കളഞ്ഞു. പുതിയൊരു പേജെടുത്ത് എഴുതി,
"എടീ ത്രേസ്യേ... പള്ളിപ്പറമ്പിൽ പുത്തൻവീട്ടിൽ പരേതനായ ഔസേപ്പച്ചാച്ചൻ്റെ കെട്ടിയോള് ത്രേസ്യാക്കൊച്ചേ... ഞങ്ങടെ പൊന്നമ്മച്ചീ...
By - Rajeev ( Ra V) @nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക