നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു സ്നേഹ സമ്മാനം

Gift, Made, Package, Loop, Packet Loop, Christmas
കുവൈറ്റിൽ ഹൗസ് ഡ്രൈവറായി വന്നിട്ട് ഏകദേശം ഒരു വർഷമാകാൻ പോകുന്നു. വലിയ ഒരു കുവൈറ്റി ഫാമിലിയിലെ ഒരേയൊരു ഡ്രൈവറാണ് ഞാൻ. അത്കൊണ്ട് തന്നെ ഈ ഫാമിലിയിലെ എല്ലാ ഓട്ടവും ഞാൻ തന്നെയാണ് ഓടേണ്ടത്. പിന്നെ ആകെയുള്ള ആശ്വാസം ബാക്കിയുള്ള ഡ്രൈവരന്മാരോട് സംസാരിക്കുന്നതുപോലെ(ഗിർഗിർ) അധികമായ സംസാരങ്ങളും ഒന്നും തന്നെ ഇല്ല.
ഈ ഫാമിലിയിലെ ബോസിന്റെ ഏഴുമക്കളിൽ മൂത്ത മകന്റെ പെട്ടന്നുള്ള മരണശേഷം അദ്ദേഹത്തിന്റെ മക്കളെ സ്കൂളിൽ കൊണ്ടുപോകുന്നതായിരുന്നു എന്റെ പ്രധാന ജോലി. പിതാവ് മരണപ്പെട്ടത്തിനാൽ അദ്ദേഹത്തിന്റെ അഞ്ചു മക്കളോടും ബാബായിക്കും(ബോസ്സ്) മാമായിക്കും(മാഡം) ഒരു പ്രത്യേക വത്സല്യമായിരുന്നു......
ഈ മരണപ്പെട്ട മകന്റെ അഞ്ചു കുട്ടികളിൽ മൂത്ത പതിനഞ്ചു വയസ്സ് പ്രായം വരുന്ന ഫഹദ് എന്ന പയ്യൻ സ്കൂൾ കഴിഞ്ഞു വന്നാൽ കൂട്ടുകാരുമായി കറങ്ങാൻ സ്ഥിരമായി പോകാറുണ്ട്.... എല്ലായിപ്പോഴും രാത്രി വളരെ വൈകിയാണ് തിരിച്ചു വരാറുള്ളത്......
ബാക്കിയുള്ള ഓട്ടമെല്ലാം കഴിഞ്ഞു ഉറങ്ങാൻ കിടന്ന് ഉറക്കം പകുതിയാകുമ്പോളായിരിക്കും ഈ കക്ഷിയുടെ ഫോൺ കോൾ വരിക .. ഉറക്കം മുറിഞ്ഞ അസ്വസ്ഥതയിൽ മനസ്സിൽ നൂറ് തെറി വിളിച്ചുകൊണ്ടാണ് ഞാൻ പലപ്പോഴും ഇവനെ കൊണ്ടുവരാൻ പോകുന്നത്... ഉറക്കചുവയോടെ വണ്ടിയിൽ ഇരിക്കുന്ന എനിക്ക് സലാം പറഞ്ഞു ഒരു കള്ളച്ചിരിയോടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയിരിക്കുമ്പോൾ ഞാൻ അവനോട് ഒരുപാട് ദേഷ്യത്തിൽ സംസാരിക്കും അപ്പോഴെല്ലാം ചിരിച്ചുകൊണ്ട് ഇനി ആവർത്തിക്കില്ല എന്ന മറുപടിയിൽ ഒതുക്കും പിറ്റേ ദിവസവും ഇത് തന്നെയാണ് അവസ്ഥ.
ഞാൻ ഒരിക്കൽപോലും സ്നേഹപൂർവം അവനോട് സംസാരിച്ചിട്ടില്ല എപ്പോഴും ദേഷ്യത്തിലാണ് സംസാരിച്ചിട്ടുള്ളത് കാരണം മറ്റൊന്നുമല്ല എല്ലാ ഓട്ടവും കഴിഞ്ഞു ആകെ ഉറങ്ങാൻ കിട്ടുന്നത് കുറച്ചു സമയമാണ് അത് അവൻ കൊണ്ടുപോകും. എത്ര വൈകി കിടന്നാലും രാവിലെ സ്കൂൾ ഉണ്ടായത് കൊണ്ടും അവരുടെ കാറുകൾ കഴുകണ്ടതു കൊണ്ടും അതിരാവിലെ ഉണരണം. ആ ദേഷ്യമെല്ലാം ഞാൻ തീർക്കുന്നത് അവനിലാണ്.
അങ്ങനെ സ്കൂൾ അടവിന് ഈ ഫഹദിന്റെ ഫാമിലി തുർക്കിയിലേക്ക് ടൂർ പോയി. അവൻ പോയ ആശ്വാസത്തിൽ ഉറക്കങ്ങൾ ഇല്ലാത്ത രാത്രികൾക്ക് വിട പറഞ്ഞു കൊണ്ട് വളരെ സന്തോഷത്തോടെ രാത്രികൾ ഇങ്ങനെ ഉറങ്ങിത്തീർത്തുകൊണ്ടിരുന്നു....
തൊട്ടടുത്തുള്ള പള്ളിയിൽ നിന്നും ഇശാ നമസ്കാരം കഴിഞ്ഞു പിറ്റേ ദിവസത്തെ വലിയ പെരുന്നാളിന്റെ വരവ് അറിയിച്ചുകൊണ്ട് തക്ബീർ വിളികൾ ഉയർന്നു.....
എന്റെ മനസ്സിലും സന്തോഷത്തിന്റെ അലകൾ അടിച്ചു. നാട്ടിൽ പ്രളയത്തിന്റെ കഷ്ടപ്പാടുകൾ കണ്ടും കേട്ടും അറിഞ്ഞതിനാൽ പുതുവസ്ത്രങ്ങൾ ഒന്നും എടുത്തിരുന്നില്ല. സന്തോഷം തോന്നിയത് മറ്റൊന്നും കൊണ്ടല്ല മാസത്തിൽ കിട്ടുന്ന രണ്ട് ലീവാണ് പിന്നെയുള്ളത് പെരുന്നാളിന് കിട്ടുന്ന ലീവാണ്. ഈ പ്രവാസത്തിന്റെ കുടുസുമുറിയിൽ നിന്നും സ്വസ്തമായി കൂട്ടുകാരുമായി വൈകുംവരെ തമാശകളും നാട്ടുകാര്യങ്ങളും പറഞ്ഞിരിക്കാനും വായിക്കു രുചിയായി ഇഷ്ട ഭക്ഷണം കഴിക്കാനുമുള്ള ഒരു അവസരമാണ് ഈ ലീവുകൾ അതിനാൽ എല്ലാ ലീവുകളും പ്രവാസികൾക്കും മനസ്സിന് വല്ലാത്ത സന്തോഷം നൽകും.
പെരുനാൾ നമസ്കാരം കഴിഞ്ഞു കൂട്ടുകാരുമൊത്ത് കുവൈറ്റ് സിറ്റിയിൽ പോയി മട്ടൻ ബിരിയാണി കഴിക്കുന്നത് സ്വപ്നം കണ്ടുകൊണ്ട് കിടന്ന എനിക്ക് ഫഹദിന്റെ ഉമ്മയുടെ കോൾ വന്നു. നാളെ ഞങ്ങൾ തുർക്കിയിൽ നിന്നും തിരിച്ചു വരും അതിനാൽ ഒരു മണിക്ക് നീ എയർപോർട്ടിൽ വരണം.
അടുത്ത ദിവസം രാവിലെ തക്ബീർ വിളികൾകൊണ്ട് മുഖരിതമായ പള്ളിയിൽ നിന്നും പെരുനാൾ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങി കൂട്ടുകാരെ ചേർത്ത് പിടിച്ചു "ഈദ് മുബാറക്ക്" പറഞ്ഞു ഒട്ടും സന്തോഷമില്ലാതെ വീട്ടിലേക്ക് വന്നു. പെരുനാൾ ദിവസത്തെ ലീവ് ഫഹദും കൂട്ടരും കൊണ്ടുപോയ വിഷമത്തിൽ അസ്വസ്ഥമായ മനസ്സുമായി അവരെ ഏയർപോർട്ടിൽ നിന്നും കൂട്ടികൊണ്ട് വന്നിട്ട് അടുത്ത ഓട്ടത്തിന് തയ്യാറായി നിന്നു.......
ഒരു ചെറു ചിരിയോടെ കാറിനാടുത്തേക്ക് വന്ന ഫഹദ് കെട്ടി പിടിച്ചു ഈദ് മുബാറക്ക് പറഞ്ഞിട്ട്, നിനക്കൊരു സമ്മാനം എന്ന്‌ പറഞ്ഞു കയ്യിലിരുന്ന ഒരു സ്‌പ്രയുടെ ബോട്ടിൽ എനിക്ക് തന്നു. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ അവനെ വാരി പുണർന്നു ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തു...... എന്റെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പോയി... എനിക്ക് ഒന്നും പറയാൻ കഴിയാതെ അവനെ തന്നെ നോക്കി ഞാൻ അങ്ങനെ നിന്നു....
അവന്റെ ഉമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞത് അവർ തിരിച്ചു വരാനുള്ള പർച്ചേഴ്സിന് ഇറങ്ങിയപ്പോൾ എനിക്കായി അവൻ വാങ്ങിച്ചതാണ്. പണ്ടെങ്ങോ അവൻ എന്നോടൊപ്പം യാത്ര ചെയ്യുന്ന സമയത്ത് അവന്റെ വസ്ത്രത്തിൽ നിന്നും വന്ന വാസന എനിക്ക് ഇഷ്ടപെടുകയും ഈ സ്പ്രേ എവിടുന്ന് വാങ്ങി എന്ന് ചോദിക്കുകയും ചെയ്തു അത് ഞാൻ മറന്നിട്ട് നാളുകളായി. പക്ഷെ അത് മറക്കാതെ എനിക്കായി വാങ്ങി കൊണ്ടുവന്ന അവന്റെ ആ സ്നേഹം എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.
അവൻ എനിക്ക് തന്ന ആ സ്നേഹ സമ്മാനത്തിന്റെ വില എനിക്ക് അറിയില്ല. അറിയുകയും വേണ്ട, അല്ലെങ്കിലും സ്നേഹത്തോടെ ഒരാൾ തരുന്ന ഒരു മൊട്ടുസൂചിയാണെങ്കിലും അതിന്റെ വില നിർണ്ണയിക്കാൻ പറ്റാത്തത്ര വലുതായിരിക്കും........ വില മതിക്കാനാകാത്ത ആ സ്നേഹ സമ്മാനം എന്നും എന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ കെടാ വിളിക്കായി അങ്ങനെ കത്തിനിൽക്കും........
സ്നേഹത്തോടെ......
ദിൽഷാദ് മംഗലശ്ശേരി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot