Slider

ഒരു കറിവേപ്പില ചെടിയുടെ നിശബ്ദ കഥ !

0
Image may contain: 1 person, closeup and indoor
=================================
ഷാര്‍ജ,കല്‍ബയില്‍ ജോലിയെടുക്കുന്ന കാലം !
ഒരു ഇടിഞ്ഞു പൊളിയാറായ ഗ്രൗണ്ടുഫ്ളോര്‍ കെട്ടിടത്തിലായിരുന്നു ഞാനടക്കം ഏഴുപേര്‍ താമസിച്ചിരുന്നത് !
പിന്നെ കല്‍ബയിലെ എല്ലാ പൂച്ചകളും അവിടെ ഉണ്ടായിരുന്നു എന്നു വേണം പറയാന്‍ അതു
കൊണ്ടു തന്നെ'ബില്ലിഗര്‍'എന്നൊരു നിക്നൈമും അതിനുണ്ടായിരുന്നു !
എവിടെ താമസം എന്ന് ചോദിച്ചാല്‍ ബില്ലിഗര്‍
എന്നു പറഞ്ഞാല്‍ കല്‍ബയിലുള്ളവര്‍ മൊത്തം അറിയും അത്രയും ഫെയ്മസാ....എന്‍റെ റൂം !
തൊട്ടടുത്ത റൂമില്‍ കുറേ ബംഗാളികളും ! ഞാന്‍
ഈ റൂമിലേക്കു താമസം മാറിയിട്ടു കുറച്ചേ ആയൊള്ളു എങ്കിലും പഴയ റൂമിലുള്ളവരേക്കാള്‍
നല്ലവരും സഹകരണമുള്ളവരും ആയിരുന്നു
ഈ റൂമിലുള്ളവര്‍. ആദ്യത്തെ റൂമിലുള്ളവര്‍ ഒരു
അരവ് തട്ടാത്ത തേങ്ങ കൂട്ടമായി കറിയില്‍ പൊങ്ങി കിടക്കും പോലെ അവര്‍ മാത്രം ഒരു
ഗ്യാങ്ങായിരുന്നു.ഞാന്‍ മാത്രം പുറത്തും !
ഒരു ഭൂമിക്കുലക്കമുണ്ടായിട്ടു പോലും,ഉറങ്ങുന്ന
എന്നെ വിളിക്കാതെ തടി സലാമത്താക്കിയവര്‍ !
ആ കഥ പിന്നീട് പറയാം !
പൂച്ച റൂം അങ്ങനെയൊന്നുമായിരുന്നില്ല തികച്ചും
വ്യത്യസ്തം. മനം തുറന്നു കാര്യങ്ങള്‍ പറയാം
എന്‍റെ ജന്മസിദ്ധമായ കോമഡി-ചളി എന്നിവ
അടിക്കാം അതിനൊക്കെ ഈ അന്തേവാസികള്‍
ചെവി തരും അതു മാത്രമല്ല പൊങ്ങച്ചം പറയുക
അല്ല ഞാനുണ്ടാക്കുന്ന ഫുഡ് കേമമായിരുന്നു
അതില്‍ റൂമേറ്റ്സിന് നല്ല മതിപ്പുണ്ടായിരുന്നു
അതിനാല്‍ വളരെ ചുരൂങ്ങിയ ദിനംകൊണ്ടു
ഞാന്‍ സഹമുറിയന്‍സിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി !
ഓരോ ദിനം ഓരോരുത്തര്‍ ഭക്ഷണമുണ്ടാക്കണം
എന്നതാണ് ഈ റൂമിലെ അലിഖിത നിയമം! അതു
കൊണ്ടു തന്നെ ഞാന്‍ മെസ്സു ഉണ്ടാക്കുന്ന ദിവസം രാവിലെ ആറു മണിക്കു തന്നെ അതിനായി ഒരുങ്ങും എങ്കിലെ എട്ടുമണിക്കു മുമ്പു
ആ പണികള്‍ തീര്‍ത്തു,കുളിച്ചു ഒമ്പതു മണി
ആകുമ്പോഴേക്ക് കടയിലെത്താന്‍ പറ്റൂ !
ചോര്‍,കറി ,മീന്‍ പോരിച്ചത്,പപ്പടം,ഉപ്പേരി,
രാത്രിയില്‍ കൂബൂസിനോടൊപ്പം അടിക്കാന്‍
മറ്റൊരു കറി ഇതു കോഴിയോ ബീഫോ ആകാം രാത്രിക്കു മുമ്പു ഒരു രണ്ടു പായ്ക്കു കുബൂസും
വാങ്ങി വെച്ചാല്‍ മെസ് റെഡി. പിന്നെ അന്നത്തെ ഭക്ഷണവേസ്റ്റുകള്‍ റോഡരികില്‍ സ്ഥാപിച്ച തകരകൊട്ടയിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞാല്‍
എന്‍റെ ആ ആഴ്ച്ചയിലെ പണി കഴിഞ്ഞു പിന്നെ അടുത്താഴ്ച്ച നോക്കിയാല്‍ മതി !
ഭക്ഷണം വളരെ 'സിംപിളാക്കി ഉണ്ടാക്കുന്ന അതിവെളവന്മാരായ മഹാന്മാരും കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല !
അവര്‍ ആറു മണിക്കു തന്നെ ഭക്ഷണം റെഡി
ആക്കുന്ന റിസ്കെടുക്കില്ല പത്തുമണിക്കു വരും
ഒരു ഇളവന്‍ വാങ്ങി ചെത്തി നുറുക്കി വേവിച്ചു 'ലബണ്‍വണി'(ഒരു പാക്കറ്റ് തൈര്)ന്‍റെ മൂന്നാലു പായ്ക്കു വാങ്ങി അതിലൊഴിക്കും കുറച്ചു ഉപ്പുമിടും കറി റെഡി !
ചോറു വെക്കും ഒരു സോസേജ്(നക്കാനക്ക്)
പായ്ക്ക് വാങ്ങി പൊരിച്ചുവെക്കും രണ്ടു കുബൂസ് പായ്ക്കും വാങ്ങിവെക്കും അവരുടെ മെസ്സായി !
പക്ഷെ ഒരു മാസം ഈ പണി തുടര്‍ന്നതു തന്നെ കണക്ക്.മെസ്സില്‍ നിന്നവരു ഭംഗിയായി ഔട്ടായി !
പറഞ്ഞു വന്നത്,ഞാന്‍ കുറച്ചു വൈകിയാണ് ആ റൂമില്‍ താമസത്തിനു വന്നതെന്നു പറഞ്ഞുവല്ലോ
ആ റൂമിന്‍റെ മതിലിനോടു ചാരി നല്ല കരുത്തോടെ
ഒരു കറിവേപ്പില ചെടി നിന്നിരുന്നു
കണ്ണിനു കുളിര്‍മ്മയേകുന്ന നല്ല കടുംപച്ച നിറം
ഉള്ള ഇലകള്‍ തിങ്ങിയ ഒരു കറിവേപ്പില തരുണി ! അതു കാണുമ്പോള്‍ നാടു ഓര്‍മ്മ വരും ചൂടുക്കാറ്റു വീശി അടിക്കുന്ന മരുഭൂമിയിലാണ് ഈ 'തരുണി'ഉള്ളതെന്നു ഓര്‍ക്കണം !
റൂമില്‍ താമസിക്കുന്ന എല്ലാവരും ഈ കറിവേപ്പില ചെടിയെ കാര്യമായി പരിചരിച്ചു ഇതിനെ കുറിച്ചു വര്‍ണ്ണിക്കാത്ത ദിവസമില്ല !
ഇവര്‍ക്കെന്താ ഇതിനെ പറ്റി ഇത്രമാത്രം പറയാന്‍ ഉള്ളത് ? മുമ്പു ഇവരാരും കറിവേപ്പില ചെടി കണ്ടിട്ടില്ലേ ?പുതുക്ക താമസക്കാരനായ ഞാന്‍ സംശയിക്കാതിരുന്നില്ല ! ഇവരുടെ ആ വര്‍ണ്ണന
കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരിച്ചു....പാവങ്ങള്‍ !
ഞാന്‍ ഭക്ഷണം വെക്കുന്ന ദിവസം ഞാന്‍ ഒന്നോ
രണ്ടോ ഇല്ലി കറിവേപ്പില, ആ ചെടിയിയില്‍ നിന്നും പൊട്ടിക്കും കറികളിലിടും മെസ്സു ഉസാറക്കും !
കറിവേപ്പിലയും ഞാനതു നുള്ളുന്നതില്‍ എതിരു പ്രകടിപ്പിച്ചില്ല നിശബ്ദമായി ആ പാവം ചെടി
എന്നോടു ആത്മാര്‍ത്ഥമായി സഹകരിച്ചു !
എല്ലാവരും ഉണരുന്നതിനു മുമ്പു മെസ്സു പരിപാടി
തീര്‍ക്കുന്ന എന്‍റെ''ഇലനുള്ളല്‍'ആരുമറിഞ്ഞതും
ഇല്ല !
സഹമുറിയന്മാരൊക്കെ അതെടുക്കുന്നുണ്ടാവും
എന്ന ധാരണയിലാണ് ഞാനീ ഇല എടുത്തിരുന്നത് ! അതെടുക്കരുത് എന്നെന്നോട്
ആരും പറഞ്ഞതുമില്ല !
ഒരു ദിവസം റൂമിലെ മെയിന്‍ ആള്‍ പറഞ്ഞു 'നാളെയാണ് നമ്മുടെ കറിവേപ്പില നുള്ളുന്നതിന്‍റെ ഉദ്ഘാടനം എന്നോര്‍മ്മപ്പെടുത്തുന്നു !'
ഞാന്‍ ഞെട്ടിപ്പോയി'ഏത് കറിവേപ്പില?' ഞാന്‍ ചോദിച്ചു
'നാം വെള്ളമൊഴിച്ചു വളര്‍ത്തുന്ന ആ കറി
വേപ്പില തന്നെ !'
'അപ്പോ അതില്‍ നിന്നാരും ഇല നുള്ളാറില്ലേ'
എന്‍റെ ചോദ്യം !
'ഇല്ല..സൈനു...നാളെയാണ് അതിന്മേല്‍ നിന്നുള്ള ആദ്യ 'ഇല നുള്ളല്‍ !'
ന്‍റമ്മോ...!
പിന്നെ എന്‍റെ വായില്‍ വെള്ളമില്ല ! അപ്പോ അതാണ് ആ' വര്‍ണ്ണന'യുടെ കാര്യം !
ന്നാ കേട്ടോളിന്‍ സഹോദരന്മാരെ എന്‍റെ മെസ്സിന്‍റെ ദിവസങ്ങളില്‍ ഞാനാ... ഇല നുള്ളി ഉദ്ഘാടനം ചെയ്യലുണ്ട് ട്ടോ..
പറയാന്‍ മനസുവെമ്പി പക്ഷെ പറഞ്ഞില്ല നാളത്തെ ഉദ്ഘാടനം കഴിഞ്ഞിട്ടു പറയാം
ഇല്ലെങ്കീ....സകല രസവും പോകും !
ഞാന്‍ നിശബ്ദനായി കറിവേപ്പില ചെടിയെ
നോക്കി കറിവേപ്പില ചെടിയും അതു ശരിവെച്ചു നിശബ്ദയായി'ഇല'യാട്ടി എന്നെ നോക്കി കണ്ണിറുക്കി എന്‍റെ ചുണ്ടിന്‍റെ കോണില്‍ ഒരു
ചിരി വിരിഞ്ഞു !
പക്ഷേ റൂമേറ്റുകളായ ഇഖ്ബാലിനു ഹഖിനും എന്നെ സംശയം !
ഞാന്‍'ഏതു കറിവേപ്പില'എന്നു വെപ്രാളത്തോടെ ചോദിച്ചില്ലേ അതവര്‍ അടിവരയിട്ടു കഴിഞ്ഞു !
'സൈനു ആ കറിവേപ്പില മുമ്പു നുള്ളിയിരുന്നു
ല്ലേ ?'
അവര്‍ പിന്നെ കണ്ടപ്പോള്‍ സ്വകാര്യമായി ചോദിച്ചിരുന്നു ഞാന്‍ കണ്ണിറുക്കി കാണിച്ചു അപ്പോളവര്‍ പൊട്ടിച്ചിരിച്ചു കൂട്ടത്തില്‍ ഞാനും !
(സൈന്‍ഷാ പി കെ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo