Slider

പ്രണയഋതുക്കൾ

0
വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് മഴ കാണുമ്പോൾ ശരിക്കും കൊതിതോന്നി, അതിലേക്ക് അലിഞ്ഞുചേരാൻ. മഴ എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഇട്ടിരുന്ന ടീഷർട്ട് ഊരി ടീപ്പോയിലേക്ക് എറിഞ്ഞു. അരയിൽ ഇറുകിക്കിടന്ന ബർമുഡ കുറച്ചു ഉയർത്തിക്കൊണ്ട് മഴയുടെ മടിത്തട്ടിലേക്കിറങ്ങി. ശരീരത്തിന്റെ ഓരോ അണുവും കോരിത്തരിപ്പിച്ചുകൊണ്ട് മഴ ഒഴുകിയിറങ്ങി. വല്ലാത്ത തണുപ്പ്... മനസ്സും ശരീരവും ഇത്രയും തണുപ്പിക്കാനാകുമോ ഈ കുഞ്ഞുമഴയ്‌ക്കെന്ന സന്ദേഹം ചിന്തകളിൽ മഴനൂൽക്കനവായി പെയ്തിറങ്ങി. മുറ്റത്തേക്ക് നോക്കിയപ്പോൾ വാകമരത്തിലെ മഞ്ഞപ്പൂക്കൾപ്പൂമഴയായി നിലംപറ്റി കിടക്കുന്നു. ചിലതെല്ലാം കൂട്ടം പിരിഞ്ഞ് വെള്ളത്തിൽ മുങ്ങിതാണു ഒഴുകിപ്പോകുന്നത് കണ്ടു. ഞാൻ മിഴികൾ അടച്ചു മഴയുടെ സംഗീതത്തിനായി കാതോർത്തു.
തലതോർത്തി കിടപ്പുമുറിയിലെത്തിയപ്പോൾ മേശപ്പുറത്തിട്ടിരുന്ന മൊബൈൽ ഫോണെടുത്ത് വിരലുകൾകൊണ്ട് ചികഞ്ഞു. മൂന്നുമിസ്ഡ്കാൾ, അത് മൂന്നും ആൻഡ്രിയയുടേതായിരുന്നു.
വാട്ട്‌സ്ആപ്പിൽ ചികഞ്ഞുനോക്കിയപ്പോൾ കുറേ മെസ്സേജുകൾ പതുങ്ങിയിരിക്കുന്നത് കണ്ടു.
''നാളെ അത്യാവശ്യമായി എനിക്കു നിന്നെ കാണണം''
ആദ്യത്തെ മെസ്സേജ് അതായിരുന്നു.
''നാളെ കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല''
അങ്ങനെയങ്ങനെ കുറേ മെസ്സേജുകൾ. അവളെ തിരികെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും ''ഔട്ട് ഓഫ് കവറേജ് ഏരിയ'' എന്ന മറുപടിയാണ് കിട്ടിയത്.
ഞാനാകെ ആശയക്കുഴപ്പത്തിലായി അവൾക്കെന്താണ് പറ്റിയത്, ഈ മെസ്സേജുകൾ എന്തോ അപകടസൂചനയെയാണ് കാണിക്കുന്നത്. തിരിച്ചു മധുരയിലേക്ക് പോകണമെങ്കിൽ വീട്ടിലെന്ത് പറയുമെന്നുള്ളതാണ് പ്രധാനപ്രശ്‌നം. ഒരാഴ്ചത്തെ സ്റ്റഡിലീവുണ്ടെന്ന് പറഞ്ഞു വന്നിട്ട് പെട്ടെന്ന് തിരിച്ചുപോകണമെന്ന് പറഞ്ഞാൽ സ്വാഭാവികമായും വീട്ടുകാരിൽ നിന്ന് ചില ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
ഒരുപാട് കള്ളങ്ങൾ മനസ്സിലിട്ട് പാകപ്പെടുത്തിയിട്ട് അതിൽ കൊള്ളാവുന്ന ഒരെണ്ണമെടുത്ത് അമ്മയുടെ മുന്നിൽ അവതരിപ്പിച്ചു.
കൂട്ടുകാരന് ആക്‌സിഡന്റ് പറ്റി ഒരല്പം സീരിയസാണെന്ന സെന്റിമെന്റസിന് മുന്നിൽ അമ്മ മാതൃത്വത്തിന്റെ മഹനീയഭാവമായി.
വൈകിട്ട് തന്നെ മധുരയിലേക്ക് തിരിച്ചു, യാത്രയിൽ എന്റെ മനസ്സിൽ മുഴുവനും ആൻഡ്രിയായിരുന്നു.
***** ***** *****
മധുര കാമരാജിലെ എം.ബി.എ. പഠിച്ചുകൊണ്ടിരിക്കുന്ന കാലം. ഒഴിവുദിവസങ്ങൾ എല്ലായിപ്പോഴും എനിക്ക് യാത്രകളുടെ ലഹരി സമ്മാനിക്കാറുണ്ടായിരുന്നു. കൂടുതലും രാമേശ്വരത്തേക്കായിരിക്കുമെന്ന് മാത്രം. അങ്ങനെ ഒരു യാത്രയിലാണ് ഞാനവളെ ആദ്യമായി കാണുന്നത്. വെളുത്ത നീണ്ട മുഖവും നീലക്കണ്ണുകളും കഴുത്തറ്റംവരെയുള്ള സമൃദ്ധമായ സ്വർണ്ണമുടികളുമുള്ള സുന്ദരിയായ ആൻഡ്രിയ കോക്‌സ് എന്ന ബ്രിട്ടീഷ് യുവതി. 64-ൽ വീശിയടിച്ച ചുഴലിക്കാറ്റിൽ തകർന്ന ധനുഷ്‌കോടിയിലെ കെട്ടിട അവശിഷ്ടങ്ങളുടെ ഇടയിലൂടെ ഞാൻ
അലസമായി നടക്കവെയാണ് ഡിജിറ്റൽ ക്യാമറയിലൂടെ ചുറ്റുപാടുമുള്ള ദൃശ്യങ്ങളെ പകർത്തിക്കൊണ്ട് അവൾ എന്റെയടുത്തെത്തിയത്. ഇടയ്ക്കിടെ പൊട്ടിച്ചിരികൾ ഉതിർത്തും അവിടെ കൂടിയിരിക്കുന്നവരോട് മനോഹരമായി സംസാരിച്ചുമിരിക്കുന്ന ആൻഡ്രിയയെ ഞാൻ തെല്ലു കൗതുകത്തോടെയാണ് നോക്കികണ്ടത്.
പൂഴിമണൽ മെത്തവിരിച്ചിരിക്കുന്ന
കടൽക്കരയിലെ പതഞ്ഞുപൊങ്ങിയ തിരമാലയിൽ ചവിട്ടി പതുക്കെ നടന്നു. അങ്ങ് ദൂരെയായി സിംഹളരാജ്യം ഒരു പൊട്ടുപോലെ കാണുന്നു. അതിലേക്ക് നോക്കിനിന്നപ്പോൾ എന്റെ മുന്നിലൂടെ ആൻഡ്രിയ കടലിന്റെ വന്യമായ ഭംഗി പകർത്താനായി മുന്നോട്ടുപോകുന്നു. അവൾക്കെതിരായി ഒരു വലിയ തിരമാല പിറവിയെടുത്തതും അത് ഉയർന്നുപൊങ്ങി ആൻഡ്രിയയെ ചുഴറ്റിയെടുത്തതും നിമിഷനേരംകൊണ്ടായിരുന്നു. അവളുടെ നിലവിളിയും ക്യാമറയും തിരമാലയിൽ അലിഞ്ഞുചേർന്നു. ധൈര്യം വീണ്ടെടുത്ത് ആൻഡ്രിയയുടെ ഭാഗത്തേക്ക് ഞാൻ കുതിച്ചു. ഭാഗ്യത്തിന് പിടികിട്ടിയത് മുടിയിലാണ്, അതു കൈകളിൽ ചുറ്റി സർവ്വശക്തിയുമെടുത്ത് വലിച്ചു. വെള്ളത്തിൽ പൊങ്ങിവന്ന അവളുടെ കൈകളിൽ പിടിച്ച് ഉയർത്തി, ഇടുപ്പിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കരയിലേക്ക് നീന്തി. പ്രഥമ ശുശ്രൂഷ നൽകിയ ശേഷവും കരയിലേക്ക് പിടിച്ചിട്ട ഒരു മത്സ്യത്തിന്റെ അവസ്ഥയിലായിരുന്നു അവളപ്പോൾ.
ചുറ്റുംകൂടിയവരെ അദ്ഭുതത്തോടെ നോക്കി കണ്ണുമിഴിച്ചുകൊണ്ടവൾ പതുക്കെ എഴുന്നേറ്റു. കണ്ണിൽ സന്തോഷത്തിന്റെ തിരയിളക്കം. നാലുദിക്കും കിടുങ്ങുമാറ് ഉറക്കെ ഒരു അലർച്ച, തലകുടഞ്ഞപ്പോൾ മണൽത്തരികളും ജലകണങ്ങളും ചിതറിത്തെറിച്ചു... അവൾ കൈകൾ കൊട്ടി ഉയർത്തിച്ചാടി, പൊട്ടിച്ചിരിച്ച്, ഒരു ഉന്മാദിനിയെപ്പോലെ തോന്നിച്ചു. ഒരുപക്ഷേ ഇതൊരു പുനർജന്മമായി അവൾക്ക് തോന്നിക്കാണും.
''എങ്ങനെയുണ്ട്?'' എന്റെ ചോദ്യത്തിന് മറുപടി ഒരു ചിരിയായിരുന്നു. പിന്നെ നന്ദിപൂർവ്വം എന്റെ കണ്ണുകളിലേക്ക്് ഉറ്റുനോക്കി.
''എന്തിനാ എന്നെ രക്ഷിച്ചത്?''
അവൾ എന്റെ കഴുത്തിലേക്ക് രണ്ടുകൈയ്യും കോർത്തുപിടിച്ചുകൊണ്ട് ചുണ്ടുകൾ എന്റെ ചെവിയിലേയ്ക്ക് അടുപ്പിച്ചിട്ട് പതുക്കെ ചോദിച്ചു.
''അതിഥികൾ ഞങ്ങൾക്ക് ദൈവതുല്ല്യരാണ്''
എന്റെ മറുപടി അവളെ രസിപ്പിച്ചെന്ന് തോന്നി. കഴുത്തിൽ നിന്നും കൈ മാറ്റിയിട്ട് എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് പതുക്കെ മുന്നോട്ട് നടന്നു. ധനുഷ്‌കോടിയിലെ പഞ്ചാരമണലിലൂടെ സുന്ദരിയായ മദാമ്മയുടെ കൂടെയുള്ള ഈ നടത്തം സുഖകരമായി എനിക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. അവളുടെ മനസ്സിൽ എനിക്കിപ്പോളൊരു രക്ഷകന്റെ സ്ഥാനമാണ്.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ മധുര എഡിഷനിൽ ഒരുമാസത്തേക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നുണ്ടെന്നും അതുകഴിഞ്ഞ് ലണ്ടനിലേക്ക് തിരിച്ചുപോകുമെന്ന് അവൾ പറഞ്ഞത് പരസ്പരമുള്ള പരിചയപ്പെടലിനു ശേഷമാണ്.
പിന്നീട് ഞങ്ങൾ ഇടക്കിടെ കണ്ടുമുട്ടി. മധുരയിലെ കടുത്ത വേനൽതളർച്ചയിൽ പലപ്പോഴും ആൻഡ്രിയയുടെ സാമീപ്യം ഒരു ഈറൻകാറ്റുപോലെ തോന്നിച്ചു.
ഉൾനാടൻ ഗ്രാമങ്ങളിലൂടെ പലതവണ ഞങ്ങൾ സഞ്ചരിച്ചു.
നിയതമല്ലാത്ത നിഗൂഡമായ കുറെ മുഖങ്ങളും ഭാവങ്ങളുമായിരുന്നു ആൻഡ്രിയയ്‌ക്ക്... പക്ഷെ അവളെ ചൂഴ്ന്ന് എന്തോ ഒരു നിഗൂഢതയുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഓരോ സന്ദർഭങ്ങൾക്കും മാറുന്ന ഭാവങ്ങൾക്കനുസരിച്ച് ഞാനവൾക്ക് ഇഷ്ടപ്പെട്ട മുഖങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഗേൾഫ്രണ്ട് എന്നൊക്കെ കൂട്ടുകാർ പറഞ്ഞെങ്കിലും അവളെ ഒരു നല്ല സുഹൃത്തായി മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ.
ഇടമുറിയാതെ എപ്പോഴുമിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കാൻ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. വാക്കുകൾക്ക് കണ്ണുകളുടെ ചലനങ്ങളും വിരലുകളുടെ ആംഗ്യാചലനങ്ങളും ഒപ്പമുണ്ടാവും. അവളിലെ തന്റേടവും നൈസർഗ്ഗികമായ തമാശയുടെ സൗന്ദര്യവും പലപ്പോഴായി ഞാൻ തൊട്ടറിഞ്ഞുകൊണ്ടിരുന്നു...
***** ***** *****
സൗഹൃദഭാഷണങ്ങളിൽ എന്റെ നാടിന്റെ സൗന്ദര്യാത്മകതയെപ്പറ്റി പലപ്പോഴും അവളോട് പറഞ്ഞു കൊതിപ്പിച്ചു കൊണ്ടേയിരുന്നു...
''ദൈവത്തിന്റെ സ്വന്തം നാട് " എന്ന വിശേഷണം കേട്ടപ്പോൾ മുതൽ അവൾക്കറിയേണ്ടത് ഒന്നു മാത്രം -
''എന്നെ എന്നാ നിന്റെ നാട്ടിലേക്ക് കൊണ്ടുപോകുക'' പിന്നെ കാണുമ്പോഴൊക്കെ അവളുടെ സംസാരം ചെന്നെത്തുക അതിലേക്കായിരുന്നു.
അങ്ങനെ ഒരു ജൂൺമാസത്തിൽ മധുരയിൽ നിന്നും ആൻഡ്രിയയും എന്റെയൊപ്പം നാട്ടിലേക്ക് വണ്ടികയറി. തമിഴ്‌നാട്ടിന്റെ വരണ്ട കാലാവസ്ഥയിൽ നിന്ന് കേരളത്തിലെ പച്ചപ്പിലേക്കുള്ള മാറ്റം അവൾ കൗതുകത്തോടെ ആസ്വദിച്ചു.. ഓരോ കാഴ്ചയും അവളുടെ ക്യാമറാക്കണ്ണുകൾ കൊതിയോടെ പകർത്തിക്കൊണ്ടിരുന്നു.
ഒരു മദാമ്മയും കൂട്ടിക്കൊണ്ടുള്ള എന്റെ വരവ് നാട്ടുകാർക്ക് വലിയ കൗതുകമായി. കവലയിലും നാട്ടുവഴിയിലുമൊക്കെ ആളുകൾ ആകാംക്ഷയോടെ ഞങ്ങളെ നോക്കിചിരിച്ചു. ചോദിച്ചവരോടൊക്കെ ആൻഡ്രിയ എന്റെ സുഹൃത്തും സഹപാഠിയുമാണെന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞു.
അമ്മയെ കണ്ടപ്പോൾ ആൻഡ്രിയ കുനിഞ്ഞ് കാൽതൊട്ടുവന്ദിച്ചു, തനിമലയാളിയായി മാറി. അത് അമ്മയിൽ ലേശം സംശയമുളവാക്കാനേ ഉപകരിച്ചുള്ളൂ.
നടുമുറ്റവും അറയും നിരയുമൊക്കെയുള്ള പഴയ തറവാടായിരുന്നു എന്റേത്. ആദ്യമായാണ് ആൻഡ്രിയ ഇതൊക്കെ നേരിട്ട് കാണുന്നത് അതവളിൽ അമ്പരപ്പ് സൃഷടിച്ചു. ഗോവണിക്ക് മുകളിലെ ഇടനാഴിയിൽ വച്ച് ഞങ്ങൾ രണ്ടുപേരും മാത്രമായ നിമിഷത്തിൽ പെട്ടെന്ന് അവളെന്നെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. ഈ കാഴ്ചകൾക്കുള്ള അവളുടെ സന്തോഷമായിരുന്നു അതിനുള്ള പ്രകോപനം. നാടു കാണാനും ഊരു തെണ്ടാനുമായി രണ്ടു ദിവസം. കാവും കുളങ്ങളും കണ്ട് കാടും മേടും താണ്ടി ഒരു യാത്ര. പ്രകൃതി വിസ്മയങ്ങളൊരുക്കി അനുഗ്രഹിച്ച ദൃശ്യപ്പെരുമയിലേക്ക് ഞങ്ങൾ നടന്നുകയറി. അവളുടെ ശരീരഭാഷ സ്‌നിഗ്ദ്ധവും ചടുലവും ലാസ്യവും നിറഞ്ഞതായിത്തീർന്നിരിക്കുന്നു. വർഷകാലത്തെ ഒരു ജലപാതമാണ് അവളെന്നു എനിക്കു തോന്നി. .
''മനൂ.....എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നാളുകൾ വേറെയുണ്ടായിട്ടില്ല. നിങ്ങളുടെ നാട്ടിൽ വന്ന് ജന്മമെടുക്കാൻ പറ്റാത്തത് എന്റെ ഭാഗ്യദോഷമായിരിക്കാം''
യാത്രയിലെപ്പോഴൊ അവളെന്റെ ചെവിയിൽ പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു.
പിറ്റേന്നാണ് ഞങ്ങളുടെ മധുരയിലേക്കുള്ള മടങ്ങിപ്പോക്കിന് ടിക്കറ്റ് റിസർവ്വ് ചെയ്തിരിക്കുന്നത്. തലേ ദിവസം രാത്രി ഭക്ഷണം കഴിച്ചുകഴിഞ്ഞ് മുകളിലെ കിടപ്പുമുറിയിലേക്ക് പോകാൻ നേരം അവൾ ആരും കാണാതെ എന്നെ നോക്കി കണ്ണിറുക്കിചിരിച്ചു. ആ ചിരിയ്ക്കു പിന്നിൽ മറ്റെന്തോ അർത്ഥമുള്ളതുപോലെ എനിക്ക് തോന്നി. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു, നിദ്രാദേവി എന്നെ കൈവെടിഞ്ഞതുപോലെ. പെട്ടെന്ന് മൊബൈൽ ചിലച്ചു... എടുത്തു നോക്കിയപ്പോൾ ആൻഡ്രിയയുടെ വാട്സാപ്പ് സന്ദേശമാണ്‌ ... ചുംബന സ്മൈലികൾ നിറഞ്ഞൊരു ചിത്രം ...
മുറിയുടെ വാതിൽ ശബ്ദമുണ്ടാക്കാതെ മെല്ലെ തുറന്ന് മുകളിലേക്കുള്ള ഗോവണി കയറി ആൻഡ്രിയയുടെ മുറിയുടെ മുന്നിൽച്ചെന്ന് വാതിൽ പതുക്കെ തള്ളിയപ്പോൾ അത് തുറന്നുവന്നു. വാതിൽ ചാരി റൂമിനുള്ളിൽ നോക്കിയപ്പോൾ അവിടെ ആരുമില്ലായിരുന്നു. പെട്ടെന്ന് ബാത്ത്‌റൂമിൽ നിന്ന് കുളികഴിഞ്ഞ് വെളുത്ത ടൗവ്വൽ ശരീരത്തിൽ പുതപ്പിച്ചുകൊണ്ട് ആൻഡ്രിയ ഇറങ്ങിവന്നു. അവളുടെ കണ്ണുകളിലേക്കും മുഖത്തേക്കും എത്ര ശ്രമിച്ചിട്ടും എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. പെരുമഴയ്ക്കുശേഷം തോർച്ച കണ്ട ഈറനണിഞ്ഞ സായംസന്ധ്യയെപ്പോലെ . മുടിയിഴകളിൽ നിന്നുമിറ്റുവീഴുന്ന വെള്ളത്തുള്ളികൾ പൊട്ടിചിതറിയ മുത്തുകളെ ഓർമ്മിപ്പിച്ചു. അവൾ എന്റെയടുക്കലേക്ക് നീങ്ങിനിന്നപ്പോൾ വല്ലാത്തൊരു ഗന്ധം എന്റെ മൂക്കിനുള്ളിലേക്ക് തുളച്ചു കയറി, പെട്ടെന്ന് ശ്വാസോച്ഛ്വാസം നിലച്ചതുപോലെ. അവൾ ടൗവ്വൽ കൊണ്ട് പൊതിഞ്ഞ ഒരു പാവക്കുട്ടിയെപ്പോലെ തോന്നിച്ചു. ടൗവ്വൽ ചെറുതായി മാറിയപ്പോൾ വെളുത്ത് തുടുത്ത വലതുതുടയിൽ ഒളിച്ചിരുന്ന ഒരു കറുത്തമറുക് എന്റെ ദൃഷ്ടിയിൽപ്പെട്ടു. ഞാനതിൽ ചൂണ്ടുവിരൽ കൊണ്ടു മെല്ലെ ഒന്നുതൊട്ടു. കണ്ണുകൾ ഇറുക്കിയടച്ച് എന്റെ തോളിലേയ്ക്കവൾ ചാഞ്ഞു. എന്റെ ചുണ്ടകൾക്ക് വിശ്രമമില്ലായിരുന്നു, ഞാനവളെ ചുംബനം കൊണ്ടുമൂടി. ശ്വാസോച്ഛ്വാസം ധൃതഗതിയിലായി , ക്രമേണ അതു വികാരത്തിനെ ചൂടുപിടിപ്പിച്ചു. അവളുടെ മൃദുവായ ശരീരം എന്റെ ചുണ്ടുകളോട് തെരുതെരെ ഭാഷകൾ സംസാരിച്ചു. ആ ഭാഷകളുടെ അനന്തതയിൽ ഞങ്ങൾ ലയിച്ചുചേർന്നു. ആകൃതിയൊത്ത അവളുടെ ചുവന്നചുണ്ടുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് ഞങ്ങൾ തൊട്ടടുത്തുള്ള മെത്തയിലേക്ക് ഒഴുകി. ഞാൻ അവളുടെ കഴുത്തിൽക്കെട്ടിപ്പിടിച്ച് ആ മിടിക്കുന്ന മാർവിടത്തിൽ അമർന്നുകിടന്നു. സിരകളിൽ തിളയ്ക്കുന്ന വികാരത്തിന്റെ ചൂടിനെ തണുപ്പിക്കാൻ ആ മുറിയിലെ എ.സി.ക്ക് പോലും കഴിഞ്ഞില്ല.
യുഗയുഗാന്തരങ്ങൾക്കു പിറകിലുള്ള അജ്ഞാതമായ അഗാധതയിലക്കേ് വിസ്മയനീയമായ വിസ്മൃതിയിലേക്ക്, അനന്തമായ നിർവൃതിയിലേക്ക് പഞ്ഞിക്കെട്ടു പോലെ ഒഴുകി നടക്കുന്ന ആകാശത്തിലെ മേഘങ്ങൾപോലെ, അർത്തലച്ചു വരുന്ന കടലിലെ തിരമാല കൾ പോലെ ഞങ്ങൾ ഒന്നായി ഒഴുകി.
സ്‌നേഹം ശരീരത്തിന്റെ കൂടി ആവശ്യമാണെന്ന് അന്ന് എനിക്ക് ബോധ്യമായി. എന്റെ കരവലയത്തിൽ കിടക്കുമ്പോൾ അവൾ എന്റേത് മാത്രമായിരുന്നു. മറ്റു സ്ത്രീകളുടെ ഗന്ധങ്ങൾ എന്റെ ശരീരം പേറിയിരുന്നില്ലയെന്നത് ഒരു യാഥാർത്ഥ്യവും.
***** *****
മധുരയിലെത്തിയ ശേഷം പിന്നെയും പലവട്ടം ഞങ്ങൾ കണ്ടു. അവളിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിരുന്നു. അതിനെപ്പറ്റി ചോദിക്കുമ്പോൾ ഒരു ഉഴപ്പൻമട്ടിൽ വിഷയം മാറ്റിക്കളയുക പതിവായി. അവളെന്തൊക്കെയോ മറച്ചു പിടിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. അവസാനം ഞങ്ങൾ കണ്ടത് പഠനാവധിക്ക് നാട്ടിലേക്ക് പോകുന്നതിന്റെ തലേന്നാണ്. റെയിൽവേ സ്റ്റേഷനിൽവച്ച് അന്ന് ഞങ്ങൾ കുറേ സംസാരിച്ചു. ബാഗിൽ നിന്നും അവളുടെ കുടുംബത്തിന്റെ കുറേ ചിത്രങ്ങൾ എടുത്തു എന്നെ കാണിച്ചു. അച്ഛനും അമ്മയും അനിയത്തിയും പിന്നെ ഒരു ചെറുപ്പക്കാരനും, അതിന്റെ നടുക്കായി ആൻഡ്രിയയും. ആ ചെറുപ്പക്കാരനെപ്പറ്റിചോദിച്ചപ്പോൾ, തന്റെ അനുജത്തി തന്നേക്കാൾ സുന്ദരിയല്ലേയെന്ന് പറഞ്ഞ് ആ വിഷയത്തിൽ നിന്നും അവൾ വിദഗ്ധമായി ഒഴിഞ്ഞുമാറി. തീവണ്ടി മുന്നോട്ട് നീങ്ങുമ്പോൾ കൈവീശിക്കൊണ്ട് അവൾ പ്ലാറ്റ്‌ഫോമിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ കണ്ണുനീരിന്റെ നനവ് ഞാൻ കണ്ടു.
***** *****
രാവിലെ ആറുമണിക്ക് മധുര റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഞാനവളെ വിളിച്ചു.രാവിലെ 10 മണിക്ക് മധുരമീനാക്ഷി അമ്മൻകോവിലിന്റെ മുന്നിൽ കാണാമെന്നവൾ പറഞ്ഞു. റൂമിൽ പോയി പല്ലുതേപ്പും കുളിയും കഴിഞ്ഞു, അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടീഷർട്ടും ജീൻസുമണിഞ്ഞ് റൂം പൂട്ടിയിറങ്ങി. മീനാക്ഷി അമ്മൻകോവിലിലേക്ക് പോകുന്നവഴിയിലുള്ള സുന്ദരപാണ്ടിയുടെ കടയിൽ കയറി ആവിപറക്കുന്ന പതുപതുത്ത ഇഡ്ഡലിയും ഉഴുന്നുവടയും സാമ്പാറും, വെള്ളചട്‌നിയും മുളകുചമ്മന്തിയും ചേർത്ത് വയറുനിറയെ കഴിച്ചു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 8മണി കഴിഞ്ഞതേയുള്ളൂ, ഇനിയും കിടക്കുന്നു ഒന്നരമണിക്കൂർ. പതുക്കെ നടന്ന് മീനാക്ഷി അമ്മൻകോവിലിനുള്ളിലേക്ക് കയറി. ഒന്നിനും ഒരു ധൃതിയുമില്ലായിരുന്നു. ദർശനവും വിസ്തരിച്ചുള്ള പ്രാർത്ഥനയും കഴിഞ്ഞ്
പതുക്കെ നടന്ന് കോവിലിന് വെളിയിലെത്തി.
കൃത്യം 9.55ന് ആൻഡ്രിയ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ മുഖം വിവർണ്ണമായിരുന്നു. ആകുലചിത്തയായി ദൂരേക്ക് നോക്കി നിൽക്കുകയാണ് അവൾ. ഞങ്ങൾക്കിടയിൽ അസ്വസ്ഥമായ മൗനം നിറഞ്ഞു. പെട്ടെന്ന് ഞങ്ങൾക്കിടയിലേക്ക് സൗമ്യനും സുന്ദരനുമായി ഒരു വിദേശി കയറിവന്നു. അയാളുടെ മുഖം എനിക്ക് പരിചിതമായി തോന്നി. റെയിൽവെസ്റ്റേഷനിൽ വച്ച് ആൻഡ്രിയയുടെ കുടുംബചിത്രത്തിൽ കണ്ട അതേ ചെറുപ്പക്കാരൻ.
''മനൂ...ഇത് സ്റ്റീവ് ജോൺസ്, യു.കെ.യിൽ യൂറോടെക് കമ്പനിയിൽ ബിസിനസ്സ് ഹെഡ്ഡാണ്.'' അവൾ സൗമ്യമായി പറഞ്ഞു.
''മനുവിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, ആൻഡ്രിയ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്.''സ്റ്റീവ് പുഞ്ചിരിയോടെ എന്റെ തോളിൽതട്ടിക്കൊണ്ടാണ് പറഞ്ഞത്.
''ഒ.കെ.മനൂ...പരിചയപ്പെട്ടതിൽ സന്തോഷം, നിങ്ങൾ തമ്മിൽ സംസാരിച്ചോളൂ...നമ്മുക്ക് പിന്നെ കാണാം''
അയാൾ എനിക്ക് ഹസ്തദാനം നൽകിക്കൊണ്ട് പതുക്കെ റോഡിന്റെ എതിർഭാഗത്തേക്ക് നടന്നു.
''മനൂ...നാളെ മോണിംഗ് ഫൈ്‌ളറ്റിൽ ഞങ്ങൾ യു.കെ.യിലേക്ക് തിരിച്ചുപോകുകയാണ്. മോഹിച്ചതും ആഗ്രഹിച്ചതുമൊക്കെ വെറുമൊരു സ്വപ്‌നം മാത്രമാണെന്ന് ഞാൻ തിരിച്ചറിയുന്നു. പക്ഷെ എനിക്ക് പോയേ പറ്റൂ.''
അവൾ വിഷമത്തോടെ കണ്ണുകൾ തുടച്ചു.
''അയാൾ.... ആരാണ് അത് ''?
ഞാൻ ആകാംക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. പക്ഷെ അവൾ എനിക്ക് മുഖം തരാതെ അലക്ഷ്യമായി ദൂരേയ്ക്ക് ദൃഷ്ടിഉറപ്പിച്ചു നിന്നു. . എനിക്കറിയാമായിരുന്ന മിടുക്കിയായ, കണ്ണുകളിൽ കുസൃതി കളിയാടുന്ന, തന്റേടിയായ ആൻഡ്രിയയെയല്ല ഞാൻ കണ്ടത്. മറിച്ച് പരീക്ഷണയായ തീർത്തും ദുർബ്ബലയായ പെൺകുട്ടിയെയായിരുന്നു.
'' സ്റ്റീവ് എന്റെ ഹസ്‌ബെന്റാണ്. മദ്യവും മയക്കുമരുന്നും കൂടി താളം തെറ്റിച്ച മനുഷ്യൻ, ചിലപ്പോഴൊക്കെ അയാളൊരു ഭ്രാന്തനെപ്പോലെയാണ് പെരുമാറിയിരുന്നത്... എന്നിലേൽപ്പിക്കുന്ന മുറിവുകൾ ഒക്കെയും ഞാൻ ക്ഷമിച്ചു, സഹിച്ചു. പക്ഷെ സഹിക്കാവുന്നതിലപ്പുറമായപ്പോൾ എല്ലാം ഇട്ടെറിഞ്ഞു ഞാനിറങ്ങി. ഡിവോഴ്‌സിന് ശ്രമിച്ചുവെങ്കിലും അയാൾ സമ്മതിച്ചിരുന്നില്ല. പിന്നെ ഒരു ഒളിച്ചോടലായിരുന്നു; നരകിച്ച ജീവിതത്തിൽ നിന്നും... അങ്ങനെയാ ഇന്ത്യയിലെത്തിയത്.
രാമേശ്വരത്തെ കടലിലേക്കിറങ്ങിച്ചെന്നപ്പോൾ ജീവിതം അവസാനിക്കുവാൻ പോകുന്നുവെന്നാ വിചാരിച്ചെ പക്ഷെ വിധി നിന്റെ രൂപത്തിൽ എന്നെ രക്ഷിച്ചു... നീയുമായുള്ള സൗഹൃദം വീണ്ടുമെന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു. നിന്റെ സ്നേഹം എന്നിൽ പ്രതീക്ഷയുണ്ടാക്കി, പഴയതൊക്കെ മറന്ന് ഒരു പുതുജീവിതത്തിനായി ഒരുപാട് ആഗ്രഹിച്ചു.... പക്ഷെ നമ്മൾ ആഗ്രഹിക്കുംപോലെയാവണമെന്നില്ലല്ലോ ഒന്നും ....
സ്റ്റീവ് എന്നെ യു.കെ.യിലേക്ക് തിരികെ കൊണ്ടുപോകാൻ വന്നതാണ്... ഞാൻ നാടുവിട്ടിറങ്ങിയപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി ... ഭ്രാന്ത് കാണിക്കുന്നത് കൂടിയപ്പോൾ സുഹൃത്തുക്കൾ ചേർന്ന് ഡി അഡിക്ഷൻ സെൻറിൽ കൊണ്ടുപോയിട്ടു. അയാൾ അവിടെ നിന്നുമിറങ്ങിയത് പുതിയൊരു മനുഷ്യനായിട്ടായിരുന്നു. ഞാനുമൊരുമിച്ചൊരു ജീവിതം മാത്രമാണയാളുടെ ലക്ഷ്യം... ഞാനല്ലാതൊരു ലഹരി അയാളുടെ ജീവിതത്തിൽ ഇനിയുണ്ടാകുകയില്ലെന്ന് എനിക്ക് വാക്കു തന്നിരിക്കുകയാ..." പറഞ്ഞു നിർത്തി അവളൊന്നു കിതച്ചതു പോലെ... അവൾക്ക് ശ്വാസമെടുക്കാൻ എന്തോ ഒരു ബുദ്ധിമുട്ടുപോലെ തോന്നി.
വല്ലാത്ത അമ്പരപ്പോടെയാണ് ഞാനവളുടെ വാക്കുകൾ കേട്ടു നിന്നത്. തളം കെട്ടി നിന്ന ചെറിയൊരു നിശ്ശബ്ദ്ധതയെ കീറിമുറിച്ചു കൊണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു
"എനിക്ക് പോകാതിരിക്കാനാവില്ല മനു.... ഞാൻ സ്റ്റീവിന്റെ കൂടെ ചെന്നില്ലെങ്കിൽ അയാൾ വീണ്ടും പഴയ പടിയാകും.... അത്തരമൊരു അവസ്ഥയിലേക്ക് അയാളെ തള്ളിവിടാൻ എനിക്ക് കഴിയില്ല... എന്നെ മറക്കരുതെന്ന് പറയുന്നില്ല; പക്ഷെ വെറുക്കരുത് പ്ലീസ്.....ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല. ഐ ആം റിയലി സോറി, ഗുഡ്‌ബൈ''
അവളുടെ വാക്കുകൾക്കൊപ്പം കണ്ണുകൾ നിറഞ്ഞുകവിയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. കേട്ടതൊക്കെ എന്നിൽ എന്ത് വികാരമാണ് സൃഷ്ടിച്ചതെന്ന് എനിക്കറിയില്ല. മനസ്സ് മരവിച്ച് ഒരു പ്രതിമയെപ്പോലെ ഞാൻ നിന്നു. അവൾ ഒന്നും മിണ്ടാതെ സ്റ്റീവ് പോയ ഭാഗത്തേക്ക് നടന്നു.
'' മരണമാണ് പ്രണയം. പ്രണയം മരണമാണ്...പക്ഷെ ഞാനേറ്റവും നോവനുഭവിച്ച മരണവും നിന്റേതായിരുന്നില്ലേ ആൻഡ്രിയ....'' ആരോടെന്നില്ലാതെ ഞാൻ പറഞ്ഞുകൊണ്ടിരുന്നു.
*****
കഴിഞ്ഞതെല്ലാം മറക്കാനായി വീണ്ടുമൊരു രാമേശ്വരംയാത്ര. അവിടുന്ന് ധനുഷ്‌ക്കോടിയിലെത്തി ആ കടൽത്തീരത്ത് ഒരല്പം മൗനമായിരുന്നു. പിന്നെ കടലിലെ പതഞ്ഞുപൊങ്ങിയ തിരമാലകളുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു. പ്രണയിക്കുന്നവർക്കും പ്രണയംമരിച്ചവർക്കും കടലിന്റെ സൗന്ദര്യം എന്തുകൊണ്ട് ഇഷ്ടമാകുന്നുവെന്ന ചോദ്യം മനസ്സിലുടക്കി. സ്‌നേഹം ഉപേക്ഷിക്കലും വലിച്ചെറിയലുമാണെന്ന് ഞാനിവിടെ തിരിച്ചറിയുന്നു. സ്വന്തമാക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് ഉപേക്ഷിക്കുന്നതു തന്നെയാണ്. അതുകൊണ്ട് ആൻഡ്രിയ എനിക്കായി പകർന്ന പ്രണയഋതുക്കൾ ഞാൻ ഈ സുന്ദരമായ തിരമാലയിലേക്ക് വലിച്ചെറിയുകയാണ്. അവളുടെ എല്ലാ ഓർമ്മകളെയും കടലിന്റെ വന്യതയിൽ അർപ്പിച്ചിട്ട് ആ മണൽപ്പരപ്പിലൂടെ മറ്റേതോ ലക്ഷ്യത്തിലേക്ക് ഞാൻ തിരിച്ചുനടന്നു.
-ശ്രീഷ്കുമാർ എസ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo