നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛനെന്ന മഹാനദി

"അമ്മെ അച്ഛന് ശമ്പളം കിട്ടിയോ ?"
"ഇല്ലല്ലോ ചിലപ്പോൾ ഇന്ന് കിട്ടും എന്തെ ?"
ഭാമ തേങ്ങാ തിരുമ്മുന്നതിനിടയിൽ ചോദിച്ചു
"അമ്മെ ഫ്രണ്ട്‌സ് എല്ലാരും കൂടെ ഒരു ടൂർ പ്ലാൻ ചെയ്തു കേട്ടോ. ഒറ്റ ദിവസമേ ഉള്ളു. ഒരു അഞ്ഞൂറ് രൂപ തരാൻ അച്ഛനോട് പറയാമോ ?"
"അഞ്ഞൂറ് രൂപയോ ?നീയെന്താ നിവിനെ ഒന്നും അറിയാത്ത പോലെ? അനുമോളുടെ ഫീസ് കൊടുത്തിട്ടില്ല കഴിഞ്ഞ മാസം. മായയെ പ്രസവത്തിനു വിളിച്ചു കൊണ്ട് വരുന്നത് അടുത്തമാസമാണ്. പിന്നെ അവളുട പ്രസവം ,ചിലവുകൾ "
"മതി 'അവൻ കാതു പൊത്തി. "മടുത്തു ഈ ദാരിദ്ര്യം പറച്ചിൽ. ഞാൻ പോണില്ല തീർന്നില്ലേ ?"അവന്റ കണ്ണ് നിറഞ്ഞിരുന്നു "അല്ലെങ്കിലും ഒരിക്കലും എനിക്ക് മാത്രം തരാൻ കാശില്ല എനിക്കും ആഗ്രഹങ്ങളുണ്ടാകില്ലേ ? ഒരു ബിരിയാണി തിന്നിട്ടെത്ര നാളായി ?കൂട്ടുകാർ ഓരോ സ്ഥലത്തോട്ടു വിളിക്കുമ്പോൾ കള്ളം പറഞ്ഞു ഞാൻ മടുത്തു. എപ്പോ ചോദിച്ചാലും കാശില്ല, കാശില്ല "
"ഇല്ലാഞ്ഞിട്ടല്ലേ മോനെ? അച്ഛനൊരാളല്ലേ ഉള്ളു ഈ കിടന്നു ഓടാൻ ?സർക്കാർ ജോലിയൊന്നുമല്ലല്ലോ? നിനക്കറിയില്ലേ എല്ലാം ?"
നിവിൻ ഒന്നും മിണ്ടിയില്ല അവന്റെ തലയിൽ ഒന്നും കയറുന്നില്ലായിരുന്നു. കൂട്ടുകാരുടെ കളിയാക്കലുകൾ ,കുത്തുവാക്കുകൾ പരിഹാസചിരികൾ.
"നന്ദേട്ടാ രാത്രി വൈകി കേട്ടോ ആൾക്കാരൊക്കെ പോയി പാത്രങ്ങളൊക്കെ ഞങ്ങൾ കഴുകി വെച്ചോളാം "നന്ദൻ തനിക്കു കഴിക്കാൻ കിട്ടിയ ബിരിയാണി ഒരു കടലാസ്സിൽ പൊതിഞ്ഞു കൊണ്ട് നിൽക്കുകയായിരുന്നു
"ഇതെന്താ കഴിച്ചില്ല ?"
സച്ചിൻ ചോദിച്ചു
"വീട്ടിൽ ചെന്ന് കഴിക്കാമേന്നെ. മക്കൾക്കും കുറച്ചു കൊടുക്കാം നിവിന് വലിയ ഇഷ്ടമാ ഇത് "
സച്ചിൻ ആർദ്രമായ ആ മുഖത്തേക്ക് നോക്കി. പിന്നെ മെല്ലെ ചോദിച്ചു
"നന്ദേട്ടാ അവർക്കറിയുമോ ഇങ്ങനെ ഞങ്ങൾക്കൊപ്പം കാറ്ററിങ്ങിനു വരുന്ന കാര്യം ?"
നന്ദൻ ഒന്ന് മന്ദഹസിച്ചു
"എന്തിനാ അറിയുന്നത് ?എല്ലാമൊന്നും എല്ലാരോടും പറയണ്ട സച്ചി.നമ്മൾ നമ്മുടെ കടമകൾ വൃത്തിയായിട്ട് ചെയ്തേക്കുക. വേറെ ഒന്നും നോക്കണ്ട. പോട്ടെടാ "
സച്ചിൻ ആ പോക്ക് നോക്കിനിന്നു
"അമ്മയെന്ന മഹത്വത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന വിയർപ്പിൽ കുതിർന്ന മൂന്നക്ഷരം ।
എപ്പോളും മങ്ങിപ്പോകുന്ന മൂന്നക്ഷരം
"അച്ഛൻ "
സച്ചിൻ കണ്ണ് ഒന്ന് തുടച്ചു
അച്ഛനുറങ്ങിയെന്നുറപ്പ് വരുത്തി നിവിൻ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു. അവനെ വിയർപ്പിൽ കുതിർന്നു. വേഗം കൈയിൽ കിട്ടിയ കുറച്ചു നോട്ടുകൾ ചുരുട്ടിയെടുത്തു പേഴ്സ് സ്വസ്ഥാനത്തു വെച്ച് തിരിഞ്ഞു നടന്നു
ഇരുളിൽ ആ കാഴ്ച കണ്ട നന്ദന്റെ കണ്ണ് നിറഞ്ഞൊഴുകി
കൂട്ടുകാരന്റ ബൈക്കിന് പിന്നിലിരുന്നു തിരികെ വരുമ്പോൾ കഴിഞ്ഞു പോയ ടൂറിന്റ രസങ്ങളൊന്നും അവന്റെ മനസ്സിൽ ഇല്ലായിരുന്നു ഒരു കുറ്റബോധം ,വിങ്ങൽ. അച്ഛനോട് മാപ്പ് പറയാൻ ഒരു വെമ്പൽ. അച്ഛൻ തരുന്ന ഏതു ശിക്ഷയും ഏറ്റു വാങ്ങാൻ അപ്പോളവൻ തയ്യാറായിരുന്നു
അച്ഛന്റെ ഓഫീസിലെത്തുമ്പോൾ പ്യൂൺ നാരായണേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു
"അച്ഛൻ ഇന്ന് ഉച്ച കഴിഞ്ഞു ലീവ് ആയിരുന്നല്ലോ മോനെ? നമ്മുട ഷാ ഓഡിറ്റോറിയത്തിൽ കാണും. അവിടെയാണിന്നു കല്യാണപാർട്ടി "
നിവിൻ ഒന്നും സംശയിച്ചു കല്യാണ പാർട്ടിയോ ?ഏത് പാർട്ടി ?
കണ്ട കാഴ്ചയുടെ ആഘാതത്തിൽ കണ്ണിൽനിന്നും കണ്ണീർ പരന്നൊഴുകുന്നത് അവൻ അറിയുന്നില്ലായിരുന്നു '
അച്ഛൻ ഓരോ മേശമേൽ നിന്നും എച്ചിൽ പെറുക്കി വൃത്തിയാക്കി വീണ്ടും അടുത്ത മേശകളിലേക്കു നടക്കുന്നത് അവൻ കണ്ടു. ഒടുവിൽ കണ്ണീർപ്പാടക്കുള്ളിൽ അച്ഛന്റെ രൂപം മറഞ്ഞപ്പോൾ ബലമില്ലാത്ത കാലുകൾ വലിച്ചെടുത്തു അവൻ നടന്നു തുടങ്ങി
രാത്രി തന്റെ കാലിൽ ഒരു നനവ് തട്ടുന്നതറിഞ്ഞു നന്ദൻ കണ്ണ് തുറന്നു.
നിവിൻ
"മോനെ എന്താടാ ?"
ഒരു പൂക്കുല വന്നു നെഞ്ചിൽ പതിച്ച പോലെ. അവൻ അച്ഛനെ ഇറുകെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
"പൊറുക്കണെ അച്ഛാ എന്നോട് പൊറുക്കണെ "ഏങ്ങലടിച്ചിട്ടു അവനു വാക്കുകൾ കിട്ടുന്നില്ലായിരുന്നു. അച്ഛനവനെ അണച്ചു പിടിച്ചു
"ഞാനാ അച്ഛന്റെ പൈസ എടുത്തേ "അവൻ ഇടറി പറഞ്ഞു
അച്ഛനൊന്നു മൂളി
"ടൂർ പോവാന എടുത്തേ "
അച്ഛൻ വീണ്ടും മൂളി
"അച്ഛനറിഞ്ഞായിരുന്നോ ?"അവൻ മുഖം ഉയർത്തി ആ കണ്ണിൽ നോക്കി
അച്ഛൻ ചിരിച്ചു
"എന്താ അച്ഛാ എന്നെ തല്ലാതിരുന്നേ?"
നന്ദൻ അവനെ നെഞ്ചിലേക്കണച്ചു പിടിച്ചു
"ഇങ്ങനെ നീ വന്നു പറയുമെന്ന് അറിയാമായിരുന്നത് കൊണ്ട് "അയാൾ മെല്ലെ പറഞ്ഞു
"എന്തിനാ അച്ഛാ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലണത്"?
ആ ചോദ്യം അവനു പുറത്തേക്കു വന്നില്ല. ശബ്ദം കിട്ടുന്നില്ലായിരുന്നു
"ഇനിയൊരിക്കലും ചെയ്യില്ലച്ഛാ സത്യം "അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു
അച്ഛൻ ആ നിറുകയിൽ ഉമ്മ വെച്ചു. മുലപ്പാലിന്റെ മണം മാറാത്ത പിഞ്ചുകുഞ്ഞാണ്‌ അവനെന്നു അയാൾക്കപ്പോൾ തോന്നി
"അച്ഛാ ?"
"ഉം "
"ഞാനും വരുവാ ഇനി മുതൽ വൈകുന്നേരം ഉള്ള ജോലിക്ക് അച്ഛന്റ കൂടെ. എക്സാം ഒക്കെ കഴിഞ്ഞു. ഇനി കുറെ നാൾ അവധിയാ "
അയാൾ ഞെട്ടലോടെ അവനെ നോക്കി
"ഞാൻ കണ്ടച്ഛാ. എന്റെ അച്ഛൻ എച്ചിലെടുക്കുന്നെ, എന്റെ അച്ഛൻ മേശ തുടയ്ക്കുന്നത് ഒക്കെ. പകൽ മുഴുവൻ ഓഫീസിലെ ജോലിം കഴിഞ്ഞു അവിടെ അച്ഛൻ കഷ്ടപ്പെടുമ്പോൾ എനിക്ക് സുഖം ആയി ഇരിക്കണ്ട അച്ഛാ. ഞാനും വരും." അവന്റ ശബ്ദം ഉറച്ചു
അയാളുടെ കണ്ണൊന്നു നിറഞ്ഞു
"'അമ്മ അറിയണ്ട. നമ്മൾ രണ്ടും മാത്രം. ഉം ?"
അച്ഛൻ മെല്ലെ തലയാട്ടി
ഞാൻ അച്ഛന്റെ കൂടെ കിടന്നോട്ടെ ഇന്ന് ?"
അവൻ കട്ടിലിലേക്ക് കയറിക്കിടന്നു അച്ഛനെ കെട്ടിപിടിച്ചു.
അച്ഛൻ ശാന്തമായി ഉറങ്ങുന്നത് അവൻ നോക്കിക്കിടന്നു.
ചെയ്തത് വലിയ ഒരു തെറ്റായിരുന്നു.ഈ ഭൂമിയിൽ ഒരു പക്ഷെ ഒരു അച്ഛന് മാത്രമേ ആ തെറ്റ് ക്ഷമിക്കാൻ സാധിക്കുകയുമുള്ളൂ.
അല്ലെങ്കിലും അച്ഛൻ എന്ന മഹാനദിയിൽ മുങ്ങിയാൽ തീരാത്ത എന്ത് പാപമാണ് ഭൂമിയിലുള്ളത് ?

BY Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot