നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുട്ടും,കട്ടനും വിജയേട്ടന്റെ തട്ടുകടയും


സിറാജ് കാളിംഗ്, കട്ടിക്കണ്ണടയും ചിരിയ്ക്കുന്ന വലിയ മുഖവും ഇമോകാൾ എടുക്കുന്നതിന് മുമ്പേ കണ്ടു.
പച്ച ബട്ടണിൽ വിരൽ അമർത്തിയപ്പോൾ തെളിഞ്ഞ വീഡിയോ കാളിൽ തെളിഞ്ഞു വരുന്ന കമ്പവലകളും , കായലോളങ്ങളും , പടിഞ്ഞാറെ ചരിവിലേയ്ക്ക് സന്ധ്യാർക്കൻ മറയാൻ തിടുക്കം കൂട്ടുമ്പോൾ തട്ടി മറിഞ്ഞ ചായക്കൂട്ടുകൾ ചിതറിത്തെറിച്ച് ഏതെല്ലാമോ നിറമുള്ളതായ അമൂർത്തമായ പലചിത്രങ്ങൾ
മേഘങ്ങളാൽ വരച്ചു ചേർത്തിരുന്നത് ഒന്നൊഴിയാതെ നെഞ്ചിലേയ്ക്ക് ആവാഹിച്ചിരിക്കുന്ന സേതുവും, കൂടെ സിറാജും.
നിങ്ങളിതെവിടെയാണ്.
ഞങ്ങൾ കുമ്പളങ്ങി - പെരുമ്പടപ്പ് പാലത്തിന്റെ അടിയിൽ അല്പം പടിഞ്ഞാട്ടു മാറിയുള്ള തട്ടുകടയിലാണ്.
കായലിൽ നിന്ന് കടന്നുവരുന്ന ഉപ്പു കലർന്ന കുളിർക്കാറ്റുമേറ്റ്, കൂടണയാൻ പറന്നു നീങ്ങുന്ന പക്ഷികളേയും, കായലിൽ പകുതി താഴ്ന്നും, ഉയർന്നുമെല്ലാം പലവിധത്തിലുള്ള കമ്പവലകളും നോക്കിയിരുന്നു
കറുവപ്പട്ട ചേർത്ത കട്ടൻ ചായയും നുണഞ്ഞിറക്കി, കഥയും പറഞ്ഞിരിക്കുന്നതിന്റെ സുഖം. അല്പം കഴിഞ്ഞിട്ടു വേണം, പുട്ടും, ബീഫ് വെന്താലുവും എല്ലാം കഴിയ്ക്കാൻ.
ഇതല്ലേ സിറാജേ നീ ഇന്നാൾ പറഞ്ഞ കുമ്പളങ്ങി നൈറ്റ്സ് എന്ന തട്ടുകട,
ആ അതു തന്നേ ഇത്.
എന്നാലും നിങ്ങൾ പെരുങ്കള്ളന്മാർ തന്നേ, നമ്മളെ കൂടാതെ ഒറ്റയ്ക്ക് പൊയ്കളഞ്ഞില്ലേ,
ഓണത്തിന് വന്നിട്ട് നമുക്ക് ആറു പേർക്കുംകൂടി അവിടെ പോയിട്ട്. വൈകിട്ട് ആറു മണി മുതൽ രാവിലെ ആറു മണിവരേ കുത്തിയിരുന്ന് കഥ പറഞ്ഞിരുന്ന് നേരം വെളുപ്പിക്കണമെന്നും അവിടത്തെ സ്പഷ്യൽ ഐറ്റംസ് ആയ
വിന്താലു പുട്ട്, ഇറച്ചി പുട്ട്, സാധാ പുട്ട്,
ബീഫ് വിന്താലു , ബീഫ് ഉലർത്ത്, ബീഫ് കറി, ബീഫ് ഫ്രൈ,
ചിക്കൻ കുറുമ, കറുവപ്പട്ട ചേർത്ത കട്ടൻച്ചായ എല്ലാം
കഥ പറഞ്ഞിരുന്ന് മൂക്കുമുട്ടെ തട്ടണമെന്നും, പിന്നീട്
നമ്മളോട് യാത്ര പറഞ്ഞ് പടിഞ്ഞാട്ടു പോയ പോയ സൂര്യൻ കിഴക്കുനിന്ന് വരുമ്പോൾ ഇത് ഏതിലേയാണിഷ്ടാ പോയത് ഞങ്ങൾ ഇവിടെ കുമ്പളങ്ങിക്കായലിലെ കുഞ്ഞോളങ്ങളോട് കിന്നാരവും പറഞ്ഞ് പളപളാ മിന്നുന്ന ചാന്ദ്രവെളിച്ചത്തിൽ കണ്ണിണ ചിമ്മാതെ കഥ പറഞ്ഞിരുന്നിട്ടും, പടിഞ്ഞാറേയ്ക്ക് പോയ സൂര്യാ നീ കിഴക്ക് നിന്ന് ഉദിച്ചുയർന്നതെങ്ങിനെയെന്ന് കോറസ്സായി ചോദിയ്ക്കണം എന്നെല്ലാം തീരുമാനിച്ചിട്ട് നല്ല പണിയാണ് കാട്ടിയത്. അതിനു ശേഷം എല്ലാവരും ജോലിക്കിറങ്ങുന്ന പുലരിയിൽ ചെറുതണുപ്പിൽ വീട്ടിൽ ചെന്ന് മൂടിപ്പുതച്ച് കിടന്നുറങ്ങാൻ കൊതിക്കുന്ന നമുക്ക് മാത്രമല്ലേ നമ്മളാകാനാവൂ എന്നെല്ലാം പറഞ്ഞിട്ട് കൊലച്ചതിയല്ലേ നിങ്ങൾ കാണിച്ചത്. നിങ്ങൾ രണ്ടും കൂടെ ഒറ്റയ്ക്കിരുന്ന് കാട്ടുന്നയീ കലാപരിപാടികൾ
വീഡിയോ കാളിൽ വിളിച്ച് കാണിക്കുന്ന നിന്നെയൊക്കെ ഞങ്ങൾ എന്തു ചെയ്യണമെന്ന്
രഞ്ജിത്താശാനോട് ചോദിക്കട്ടെ.
അണ്ണാ ചൂടാകല്ലേ, അത് നമുക്കെല്ലാവർക്കും കൂടെ പിന്നെ പോകാം ഇതിപ്പോൾ ഞങ്ങൾ ടെസ്റ്റ് ചെയ്യാൻ ആയി വന്നതല്ലേ.
എന്നിട്ട് ടേസ്റ്റ് എല്ലാം ടെസ്റ്റ് ചെയ്തിട്ട് എപ്പടി.
നല്ല സൂപ്പർ ബീഫും. വെന്താലുവും, ചിരട്ടപ്പുട്ടും. പക്ഷെ നമ്മൾ നേരത്തെ തീരുമാനിച്ച പോലെ നേരം വെളുക്കുന്നതുവരേ ഉണ്ടാകില്ല , രാത്രി പന്ത്രണ്ടു മണിക്ക് ക്ലോസ് ചെയ്യും.
ഏതായാലും നമുക്കെല്ലാം കൂടെ പിന്നെ പോകാം. ഇതെല്ലാം പറഞ്ഞപ്പോൾ ആണ് പണ്ട് പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് പതിവായി കഴിയ്ക്കാറുള്ള വിജയേട്ടന്റെ സ്വാദിഷ്ടമായ
ബീഫ് മസാലയുടെ രുചി നാവിലേക്ക് ഓടിയെത്തിയത്.
അത് എവിടെയാണ്. ഇത്ര സ്വാദുള്ള ബീഫ് മസാല, ഇത്ര വർഷം ആയിട്ടും മറക്കാനാവാത്ത സ്വാദേറിയ വിഭവം നൽകുന്ന കട.
അതിപ്പോൾ അവിടെ ഉണ്ടോ എന്നറിയില്ല. വിജയൻ ചേട്ടൻ പോലും ഇപ്പോൾ ഉണ്ടോ എന്നു പോലും അറിയില്ല. ചേർത്തല കോടതി കവലയിൽ നിന്ന് സ്റ്റാൻഡി ലേക്ക് പോകുന്ന വഴിയിൽ ആയിരുന്നു.
അണ്ണാ അതിന്റെ കാര്യങ്ങൾ ഒന്ന് വിശദമായി പറയെന്നേ , ഒന്നു കേൾക്കട്ടെ .
അതിനെന്താ പറയാമല്ലോ.
ജയക്കുട്ടനാണ് പറഞ്ഞത് എടാ നാളെ ഉച്ചഭക്ഷണം കൊണ്ടുവരണ്ട , നമുക്ക് ഉച്ചയ്ക്ക് വിജയേട്ടൻ്റെ കടയിൽ നിന്ന് കഴിയ്ക്കാമെന്ന്.
വിജയേട്ടൻ്റെ കടയോ?
അതെവിടെയാണ്, എനിക്കറിയില്ലല്ലോ?
നീയൊരു ഭക്ഷണ കൊതിയനല്ലേ, സ്വാദിഷ്ടമായ വിഭവങ്ങൾ
നിൻ്റെ വീക്ക്നെസ്സ് അല്ലേ, നാളെ നിനക്കൊരു സർപ്രൈസ് ആകട്ടെ.
അടുത്ത ദിവസം ഉച്ചയ്‌ക്ക് ഒരു മണിയായി, കടയടച്ചു സാധാരാണ ആ സമയത്ത് കട അടച്ച് അകത്തിരുന്ന് ഞങ്ങൾ കൊണ്ടുവരുന്ന ഉച്ചഭക്ഷണം ഷെയർ ചെയ്ത് കഴിയ്ക്കാറുള്ളതാണ് ഇന്നിനി എന്താണാവോ? വിശപ്പ് കൃത്യസമയത്ത് എത്തുന്ന ഒരു പാസഞ്ചർ ട്രെയിനായി ചൂളം വിളിച്ച് സ്റ്റേഷനിൽ വന്നു നിന്നു. പിന്നെ താമസിച്ചില്ല ,ചാറ്റൽ മഴയിലേയ്ക്ക്
ചരിഞ്ഞിറങ്ങി, രണ്ടു മൂന്ന് മിനിട്ട് നടന്നപ്പോഴോ മഴകനത്തു.
ദാ ഇതാണ് കടയെന്ന് പറഞ്ഞ് ജയക്കുട്ടൻ ഓടിക്കേറിയതിന്റെ പുറകെ ചെന്ന് കേറിയത് റോഡ് സൈഡിൽ ആസ്ബസ്റ്റോസ് മേഞ്ഞ ചെറിയൊരു കടയിലേക്കായിരുന്നു, കോട്ടയം അയ്യപ്പാസിന്റെ പരസ്യത്തിൽ പറയുന്ന പോലെ അകത്തുചെന്നാൽ അതിവിശാലമായതൊന്നും കാണാനില്ല. ആകെയുള്ള ഇട്ടാവട്ടത്തിലുള്ള സ്ഥലം. ഒരു ഡസ്ക്കിന്റെ ഇരു സൈഡിലായി ഇട്ടിരിക്കുന്ന രണ്ടു ബെഞ്ചിലുമായി ഞെരുങ്ങിയിരിക്കുന്ന പത്തുപേർ. ബസ്സിൽ ഇരുന്നു യാത്ര ചെയ്യുന്നവർ ആരെങ്കിലും അടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്നുണ്ടോ എന്ന് അവരുടെ ശരീരിക ചലനങ്ങളിൽ നിന്ന് അറിയാൻ ആവുന്നുണ്ടോ എന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുന്ന നിന്നു യാത്ര ചെയ്യുന്നവരേ ഓർമ്മിപ്പിക്കുന്നതു പോലെ പത്തുപേരിൽ ആരാണ് ആദ്യം എഴുന്നേൽക്കുന്നത് എന്നോർത്ത് ആദ്യ സീറ്റ് പിടിക്കാൻ കാത്തു നിൽക്കുന പത്തുപതിനഞ്ച് പേരുടെ കൂടെ ഞാനും ജയനും കാത്തു നിന്നു. പുറത്തു കനത്ത മഴയും, അകത്തു തിളച്ചുമറിയുന്ന ചൂടും. മൂന്നു വലിയ അടുപ്പ്, ഒരു ചെറിയ അടുപ്പ്, രണ്ടടുപ്പുകളിൽ ഒന്നിലുള്ള വലിയ ചീനച്ചട്ടി നിറച്ച് ബീഫ് ഫ്രൈ, മറ്റേ അടുപ്പിൽ നിന്ന് വറുത്തു കോരുന്ന ചൂടു പഴം പൊരിയും, മൊരിഞ്ഞ വടയും, പൊറോട്ടക്കല്ലിൽ ഏതു നേരവും വെന്തു വരുന്ന പൊറോട്ട, ചെറിയ അടുപ്പിൽ തിളച്ചു വരുന്ന വെള്ളത്തിൽ നിന്ന് കടുപ്പത്തിലുള്ള സ്ട്രോംഗ് ചായയുടെ പിറവി.
പത്തു മിനിട്ടിന്റെ കാത്തുനിൽപ്പിനു ശേഷം കിട്ടിയ സീറ്റിൽ ചാടിക്കയറി ഇരുന്നപ്പോഴേയ്ക്കും വീണ്ടും ഒരു ചെറുജാഥയ്ക്കുള്ള ആൾക്കാർ അടുത്ത സീറ്റും നോക്കി കാത്തു നിൽക്കുന്നുണ്ട്.
ആൾക്കാർ അക്ഷമയോടെ കാത്തു നിൽക്കുന്നതിന്റെ രഹസ്യം മനസ്സിലായത് ആദ്യ കഷ്ണം പൊറോട്ട മുറിച്ചെടുത്ത് മസാലയിൽ പൊതിഞ്ഞിരിയ്ക്കുന്ന ബീഫ് ഫ്രൈയുടെ മുകളിൽ സ്ഥാപിച്ച് തള്ളവിരലും, ചൂണ്ടുവിരലും ചേർത്ത് അല്പം ഗ്രേവിയോടെ മടക്കി വായിലേക്ക് വച്ച് ഒന്ന് ചവച്ചപ്പോൾ കിട്ടിയ സ്വാദ് ഇന്നീ ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷവും വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കുന്നെങ്കിൽ അതിൽ കൂടുതൽ എന്താണ് പറയാനുള്ളത്. ചൂടു പൊറോട്ട, ഏറിനിൽക്കുന്ന സ്വാദോടു കൂടിയ എരിവ്, ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുന്നവർ കറിവേപ്പിലയുടെ മുകളിലുള്ള
കറിയുടെ അംശം പോലും കളയാതെ കഴിയ്ക്കുന്നു.
ഇതാണ് ആ ബീഫ്ഫ്രൈ ഓർമ്മ.
അപ്പോൾ നമുക്ക് ഇനി എല്ലാവർക്കും കൂടി ഒന്നിച്ചു പോകാം
തീർച്ചയായും ഇനി നമ്മൾ തമ്മിൽ കാണുന്നത് ഇവിടെയോ അല്ലെങ്കിൽ നമ്മൾ എല്ലാം ചേർന്ന് ഏതെങ്കിലും പുഴയോരത്ത്
രാത്രി മുഴുവനും കുത്തിയിരുന്ന് നിലാവും നക്ഷത്രങ്ങളും നോക്കിയിരുന്ന് കഥപറഞ്ഞ് പറഞ്ഞ് എന്ന സിറാജിന്റെ മറുപടി :-
പനങ്ങാട്ട് അറ്റത്തെ കായലോരത്തും , ഹൈ കോർട്ട് ജെട്ടിയിലെ പുഴയോരത്തും ചാത്യാത്ത് പള്ളിയുടെ അടുത്തുള്ള വാക്ക് വേയിലും, നെട്ടൂർ അറ്റത്തെ പുഴയോരത്തുമെല്ലാം ഒരുപാട് രാത്രികൾ ഞാനും ഏകനായും കൂട്ടുകൂടിയും ചിലവഴിച്ചിട്ടുണ്ട്,
ഒരു വിളിയൊച്ച...
ഒരു കാഴ്ചത്തുണ്ട്..
ഒരു കരിവളപ്പൊട്ട്.... ഇത്രയൊക്കെ മതിയാവില്ലേ നമ്മെ നമ്മിൽ നിന്നു തന്നെയുയർന്നു വരുന്നൊരു കൈകൊണ്ട് നമ്മുടെ ഉള്ളിലേക്ക് വലിച്ചാഴ്ത്താൻ...?
ചിലപ്പോളത് എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ എടുപ്പുകളെയൊക്കെ തകർത്ത് നമ്മെ എത്രയോ പിന്നിലേക്ക്... ഭൂതസ്മൃതികളുടെ പൊടിമണ്ണിലേക്ക് എടുത്തു മറിച്ചിടുന്നത്....
ആ ഓർമ്മകളിൽ മുഴുകി, ഓർമ്മകളെതാലോലിച്ച്....
എത്രയോ രാത്രികൾ, അത്രയുമെല്ലാം പറഞ്ഞു തീർന്നപ്പോഴേക്കും മുറിഞ്ഞു പോയ ഇമോ കാൾ, ഫോണിൽ ചാർജ് തീർന്നിട്ടാണെന്ന് അറിഞ്ഞപ്പോൾ അറിയാതൊരു നൊമ്പരം,
ഇത്രയും നേരം തന്ന സ്നേഹ സൗഹൃദങ്ങളുടെ വേർപാടിന്റെ നൊമ്പരം. വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയുടെ കതിർ .

By: Ps Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot