Slider

ബാലവേണി - ഭാഗം 30- Last Part

0
Final Part
"എന്ത് പറ്റി  മോളെ?എന്താ മുഖം വല്ലാതിരിക്കുന്നത് ?"വെപ്രാളത്തോടെ ഓടി വരുന്ന ശ്യാമയെ കണ്ട്  സുമ ചോദിച്ചു.
"മാഡം നന്ദനെ കാണുന്നില്ല!" ശ്യാമ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
"കാണുന്നില്ലേ?മുകളിലും  താഴത്തെ  മുറികളിലെല്ലാം ശരിക്കും നോക്കിയോ?"മിഥില  ചോദിച്ചു.
"വന്നേ നമുക്ക് ഒന്നൂടെ  നോക്കാം.ചിലപ്പോ വെളിയിൽ എവിടെയെങ്കിലും ഉണ്ടാവും "ശ്രീബാല ശ്യാമയെ സമാധാനിപ്പിച്ച് അവളെയും കൊണ്ട് വീട് മുഴുവനും പിന്നെ വെളിയിലും ഒക്കെ നോക്കി.ശ്യാമ കരഞ്ഞുതുടങ്ങിയിരുന്നു.എല്ലാവരും വീടിനകത്തും വെളിയിലും നന്ദനെ അന്വേഷിച്ചു.
സുമ ജിതേഷിനെയും ഹരിയേയും  വിളിച്ച് കാര്യം പറഞ്ഞു.
പെട്ടെന്ന് ശ്യാമയുടെ കണ്ണുകൾ കുറുകി.അവളുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ! കുറച്ച് ദിവസങ്ങൾക്ക്  മുൻപ് നന്ദൻ പറഞ്ഞത് ശ്യാമ ഓർത്തു.തന്നെയും മിഥിലയെയും ആക്രമിച്ചവനെ   കൈയിൽ കിട്ടിയാൽ നന്ദൻ അയാളെ പൊലീസിന് വിട്ടുകൊടുക്കില്ല തന്റെയും മിത്തുവിന്റെയും ജീവിതം തകർത്തതിന് അയാളെ നന്ദൻ തന്നെ കൊല്ലുമെന്ന്! ഭോലയെ കണ്ടനേരമത്രയും നന്ദന്റെ മുഖത്ത്  ഭയം ആയിരുന്നില്ല എന്ന് ശ്യാമ ഭീതിയോടെ ഓർത്തു.അവൾ പെട്ടെന്ന് വീടിനകത്തേക്കോടി.ആർക്കും കാര്യമെന്തെന്ന്  മനസ്സിലായില്ല.ഡൈനിങ്ങ് ടേബിളിന്റെ സൈഡിൽ ഉള്ള വാതിൽ തുറന്ന് ബേസ്‌മെന്റിന്റെ സ്ലോപ്പിലൂടെ താഴേക്ക്  ഓടി. മിഥിലയുടെ  വീൽ ചെയറിന്റെ സൗകര്യത്തിന് വേണ്ടി ആയിരുന്നു അവിടെ സ്റ്റെയർകേസിന്‌ പകരം സ്ലോപ്പ് വെച്ചത്.
"ഈ കുട്ടി എന്താ കാണിക്കുന്നത്?ശ്യാമേ അങ്ങോട്ട് പോവരുത്!" സുമ പിറകെ ഓടിക്കൊണ്ട് വിളിച്ച് പറഞ്ഞു.
അവിടേക്ക് ചെന്ന ശ്യാമ  ഞെട്ടിത്തരിച്ചു! പിറകെ ഇറങ്ങിവന്ന സുമയും ശ്രീബാലയും മിഥിലയും ഹോം നേഴ്സ്  വത്സലയും ആ കാഴ്ച കണ്ട് നടുങ്ങിപ്പോയി!
അവിടെ നിലത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന ഭോല! അയാളുടെ നെഞ്ചിൽ  ഒരു കത്തി കുത്തി ഇറക്കിയിട്ടുണ്ടായിരുന്നു! പിടിവലികൾ  നടന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നു ആ മുറിയിൽ. സാധനങ്ങൾ വലിച്ച് വാരി ഇട്ടിരിക്കുന്നു.ശ്യാമയുടെ കണ്ണുകൾ നന്ദനെ തിരഞ്ഞു.കുറച്ച് ഉള്ളിലേക്ക് മാറി ഒരു ഞരക്കം കേട്ടു! ശ്യാമ പെട്ടെന്ന് അങ്ങോട്ടേക്ക്  ചെന്നു..ആ കാഴ്ച്ച കണ്ട് ശ്യാമ അലറി വിളിച്ചു! ശ്രീബാല രണ്ടു കൈകളും കൊണ്ട് മുഖം പൊത്തി! മിഥില വത്സലയുടെ കൈകളിൽ മുറുകെ പിടിച്ചു! സുമ നെഞ്ചിൽ കൈവെച്ച് തരിച്ച് നിന്നു ! അവിടെ ദേഹം മുഴുവൻ ചോരപ്പാടുമായി നന്ദൻ പുറം തിരിഞ്ഞ് കിടപ്പുണ്ടായിരുന്നു! ശ്യാമ അവനെ വലിച്ചെടുത്ത്  അവളുടെ മടിയിലേക്ക് വെച്ചു.അപ്പോഴാണ് അവന്റെ  നെഞ്ചിന് താഴെ ആയി ഒരു തടിക്കഷണത്തിന്റെ കൂർത്ത അറ്റം തറഞ്ഞ് കയറി ഇരിക്കുന്നത് കണ്ടത് !
"ഞാൻ പറഞ്ഞതല്ലേ?എനിക്ക് വേറാരുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ?എന്നിട്ടും എന്തിനായിരുന്നു?"ശ്യാമ ആർത്തലച്ച് കരഞ്ഞുകൊണ്ട് ചോദിച്ചു.
"ജയിലിൽ നിന്നും അവൻ പുറത്തിറങ്ങിയേനേം  ശ്യാമേ..എന്നിട്ട്..അവൻ വീണ്ടും നമ്മളെ എല്ലാവരെയും ഉപദ്രവിക്കും..ഇതിപ്പോ നിങ്ങൾക്കെല്ലാവർക്കും പേടിക്കാതെ കഴിയാമല്ലോ..ശാരി ചിറ്റയുടെ ഭാഷയിൽ പറഞ്ഞാൽ ഈ പേടിത്തൊണ്ടനെ  കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായല്ലോ.."നന്ദന്റെ വാക്കുകൾ ഇടറി..ചുണ്ടിൽ ഒരു വാടിയ ചിരി തെളിഞ്ഞു. ശ്രീബാല ഓടിപ്പോയി  ഫോൺ എടുത്ത് ആംബുലൻസ് വിളിച്ചു.ഹരിയേയും ജിതേഷിനെയും വിളിച്ച് നന്ദന്റെ അവസ്ഥ  അറിയിച്ചിട്ട്   തിരികെ വന്നു.
"പേടിക്കണ്ട ആംബുലൻസ് വിളിച്ച് പറഞ്ഞിട്ടുണ്ട്..ജിത്തു ഏട്ടനും ഹരിയേട്ടനും ഇപ്പൊ വരും..നന്ദന് ഒരു കുഴപ്പവും വരില്ല.."ശ്രീബാല കണ്ണീരോടെ പറഞ്ഞു.സുമയും മാറി നിന്ന് കരയുകയായിരുന്നു.
"ഇല്ല..ഞാൻ രക്ഷപ്പെടില്ല..സുമ മാഡത്തോട് ചോദിച്ചോളൂ..ഇല്ലേ ഡോക്ടർ?"നന്ദൻ സുമയെ നോക്കി.അവർ അവിടെ നിന്ന്  വാ പൊത്തി  കരഞ്ഞു...നന്ദൻ ശ്വാസം വലിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
"നീ എന്ത് അവിവേകമാ കാണിച്ചത് നന്ദാ.."മിഥില അവനെ നോക്കി പൊട്ടിക്കരഞ്ഞു.
"അവൻ ഒരാൾ കാരണം നമ്മടെ എല്ലാവരുടെയും ജീവിതം തകർന്നില്ലേ മിത്തു?അന്ന് നിന്നെ രക്ഷിക്കാൻ എനിക്കായില്ല.പക്ഷെ..ഇപ്പൊ എനിക്ക് ആ കടം വീട്ടാൻ പറ്റി.."നന്ദൻ പറഞ്ഞു.ശ്യാമ കരഞ്ഞുകൊണ്ട് നന്ദന്റെ മുഖത്തെ വിയർപ്പുതുള്ളികൾ തുടച്ച് നീക്കി.
"എനിക്ക് കുറച്ച് വെള്ളം തരാമോ ശ്യാമേ.. നിന്റെ കൈകൊണ്ട്?"നന്ദൻ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.ശ്യാമ വിങ്ങിപ്പൊട്ടി...
സുമ വേഗം ചെന്ന് സ്പൂണും ഒരു കപ്പിൽ വെള്ളവുമായി വന്ന്  ശ്യാമയെ ഏൽപ്പിച്ചു.ശ്യാമ സ്പൂണിൽ കുറച്ച് വെള്ളം അവന്റെ വായിലേക്ക് ഇറ്റിച്ച് കൊടുത്തു.
"ഇനി എനിക്കിങ്ങനെ വാരി തരേണ്ടി വരില്ലല്ലോ അല്ലെ.."നന്ദൻ ചോദിച്ചത് കേട്ട് ശ്യാമ പൊട്ടിക്കരഞ്ഞു!
അവന്റെ കണ്ണുകൾ അടഞ്ഞ് വന്നു.
"നന്ദാ കണ്ണുകൾ അടയ്ക്കാതെ..പ്ളീസ് ഹോസ്‌പിറ്റലിൽ എത്തുന്നത് വരെ കണ്ണുകൾ തുറന്ന് പിടിച്ച് ഇരിക്കണേ..എനിക്ക് വേറെ ആരുമില്ല നന്ദാ!എന്നെ ഒറ്റയ്ക്കാക്കല്ലേ !"ശ്യാമ നന്ദന്റെ തല നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് കരഞ്ഞു.
"എന്റെ ജിത്തു പാവമാ..അവനെ വിട്ടേച്ച്  പോവരുത്.."നന്ദൻ ശ്രീബാലയെ നോക്കി പറഞ്ഞു.ശ്രീബാല ഏങ്ങലടിച്ച് കരഞ്ഞു..
"ഞാൻ പോവാ ശ്യാമേ..എനിക്ക്.."നന്ദന്റെ ശബ്ദം കുഴഞ്ഞു.
"എനിക്ക് ശാരി ചിറ്റയോട്  ദേഷ്യം ഒന്നും ഇല്ലായിരുന്നു എന്ന് പറയണം..എന്റെ  ഓർമ്മകളിൽ  ജീവിതം പാഴാക്കരുത്..നിന്റെ കൂടെ ജീവിച്ച് കൊതി തീർന്നില്ല മോളെ..എനിക്ക് നിന്നെ..നിന്നെ  ഒരുപാടിഷ്ടമായിരുന്നു..."നന്ദന്റെ കണ്ണുകൾ അടഞ്ഞു!
ആ മുറിയിൽ നിന്ന എല്ലാവരും പൊട്ടിക്കരഞ്ഞു!
ശ്യാമ അനങ്ങിയില്ല.അവൾ ഒരു മരവിപ്പോടെ അവന്റെ തല നെഞ്ചോട് ചേർത്ത് പിടിച്ച് ഇരുന്നു.
അപ്പോഴേക്കും ആംബുലൻസും പിറകെ ജിതേഷും  ഹരിയും വന്നു.ഭോലയുടെ  ശരീരം മറികടന്ന് അവർ നന്ദന്റെ അടുത്തേക്ക് വേഗം ചെന്നു.
ജിതേഷ് ഓടി വന്ന് നന്ദനെ ശ്യാമയുടെ കൈകളിൽ നിന്നും എടുത്തു.
"നന്ദാ മോനെ എഴുന്നേൽക്ക് കണ്ണ് തുറന്നെ.." ജിതേഷ് നന്ദന്റെ കവിളിൽ തട്ടി വിളിച്ചു.
"ടാ കളിക്കാതെ..കണ്ണ് തുറന്നെ..എല്ലാവരും നോക്കി നിൽക്കുന്നു..ശ്യാമ ഇരിക്കുന്നത് കണ്ടില്ലേ..അവളെ വെറുതെ വിഷമിപ്പിക്കാതെ..നിന്റെ തമാശ കുറച്ച് കൂടുന്നുണ്ട്..എഴുന്നേൽക്കെടാ.."ജിതേഷ് നന്ദന്റെ  മുഖത്തു ചെറുതായി അടിച്ചു.ശ്രീബാല കരഞ്ഞുകൊണ്ട്  ജിതേഷിന്റെ അടുത്ത് വന്ന് അവന്റെ തോളിൽ പിടിച്ചു.ശ്യാമ അതൊന്നും ശ്രദ്ധിക്കാതെ എങ്ങോട്ടോ  നോക്കി ഇരുന്നു.
"പോയി ജിത്തു! നന്ദൻ പോയി.."സുമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ജിതേഷ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ നന്ദന്റെ മുഖത്തൊക്കെ ഉമ്മ വെച്ചു.
"ഞാനാർക്ക് വേണ്ടിയാടാ ഇതൊക്കെ കാട്ടിക്കൂട്ടിയത്! കണ്ട് കൊതി തീർന്നില്ലല്ലോടാ നിന്നെ..പറയാൻ ഒരുപാട് വിശേഷങ്ങൾ ബാക്കി വെച്ച് എന്നെ ഇട്ടേച്ച് പോയി കളഞ്ഞല്ലോടാ ദുഷ്ടാ!"ജിതേഷ് നന്ദനെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു! ഹരിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
"പറഞ്ഞതാ..എനിക്ക് വേറാരുമില്ലെന്ന് ഞാൻ  പറഞ്ഞതാ..എന്നിട്ടും  എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയേക്കുന്നു..ഒന്നും തനിയെ ചെയ്യാൻ അറിയത്തില്ല..എല്ലാത്തിനും ഞാൻ വേണമായിരുന്നല്ലോ..ഇനി കാണാം അവിടെ ചെന്നാൽ പിറകെ നടന്ന് ആര് വാരിക്കൊടുക്കുമെന്ന്.."ശ്യാമ പിറുപിറുത്തു..ശ്രീബാല കരഞ്ഞുകൊണ്ട് ഹരിയെ കെട്ടിപ്പിടിച്ചു..****
നന്ദന്റെ ബോഡി നാട്ടിലേക്ക് കൊണ്ടുപോയി.നന്ദനെ  ചിതയിലേക്കെടുത്തതും അതുവരെ ഒരക്ഷരം ഉരിയാടാതെ ഇരുന്ന ശ്യാമ അലറിവിളിച്ച് കരഞ്ഞു! ആ കരച്ചിൽ ഹൃദയഭേദകമായിരുന്നു!കണ്ടുനിന്ന എല്ലാവരുടെയും കണ്ണ് നനയിച്ചു. അവിടെ ശ്യാമയുടെ വീടിന് പിന്നിലായി അവനെ ദഹിപ്പിച്ചു..ജിതേഷ് നന്ദന്റെ ചിതയ്ക്കരികിലായിരുന്നു.ശ്യാമ കട്ടിലിൽ കരഞ്ഞു തളർന്ന്  ഇരിക്കുകയായിരുന്നു..അവളുടെ കൈയിൽ നന്ദൻ ഏറ്റവും ഒടുവിൽ  വരച്ച് തീർത്ത ഒരു പടം അവൾ നെഞ്ചോടടുക്കി വെച്ചിട്ടുണ്ടായിരുന്നു. തൊട്ടടുത്ത് ശ്രീബാലയും മിഥിലയും  ഉണ്ട്.
ശാരി ആ മുറിയിലേക്ക് വന്നു.അവരുടെ കണ്ണുകൾ കരഞ്ഞ് വീർത്തിരുന്നു .നന്ദന്റെയും മിഥിലയുടെയും കഥകൾ അവർ അറിഞ്ഞിരുന്നു.താൻ അവനെ പേടിത്തൊണ്ടനെന്നും ആണത്തമില്ലാത്തവൻ എന്നും വിളിച്ച് എത്ര തവണ അധിക്ഷേപിച്ചിരിക്കുന്നു!നന്ദനോട് കാണിച്ചുകൂട്ടിയതൊക്കെ ഓർത്ത്  കുറ്റബോധം കൊണ്ട് അവരുടെ  തല കുനിഞ്ഞു! അവരുടെ നെഞ്ച് പുകഞ്ഞ്  നീറി.നന്ദനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞിരുന്നെകിൽ അവന്റെ കാലുകളിൽ പിടിച്ച് മാപ്പ് അപേക്ഷിച്ചേനേം എന്നവർ ഓർത്തു.
"ഇപ്പൊ സമാധാനമായോ?"ശ്യാമ അവരുടെ മുഖത്തേക്ക് നോക്കാതെ  ചോദിച്ചു.ശാരി ഒന്നും മിണ്ടിയില്ല.
"നന്ദന്റെ ശ്വാസം നിലയ്ക്കണമേയെന്ന് ചിറ്റ പല തവണ ആഗ്രഹിച്ചിട്ടില്ലേ ?അതിന് വേണ്ടി എന്തെല്ലാം ക്രൂരതകൾ കാട്ടിയിരുന്നു.."ശ്യാമയുടെ  ചോദ്യം കേട്ട് ശാരി വാ പൊത്തി കരഞ്ഞു.
"അവസാന നിമിഷത്തിൽ പോലും നന്ദൻ ചിറ്റയുടെ പേര് പറഞ്ഞിരുന്നു..നിങ്ങളോട് ഒരു ദേഷ്യവുമില്ല എന്ന്.."ശ്യാമ പറഞ്ഞു.ശാരി അവിടെ ഭിത്തിയിലേക്ക് ചാരി നിന്ന് ഏങ്ങലടിച്ചു.
"പിന്നെ..ചിറ്റ പണ്ട് പറഞ്ഞതുപോലെ നന്ദൻ ആണത്തമില്ലാത്തവൻ അല്ല കേട്ടോ..നല്ല ഉശിരുള്ള ആൺകുട്ടി തന്നെയായിരുന്നു എന്റെ നന്ദൻ ! എനിക്കേറ്റവും വിലപ്പെട്ട ഒരു സമ്മാനം തന്നിട്ടാ എന്റെ നന്ദൻ തിരികെ പോയത്.."ശ്യാമ തന്റെ വയറിൽ  കൈവെച്ച് പറഞ്ഞു! ശ്രീബാലയും മിഥിലയും ശാരിയും ഒരുപോലെ ഞെട്ടി! ശ്യാമ തന്റെ കൈയിലിരുന്ന ക്യാൻവാസ് കട്ടിലിലേക്ക് വെച്ചു.അതിൽ നന്ദൻ വരച്ചു തീർത്ത ഒരു പെൺകുഞ്ഞിന്റെ പടം ഉണ്ടായിരുന്നു! ശ്യാമ അതിൽ കണ്ണീരോടെ വിരലോടിച്ചു.
ശാരി ഒരു പൊട്ടിക്കരച്ചിലോടെ ശ്യാമയെ ചേർത്ത് പിടിച്ചു.വാതിലിന് വെളിയിൽ അവരുടെ സംസാരം കേട്ടുകൊണ്ട് നിന്ന ജിതേഷ് കണ്ണുനീരിനിടയിലും ചെറുതായി പുഞ്ചിരിച്ചു.. ***
ശ്രീബാല വേണിയോട് കാര്യങ്ങൾ എല്ലാം അറിയിച്ചു.ഹരി തിരികെ മടങ്ങി എത്തിയതിൽ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത  സന്തോഷം തോന്നി.ഇത്ര നാളും  ഹരിയുടെ വിവരം തന്നിൽ നിന്ന് മറച്ചു വെച്ച ശ്രീബാലയോട് വേണിക്ക്  നല്ല പരിഭവം ഉണ്ടായിരുന്നു.ജിതേഷിന്റെയും നന്ദന്റെയും മിഥിലയുടെയും ശ്യാമയുടെയും കഥകൾ കണ്ണീരോടെ ആണ് അവൾ കേട്ടിരുന്നത്.ഭോലയെ പോലെ ഒരു ക്രിമിനലിമിന്റെ കൂടെ കഴിഞ്ഞിട്ടും ശ്രീബാലയ്ക്ക് ആപത്തൊന്നും സംഭവിക്കാതെ ഇരുന്നതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു.ശ്രീബാലയും ജിതേഷും വേണിയെ വിളിച്ചുകൊണ്ടുപോവാൻ നാളെ വരും എന്ന് ഗിരിയോട് വിളിച്ച് പറഞ്ഞു. കുട്ടൻ  വിവരം വേണിയെ അറിയിച്ചു.പല തവണ കേൾക്കാൻ കൊതിച്ച കാര്യമാണെങ്കിലും ഇപ്പൊ തിരികെ പോകുന്നു എന്ന ചിന്ത അവളുടെ  ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.നെഞ്ചിനകത്ത് വല്ലാത്തൊരു ഭാരം പോലെ..
വേണി ഗിരിയുടെ അടുത്ത് ചെന്നു.അയാൾ അടുക്കളയുടെ പാതകത്തിൽ ഫോണിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
"ഞാൻ തിരികെ പോവാ.."വേണി പറഞ്ഞു.
ഗിരി ഒന്നും മിണ്ടിയില്ല.
"എന്നോട് എന്തെങ്കിലും ഒന്ന് സംസാരിച്ചുകൂടെ?"വേണി കെഞ്ചി.
"ഞാൻ കാല്‌ പിടിച്ച് മാപ്പ് പറഞ്ഞില്ലേ?"വേണിയുടെ സ്വരം ഇടറുന്നത്  ഗിരി കേട്ടു.അവൻ ഫോണിൽ നിന്ന് മുഖം ഉയർത്തിയില്ല.
"നാളെ തിരികെ പോയാൽ ഇനി എന്ന് തമ്മിൽ കാണാൻ പറ്റുമെന്ന് അറിയില്ല.."വേണി പറഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഞാൻ എന്താ ചെയ്യണ്ടേ?കാലിൽ വീണു മാപ്പ് പറഞ്ഞു..എന്നോട് സംസാരിക്കാൻ ഇതിൽ കൂടുതൽ ഞാൻ എന്താ ഇനി ചെയ്യേണ്ടത്?"വേണി കണ്ണീരോടെ ചോദിച്ചു.ഗിരി മിണ്ടിയില്ല  ഫോണിൽ നിന്ന് മുഖം ഉയർത്തിയതുമില്ല.
"എന്നെ തിരിച്ച് തല്ലിക്കൊ..ഞാൻ നിന്ന് കൊണ്ടോളാം..അതുകൊണ്ടെങ്കിലും  എന്നോടുള്ള ദേഷ്യം തീരുമോ?"വേണി ചോദിച്ചു.ഗിരി മൗനം പാലിച്ചു. വേണി കരഞ്ഞുകൊണ്ട് അടുക്കള വാതിൽ തുറന്ന് പിറകിൽ അരഭിത്തിയുടെ സൈഡിലേക്ക് പോയി..
കുട്ടൻ ഗിരിയുടെ അടുത്തേക്ക് വന്നു.
"നിങ്ങൾക്ക് നാളെ പി.എസ്.സി പരീക്ഷ ഉണ്ടോ?എന്തുവാ ഈ കുന്തത്തിനകത്ത് ഇത്ര തോണ്ടിക്കൊണ്ടിരിക്കുന്നത് "കുട്ടൻ ദേഷ്യപ്പെട്ടു . ചോദിച്ചു.ഗിരി ഒന്നും മിണ്ടിയില്ല.
"ഗിരിയേട്ടാ നിങ്ങൾ ഇപ്പൊ ഈ  കാണിക്കുന്നത് വൃത്തികേടാണ്..ആ ചേച്ചി എന്ത് മാത്രം വിഷമിക്കുന്നുണ്ടെന് അറിയാമോ?"കുട്ടൻ പറഞ്ഞത് കേട്ട് ഗിരി ഫോണിൽ നിന്ന് മുഖം ഉയർത്തി.അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് കുട്ടന് ചിരി വന്നു.
"ഇത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ എന്തിനാ ആ ചേച്ചിയോട് മുഖം വീർപ്പിച്ചിരിക്കുന്നത്?അത് നാളെ തിരികെ പോവും.പിന്നെ തമ്മിൽ എന്നെങ്കിലും കാണുമോ എന്ന് തന്നെ അറിയില്ല.."കുട്ടൻ പറഞ്ഞു.
"അവള് നല്ല കൊച്ചാടാ..എന്റെ കൂടെ കൂടി ജീവിതം തുലയ്ക്കണ്ട.."ഗിരി പതിയെ പറഞ്ഞു.
"നിങ്ങളിവിടെ കഞ്ചാവടിച്ചും പെണ്ണുപിടിച്ചുമൊന്നും നടക്കുകയല്ലല്ലോ നിങ്ങടെ കൂടെ കൂടി ജീവിതം തുലയ്ക്കാൻ..മാനമായിട്ട് അന്തസായിട്ട് തന്നെ അല്ലെ ജീവിക്കുന്നത് ..."കുട്ടൻ ചോദിച്ചു.
"പത്താം  ക്ലാസും ഗുസ്തിയുമായിട്ട് നടക്കുന്ന എന്നെ പോലത്തെ ഒരു മുരടൻ   അവൾക്ക് ചേരില്ലടാ..അവള് പൊക്കോട്ടെ..അതാ നല്ലത്.. "ഗിരി വെളിയിലേക്ക് പോയി.. ഗിരിക്കും കുട്ടനുമുള്ള ഭക്ഷണം എല്ലാം ഉണ്ടാക്കിയെങ്കിലും വേണി അന്ന് ആഹാരം കഴിച്ചില്ല.രാത്രി ഗിരി തിരികെ വന്നപ്പോഴും വേണി കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു.കുട്ടൻ  അവളെ വിളിച്ചെഴുന്നേല്പിച്ചു.
"ഞങ്ങടെ കൂടെ ഇരുന്ന് എന്തെങ്കിലും കഴിക്ക്..നാളെ തിരിച്ച് പോവുകയല്ലേ ...."കുട്ടൻ പറഞ്ഞു.വേണി എഴുന്നേറ്റ് അവരുടെ കൂടെ അടുക്കളയിൽ ഇരുന്നു.
വേണി ഗിരിയുടെ പ്ലേറ്റിലേക്ക് ആഹാരം വിളമ്പി കൊടുത്തു.ഗിരി അവളെ നോക്കാതെ അത് കഴിച്ച് തുടങ്ങി.
"നാളെ ഈ സമയം വീട്ടിൽ എല്ലാവരുടെയും കൂടെ ഇരുന്ന് ചേച്ചിക്ക് ആഹാരം കഴിക്കാമല്ലോ.."കുട്ടൻ സന്തോഷത്തോടെ ആണ് പറയാൻ ഉദ്ദേശിച്ചതെങ്കിലും അവന്റെ സ്വരം ഇടറി.കുട്ടന്  വേണി തിരിച്ചുപോവുന്നതിന്റെ നല്ല സങ്കടം ഉണ്ടായിരുന്നു.വേണിയെ അവൻ തന്റെ സ്വന്തം പെങ്ങളെ പോലെ ആണ് സ്നേഹിച്ചത്.
"ഞങ്ങളെ ഒക്കെ ഓർക്കുമോ ചേച്ചി?എവിടുന്ന് ! ഇവിടുന്ന് പോയാ പിന്നെ ചേച്ചി എല്ലാവരെയും മറക്കും..അല്ലെ ഗിരിയേട്ടാ ?"കുട്ടൻ ചോദിച്ചു.ഗിരിക്ക് തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങുന്നില്ലായിരുന്നു.അവൻ ആഹാരം  പാതിക്ക്  വെച്ച് നിർത്തി എഴുന്നേറ്റു.
കുട്ടനും വേണിയും അമ്പരപ്പോടെ അവനെ നോക്കി.ഗിരി ഒന്നും മിണ്ടാതെ ഭക്ഷണം കളയാതെ പാത്രം പാകത്തിൽ മൂടി വെച്ച്  വെളിയിലേക്കിറങ്ങി.
കഴിച്ചുകൊണ്ടിരുന്ന ആഹാരം പാതിക്ക്  വെച്ച് നിർത്തി എഴുന്നേൽക്കണമെങ്കിൽ ഗിരിയുടെ മനസ്സിൽ  എന്ത് മാത്രം വിഷമം  ഉണ്ടായിരിക്കുമെന്ന് വേണിക്കും  കുട്ടനും മനസ്സിലായി..
പിറ്റേന്ന് ശ്രീബാലയും ജിതേഷും അവിടെ എത്തി.ശ്രീബാലയും വേണിയും പരസ്പരം കെട്ടിപ്പിടിച്ചു.വേണിക്ക്  ജിതേഷിനോട്  തോന്നിയിരുന്ന എല്ലാ ദേഷ്യവും ഇതിനകം മാഞ്ഞുപോയിരുന്നു.ജിതേഷിന് വേണിയുടെ മുഖത്തു   നോക്കാൻ മടി തോന്നി. വേണി ഒരു ദേഷ്യവും കാണിക്കാതെ ജിതേഷിനോട്  കാര്യമായി സംസാരിച്ചു.
വീട്ടിലേക്ക് തിരികെ വരുന്നതിന്റെ സന്തോഷമൊന്നും വേണിയുടെ മുഖത്തില്ലെന്ന് ശ്രീബാല ശ്രദ്ധിച്ചു.വേണിക്ക് ഗിരിയോടുള്ള ഇഷ്ടം അവൾ നേരത്തെ മനസ്സിലാക്കിയിരുന്നു..കുട്ടനും ഗിരിയും  വെളിയിൽ ജിതേഷിനോട് സംസാരിച്ച് നിൽക്കുകയായിരുന്നു..
വേണി ബാഗ് എടുത്ത് ശ്രീബാലയുടെ കൂടെ വെളിയിലേക്ക് വന്നു.ജിതേഷ് കാറിൽ കയറി ഇരുന്നു..വേണി ഗിരിയെ നോക്കി.കുട്ടനും ശ്രീബാലയും വേണിയെയും ഗിരിയെയും  നോക്കി നിൽക്കുകയായിരുന്നു.
"നിങ്ങൾ വിട്ടോളു..എനിക്ക് ഓട്ടം ഉണ്ട്..ഞാൻ റെഡി ആവട്ടെ.."വേണി പോവുന്നത് കാണാൻ ശക്തി ഇല്ലാതെ ഗിരി ആരെയും നോക്കാതെ അകത്തേക്ക് കയറി..ഗിരി നേരെ അടുക്കളയുടെ പിറകിലുള്ള വാതിൽ തുറന്ന് ബാത്റൂമിന്റെ  സൈഡിലുള്ള അരഭിത്തിയുടെ അരികെ ഇരുന്നു.വേണിക്ക്  മനസ്സിന് എന്തെങ്കിലും വിഷമം വരുമ്പോൾ അവൾ എപ്പോഴും അവിടെ ആണ് ഇരുന്നിരുന്നതെന്ന് അയാൾ ഓർത്തു.വെളിയിൽ  കാർ  സ്റ്റാർട്ട് ചെയ്യുന്ന ശബ്ദവും പിന്നീട്  അത് അകന്നു പോവുന്ന ശബ്ദവും കേട്ടു.അവർ പോയി എന്ന് ഗിരിക്ക് മനസ്സിലായി.വേണിയെ താൻ മനപ്പൂർവം അവഗണിച്ചതാണ്.ഒരിക്കൽ പോലും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും തന്റെ ഇഷ്ടം അവൾക്ക് നന്നായി അറിയാമായിരുന്നു.അവൾക്ക് തന്നോടുള്ള പ്രണയം  ഗിരിയും  മനസ്സിലാക്കിയതാണ്.നെഞ്ചിൽ അവളോട് ഒരു കുന്നോളം ഇഷ്ടം ഉണ്ടായിരുന്നിട്ടും സ്വന്തവും ബന്ധവുമൊന്നും ഇല്ലാത്ത പഠിപ്പില്ലാത്ത താൻ അവൾക്ക് ചേരില്ല എന്ന് അയാൾ വിശ്വസിച്ചു.അവളോട് തോന്നിയ സ്നേഹം തന്റെ അത്യാഗ്രഹം ആണെന്ന്  അയാൾ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.ഒരിക്കൽ തന്റെ മുഴുവൻ കുടുംബത്തെയും തനിക്ക് നഷ്ട്ടപ്പെട്ടു.പിന്നീട് ജീവിതത്തിന് ഒരു അർത്ഥം  ഉണ്ടെന്ന് തോന്നിയത് വേണിയെ  കണ്ടതിന് ശേഷം ആണ്.അവളോട് അടുത്തപ്പോഴാണ്.പക്ഷെ അവളും തനിക്കിപ്പോ നഷ്ടമായിരിക്കുന്നു.വീട്ടിലെത്തി കുറച്ച് ദിവസങ്ങൾ കഴിയുമ്പോ അവൾ എല്ലാം മറക്കും.വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കും.  കുറച്ച് ദിവസങ്ങളെ വേണി  തന്റെ കൂടെ ഉണ്ടായിരുന്നുവെങ്കിലും അവൾ  ഇല്ലാത്ത വീട്ടിൽ ഒരു നിമിഷം പോലും നിൽക്കാൻ  ഗിരി  ആഗ്രഹിച്ചില്ല.വേണി മറ്റൊരാളുടേതാവുന്നതും അവളുടെ ദേഹത്ത് മറ്റാരെങ്കിലും തൊടുന്നതും ഒന്നും  അയാൾക്ക്  ചിന്തിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. ഇരുന്നിട്ട് അയാൾക്ക്  ഇരിപ്പുറച്ചില്ല. ഗിരി  കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു.തിരിഞ്ഞു നോക്കിയതും അയാൾ  ഞെട്ടിപ്പോയി!
അവിടെ ഗിരിയെ  തന്നെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്ന വേണിയെ കണ്ടു! അവരുടെ കൂടെ  അവൾ പോയില്ല എന്നയാൾക്ക്  മനസ്സിലായി.
ഗിരി  ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു.വേണി ഓടി വന്ന്  പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാളുടെ നെഞ്ചിലേക്ക് വീണു!
"ഞാൻ പോവില്ല..ഞാൻ എങ്ങോട്ടും പോവില്ല..മുരടനാണെങ്കിലും കാണ്ടാമൃഗമാണെങ്കിലും അധികം സംസാരിക്കില്ലെങ്കിലും എനിക്കീ  പത്താം ക്‌ളാസും ഗുസ്തിയും മതി.."വേണി കരഞ്ഞുകൊണ്ട് പറഞ്ഞു.സന്തോഷം കൊണ്ട് ഗിരി  കരഞ്ഞുപോയി.
ഗിരി ഉടുമ്പടക്കം അവളെ കെട്ടിപ്പിടിച്ചു.എന്നിട്ട് അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു. ഗിരിയുടെ കൈകൾക്കുള്ളിൽ നിന്നുകൊണ്ട് വേണി എത്തിവലിഞ്ഞ് ഗിരിയുടെ മുഖം തന്റെ കൈക്കുമ്പിളിൽ എടുത്ത് അവനെ തുരു തുരെ ഉമ്മ വെച്ചു.ഗിരി അവളുടെ കഴുത്തിനടിയിലേക്ക് തന്റെ മുഖവും ചുണ്ടും  ഉരസിക്കൊണ്ട്  അവളെ ഒന്നുകൂടി മുറുകെ പിടിച്ചു. കുട്ടൻ വാതിലിന്റെ മറവിൽ ഇതെല്ലാം കണ്ടുകൊണ്ട് ചിരിയോടെ നിൽപ്പുണ്ടായിരുന്നു.
"അതെ ഒരു മയത്തിലൊക്കെ..ഇല്ലെങ്കിൽ ആ ചേച്ചിയുടെ കാര്യത്തിൽ ഇപ്പൊ തന്നെ ഒരു തീരുമാനം ആവും..ഇതുങ്ങടെ കെട്ട് കഴിഞ്ഞ് ഞാൻ  ഈ വീട്ടിൽ എന്തെല്ലാം കാഴ്ച്ചകള് കാണേണ്ടി വരുമോ ഭഗവാനെ.."
കുട്ടൻ പറഞ്ഞതുകേട്ട് ഒഴുകി വന്ന കണ്ണുനീർ തുടച്ച് ഗിരി വർഷങ്ങൾക്ക് ശേഷം  മനസ്സറിഞ്ഞ് ചിരിച്ചു!
****കുറച്ച് ദിവസങ്ങൾ കഴിഞ്ഞു..എല്ലാ കേസുകളിൽ നിന്നും കുറ്റ  വിമുക്തനായി ഹരി സ്വന്തം വീട്ടിലേക്ക്  തിരികെ വന്നു.ശ്രീബാല പറഞ്ഞ് ശേഖരൻ വിവരങ്ങൾ എല്ലാം  അറിഞ്ഞിരുന്നു.ആദ്യമായി കാണുന്നത് പോലെ ശേഖരൻ മകനെ നോക്കി നിന്നു .തന്റെ മകനെ വിശ്വസിക്കാത്തതിലും അവനെ തള്ളിപറയേണ്ടി വന്നതിലും ഉള്ള കുറ്റബോധവും സങ്കടവും  അദ്ദേഹത്തെ തളർത്തിയിരുന്നു..
"ശേഖരൻ മാഷ് വളർത്തിയ കുട്ടികൾ ഒരിക്കലും വഴി തെറ്റി പോവില്ല അച്ഛാ! "ഹരി പറഞ്ഞു.ശേഖരൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌  അവനെ ചേർത്ത് പിടിച്ചു..
ശ്രീബാലയും വേണിയും അവരുടെ കൂടെ ചേർന്നു.അച്ഛന്റെയും മക്കളുടെയും സ്നേഹപ്രകടനങ്ങൾ കഴിഞ്ഞ് ജിതേഷ് ശേഖരന്റെ മുൻപിൽ വന്ന് നിന്നു..ജിതേഷിന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കാനുള്ള ശക്തി ഇല്ലായിരുന്നു..അവൻ വിറയാർന്ന കൈകളാൽ വീടിന്റെ ആധാരം അദ്ദേഹത്തെ തിരിച്ചേൽപ്പിച്ചു.ശേഖരൻ അത് വാങ്ങി അവനെ നോക്കി.
"എന്നെ..എന്നെ ശപിക്കരുത്! ." ജിതേഷ് കൈകൾ കൂപ്പി അദ്ദേഹത്തിന്റെ കാൽക്കൽ  വീണു..ശേഖരൻ അവനെ പിടിച്ചെഴുന്നേല്പിച്ചു.
"ഒന്നും മനപ്പൂർവമായിരുന്നില്ല ...പക്ഷെ മുകളിൽ ഒരാൾ ഇതെല്ലം കാണുന്നുണ്ടായിരുന്നുവെന്ന് ഞാൻ മറന്നു..അങ്ങയോടും അങ്ങയുടെ പെണ്മക്കളോടും ചെയ്തതിനുള്ള ശിക്ഷ എനിക്ക് കിട്ടി.എന്റെ നന്ദൻ.."ജിതേഷിന്റെ വാക്കുകൾ ഇടറി.ശേഖരൻ അവനെ  കെട്ടിപ്പിടിച്ച്  ആശ്വസിപ്പിച്ചു.
വീട്ടിലേക്ക് കയറാതെ വെളിയിൽ  മാറി നിന്ന ഗിരിയെ ശേഖരൻ തന്റെ അടുത്തേക്ക് വരാൻ  കൈ കൊണ്ട് കാണിച്ചു.ഗിരി മടിച്ച് മടിച്ച് അങ്ങോട്ട്  ചെന്നു.ഒരടിയാണ് ഗിരി പ്രതീക്ഷിച്ചത്. പക്ഷെ  ശേഖരൻ ജിതേഷിനൊപ്പം  ഗിരിയെയും തന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു...
ശ്രീബാലയും വേണിയും ഹരിയും ആ കാഴ്ച്ച കണ്ട് കണ്ണുകൾ തുടച്ചു.****
***ശേഖരനും  ഹരിയും കണ്ണനും വേണിയുമായുള്ള ഡിവോഴ്‌സിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.ഡിവോഴ്സ് കിട്ടിയാൽ ഉടനെ തന്നെ വേണിയുടെയും ഗിരിയുടെയും കല്യാണം നടത്താമെന്ന് വാക്കാൽ ഉറപ്പിച്ചു.ഹരി മിഥിലയെയും കൂട്ടി  ശേഖരന്റെയും വേണിയുടേയും ഒപ്പം താമസം തുടങ്ങി..ശ്യാമയും ശാരിയും പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള  ഒരുക്കത്തിൽ ആയിരുന്നു.നന്ദന്റെ വിയോഗം ശ്യാമയെ തളർത്താതിരിക്കാൻ  ശാരി എപ്പോഴും നിഴൽ പോലെ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.ശ്രീബാലയും ജിതേഷും ഡൽഹിയിലേക്ക് മടങ്ങിപ്പോയി..വന്ന കാര്യങ്ങൾ പൂർത്തിയാക്കി സുമ തിരികെ ബോംബെയിലേക്ക്  മടങ്ങി.
ജിതേഷ് മുറിയിലേക്ക് വന്നപ്പോൾ ശ്രീബാല അവിടെ സോഫയിൽ കിടക്കുകയായിരുന്നു.
"ഇതെന്താ ഇവിടെ?"ജിതേഷ് അമ്പരന്നു.
"വന്നപ്പോൾ മുതൽ എന്റെ സ്ഥാനം ഇവിടെ ആയിരുന്നുവല്ലോ..ഇനി തുടർന്നും ഇവിടെ തന്നെ ആവട്ടെ എന്ന് കരുതി.."ശ്രീബാല കളിയായി പറഞ്ഞു.
ജിതേഷ് ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചെന്ന് അവളെ  തന്റെ കൈകളിൽ കോരിയെടുത്തു.പിന്നെ അവളെ കട്ടിലേക്ക് കിടത്തി അവനും അവളുടെ ഒപ്പം കിടന്നു.
"മനപ്പൂർവമായിരുന്നില്ല ബാലെ..നീ അടുത്ത് കിടന്നിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല.കാരണം നിന്നെ കണ്ട നിമിഷം തന്നെ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതാണ്.. പക്ഷെ നിന്റെ ഏട്ടനോടുള്ള പ്രതികാരത്തിൽ ആ ഇഷ്ടം മനസ്സിൽ എവിടെയോ മറഞ്ഞു കിടക്കുകയായിരുന്നു..ഇനി വേണം എനിക്കതിനുള്ള പ്രായശ്ചിത്തം ചെയ്ത് തുടങ്ങാൻ.."ജിതേഷ് ശ്രീബാലയുടെ വയറിലൂടെ കൈയിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു.അവളോട് ചേർന്ന് കിടന്ന് അവൻ അവളുടെ നെറ്റിയിലേക്ക് തന്റെ  ചുണ്ടുകൾ അമർത്തി.പിന്നെ അവളുടെ കണ്ണുകളിൽ ഉമ്മ വെച്ചു. ശ്രീബാലയുടെ മുഖം നാണം കൊണ്ട് ചുവന്നു.അവളുടെ രണ്ട് കവിളിലും അവൻ ചെറുതായൊന്ന് കടിച്ചു.പിന്നെ താൻ കടിച്ച് ചുവപ്പിച്ച  കവിളിലും അവളുടെ കഴുത്തിലും  അവൻ തന്റെ ചുണ്ടും നാവും കൊണ്ട് പൂക്കളം തീർത്തു..കരയിലകപ്പെട്ട മീനിനെ പോലെ അവൾ പിടഞ്ഞു..
പിന്നെ അവളുടെ കൈകളിൽ കൈകൾ കൊരുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു.രാവിന്റെ  ഉടയാടകൾ അഴിഞ്ഞ് വീണു! നക്ഷത്രങ്ങളെ സാക്ഷി നിർത്തി നിലാവ് രാവിന്റെ മാറിൽ ലയിച്ചു! ഒരിക്കൽ അവസാനിച്ചെന്ന് കരുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും വീണ്ടും അവിടെ തുടങ്ങുകയായിരുന്നു..പൂർവാധികം ശക്തിയോടെ...

==========The End====
(ബാലവേണിമാരുടെ ജീവിതം ഇവിടെ തുടങ്ങുകയാണ്..മാളുവിനെയും വർഷയെയും ദേവിയെയും പോലെ ബാലയെയും വേണിയേയും നിങ്ങൾ സ്വീകരിച്ചു എന്ന് വിശ്വസിച്ചോട്ടെ? ഒരുപാട് സമയമെടുത്ത് എന്നാൽ വളരെ ആസ്വദിച്ച് എഴുതിയ ഒരു നോവൽ ആയിരുന്നു ഇത്.നോൺ ലീനിയർ  നറേഷനിൽ കൂടിയാണ് ഞാൻ ഈ സ്റ്റോറി പറഞ്ഞിരുന്നത്.അതായത് മെയിൻ കഥയിൽ മറ്റ് പലരുടെയും കഥകൾ കൂടി ഉൾക്കൊള്ളിച്ച് കഥ പറഞ്ഞതുകൊണ്ടാണ് തുടക്കത്തിൽ കഥ എന്താണെന്നോ കഥാപാത്രങ്ങൾ ആരാണെന്നോ ഒന്നും പിടികിട്ടാതിരുന്നത്.ക്ലൈമാക്സ് അടുപ്പിച്ചേ എന്താണ് സംഭവിക്കുന്നതും കഥാപാത്രങ്ങളുടെ കണക്‌ഷൻ എന്തായിരുന്നുവെന്നും മുൻപുള്ള പാർട്ടുകളിൽ  പറഞ്ഞിരുന്ന ചെറിയ ചെറിയ സംഭവങ്ങൾ എന്തിനായിരുന്നുവെന്നും മനസ്സിലാവുമായിരുന്നുള്ളു..ഈ കഥ എന്റെയോ എനിക്കറിയാവുന്നവരുടെയോ അല്ലെങ്കിൽ എവിടെയെങ്കിലും സംഭവിച്ചതോ ഒന്നുമല്ല.എന്റെ മറ്റ് കഥകളെ പോലെ ഇതും എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത ഒന്ന് മാത്രമാണ്.എന്റെ ഹൃദയത്തിൽ  നിന്നാണ് ഞാൻ ഓരോ വരിയും എഴുതിയിരിക്കുന്നത്.വളരെയധികം ആലോചിച്ചാണ് ഇതിലെ സസ്പെൻസുകൾ എഴുതിയതും  എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഫ്ളാഷ്ബാക്കും ഇപ്പോൾ നടക്കുന്ന സംഭവങ്ങളും കൂട്ടിയിണക്കിയതും.ഞാൻ കൂടുതലും മിസ്ടറി അല്ലെങ്കിൽ ദുരൂഹത ഇഷ്ട്ടപ്പെടുന്ന ഒരാൾ ആണ്. അതുകൊണ്ട് തന്നെയാണ്  സസ്പെൻസ് ത്രില്ലെർ കഥകൾ എഴുതുന്നതും.ശരിക്കും ഈ കഥ ഏഴ് പാർട്ടുകളിൽ അവസാനിപ്പിക്കാൻ ഇരുന്നതാണ്..പക്ഷെ  ഞാൻ പോലും അറിയാതെ  ഇത് നീണ്ടുപോയി..എല്ലാവരുടെയും ജീവിതം വളരെ വിശദമായി തന്നെയാണ് എഴുതിയിരിക്കുന്നത്.പിന്നെ നന്ദന്റെ വിയോഗം അത് അനിവാര്യമായിരുന്നു.ചിലപ്പോ നമ്മൾ ചെയുന്ന തെറ്റിന്റെ ഫലം നമ്മൾക്കായിരിക്കില്ല കിട്ടുന്നത് പക്ഷെ അത് അനുഭവിക്കേണ്ടി വരുന്നത് നമ്മളായിരിക്കും..ഈ കഥയിൽ ജിതേഷ് ചെയ്ത തെറ്റിന്റെ ശിക്ഷ കിട്ടിയത് നന്ദനാണ്.പക്ഷെ അത് അനുഭവിക്കുന്നത് ജിതേഷും! അതേപോലെ ശാരിക്കും നന്ദനെ ഓർത്ത് ജീവിതകാലം മുഴുവൻ നീറി നീറി കഴിയേണ്ടി വരും..ഒരുപാട് സംഘർഷത്തോട് കൂടിയാണ് ഓരോ പാർട്ടും ഓരോ വരിയും എഴുതിയിരിക്കുന്നത്. എല്ലാവരുടെയും കമന്റ്സ് എത്ര ആവേശത്തോടെയാണ് വായിച്ചിരുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.മനസ്സിൽ എന്നും ഓർത്തുവെയ്ക്കാൻ നിങ്ങൾ ഒരുപിടി നല്ല വരികൾ കമന്റ്സിലൂടെ എനിക്ക് സമ്മാനിച്ചിട്ടുണ്ട്.ഈ കഥ നിങ്ങളിലേക്കെത്തിക്കാൻ എനിക്കവസരം തന്ന നല്ലെഴുത്ത്  പേജിന്റെ അഡ്മിനോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു.ഇനി ഒരു മടങ്ങിവരവ് അടുത്തെങ്ങും  ഉണ്ടാവില്ല...ഇനി മാസങ്ങളെടുത്താലും ഒരു വർഷം  തന്നെ എടുത്താലും അഞ്ജന ബിജോയ് എന്ന ഈ പേര് മറന്നേക്കല്ലേ..ഇഷ്ടമായെങ്കിൽ എല്ലാവരും അഭിപ്രായങ്ങൾ എഴുതി ലൈക് ചെയ്തേക്കണേ..എന്റെ കഥകൾക്കായി കാത്തിരിക്കാൻ ആളുണ്ടെന്നറിയുന്നതാണ് മടങ്ങി വരാനുള്ള പ്രചോദനം..)

അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo