നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രളയാനന്തരചിന്തുകൾ

Image may contain: 1 person, beard, tree, outdoor, nature and closeup
ആ ചാനലിലെ പെണ്ണ് ഓരോ ദിവസവും ഓരോ വീട് കാണിച്ചു പെണ്ണുമ്പിള്ളയെ പ്രാന്താക്കിയതോടു കൂടിയാണ് അവൾ എൻ്റെ അമ്മയ്ക്കുള്ളിൽ ക്രൂരയായ ഒരമ്മായിയമ്മ കുടിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
മാത്രമല്ല രണ്ട് അനിയന്മാർക്ക് വെച്ചുവിളമ്പിയും തുണിയലക്കിയും അവളുടെ നടുവൊടിഞ്ഞുവെന്നും ഇനി വയ്യെന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടു കൂടി പന്ത് എന്റെ കാലിലെത്തി. ഇനി ഞാൻ ഗോളടിച്ചേ മതിയാകൂ.
അടുത്തയാൾക്ക് കൈമാറാമെന്ന് വിചാരിച്ചാൽ നടപ്പില്ല പതിമൂന്നും പതിനൊന്നും വയസ്സുള്ള പിള്ളേരാണ് അവന്മാർ ഫോർവേഡ് കളിക്കാറായിട്ടില്ല.
അങ്ങനെ പന്തുമായി ഒറ്റയ്ക്ക് മുന്നേറുമ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത് ഗോളടിക്കാൻ ഗോൾപോസ്റ് ഇല്ല ! അതായത് വീടെടുക്കാനുള്ള സ്ഥലം സ്വന്തമായില്ല. പന്തും ചവിട്ടിപ്പിടിച്ചു കുണ്ഠിതനായ ഞാൻ ചിന്തിച്ചു നിന്നു.
പരമ്പരാഗത ഭൂസ്വത്ത് 7 സെൻറ് ചില്ലറയും അതിൽ ദയനീയമായി എന്നേം നോക്കി നിൽക്കുന്ന അസ്ഥിപഞ്ജരം പോലുള്ള നിലവിലെ വീടും. അത് തന്നെ അച്ഛനും അദ്ദേഹത്തിൻറെ അഞ്ചു കൂടപ്പിറപ്പുകൾക്കും കൂടി പരമ്പരാഗതമായി കിട്ടിയ അമ്പതു സെന്റിലെ ഒരോഹരി.
ഇനി ഇത് വീതിച്ചാൽ കിട്ടുന്നത് രണ്ടു സെന്റ് വീതം മൂന്നുപേർക്ക് ! എന്തിനു കൊള്ളാം.
ഞാനോർത്തു എന്റച്ഛന് മൂന്നു മക്കളും അപ്പൂപ്പന് ആറ് മക്കളും എന്ന കണക്കു വച്ച് നോക്കിയാൽ തീർച്ചയായും മുതുമുത്തശ്ശൻ ആളൊരു ഖിലാഡിയായിരിക്കണം അതായത് ടീവിയിൽ വരുന്ന ഡോറപ്പെണ്ണു പറയുംപോലെ മൂന്നേ ..ആറേ ...പന്ത്രണ്ടേ ..
അതായത് പുള്ളിക്ക് പന്ത്രണ്ട് പിള്ളേരെങ്കിലും ഉണ്ടായിരുന്നിരിക്കണം.
അപ്പോൾ ആ കണക്കു വച്ച് കൂട്ടി നോക്കിയാൽ ആപ്പൂപ്പനു കിട്ടിയ അമ്പത് സെൻറ് ഗുണം പന്ത്രണ്ട് എത്രയാ അറുന്നൂറു സെൻറ് ! ആറ് ഏക്കറ് !
അന്ന് സർക്കാരിന്റെ കുടുംബാസൂത്രണം ഉണ്ടായിരുന്നെങ്കിലോ ? മുതുമുത്തശ്ശനു രണ്ടുപിള്ളേർ രണ്ടുപേർക്കും മൂന്നേക്കർ വീതം മുത്തശ്ശനും രണ്ടുപിള്ളേർ അവർക്ക് ഒന്നരയേക്കർ വീതം. അതായത് എന്റച്ഛന്റെ ഓഹരി ഒന്നരയേക്കർ അപ്പോൾ ഞങ്ങൾ മൂന്നാൾക്ക് അരയേക്കർവീതം. ഈശ്വരാ ..
ഇനിയിപ്പോ എന്ത് ചെയ്യാനാ ,എന്ത് പറയാനാ ചത്തുപോയവരെ പിടിച്ചു വന്ധ്യംകരണം ചെയ്യാൻ പറ്റുമോ !
ഉള്ള കാശിന് വല്ലതും കിട്ടുമോ എന്ന് നോക്കുക അത്ര തന്നെ.
"അച്ഛാ വെള്ളപ്പൊക്കം വരാത്ത സ്ഥലം വാങ്ങിയ മതി" ചെറിയവന്റെ വലിയ വർത്തമാനം കേട്ട് ദേഷ്യം വന്നെങ്കിലും ഞാനാലോചിച്ചു. അത് ശരിയാണല്ലോ. പക്ഷെ നിലവിലുള്ള സാഹചര്യം വച്ച് വെള്ളം പൊങ്ങില്ലെന്നു ഉറപ്പുള്ള ഏത് സ്ഥലമുണ്ടിനി കേരളത്തിൽ ?
കഴിഞ്ഞ പ്രാവശ്യം തെക്ക് വെള്ളം കയറിയപ്പോൾ വടക്കൻമാർ കരുതി ഹോ!! പാവം തെക്കന്മാർ ഇനി അടുത്ത കൊല്ലവും വന്നാൽ അവരെന്നാ ചെയ്യും എന്ന്. പറഞ്ഞു തീർന്നില്ല അതാ വരുന്നു വെള്ളം വടക്കോട്ട് !
ഞങ്ങൾക്കെന്ത് വെള്ളപ്പൊക്കമെന്നു പറഞ്ഞു കുന്നിൻമുകളിൽ മാളിക പണിഞ്ഞവന്മാരെ ആനപ്പുറത്തുനിന്ന് കുടഞ്ഞിടുന്നതുപോലെയങ്ങു തെറിപ്പിച്ചുകളഞ്ഞു.
ഇനിയിപ്പോൾ എവിടെ ചെന്ന് വീടെടുക്കും തമ്പുരാനേ !
പക്ഷേ അധികനേരം ചിന്തിച്ചുനിൽക്കേണ്ടി വന്നില്ല. എന്റെ മനോഗതം മണത്തറിഞ്ഞത് പോലെ ബ്രോക്കർ ഗോപാലൻ രാവിലെ തന്നെ വീട്ടിൽ ഹാജർ.
സ്ഥലം വാങ്ങാൻ മാത്രം പൈസ കയ്യിലില്ലെന്ന് ആവതു പറഞ്ഞിട്ടും നാട്ടിൽ വിൽക്കാൻ വച്ചിരിക്കുന്ന പ്രോപ്പർട്ടികളുടെ ഗുണഗണങ്ങൾ പറഞ്ഞു പ്രാതലും ഉച്ചയൂണും വീട്ടിൽ നിന്ന് തരപ്പെടുത്തിയത് കൂടാതെ കണ്ണൻ സ്രാങ്ക് സ്റ്റൈലിൽ 'ഒരു നൂറുരൂപ കാട്ടിയെ' ന്നും പറഞ്ഞു പോക്കറ്റിൽ കയ്യിട്ട് ഒരു നൂറിന്റെ നോട്ടും വലിച്ചുഷാപ്പിലേക്ക് പോയി പഹയൻ. സ്ഥലം നോക്കാൻ നാളെ കാലത്തു പോകാമെന്നും പറഞ്ഞു.
"അച്ഛാ കുന്നിൻ ചെരിവും പുഴയുടെ കരയും വേണ്ടാ " പിറ്റേന്ന് രാവിലെ ഗോപാലന്റെ കൂടെ പോകാനിറങ്ങിയപ്പോൾ മൂത്തവൻ പിറകീന്നു വിളിച്ചു പറഞ്ഞു. വേണ്ടെങ്കിൽ വേണ്ടാന്ന് ഞാൻ മനസ്സിലും പറഞ്ഞു.കൂട്ടത്തിൽ ഒന്നൂടെ കൂട്ടി ഞാൻ ഗോപാലനോട് പറഞ്ഞു "വയല് നികത്തിയതും വേണ്ടാ".
എന്നാൽ നിങ്ങൾ കൊറേ നടക്കേണ്ടി വരും. ഗോപാലൻ കോടിയ മുഖഭാവത്തോടെ പറഞ്ഞത് കണ്ടില്ലെന്നു നടിച്ച് അവന്റൊപ്പമെത്താൻ ഞാൻ നടത്തത്തിനു വേഗം കൂട്ടി.
എന്തായാലും സംഗതി പ്രതീക്ഷിക്കാതെ ഒത്തുകിട്ടി. കയ്യിലുള്ള കാശിന് ആറു സെൻറ് സ്ഥലം. അടുത്തൊന്നും ഇടിഞ്ഞുവീഴാൻ കുന്നുമില്ല വെള്ളം പൊങ്ങാനുള്ള പുഴയുമില്ല. കാലങ്ങളായി കരപ്പറമ്പ് തന്നെയാണെന്നും വയല് നികത്തിയതല്ലെന്നും ആപ്പീസിൽ പോയി പരിശോധിച്ചു ബോധ്യപ്പെട്ടു.
ഗോപാലൻ കയ്യോടെ അവന്റെ കമ്മീഷനും വാങ്ങി സ്ഥലം കാലിയാക്കി.
ഇനി വീട്. പക്ഷെ അതിനു മുൻപൊരു തീരുമാനം. പാറ പൊട്ടിക്കില്ല, മണൽ വാരില്ല, മരം മുറിക്കില്ല.കുന്നിടിച്ചു മണ്ണെടുക്കില്ല.
തികച്ചും പ്രകൃതിസൗഹൃദമായിരിക്കും ഗൃഹനിർമാണം.
പ്രളയത്തോടനുബന്ധിച്ചു ഞാൻ മനസ്സിൽ തീരുമാനിച്ച എന്റെ മഹത്തായ കാഴ്ചപ്പാട് വിശദീകരിച്ചപ്പോൾ പിള്ളേര് രണ്ടും കയ്യടിച്ചു പാസ്സാക്കി മാത്രമല്ലാ ഈ വാർത്ത സ്കൂളിൽ പറഞ്ഞും എഫ് ബിയിൽ പോസ്റ്റിട്ടും ലൈക്ക് വാരിക്കൂട്ടുമെന്നും അവർ പ്രതിവചിച്ചു.
"അപ്പോൾ നിങ്ങൾ ഓല മെടഞ്ഞാണോ വീടുണ്ടാക്കുന്നെ? കെട്ടിയോൾ തന്റെ സ്വതസിദ്ധമായ ദുർമുഖപ്രദർശനത്തോടെ പതുക്കെ മുരണ്ടു.
"അതിനല്ലേടീ ഇഷ്ടികയും ഓടും." അവളുടെ മറുമുഖം കാണാൻ കാത്തുനിൽക്കാതെ ഞാൻ ഇഷ്ടികവില നിലവാരമറിയാൻ ടൗണിലേക്കോടി.
ഇഷ്ടികയും ഓടുമെന്നു പറഞ്ഞു പോയ ഞാൻ പിന്നെ ആ ദിവസം മുഴുവൻ ഓട്ടമായിരുന്നു. എന്താ കാര്യം ? കളിമണ്ണ് ഖനനം പ്രകൃതിക്കു ദോഷം, ഇഷ്ടിക ചുടുന്നത് അന്തരീക്ഷമലിനീകരണം ! ഓട്ടുകമ്പനികൾ മൊത്തം പൂട്ടിയത്രേ. എന്റെ മുത്തപ്പാ ഇനി വേറെന്താ വഴി ? ഞാൻ അവിടുന്നുമോടി.
ഇനി അവൾ പറഞ്ഞതുപോലെ ഓല കെട്ടിമേയേണ്ടി വരുമോ ?
"അച്ഛാ നമുക്ക് എവിടെയെങ്കിലും ഗുഹ കിട്ടുമോന്നു നോക്കിയാലോ ?"
ഒരൈഡിയയും കിട്ടാതെ വീട്ടിൽ ചൊറിയും കുത്തി പ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ്. ചെക്കൻ ചൊറിയാൻ വന്നത് തലയ്ക്കു നോക്കി ഒരു കിഴുക്ക് കൊടുക്കാൻ തുടങ്ങുമ്പോഴേക്കും ഉമ്മറത്ത് അവളുടെ മുഖം മിന്നി മാഞ്ഞത് കണ്ട അനങ്ങാതിരുന്നു.
"അതിലും നല്ലത് ഏറുമാടം ആണച്ചാ അതാകുമ്പോ വെള്ളപ്പൊക്കം വന്നാലും കൊഴപ്പുണ്ടാവില്ലല്ലോ." ചെറിയവൻ വേറൊരു ഐഡിയയും കൊണ്ട് വന്നിരിക്കുകയാണ് അവനും ഒട്ടും പിറകിൽ നില്ക്കാൻ ഉദ്ദേശമില്ല.
ഏകദേശം നൂറ്ററുപത് ബ്രിട്ടീഷ് പൗണ്ട് ഭാരം മതിക്കുന്ന എന്റെ പട്ടമഹിഷി ഏറുമാടത്തിൽ നിന്ന് കയറേണിയിൽ തൂങ്ങിയിറങ്ങി കുടുംബശ്രീക്ക് പോകുന്നത് ഭാവനയിൽ കണ്ട മുഖഭാവത്തോടെ നേരെ നോക്കിപ്പോയത് ചായഗ്ലാസ്സ് കൊണ്ടുവന്നു ഠപ്പേന്ന് ഇടിച്ചു വച്ച് പോകുന്ന അവളുടെ മുഖത്തേക്ക്. 'സഹസ്രദിവിസൂര്യ' എന്ന മഹദ്വചനത്തിനും അപ്പുറമുള്ള റ്റെമ്പറേച്ചറിൽ ജ്വലിക്കുന്ന ആ മുഖം ഒരു നാനോ സെക്കൻഡ് പോലും നോക്കി നിൽക്കാൻ എനിക്കായില്ല.
കാടിവെള്ളം പോലുള്ള ചായേം വലിച്ചുകേറ്റി ഞാൻ സ്ഥലം കാലിയാക്കി.
പ്രകൃതിയെ നോവിക്കാതെ വീടെടുക്കാൻ ഇനിയെന്താ വഴി ഞാൻ പലതും പിറുപിറുത്തുകൊണ്ട് എങ്ങോട്ടെന്നില്ലാതെ നടന്നു.
"എന്തായി വിജയകൃഷ്ണാ നിന്റെ വീടിന്റെ കാര്യം എന്തെങ്കിലും നടക്കുമോ ?"
കഷ്ടകാലത്തിനു നാട്ടിലെ ചില നാറികളോട് തന്റെ കൺസപ്റ്റ് പങ്കുവച്ചതിന്റെ പരിണിതഫലമാണ് ഈ കേട്ടത്. ചോദ്യത്തിലെ പുച്ഛധ്വനി മനസ്സിലാവാഞ്ഞിട്ടല്ല . പോട്ടെ തെണ്ടികൾ.
അവനൊക്കെ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ഫലമാ ഇപ്പൊ കെടന്ന് അനുഭവിക്കുന്നെ.
കഴിഞ്ഞാഴ്ച ക്യാമ്പിൽ നിന്ന് തിരിച്ചു വന്നതേയുള്ളൂ എന്നിട്ടും അവന്റെയൊക്കെ .. ഞാൻ ആഞ്ഞുവലിച്ചു നടന്നു.
അന്തവും കുന്തവുമില്ലാതെ തെക്കും വടക്കും കവർചെയ്തു സന്ധ്യയോടെ വീട്ടിലെത്തി.
"നീ സ്ഥലം വാങ്ങിയിട്ട് വീടിന്റെ പണിയൊന്നും നോക്കുന്നില്ലെടാ ?"
സീരിയൽ കാണുകയായിരുന്ന അവളെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് അകത്തേക്ക് കടക്കുമ്പോഴേക്കും അമ്മ ചോദിച്ചു. വായിലെ ദേവതകൾ വിളയാടാൻ തുനിഞ്ഞെങ്കിലും അമ്മയാണെന്ന തിരിച്ചറിവ് അവരെ നിശ്ശബ്ദരാക്കി.
കുളികഴിഞ്ഞു വരുമ്പോഴേക്കും അമ്മേം മരുമോളും ടി വി ക്കു വിശ്രമം കൊടുത്ത് അടുക്കളയിലേക്ക് ചേക്കേറിയിരുന്നു. ഞാൻ പതുക്കെ ഇഗ്ളീഷ് ചാനലുകൾ തിരയാൻ തുടങ്ങി.വല്ല ബിരിയാണിയും കിട്ടിയാലോ ! അല്ല അങ്ങനെ കിട്ടിയ ചരിത്രംണ്ടേ !
യുറേക്കാ!!! മുള !! അതെ മുളവീടുകൾ.
ഏതോ സായിപ്പ് മുളവീടുകളുടെ പ്രകൃതിസൗഹാർദത്തെക്കുറിച്ചു വർണിക്കുകയാണ്. അത് ഡീകോഡ് ചെയ്യാൻ പത്താംക്ലാസ്സിൽ വച്ച് കുമാരൻ മാഷ് ഇൻസ്റ്റാൾ ചെയ്ത ഇംഗ്ലീഷ് റീഡിങ് ആൻഡ് മനസിലാക്കൽ ആപ്ലിക്കേഷൻ ഒരു പരിധി വരെ വിജയിച്ചു.
മുള പ്രകൃതിക്ക് ഇണങ്ങിയതാണ്. വളർച്ച വളരെ വേഗത്തിലായതിനാൽ കൃഷിചെയ്ത് ഉണ്ടാക്കാം. വനനശീകരണം കുറയ്ക്കാം. മുള കൊണ്ട് വീടുണ്ടാക്കുമ്പോൾ മറ്റു മലിനീകരണ പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. അതായിരുന്നു സായിപ്പ് പറഞ്ഞത്.
പിറ്റേന്ന് രാവിലെ വരെ ഞാൻ ഉറങ്ങുകയായിരുന്നില്ല മുളങ്കാടിന്റെ സംഗീതം കേട്ട് മുളങ്കൂട്ടിൽ അടിമയായി മുളക്കീറുകൾ കൊണ്ട് സ്വപ്നങ്ങൾ നെയ്തുകൂട്ടുകയായിരുന്നു.
ചായകുടിച്ചെന്നു വരുത്തി കാലത്തു തന്നെ സൈക്കിളുമെടുത്ത് നേരെവിട്ടു ചുണ്ടിൽ മൂളിപ്പാട്ടുവന്നു തത്തിക്കളിച്ചു. "ഇല്ലിമുളം കാടുകളിൽ"...
സുമേഷ് ഇന്റർനെറ്റ് കഫെ തുറക്കുന്നതെ ഉള്ളൂ. ചെക്കന് എന്നെ കണ്ട് അത്ഭുതം. "എന്താ വിജയേട്ടാ പിഎസ് സി എഴുതുന്നുണ്ടോ ?
"അനങ്ങാണ്ട് നിക്കെടാ ചെക്കാ നീയാ ഗൂഗിൾ ഒന്ന് കാട്ടിയെ."
അങ്ങനെ ഞാനും സുമേഷും കൂടെ ഗൂഗിളിൽ സംഭവം കണ്ടെത്തി. മുളംപാനൽ കൊണ്ട് ഉണ്ടാക്കിയ മടക്കിവെയ്ക്കാവുന്ന വീട് എത്ര മുറി വേണമെങ്കിലും അറ്റാച്ച് ചെയ്യാം.മെയ്ഡ് ഇൻ തായ്ലാൻഡ്.
തായ്ലാൻഡെങ്കിൽ തായ്ലാൻഡ് . ഞാനുടൻ തന്നെ നാലുപാടും നടന്നു സംഭരിച്ച ഉദ്ദേശം ആറു ലക്ഷം ഇന്ത്യൻ ക. അവരു പറഞ്ഞ അകൗണ്ടിൽ ട്രാൻസ്ഫർ ചെയ്തു കൊടുത്തു. അതിന്റെ മാനേജർക്ക് ഒരു മെയിലും വിട്ടു ദാ, ഇങ്ങനെ
ഐ ആം വിജയകൃഷ്ണൻ കേരള. മണി സെൻറ് അർജെന്റ് സെൻറ് ബാംബൂ ഹൌസ്"
കാത്തിരിപ്പിന്റെ ദിനങ്ങൾ.
ദിവസേന പെണ്ണുമ്പിള്ളയെയും മക്കളെയും ചുറ്റുമിരുത്തി ഞാൻ ഫോൾഡിങ് ബാംബൂ ഹൗസിന്റെ ഗുണഗണങ്ങൾ വർണിച്ചുകൊടുക്കും. എല്ലാരുടെയും വീട് പ്രളയത്തിൽ തകരുമ്പോൾ നമ്മൾ വീടുമഴിച്ചു നാലായി മടക്കി തോളിൽ വച്ചു കൂളായി പോകുന്നു. പ്രളയം കഴിഞ്ഞാൽ വീണ്ടും വന്നു വീട് ഫിറ്റ് ചെയ്തു താമസം പുനരാരംഭിക്കുന്നു. ആ സമയം മറ്റുള്ളവരൊക്കെ വീണ്ടും പുതിയ വീടിന്റെ തറ കെട്ടുകയായിരിക്കും.
ഈ സ്പീച് വള്ളിപുള്ളി വിടാതെ പെണ്ണുംപിള്ള കുടുംബശ്രീയിലും പിള്ളേർ സ്കൂളിലും അവതരിപ്പിച്ച് കയ്യടി വാങ്ങുന്നതല്ലാതെ വീടിന്റെ പാർസൽ ഇതുവരെ എത്തിയിട്ടില്ല. ലൈറ്റായിട്ട് ഒരു ആധി എന്നെ ബാധിക്കാൻ തുടങ്ങിയത് ഭാര്യയറിയാതിരിക്കാൻ ഞാൻ വല്ലാതെ പാട് പെട്ടു. പഴയപോലെ ബാംബൂകഥകൾ കേൾക്കാൻ ആർക്കും താല്പര്യമില്ലാതായി.
ആൾക്കാരുടെ പരിഹാസവും മെല്ലെ കൂടിവന്നു ആക്കിയ ചിരികൾ എന്നെ വ്രണപ്പെടുത്താൻ തുടങ്ങിയപ്പോൾ ഞാൻ ദിനചര്യ മെല്ലെ മാറ്റം വരുത്തി. കാലത്തു വീട്ടിൽ നിന്ന് ഇറങ്ങി നേരെ റയിൽവേ സ്റ്റേഷനിൽ ചെന്നിരിക്കും പാതിരയാകുമ്പോൾ മെല്ലെ കേറിവരും.
അങ്ങനെയൊരുദിവസം ഉച്ചക്ക് വയറുംകാഞ്ഞു റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് അവളുടെ ഫോൺ വരുന്നത്. ഒരു പാർസൽ വന്നിരിക്കുന്നു. ലോറിയിലാണത്രെ.
ഹോ പണ്ട് അച്ഛൻ പുതിയ സൈക്കിൾ കൊണ്ടുതന്ന ദിവസം ഉണ്ടായ അതെ മൂഡ്.
അതേ സൈക്കിൾ പറപ്പിച്ചു വിട്ട് ഞാൻ വീട്ടിലേക്കെത്തി. സമാധാനായി സംഭവം മുളമ്പാനൽ വീട് തന്നെ.
സമയം കളയാതെ അവരെയും കൊണ്ട് പുതുതായി വാങ്ങിയ സ്ഥലത്തേക്ക് പുറപ്പെട്ടു. പിറകെ കുറ്റം കണ്ടുപിടിക്കാനുള്ള ത്വരയോടെ നാറികളായ ചില നാട്ടുകാരും.
രണ്ടേ രണ്ടു മണിക്കൂർ. നിരപ്പാക്കിയ സ്ഥലത്തു വീട് ഫിറ്റാക്കി അവര് പോയി കാണാൻ. ഞാനും കെട്യോളും പിള്ളേരും അകത്തുകയറിയും പുറത്തിറങ്ങിയും നോക്കി മൊത്തത്തിൽ തരക്കേടില്ല.
"അതേയ് വിജയാ ഇത് മുള ആണെന്നല്ലേ പറഞ്ഞെ അപ്പൊ ഇതിനു വേഗം തീപിടിക്കത്തില്യോടാ ?" അയൽവാസി കുഞ്ഞിക്കണ്ണൻ നാക്ക് വളച്ചു.പരട്ടക്കെളവാ വായമൂടി നിന്നോ എന്ന് മനസ്സിൽ പറഞ്ഞതെ ഉള്ളൂ. നല്ലൊരു ദിവസായിട്ട് ഓരോ നാറികൾ.ഞാൻ ദേഷ്യം പല്ല് കടിച്ചമർത്തി.
അങ്ങനെ ഞങ്ങൾ ബാംബൂക്കുടിലിലെ സമാധാനപൂർണമായ താമസം തുടരവേ മഴക്കാലം വന്നു. സ്വാഭാവികമായും പ്രളയമുന്നറിയിപ്പും വന്നു. വെള്ളം പതുക്കെ കയറാൻ തുടങ്ങി അയൽവാസികൾ ഉള്ളതും വാരിപെറുക്കി ക്യമ്പിലോട്ട് മാറി. ഏതായാലും ഒന്നൂടെ കനത്തിട്ടായിക്കോട്ടെ എന്ന് കരുതി ഞങ്ങൾ പോയില്ല.
പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോഴേ എന്തോ ഒരു വല്ലായ്ക തോന്നി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത് .ബാംബൂ ഹൌസ് ഒരു ഹൌസ്ബോട്ടായി രൂപാന്തരം പ്രാപിച്ച് ജലപ്പരപ്പിൽ ഒഴുകിനടക്കുന്നു . കപ്പിത്താനിരിക്കുന്ന ഭാവത്തിൽ ലില്ലിപ്പൂച്ച ജനലിന്മേൽ ഇരുന്നു ചുറ്റും വീക്ഷിക്കുന്നു. ഉള്ളിൽ ഒരാന്തൽ വന്നെങ്കിലും പിന്നീടു ഞാൻ കരുതി, കൊള്ളാലോ സംഭവം !
ഒരു കയറിന്റെ കഷ്ണമെടുത്ത് ബോട്ടിനെ സോറി വീടിനെ അടുത്ത തെങ്ങോട് കൂട്ടിക്കെട്ടി നങ്കൂരമിട്ടു.
ആൾക്കാർ വന്നു ക്യാമ്പിലേക്ക് വിളിച്ചെങ്കിലും ഞങ്ങൾ പിന്നീട് തുഴഞ്ഞു വന്നോളാമെന്നു പറഞ്ഞതിനാൽ കൊറച്ചു റൊട്ടിയും ബിസ്കറ്റും തന്ന് അവര് പോയി. പിള്ളേർക്കും നല്ല രസം. ഫാമിലിയായി കുമരകത്തു പോയ ഒരനുഭൂതി.
എന്റെ സാങ്കേതിക പരിജ്ഞാനത്തെയും തീരുമാനത്തെയും കുറിച്ച് എനിക്ക് തന്നെ ബഹുമാനം തോന്നിപ്പോയി. നിങ്ങൾ ആള് കൊള്ളാമല്ലോ എന്ന രീതിയിൽ കെട്ടിയോള് എന്റെ കവിളിലൊരു നുള്ളുവച്ചു തന്നു. പിള്ളേരുള്ളത് കാരണം ഞാൻ വേറെ അതിക്രമത്തിനൊന്നും മുതിർന്നില്ല.
പക്ഷെ മുതിർന്നിട്ടും കാര്യമൊന്നുമില്ലായിരുന്നു അപ്പോഴേക്കും ബാംബൂബോട്ട് ടൈറ്റാനിക് പിളർന്നത് പോലെ രണ്ടു കഷണമായി തെക്കോട്ടും വടക്കോട്ടും നീങ്ങി. ഞാൻ ഒരു കഷണത്തിലും കെട്ടിയോളും പിള്ളേരും മറ്റേ പകുതിയിലും. അവരുടെ കൂട്ടനിലവിളിയിൽ മടിച്ചു മടിച്ചാണെങ്കിലും ഞാനും പങ്കു ചേർന്നു.
ഒഴുക്കിനനുസരിച്ചു ഞങ്ങളെയും വഹിച്ച മുളപ്പാനലുകളും നീങ്ങാൻ തുടങ്ങിയതോടെ ഞങ്ങളുടെ നിലവിളി ഉച്ചസ്ഥായിലായി. ആ സമയത്ത് ഞാൻ വേറെ പകുതിയിലായത് ഭാഗ്യം ഇല്ലെങ്കിൽ അവൾ അപ്പൊത്തന്നെ എന്നെ പറിച്ചുകീറി ചോരകുടിക്കുമായിരുന്നു.
ഉദ്ദേശം ഒരു ഒന്നര നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ചപ്പോഴേക്കും ഞങ്ങളുടെ ഉന്നത ആവൃത്തിയിലുള നിലവിളി തരംഗങ്ങൾ പിടിച്ചെടുത്ത രക്ഷാവഞ്ചികൾ ആ സിഗ്നൽ ട്രാക്ക് ചെയ്ത് സ്ഥലത്തെത്തുകയും തദ്വാരാ ഞങ്ങൾ ക്യാമ്പിൽ എത്തപ്പെടുകയും ചെയ്തു.
പറ്റിയതോർത്ത് ആരുടേയും മുഖത്ത് നോക്കാൻ പറ്റുന്നില്ല . കെട്ടിയോൾക്ക് യാതൊരു ചമ്മലുമില്ല. വന്നപാടെ അവിടെ ചെന്ന് അവൾ നൈറ്റിക്ക് വേണ്ടി അടിപിടി കൂടാൻ തുടങ്ങി.
"മലവെള്ളത്തിനെന്ത് മൊളയെടോ !"
ശബ്ദം കേട്ട് തിരിഞ്ഞു നോക്കി . ആ നാറിയാണ് കുഞ്ഞിക്കണ്ണൻ. ഒന്നും പറയാൻ പോയില്ല.അവിടുന്ന് കിട്ടിയ റസ്ക് കട്ടൻ ചായയിൽ മുക്കി തിന്നു ക്ഷീണം മാറ്റി.
എല്ലാം ശാന്തമായി എല്ലാരും വീട്ടിലേക്ക് തിരിച്ചുപോയി. ചമ്മലും ഉള്ളിലെ വിങ്ങലും കാരണം തറവാട്ടിലേക്ക് പോയില്ല. നേരെ വീടിരുന്ന സ്ഥലത്തേക്ക് പോയി.
ഒരു താർപ്പായ വാങ്ങി മറച്ചു തല്ക്കാലം അവിടെ കൂടി.
അപ്പുറത്തെ വീട്ടുകാരൊക്കെ വീട്ടിലെ ചെളി കോരി കളയുന്ന തിരക്കിലാണ് ഞാനാണെങ്കിൽ വീടിനു തറ കെട്ടാനുള്ള പാറക്കല്ല് ചുമന്നു കൊണ്ടിടുകയാണ്.
"അച്ഛാ പാറ പൊട്ടിച്ചാൽ പ്രകൃതിക്ക് ദോഷമല്ലേ ?'
ചെറിയ പുത്രനാണ്.
ഞാൻ പതുക്കെ പറഞ്ഞു. "ആ ലൈറ്റായിട്ട്" ..
#വിജു-കണ്ണപുരം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot