Slider

വാട്ടർ ബോട്ടിൽ .

0
Image may contain: 2 people, including Nizar Vh, selfie and closeup
★----------------★
"അമ്മ,ദാ ഇവിടെ ഇരിക്കൂ. ഞങ്ങൾ ഒന്നു
കറങ്ങിയിട്ടു വരാം."
പാർക്കിലെ സിമന്റ് ബഞ്ച് ചൂണ്ടിപറഞ്ഞു.
തളർച്ചയോടെ അമ്മ ബഞ്ചിലിരുന്നു, കിതയ്ക്കുന്നത് കണ്ടപ്പോൾ ഉള്ളു പിടഞ്ഞു
"ഇനി ഒരടി നടക്കാൻ വയ്യെടാ മക്കളെ..!
പണ്ട് നിങ്ങളുടെ വിശപ്പ് മാറ്റാൻ നെയ്ത പുല്ലുപായും കൊണ്ട് ഒരു പാട് നടന്നിട്ടുണ്ട് ഇപ്പോൾ ഒരടിവച്ചാലെ കിതയ്ക്കും .ഹാ .! അതെല്ലാം ഒരു കാലം .നിങ്ങൾ പോയിട്ട്
വേഗം വാ."
കിതപ്പിനിടയിലെ ഇടറിയവാക്കുകളിൽ കഴിഞ്ഞ
കാലവുമുണ്ടായിരുന്നു .
''ഓർമ്മക്കുറവാണെങ്കിലും ഇതൊന്നും ഒരു
കാലത്തുംമറക്കില്ല "ഭാര്യ സാലി നീരസത്തോടെ
മുഖം വെട്ടിച്ചു.
അമ്മയുടെ നോട്ടംതന്നിൽവീണു.
വാർദ്ധക്യത്തിന്റെ ചുളിവ് വീണ മുഖത്തെ ദയനീയമായ നോട്ടത്തിൽ പതറി. ചെറുപ്പം തൊട്ടേ ഒരു കുറ്റവും ചെയ്തില്ലെങ്കിൽ പോലും അമ്മയുടെ നോട്ടംപതിഞ്ഞാൽ എന്തോ കുറ്റം ചെയ്തപോലെ തോന്നുമായിരുന്നു.
''വിനയാ വാ നമുക്ക് പോകാം "
സാലി തിടുക്കം കൂട്ടി .അത് കേട്ട് ഞെട്ടലോടെ
അമ്മയെ നോക്കി .അമ്മ തന്നെ നോക്കി
ചിരിക്കുന്നത് കണ്ടപ്പോൾ ഉള്ളിലെവിടെയോ കൊത്തിവലിക്കുന്ന പോലെ
അല്പം ദൂരം നടന്നശേഷം തിരിഞ്ഞ് നോക്കി.
ഞങ്ങളെ തന്നെ നോക്കിയുള്ള അമ്മയുടെ
ഇരുപ്പ് കണ്ടു ഹൃദയം പൊട്ടുന്ന പോലെതോന്നി .
ജിനി മോളുടെ കയ്യിലിരുന്ന വെള്ളക്കുപ്പി
പിടിച്ചുവാങ്ങി തിരികെ നടന്നു. അമ്മയുടെ കയ്യിൽ വെള്ളക്കുപ്പി ഏൽപ്പിച്ചു .
" ദാഹം തോന്നുമ്പോൾ വെള്ളം കുടിച്ചോളൂ അമ്മെ .."
വേഗത്തിൽ നടന്ന് ബസ്സിൽ കയറി.
"ഹോ ..!ആശ്വാസമായ് .നാശത്തെ കളഞ്ഞു.
ഇനി സ്വസ്ഥമായ് ജീവിക്കാം ."
കാതിൽ പതിഞ്ഞ സാലിയുടെ ശബ്ദംകൊല്ലന്റെ
ആലയിൽ ഉരുകുന്ന തീക്കനൽ പോലെ
ചുട്ടുപഴുത്തിരുന്നു .
"മുത്തശ്ശിയെ കളയാൻ കൊണ്ട് വന്നതായി
രുന്നോ ?''
ജിനിമോളുടെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.
കണ്ണുനീർകാഴ്ചയെമങ്ങലേൽപ്പിച്ചെങ്കിലും
അവളുടെ മുഖം കാണാം.ആ കുഞ്ഞു
കണ്ണിണകൾ പല തവണ വെറുതെ ചിമ്മിയട
യുന്നത് വ്യക്തമായ് കണ്ടു .
ശുഭം.
(എല്ലാം ശുഭമായി എന്നു നമ്മൾ കരുതും.
പക്ഷെ ....തുടക്കം മാത്രമായിരുന്നു എന്നറിയുമ്പോൾ വൈകിയിട്ടുണ്ടാവും.
ഒന്നും അവസാനിക്കില്ല ..തുടർന്നു കൊണ്ടെയിരിക്കും .)
"ഇത് വേണോ ജിനി ? ഒന്നൂടെ ആലോചിച്ചിട്ട്
പോരെ ? മക്കളെ നോക്കാനെങ്കിലും...
വീട്ടിൽ ആളുണ്ടാവുമല്ലോ ? "
ജിനി തിരിഞ്ഞ് ഭർത്താവിനെ നോക്കി .
"നശിച്ച ഈ ചുമ കാരണം ഉറങ്ങിയിട്ടെത്ര
നാളായെന്ന് ജയനറിയോ ?കാണുന്നിടത്തെല്ലാം
തുപ്പി വയ്ക്കും നാശം ,എത്ര വേലക്കാരികളാണ് ഇട്ടിട്ട്പോയത്? ഇനി വയ്യ ഈ ഭാരംചുമക്കാൻ .
ഇപ്പോൾനടക്കാൻ കഴിയുന്നുണ്ട്.കിടപ്പായാൽ പിന്നെ ആരാ നോക്കുക ?"
ജിനിമോളുടെ ചോദ്യങ്ങൾക്കൊന്നും മരുമകൻ ജയന് ഉത്തരമില്ലായിരുന്നു.
ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു .മകളും ,
മരുമോനും ചേർന്ന്തന്നെ കളയാൻകൊണ്ടുവന്ന
സ്ഥലം നോക്കി കണ്ടു .അവിടെ ,തന്നെ പോലെ ഉപേക്ഷിക്കപ്പെട്ട ഒരുപാട് പേരെ കണ്ടു.
ജിനിയും ഭർത്താവും യാത്ര പറഞ്ഞിറങ്ങും
മുന്നെ കൊച്ചുമോൾ സജിനി അവളുടെ
തോളിൽ തൂങ്ങിയിരുന്ന വാട്ടർബോട്ടിൽതന്റെ
കയ്യിൽ തന്നു .
" മുയുവനും ,മുത്തച്ഛൻ കുടിച്ചോട്ടോ " ആ വാക്കുകൾ മറവിലൊരു തരിവെട്ടം തെളിച്ചു.ആ കുഞ്ഞു വെട്ടത്തിൽ പാർക്കിലെ ബഞ്ചിലിരുന്നു കിതയ്ക്കുന്ന തന്റെ അമ്മയെ കണ്ടു
കണ്ണുകൾ വെറുതെ നിറഞ്ഞു .കണ്ണുതുടയ്ക്കു
മ്പോൾ കൊച്ചു മോളുടെ ചിമ്മിയടയുന്ന
കണ്ണുകൾ കണ്ടു പൊട്ടിച്ചിരിക്കാൻ തോന്നി ..
ജീവിതം തുടരും ...
ശുഭം .
By
Nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo