നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൂടുപടം (കഥ)

Image may contain: Sajitha Anil, smiling, standing and indoor
......................
" അറിവിൻ നിലാവേ.... മറയുന്നുവോ നീ....
സ്മൃതി നിലാവിൻ കണിക തേടി.... രജനീഗന്ധിക....
തിരുമുമ്പിൽ നിൽപ്പൂ... അറിയാത്തതെന്തേ......."
ഗായിക ചിത്ര മൃദുവും മധുരതരവുമായ ശബ്ദത്തിൽ ആലപിച്ച രാജശില്പി എന്ന ചിത്രത്തിലെ ഗാനം മുറിയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു. കട്ടിലിൽ കിടന്നുകൊണ്ട് തന്നെ അയാൾ കയ്യെത്തിച്ചു ലാപ്ടോപ്പ് എടുത്തു. അത്രയും ഉത്സാഹം അയാൾക്ക് തോന്നാൻ കാരണം കുറച്ചു ദിവസങ്ങളായി അയാൾ അക്ഷമയോടെ കാത്തിരുന്നിരുന്ന ഒരു സന്ദേശം വന്നുവോ എന്നറിയാനുള്ള തിടുക്കം ആയിരുന്നു.
അയാൾ...!, ദേവദത്തൻ, ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഒരെഴുത്തുകാരൻ. പ്രശസ്തമായ നാഗമഠത്ത് തറവാട്ടിലെ ഇളമുറക്കാരനായ ദേവദത്തന് ഇപ്പോൾ വയസ്സ് നാൽപ്പത്തിയഞ്ചിനോട് അടുത്തിരിക്കുന്നു. തലമുറകളിലെ ഒരാൾക്ക് ചിത്തഭ്രമം ഉണ്ടാകുമെന്ന് ശാപം കിട്ടിയ തറവാട്ടിലെ അവസാന തലമുറക്കാരന് പക്ഷേ സാഹിത്യവാസന എന്ന ഭ്രാന്താണ് പിടിപെട്ടത്. അതാവട്ടെ ആളുകൾ ഇഷ്ടപ്പെടുന്ന ഭ്രാന്തും. ദേവദത്തന്റെ എഴുത്തുകൾക്ക് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്ന ഒരുപാട് മലയാളികൾ ഇന്ന് ലോകത്തിന്റെ നാനാദിക്കുകളിലും ഉണ്ടെന്നിരിക്കെ ഇവിടെ അയാൾ ഒരേയൊരു സന്ദേശത്തിന് വേണ്ടി കാത്തിരിക്കുന്നു, എങ്കിൽ അത് അയാളെ സംബന്ധിച്ചിടത്തോളം അത്രമാത്രം വിലപ്പെട്ടതായിരിക്കണം.
അതെ, ദേവദത്തനെ സംബന്ധിച്ചിടത്തോളമത് വിലമതിക്കാനാവാത്തതാണ്. അത് നിരഞ്ജനയുടെ സന്ദേശമാണ് എന്നതാണ് അതിന് കാരണം.
എഴുത്തിന്റെ ലോകത്ത് കാലുകൾ അമർത്തി ചവിട്ടി ശിരസ്സുയർത്തി മുന്നോട്ട് നടക്കുന്ന കാലത്തിലാണ് അപ്രതീക്ഷിതമായി ഇമെയിലിൽ ഒരു സന്ദേശമെത്തിയത്. ഏറ്റവും അവസാനം ഇറങ്ങിയ പുസ്തകത്തെ കുറിച്ചുള്ള നിരൂപണമായിരുന്നു അത്. മുക്തകണ്ഡം പ്രശംസകൾ ഏറ്റുവാങ്ങിയതും തന്നെ പ്രശസ്തരുടെ പദവിയിലേക്ക് ഉയർത്തിയതുമായ ആ പുസ്തകം ,നാരിഴ കീറി ചെയ്തിരിക്കുന്ന ആ നിരൂപണം ദേവദത്തനെ വല്ലാതെ ആകർഷിച്ചു. വായനക്കാർക്ക് പലർക്കും മനസ്സിലാവാതെ പോയ ഭാഗങ്ങൾ വരെ കൃത്യമായി നിരൂപണം നടത്തിയ ആ ആൾ ആരെന്നറിയാനാണ് അതിവേഗം ബാക്കി വിശദാംശങ്ങൾ തിരഞ്ഞത്.
നിരഞ്ജന എന്ന ഒരു പേരും അതേ പേരിൽ തന്നെയുള്ള ഒരു ഇമെയിൽ ഐഡിയും മാത്രമേ ലഭിച്ചുള്ളൂ. നിരാശ മറച്ചു വെച്ചു ഉടനെ തന്നെ മറുപടി അയച്ചു. അതിൽ നന്ദി പറയുന്നതിനോടൊപ്പം എടുത്തു ചോദിച്ചത് ആരാണ് താങ്കൾ എന്നതറിയുവാനും പരിചയപ്പെടാനും അതിയായ ആഗ്രഹമുണ്ട് എന്നതായിരുന്നു. അതിന് മറുപടിയായി വന്നത്
" സമയമായില്ല പ്രിയ എഴുത്തുകാരാ, സമയം സമാഗതമാകുമ്പോൾ ഈയുള്ളവൾ തിരുമുമ്പിൽ മുഖം കാണിക്കുവാൻ വരുന്നതാണ്. അതുവരെയും ആ തൂലിക പ്രസവിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിച്ചു വിവരങ്ങൾ അറിയിച്ചു കൊള്ളാം " എന്നായിരുന്നു.
അന്ന് മുതൽ ഏത് പുസ്തകം ഇറക്കിയാലും മറ്റു അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും, തിരയുന്നതും കാത്തിരിക്കുന്നതും ഒരേയൊരു മെയിലിന് വേണ്ടിയായിരുന്നു. അത് നിരഞ്ജനയുടേതായിരുന്നു.
ഇത്തവണ കർണ്ണനെ കേന്ദ്ര കഥാപാത്രമാക്കി ഏറെ പ്രതീക്ഷയോടെ എഴുതിയ ' രാധേയൻ ' എന്ന നോവലിനെ കുറിച്ചുള്ള നിരഞ്ജനയുടെ അഭിപ്രായത്തിനു വേണ്ടിയാണീ കാത്തിരിപ്പ്.
പലതവണ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചിട്ടും സമയമായില്ല എന്ന പതിവ് മറുപടി തന്നെയാണ് അവൾ കൊടുത്തു കൊണ്ടിരുന്നത്.
കിടന്നു കൊണ്ട് തന്നെ ലാപ്പ് ടോപ്പ് തുറന്ന് പരതിയ ദേവദത്തൻ പൊടുന്നനെ പിടഞ്ഞെഴുന്നേറ്റു. കാരണം അയാൾ കാത്തിരുന്ന നിരഞ്ജനയുടെ ആ മെയിൽ വന്നിട്ടുണ്ടായിരുന്നു ! ആകാംഷയോടെ, അതിലേറെ നിയന്ത്രണമില്ലാതെ മിടിക്കുന്ന ഹൃദയത്തോടെ ദേവദത്തൻ അത് തുറന്നു.
ദേവൻ,,,
താങ്കളുടെ രചനകൾ എല്ലാം എനിക്ക് പ്രിയപ്പെട്ടവയാണന്നറിയാമല്ലോ..
വേണമെങ്കിൽ 'രാധേയൻ' എന്ന നോവലിനെക്കുറിച്ചെനിക്ക് നല്ലത് മാത്രം പറയാം. പക്ഷേ എന്റെ മനസാക്ഷി അതിനനുവദിക്കുന്നില്ല.. എല്ലാവരെയും പോലെ താങ്കളും രാധേയനെ പുകഴ്ത്തുക മാത്രമാണ് ചെയ്തത് .. വ്യാസ ഭാരതത്തിലെ സംഭവപരമായ വിശദാശംങ്ങളിലൂടെ കർണ്ണന്റെ ചരിത്രത്തെ, സൂക്ഷ്മമായി വിശദീകരിച്ചു കൊണ്ട് മിഴിവുറ്റതാക്കാൻ താങ്കൾക്ക് കഴിഞ്ഞു. പക്ഷേ
ദ്രൗപദിയെ ഇവിടെ ഒരു സാധാരണ സ്ത്രിയായ് കണ്ടു കൊണ്ട് കുരുക്ഷേത്രയുദ്ധത്തിന്റെ മൂലകാരണം അവരുടെ തലയിൽ കെട്ടിവച്ച് പഴി ചാരുന്നു.
ഇതൊരു വിമർശനമായി താങ്കൾ കരുതണ്ട.
ഇവിടെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞോട്ടെ
താങ്കൾ വരച്ചിട്ട പാഞ്ചാലിയുടെ അഞ്ച് പതിമാരുടെ കാര്യം: അഞ്ച് പതിമാർ വേണമെന്ന് ഒരിക്കലും ദ്രൗപതി ആഗ്രഹിച്ചിരുന്നില്ല. അഞ്ച് പേരെയും ഭർത്താവായി സ്വീകരിക്കേണ്ടി വന്ന സാഹചര്യം പറയേണ്ടതില്ലല്ലോ ?
ഇനി താങ്കൾ പ്രതിപാദിച്ച കുലമഹിമയുള്ള അഞ്ച് പതിമാർ ദ്രൗപതിയെ ദുശ്ശാസ്സനൻ രാജസദസ്സിലൂടെ വലിച്ചിഴച്ച് കൊണ്ടുവന്നപ്പോൾ വെറുതെ നോക്കി നിന്ന കാര്യം... ഒരു പക്ഷേ പരാജിതരായി നിൽക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയാനാവാത്ത അവസ്ഥയാകാം അവരെ അങ്ങനെ നിർത്തിയത്. അല്ലെങ്കിൽ ഭീരുത്വം ആവാം എങ്ങനെ വേണേലും വ്യാഖ്യാനിക്കാം. പക്ഷേ പാണ്ഡവർ തടുത്തു എന്നു കരുതി ദുര്യോധനൻ ഒരിക്കലും അങ്ങനെ ചെയ്യാതിരിക്കില്ല. ചിലപ്പോൾ പിതാവായ ധൃതരാഷ്ട്രർ പറഞ്ഞാൽ പോലും ദുര്യോധനൻ അനുസരിക്കുമായിരുന്നില്ല. എന്നാൽ കർണ്ണൻ അരുതെന്നു പറഞ്ഞാൽ ദുര്യോധനൻ അനുസരിക്കുമായിരുന്നു കാരണം മഹാരഥനായ കർണ്ണന് ദുര്യോധനനെ അത്രത്തോളം സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ദ്രൗപദിയുടെ ധാർഷ്ട്യമാണ് കുരുക്ഷേത്രയുദ്ധത്തിന് മൂലകാരണമെന്ന് താങ്കൾ അടിവരയിടുമ്പോൾ ഒന്ന് ചോദിച്ചോട്ടെ ? രാജസദസ്സിലൂടെ തന്നെ വലിച്ചിഴച്ച് കൊണ്ട് പോയി വസ്ത്രാക്ഷേപം ചെയ്തവരോട് ക്ഷമിക്കണമായിരുന്നോ പാഞ്ചാലി ?
ഇവിടെ എന്ത് തെറ്റാണ് ദ്രൗപദി ചെയ്തത് ? അവർ പാണ്ഡവ പത്നിയാണ്, ഹസ്തിന പുരിയിൽ അവർക്കുമുണ്ടൊരു സ്ഥാനം. ഇനി അതല്ലായെങ്കിൽക്കൂടി നിസഹായയായ ഒരു സ്ത്രീയെ അതും രജസ്വലയായിരിക്കുമ്പോൾ രാജസദസ്സിൽ വച്ച് തുണി ഉരിഞ്ഞ് അപമാനിക്കുന്നതാണോ സുയോധനന്റെ ധർമ്മം ? ഇങ്ങിനെയാണോ പ്രതികാരം ചെയ്യേണ്ടത് ? ദുര്യോധനനും തൊണ്ണൂറ്റി ഒൻപത് സന്താനങ്ങൾക്കും പന്തടിച്ച് കളിക്കാനുള്ള കളിപ്പന്താണോ ദ്രൗപദി ?
കർണ്ണൻ ധർമ്മിഷ്ഠൻ അല്ലാന്ന് ഒരിക്കലും എനിക്ക് പറയാനാകില്ല. മഹാഭാരതത്തിൽ ശ്രേഷ്ഠമായ സ്ഥാനം തന്നെയാണ് കർണ്ണന് വ്യാസൻ നൽകിയിരിക്കുന്നത്. അതിൽ സംശയമില്ല. സ്വന്തം ജീവൻ പോലും തന്റെ കൂടെപ്പിറപ്പുകൾക്ക് വേണ്ടി നൽകാൻ തയ്യാറായ ആ വലിയ മനസ്സിനെ നമിക്കുന്നു.
തെറ്റുകൾക്കെതിരെ കണ്ണടച്ച കർണ്ണനെയാണ് ഞാനിവിടെ വിമർശിക്കുന്നത്..
ധർമ്മാധർമ്മങ്ങളുടെ യുദ്ധമായിരുന്നു കുരുക്ഷേത്രയുദ്ധം. സത്യം മാത്രം പറഞ്ഞ് ശീലിച്ചിട്ടുള്ള യുധിഷ്ഠരന് പോലും അവസാനം ഒരു നുണ പറയേണ്ടി വന്നു. അങ്ങനെ പറയാൻ പറഞ്ഞു കൊടുത്തതോ സാക്ഷാൽ ഭഗവാൻ (കൃഷ്ണൻ ) തന്നെ. വില്ലാളിവീരനെന്ന് സ്വയം പുകഴ്ത്തിയിരുന്ന പാർത്ഥനും ഭീഷ്മരെ വീഴ്ത്താൻ അവസാനം ശിഖണ്ഡിയുടെ സഹായം വേണ്ടി വന്നു. ഇങ്ങനെ പോകുന്നു അധർമ്മങ്ങളുടെ കണക്ക്.
പാണ്ഡവർക്ക് രാജ്യത്തിനായുള്ള അവകാശവാദം ഉന്നയിക്കാൻ ധാർമ്മികപരമായി കഴിയില്ല എന്ന് താങ്കൾ പറയുമ്പോൾ ഒന്നു ചോദിച്ചോട്ടെ ?
ശരിക്കും ഹസ്തനപുരി കൗരവർക്കും അവകാശപ്പെട്ടതാണോ.?
ഇനി നമുക്ക്
മഹാഭാരതത്തിന്റെ ഉള്ളറയിലേക്കൊന്നിറങ്ങി നോക്കാം.
ശന്തനു മഹാരാജാവിന് ഗംഗാദേവിയിൽ ഉണ്ടായ എട്ടാമത്തെ പുത്രനായിരുന്ന ഭീഷ്മർ എന്ന ദേവവൃതൻ. തന്നോളം വളർന്ന മകനുണ്ടായിട്ടും ശന്തനു മഹാരാജാവ്, സുന്ദരിയായ മൽസ്യകന്യക സത്യവതിയെ കണ്ടപ്പോൾ അനുരാഗ വിലോചനനായി. ദേവവൃതൻ പിതാവിന് വേണ്ടി പെണ്ണന്വേഷിച്ച് സത്യവതിയുടെ പിതാവിന്റെ അടുക്കൽ എത്തിയപ്പോൾ തന്റെ പുത്രിയെ വിവാഹം കഴിച്ച് നൽകണമെങ്കിൽ ശന്തനു മഹാരാജാവിന് സത്യവതിയിലുണ്ടാകുന്ന പുത്രന് രാജ്യവകാശം നൽകിയാലേ കഴിയൂ എന്ന് ദാസരാജാവ് ( സത്യവതിയുടെ പിതാവ്) പറഞ്ഞപ്പോൾ, തനിക്ക് രാജ്യാവകാശം വേണ്ടാ എന്ന് ദേവവൃതൻ പറയുന്നു. അവിടെ കൊണ്ടും സമസ്യ തീരുന്നില്ല ദേവവൃതന്റെ പുത്രൻമാർ രാജ്യാവകാശം ഉന്നയിച്ചാലോ എന്ന സന്ദേഹം വീണ്ടുമുണ്ടാകുന്നു ദാസരാജാവിന്. അവസാനം താൻ നിത്യബ്രഹ്മചാരിയായി ജീവിക്കാമെന്ന വാക്കിൻമേൽ, ദാസ രാജാവ് ശന്തനുവിന് സത്യവതിയെ വിവാഹം ചെയ്തു നൽകുന്നു. ചിത്രാംഗതൻ, വിചിത്രവീര്യൻ, എന്നീ പുത്രൻമാർ സത്യവതിയിൽ ജനിച്ചതിന് ശേഷം ശന്തനു മഹാരാജാവ് മൃതിയടയുന്നു. വിവാഹ പ്രായമായപ്പോൾ വിചിത്രവിരനുവേണ്ടി ഭീഷ്മർ അംബ, അംബിക, അംബാലിക എന്നിവരെ ബലമായി പിടിച്ചു കൊണ്ടുവന്നു വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു. ഈ അംബയാണ് പിന്നീട് ശിഖണ്ഡിയായി മാറിയത്.
അനന്തരവകാശികൾ ഇല്ലാതെ വന്നപ്പോൾ അവസാനം സത്യവതി തനിക്ക് ' പരാശര മുനിയിലുണ്ടായ വ്യാസനെന്ന ' പുത്രനെയാണ് രാജാവാക്കുന്നു. വ്യാസന് അംബിക, അംബാലിക എന്നിവരിലുണ്ടായ പുത്രൻമാരാണ് ധൃതരാഷ്ട്രരും പാണ്ഡുവും.
ഇങ്ങിനെ ശന്തനു മഹാരാജാവിന് ധൃതരാഷ്ട്രരോ പാണ്ഡുവോ ആയി നേരിട്ടൊരു ബന്ധവുമില്ലത്ത സ്ഥിതിക്ക് ഹസ്തനപുരിയുടെ യഥാർത്ഥ അവകാശികൾ പാണ്ഡവരും കൗരവരും ആണോ? എന്റെ സംശയങ്ങൾ മാത്രമാണിത്.'
ഒരു ഭാഗം മാത്രം കണ്ടു കൊണ്ട് ഒരു തീർപ്പു കൽപ്പിക്കാൻ നമുക്കാകില്ല.
എല്ലാവരും പുകഴ്ത്തിയ പുസ്തകത്തെ കുറിച്ചു ഇങ്ങിനെയൊരു നിരൂപണം നടത്തിയതിന് ക്ഷമിക്കൂ ദേവൻ. എന്തോ ഇതെനിക്ക് ഉൾക്കൊള്ളാനായില്ല. അതും പ്രിയപ്പെട്ട ഒരെഴുത്തുകാരന്റെ മൂർച്ചയുള്ള തൂലികയിൽ നിന്നാകുമ്പോൾ കണ്ണടച്ച് അനുമോദിക്കുവാൻ കഴിയുന്നില്ല.
വീണ്ടും കാണാം.
നിരഞ്ജന.
അവളുടെ വാക്കുകളിലെ സ്ത്രീപക്ഷ ചിന്താഗതിയെക്കുറിച്ച് ദേവദത്തൻ ഓർത്തു. ഒരർത്ഥത്തിൽ ശരിയല്ലേ നിരഞ്ജന പറഞ്ഞത്. സ്വയംവര മണ്ഡപത്തിൽ വച്ച് പരിഹാസ്യനായ കർണ്ണനെ മാത്രമേ താൻ കണ്ടുള്ളൂ. രാജസദസ്സിൽ വച്ച് അപമാനിതയായ, തന്റെ മാനം രക്ഷിക്കാൻ കേണപേക്ഷിച്ച ദ്രൗപതിയെ താൻ കണ്ടില്ല.
'' പ്രിയ കൂട്ടുകാരീ,
നിന്റെയീ വിലയിരുത്തൽ തികച്ചും ശരിയാണ്. എല്ലാവരും പുകഴ്ത്തിയപ്പോളും എന്റെ പ്രിയങ്കരിയുടെ വാക്കുകൾക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു. കാരണം എന്റെ എഴുത്തിന്റെ പോരായ്മകൾ നിനക്ക് മാത്രമേ തുറന്ന് കാണിക്കുവാൻ സാധിക്കുകയുള്ളൂ എന്നെനിക്കറിയാമായിരുന്നു. പൊള്ളയായ പുകഴ്ത്തലുകളേക്കാൾ ഏറെ പ്രിയം സത്യസന്ധമായ ഈ വാക്കുകൾ കേൾക്കുന്നത് മാത്രമാണ്.
ഒരുപാട് ഇഷ്ടത്തോടെ
ദേവൻ. "
അയാൾ നിരഞ്ജനയ്ക്ക് മെയിലിന്റെ മറുപടി അയച്ചിട്ട് ലാപ്‌ടോപ്പ് ഓഫ് ചെയ്തു. മനസ്സ് വീണ്ടും അനുസരണയില്ലാത്ത കുട്ടിയായി അവളിലേക്ക് തന്നെ ഓടിയെത്തി. ആ കിടപ്പിൽ എപ്പോഴോ ദേവദത്തൻ ഒന്ന് മയങ്ങിപ്പോയി. പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. നിരഞ്ജനയുടെ ഓർമ്മകൾ ഒരു മന്ദമാരുതനായി ഒഴുകിയെത്തിടുമ്പോൾ മാത്രം ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയോടെ അയാൾ ലാപ്ടോപ് വീണ്ടും ഓൺ ചെയ്തു. അതിൽ അവളുടെ ഒരു പുതിയ മെയിൽ വന്നു കിടക്കുന്നത് അയാൾ കണ്ടു. അല്ലെങ്കിലും അസ്വസ്ഥമായ ഓരോ ഉറക്കവും കഴിഞ്ഞു എഴുന്നേൽക്കുമ്പോഴും അത് മുൻകൂട്ടി അറിയുന്നത് പോലെ അവളുടെ ഒരു മെയിൽ വരാറുണ്ടായിരുന്നു.
" ദേവനെ ഞാൻ വിഷമിപ്പിച്ചുവോ ? എങ്കിൽ ആ വിഷമം മാറാൻ ഒരു സന്തോഷ വാർത്ത പറയട്ടെ ? നാളത്തെ പ്രത്യേകത എന്താന്നറിയോ ദേവന് ? നാളെ ആഗസ്ത് ഇരുപത്തിമൂന്ന് .നമ്മൾ ആദ്യമായ് പരിചയപ്പെട്ടത് മൂന്നു വർഷങ്ങൾക്ക് മുമ്പ് ഉള്ള ഒരു ആഗസ്റ്റ് ഇരുപത്തിമൂന്നിനാണ്.
അതെ ഈ ആഗസ്ത് ഇരുപത്തിമൂന്നിന് ഞാൻ എന്റെ പ്രിയപ്പെട്ട ' ദേവന്മാരെ ' കാണാൻ വരുന്നു. തൃശൂർ വടക്കുംനാഥ സന്നിധിയിൽ വെച്ച് സാക്ഷാൽ ദേവന്റെ മുമ്പിൽ വെച്ചാവട്ടെ ഈ ദേവനുമായുള്ള കൂടിക്കാഴ്ച്ച. അകത്തും പുറത്തും ദേവസന്ദർശനം എന്ന അപൂർവ്വ ഭാഗ്യം. ഈ ദേവിയുടെ ദർശനം വേണമെന്നുണ്ടെങ്കിൽ അങ്ങട് വരിക. പരമേശ്വരൻ പാർവ്വതി ദേവിക്ക് ദർശനം നൽകുന്ന നടയുടെ ഇടതുവശത്തുള്ള അരയാൽ തറയിൽ രാവിലെ ഞാനുണ്ടാകും.
നിരഞ്ജന. "
അക്ഷരങ്ങളിലൂടെ കണ്ണുകൾ ഓടിനടന്നപ്പോൾ അയാളുടെ മനസ്സിനെ എന്തെന്നറിയാത്ത ഒരു സന്തോഷം മദിച്ചു. വളരെ നാളായി കാണാനാഗ്രഹിക്കുന്നവൾ കൺമുന്നിൽ എത്തുന്നു.
പ്രായം പെട്ടെന്നൊരു ഇരുപതുകാരനിലേക്ക് കൂപ്പുകുത്തുന്നതയാൾ അറിഞ്ഞു. മനസ്സ് എത്ര പിടിച്ചിട്ടും നിൽക്കുന്നില്ല. ഒരു കുഞ്ഞിനെപ്പോലെയത് തത്തിക്കളിക്കുന്നു.
പിറ്റേ ദിവസം നിരഞ്ജന പറഞ്ഞിരുന്ന സമയത്തിന് അര മണിക്കൂർ മുൻപ് തന്നെ അയാൾ വടക്കും നാഥ സന്നിധിയിൽ എത്തി. അവൾ അടയാളം പറഞ്ഞിരുന്ന നടവാതിലിന് ഇടതുവശത്തുള്ള അരയാൽ തറയിൽ ഇരിപ്പുറപ്പിച്ചു. കണ്മുമ്പിലൂടെ കടന്നു പോകുന്ന ഓരോ സ്ത്രീ രൂപത്തിലും അയാൾ തിരഞ്ഞത് നിരഞ്ജനയെ ആയിരുന്നു. അമ്പലത്തിലേക്ക് വന്ന യുവതികളേയും കയ്യിലുള്ള ഫോണിലേക്കും മാറി മാറി നോക്കി കാത്തിരുന്ന ദേവദത്തന് പക്ഷേ നിരാശയായിരുന്നു സമ്മാനമായി കിട്ടിയത്. ഇഷ്ടദേവനെ കാണാൻ ഒരുപാട് പേർ വന്നെങ്കിലും ഈ ദേവനെ കാണാനായി അവൾ വന്നില്ല.
നിരാശ നിറഞ്ഞ മനസ്സുമായി അയാൾ വീട്ടിലേക്ക് നടന്നു. മനസ്സ് മടിയുടെ മുഖാവരണം അണിഞ്ഞപ്പോൾ വസ്ത്രം പോലും മാറാതെ കിടക്കയിലേക്ക് വീഴുകയാണ് ദേവദത്തൻ ചെയ്തത്. ഈ ലോകത്തോട് മുഴുവൻ അമർഷം തോന്നിയ നിമിഷങ്ങൾ. കയ്യെത്തുന്ന ദൂരത്ത് വന്നിട്ടും പിടി തരാതെ പറക്കുന്ന ചിത്രശലഭമാണ് നിരഞ്ജന എന്നയാൾക്ക് തോന്നി. ഉറക്കത്തിൽ നിന്നും സന്ധ്യയുടെ നിറവിലേക്കാണ് പിന്നീട് ദേവദത്തൻ കണ്ണുകൾ തുറന്നത്.
പതിവ് പോലെ കൈകൾ ആദ്യം തിരഞ്ഞത് ലാപ് ടോപ്പ് തന്നെയായിരുന്നു. അവളുടെ മെയിൽ വന്നു കിടക്കുന്നുണ്ടായിരുന്നു.
" ഹായ് ദേവൻ,,,
ആദ്യമേ ക്ഷമ ചോദിക്കുന്നു. വരാൻ കഴിഞ്ഞില്ല. നമ്മുടെ കണ്ടുമുട്ടൽ എന്നതിന് ഇനിയും സമയമായില്ല എന്ന് തോന്നുന്നു. അതാവും ഇങ്ങിനെ വിഘ്‌നങ്ങൾ വരുന്നത്. അല്ലെങ്കിലും ഒന്ന് ചിന്തിച്ചാൽ ഒരിക്കൽ കണ്ടുമുട്ടാം എന്ന കാത്തിരുപ്പല്ലേ വീണ്ടും സംവദിക്കാനുള്ള പ്രതീക്ഷ നമുക്ക് നൽകുന്നത്. എന്നാലല്ലെ താങ്കൾ ഇനിയും എന്റെ അക്ഷരങ്ങൾക്കായി ഇവിടെ ഓടിയെത്തുകയുള്ളൂ ?
''കാലവും ക്ഷമയും ഇവരാണ് ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കൾ.. " എന്ന ടോൾസ്റ്റോയിടെ ഈ വാക്കുകൾ ഞാൻ ഇവിടെ കടമെടുത്തു കൊള്ളട്ടെ.
ക്ഷമയോടുകൂടി കാത്തിരിക്കൂ ദേവൻ , ഇന്നല്ലെങ്കിൽ നാളെ നമ്മൾ തീർച്ചയായും കണ്ടുമുട്ടും. അതുവരെ ഇനിയും എഴുതൂ ഞാനുണ്ടാകും നിങ്ങളിലെ വരികളെ കീറിമുറിക്കാൻ.
നിരഞ്ജന. "
വായിച്ചു കഴിഞ്ഞിട്ടും ഇനിയുമെന്തോ വായിക്കാനുള്ളത് പോലെ ദേവദത്തൻ സ്ക്രീനിലേക്ക് തന്നെ തുറിച്ചു നോക്കിയിരുന്നു. ഒടുവിൽ ദീർഘനിശ്വാസത്തോടെ അത് അടയ്ക്കുകയും, അടുത്ത നിമിഷം തന്നെ തുറന്ന് മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങുകയും ചെയ്തു.
" നിരഞ്ജന,, പ്രിയമുള്ളവളെ,,
ഇത്തവണയെങ്കിലും തന്നെ ഒന്ന് നേരിൽ കാണാനാകും എന്ന് ഞാൻ അത്രമേൽ പ്രതീക്ഷീച്ചിരുന്നു. നടക്കാതെ പോയതിൽ ഏറെ നിരാശയുണ്ട്. എന്താണ് നമ്മളെ തമ്മിൽ കണ്ടു മുട്ടുന്നതിന് തടസ്സം നിൽക്കുന്നത് എന്നത് മാത്രം മനസ്സിലാകുന്നില്ല. ചിലപ്പോൾ താൻ പറയുന്നത് പോലെ സമയമായിട്ടുണ്ടാവില്ല. ഒന്ന് സത്യമാണ്. ; എന്നെ ഇത്രമേൽ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താൻ എവിടെയോ ഉണ്ട്. അത് മാത്രമാണ് തനിച്ചായി പോയ എന്നെ ഈ ലോകത്ത് ഇതുപോലെ പിടിച്ചു നിർത്തുന്നത് എന്ന സത്യം. അല്ലെങ്കിൽ എന്റെ തറവാട്ടു ശാപം പേറി ചങ്ങലപ്പൂട്ടിൽ ബന്ധിതനായി എന്നേ ഞാനീ അകത്തളത്തിൽ തളയ്ക്കപ്പെട്ടേനെ. സമാഗമനത്തിന്റെ ആ മനോഹര നിമിഷത്തിനായി കാത്തിരിക്കുന്നു.
തെളിഞ്ഞു ശോഭിച്ച ദീപനാളങ്ങൾക്ക് മുന്നിൽ തൊഴു കയ്യോടെ നിന്ന് ദേവനെ പൂജിക്കുന്ന എന്റെ ദേവിയുടെ രൂപം എനിക്കിപ്പം കാണാം.. പ്രിയമുള്ളവളേ
ഇനിയും ഞാനെഴുതാം നിനക്ക് വേണ്ടി... നിനക്ക് വേണ്ടി മാത്രം... കാരണം ഇന്നെനിക്ക് എല്ലാം നീയാണ് ....നീ മാത്രമാണ്..
നിന്റെ മാത്രം ദേവൻ. "
മനസ്സിൽ നിന്ന് വലിയൊരു കൊടുമുടി ഇറക്കി വെച്ചത് പോലെ ദേവദത്തൻ ഒന്നാശ്വസിച്ചു. മനസ്സ് ശൂന്യമായത് പോലെ അയാൾക്ക് തോന്നി. സുഖകരമായൊരു അനുഭൂതിയിലേക്ക് വഴുതിയ ദേവദത്തൻ നിദ്രയിലേക്ക് കടക്കുവാൻ അധിക സമയം വേണ്ടിയിരുന്നില്ല
മുകളിൽ കറങ്ങുന്ന പങ്കയുടെ ചലനം ഒഴിച്ചാൽ പരിപൂർണ്ണ നിശബ്ദമായ അന്തരീക്ഷത്തിലേക്ക് പൊടുന്നനെയാണ് ദേവദത്തൻ പിടഞ്ഞെഴുന്നേറ്റത്. പാതിയുറക്കത്തിലെന്ന പോലെ മുറിയ്ക്ക് പുറത്തേക്കിറങ്ങി ഇടനാഴിയിലൂടെ മുന്നോട്ട് അതിദ്രുതം നടന്ന അയാൾ നിന്നത് പൂട്ടിക്കിടന്നിരുന്ന ഒരു മുറിയുടെ മുമ്പിലായിരുന്നു. ചിരപരിചിതനെ പോലെ താക്കോൽ തപ്പിയെടുത്ത് മുറിയിലേക്ക് കയറിയ ദേവദത്തൻ കയ്യെത്തിച്ച് ലൈറ്റിട്ടു. ആ മുറിയുടെ തറയിൽ നിറയെ ഉണങ്ങിയ ചോരപ്പാടുകൾ ഉണ്ടായിരുന്നു. അടഞ്ഞു കിടന്ന ജനാലയുടെ അഴികളിൽ തൂങ്ങിക്കിടന്നിരുന്ന കനത്ത ചങ്ങല ! കട്ടിലിന്റെ കാലിനോട് ചേർന്ന് ബന്ധിച്ചിരുന്ന മറ്റൊരു ചങ്ങല ! ഏതോ വിടവിലൂടെ അകത്തു കയറുന്ന കാറ്റിന്റെ ചൂളംവിളി ആർത്തനാദത്തിന്റെ പ്രതീതി ഉളവാക്കി. കാറ്റിൽ തുറന്നടയുന്ന ജനാലപ്പാളിയുടെ ശബ്ദം തല കൊണ്ട് ചുമരിൽ തല്ലുന്നത് പോലെയായിരുന്നു.
ദേവദത്തൻ വാതിൽ അടച്ചു അകമേ നിന്നും കുറ്റിയിട്ടു. കണ്ണുകൾ പൂർണ്ണമായും തുറക്കാതെ പാതിയുറക്കത്തിന്റെ അവസ്ഥയിൽ മുറിയുടെ നടുവിൽ നിന്ന അയാൾ പൊടുന്നനെയാണ് കണ്ണുകൾ തുറന്നത്. ക്രമേണ ആ മുഖത്തേക്ക് സ്ത്രൈണ ഭാവം പടർന്നു.
മുറിക്കുള്ളിലുണ്ടായിരുന്ന മേശമേൽ വച്ചിരുന്ന കമ്പ്യൂട്ടർ ഓൺ ചെയ്‌തു അയാൾ എന്തോ ടൈപ്പ് ചെയ്യുവാൻ തുടങ്ങി. ഏതാനും നിമിഷങ്ങൾ നീണ്ടു നിന്ന ടൈപ്പിംഗിനൊടുവിൽ അയാളുടെ കണ്ണുകൾ പാതിയടഞ്ഞ, പാതിയുറക്കത്തിന്റേതായ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വന്നു. അയാൾ പുറത്തേക്കിറങ്ങി മുറി പൂട്ടി പഴയ മുറിയിലേക്ക് തിരിച്ചു നടന്നു.. കട്ടിലിലേക്ക് കയറി കിടന്ന് ഉറക്കത്തിൽ മുഴുകിയ ദേവദത്തന്റെ ലാപ്‌ടോപ്പിൽ അപ്പോൾ നിരഞ്ജനയുടേതായ ഒരു മെയിൽ വന്നു കിടക്കുന്നുണ്ടായിരുന്നു.... മുറിക്ക് പുറത്ത് പെയ്യുന്ന നിലാ വെളിച്ചത്തിന് പിടി കൊടുക്കാതെയപ്പോൾ ഒരു നിഴൽ ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
സജിത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot