Showing posts with label Sunil Cheriakudy. Show all posts
Showing posts with label Sunil Cheriakudy. Show all posts

നല്ലെഴുത്തിന് ഒരു സംസ്ഥാന അവാർഡ്







==ഒരു സന്തോഷവാർത്ത ===
നമ്മുടെ ഗ്രൂപ്പിലെ അംഗമായ ശ്രീ സുനിൽ ചെറിയകുടിയുടെ ""ബാലന്റെ ഗ്രാമം "" എന്ന ടെലിഫിലിം സംസ്ഥാന പുരസ്‌കാരം നേടിയ വിവരം ഇതിനാൽ അറിയിക്കട്ടെ.
അദ്ദേഹത്തിന് അഭിനന്ദനങ്ങൾ .
നമ്മുടെ ഗ്രൂപ്പിൽ "ബാലന്റെ ഗ്രാമം " പോസ്റ്റ് ചെയ്തിരുന്നു .
https://www.nallezhuth.com/…/SunilCheriyakudi-BalanteGramam…
അദ്ദേഹം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു .


NB ==
അദ്ദേഹം നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾക്കായി സ്പോൺസർ ചെയ്ത കഥാരചനാ മത്സരം തുടരുന്നു ..

മധുരമുള്ള ഓർമ്മകൾ

മധുരമുള്ള ഓർമ്മകൾ
ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്.
ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ പുൽമേടുകളിൽ ഒറ്റപെട്ടു നിൽക്കുന്ന വീപ്പിങ് വില്ലോ ട്രീയുടെ ചുവട്ടിൽ വിശ്രമിക്കുന്ന കുതിരകൾ. ക്യാബേജു, ബ്രോക്കൊളിയും, ചോളവും കൃഷി ചെയ്തിരിക്കുന്ന നിരപ്പുള്ള കൃഷിയിടങ്ങൾ. പൈൻ മരങ്ങൾ കാവൽ നിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾ, മുന്തിരി ചെടികൾ നിരന്നു നിൽക്കുന്ന വിന്യാർഡുകൾ. കാഴ്ചകൾക്ക് വൈവിധ്യമുണ്ട്. അവ പിന്നിലേക്ക് ഓടി മറയുന്നു. മറ്റൊരിക്കൽ മറ്റൊരു യാത്രയിൽ ഈ കാഴ്ചകൾ ഓർമകളായി വീണ്ടും കടന്നു വന്നേക്കാം.
കഴിഞ്ഞ ദിവസം റൈറ്റിംഗ് ക്ലാസ്സിൽ വായനക്കായി ശുപാർശ ചെയ്തിരുന്നത് ഗ്രേസ് പെയ്‌ലിയുടെ "അമ്മ " എന്ന ചെറു കഥയായിരുന്നു. വെറും നാന്നൂറ്റി ഇരുപതു വാക്കുകൾ മാത്രമുള്ള ചെറിയ ഒരു കഥ. അമ്മ എന്ന മഹാ സാഗരത്തെ ഏറ്റവും കുറച്ചു വാക്കുകളിൽ മനോഹരമായി അവർ ആ കഥയിൽ കോറിയിട്ടിരുന്നു. വർക്ഷോപ്പിങ്ങിനായിഎന്റെയും ഒരു കഥയുണ്ടായിരുന്നു. മലയാളത്തിൽ എഴുതി ഇന്ഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്ത എന്റെ കഥയുടെ പേരും 'അമ്മ എന്ന് തന്നെയായതു കേവലം യാദൃശ്ചീകത മാത്രം. മാതൃഭാഷയിൽ നാന്നൂറ്റി ഇരുപത്തിരണ്ടു വാക്കുകളിൽ എഴുതി തീർത്ത കഥയായിരുന്നു എന്റേത്.
ഉറവ വറ്റാത്ത സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുതലിന്റെയും പ്രതീകങ്ങളായിരുന്നു രണ്ടുകഥകളിലെയും അമ്മമാർ. ഇന്ഡിപെന്ഡന്റായ മകന്റെ, കാര്യങ്ങളിൽ സ്നേഹം,കരുതൽ എന്നൊക്കെ വ്യഖ്യാനങ്ങൾ നൽകി അനാവശ്യമായി ഇടപെടുന്ന ഒരു അമ്മയായി അവർ എന്റെ കഥയിലെ അമ്മയെ വ്യഖ്യാനിച്ചു.
"...ഇത്ര രാവിലെ എഴുന്നേൽക്കരുതെന്നു എത്ര വട്ടം പറഞ്ഞിരിക്കണൂ അമ്മാ..എത്ര പറഞ്ഞാലും കേൾക്കില്ലാന്നു വച്ചാൽ.." മകന്റെ അമ്മയെ കുറിച്ചുള്ള കരുതലിന്റെ വാക്കുകളെ അമ്മയോടുള്ള ഈർഷ്യയായി അവർ സങ്കൽപ്പിച്ചു...സംസ്കാരങ്ങളുടെ വ്യത്യാസത്തെ അവർ ഉൾക്കൊള്ളുവാൻ തുനിയുന്നതായി എനിക്ക് തോന്നിയില്ല. അവരുടെ വിമർശനത്തിൽ എനിക്ക് അത്ഭുതം തോന്നിയില്ല. അവർക്കു സ്വാതന്ത്ര്യമെന്ന വാക്കിന്റെ അർഥം മാത്രമേ കൂടുതൽ മനസ്സിലാവുകയുള്ളൂ . രണ്ടു കൊച്ചു കുട്ടികൾ തമ്മിലുള്ള സംസാരം ആകസ്മീകമായി ശ്രദ്ധിക്കുവാൻ ഇടയായ എനിക്ക് ഓർമയിൽ പിന്നെയും പിന്നെയും തികട്ടിവന്ന ഒരു കാര്യം ഒരിക്കൽ കേൾക്കുവാൻ ഇടയായി.
അതിങ്ങനെയായിരുന്നു .
"ഐ ആം നോട്ട് എ ബിഗ് ഫാൻ ഓഫ് മൈ മദർ.." അത് തുടർച്ചയായ ഒരു സംഭാഷണത്തിന്റെ ശകലം മാത്രമായിരുന്നു. ഞാൻ അദ്ഭുതത്തോടുകൂടി അവനെ ഒന്ന് നോക്കുക മാത്രം, ചെയ്തു... അവർക്കു നഷ്ട്ട പ്പെട്ടതെന്താണെന്നു ഞാൻ ആലോചിച്ചു നോക്കി.
എന്തോ കൂഞ്ഞികൂടി നടക്കുന്ന ആ മനുഷ്യനെ ഞാൻ പെട്ടെന്ന് ഓർത്തു പോയി ."ഭൂതകാക്ക" എന്നാണ് ഞങ്ങൾ കുട്ടികൾ അയാളെ വിളിച്ചിരുന്നത്. തലയിൽ വട്ടം ചുറ്റിയിരിക്കുന്ന തുണിയും പഴകി പിഞ്ഞിയ കാക്കി ഷർട്ടും, മുട്ടോളമെത്തുന്ന നിക്കറും മാത്രം സ്വന്തമായുള്ള വൃദ്ധനായ ഭൂതകാക്ക. ഉച്ച നേരത്തു ഭക്ഷണ സമയത്തു ഭൂതകാക്ക വരും,ഞങ്ങൾ കുട്ടികളുടെ പാത്രങ്ങളിൽ നിന്നും ഇലകളിൽ നിന്നുമുള്ള എച്ചിലുകളും അവശിഷ്ടങ്ങളും ശേഖരിക്കാൻ. വാട്ടിയ ഏതെങ്കിലുമൊരു തൂശനിലയിൽ തനിക്കു ആവശ്യമുള്ളത്ര ശേഖരിക്കും. സ്കൂളിലെ തുപ്പുകാരി ചേടത്തിയുണ്ടാക്കുന്ന നുറുക്ക് ഗോതമ്പുകൊണ്ടുള്ള ഉപ്പുമാവ് മറ്റൊരിലയിൽ വേറെയും പൊതിഞ്ഞെടുക്കും..പിന്നെ കുഞ്ഞി കൂടി നടന്നു മറയും.
താഴെ കാള ചന്തയുടെയും അതിനും താഴെ സ്വകാര്യ ബസ് സ്റ്റേഷന്റെയും കാഴ്ചകൾ മറച്ചു കൊണ്ടുള്ള കരിഓയിൽ പൂശിയ പനമ്പ് മറകൾക്കിടയിലൂടെ നാച്ചൂന്റെ ഉപ്പാപ്പ കോഴിക്കോട്ടുകാരി എന്ന് വിളിക്കുന്ന, സ്ത്രീയുടെയും മക്കളുടെയും കൂടെ സല്ലപിക്കുന്നുണ്ടോ എന്ന് ഞങൾ ഇടയ്ക്കിടെ മല്ലിക ടീച്ചറിന്റെ കണ്ണ് വെട്ടിച്ചു ഒളിഞ്ഞു നോക്കും. നാച്ചൂന്റെ ഉപ്പാപ്പ കാള ചന്തയോട് ചേർന്നുള്ള കുറ്റികാടിന്റെ മറവിൽ കുന്തിച്ചിരുന്നു തൂറുന്നതു ഞാൻ കൂട്ട് കാരൻ വേണൂനെ ഒരിക്കൽ കാണിച്ചു കൊടുത്തിരുന്നു. അന്ന് ചെവി പൊട്ടി ചലം വരുന്ന അസുഖമുണ്ടായിരുന്നു അവനു. നാലാം ക്ളാസ് കഴിഞ്ഞു വേറെ സ്കൂളിലേക്ക് പോയതിനു ശേഷം ഒരിക്കലും വേണുവിനെ കണ്ടിട്ടില്ലാലോ എന്ന് ഓർത്തു. ഇനി കണ്ടാൽ തിരിച്ചറിയുകയും ഉണ്ടാവില്ലലോ എന്ന് സങ്കടം തോന്നി.
ഓർമകൾക്ക് തുടർച്ചയുണ്ട് ..അതൊന്നിൽ നിന്നു മറ്റൊന്നിലേക്കു നമ്മളെ നയിക്കും. മടുപ്പില്ലാതെ..
അതുകൊണ്ടാണ് ഞാൻ കുഞ്ഞാത്തു എന്ന് എല്ലാവരും വിളിക്കുന്ന കുഞ്ഞിപാത്തുത്താനെ ഓർത്തത്.
തോട്ടിലെ വെള്ളത്തിൽ കുളിക്കുമ്പോൾ ഗുദ ദ്വാരത്തിൽ കടിച്ചു പിടിച്ച കുളയട്ടയെ, തുണി തിരുമ്പിക്കൊണ്ടിരുന്ന ,കുഞ്ഞാത്തു ബാർ സോപ്പ് തേച്ചു കടി വിടുവിച്ചു. പിന്നീട് തോട്ടിലെ വെള്ളത്തിൽ കുളിക്കുമ്പോഴൊക്കെയും ആ ഓർമ്മ തേടിയെത്തി. വർഷങ്ങളിത്ര കഴിഞ്ഞിട്ടും അവ പിന്നെയും തേടിയെത്തുന്നു. പത്തു വര്ഷങ്ങള്ക്കു മുൻപ് കുഞ്ഞാത്തുവിനെ വീണ്ടും കണ്ടു. ഒരു നോയമ്പ് കാലത്തു. വോട്ടേഴ്സ് ലിസ്റ്റു പുതുക്കുന്നതിൻറെ ഭാഗമായുള്ള വെരിഫിക്കേഷന് അവരുടെ അപ്പോഴത്തെ വീട്ടിൽ ചെന്നപ്പോൾ ആയിരുന്നു അത്. ഇരുപതു വര്ഷങ്ങള്ക്കു ശേഷം ഞാൻ അവരെ വീണ്ടും കാണുകയായിരുന്നു. അവരിലെ മാറ്റങ്ങളെക്കാൾ ഉപരി മാറ്റമില്ലായ്മകളെ എന്റെ കണ്ണുകൾ തിരിച്ചറിഞ്ഞു.
"ഇത്താ" ഞാൻ അതിശയത്തോടെ അവരെ വിളിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അതിനുമപ്പുറം അവർക്കെന്നെ മനസ്സിലായതേയില്ല.
ഇത്താ ഞാൻ തരകൻ മാപ്പിളേടെ മോനാ ...അവർ എന്നെ സൂക്ഷിച്ചു നോക്കി പിന്നെ "അലമുറയിട്ടു",
“എന്റെ പടച്ചോനെ ഞാൻ എന്താ ഈ കേക്കണത്..അവരുടെ കണ്ണുകളിൽ അത്ഭുതവും സ്നേഹവും വിരിഞ്ഞു നിന്നു ...നിങ്ങളീനാട്ടീന്നു പോയതിനു ശേഷം കണ്ടിട്ടില്ലാലോ മോനെ .പിന്നെ എങ്ങനെ ഓർക്കാനാ. ബാ ..അകത്തേക്ക് ബാ ..”
ഓർമകൾക്ക് മധുരമുണ്ട്..മുതു നെല്ലിക്കയുടെ മധുരം... അയവിറക്കുന്തോറും ഊറി വരുന്ന മധുരം.

Sunil C

ആ സ്പന്ദനങ്ങൾ എന്റേതുകൂടിയാണ്.

ആ സ്പന്ദനങ്ങൾ എന്റേതുകൂടിയാണ്.
................................
ഈ പൊണ്ണത്തടി കുറയ്ക്കണമെന്ന് കുടുംബഡോക്ടർ പലവട്ടം ഉപദേശിച്ചു കഴിഞ്ഞതാണ്. ആറടി രണ്ടിഞ്ചു പൊക്കവും നൂറ്റിയിരുപത്തിയാറു കിലോ ഭാരവും ആരോഗ്യ ശാസ്ത്രം അനുവദിക്കുന്ന അനുപാതത്തിലുള്ള അളവുകളല്ല. പൊണ്ണത്തടി മൂലമുണ്ടാകുന്ന ഒരു മാതിരിപ്പെട്ട എല്ലാ അസ്കിതകളും ശരീരത്തെ ബാധിച്ചു തുടങ്ങിക്കഴിഞ്ഞു.
ആറുമാസങ്ങൾക്കു മുൻപാണ് ടൈപ് റ്റു ഡയബെറ്റിസ് ബാധിച്ചിട്ടുണ്ടെന്നു രക്ത പരിശോധനയിൽ കണ്ടെത്തിയത്. അമിതവണ്ണം ഈ രോഗത്തിന് ഒരു കാരണമാകാവുന്നതാണെന്ന് അന്ന് ഡോക്ടർ പറയുന്പോൾ വെറുതെ മൂളിക്കേൾക്കുക മാത്രം ചെയ്തു. കൂടാതെ രക്തസമ്മർദ്ദതോതും കൊളസ്‌ട്രോൾ അളവും ചില വർഷങ്ങളായി അനുവദനീയമായതിലും മേലെ തന്നെയാണ്. ഈയടുത്തയിടയ്ക്ക് ഷോപ്പിംഗ് മോളിൽ വെച്ച് നെഞ്ചുവേദനയനുഭവപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റായപ്പോഴാണ് ഹൃദ്രോഗവും പിടികൂടിക്കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞത്. ആഹാരനിയന്ത്രണത്തോടൊപ്പം ദിവസവും ഒരു മണിക്കൂർ നടത്തം നിർബന്ധമായും ശീലമാക്കണം എന്ന കർശനനിർദേശത്തോടെയാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
മുപ്പത്തിനാല് വയസ്സുമാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ ശാരീരിക അവസ്ഥകളെക്കുറിച്ച് സ്വയം ഉണ്ടാകേണ്ട ആകുലതകൾ എന്നെയൊരിക്കലും അലട്ടിയിരുന്നില്ല. എന്തോ, കർശനമായ ആഹാരനിയന്ത്രണങ്ങളിലൂടെയും വ്യായാമം എന്ന പേരിൽ ചെയ്യുന്ന ശാരീരികപീഡനത്തിലൂടെയുള്ള മേനിസംരക്ഷണത്തോട് എനിക്ക് വലിയ മതിപ്പു തോന്നിയിരുന്നില്ല എന്നതാവാം കാരണം. നാവിനു രുചി തോന്നിയ ഭക്ഷണത്തെയൊന്നും ഞാനെനിക്ക് വിലക്കിയിരുന്നില്ല. പ്രത്യേകിച്ച് ഏറ്റവുമിഷ്ടമുള്ള ഐസ്ക്രീമും ചോക്കലേറ്റും.
ഇനിയിപ്പോൾ കുറെയെങ്കിലും ഡോക്ടറെ അനുസരിക്കാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലായിക്കഴിഞ്ഞു കാര്യങ്ങൾ. അമിതമായ ക്ഷീണവും ബാങ്കിൽ കസ്റ്റമേഴ്സിന്റെ മുന്പിലിരിക്കുന്പോൾ പോലും ശരിയായ വിധം മനസ്സിനെ കേന്ദ്രീകരിക്കുവാൻ കഴിയാതെ പോകുന്ന അവസ്ഥയും ഓർത്തപ്പോൾ ഇഷ്ടപ്പെട്ട ചിലവയെ വർജ്ജിക്കാൻ തന്നെ തീരുമാനിച്ചു. എന്നിട്ടും ജിമ്മിൽ പോയുള്ള ഒരു വർക്ക് ഔട്ടിന് മനസ്സ് തയ്യാറായില്ല. അങ്ങനെയാണ് ദിവസവും ഒരുമണിക്കൂർ നടക്കുവാൻ തീരുമാനിച്ചത്.
ഒരു മണിക്കൂർ നടത്തം! തുടക്കത്തിൽ അതിത്തിരി ബുദ്ധിമുട്ടായിരുന്നു. കാലുകൾക്ക് കഴപ്പും ശരീരത്തിന് അമിതമായ തളർച്ചയും ആദ്യദിവസങ്ങളിൽ ശക്തമായി തോന്നിയിരുന്നു. ക്രമേണ അതു കുറഞ്ഞുകുറഞ്ഞു വന്നു. എന്നുമാത്രമല്ല, നടത്തം ഞാൻ കുറേശ്ശെ ആസ്വദിക്കാനും തുടങ്ങി.
എന്റെ അയൽവാസി അമ്മൂമ്മയുടെ കറുന്പൻ പൂച്ചക്ക് നന്ദി! തോറ്റു പിൻവാങ്ങാത്ത, നേരിട്ടുകണ്ട അവന്റെ പരിശ്രമമാണ് നെപ്പോളിയന്റെ കഥയേക്കാൾ എനിക്ക് ശരിക്കും പ്രചോദനമായത്.
തെരുവിന്റെ ഇരുവശങ്ങളിലുമായി നേർക്കുനേർ നോക്കിനിൽക്കുന്ന മാതിരിയാണ് ഞങ്ങളുടെ വീടുകൾ. എന്റേത് രണ്ടു നിലകളിലായുള്ള മൂന്നുമുറികളുള്ള ഒറ്റവീടാണെങ്കിൽ അവരുടേത് ഒരു വലിയ വീടിന്റെ പാതിവരുന്ന യൂണിറ്റാണ്. എന്നെപ്പോലെ തന്നെ അമ്മൂമ്മയും തനിയെയാണ് താമസം. ഏക വ്യത്യാസം, കറുപ്പ് നിറമുള്ള ഒരു തടിയൻപൂച്ച അവർക്കു കൂട്ടിനുണ്ട് എന്നതാണ്. അവരുടെ വീടിന്റെ അതിര് തിരിക്കുന്ന, മരവേലിയിലേക്കു പടർത്തി വളർത്തിയിരുന്ന ചുവന്ന പൂക്കളുണ്ടാകുന്ന ബൊഗെൻ വില്ലയുടെയരികിൽ ചില്ലകളിൽ നിന്നും ചില്ലകളിലേക്കു പറന്നുനടക്കുന്ന കുരുവികളെ നോക്കി കുത്തിയിരിക്കുന്ന ആ മാർജാരനെ ഞാൻ മുകളിലത്തെ മുറിയിൽ നിന്നും ഇടക്കൊക്കെ കാണാറുണ്ട്. ചിലപ്പോൾ ആകാംക്ഷയോടെ ഞാനും ആ കാത്തിരിപ്പിൽ പങ്കാളിയാകും. ഏറ്റവും അടുത്ത ചില്ലയിലേക്കു പറന്നിരിക്കുന്ന കുരുവിയെ പിടിക്കുവാൻ വായുവിലേക്കുയർന്നു ചാടുന്ന അവന്റെ പ്രയത്നം പക്ഷെ പലപ്പോഴും വിജയത്തിലെത്താതെ പോകുന്പോൾ ഞാനറിയാതെ ഒരു ചിരി എന്റെ ചുണ്ടിൽ വിടരും. പക്ഷെ ഒന്നും സംഭവിക്കാത്ത മട്ടിൽ കറുന്പൻ തന്റെ കാത്തിരിപ്പ് തുടരും. ആ ക്ഷമയാണ് എനിക്കേറെയിഷ്ടം. ശാന്തമായ ഒരിക്കലും മടുക്കാത്ത കാത്തിരുപ്പ്.
നിതാന്തപരിശ്രമിയുടെ വിജയം ഒരിക്കലും കയ്യെത്തുന്ന ദൂരത്തു നിന്നും അകലത്തിലല്ലെന്ന് ആ മാർജാരനിൽ നിന്നുമാണ് ഞാൻ യഥാർത്ഥത്തിൽ പഠിച്ചെടുത്തത്. വായിൽ കടിച്ചുപിടിച്ച പക്ഷിയുമായി പറമ്പിന്റെ മറവുള്ള മൂലയിലേക്ക് പാഞ്ഞുപോകുന്ന അവനെ ഞാൻ ഒരു ദിവസം എന്റെ ജനാലവാതിലിലൂടെ കണ്ടു.
ദക്ഷിണധ്രുവത്തോട് ചേർന്നുകിടക്കുന്ന പസഫിക്കിലെ ഈ കൊച്ചു രാജ്യത്ത് വേനൽക്കാലത്തെ പകലുകൾക്ക് ദൈർഘ്യം കൂടുതലായതിനാൽ ഇരുട്ടാകുവാൻ ഒൻപതുമണി കഴിയണം. ജോലി കഴിഞ്ഞു വീട്ടിൽ വന്നശേഷം ആറര മണിയോടെയാണ് ഞാൻ നടക്കാനിറങ്ങുന്നത്. എന്റെ അയൽവാസി അമ്മൂമ്മ മുൻവശത്തെ ചെടികൾക്ക് വെള്ളമൊഴിക്കുന്നതും ഏകദേശം ആ സമയത്തു തന്നെയാണ്. സ്പ്രിങ്ക്ലറിൽ നിന്നും തൂകിപ്പരക്കുന്ന ജലകണങ്ങൾ ഇലകളിലും തണ്ടുകളിലും കുളിർമയുടെ സുഖം പകർന്നു കൊണ്ട് ഒഴുകി മണ്ണിലേക്കൂർന്നു വലിയുമ്പോൾ ദേഹത്ത് വെള്ളത്തുള്ളികൾ വീഴാത്ത അകലത്തിൽ അവർക്കു കാവലിരിക്കുന്ന കറുമ്പനെ ഞാനെന്നും തന്നെ കാണാറുണ്ട്.
ഒരു വർഷം മുൻപ് ക്രിസ്തുമസിന് തലേന്ന് ഈ വീട്ടിലേക്കു താമസം മാറിയതിനു ശേഷം അമ്മൂമ്മയെ പലപ്പോഴും മുറ്റത്തു കണ്ടിട്ടുണ്ടെങ്കിലും മനഃപൂർവ്വമായ ഒരു പരിചയപ്പെടലിനോ പരിചയപ്പെടുത്തലിനോ ഞാൻ തുനിഞ്ഞിരുന്നില്ല. ഒരുപക്ഷ കുറച്ച് വിചിത്രമായിരിക്കാം എന്റെ ചിന്ത. സ്വയം മുൻകൈയെടുത്തുള്ള പരിചയപ്പെടലുകൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാതെയുള്ള കടന്നുകയറ്റമാണെന്നാണ് എന്റെ തത്വശാസ്ത്രം. എങ്കിലും റോഡിന്റെ ഇരുപുറങ്ങളിലുമായി വീടുകളുടെ വേലികൾക്കുള്ളിൽ നിന്നും ഇടക്കെങ്ങാനും കാണേണ്ടിവരുന്ന സന്ദർഭങ്ങളിൽ പരസ്പരം പുഞ്ചിരിച്ചുകൊണ്ട് കൈയുയർത്തി ഹാലോ പറഞ്ഞ് ഞങ്ങൾ ആ തെരുവിലെ ഞങ്ങളുടെ അസ്തിത്വവും പരിചയവും പുതുക്കിപ്പോന്നു.
അമ്മൂമ്മക്കധികം സന്ദർശകരുള്ളതായി കണ്ടിട്ടില്ല. സദാസമയവും ഗാരേജിനു പുറത്തു പാർക്ക് ചെയ്തിട്ടിരിക്കുന്ന നീല കാറിൽ അവർ ഇടയ്ക്കിടെ ഷോപ്പിംഗിനായി പുറത്തേക്കു പോകുന്നതും വരുന്നതും കാണാറുണ്ട്. മുകളിലത്തെ നിലയിലെ എന്റെ കിടപ്പുമുറിയുടെ ദർശനം വാസ്തവത്തിൽ അവരുടെ മുൻവശത്തെ ഓരോ ചലനങ്ങളെയും വേലിയുടെ മറനീക്കി എനിക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു. ചെടികൾക്കിടയിൽ നിന്ന് കള നീക്കുകയും, അവയുടെ ചുവട്ടിൽ കംപോസ്റ് നിക്ഷേപിക്കുകയും വെള്ളമൊഴിക്കുകയും ചെയ്യുമ്പോഴൊക്കെ നിഴൽ പോലെ ചേർന്നുനടക്കുന്ന തടിയൻ കറുമ്പൻ പൂച്ചയാണ് പക്ഷെ എന്റെ ശ്രദ്ധയെ കൂടുതൽ ആകർഷിച്ചത്.
ഒരിക്കൽ അമ്മൂമ്മ അവനെ വഴക്കുപറയുന്നതും കണ്ടു. ചെടികളുടെ ഇടയിലെ കള നീക്കുന്നതിനിടയിൽ പൊക്കം കുറഞ്ഞ ഒലിവുചെടിയുടെ ചില്ലയിൽ വന്നിരുന്ന കുരുവിയുടെ അടുക്കലേക്കു അവൻ പതുങ്ങി നീങ്ങുമ്പോഴായിരുന്നു അത്. തുറന്നിട്ട ജനലിന്റെ സുതാര്യമായ ഷീർ കർട്ടനിലൂടെ എനിക്കവരെ കാണുക മാത്രമല്ല ചെറുതായി കേൾക്കുകയും ചെയ്യാമായിരുന്നു.
"ഓസ്ക്കാർ, പക്ഷികളെ ഉപദ്രവിക്കരുതെന്നു ഞാൻ നിന്നോട് എത്രവട്ടം പറഞ്ഞിരിക്കണൂ” അമ്മൂമ്മയുടെ ശകാരത്തിന്റെ ശബ്ദത്തിൽ ഭയപ്പെട്ട് പറന്നുപോകുന്ന കുരുവിയെയും അനുസരണയോടെ തിരികെവന്ന് അവരുടെ ദേഹത്തുരുമ്മി പിണക്കം തീർക്കുന്ന കറുമ്പനെയും (ഓസ്‌കാർ എന്നാണവന്റെ പേരെന്ന് അന്നാദ്യമായി മനസ്സിലായെങ്കിലും, എനിക്കിപ്പോഴും അവൻ കറുമ്പനാണ്) കണ്ടപ്പോൾ ഞാനറിയാതെ ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു. ‘സൂത്രക്കാരൻ!’
വാസ്തവത്തിൽ അമ്മൂമ്മയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചക്ക് കാരണക്കാരനായതും ഓസ്കാർ എന്ന പേരുകാരൻ കറുന്പൻ പൂച്ച തന്നെയാണ്. എഴുത്തുപെട്ടിയിൽ പതിപ്പിച്ചിരുന്ന ‘no junk mail’ സ്റ്റിക്കർ പറിഞ്ഞുപോയതിനു ശേഷം പെട്ടിയിൽ കമ്പനികളുടെയും ഷോപ്പുകളുടെയും പരസ്യങ്ങളടങ്ങുന്ന മെയിലുകളുടെ പ്രളയമായിരുന്നു. ആയിടക്ക് ആഴ്ചയിലൊരിക്കൽ കളക്ഷന് വയ്ക്കുന്ന റീസൈക്കിൾ ബിന്നിൽ ഭൂരിഭാഗവും ഈ പരസ്യക്കടലാസുകൾ മാത്രമായിരുന്നു. മാസത്തിലൊരിക്കൽ വരുന്ന ബാങ്ക് ട്രാൻസാക്ഷൻ സ്റ്റേറ്റ്മെന്റോ, കറന്റ് ബില്ലോ അല്ലെങ്കിൽ ഹോസ്പിറ്റൽ അപ്പോയിന്റ്‌മെന്റ് സംബന്ധിച്ചുള്ള ഒരു അറിയിപ്പോ മാത്രമേ തനിക്കായി സാധാരണ മെയിലിൽ വരാറുള്ളൂ. ഇവയിലേതെങ്കിലും ഒന്ന് വന്നിട്ടുണ്ടോയെന്ന് നോക്കണമെങ്കിൽ സകല പാഴ് ക്കടലാസുകളും മെയിൽ ബോക്സിൽ നിന്നും പുറത്തെടുക്കേണ്ടി വരും. ഇത്തരമൊരു തിരച്ചിലിനിടയിൽ പൂച്ചകൾക്കുള്ള തീറ്റിയുണ്ടാക്കുന്ന ഒരു കമ്പനിയുടെ പരസ്യക്കടലാസിനൊപ്പം ഒരു സാംപിൾ പാക്കറ്റ് പൂച്ചത്തീറ്റയും കണ്ടുകിട്ടി. അത് കണ്ടപ്പോൾ ഓസ്കാറിനെയാണ് ഓർമവന്നത്, കളയുവാൻ തോന്നിയില്ല. ആ പൂച്ചത്തീറ്റയുമായാണ് ഞാൻ അമ്മൂമ്മയുടെ വീട് ആദ്യമായി സന്ദർശിക്കുന്നത്.
പരിചയപ്പെടലിന്റെ സന്ദർഭത്തിൽ അമ്മൂമ്മയുടെ പേര് കാതറിൻ എന്നാണെന്നും, പക്ഷെ എല്ലാവരും അവരെ ‘കാത്തി’ എന്നാണു വിളിക്കുന്നതെന്നും പറയുമ്പോൾ അവരുടെ സ്വരത്തിൽ വാർദ്ധക്യത്തിന്റെ വിറയൽ പ്രകടമായിരുന്നു. സംസാരിക്കുമ്പോൾ ഇരുവശങ്ങളിലേക്കും വെട്ടികൊണ്ടിരിക്കുന്ന തലയുടെ ചലനവും വാർദ്ധക്യത്തിന്റെ ലക്ഷണമായിത്തന്നെയാണ് എനിക്ക് തോന്നിയത്. അവർക്കു ചുരുങ്ങിയത് എൺപതുവയസ്സെങ്കിലും പ്രായമുണ്ടാകണം എന്നു ഞാൻ മനസ്സിൽ കണക്കുകൂട്ടി. ഞങ്ങളുടെ സംസാരത്തിനിടയിൽ ഓസ്കാർ എന്റെ കാലുകളിൽ ഉയർത്തിപ്പിടിച്ച വാലുകൊണ്ടും മേലുകൊണ്ടും അരുമയോടെ ഉരുമ്മി സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്തു.
എന്റെ കയ്യിൽ നിന്നും നന്ദി പറഞ്ഞുകൊണ്ട് തീറ്റ വാങ്ങുമ്പോൾ കാത്തി പറഞ്ഞു, "ഓസ്കാർ കുറുമ്പനാണ്. അവനു ഷോപ്പിൽ നിന്നും വാങ്ങിക്കുന്ന തീറ്റയേക്കാൾ പിന്നാമ്പുറത്തെ ചെടികളിലൂടെ തത്തിക്കളിക്കുന്ന കുരുവികളുടെ മാംസമാണ് പഥ്യം." ഞാൻ ചിരിച്ചുകൊണ്ട് ഒന്നു മൂളി, എനിക്കതറിയരുതോ എന്ന ഭാവേന. ഈ കൂടിക്കാഴ്ച പക്ഷെ ആറുമാസങ്ങൾക്ക് മുൻപായിരുന്നു.
കഴിഞ്ഞ മാസം ഷോപ്പിംഗ് മോളിൽ തലചുറ്റിവീണപ്പോൾ ചുറ്റുംകൂടിയവരുടെ കൂട്ടത്തിൽ കാത്തിയമ്മൂമ്മയുമുണ്ടായിരുന്നു എന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം അവർ എന്റെ വീട് സന്ദർശിച്ചപ്പോൾ മാത്രമാണ് ഞാനറിഞ്ഞത്. ഒരു സായാഹ്നനേരത്ത് അവർ എന്റെ വീടിന്റെ പടിവാതിൽ കടന്നുവന്ന് കോളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ അതാരായിരിക്കും എന്ന് എനിക്ക് ആകാംക്ഷ തോന്നി. ഏകദേശം പത്തു മാസത്തെ താമസത്തിനിടയിൽ ബന്ധുവായ ജെയിൻ ഡുനെഡിനിൽ നിന്നും ജോലിസംബന്ധമായ ഒരു കോൺഫറൻസിനു വെല്ലിങ്ടണിൽ വന്നപ്പോൾ ഒരു ദിവസം കൂടെത്താമസിച്ചത് മാത്രമാണ് ആകെയുണ്ടായിട്ടുള്ള ഒരു അതിഥിസന്ദർശനം. സുഹൃത്തുക്കളോടൊത്തുള്ള ഔട്ടിങ്ങിനെക്കാൾ എനിക്കേറെയിഷ്ട്ടം പ്രകൃതിയുടെ വിവിധ ഭാവങ്ങളെ ക്യാൻവാസിൽ പകർത്തുന്നതോ, ഇഷ്ട്ടപ്പെട്ട പുസ്തകം വായിക്കുന്നതോ ആയിരുന്നു.
മുൻവാതിൽ തുറന്ന എന്റെ മുൻപിൽ വെള്ളയിൽ വലിയ ചുവന്ന പുള്ളിക്കുത്തുകളുള്ള, ക്ളിങ് റാപ്പ് കൊണ്ട് മൂടിപ്പൊതിഞ്ഞ വലിയൊരു കോപ്പയുമായി ചിരിച്ചുകൊണ്ട് കാത്തിയമ്മൂമ്മ നിന്നു. ഞാനവരെ അകത്തേക്ക് ക്ഷണിക്കും മുൻപേ വിറയലുള്ള ശബ്ദത്തിൽ തല ഇരുവശങ്ങളിലേക്കും ചലിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു, കുറച്ചു സൂപ്പാണ്, ചിക്കൻ ബോണും, സെലറിയും, കുരുമുളകും ചേർത്തുണ്ടാക്കിയത്. ക്ഷീണം കുറക്കും.” നന്ദിയോടെ കോപ്പ വാങ്ങി ഞാനവരെ അകത്തേക്ക് ക്ഷണിച്ചു. സോഫയിൽ ഇരിക്കുമ്പോൾ കാത്തിയമ്മൂമ്മ പറഞ്ഞു, ഷോപ്പിംഗ് മോളിൽ തലചുറ്റിവീഴുമ്പോൾ ഞാനുമവിടെയുണ്ടായിരുന്നു. പേര് മറന്നുപോയതുകൊണ്ട് ഹോസ്പിറ്റലിൽ പിന്നീട് വിളിച്ചെങ്കിലും വിവരങ്ങളറിയാൻ പറ്റിയില്ല.
ചുളിവുകൾ വീണ നിഷ്കളങ്കമായ മുഖത്തുനോക്കി ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
“ജെയ്‌സൺ”.
“ആ അതെ ജെയ്‌സൺ. പക്ഷെ എത്ര ശ്രമിച്ചിട്ടും അപ്പോൾ ആ പേര് ഓർമ്മയിൽ കിട്ടിയില്ല. വയസ്സ് എൺപത്തിരണ്ടു കഴിഞ്ഞേ.” ആദ്യത്തെ കൂടിക്കാഴ്ചയിലെ എന്റെ ഊഹം തെറ്റിയില്ലല്ലോ എന്നു ഞാൻ ചിന്തിച്ചു.
“ഇപ്പോൾ എങ്ങനെയുണ്ട്? മരുന്നുണ്ടോ? എന്താണ് അന്നു സംഭവിച്ചത്?”
“ചെറിയൊരു നെഞ്ചുവേദന. മരുന്നുണ്ട്. കൂടെ എക്സർസൈസ് ചെയ്യുകയോ നടക്കുകയോ ചെയ്യണമെന്ന് കർശനമായി നിർദേശിച്ചിട്ടുമുണ്ട്. ആഹാരത്തിലും നിയന്ത്രണങ്ങളുണ്ട്.”
കാത്തിയമ്മൂമ്മ എന്നെ ആകമാനം ഒന്നുനോക്കി. പിന്നെ പറഞ്ഞു. “വേണം. അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാണ്.”
അവരുടെ മറയില്ലാത്ത തുറന്ന സംസാരം എനിക്കിഷ്ടമായി. ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി തലയാട്ടുക മാത്രം ചെയ്തു. എന്തോ അവരോടെനിക്ക് ആ നിമിഷം ഒരു പ്രത്യേക ഇഷ്ട്ടം തോന്നി.
പിന്നീട്, കാത്തി കുടുംബസമേതം മെൽബോണിൽ താമസിക്കുന്ന തന്റെ ഏകമകനെക്കുറിച്ചും വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഭർത്താവിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. പോകുന്നതിനു മുൻപ് അവർ ഒരു തുണ്ടുകടലാസിൽ കുറിച്ച ഫോൺനമ്പർ എനിക്ക് നൽകി. എന്റെ ഫോൺനമ്പറും കുറിച്ച് നൽകാനാവശ്യപ്പെട്ടു. തിരികെ പോകുമ്പോൾ വിറയലുള്ളതെങ്കിലും ചടുലമായ അവരുടെ നടത്തം റോഡുകുറുകെ കടക്കുന്നതുവരെ ഞാൻ കൗതുകത്തോടെ വെറുതെ നോക്കിനിന്നു.
ദിവസങ്ങൾ കൊഴിഞ്ഞുപോകുന്പോൾ പുഴയരികത്തെ സൈക്കിൾ ട്രയലിലൂടെയുള്ള നടത്തം ഞാൻ ശരിക്കും ആസ്വദിച്ചുതുടങ്ങിയിരുന്നു. കുറച്ചുദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആകെയൊരു ഉന്മേഷവും ഊർജവും അനുഭവപ്പെടുന്നതായി എനിക്ക് തോന്നിത്തുടങ്ങി. മധുരവും ചോക്ലേറ്റും പൂർണമായിത്തന്നെ ഒഴിവാക്കി കഴിഞ്ഞിരുന്നു. കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും മിതപ്പെടുത്തി. പകരം ആവികയറ്റിയ പച്ചക്കറികൾ കഴിച്ചു, കൂടെ പഴവർഗ്ഗങ്ങളും. ചിട്ടയോടു കൂടിയ ഭക്ഷണവും പതിവായ നടത്തവും പ്രയോജനം ചെയ്തുതുടങ്ങിയിരിക്കുന്നുവെന്ന് എന്റെ ശരീരത്തിൽ അനുഭവപ്പെട്ട മാറ്റങ്ങളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു. അത് കൂടുതൽ ഉത്സാഹം പകർന്നുനൽകി.
ഈ കാലയളവിൽ കാത്തി അമ്മൂമ്മയുടെ നീല കാർ ഇടയ്ക്കിടെ ഗേറ്റുകടന്നു പോകുന്നതും അല്പസമയത്തിനുശേഷം തിരികെവരുന്നതും ഞാൻ പല സന്ദർഭങ്ങളിലായി കണ്ടുകൊണ്ടിരുന്നു. എൺപത്തിരണ്ടാമത്തെ വയസ്സിലും അവരുടെ നടത്തത്തിന്റെ ചടുലത എന്നെ ഏറെ ആകർഷിച്ചു. ഇതിനിടയിൽ ഒന്നുരണ്ടുവട്ടം സുഖവിവരങ്ങൾ ചോദിച്ചുകൊണ്ട് അവർ സെൽഫോണിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.
പക്ഷെ കഴിഞ്ഞ രണ്ടാഴ്ചകളായി ഞാൻ അമ്മൂമ്മയെ അധികം പുറത്തേക്കു കണ്ടതേയില്ല. ഒലിവുചെടിയുടെ ചുവട്ടിലും ബോഗൺവില്ലയുടെ അരികിലും മരവേലിയുടെ മുകളിലും ഞാൻ ഓസ്കറിനെ ഇടക്കിടെ കാണാറുണ്ട്. അതുകൊണ്ട് അവർ മറ്റെങ്ങും പോയിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു. മാത്രമല്ല, രാത്രികാലങ്ങളിൽ ഞാനവരുടെ ഉൾമുറികളിൽ നിന്നും വെളിച്ചം കാണാറുമുണ്ടായിരുന്നു. പക്ഷെ എന്തോ പതിവിനു വിപരീതമായ ഒരു വ്യത്യാസം ഉള്ളിൽ വെറുതെ തോന്നി. ഒരുപക്ഷെ അവർ പുറത്തിറങ്ങുന്ന സമയങ്ങളിൽ ഞാൻ കാണാത്തതു കൊണ്ടാകാം എന്ന് സ്വയം ഉത്തരവും ഞാനതിന് കണ്ടെത്തി. അവരുടെ ഫോൺ നമ്പർ കുറിച്ചുതന്ന പേപ്പറും എവിടെയാണ് വെച്ചതെന്നറിയാതെ നഷ്ടപ്പെട്ടതു കൊണ്ട് അവരെ വിളിക്കുവാനും കഴിഞ്ഞില്ല. എന്തായാലും അമ്മൂമ്മയെ സന്ദർശിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഒരു ചെറിയ ബോക്സ് ചോക്ലേറ്റും വാങ്ങി അടുത്ത ദിവസം നടക്കാനിറങ്ങിയ വഴി അവരുടെ പടിവാതിൽ ഞാൻ വീണ്ടും കടന്നു. ഡോർബെല്ലിൽ വിരലമർത്തി കാത്തുനിൽക്കുന്പോൾ മേൽപ്പാളി അല്പം മാത്രം തുറന്നിട്ടിരിക്കുന്ന ജാലകത്തിലൂടെ അരിച്ചുവരുന്ന ഫിൽറ്റർ കാപ്പിയുടെ ഉന്മേഷമുളവാക്കുന്ന മണം മൂക്കിൽ പതിഞ്ഞു. വാതിൽ തുറന്ന അമ്മൂമ്മയോട് ഞാൻ കുശലം ചോദിച്ചു. അവരുടെ മുഖത്തെ ക്ഷീണവും മ്ലാനതയും ഞാൻ ആദ്യമേ ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു. കൈയിലിരിക്കുന്ന ബോക്സ് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു, “കുറച്ച് ചോക്ലേറ്റാണ്. നടക്കാനിറങ്ങിയപ്പോൾ തന്നിട്ട് പോകാമെന്ന് കരുതി.” വിറക്കുന്ന കരങ്ങളോടെ അവർ ചോക്ലേറ്റ് വാങ്ങി. ഇടർച്ച വീണ അവരുടെ നന്ദിവാക്കുകൾക്ക് വർധക്യം നൽകിയതിനേക്കാൾ പതർച്ചയേറെ ഉണ്ടായിരുന്നു. ഒരു തേങ്ങലിന്റെ ധ്വനി പോലെയാണ് ആ വാക്കുകൾ എന്റെ കാതുകളിൽ പതിഞ്ഞത്. മിഴികളിൽ നിന്നും കവിളിലേക്ക് കിനിഞ്ഞിറങ്ങാൻ തുടങ്ങിയ നീർമുത്തുകളെ വലംകൈയുടെ ചൂണ്ടുവിരൽ കൊണ്ട് തുടച്ചുനീക്കി അവർ ആലിംഗനത്തിനായി എന്റെ നേരെ കരങ്ങൾ വിടർത്തിനീട്ടി. അമ്മൂമ്മയുടെ ദുർബലമായ ആ കരവലയത്തിൽ ഒതുങ്ങിനിന്നുകൊണ്ട് ഞാനവരെ എന്നോട് കൂടുതൽ ചേർത്തുപിടിച്ച് പുറത്ത് മൃദുവായി തട്ടിക്കൊണ്ടിരുന്നു. ഓസ്‌കാറിന്റെ പതുപതുത്ത രോമങ്ങൾ എന്റെ കാലുകളിൽ ചൂടു പകരുന്പോൾ ഞാൻ മന്ത്രിക്കുന്ന സ്വരത്തിൽ അവരോടു ചോദിച്ചു, “എന്താണ്? എന്തെങ്കിലും കുഴപ്പം?”
അവർ എന്നിൽനിന്നും സ്വയം അടർന്നുമാറി ആദ്യം ഞാൻ നൽകിയ ചോക്ലേറ്റിലേക്കു നോക്കി, പിന്നെ എന്നെയും. നെടുവീർപ്പോടെയുള്ള ഒരു ദീർഘനിശ്വാസം അവരുടെയുള്ളിൽ നിന്നും പുറത്തുചാടി. “ഇന്നെന്റെ പിറന്നാളാണ്. എന്റെ മകൻ പീറ്റർ മാത്രമാണ് എല്ലാ ജന്മദിനത്തിലും എനിക്ക് ചോക്ലേറ്റ് സമ്മാനമായി നല്കാറ്. എനിക്കേറ്റവുമിഷ്ടപ്പെട്ട ‘റോസ്’ ചോക്ലേറ്റ്. എത്ര തിരക്കുണ്ടെങ്കിലും ഈ ദിവസം മെൽബണിൽ നിന്നും അവനിവിടെയെത്തും. ഇത്തവണ പക്ഷെ...” ഒരു തേങ്ങൽ അമ്മൂമ്മയുടെ തൊണ്ടയിൽ കുരുങ്ങി. “അവൻ വന്നില്ല, ഇനിയൊരിക്കലും വരികയുമില്ല.” ഇടറുന്ന വാക്കുകളുടെ ഒഴുക്ക് നിലച്ചു. അറിവില്ലാത്ത കുട്ടിയെപ്പോലെ ഞാൻ ചോദിച്ചു, “എന്തുപറ്റി? എന്താണ് വരാഞ്ഞത്?”
“ഹൃദയസ്തംഭനം… അവൻ മരിച്ചു. രണ്ടാഴ്ചകൾക്ക് മുൻപ്”
ഓസ്‌കാർ എന്റെ കാൽച്ചുവട്ടിൽ നിന്നും അമ്മൂമ്മയുടെ കാൽച്ചുവട്ടിലേക്കു മാറിയിരുന്നു. അവനറിഞ്ഞുവോ അവരുടെ ഹൃദയത്തിന്റെ വേപഥു? ഒരു നിമിഷം എനിക്കു തോന്നി, ഞാനൊരു ഊമയാണെന്ന്. കണ്ണുകളിലെ പെട്ടെന്നുള്ള പ്രളയത്തെ അവഗണിച്ചുകൊണ്ട് ഞാൻ അമ്മൂമ്മയെ എന്റെ കരവലയത്തിലേക്ക് ഒരിക്കൽക്കൂടി ചേർത്തണച്ചു. ഏറെനേരം ഒരു പൂച്ചക്കുട്ടിയെപ്പോലെ അവരെന്റെ കരവലയത്തിൽ ഒതുങ്ങിനിന്നു. തേങ്ങലുകൾ ഹൃദയത്തിന്റെ അറിയാത്ത അറകളിൽ എവിടെയോ മറച്ചുപിടിച്ചുകൊണ്ട്. സാവകാശം ഞാൻ അമ്മൂമ്മയുടെ കാതുകളിൽ മന്ത്രിച്ചു, “കരയരുത്, പ്രത്യേകിച്ചും ഇന്നത്തെ ദിവസം. ഹാപ്പി ബർത്ത് ഡേ!”
അവരുടെ ഹൃദയത്തിന്റെ വിങ്ങുന്ന തുടിപ്പുകൾ ഞാൻ എന്നിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു, അവ എന്റേതുകൂടിയാണെന്നു തോന്നി എനിക്കപ്പോൾ!

Sunil

അച്ഛേടെ മുത്ത്

അച്ഛേടെ മുത്ത്
ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിലെ ഐസൊലേഷൻ റൂമിലെ ജാലകത്തിനോട് ചേർത്തിട്ടിരിക്കുന്ന ബെഡിൽ, ഉയർത്തിവച്ചിരിക്കുന്ന തലയിണകളിൽ ചാരി കിടന്നുകൊണ്ട് അയാൾ പുറത്തേക്കു നോക്കി. രാത്രി മുഴുവനും തോരാതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. പക്ഷെ ആകാശം ഇപ്പോഴും ഭാഗീകമായി മൂടിക്കെട്ടിയ അവസ്ഥയിൽ തന്നെയാണ്. സമുദ്രത്തിന്റെ തെക്കു കിഴക്കു വശത്തെ ഉയർന്ന കുന്നിൻ നിരകളുടെ മടക്കുകളിൽ കാർമേഘങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്നു. ചെമ്മൺ പാതകളെ ഓർമിപ്പിച്ചു കുന്നുകളുടെ നിറുകയിലേക്കു കയറി പോകുന്ന ഫയർ ബ്രേക്കുകളും എതിർവശത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉയർന്നു നിൽക്കുന്ന പുകക്കുഴലിൽ ഇരുന്നു കരയുന്ന കടൽക്കാക്കയും അയാളിൽ പുതുമയുള്ള കൗതുകത്തെ ഉണർത്തി.
മറ്റൊരു സന്ദർഭത്തിലായിരുന്നെങ്കിൽ ഇത്തരം കാഴ്ച്ചകൾ അയാളെ ഒട്ടും ആകർഷിക്കുമായിരുന്നില്ല. ആശുപത്രി മുറിക്കുള്ളിലെ മടുപ്പിക്കുന്ന നിമിഷങ്ങളിൽ മറ്റൊന്നും ചെയ്യുവാനില്ലാത്തതുകൊണ്ടാവണം മുന്നിൽ കണ്ട കാഴ്ചകളെ അയാൾ കൗതുകപൂർവ്വം വീക്ഷിച്ചത്. ചിന്തകളിൽ അലയുന്ന ശീലം ഇല്ലാതിരുന്നിട്ടു കൂടി വ്യത്യസ്തമായ കാഴ്ചകളും അവയുടെ ചലനാത്മകതയുംആ നിമിഷങ്ങളിൽ ഒരു ദാർശനികനെ പോലെ ചിന്തിക്കുവാൻ അയാളെ പ്രേരിപ്പിച്ചു. കാഴ്ചകളിൽ നിന്ന് കാഴ്ചകളിലേക്ക് തെന്നി നീങ്ങുന്ന ദൃഷ്ടികളെയും, അതിനെ പിന്തുടരുന്ന മനസ്സിനെയും മകളുടെ ശബ്ദം മടക്കി വിളിക്കുന്നത് വരെയും അയാൾ അങ്ങനെ അലയുവാൻ വിട്ടു.
'നിച്ചു വീട്ടിൽ പോണം അച്ഛാ’. കണ്ടുകൊണ്ടിരുന്ന കാർട്ടൂണിൽ നിന്നും നോട്ടം അയാളിലേക്ക് മാറ്റി മകൾ പറഞ്ഞു.
തോളറ്റം വരെ വളർന്ന ഇടതൂർന്ന തലമുടി ചീകാതെ ജഡ പിടിച്ചു കോലം കെട്ടിരിക്കുന്നു. വലിയ മിഴികളിലെ തിളക്കവും പാടെ നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയത്തിൽ പിടയുന്ന വേദനയോടെ അയാൾ മകളെ നോക്കി. ഒറ്റ രാത്രികൊണ്ട് മകൾ ഒരുപാട് മാറിപ്പോയത് പോലെ അയാൾക്ക് തോന്നി.
‘പോകാം, ഡോക്ടർ വരട്ടെ’.
അയാൾ വാത്സല്യത്തോടെ പറഞ്ഞു.
തലേന്ന് അർദ്ധരാത്രിക്ക് ശേഷം കടുത്ത പനിയും ശ്വാസതടസ്സവുമായിട്ടാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പകർച്ചപ്പനി ആയതുകൊണ്ടാവാം ഐസൊലേഷനിലാണ് കുട്ടിയെ കിടത്തിയത്. മെഡിക്കൽ ഉപകരണങ്ങളുടെ വിചിത്ര രൂപങ്ങളും ഐസൊലേഷൻ മുറിയുടെ മൂകമായ അന്തരീക്ഷവും കുഞ്ഞുമനസിന്റെ പൊരുത്തപ്പെടുവാനുള്ള പരിധിക്കും അപ്പുറമായിരുന്നു. ശീലമില്ലാത്ത ചുറ്റുപാടുകൾ കുട്ടിയെ ആകപ്പാടെ അസ്വസ്ഥയാക്കിയിരിക്കുന്നു. ഇഷ്ട്ടമുള്ള കാർട്ടൂണുകൾ പോലും അവളെ രസിപ്പിക്കുന്നില്ല.
‘ഡോട്ടറെന്തേ വരാത്തെ അച്ഛാ? നിക്കിവിടെ ഇഷ്ട്ടൂല്ല. നിക്ക് അമ്മേടേം അച്യുന്റേം അടുത്ത് പോണം’. മകൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
അയാൾ കിടക്കയിൽ നിന്നെഴുന്നേറ്റ് മകളുടെ ബെഡിനരികിലേക്കു നീങ്ങി അവളുടെ അടുക്കലിരിന്നു. പിന്നെ വാത്സല്യവും അലിവും നിറഞ്ഞ ഭാവത്തോടെ പറഞ്ഞു ‘പോകാലോ മുത്തേ. പക്ഷെ അസുഖം മാറണ്ടേ?’
‘പച്ചേ വാവു മാരീലോ അച്ഛാ’
‘ആര് പറഞ്ഞു മാറീന്ന്‌?’
‘ദേ തൊട്ടു നോക്കിക്കേ, പ്പൊ പനീല്ലാലോ’. കുട്ടി നെഞ്ചിൽ കൈവച്ചു നിഷ്കളങ്കതയോടെ പറഞ്ഞു.
‘ആണോ അച്ഛനൊന്നു തൊട്ടുനോക്കട്ടെ. അയാൾ മകളുടെ നെറ്റിയിലും പിന്നെ നെഞ്ചിലും കൈവച്ചു.
‘ഉണ്ടല്ലോ രുക്കൂ, ഇപ്പോഴും കുറച്ചു പനിയുണ്ടല്ലോ’.
‘ഉവ്വോ!’
മകളുടെ മുഖം മ്ലാനമായതു ശ്രദ്ധിച്ച അയാൾ കൈവിരലുകളുടെ ആംഗ്യത്തോടെ പറഞ്ഞു, ‘ഇച്ചിരി, ഒരു ഉറുമ്പിന്റെയത്ര’.
ഹോസ്പിറ്റൽ കിച്ചണിൽ നിന്നും കൊണ്ടുവന്ന പ്ലാസ്റ്റിക് ട്രേയിലെ ആഹാരം തൊടാതെ, കൊണ്ടുവന്ന പരുവത്തിൽ സൈഡ് ടേബിളിൽത്തന്നെയിരിക്കുന്നത് അയാൾ ബെഡിൽ മകളുടെ അടുത്തേക്ക് എടുത്തുവച്ചു. ടോസ്റ്റഡ് സാൻഡ് വിച്ചും, സിറപ്പിലിട്ട ആപ്രിക്കോട്ടും, സ്ട്രോബെറി ഫ്ളേവേർഡ് യോഗർട്ടും ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു, ‘നോക്കൂ രുക്കൂ, രാവിലെ കൊണ്ടുവന്ന പാൽ തൊട്ടതേയില്ല. ബ്രെഡിൽ പുരട്ടാൻ തന്ന ബട്ടർ അതുപോലെ തന്നെ അപ്പുറത്തിരിക്കുന്നു. ദാ ഇപ്പൊ ഈ കൊണ്ട് വന്നു വച്ചിരിക്കണതും. ഒന്നും കഴിക്കാഞ്ഞാൽ അസുഖം മാറില്ല. അസുഖം മാറാഞ്ഞാൽ വീട്ടിൽപോകാനും പറ്റില്ല’.
സംസാരത്തിൽ കുറച്ചു നാടകീയതയും കൃത്രിമമായ പരിഭവവും കൂട്ടിച്ചേർത്തുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്.
‘നിച്ചു വിസക്കണില്ലച്ഛാ’
‘അത് പറ്റില്ല, ഇനിയും കഴിക്കാഞ്ഞാൽ അച്ഛൻ പിണങ്ങും’. അയാൾ പറഞ്ഞു
‘പിണങ്ങല്ലേ അച്ഛാ, രുക്കൂ പാവല്ലേ’. മകൾ സങ്കടപെട്ടു.
‘ശരി, പിണങ്ങേണ്ടെങ്കിൽ ഇതെല്ലാം കഴിക്കണം. ഇത് മുഴുവനും കഴിച്ചാൽ ഈ കുഞ്ഞു പനി പമ്പകടക്കും. പിന്നെ നമുക്ക് വീട്ടിൽ പോകാം’. അയാൾ ഒരു കെണിവച്ച് കുഞ്ഞിക്കവിളിൽ മൃദുവായി ഒരു മുത്തം കൊടുത്തു.
മുൻപിൽ തുറന്നു വച്ചിരിക്കുന്ന ട്രേയിലെ ആഹാര പദാർത്ഥങ്ങൾ കുട്ടി ഒന്ന് എത്തിനോക്കി.
‘സിറപ്പിലിട്ട ഫ്രൂട്സ് എനിക്കിസ്റ്റൂല്ലച്ഛാ’. മകൾ തലവെട്ടിച്ചു കൊണ്ട് ആദ്യമേ മൊഴിഞ്ഞു.
‘എന്നാൽ സാൻഡ് വിച് തിന്നാം. പിന്നെ ഇത്തിരി യോഗാർട്ടും?’ അയാൾ നിർദേശിച്ചു.
‘ഉം…’ മകൾ മനസ്സില്ലാമനസ്സോടെ മൂളി .
സാന്റ് വിച്ചിനെ നോവിക്കാതെ, അരികിൽ നിന്നും അൽപാൽപ്പമായി കടിച്ചെടുത്തു ചവച്ചിറക്കുന്ന മകളെ അയാൾ അരികിലിരുന്ന് വെറുതെ നോക്കികൊണ്ടിരുന്നു . ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാതെയുള്ള വെറും ഒരു ചടങ്ങായിട്ടാണ്, ആ പ്രക്രിയ അയാൾക്ക് തോന്നിയത്. ഭക്ഷണത്തോടുള്ളമകളുടെ വിരക്തി അയാൾക്കും ഭാര്യക്കും കുറച്ചു നാളുകളായി വലിയ വിഷമത്തിന് തന്നെ ഹേതുവായിരിക്കുന്നു എന്ന കാര്യം സാന്ദർഭീകമായി അയാൾ ഓർത്തുപോയി.
കുട്ടികൾ രണ്ടാണ് അയാൾക്ക്. ആദ്യത്തെ കുട്ടിയാണ് രുക്കു എന്നുവിളിക്കുന്ന അഞ്ചു വയസ്സുള്ള മകൾ രുക്മിണി. ഇളയകുഞ്ഞിന് ആറു മാസം മാത്രമേ പ്രായമായിട്ടുള്ളൂ. കൂനിന്മേൽ കുരു എന്ന പോലെ ആ കുഞ്ഞിനാണെങ്കിൽ ചിക്കൻ പോക്സും പിടിപ്പെട്ടിരിക്കണൂ. കുഞ്ഞിന്റെ കാര്യങ്ങളുമായി വീട്ടിൽത്തന്നെ തളച്ചിട്ട അവസ്ഥയിലാണ് ഭാര്യ. അമ്മയെ കാണാൻ കഴിയാത്തതാണ് മകളുടെ അസ്വസ്ഥതയുടെ പ്രധാന കാരണമെന്ന് അയാൾക്ക് നന്നായറിയാം.
അഞ്ചു വർഷങ്ങൾക്ക് മുൻപുള്ള മകൾ ജനിച്ച ആ ദിവസം അയാളുടെ ഓർമയിൽ ഒരിക്കൽ കൂടി ഓടിയെത്തി. ഓപ്പറേഷൻ തീയേറ്ററിൽ
അമ്മയുടെ ഉദരത്തിൽ നിന്നും മകളെ പുറത്തെടുത്തു കാണിച്ച ധന്യനിമിഷത്തിന്റെ ഓർമയിൽ നിർവൃതിയുടെ ഒരു കുളിർക്കാറ്റ് അയാളെ തഴുകി കടന്നുപോയി. പച്ചമാംസത്തെ കീറിമുറിക്കുന്ന ഭീകരമായ ഒരു രംഗം നേരിട്ട് കണ്ട നടുക്കത്തിൽ നിന്നും ള്ളേ... എന്ന നിലവിളി അപ്പോൾ അയാൾക്ക് പെട്ടെന്നൊരു വിടുതൽ നൽകിയിരുന്നു. താനെന്ന വൃക്ഷത്തിൽ നിന്നും മുളപൊട്ടിയ പുതിയ ശാഖയുടെ മുഖത്തേക്ക് അയാൾ അതീവ വാത്സല്യത്തോടെ നോക്കി.
നനഞ്ഞ ഒരു പക്ഷിക്കുഞ്ഞ്! അയാൾ ഓർമിച്ചെടുത്തു.
ള്ളേ… തൊള്ള കീറിയുള്ള കരച്ചിലിനിടയിൽ പക്ഷിക്കുഞ്ഞിന്റെ മുഖം തിയേറ്ററിലെ നേഴ്‌സ് അടുത്ത് കാണിച്ചു. ഇടതൂർന്ന കറുത്ത മുടിയും വലിയ കണ്ണുകളും. ആദ്യ നോട്ടത്തിൽ തന്നെ അവൾക്കു ഭാര്യയുടെ മുഖച്ഛായയാണെന്നു തിരിച്ചറിഞ്ഞു. പക്ഷെ ഒറ്റക്കവിളിലെ നുണക്കുഴി? അയാൾഅഭിമാനത്തോടെ, ശ്മശ്രുക്കൾ വളർന്നുതുടങ്ങിയ തന്റെ കവിളിൽ ഒന്നുകൂടി തടവി നോക്കി.
‘രണ്ട് നാന്നൂറ്’ നേഴ്സ് തൂക്കം പറയുമ്പോൾ, അച്ഛനെന്ന പദവിയിലേക്ക് ഉദ്ധരിക്കപ്പെട്ട തന്റെ പുതിയ പദവിയുടെ സുഖസ്മൃതിയിലായിരുന്നു അയാൾ.
ഭാര്യയുടെ പിളർന്ന വയർ തുന്നിക്കൂട്ടുന്ന കാഴ്ചയിൽ നിന്നും കണ്ണുകൾ പിൻവലിച്ചു കഴിഞ്ഞിരുന്നു അയാൾ. അത്തരം കാഴ്ചകൾ അയാളെപ്പോലെ ഒരാൾക്ക് താങ്ങുവാൻ കഴിയുമായിരുന്നില്ല. മയങ്ങിക്കിടക്കുന്ന ഭാര്യയുടെ വിളറിയ മുഖത്തേക്ക് നോക്കി അയാൾ പ്രേമപൂർവം മനസ്സിൽപിറുപിറുത്തു. ‘നന്ദി... ഈ പുരുഷായുസ്സിനെ ധന്യമാക്കിയതിൽ’. പ്രിയതമയുടെ ഇടതു കൺകോണിലൂടെ പൊടിഞ്ഞിറങ്ങിയ നീർക്കണം ചൂണ്ടു വിരൽ കൊണ്ട് തുടച്ചു മാറ്റി, നെറ്റിയിൽ സ്നേഹത്തോടെ ചുംബിക്കുമ്പോൾ, മാതൃത്വം എന്ന വാക്കിന്റെ ആഴമേറിയ അർത്ഥം, ഒഴുകുവാൻ വെമ്പിനിന്ന ആ നീർക്കണം വിസ്തരിച്ചു വിവരിക്കുന്നതായി അയാൾക്ക് തോന്നി.
കൺമുൻപിൽ കണ്ട ത്യാഗത്തിന്റെ വലിപ്പം തന്റെ ഇഷ്ടത്തെ ഒന്നുകൂടി പുഷ്ടിപ്പെടുത്തിയിട്ടെന്ന പോലെ പ്രേമപൂർവം ഭാര്യയുടെ
തലമുടിച്ചുരുളുകൾക്കുള്ളിലൂടെ അയാൾ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.
പാതി തിന്ന സാന്റ് വിച്ചിലേക്കു നോക്കി മകൾ പറഞ്ഞു, ‘നിച്ചു മതിയച്ചാ, വയറു വേദനിക്കണൂ’.
‘അത് നുണ, രുക്കു ഒട്ടും തിന്നേയില്ലലോ, വയറു വേദനിക്കാൻ’.
‘വയറ് നറഞ്ഞു അച്ഛാ, നിക്കിനി തിന്നാൻ പറ്റൂല്ല’.
‘എന്നാൽ ഈ യോഗാർട്ട് കൂടി കഴിച്ചു നിർത്താം’.
‘ഉം…’ വൈമനസ്സ്യത്തോടു കൂടിയുള്ള മൂളൽ. രണ്ടു സ്പൂൺ പോലും കഴിക്കുന്നതിനു മുൻപേ മകൾ പറഞ്ഞു, നിച്ച് ഈ യോഗാർട്ടിഷ്ടൂല്ല’.
‘പിന്നെയെന്താണ് രുക്കൂണിഷ്ടം? അച്ഛൻ കൂട്ടില്ല’. അയാൾ വീണ്ടും പിണക്കം ഭാവിച്ചു.
‘നിച്ചു ചോക്കലേറ്റ് ഫ്ലായ്‌വേര് ഇഷ്ടാ’.
‘അതച്ഛൻ പിന്നെ വാങ്ങി തരാം. ഇപ്പൊ ഇത് കഴിക്കാം’.
അയാളുടെ പ്രലോഭനങ്ങളിലും പരിഭവങ്ങളിലും മയപ്പെട്ടു മകൾ കുറച്ചുകൂടി കഴിച്ചു.
പാതി തിന്ന സാന്റ് വിച്ചും പൂർത്തിയാക്കാത്ത യോഗാർട്ടും ട്രേയിലേക്കു തിരികെവച്ച് നിവരുമ്പോൾ വാതിലിൽ മുട്ടിവിളിച്ച് നേഴ്സ് അകത്തേക്ക് വന്നു. പരിശോധനകൾക്കു ശേഷം അവർ പറഞ്ഞു. ‘ഹാർട്ട് ബീറ്റും ഓക്സിജൻ ലെവലും വളരെ പുരോഗമിച്ചു കഴിഞ്ഞു. ഇൻഹേലറിന്റെ ഉപയോഗം രണ്ടുമണിക്കൂറിൽ നിന്നും മൂന്നുമണിക്കൂറിലേക്കു സ്ട്രെച് ചെയ്യാം. ഡോക്ടർ ഉച്ച കഴിഞ്ഞേ വരികയുള്ളൂ…’
പുറത്തു മഴ പിന്നെയും തുടങ്ങി. കുന്നിൻ മുകളിലെ നിഴൽക്കൂത്ത് അവസാനിച്ചു കഴിഞ്ഞു. ഉച്ചക്ക് ശേഷം ഡോക്ടർ വന്നു. ശ്വാസകോശത്തിന്റെ ചുരുക്കത്തിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് അവർ പറഞ്ഞു. പക്ഷെ, കുട്ടിയുടെ തൂക്കത്തിന്റെ കാര്യത്തിൽ അവർക്കുള്ള സന്ദേഹം പറയുകയും രക്തപരിശോധന വേണമെന്ന് കൂടെയുള്ള നഴ്സിനോട് നിർദ്ദേശിക്കുകയും ചെയ്തു. കുട്ടിയുടെ ഭക്ഷണക്രമത്തിൽ കൃത്യമായ പ്ലാൻ തയ്യാറാക്കുന്നതിന് ഡയറ്റീഷ്യനെയും അവർ തന്നെ റഫർ ചെയ്തു.
ഡോക്ടർ പോയിക്കഴിഞ്ഞപ്പോൾ മകൾ പിന്നെയും ചോദിച്ചു.
‘എപ്പഴാ വീട്ടിൽ പോകുന്നെ അച്ഛാ?’
‘നാളെ രാവിലെ. അപ്പോഴേക്കും രുക്കൂന്റെ അസുഖം മാറും’.
‘നിച് അമ്മേനെ കാണണം’. മകൾ വാശിപിടിച്ചു ചിണുങ്ങാൻ തുടങ്ങി...
‘അച്ചൂന് ചിക്കൻപോക്സല്ലേ റുക്കൂ... അതല്ലേ അമ്മ വരാത്തത്. നാളെ രാവിലെ രുക്കൂന് പോകാന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. രാവിലെ തന്നെ പോകാട്ടോ…’ അയാൾ കുട്ടിയെ ആശ്വസിപ്പിച്ചു.
‘നിച്ച് ഇവിടെ ഇഷ്ട്ടല്ലച്ചാ..’ അയാളുടെ മനം അലിഞ്ഞു.
എങ്കിലും ഒരു ഉപായം കണ്ടെത്തേണ്ടതുണ്ട്.
‘അച്ഛ മൗഗ്ളിയുടെ കാർട്ടൂൺ വച്ചുതരട്ടെ, മുത്തിന്?’
‘നിച്ച് ഇഷ്ട്ടൂല്ല ആ കാർട്ടൂൺ. നിച്ച് ശിർക്കാനേ പേടിയാ…’
‘എന്നാൽ അച്ഛ ഒരു കഥപറയാം… സ്വർണത്തലമുടിയുള്ള സുന്ദരിയായ ഒരു രാജകുമാരിയുടെ’.
മകളുടെ മുഖം പെട്ടെന്ന് പ്രസന്നമായത് അയാൾ കണ്ടു. ഒപ്പം സ്വന്തം മുടിയിഴകൾ കൈയിൽ എടുത്തുനോക്കികൊണ്ടുള്ള ചോദ്യം ഉള്ളിൽ ഒരു അങ്കലാപ്പും സൃഷ്ട്ടിച്ചു.
‘ന്റെ മുടി എന്താ അച്ഛേ കറുപ്പ് ? നിച്ച് സ്വർണ്ണത്തലമുടിയാ ഇഷ്ട്ടം’. പ്രസരിപ്പോടെയാണെങ്കിലും ഇച്ഛാഭംഗത്തിന്റെ സ്വരം തിരിച്ചറിയുവാൻ കഴിഞ്ഞു. ഒന്ന് കുഴങ്ങിയെങ്കിലും അഭ്യാസിയുടെ തഴക്കത്തോടെ ആ വൈതരണിയെ അയാൾ വിദഗ്ധമായി തരണം ചെയ്ത് കഥയിലേക്കു കടന്നു.
‘പണ്ടു പണ്ട്… ഒരിടത്തൊരു…’ അയാൾ കഥ തുടങ്ങി. മകൾ ഉറക്കത്തിലേക്കു വഴുതി വീഴുന്നത് വരെയും കഥപറച്ചിൽ തുടർന്ന് കൊണ്ടിരുന്നു.
പിറ്റേദിവസം രാവിലത്തെ പരിശോധനകൾക്കു ശേഷം ഡോക്ടർ ഡിസ്ചാർജ് എഴുതി. ഇൻഹേലറിന്റെ ഉപയോഗം നാല് മണിക്കൂറിൽ നിന്നും മൂന്നു മണിക്കൂർ ആക്കി ചുരുക്കി, അടുത്ത നാല് ദിവസം കൂടി അതിന്റെ ഉപയോഗം തുടരേണ്ടതുണ്ട്. ഡയറ്റീഷ്യൻ ഓരോ നേരത്തും കഴിക്കേണ്ട ആഹാരത്തിന്റെ ഒരു പട്ടിക നേരത്തെ തയ്യാറാക്കി നൽകിയിരുന്നു. കൂടാതെ രാത്രിയിലെ ഭക്ഷണത്തിനു ശേഷം ഒരു ന്യൂട്രീഷൻ ഡ്രിങ്ക് കൂടി അവർ റഫർ ചെയ്തു.
അൽപ സമയത്തിനുള്ളിൽ ചണസഞ്ചിയിൽ സാധനങ്ങളെല്ലാം പെറുക്കിവച്ച് മകളെയും കൊണ്ട് അയാൾ റൂമിനു പുറത്തിറങ്ങി.
നേഴ്സുമാരുടെ ഡ്യൂട്ടി റൂമിനു മുൻപിൽ എത്തിയപ്പോൾ ഒരു നിമിഷം അവർ അവിടെനിന്ന് രണ്ടു വാക്കിൽ പുഞ്ചിരിയോടെ എല്ലാവരോടും നന്ദി പറഞ്ഞു. കുട്ടിയെ നോക്കി എല്ലാവരും വാത്സല്യത്തോടെ ശീഘ്രസുഖവും യാത്രാമംഗളവും നേർന്നു. കുട്ടിയും യാത്ര പറഞ്ഞു, ഒപ്പം വീണ്ടും വരാമെന്നുള്ള അവളുടെ വാഗ്‌ദാനം അവരിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി. അയാളും അവരോടൊപ്പം ആ ചിരിയിൽ പങ്കുചേർന്നു. അടച്ചിട്ട കൂട്ടിൽ നിന്നും തുറന്നു വിട്ടപക്ഷിയെപ്പോലെയായിരുന്നു കുട്ടി. പനി കൊണ്ടും ക്ഷീണം കൊണ്ടും തളർന്ന മിഴികളിൽ ഉത്സാഹത്തിന്റെ തിളക്കം വീണ്ടും പ്രത്യക്ഷപ്പെട്ടത് അയാൾ ശ്രദ്ധിച്ചു. ആശുപത്രിയുടെ വിശാലമായ കോറിഡോറിലൂടെ അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി ഒരു പൂമ്പാറ്റയെപ്പോലെ അവൾ നീങ്ങി. മൂന്നു ദിവസങ്ങൾക്കു മുൻപ് കടുത്ത പനിയും ശ്വാസതടസ്സവുമായി ആശുപത്രിയുടെ എമർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുവരുമ്പ്ൾ മകൾ വാടിയ ഒരു ചേമ്പിൻതണ്ടു പോലെയായിരുന്നു എന്നയാൾ ഓർത്തു. മകളിൽ നിറഞ്ഞിരിക്കുന്ന പുതിയ ഊർജ്ജം അയാളെയും ഏറെ സന്തോഷിപ്പിച്ചു. മൂന്നാം നിലയിൽ നിന്നും താഴേക്കു പോകുന്ന ലിഫ്റ്റിൽ കയറുമ്പോൾ മകളുടെ കവിളിലും ഉച്ചിയിലും അയാൾ കുസൃതി നിറഞ്ഞ അരുമയോടെ ചൊറിഞ്ഞു.
അയാളുടെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ടു ഒരു മത്സ്യത്തെ പോലെ പിടഞ്ഞുകൊണ്ട് മകൾ കിലുങ്ങി ചിരിച്ചു.
‘നിച്ചു ഇക്കിളി കൂടാണ് അച്ഛാ…’
ലിഫ്റ്റിൽ നിന്നുമിറങ്ങി ഔട്ട് ഡോറിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനരികിലേക്കു നടക്കുമ്പോൾ പ്രധാനകവാടത്തിന് അല്പം മാത്രം ദൂരത്തായി നിൽക്കുന്ന കൂറ്റൻ യൂക്കാലി മരം ശ്രദ്ധയിൽപ്പെട്ടു. പൊളിഞ്ഞടർന്ന നേർത്ത പുറംതൊലിക്കുള്ളിൽ മിനുത്ത, വെണ്മയോടുകൂടിയ തായ് ത്തടി. അത് മറ്റേതോ ഇനത്തിൽപ്പെട്ട വൃക്ഷമാണെന്നു അയാൾ ആദ്യം തെറ്റിദ്ധരിച്ചു. ചുവട്ടിൽ വീണുകിടക്കുന്ന ചുവപ്പും പച്ചയും കലർന്ന നീണ്ടു നേർത്ത ഇലകൾ അയാളിലെ കുട്ടിത്തത്തെ ഉണർത്തി. കാറ്റിൽ പറന്നു വീണ ഇലകളിൽ ഒന്ന് കുനിഞ്ഞെടുത്തു വിരലുകൾക്കിടയിൽ ഞെരടിച്ച് അയാൾ വാസനിച്ചു. സ്കൂളിലേക്കുള്ള യാത്രയിൽ വഴിയരികിൽ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന യൂക്കാലിപ്റ്റസ് മരത്തിന്റെ ചുവട്ടിൽ നിന്നും
പെറുക്കിയെടുക്കുന്ന ഉണങ്ങാത്ത ഇലകളെ ഞെരടിപ്പിച്ചു മണപ്പിക്കുന്ന ബാല്യത്തിന്റെ കുതൂഹലത്തോടെ തന്നെ.
‘രുക്കൂനേം മണപ്പിക്കച്ച’. മകൾ കൊഞ്ചി.
‘അമ്പടി സൂത്രക്കാരി. നീ അതും ശ്രദ്ധിച്ചോ’.
വിരൽത്തുമ്പ് മകളുടെ മൂക്കിൽ മണപ്പിച്ചുകൊണ്ടു അയാൾ പറഞ്ഞു.
‘ഊം…’
‘നല്ല നാറ്റം’. മൂക്കിലേക്ക് വലിച്ചെടുത്ത യൂക്കാലിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് മകൾ പറഞ്ഞു.
അയാൾ ഉറക്കെ ചിരിച്ചു. ‘നല്ല നാറ്റമല്ല റുക്കൂ, നല്ല മണം എന്ന് പറയണം’.
ഇംഗ്ളീഷും മലയാളവും കൂട്ടിക്കലർത്തിയാണ് മകൾ സംസാരിക്കുന്നത്. വർഷങ്ങളായി വിദേശരാജ്യത്തു ജീവിക്കുന്ന അയാളും ഭാര്യയും മകൾ ജനിച്ചപ്പോൾ എടുത്ത ആദ്യ തീരുമാനങ്ങളിൽ ഒന്ന്, കുട്ടിയെ തങ്ങളുടെ മാതൃഭാഷ പഠിപ്പിക്കണമെന്നുള്ളതാണ്. ആ തീരുമാനത്തിൽ അഭിമാനിക്കാൻ അവർക്കിപ്പോൾ കാര്യമായ വകയുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ബീച്ചിനരികിലൂടെ വീട്ടിലേക്കുള്ള യാത്രയിൽ മകൾ കൊലയാളി തിമിംഗലങ്ങളെക്കുറിച്ച് അയാളോട് ചോദിച്ചു. അത്തരം തിമിംഗലങ്ങളെക്കുറിച്ചു മകളോട് പറഞ്ഞുകൊടുത്തിട്ടുള്ളത് അയാൾ തന്നെയാണ്. സമുദ്രത്തിന്റ ആ ഭാഗത്തു അപൂർവമായി അവ തിരണ്ടികളെ തേടി വരാറുണ്ട്. ചോദ്യോത്തര വേളകൾക്കിടയിൽ എപ്പോഴൊ മകൾ ക്ഷീണം കൊണ്ട് ഉറക്കത്തിലായി. സ്റ്റീയറിങ് വീലിൽ താളമിട്ട് അയാൾ വാഹനം ഓടിച്ചുകൊണ്ടിരുന്നു. എപ്പോഴോ റോഡിന് സമാന്തരമായി കുന്നിനു മുകളിലൂടെ നീണ്ടു പോകുന്ന റെയിൽ പാതയിലൂടെ ഒരു കുട്ടിട്രെയിൻ അതേദിശയിൽ തന്നെ ഓടി ഒരു തുരങ്കത്തിനുള്ളിലേക്കു മറയുമ്പോൾ, പിറകിലെ കാർസീറ്റിൽ മയക്കത്തിൽ നിന്നും പെട്ടെന്നുണർന്ന മകൾ ഉറക്കച്ചടവോടെ വലിയ ഒരു പരിഭവം പരാതിയായി പറയുന്നത് അയാൾ കേട്ടു. 'അമ്മ അച്ചൂന് പാല് കൊടക്കും. റുക്കൂന് തരില്ല അച്ഛാ’.
വാഹനത്തിന്റെ പിൻകാഴ്ചകൾക്കുള്ള കണ്ണാടിയിലൂടെ അയാൾ മകളെ നോക്കി. കാർ സീറ്റിൽ തല വശത്തേക്ക് ചായ്ച്ച് മകൾ വീണ്ടും
ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് അയാൾ കണ്ടു. അയാളുടെ മുഖത്തു അപ്പോൾ വിരിഞ്ഞ ചിരിയിൽ അഞ്ചു വയസ്സിലും അനിയത്തിയോടൊപ്പം അമ്മിഞ്ഞമുണ്ട തന്റെ ബാല്യത്തിന്റെ ലജ്ജ കൂടി കലർന്നിരുന്നു. ഉപബോധമനസ്സിൽ നിന്നും വഴുതി വീണ വലിയ പരിഭവം ഭാര്യക്കുള്ള മകളുടെ നിവേദനമായി അയാൾ മനസ്സിൽ കരുതി.
ടണൽ കടന്ന ട്രെയിൻ വീണ്ടും കുന്നിൻചെരിവിൽ പ്രത്യക്ഷമായി വാഹനത്തിന് സമാന്തരമായി ഓടുവാൻ തുടങ്ങി.
ഒരിക്കൽക്കൂടി അയാൾ പിൻസീറ്റിലേക്ക് നോക്കി. ഉറക്കത്തിൽ ഞൊട്ടിനുണയുന്ന ചുണ്ടുകൾ ....
തനിക്കു മാത്രം കേൾക്കുന്ന ശബ്ദത്തിൽ അയാൾ അരുമയോടെ നീട്ടി വിളിച്ചു. ‘അച്ഛേടെ മുത്തേ…’

Sunil Cheriakudy,

LikeShow More Reactions
Comment

ബാലന്റെ ഗ്രാമം


Image may contain: 1 person, smiling

“ഉണ്ണീ  ...ഉണ്ണീ ... ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?”
മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി .
“ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും  അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ ഓർത്തു.
തട്ടിന്‍പുറത്തു പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ടുപോയ മുത്തശ്ശന്റെ ചാരുകസേര യാദൃശ്ചികമായാണ്  ഇന്നലെ കണ്ടെത്തിയത്. തട്ടിൻപുറത്തെ എലികളുടെ വിളയാട്ടത്തെക്കുറിച്ച് സുമ പരാതി പറഞ്ഞപ്പോൾ ഒന്ന്  കയറി നോക്കാമെന്ന് കരുതി. ഉപയോഗമില്ലാത്ത പഴയ വസ്തുക്കളുടെ കൂട്ടത്തിൽ മാറാലയും പൊടിയും പിടിച്ചുകിടന്ന ചാരുകസേര ദൃഷ്ടിയിൽ പെട്ടപ്പോൾ താഴേക്കെടുക്കുകയായിരുന്നു.
മുത്തശ്ശൻ ഇടയ്ക്കിടെ ചെയ്തിരുന്നത് പോലെ തെരകത്തിന്റെ അരമുള്ള ഇല പറിച്ചെടുത്തു വൃത്തിയായി  ഉരച്ചു കഴുകി മാറാലകളും പൊടിയും നീക്കി. വീട്ടിൽ  നിന്നും ഏറെ അകലെയല്ലാത്ത അച്ചുവേട്ടന്റെ തുണിക്കടയിൽ നിന്നും വിവിധ നിറത്തിലുള്ള നീണ്ട വരകളുള്ള കസേരത്തുണി വാങ്ങി രണ്ടറ്റവും കഴകൾ കയറത്തക്ക വലുപ്പത്തിൽ മടക്കി തയ്പ്പിച്ചു.
പറമ്പിന്റെ കിഴക്കേ മൂലയിൽ കാലം നല്കിയ വാർധക്യത്തിലും തളരാതെ നിൽക്കുന്ന കാപ്പി മരത്തിന്റെ മൂപ്പുള്ള തണ്ടിൽ നിന്നും കഴകൾക്കുള്ള കമ്പുകൾ വെട്ടിയെടുത്തു. പുതിയ തുണിയുടെ പകിട്ടിലും പഴമയുടെ ആഢ്യത്തം വിടാത്ത മുത്തശ്ശന്റെ കസേരയിൽ  മുറ്റത്ത് വീടിന്റെ നിഴലിൽ ഇളം കാറ്റേറ്റിരിക്കുമ്പോൾ ബാലൻ വീണ്ടും മുത്തശ്ശിയുടെ ഉണ്ണി ആവുകയായിരുന്നു. തന്നെ തേടിയുള്ള മുത്തശ്ശിയുടെ ഓരോ വിളികൾക്കും മൂകസാക്ഷിയായിരുന്ന  വൃദ്ധനായ മുരിങ്ങയുടെ ചില്ലകളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വെളുത്ത പൂക്കൾ നോക്കിയിരിക്കുമ്പോൾ സ്മൃതികളിൽ  നിറയുന്നത് തേങ്ങ ചിരകിയിട്ടുണ്ടാക്കുന്ന മുത്തശ്ശിയുടെ മുരിങ്ങപ്പൂ തോരന്റെ ഗ്രാമീണ രുചിയായിരുന്നു. കാലം തുടച്ചു നീക്കിയ ഗ്രാമത്തിന്റെ രുചി !.
*****************************      **********************************************                  
കൈതച്ചെടികൾ അതിരുകൾ തീർത്ത കോതത്തോടിന്റെ തെളിനീർ വെള്ളത്തിൽ മത്സ്യങ്ങൾക്കൊപ്പം ഉണ്ണിയും നീന്തി. വെള്ളി നിറത്തിൽ നീല വരകളുള്ള കണിയാട്ടി  മത്സ്യങ്ങളും, നെറ്റിയിൽ  വെളുത്ത പൊട്ടുകളുള്ള നെറ്റിപ്പൊട്ടനും, ഓറഞ്ച് നിറത്തോടുകൂടിയ വാൽച്ചിറകുകളുള്ള കുറുവ മത്സ്യങ്ങളും ഉണ്ണിക്കൊപ്പം മത്സരിച്ചു നീന്തി. ഇടയ്ക്കിടെ അവ ഉണ്ണിയുടെ നഗ്നമായ കുഞ്ഞുമേനിയിൽ ഇരകൾ തേടി അവനെ ഇക്കിളിപ്പെടുത്തി .
അരക്കൊപ്പം മാത്രമുള്ള വെള്ളത്തിൽ നീന്തലെന്നു പേർ വിളിക്കാൻ കഴിയാത്ത പരാക്രമത്തിൽ  ആവശ്യത്തിലധികം വെള്ളം പല തവണകളായി ഉണ്ണി അകത്താക്കുമ്പോൾ, ഉപ്പൻ കാക്കയുടെ കണ്ണുകൾ പോലെ ചുവന്ന കണ്ണുകൾ നോക്കി മുത്തശ്ശി  പറയും ,
"ഉണ്ണി, മതി...മതി വെള്ളത്തിൽ കളിച്ചത്. കരക്ക് കയറ്. പനിപിടിക്കും."
തവിട്ടുനിറമുള്ള കവലപ്പാറയുടെ മിനുസമുള്ള വിശാലതയിൽ തുണിയലക്കുന്ന മുത്തശ്ശിയുടെയും അയൽക്കാരി പെണ്ണുങ്ങളുടെയും വസ്ത്രങ്ങളിൽ നിന്നും ഉതിരുന്ന കാരം കലർന്ന അഴുക്കുവെള്ളത്തിൽ മത്സ്യങ്ങൾ പുളഞ്ഞു മറിയുമ്പോൾ കൊഞ്ചലോടെ ഉണ്ണി പറയും,
"ഇത്തിരി നേരം കൂടി മുത്തശ്ശി,എൻറെ പൊന്നു മുത്തശ്ശിയല്ലേ".  
എങ്ങനെ ദേഷ്യപ്പെടും? പകരം മുത്തശ്ശി സ്വയം പറയും, "ഈശ്വരാ, ഈ കുട്ടി തെല്ലും അനുസരിക്കാൻ കൂട്ടാക്കുന്നില്ലല്ലോ." 
പതംപറച്ചിലിനൊപ്പം വീണ്ടും തുടരുന്ന  അലക്ക്  കുറച്ചു നേരം കൂടി വെള്ളത്തിൽ തുടരുന്നതിനുള്ള മൗനാനുവാദമാണ്. മുത്തശ്ശിയെ സമ്മതിപ്പിക്കാൻ എളുപ്പമാണെന്ന് ഉണ്ണിക്കു നന്നായറിയാം. മാത്രമല്ല,  ഈ നാടകം തോട്ടിൽ കുളിക്കാൻ പോകുമ്പോഴെല്ലാം പതിവാണ് താനും.
ഉണ്ണിയുടെ മുത്തശ്ശി സരസ്വതിയമ്മയുടെ കൂടെ തുണിയലക്കുന്ന പെണ്ണുങ്ങളും അവനെ വാത്സല്യത്തോടെ ഉണ്ണി എന്ന് തന്നെയാണ് വിളിച്ചിരുന്നത്. അലക്കിന്റെയും തിരുമ്മലിന്റെയും ഇടയിൽ അവർ മുത്തശ്ശിയോടു  ചോദിക്കുന്നത് അവൻ കേട്ടിട്ടുണ്ട്,
"സരസ്വതിയമ്മേ.. ഈ കുട്ടി ഇപ്പോഴും അച്ഛനെയും അമ്മയെയും ഓർക്കുന്നുണ്ടോ?
ഇതിപ്പോ എത്ര വർഷമായി?.” 
ചോദ്യങ്ങൾക്കൊപ്പം ഒരു ആത്മഗതവും അകമ്പടിയായിട്ടുണ്ടായിരിക്കും.
"പാവം കുട്ടി."
നീണ്ട നെടുവീർപ്പിനും അൽപനേരത്തെ മൗനത്തിനും ശേഷം മുത്തശ്ശി ഉണ്ണിയെ വിഷാദത്തോടെ   ഒന്ന് നോക്കും. പിന്നെ തന്നോടെന്നപോലെ തന്നെ പറയും,
“ങാഹ്...! എല്ലാം ഈശ്വരനിശ്ചയം. വരുന്ന കർക്കിടകത്തിൽ അഞ്ച് വർഷം തികയും”. ആദ്യമൊന്നും ആ  നോട്ടത്തിന്റെ അർത്ഥവും വിഷാദമായ മുഖഭാവത്തിന്റെ കാരണവും ഉണ്ണിക്ക് മനസ്സിലായിരുന്നില്ല. മുതിർന്നപ്പോൾ എല്ലാം മനസ്സിലായി.
നിറയുന്ന മിഴികൾ  മറ്റുള്ളവരിൽ നിന്നും മറയ്ക്കാൻ മുഖത്ത് വെള്ളം കോരിയൊഴിക്കുന്ന മുത്തശ്ശിയുടെ രൂപം ഇന്നും ബാലന്റെ മനസ്സിൽ നിറം മങ്ങാത്ത ചിത്രമാണ്.
"പാവം കുട്ടി"
സത്രീകൾ  ആത്മഗതം വീണ്ടും ആവർത്തിക്കുമ്പോഴേക്കും ഉണ്ണി വീണ്ടും മത്സ്യങ്ങൾക്കൊപ്പം വെള്ളത്തിൽ  മുങ്ങാംകുഴിയിട്ടിരിക്കും.
**************************************    ************************************************  
വീടിന്റെ താഴെ വിശാലമായ പാടശേഖരങ്ങളാണ്. പാടശേഖരങ്ങൾ അവസാനിക്കുന്നത് ഏകദേശം തോടിന്റെ അതിരിലും. കൈതകൾ നിരന്നുനില്ക്കുന്ന തോടതിരിനും  പാടശേഖരങ്ങൾക്കും  ഇടയിൽ നാടപോലുള്ള  കുറച്ചു സ്ഥലമുണ്ട്. അത് പുറമ്പോക്കാണ്. തോടിറമ്പ് എന്ന് വിളിക്കപ്പെടുന്ന  ആ ഭുമിയിൽ കൈതക്കാടുകളുടെയും  മറ്റു പാഴ് ച്ചെടികളുടെയും മറവിൽ തോട്ടിൽ കുളിക്കാൻ വരുന്ന ആണുങ്ങൾ മലവിസർജനം നടത്തി.   ശേഷം തോട്ടിലെ വെളളത്തിൽ പൃഷ്ഠം കഴുകുകയും, ആ വെളളത്തിൽത്തന്നെ അവർ കുളിച്ചു തോർത്തുകയും ചെയ്തു.
പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ കുളിക്കടവുകൾ അന്നുണ്ടായിരുന്നു. ഇന്ന് കൈതക്കാടുകൾ ചുരുങ്ങിയിരിക്കുന്നു. പുറമ്പോക്കിന്റെ കയ്യേറ്റവും പലയിടങ്ങളിലും കാണാം. ബാല്യത്തിന്റെ ഓർമ്മകൾ തുടിച്ചു നിൽക്കുന്ന കവലപ്പാറയിലേക്കുള്ള പ്രവേശനം  ഇപ്പോൾ അപ്രാപ്യമാണ്. അവിടം കരിങ്കല്ലുകൊണ്ട് തോടിന്റെ അതിർത്തി  കെട്ടിപ്പൊക്കിയിരിക്കുന്നു.
ഇന്നലെ തോട്ടിറമ്പിലൂടെ വെറുതെ നടക്കാൻ പോയിരുന്നു. ഇടയ്ക്കിടെ വീശുന്ന കാറ്റിന് മനുഷ്യ വിസർജ്യത്തിന്റെ മണമുണ്ടായിരുന്നില്ല. പകരം ഫ്യുരിഡാന്റെയും മറ്റു കീടനാശിനികളുടെയും  ഗന്ധം വായുവിൽ തങ്ങിനിന്നു. ആണ്ടിൽ ഇരുപ്പൂകൃഷി ചെയ്തിരുന്ന മാരികണ്ടങ്ങൾ കാലിക കൃഷികൾക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. മരച്ചീനിയും ഏത്തവാഴയും നെൽച്ചെടികൾക്ക് പകരം എങ്ങും തഴച്ചുനിൽക്കുന്നു.
തന്റെ ഗ്രാമം എത്രയോ മാറിപ്പോയിരിക്കുന്നു. ഓരോ വർഷത്തിലെ വരവിലും അതിന്റെ  ഛായ മാറിക്കൊണ്ടേയിരിക്കുന്നു.
ഒരുകാലത്ത് ഇവിടം വിശാലമായ പാടശേഖരങ്ങളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ   തന്നെ പ്രയാസം തോന്നും. വെള്ളം നിറഞ്ഞ പാടങ്ങളിൽ നിന്ന് തവളകളുടെ കരച്ചിലോ  വയൽക്കിളികളുടെ സംഗീതമോ കേൾക്കാനില്ല. ഒറ്റക്കാലിൽ തപസിരുന്ന്  ഇരതേടുന്ന കൊറ്റികളും പൂതകളും മറ്റെവിടേക്കോ ചേക്കേറിപ്പോയിരിക്കുന്നു. വയൽവരമ്പിലെ കുളിർമയിൽ ഇടതൂർന്നു വളർന്നിരുന്ന ഔഷധസസ്യങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. മാറ്റങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വംശനാശം സംഭവിച്ചത് ഗ്രാമീണതക്കാണ്.

        കാളവണ്ടികൾ സഞ്ചരിച്ചുകൊണ്ടിരുന്ന വീതികുറഞ്ഞ മൺപാതകൾ ഇന്ന് വിശാലമായ റോഡുകളാണ്.  എല്ലാവിധ വാഹനങ്ങളും അതിലൂടെ പുകതുപ്പി ഇടയ്ക്കിടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു.
തന്റെ കുട്ടിക്കാലത്ത് വീടിന്റെ മുൻപിലെ മൺപാതയിലൂടെ വൈക്കോലോ വിറകോ ആയി കടന്നു പോകുന്ന കാളവണ്ടികളുടെ പിന്നിൽ കുട്ടികൾ തൂങ്ങിയാടി  വികൃതി കാട്ടി രസിച്ചിരുന്നത്  ബാലൻ  ഓർത്തുപോയി. യാദൃശ്ചികമായി വണ്ടിക്കാരന്റെ കണ്ണിൽപ്പെട്ടാൽ  കണ്ണ് പൊട്ടുന്ന ചീത്തവിളി ഉറപ്പാണ്.  ”ബ്ഭ.. കഴുവേർടെ മക്കളെ. നിന്റെയൊക്കെ തന്തേടെ മുതുകത്തു തൂങ്ങി ആടട”. കുട്ടികളോടുള്ള കലിപ്പ് കാളകളുടെ മേൽ ചാട്ടവാറടിയായി രൂപം പ്രാപിക്കുമ്പോൾ പ്രാണവേദനകൊണ്ട്   പുളയുന്ന കാളകൾ  ചെമ്മൺപാതയിൽ തരംഗാകൃതിയിൽ   മൂത്രം കൊണ്ട് ചിത്രമെഴുതി ലക്ഷ്യത്തിലേക്ക് ശരവേഗത്തിൽ പായും.
ഒരിക്കൽ മുത്തശ്ശനോട് ഉണ്ണി ചോദിച്ചു, “മുത്തശ്ശാ,  കാളവണ്ടിക്കാർ എല്ലാവരും അടുത്ത ജന്മത്തിൽ കാളകളായിട്ടായിരിക്കും  ജനിക്കുക അല്ലെ?” 
മുത്തശ്ശന്റെ ഉറക്കെയുള്ള ചിരിയും ഒപ്പമുള്ള ചോദ്യവും ഉണ്ണിയെ കുറച്ചു കുഴപ്പത്തിലാക്കി.
“അതെന്താ ഉണ്ണി അവർക്ക് മറ്റെന്തെങ്കിലും ആയി ജനിച്ചു കൂടെ ?”
“മുത്തശ്ശി പറഞ്ഞല്ലോ, ചീത്ത മനുഷ്യർ പുനർജന്മത്തിൽ മൃഗങ്ങളായിട്ടായിരിക്കും ജനിക്കുക എന്ന്. വണ്ടിക്കാർ കാളകളെ വെറുതെ തല്ലുന്നത് മുത്തശ്ശൻ കാണാറില്ലേ?” 
“ഓ അതുശരി. മുത്തശ്ശി അങ്ങനെ പറഞ്ഞോ? എങ്കീ, മുത്തശ്ശൻ ഒന്ന് ആലോചിച്ചു നോക്കട്ടെ . അപ്പോഴേക്കും കുട്ടി പോയീ ആ മുറുക്കാൻചെല്ലം ഇങ്ങെടുത്തുകൊണ്ടുവാ.’
തന്റെയൊരു കണ്ടുപിടുത്തത്തോട് മുത്തശ്ശൻ യോജിച്ചത് ഉണ്ണിക്ക് അഭിമാനമായി തോന്നി. തുള്ളിച്ചാടി മുറുക്കാൻ ചെല്ലം എടുക്കാൻ പോകുന്ന ഉണ്ണിയെ നോക്കി മുത്തശ്ശൻ വാത്സല്യത്തോടെ ചിരിക്കുന്നത് പക്ഷെ ഉണ്ണി കാണുന്നുണ്ടായിരുന്നില്ല.
അല്പസമയത്തിനുള്ളിൽ മുറുക്കാൻചെല്ലവുമായി ഉണ്ണി മുത്തശ്ശന്റെ മുൻപിൽ വീണ്ടും  പ്രത്യക്ഷപ്പെട്ടു.
“മുത്തശ്ശാ... മുറുക്കാൻ”.
“ആഹാ, കുട്ടിയിങ്  എത്തിയോ?”
വിളഞ്ഞ നെൽപ്പാടങ്ങളിൽ നിന്നും വീശുന്ന കാറ്റിന്റെ സുഗന്ധം നിറഞ്ഞ കുളിർമ്മ ആസ്വദിച്ചു കൊണ്ടിരുന്ന മുത്തശ്ശൻ ഉണ്ണി അരികിൽ വന്നുനിന്നത് ഒരു നിമിഷം കണ്ടില്ലായിരുന്നു. മുത്തശ്ശൻ  പിന്നെയും  ചോദിച്ചു, “കുടത്തിൽ നിന്നും അടക്ക എടുത്തോ കുട്ടീ ?”
മൂത്ത് പഴുത്ത അടക്കകൾ മൺകുടത്തിലെ വെളളത്തിൽ കേടാകാതെ സൂക്ഷിക്കുന്ന മുത്തശ്ശന്റെ സൂത്രവിദ്യ പക്ഷെ ഉണ്ണിക്ക് അറപ്പായിരുന്നു. അടക്കയുടെ തൊണ്ടുകൾ ചീഞ്ഞഴുകിയ വെളളത്തിൽ നിന്നും അടക്ക എടുക്കുന്ന ജോലി മിക്കവാറും മുത്തശ്ശൻ പക്ഷെ  ഉണ്ണിയെത്തന്നെയാണ് ഏൽപ്പിക്കാറ് പതിവ്.
ഉണ്ണി  മൊഴിഞ്ഞു,  “ഇല്ല” .
“എങ്കിൽ ഒരു അടക്ക കൂടി എടുത്തോളൂ”.
മനസില്ലാമനസ്സോടെ  ഉണ്ണി  അടക്ക  സൂക്ഷിച്ചിരിക്കുന്ന  കുടത്തിനരികിലേക്ക്  നീങ്ങി .
അടക്കയുമയി മുത്തശ്ശന്റെ മുൻപിൽ വന്നു നിൽക്കുന്ന ഉണ്ണിയെ മുത്തശ്ശൻ അനുമോദിച്ചു.
“മിടുക്കൻ”.
അത്  ഉണ്ണിക്ക് ഇഷ്ടമായി.
പക്ഷെ മറ്റൊരു കാര്യം കേൾക്കുവാനായിരുന്നു ഉണ്ണിക്കു  കൂടുതൽ  ധൃതി. അടക്കാത്തൊണ്ടിൽനിന്നുള്ള ദുർഗന്ധം വമിക്കുന്ന  വിരലുകൾ  നാസികക്ക് മുൻപിൽ മണപ്പിച്ച്‌ മൂക്ക് ചുളുക്കിക്കൊണ്ട് ഉണ്ണി ചോദിച്ചു.     
            
“ആലോചിച്ചോ മുത്തശ്ശാ” ?

ഞെട്ടുകളഞ്ഞ വെറ്റിലയിൽ നൂറു നന്നായി പുരട്ടി  പുകലസഹിതം വായിലേക്ക് വെയ്ക്കുന്ന തിരക്കിലായിരുന്നു അപ്പോൾ  മുത്തശ്ശൻ.
 “എന്ത് ആലോചിച്ചുവോന്ന്” ?
മുത്തശ്ശൻ  ഉണ്ണിയുടെ ചോദ്യം തന്നെ മറന്നുപോയിരുന്നു. “ശ്ശോ ഈ മുത്തശ്ശന് ഒരു കാര്യവും ഓർമ്മയില്ല. ഞാൻ ചോദിച്ചില്ലേ, കാളവണ്ടിക്കാർ  അടുത്ത ജന്മത്തിൽ കാളകളായി ജനിക്കുമോ എന്ന് ?”
ഒരു നിമിഷം വിരലുകൾ കൊണ്ട് തലചൊറിഞ്ഞു മുത്തശ്ശൻ ആലോചനയിലാണ്ടു.
“ഉവ്വ്…. ഉവ്വ്. മുത്തശ്ശൻ ആലോചിച്ചൂട്ടോ ഉണ്ണി...ന്റെ  കുട്ടി പറഞ്ഞത് ശരിതന്നെയാ. അങ്ങനെയല്ലാണ്ടാവാൻ തരമില്ലല്ലോ. കാളയെ  തല്ലുന്ന  വണ്ടിക്കാർ  അടുത്ത ജന്മം കാളകളായിത്തന്നെ ജനിക്കണം. അതിലൊരു  നീതിയുണ്ട്.”
തൊണ്ട് കളഞ്ഞ അടക്ക പിച്ചാത്തി കൊണ്ട്  രണ്ടായി പിളർന്ന് ഒരു പാതിയുടെ ചെറിയ കഷണം മുത്തശ്ശൻ തേഞ്ഞുതുടങ്ങിയതെങ്കിലും ബലമുള്ള പല്ലുകൾ ഉപയോഗിച്ച് അടർത്തിയെടുത്തു.  പിന്നെ എല്ലാ ചേരുവകളുടെയും സമ്മിശ്രരുചി കണ്ണുകൾ പൂട്ടിയടച്ച്  ചവച്ച് ആസ്വദിക്കുവാൻ  തുടങ്ങി. വായിൽ നിറയുന്ന ഉമിനീർ  ഇടയ്ക്കിടെ നടുവിരലിന്റെയും ചൂണ്ടാണി വിരലിന്റെയും മധ്യത്തിലൂടെ മുറ്റത്തെ  പൂഴിയിലേക്ക്  പറന്നിറങ്ങി  ചുവന്ന  ചിത്രങ്ങൾ  വരക്കുമ്പോൾ എല്ലാം കൗതുകത്തോടെ നോക്കിനിന്ന ഉണ്ണി വിളിച്ചു, “മുത്തശ്ശാ..”
 “എന്താ ഉണ്ണി?”
“മുത്തശ്ശാ ..”
സങ്കോചം നിറഞ്ഞ പതിഞ്ഞ ശബ്ദത്തോടെ ഉണ്ണി പിന്നെയും നീട്ടിവിളിച്ചു.
ആ സ്വരത്തിന്റെ അർത്ഥം   മുത്തശ്ശന്  നന്നായി  മനസ്സിലാകും. ഉണ്ണിക്ക് എന്തോ കാര്യം സാധിക്കാനുണ്ട്.
“പറഞ്ഞോളൂ  കുട്ടീ, മുത്തശ്ശൻ പറഞ്ഞല്ലോ  ഉണ്ണി  പറഞ്ഞത്  ശരിതന്നെയാണെന്ന്. പിന്നേം  എന്താണ്  സംശയം”.
“അതല്ല  മുത്തശ്ശാ”. ഉണ്ണി  തിടുക്കത്തോടെ  പറഞ്ഞു.
“പിന്നെന്താണ്?”
“എനിക്കും മുറുക്കണം.”
ഹ ഹ ഹ….  മുത്തശ്ശൻ ഉറക്കെ ചിരിച്ചു.
“ഇത് കുട്ടികൾ ചെയ്യാൻ പാടില്ല ഉണ്ണി”.
കടവായിലൂടെ ഒഴുകി വരുന്ന ചുവന്ന ദ്രാവകം  കൈ വെള്ള കൊണ്ട് തുടച്ചു നീക്കിക്കൊണ്ട് മുത്തശ്ശൻ പറഞ്ഞു.
“വലുതാകുമ്പോൾ മുത്തശ്ശനെ പോലെ ഉണ്ണിക്കും മുറുക്കാം കേട്ടോ.”
മുത്തശ്ശൻ ഉണ്ണിയെ ആശ്വസിപ്പിച്ചു.
 മുത്തശ്ശന്റെ യുക്തി  ഉണ്ണിക്കു പക്ഷെ  ബോധ്യപ്പെട്ടില്ല.
“അതെന്താ ഞാൻ ഇപ്പോൾ മുറുക്കിയാൽ?”
അരികിലിരുന്ന  നൂറ്റുവടത്തിൽ  നിന്നും  അല്പം കൂടി  ചുണ്ണാമ്പ്  നുള്ളാൻ  തുനിഞ്ഞ   മുത്തശ്ശൻ  തലയുയർത്തി  ഉണ്ണിയെ  നോക്കി.
“അയ്യയ്യോ ! എന്താ ഈ കുട്ടി പറേണത്. കൊച്ചുകുട്ടികൾ വെറ്റില മുറുക്ക്വേ? ഈശ്വരന്മാർക്ക് അതിഷ്ടമല്ല ഉണ്ണി”.
“മുത്തശ്ശൻ കള്ളം പറയുകയാ. എനിക്കും മുത്തശ്ശനെപ്പോലെ ചുവന്ന തുപ്പല് നീട്ടിത്തുപ്പണം.”
ഉണ്ണി വാശി പിടിച്ചു.
“ഇതിപ്പോ  പണ്ടാരാണ്ട്  പറഞ്ഞത്  പോലായല്ലോ  ഈശ്വരാ…ഈ  കുട്ടിയെ  എങ്ങനെയാ  പറഞ്ഞു  മനസിലാക്കുക”.
മുത്തശ്ശനിൽ നിന്നും അനുകൂലമായ ഒരു നടപടി ഉണ്ടാവില്ലെന്നുറപ്പായപ്പോൾ ഉണ്ണി പറഞ്ഞു.
“മുത്തശ്ശൻ നുണ പറയുകയാണോന്ന് ഞാൻ മുത്തശ്ശിയോടു ചോദിച്ചു നോക്കട്ടെ.”
 തന്റെ എപ്പോഴത്തെയും ആശ്രയവും ഉപദേശകയുമായ മുത്തശ്ശിയുടെ അടുക്കലേക്ക്  ഉണ്ണി ഓടുമ്പോൾ   മുത്തശ്ശൻ  പിന്നെയും അവനെ  നോക്കി ചിരിച്ചു.
***************         ***************************             ************                   
മുഖത്ത് അറിയാതെ വിടർന്ന ചെറുചിരിയോടെ ബാലൻ ചുറ്റും നോക്കി, മുറ്റത്തെ പൊടിമണ്ണിൽ ഇപ്പോഴും മുത്തശ്ശന്റെ മുറുക്കാൻ തുപ്പലിന്റെ ചുവന്ന പാടുകൾ അവശേഷിക്കുന്നുണ്ടോ എന്ന് ! ഭൂതകാലത്തിന്റെ പടികളിറങ്ങി വരുന്ന ഓർമ്മകൾ ഇവിടേക്കുള്ള വരവിലെല്ലാം ഗൃഹാതുരത്വത്തിന്റെ ആലസ്യമാണ് മനസ്സിൽ നിറയ്ക്കുന്നത്.
ഇവിടെ വന്നിട്ട് ഇതുവരെയും മഴപെയ്തിട്ടില്ല. ഇന്ന് ആകാശം മൂടിക്കെട്ടി മഴക്കുള്ള പുറപ്പാടുണ്ട്. പുതുമണ്ണിന്റെ നറുമണത്തെക്കുറിച്ചോർത്തപ്പോൾ നാസാരന്ധ്രങ്ങൾ പുതുമഴയുടെ ആ മണം തേടി. ഉപബോധമനസ്സിലെ ആഗ്രഹങ്ങൾ ശരീരത്തിലെ അവയവങ്ങൾ പോലും  അറിയാതെ ആഗ്രഹിച്ചു പോകുന്നുവോയെന്നു  ബാലൻ  സംശയിച്ചു.  
വെക്കേഷന് കുടുംബസമേതമുള്ള ഒരു യാത്ര നാട്ടിലേക്ക്  എല്ലാവർഷവും പതിവുള്ളതാണ്. ജനിച്ചുവളർന്ന മണ്ണിന്റെ മടിത്തട്ടിൽ ഇരുന്നും നടന്നും കിടന്നും, ചിലപ്പോൾ ഓർമ്മകളെ സ്വപ്നങ്ങളായി കണ്ടുറങ്ങിയും ആ ദിനങ്ങൾ പെട്ടെന്ന് കടന്നുപോകും.
മടക്കയാത്രയിൽ ഒരു നഷ്ടബോധം മനസ്സിന്റയുള്ളിൽ എപ്പോഴും തങ്ങിനിൽക്കും. പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് ദൂരേക്ക് പോകുമ്പോഴുള്ള അതേ മൗനഭാരം. 
ഒരിക്കൽ  സുമ  തമാശയായി  പറഞ്ഞു,
“ബാലേട്ടാ, ആദ്യഭാര്യയെ പിരിയുന്ന ദുഖം തീരുമ്പോൾ പറയണേ…” 
സുമയുടെ  തമാശയിൽ മുനകളൊന്നുമില്ല.  തന്റെ നാടും വീടും വൈകാരികമായി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവൾക്കറിയാം .
“നിനക്കെന്തറിയാം  സുമേ? നിന്റെ  ഭർത്താവും  മക്കളും  ജീവിക്കുന്നിടമാണല്ലോ  നിന്റെ  ലോകം. അത്  നരകമായാലും  നിനക്ക്  സ്വർഗം പോലെതന്നെ”.
തന്റെ  മറുപടിയിൽ  അല്പം  മനമലിഞ്ഞവൾ  പറഞ്ഞു,
“ഞാൻ  തമാശ  പറഞ്ഞതല്ലേ  ബാലേട്ടാ. പിന്നെ  എന്റെ  ഭർത്താവും  കുട്ടികളും  ജീവിക്കുന്നിടം നരകമയാലും  എനിക്ക്  സ്വർഗം  തന്നെയാണ്  കേട്ടോ”.
വിവേകമതിയാണ്  സുമ. ഭർത്താവിന്റെ  ഇഷ്ടാനിഷ്ടങ്ങൾ  അറിഞ്ഞു  പ്രവർത്തിക്കുന്ന  കുലീനയായ  ഗ്രാമീണ ഭാര്യ. മറ്റുള്ളവരുടെ  മനസ്സ്  വായിച്ചറിയുവാനുള്ള  അവളുടെ  കഴിവ്  അഭിനന്ദനാർഹമാണ്. കുട്ടികളുടെ  മുൻപിൽ  അവൾ  സ്നേഹവതിയായ  അമ്മയും  അതേസമയം  കർക്കശക്കാരിയായ  അദ്ധ്യാപികയുമാണ്. അവളുടെ  സന്തോഷങ്ങൾ  കുടുംബമെന്ന  കൊച്ചു  വൃത്തത്തിനുള്ളിൽ  എപ്പോഴും  ഒതുങ്ങിനിന്നു. ഏറെ  നഷ്ടങ്ങൾക്കു  നടുവിലും  തന്റെ  ജീവിതത്തിന്റെ  സൗഭാഗ്യമാണ്  അവളെന്ന്  പലപ്പോഴും  ആശ്വസിച്ചു പോയിട്ടുണ്ട് .

ഇത്തവണ നാട്ടിലേക്കുള്ള യാത്രക്ക് മുൻപേ സുമയോടു പറഞ്ഞു, "സുമേ നാട്ടിലെ സ്ഥലം പറ്റിയാൽ ഇത്തവണ വിൽക്കണം".
അവൾ ആശ്ചര്യത്തോടെ   മുഖത്തേക്ക് നോക്കി. അവിശ്വസനീയത അവളുടെ മുഖത്ത് നിഴലിച്ചു നിന്നിരുന്നു. പിന്നെ സാവധാനം സ്വരം താഴ്ത്തി ചോദിച്ചു,
“വിൽക്കുകയോ? അത് പറ്റ്വോ?’.
 “എന്താ പറ്റാത്തത്. അടുത്ത ബന്ധുക്കളാരും തന്നെ നമുക്കവിടില്ലല്ലോ.
പിന്നെ കുട്ടികൾക്കാണെങ്കിലും താല്പര്യം അവിടെത്തന്നെയാണ്. ഒരു തരത്തിൽ വീടും പറമ്പും സൂക്ഷിക്കുവാൻ മുടക്കുന്ന പണം പാഴാണ്. പറമ്പിൽ നിന്നും കിട്ടുന്ന ഏക ആദായം കുറച്ചു നാളികേരം  മാത്രമാണ്.  അതിനാണെങ്കിൽ വിലയുമില്ല”.
പറമ്പിലെ കള നീക്കുവാനും  വീട് ചിതലരിക്കാതെ സൂക്ഷിക്കുവാനും അകന്ന ബന്ധുവായ കേശുമാമക്ക് പണം അയച്ചു കൊടുക്കുകയാണല്ലോ പതിവ്.
സുമ  പറഞ്ഞു, “ബാലേട്ടന്റെ ഇഷ്ടം പോലെ ചെയ്യൂ ..”
അവളുടെ മറുപടിയിൽ അഭിപ്രായമില്ലായിരുന്നു. എങ്കിലും തനിക്കതിനു കഴിയുമോ എന്നൊരു സന്ദേഹം അവളുടെ സ്വരത്തിൽ നിഴലിച്ചിരുന്നു.

നാട്ടിൽ ചെല്ലുന്ന വിവരത്തിന് കേശുമാമക്ക് കത്തയച്ചിരുന്ന കാര്യമോർത്തു. സ്ഥലം വില്ക്കുന്ന കാര്യവും  കത്തിൽ സൂചിപ്പിച്ചിരുന്നു. പക്ഷെ യാത്ര പുറപ്പെടുന്നതിനു മുൻപേ ഇത്തവണ മറുപടിയൊന്നും കിട്ടിയില്ല. അങ്ങനെയല്ല പതിവ്. കത്തയച്ചാൽ മറുപടി രണ്ടുമൂന്നാഴ്ചക്കുള്ളിൽ  നിശ്ചയമായും കിട്ടേണ്ടതാണ്.
ഒരുപക്ഷെ പോസ്റൽ വകുപ്പിന്റെ അനാസ്ഥയിൽ ഇടക്കെവിടെയെങ്കിലും കത്ത്
നഷ്ടപ്പെട്ടുപോയിരിക്കാം. എന്തായാലും ഒരാഴ്ചക്കുള്ളിൽ നാട്ടിൽ
എത്തുമല്ലോ. അപ്പോൾ കേശുമാമയോടു കാര്യങ്ങൾ നേരിട്ട് സംസാരിക്കാം.
              ട്രെയിനിന്റെ രണ്ടാം ക്ലാസ്സ് കമ്പാർട്ടുമെന്റിൽ സുമയോടും കുട്ടികളോടുമൊപ്പം യാത്ര ചെയ്യുമ്പോഴും മനസ്സ് പലതും ചിക്കിപ്പെറുക്കുകയായിരുന്നു. മൃതിയടഞ്ഞ ഭൂതകാലത്തെ ഒർമ്മകളിലൂടെ പെറുക്കിക്കൂട്ടുന്ന കൊച്ചുകുട്ടിയാണ് താനിപ്പോഴും എന്ന് ബാലന് തോന്നി. വികരാധീനനാണ് താൻ. അത് പക്ഷെ മനോദൗർബല്യമല്ല. എളുപ്പത്തിൽ മനസലിയുന്നത് ഹൃദയ നൈർമ്മല്യത്തിന്റെ ഗുണമാണ്. അതിനെ ബലഹീനതയായി കണക്കാക്കേണ്ട കാര്യമില്ല. പെട്ടെന്ന് നിറയുന്ന മിഴികൾ  മനുഷ്യത്വത്തിന്റെ പ്രതിഫലനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിൽ അപാകത കണ്ടെത്തേണ്ട കാര്യവുമില്ല. അടിസ്ഥാനപരമായി താൻ നല്ല മനോബലമുള്ളയാളാണ്. സാഹചര്യങ്ങൾക്ക് അത്രയെളുപ്പത്തിൽ ഒന്നും  തന്നെ കീഴ്‌പ്പെടുത്താൻ കഴിയുകയില്ല.
“എന്താ ബാലേട്ടാ  ഇത്ര അഗാധമായ ചിന്ത?”
സുമയുടെ ചോദ്യം ചിന്തകൾക്ക്  വിരാമമിട്ടു .
“ഒന്നുമില്ല സുമേ, കേശുമാമക്ക് വീട് വിൽക്കുന്ന കാര്യം പറഞ്ഞു കത്തയച്ചിരുന്നല്ലൊ. മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് അതിനെക്കുറിച്ചൊക്കെ ഓർത്തുപോയി.”
“ഒരുപക്ഷെ അതെവിടെയെങ്കിലും മിസ്സായതായിരിക്കും ബാലേട്ടാ. കേശുമാമ മറുപടി അയക്കാതിരിക്കാൻ തരമില്ല. എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ നമ്മൾ അങ്ങ് എത്തുമല്ലോ.”
“അത് തന്നെയാണ് സുമേ  ഞാനും ചിന്തിച്ചു കൊണ്ടിരുന്നത്. ഇത്തവണ തിരികെ പോരുന്നതിനു മുൻപ് വില്പനയുടെ കാര്യത്തിൽ ഒരു തീരുമാനം കണ്ടെത്തണം.”
സുമയെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിലും വാക്കുകൾക്ക് ആത്മഗതത്തിന്റെ ഛായയായിരുന്നു.
കുട്ടികളോട് എന്തോ പറയുകയായിരുന്ന സുമ വീണ്ടും ഒരു നിമിഷം പ്രത്യേകഭാവത്തിൽ ബാലനെ നോക്കി. ‘അത് പറ്റ്വൊ ബാലേട്ടാ…’ എന്നൊരു ചോദ്യം ചോദിക്കാതെ തന്നെ സുമ ചോദിച്ചതായി  ബാലന് തോന്നി.
“പറ്റണം”.
നിശ്ചയദാർഢ്യമായിരുന്നു സ്വരത്തിന്. അപ്പോഴാണ് ഓർത്തത് അതിനു സുമ ഒന്നും പറഞ്ഞില്ലാലോ എന്ന്. ജാള്യം തോന്നി.  അത് മറക്കുവാനുള്ള ശ്രമത്തിൽ വീണ്ടും പറഞ്ഞു,
“അല്ല ഞാൻ അത് തന്നെ ഓർക്കുകയായിരുന്നു സുമേ.”
മൗനം  ഭഞ്ജിക്കാതെയുള്ള സുമയുടെ അർത്ഥവത്തായ ചിരി നിറഞ്ഞ മുഖത്തുനിന്നും കുട്ടികളുടെ കുസൃതികളിലേക്ക് കണ്ണുകൾ പറിച്ചുനട്ടപ്പോൾ ബാലന് ആശ്വാസം തോന്നി.

മാനം കറുത്തിരുണ്ട് കഴിഞ്ഞു. വേനൽമഴക്കുള്ള പുറപ്പാടാണ്. മരച്ചില്ലകളെ  ഉലച്ചു കൊണ്ട് ശക്തമായി ഒരു കാറ്റു കടന്നു പോയി. ചാരുകസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഉമ്മറത്ത് നിന്നും സുമയുടെ വിളി കേട്ടു.
“ബാലേട്ടാ, മഴ വരുന്നത് കണ്ടില്ലേ. ഇനിയും അവിടെത്തന്നെ കുത്തിയിരിക്ക്വ?.”
“ദാ വന്നു കഴിഞ്ഞു സുമേ.”
ഉമ്മറത്തേക്ക് കയറുമ്പോൾ പിന്നിൽ വീടിന്റെ മേച്ചിൽപ്പുറത്തു മഴത്തുള്ളികൾ പതിയുന്ന ശബ്ദം ബാല്യത്തിൽ കേട്ടുമറന്ന ചെണ്ടമേളത്തിന്റെ സ്മൃതിയുണർത്തി.
അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്ന പുതുമണ്ണിന്റെ സുഗന്ധം മനസ്സിൽ ഉന്മാദം ഉണർത്താൻ പോന്നതായിരുന്നു. കസേര ഉമ്മറത്ത് മുറിയുടെ ഭിത്തിയോട് ചേർത്ത് നിവർത്തിയിട്ടു.
“സുമേ ഞാൻ ഇത്തിരിനേരം ഇവിടെയിരുന്നീ മഴയൊന്നാസ്വദിക്കട്ടെ...എത്രയോ നാളുകൾക്ക് ശേഷമാണ് പുതുമണ്ണിന്റെ സുഗന്ധം നിറഞ്ഞ ഒരു മഴ നേരിട്ട് കാണുന്നത്”.
“ആയിക്കോട്ടെ ബാലേട്ടാ, ഇത്തിരി നേരം ആക്കണ്ട... മഴ കഴിയുന്നിടം വരെ ഇവിടെയിരുന്നോളു. ചായ തയ്യാറാക്കി ഞാൻ ഇങ്ങോട്ട് കൊണ്ടുവരാം.”
നിർദോഷമായ ഒരു കളിയാക്കലിന്റെ മുനയുണ്ടായിരുന്നു സുമയുടെ  തമാശക്ക് .
“ഓ പോത്തിനുണ്ടോ വാഴക്കയുടെ ഗുണം അറിയാവൂ”. ബാലൻ തിരിച്ചടിച്ചു.
“വല്ലതും പറഞ്ഞോ ബാലേട്ടാ....”
അടുക്കളയുടെ വാതിൽക്കൽ നിന്നും ഇടതുചെവി കൈപ്പത്തി കൊണ്ട് പാതിമറച്ച്   കുസൃതിയോടെ സുമ ചോദിച്ചു.
“ഉവ്വ്. എന്തെങ്കിലും തിന്നാൻ കൂടി എടുത്തോളൂ എന്ന് പറയുകയായിരുന്നു”.
“അതെ….അതെ വാഴക്ക വറുത്ത ഉപ്പേരി തന്നെ എടുത്തേക്കാം.”
ഉരുളക്കുപ്പേരി പോലുള്ള സുമയുടെ നർമം കലർന്ന മറുപടികളിൽ പലപ്പോഴും പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. എങ്ങനെയാണവൾക്കു മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ  ഇത്ര നർമമധുരമായി സംസാരിക്കാൻ കഴിയുന്നതെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്.
ചിരിമായാത്ത  മുഖത്ത് ചിന്തകളുമായി മഴയെ നോക്കിയിരിക്കുന്ന ഭർത്താവിന്റെ മുൻപിൽ ചെറിയൊരു  ട്രേയിൽ കുറച്ചു വാഴക്ക ഉപ്പേരിയും ഒരു കപ്പു ചായയുമായി സുമയെത്തി.
“ഇതെന്താ ബാലേട്ടാ, ചിരിച്ചു കൊണ്ട് സ്വപ്നം കാണുകയാ?”
അടുത്തു കിടന്ന വൃത്താകൃതിയിലുള്ള ചെറിയ ടീപോയ്  ബാലന്റെ മുൻപിലേക്കു നിരക്കിനീക്കി ട്രേ അതിന്മേൽ വെക്കുമ്പോൾ  സുമയുടെ വായിൽ നിന്നും വീണ്ടും ശരം പാഞ്ഞു.
“പോടീ അവിടുന്ന്.”
സമാധാനത്തിന്റെ കൊടിക്കൂറ കീഴടങ്ങലിന്റെ രൂപത്തിൽ  ബാലൻ ഉയർത്തിക്കാട്ടി.
“തോറ്റോ?”
എളിയിൽ കൈകൾ കുത്തി കുട്ടികളുടെ  കുറുമ്പോടെ സുമ വീണ്ടും ചോദിച്ചു.
“അല്ലെങ്കിലും ഞാൻ ജയിക്കാറില്ലലോ, എപ്പോഴും നിരുപാധികം കീഴടങ്ങാറല്ലേ പതിവ്.”
“അതുപോട്ടെ, നാളെ കേശുമാമയുടെ   വീടുവരെ ഒന്ന് പോകണം. ദിവസങ്ങൾ നോക്കി നിൽക്കുമ്പോൾ ദാ..ന്ന് കടന്നു പോകും. നീയും കുട്ടികളും കൂടെ പോരുന്നോ, അതോ മറ്റൊരു ദിവസം പോകുന്നോ?”
“ഞങ്ങൾ പിന്നെ വരാം ബാലേട്ടാ,  നാളെ ബലേട്ടൻ മാത്രം പോയാൽ മതി”.
“ശരി. പിന്നെ സുമേ, ഞാൻ നിന്റെയഭിപ്രായം ഇതുവരെ ചോദിച്ചില്ലല്ലോ. നിനക്ക് മറിച്ചൊരു വിചാരം ഇല്ലെന്നാണ് ഞാൻ കരുതുന്നത്.”
ബാലന്റെ ചോദ്യത്തിന് ഹൃദ്യമായ ഒരു പുഞ്ചിരിയായിരുന്നു ആദ്യം മറുപടി.
“ബാലേട്ടന്റെ ഇഷ്ടമല്ലേ എന്റെയും ഇഷ്ടം”.
സുമയുടെ ശബ്ദത്തിന് തലോടലിന്റെയും പിന്താങ്ങലിന്റെയും കുളിർമയുണ്ടായിരുന്നു. 
തുള്ളിക്കൊരു കുടംപോലെ പെയ്തുകൊണ്ടിരുന്ന  മഴ പെട്ടെന്നുതന്നെ പെയ്തൊഴിഞ്ഞു.   കരിമേഘങ്ങളുടെ കരിമ്പടം നീക്കി ആകാശം വീണ്ടും നീലിമയാർന്നു. സുമ അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. ഇലത്തുമ്പുകളിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം ബാലന്റെ മനസ്സിൽ നിശബ്ദമായ ഒരു ചോദ്യം ഉയർത്തി.  ഈ മണ്ണ് തനിക്കു തീർത്തും കയ്യൊഴിയുവൻ കഴിയുമോ? 
രാത്രിയിൽ എപ്പോഴോ  പോക്രം തവളകളുടെ കരച്ചിൽ കേട്ടു.
ചിന്തകളുടെ ആധിക്യം ഉറക്കത്തെ അകറ്റിനിർത്തിയിരുന്നു.
ജനൽ കർട്ടൻ നീക്കി പുറത്തേക്കു നോക്കുമ്പോൾ പകൽ പോലെ നിലാവെളിച്ചം കണ്ടു.
അടുത്ത് കിടന്ന സുമയെയും കുട്ടികളെയും  ഉണർത്താതെ കട്ടിലിൽ നിന്നും സാവധാനം എഴുന്നേറ്റു.
അഴിഞ്ഞു പോയ മുണ്ടിന്റെ അറ്റം എളിയിൽ മുറുക്കിക്കുത്തി. 
നടുത്തളത്തിലേക്കും അവിടുന്ന് വരാന്തയിലേക്കും പ്രവേശിച്ചു.
ഇലക്ട്രിക്  ബൾബിന്റെ സ്വിച്ചിൽ വിരലമരുമ്പോൾ, പെട്ടെന്നുള്ള പ്രഭാപൂരത്തിൽ പകച്ചുപോയ ഗൗളികൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഛായാചിത്രത്തിനു പിന്നിലേക്ക് ഓടിമറഞ്ഞു.
ഒരു നിമിഷം കണ്ണുകൾ ആ ചിത്രത്തിൽ ഉടക്കി നിന്നു.
ഇല്ല…..നേരിയ ഓർമ്മ പോലും  അവശേഷിക്കുന്നില്ല.
ചിത്രത്തിലെ അച്ഛന്റെ രൂപമാണ് തനിക്കിപ്പോൾ എന്ന് ബാലൻ യാദൃശ്ചികമായി തിരിച്ചറിഞ്ഞു.
അച്ഛന്റെയും അമ്മയുടെയും അപകടമരണത്തിന്റെ കഥ പലതവണ മുത്തശ്ശിയിൽ നിന്നും കേട്ടറിഞ്ഞിരുന്നു.
തങ്ങൾ  സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമയി കൂട്ടിയിടിക്കുകയായിരുന്നത്രേ.
വാതിൽ തുറന്നു പുറത്തേക്കു തെറിച്ചു പോയ താൻ ഒരു പോറൽ പോലും ഏൽക്കാതെയാണ് രക്ഷപെട്ടതെന്നു മുത്തശ്ശി പറയുമ്പോൾ കുട്ടിയായിരുന്ന താൻ അത് എത്ര അത്ഭുതത്തോടെയാണ് കേട്ടിരുന്നത് എന്ന് ബാലൻ ഓർത്തു.
ഏക മകന്റെയും  മരുമകളുടെയും വേർപാടിന്റെ ദുഖത്തിലും നിധികാക്കുന്ന ഭൂതത്തിന്റെ കരുതലോടെ തന്നെ വളർത്തി വലുതാക്കി യാത്ര പറഞ്ഞുപോയ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സാന്നിധ്യം ഇപ്പോഴും തന്റെയൊപ്പമുണ്ടെന്നു  ബാലൻ വിശ്വസിച്ചു.
അനാഥനാണെന്നുള്ള  തോന്നൽ തന്നെ ഒരിക്കൽപ്പോലും അലട്ടിയില്ല.
ജീവിതത്തിന്റെ  നല്ല പാഠങ്ങൾ  പഠിപ്പിച്ചു പടികടന്നു പോകുമ്പോഴും, മുത്തശ്ശിയുടെ വാത്സല്യം നിറഞ്ഞു തുളുമ്പുന്ന സ്വരത്തിന്റെ പ്രതിധ്വനി തൊടിയിലാകെ  പിന്നെയും നിറഞ്ഞു നില്ക്കുന്നതുപോലെയാണ് ബാലന് ഇപ്പോഴും  തോന്നാറ്.
പ്ലാവിലക്കുമ്പിളിൽ പെറുക്കിക്കൂട്ടുന്ന മുരിങ്ങപ്പൂക്കൾ കൈനീട്ടി വാങ്ങുമ്പോൾ  "ഇത് കുറെയേറെയുണ്ടല്ലോ ഉണ്ണി..” എന്നു പറയുന്ന ശബ്ദത്തിന്റെ അതേ പ്രതിധ്വനി.  
വരാന്തയിൽ നിന്നും പടികൾ  ചവിട്ടി മുറ്റത്തേക്കിറങ്ങി ബാലൻ.
തൊടിയിലാകെ നല്ല നിലാവെളിച്ചം ഉണ്ടായിരുന്നു. കൊഴുത്തുരുണ്ട  മഞ്ഞത്തവളകളുടെ സംഘ ഗാനത്തിനൊപ്പം അന്തരീക്ഷമാകെ ചീവീടുകളുടെ പാശ്ചാത്യസംഗീതവും നിറഞ്ഞു നിന്നു.
പുതുമഴയുടെ ആർഭാടം പ്രകൃതിയാകെ ഉത്സവമാക്കി മാറ്റിയിരിക്കുന്നു.
പക്ഷെ എവിടെയോ ഒരു ശൂന്യത ബാലന്റെ മനസ്സിൽ  തിക്കും തിരക്കും കൂട്ടി.
മുൻവശത്തെ മുറ്റത്തുകൂടെ  ബാലൻ വെറുതെ അങ്ങോട്ടുമിങ്ങോട്ടും   നടന്നു .
മുരിങ്ങ നിന്നിടത്തേക്ക് മിഴികൾ എപ്പോഴോ എത്തിനോക്കി.
അവിടം ശൂന്യമായിരുന്നു. നിലംപറ്റെ മറിഞ്ഞു കിടക്കുന്ന മുരിങ്ങമരം കാഴ്ചയിൽപ്പെട്ടപ്പോൾ മനസ്സിൽ പിടയുന്ന വേദന തോന്നി.
മഴ നന്നായി പെയ്തെങ്കിലും കാറ്റു ശക്തമായിട്ടുണ്ടായിരുന്നില്ല. ഇതിനുമുൻപും പലവട്ടം ശാഖകൾ കാറ്റത്ത് ഒടിഞ്ഞുവീണിട്ടുണ്ടെങ്കിലും  മരം എന്നും കാലത്തെ അതിജീവിച്ചിരുന്നു.
ഒന്നും ശാശ്വതമല്ല !
വെറുമൊരു ദുർബല വൃക്ഷം. പക്ഷെ തനിക്കത് ജീവിതത്തിൻറെ ഭാഗമായിരുന്നു. ഇനിയൊരിക്കലും ചെളിപുരണ്ട വെള്ള നിറത്തിലുള്ള പൂക്കൾ ഇളം കാറ്റിൽ പൊഴിഞ്ഞു വീഴുകയില്ല.
വരാന്തയിലെ വെളിച്ചത്തിലേയ്ക്കു വീണ്ടും കയറുമ്പോൾ നിലതെറ്റി താഴേക്ക് വീഴുന്ന ഗൗളിയെ കണ്ടു.
ഒരു നിമിഷം അത് നിശ്ചലമായി. പിന്നെ പ്രാണഭയത്തോടെ ദിശയറിയാതെ ഝടുതിയിൽ ഭിത്തിയിലേക്ക് ഇഴഞ്ഞു കയറി.
കിടപ്പുമുറിയിൽ  ലൈറ്റിടുന്ന ശബ്ദവും തുടർന്ന് സുമയുടെ പരിഭ്രാന്തി നിറഞ്ഞ വിളിയും കേട്ടു.         
“ബാലേട്ടാ…”
“ഞാനിവിടുണ്ട് സുമേ”.
വരാന്തയിൽ നിന്നും ബാലൻ വിളികേട്ടു. ഉറക്കത്തിനിടയിൽ തന്നെ കാണാതായതിന്റെ ആകുലതയാണ് സുമയുടെ ശബ്ദത്തിലെന്ന് ബാലൻ തിരിച്ചറിഞ്ഞു.
അഴിഞ്ഞ മുടിച്ചുരുളുകൾ വാരിയൊതുക്കി സുമ വരാന്തയിലെ വെളിച്ചത്തിലേയ്ക്കു വന്നു
“ഇതെന്താ ബാലേട്ടാ....ഈ പാതിരാത്രിയിൽ”.
അവളുടെ ശബ്ദത്തിൽ പരിഭവവും സങ്കടവും കലർന്നിരുന്നു.  “ഞാൻ ശരിക്കും പേടിച്ചുപോയി” .
ബാലന് കുറ്റബോധം തോന്നി. ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു ,"നല്ല ഉറക്കം കിട്ടിയില്ല സുമേ. എന്നാലിത്തിരി നേരം ഈ വരാന്തയിൽ നിലാവെളിച്ചം കണ്ടിരിക്കാം എന്ന് വിചാരിച്ചു. നീ ഉണരുമെന്ന് വിചാരിച്ചില്ല.”
“ബാലേട്ടന് എല്ലാം കുട്ടിക്കളിയാ...കൂടെക്കിടന്ന ആളെ രാത്രിയുടെ മധ്യത്തിൽ കാണാതായാൽ…” സുമയുടെ സ്വരം ഇടറിപോയി.
“മതി നിലാവ് കണ്ടത്. വാ പോയി കിടക്കാം”.
“ശരി നീയെന്റെ ഭാര്യ മാത്രമല്ലല്ലോ. അമ്മായിയമ്മ കൂടിയാണല്ലോ. അനുസരിച്ചേക്കാം.”
ബാലൻ തമാശ മട്ടിൽ പറഞ്ഞു.
“ബാലേട്ടന് എല്ലാം  തമാശയാ”.
ഉറക്കം അകന്നുനിന്ന അടുത്ത ചില യാമങ്ങളിൽ സുമയും ബാലനും ഇരുട്ടിന്റെ ശൂന്യതയിലൂടെ മച്ചിലേക്ക് നോക്കിക്കിടന്നു.
എപ്പോഴോ നേർത്ത ശബ്ദത്തിൽ സുമ വിളിച്ചു.  “ബാലേട്ടാ...?”
“ എന്താ സുമേ ? “
മച്ചിൽ നിന്നും ദൃക്ഷ്ടികൾ പറിച്ച്‌  സുമ ബാലന് അഭിമുഖമായി കിടന്നു.
അവളുടെ കൈവിരലുകൾ ബാലന്റെ മാറിലെ ഇടതൂർന്ന രോമങ്ങളിലൂടെ മൃദുവായി ഇഴഞ്ഞുനീങ്ങി.
“ഞാനൊരു കാര്യം പറയട്ടെ?”
“പറയൂ സുമേ..”
“നമുക്കീ വീട് വിൽക്കണ്ട ബാലേട്ടാ.”
“അതെന്താ പെട്ടെന്നൊരു മനംമാറ്റം?”.
സുമയുടെ നേരെ നോക്കാതെ തന്നെ ബാലൻ ചോദിച്ചു.
“മനം മാറ്റമല്ല ബാലേട്ടാ. ബാലേട്ടൻ ജനിച്ചുവളർന്ന വീടല്ലേ ഇത് ?  അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാവരും ജീവിച്ചു മരിച്ചത് ഇവിടെത്തന്നെയല്ലേ? അവരുടെ ആത്മാക്കൾ വസിക്കുന്നത് ഇവിടെയല്ലേ?  ജീവിച്ചനുഭവിച്ച ഈ അന്തരീക്ഷത്തിൽ നിന്നും എന്നെന്നേക്കുമായുള്ള ഒരു വേർപാട് ബാലേട്ടന് താങ്ങുവാൻ കഴിയുകയില്ല. കേശുമാമൻ തന്നെ വീടും പുരയിടവും ഇനിയും നോക്കി നടത്തട്ടെ. നമ്മൾ വലിയൊരു തുകയൊന്നും അതിനു വേണ്ടി കേശുമാമനു കൊടുക്കിന്നില്ലല്ലോ?”.
“ഉം ..” ബാലൻ മൂളി .
“എന്താ വെറുതെ മൂളുന്നത് ? ഞാൻ പറഞ്ഞത് ശരിയല്ലേ?”
സുമ വീണ്ടും വിരലുകൾകൊണ്ട് ബാലന്റെ നെഞ്ചിൽ ചിത്രങ്ങൾ വരച്ചു.
“ആലോചിക്കാം സുമേ. ഇനിയും സമയമുണ്ടല്ലോ.”
എപ്പോഴോ അവർ പരസ്പരം പുണർന്ന്  ഗാഢനിദ്രയിൽ ആണ്ടു .
പിറ്റേന്ന് ബാലൻ ഉണരുമ്പോൾ പ്രഭാതം ശരിക്കും വിടർന്നു കഴിഞ്ഞിരുന്നു.
സുമയെ അരികിൽ കാണാനുണ്ടായിരുന്നില്ല. അവൾ പുലരും മുൻപേ അടുക്കളയിൽ കയറിക്കാണും.
കുട്ടികൾ രണ്ടുപേരും ഇപ്പോഴും ഉറക്കത്തിലാണ്. മുറിയിൽ രണ്ടു കട്ടിലുകൾ ചേർത്തിട്ടിരിക്കുന്നതിനാൽ എല്ലാവർക്കും കിടക്കാൻ സൗകര്യം ധാരാളമുണ്ട്.
നിഷ്കളങ്കതയുടെ നൈർമല്ല്യം നിറഞ്ഞ അവരുടെ മുഖത്തേക്ക് ബാലൻ അഭിമാനം നിറഞ്ഞ  വാത്സല്യത്തോടെ നോക്കി. തണുപ്പില്ലെങ്കിലും കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നതിനു മുൻപേ കുട്ടികളുടെ കഴുത്തറ്റം വരെ പുതപ്പു വലിച്ചിട്ടു. പിന്നെ ഇരുവരുടെയും മൂർധാവിൽ അരുമയോടെ ചുംബിച്ചു.
കട്ടിലിൽ നിന്നും എഴുന്നേൽക്കുമ്പോൾ വാതിൽപ്പടിയിൽ സുമയുടെ ശബ്ദം കേട്ടു.
“അല്ല, ബാലേട്ടൻ ഉണർന്നിരുന്നോ?”
അവൾ രാവിലെ തന്നെ കുളിച്ച്‌ ഈറൻ തുവർത്തിയിരുന്നു. തുമ്പുകെട്ടിയ മുടിയുടെ ഇഴകളിൽ നിന്നും ഒരു തുളസിക്കതിർ പുറത്തേക്കു തലനീട്ടി ബാലനെ ഒളിഞ്ഞു നോക്കി.
മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. നെറ്റിയിൽ ചന്ദനം ചാർത്തിയിട്ടുണ്ട്.
ചുണ്ടിൽ പൂർണ ചന്ദ്രൻ  നറുനിലാവ് തൂകി പുഞ്ചിരിയോടെ നിൽക്കുന്നു.
ഇത് നിത്യേനെയുള്ള കണികാഴ്ചയാണ്.
ബാലൻ പറഞ്ഞു, “ഇപ്പോൾ ഉണർന്നതേയുള്ളൂ. നേരം പുലർന്നത് അറിഞ്ഞതേയില്ല”.
സുമയുടെ മുഖത്ത് അർത്ഥവത്തായ ഒരു ചിരി വിരിഞ്ഞു.
“ബാലേട്ടൻ മുഖം കഴുകി വരൂ, കാപ്പി തയ്യാറാണ്.”
പത്തു മണിയായപ്പോൾ ബാലൻ വേഷം മാറി പുറത്തിറങ്ങി.  കേശുമാമയെ കാണുകയായിരുന്നു ലക്ഷ്യം. ഒരു കിലോമീറ്ററോളം ദൂരമുണ്ട് കേശുമാമയുടെ വീട്ടിലേക്ക്.
നാട്ടുവഴിയിലൂടെയുള്ള നടപ്പിനിടയിൽ തലേ രാത്രിയിൽ സുമ പറഞ്ഞ കാര്യം ബാലനോർത്തു,
"അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാം ജീവിച്ച വീടല്ലേ ബാലേട്ടാ ഇത് ."
വീടും പരിസരങ്ങളുമായി തനിക്കുള്ള ബന്ധം അഭേദ്യമാണെന്ന്  ബാലന് തോന്നി. വിൽക്കാൻ ഒരു ശതമാനം പോലും ഇഷ്ടമില്ല. പക്ഷെ ജോലിയും പ്രാരാബ്ധങ്ങളുമായി വിദൂരമായ മറ്റൊരു നഗരത്തിൽ സ്ഥിരതാമസമാക്കിയ തനിക്ക് ഇതൊരു അവധിക്കാലവസതി പോലെയായിക്കഴിഞ്ഞു. മാത്രമല്ല ഓർമകളല്ലാതെ തനിക്കിവിടെ ബന്ധുക്കളെന്ന് പറയുവാൻ ആരുമില്ല. പേരിനു പറയാൻ അകന്ന ബന്ധത്തിൽ ഒരു കേശുമാമ മാത്രം.
ചിന്തകളിൽ മുഴുകി കേശുമാമയുടെ വീട്ടുപടിക്കൽ എത്തിയ കാര്യം ബാലൻ അറിഞ്ഞില്ല.
വീണ്ടും മുന്നോട്ടു കുറച്ചു ചുവടുകൾ കൂടി വെച്ചുകാണും. പിന്നിൽ നിന്നും ഒരു വിളി കേട്ടു,
"ബാലാ നീയിതെങ്ങോട്ടാ?".
തിരിഞ്ഞുനോക്കി. മരച്ചീനിക്ക് മൂട് വെട്ടിക്കൊണ്ടിരുന്ന കേശുമാമ പണിനിർത്തി തൂമ്പാക്കൈയ്യിൽ കയ്യൂന്നി തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ  ബാലന്റെ മുഖം ഒന്ന് വിളറി.  ഒരു ഇളിഭ്യച്ചിരിയോടെ ബാലൻ പറഞ്ഞു.
"ഞാൻ വീട്ടിലേക്കു തന്നെയാ അമ്മാവാ", ഇവിടെ വന്ന മാറ്റങ്ങൾ കണ്ടപ്പോൾ കുറച്ചുകൂടി മുന്നോട്ടു നടന്നുനോക്കിയെന്നേയുള്ളൂ.
യുക്തിക്ക് ഉചിതമെന്ന് തോന്നിയ ചെറിയൊരു കള്ളം പറഞ്ഞു.
“ഇപ്പൊ എല്ലായിടത്തും പരിഷ്ക്കാരമല്ലേ ബാലാ. നാട്ടിൻപുറം എന്നൊക്കെ പറയുമ്പോൾ അതെന്താണെന്ന് കൂടി വിശദീകരിച്ചു കൊടുക്കേണ്ടി വരും  അടുത്ത തലമുറകൾക്ക്.
അത് പോട്ടെ വരുന്ന വിവരത്തിനു നീ കത്തൊന്നും അയച്ചു കണ്ടില്ലലോ?”
കേശുമാമ മറുപടി അയക്കാത്തതിന്റെ   കാരണം ബാലന് മനസ്സിലായീ. താനയച്ച കത്ത് എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു.
എങ്കിലും ചോദിച്ചു,"ഞാൻ കത്തയച്ചിരുന്നു മാമ, അതിവിടെ കിട്ടിയില്ലേ?"
“അത് കൊള്ളാം ...കത്ത് കിട്ടീരുന്നെങ്കിൽ നീ എപ്പോ വന്നു എന്ന് ഞാൻ ചോദിക്കുവോ ബാലാ. അതുപോട്ടെ, സുമയും കുട്ടികളും എവിടെ?”
“അവരെ പിന്നെയൊരു ദിവസം കൂട്ടാമെന്ന് വിചാരിച്ചു മാമാ.” ബാലൻ പറഞ്ഞു. 
“അവരെക്കൂടി കൂട്ടാമായിരുന്നു നിനക്ക്. അത് പോട്ടെ നീ വീട്ടിലേക്കു വാ”. മിക്കവാറും എല്ലാ  സംഭാഷണത്തിന്റെയും   തുടക്കത്തിൽ  ‘അത് പോട്ടെ’ എന്ന് പറയുക കേശുമാമയുടെ ഒരു ശീലമായിരുന്നു. അവസരത്തിലും അനവസരത്തിലും ആ വാക്കുകൾ  ഗ്രാമീണ ശുദ്ധത നിറഞ്ഞു നിന്ന  ആ വൃദ്ധന്റെ വായിൽ നിന്നും അറിയാതെ വഴുതിവീണു.
മണ്ണിന്റെ കറപുരണ്ട തവിട്ടു നിറത്തിലുള്ള  ഈരെഴ തോർത്തായിരുന്നു കേശുമാമയുടെ വേഷം. വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറഞ്ഞ തവിട്ടു നിറത്തിലുള്ള തൊലിക്കുള്ളിലിപ്പോഴും ഊർജ്ജസ്വലനായ ഒരു കേശുമാമൻ ഒളിഞ്ഞിരിപ്പുണ്ടെന്ന്  ചടുലമായ ആ നടത്തം ബാലനോട് വിളിച്ചു പറഞ്ഞു.     
ഓടിട്ട പഴയ വീടിന്റെ  വരാന്തയിലേക്ക് കയറുന്ന പടിയിൽ വെച്ചിരുന്ന ഓട്ടുകിണ്ടി ചൂണ്ടിക്കാണിച്ചുകൊണ്ട് കേശു മാമൻ പറഞ്ഞു,
"ആ വെള്ളമെടുത്തു കാൽ കഴുകിക്കോളൂ ബാലാ, ഞാൻ കിണറ്റിൻകരയിൽ  പോയി  ഈ ചെളിയൊക്കെ ഒന്ന് കഴുകി വരാം”.
ഒപ്പം അകത്തേക്ക് നോക്കി നീട്ടി  ഒരറിയിപ്പും,
"ലക്ഷ്മീ, ഇതാരാണ് വന്നേക്കണതെന്ന് നോക്കിക്കേ”
കിണ്ടിയിൽ നിന്നും വെള്ളമൊഴിച്ച് കാൽ കഴുകുമ്പോൾ ആകാംക്ഷ നിറഞ്ഞ മുഖവുമായി ലക്ഷ്മിക്കുട്ടിയമ്മ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. അവരുടെ മുഖത്ത് ആദ്യം വിരിഞ്ഞ ഭാവം അത്ഭുതമായിരുന്നു.
“ഇതാര് ബാലനോ? സുമയും കുട്ടികളും എവിടെ? വരുന്ന വിവരത്തിനു നീ എഴുതിയതേയില്ലല്ലോ.?” 
ഒറ്റശ്വാസത്തിൽ പല ചോദ്യങ്ങൾ ലക്ഷ്മിക്കുട്ടിയമ്മയുടെ വായിൽ നിന്നും ഉതിർന്നുവീണു.
“വരുന്ന വിവരത്തിനു ഞാൻ കത്തയച്ചിരുന്നൂ അമ്മായീ, പക്ഷെ അതെവിടെയോ ന്ഷ്ടപ്പെട്ടൂന്നു തോന്നണൂ. അമ്മാവനും ഇത് തന്നെ ചോദിച്ചു.”
“നമ്മുടെ തപാൽ വകുപ്പിന്റെ കാര്യല്ലേ...ഒന്നും പറയാണ്ടിരിക്കുവാ ഭേദം.”  കത്ത് ലഭിക്കാത്തത് തപാൽ വകുപ്പിന്റെ അനാസ്ഥയായി അവർ പഴിചാരി.
“നീ   ഇരിക്കൂ  ബാലാ വന്നകാലിൽ തന്നെ നില്ക്കാണ്ട് “. പഴയ ചൂരൽക്കസേരകളിൽ ഒന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ലക്ഷ്മിക്കുട്ടിയമ്മ  ആതിഥ്യമര്യാദ  പറഞ്ഞു.
കസേരയിൽ അമർന്നിരിക്കുമ്പോൾ പഴക്കത്തിന്റെ  മൂളലും ഞരക്കവും അതിന്റെ ഏതൊക്കെയോ ഭാഗങ്ങളിൽ  നിന്നും അരോചകമായ ശബ്ദമുണ്ടാക്കി.
“രാവിലെ തന്നെ നല്ല പുഴുക്കം. കുറച്ചു നടക്കുക കൂടി ചെയ്തപ്പോൾ പറയാനുമില്ല”. വരാന്തയുടെ അരഭിത്തിയിൽ കിടന്നിരുന്ന പഴയ ഒരു വാരിക കൈയെത്തിച്ചെടുത്തു വീശിക്കൊണ്ട് ബാലൻ പറഞ്ഞു.
“അതെയതെ…. ഇപ്പോൾ വെയിലിനു പണ്ടത്തേക്കാൾ ചൂട് കൂടുതലാണ്.
ഞാൻ കുടിക്കാൻ കുറച്ചു സംഭാരം  എടുക്കാം ബാലാ.”
അകത്തേക്ക് പോകുവാൻ തുനിഞ്ഞ ലക്ഷ്മിക്കുട്ടിയമ്മയെ കൈയുയർത്തി തടഞ്ഞുകൊണ്ട് ബാലൻ പറഞ്ഞു.
“ഒന്നും വേണ്ട ലക്ഷ്മി അമ്മായി, ഞാനിപ്പോൾ പ്രാതൽ കഴിച്ചിറങ്ങിയതേയുള്ളൂ”.
“ആവി കുറച്ചു കുറയും ബാലാ, മാമ  പറമ്പിൽ  എന്തെങ്കിലും പണി ചെയ്യുമ്പോൾ സംഭാരം നിർബന്ധമാണ്. അതുകൊണ്ട്  രാവിലെ തന്നെ ഞാനത് ഉണ്ടാക്കി വെച്ചിട്ടുണ്ട്”.
“എന്നാൽ  എടുത്തോ, പക്ഷെ ചെറിയൊരു ഗ്ലാസ്സിലേ എടുക്കാവൂ”. ബാലൻ  ഒരു വ്യവസ്ഥ വെച്ചു.
മുത്തശ്ശിയോടും മുത്തശ്ശനോടും ഉണ്ടായിരുന്ന അതേ സ്വാതന്ത്ര്യം തന്നെയാണ് കേശുമാമയോടും ലക്ഷ്മിഅമമ്മായിയോടും ബാലനുണ്ടായിരുന്നത്.  മക്കളില്ലാത്ത ആ ദമ്പതികൾക്ക് ബാലൻ ഒരു മകനെപ്പോലെ തന്നെയായിരുന്നു.
കൈയ്യിൽ ചെറിയൊരു ഓട്ടുമൊന്തയിൽ നിറയെ സംഭാരവുമായി ലക്ഷ്മിക്കുട്ടിയമ്മ വീണ്ടും വരാന്തയിലേക്ക് കടന്നുവന്നു. മൊന്ത കൈനീട്ടി വാങ്ങുമ്പോൾ ബാലൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എനിക്കറിയാമായിരുന്നു അമ്മായി ഇങ്ങനെയേ ചെയ്യൂ എന്ന്.”
“അത് കുറച്ചേയുള്ളൂ ബാലാ. ഇഞ്ചിയും, പച്ചമുളകും, കറിവേപ്പിലയുമെല്ലം നന്നായി ചേർത്തുണ്ടാക്കിയതാണ്. പിന്നെ നിനക്ക് സംഭാരം പണ്ടേ ഇഷ്ടമാണല്ലോ.”
 ലക്ഷ്മിക്കുട്ടിയമ്മ ന്യായീകരിച്ചു.
ബാലൻ മൊന്തയിൽ നിന്നും കുറച്ചു സംഭാരം രുചിച്ചുനോക്കി. മോരിന്റെ പുളിയോടൊപ്പം ഇഞ്ചിയുടെയും പച്ചമുളകിന്റെയും സമ്മിശ്രരുചി നാവിന്റെ രസമുകുളങ്ങളിൽ കുളിർമയുടെ സുഖം പകർന്നു.
“നന്നായിട്ടുണ്ട് അമ്മായി. എല്ലാ ചേരുവകൾക്കുമൊപ്പം ഉപ്പും പാകത്തിന് തന്നെ”.
“അത് നീയെന്നെ വെറുതെ പുകഴ്ത്തുന്നതല്ലേ ബാലാ. അത്രക്കൊന്നുമില്ല”.
ലക്ഷ്മിക്കുട്ടിയമ്മ വിനയാന്വിതയായി.
മുറ്റത്തെ അയയിൽ കിടന്നിരുന്ന തോർത്തുമുണ്ടിൽ കൈകളും മുഖവും തുടച്ചുകൊണ്ട് കേശുമാമ വരാന്തയിലേക്ക് കയറിവന്നു. കസേരയിൽ നിന്നും ബഹുമാനപൂർവം എഴുന്നേൽക്കാൻ തുടങ്ങിയ ബാലനെ കൈയുയർത്തി തടഞ്ഞുകൊണ്ട് മാമ പറഞ്ഞു,
“നീ അവിടെയിരിക്കൂ ബാലാ.”
പിന്നെ ഭാര്യയോടായി പറഞ്ഞു,
 “കുറച്ചു സംഭാരം എനിക്ക് കൂടി എടുത്തോള് ലക്ഷ്മി”.
വിശേഷങ്ങളുടെ കൈമാറ്റങ്ങൾക്കിടയിൽ വീടും പറമ്പും വില്ക്കുന്ന കാര്യം ബാലൻ കേശുമാമയോടു സൂചിപ്പിച്ചു.
ആദ്യം ഒരു അവിശ്വസനീയതയായിരുന്നു വൃദ്ധന്റെ മുഖത്ത് നിഴലിച്ചുകണ്ടത്. നിമിഷനേരം നീണ്ട അർത്ഥവത്തായ മൗനത്തിനുശേഷം ഒരു ചോദ്യം ഉയർന്നു,
“പറിച്ചെറിഞ്ഞു പോവുകയാണല്ലേ?”   
നൊമ്പരത്തിന്റെ തീവ്രതയുണ്ടായിരുന്നു സ്വരത്തിന്.
വീണ്ടും ചോദ്യം,
“തീരുമാനിച്ചുറച്ചോ?”
മാമയുടെ ഭാവമാറ്റം ബാലൻ ശ്രദ്ധിക്കുകയായിരുന്നു.
സംഭാരത്തിന്റെ എരിവും പുളിയും ചുണ്ടുകളിൽ നിന്നും നാവുകൊണ്ട് തുവർത്തി മാറ്റി ബാലൻ പറഞ്ഞു.
“കഴിഞ്ഞ ചില മാസങ്ങളായി ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു കേശുമാമാ....പെൻഷൻ ആകുന്നിടം വരെ ഇവിടെയൊരു താമസം സാധ്യമല്ല. കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും നോക്കണമല്ലോ? വീടും പറമ്പും വിറ്റാൽ  കിട്ടുന്ന പണവും കുറച്ചു ലോണും കൂട്ടി അവിടെത്തന്നെ ഒരു ഫ്ലാറ്റു വാങ്ങിക്കാമെന്ന് വിചാരിക്കുകയാണ് ഞാൻ.”
“പക്ഷെ അങ്ങനെ വിട്ടെറിഞ്ഞ് പോകാൻ പറ്റ്വോ ഉണ്ണി നിനക്ക്? എത്ര തലമുറകൾ ഉറങ്ങുന്ന മണ്ണാണത്.”
കേശുമാമയുടെ ശബ്ദം നന്നേ താണിരുന്നു അത് പറയുമ്പോൾ.
തന്റെ മുൻപിൽ ഇരിക്കുന്നത് കേശുമാമയല്ല മുത്തശ്ശനാണെന്ന് ബാലന് തോന്നി.
‘ഉണ്ണി’ എന്നുള്ള വിളി അപൂർവമായി മാത്രമേ കേശുമാമയിൽ നിന്നും പുറപ്പെടാറുള്ളൂ.
ബാലന് ആകെ അസ്വസ്തത തോന്നി.
സുമയുടെ ശബ്ദം കേശുമാമയുടെ ശബ്ദത്തിലൂടെ പ്രതിഫലിക്കുകയാണെന്ന് അയാൾ ഭയപ്പെട്ടു.
“ഞാനൊരു കാര്യം പറയട്ടെ? നമുക്കീ വീട് വിൽക്കണ്ട......ജീവിച്ചനുഭവിച്ച ഈ അന്തരീക്ഷത്തിൽനിന്ന് എന്നെന്നേക്കുമായി ഒരു വേർപാട് ബാലേട്ടന് താങ്ങുവാൻ കഴിയുകയില്ല....”         
ജീവിതത്തിന്റെ പ്രായോഗികതയും ആത്മബന്ധങ്ങളുയർത്തുന്ന ഗൃഹാതുരചിന്തകളും ബാലന്റെയുള്ളിൽ ശക്തമായ വടംവലി നടത്തി.
പൊക്കിൾക്കൊടി ബന്ധം പോലെ പിരിഞ്ഞാലും പിരിയാത്ത ബന്ധമാണ് തനിക്കീ നാടിനോടുള്ളത്.  ഈ മണ്ണിൽ കാലുകുത്തുമ്പോൾ തന്നെ ഹൃദയത്തിൽ വികാരങ്ങളുടെ കവിഞ്ഞൊഴുക്കാണ്.
യാന്ത്രികമായ ജീവിതത്തിന്റെ സൗകര്യമുള്ള പാരതന്ത്ര്യത്തിൽ നിന്നും അസൗകര്യങ്ങളുടെ അയാന്ത്രികമായ സ്വാതന്ത്ര്യത്തിലേക്കാണ് കാല് കുത്തുന്നതെന്നാണ്  ഇവിടെ വന്നിറങ്ങുന്ന ഓരോ നിമിഷവും തോന്നാറുള്ളത്.
 ഈ മണ്ണും, വെള്ളവും, ബാല്യം മുതൽ കണ്ടുപഴകിയ മുഖങ്ങളും  മനസ്സിന്റെ ഗൂഢഭാഗങ്ങളിൽ ചേക്കേറി സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു.
പെട്ടെന്നുള്ള  പറിച്ചുനടീൽ ഒരു പക്ഷെ ആത്മഹത്യാപരമായിരിക്കും.
ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത മുത്തശ്ശിയുടെ ഉണ്ണിയാണ് താനിപ്പോൾ എന്ന് ബാലന് തോന്നി.
നീല ഞരമ്പുകൾ എഴുന്നുനില്ക്കുന്ന വെളുത്ത് ദുർബലമായ ആ കരങ്ങൾ ബാല്യത്തിലെന്ന പോലെ തന്നെയൊന്ന് ആലിംഗനം ചെയ്തു മൂർധാവിൽ ചുംബിച്ചിരുന്നെങ്കിൽ എന്ന് ബാലൻ ആഗ്രഹിച്ചു.
കോതത്തോടിന്റെ തെളിനീർ വെള്ളത്തിൽ പരൽമീനുകൾക്കൊപ്പം ഒരിക്കൽക്കൂടി നീന്തിത്തുടിച്ചു മുങ്ങി നിവർന്നാൽ തന്റെ സന്ദേഹങ്ങൾക്ക്  മറുപടി ലഭിക്കും എന്ന് മനസ്സ് വെറുതെ പിറുപിറുത്തു .
“നമുക്കാലോചിക്കാം മാമാ....ഞാനിപ്പോൾ ഇറങ്ങട്ടെ”.
കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ, എന്തോ ആവശ്യത്തിനായി ഉമ്മറത്തേക്ക് വന്ന ലക്ഷ്മിക്കുട്ടിയമ്മ ചോദിച്ചു,
“അല്ല ബാലൻ ഇറങ്ങുവാ? ഊണ് കഴിഞ്ഞിട്ടേ പോകുള്ളൂന്നു ഞാൻ വിചാരിച്ചു. വർത്താനം കൂടി ചോദിച്ചില്ലല്ലോ.”
“ഇന്നിപ്പോൾ ധൃതിയുണ്ട്  അമ്മായി. ഇനിയും ദിവസങ്ങൾ ധാരാളമുണ്ടല്ലോ.  മറ്റൊരു ദിവസം ഞങ്ങൾ എല്ലാവരും കൂടി വരുന്നുണ്ട്”. 
രണ്ടുപേരോടും യാത്രപറഞ്ഞ് മുറ്റത്തേക്കുള്ള പടവുകളിറങ്ങുമ്പോൾ എങ്ങനെയും വീടെത്തുവാനുള്ള ധൃതിയായിരുന്നു ബാലന്.
********************************************************************* 

മനസ്സിൽ നടന്ന ഒരുപാട് തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഒടുവിൽ ബാലൻ തീരുമാനിക്കുകയായിരുന്നു, വീട്  വില്ക്കാമെന്ന് തന്നെ.
കേശുമാമയോട് വിവരം പറയുമ്പോൾ, വിഷാദം നിറഞ്ഞ ചിരിയോടെ മാമ പറഞ്ഞു,
"നീ പറയുന്നതിലും കാര്യമുണ്ട് ബാലാ, വില്ക്കരുത് എന്ന് പറഞ്ഞതിൽ ഈ വൃദ്ധന്റെ സ്വാർത്ഥതയുമുണ്ട് എന്ന് കൂട്ടിക്കോളൂ….ഇനിയിപ്പോ എത്ര കാലം എനിക്കും ഇതൊക്കെ നോക്കി നടത്താനാവും.”
“മാമ എന്നോട് ക്ഷമിക്കണം. ഇവിടം വിട്ടുപോകാൻ നൊമ്പരമുണ്ട്. പക്ഷെ മറ്റൊരു മാർഗ്ഗവും ഞാൻ മുൻപിൽ കാണുന്നില്ല.”

“എനിക്കറിയാം ബാലാ. നീ വിഷമിക്കാതിരിക്കു. എല്ലാം നല്ലതിനാണെന്ന് നിരൂവിക്കാം. പീടികക്കലെ ബാപ്പുട്ടീടെ മോൻ അന്ത്രുവിനോട് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവനിപ്പോൾ കച്ചവടമൊക്കെ നിർത്തി ബ്രോക്കറ് പണിയാ.”
യാഥാർത്ഥ്യത്തെ  ഉൾക്കൊണ്ടുകഴിഞ്ഞ അനുഭവജ്ഞാനത്തിന്റെ സ്വഛതയായിരുന്നു കേശുമാമയുടെ സ്വരത്തിന്.

 സുമക്ക് പക്ഷെ  അത്ഭുതമായിരുന്നു .
വിൽക്കണമെന്ന് പറഞ്ഞെങ്കിലും കാര്യത്തോടടുക്കുമ്പോൾ താൻ പിന്മാറുമെന്നൊരു വിശ്വാസം അവളുടെ ഉള്ളിലുണ്ടായിരുന്നത് പോലെയാണ് ബാലന് തോന്നിയത്.
ചിലരൊക്കെ വീടും പുരയിടവും കാണുവാൻ വന്നപ്പോൾ അവൾ പറഞ്ഞു.
“ഞാൻ ബാലേട്ടനെ അത്രക്കങ്ങു വിശ്വസിച്ചിരുന്നില്ല, വീട് വിൽക്കണമെന്ന് പറഞ്ഞപ്പോൾ. 
ഇപ്പോൾ എന്തോ പ്രിയപ്പെട്ടത് നക്ഷ്ടപ്പെടുവാൻ പോകുന്നത് പോലൊരു തോന്നൽ”.
“നിനക്കും അങ്ങനൊരു തോന്നലുണ്ടോ?
ആരുണ്ട് സുമേ നമുക്കിവിടെ? എന്നെ സംബന്ധിച്ച് കണ്മുൻപിൽ കാണുന്നതെന്തും ഓർമ്മകളുടെ ശവപ്പറമ്പ് മാത്രയായിരിക്കുന്നു.
അച്ഛനെയും അമ്മയെയും ഓർമ്മ പോലുമില്ല. ആകെയുണ്ടായിരുന്നത് മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ്. അവർ കൂടി പോയിക്കഴിഞ്ഞപ്പോൾ തീർത്തും അനാഥരായില്ലേ നമ്മൾ ?
നൽകിയതിനേക്കാൾ കൂടുതൽ ഈ നാട് എന്നിൽ നിന്നും പറിച്ചെടുത്തു. എന്നിട്ടും എനിക്ക് കുടഞ്ഞെറിയുവാൻ കഴിയുന്നില്ലലോ എന്ന് ഞാൻ സങ്കടപ്പെടുന്നു. കഴിയുന്നു എന്ന് ഞാൻ വെറുതെ ഭാവിക്കുകയാണ്.”
ഒരുവശത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള നിതാന്ത പരിശ്രമം,  മറുവശത്ത് എല്ലാ  നഷ്ടങ്ങൾക്ക് നടുവിലും ഓടിച്ചാടി വളർന്ന മണ്ണിനെ മറക്കാൻ വയ്യാത്ത ആത്മനൊമ്പരം .
“എനിക്ക് ഒരു തീരുമാനത്തിലെത്താൻ പറ്റാതായിരിക്കുന്നു. നീയും കൂടി ഇങ്ങനെ പറഞ്ഞാൽ..”
“ബാലേട്ടാ ഞാൻ..”
സുമ പൂർത്തിയാക്കുന്നതിനു മുൻപേ ബാലൻ പറഞ്ഞു,
“ഇന്ന് അന്ത്രു   ഒരാളെ കൊണ്ടുവരാമെന്നേറ്റിട്ടുണ്ട്. ഗൾഫിൽ കുറെ വർഷങ്ങൾ പണിയെടുത്ത പണം കൈയ്യിലുണ്ടെന്നാണ് പറഞ്ഞത്. അയാൾക്കിഷ്ടപ്പെട്ടാൽ ഒരു പക്ഷെ ഇന്നുതന്നെ എഗ്രിമെന്റ് എഴുതിയേക്കും. ഇനിയും ഒരു ചാഞ്ചാട്ടം പറ്റില്ല സുമേ. അവധി തീരുവാൻ രണ്ടാഴ്ച്ച കൂടിയേ ഇനി  മുൻപിലുള്ളൂ.”
                        ബാലൻ ഇത്രകണ്ട് വൈകാരികമായി സംസാരിക്കുന്നത് സുമ മുൻപ് കണ്ടിട്ടേ ഉണ്ടായിരുന്നില്ല. നീണ്ട ഒരു നെടുവീർപ്പ് സുമയിൽ നിന്നും ഉയർന്നു. 
എല്ലാം ഈശ്വരനിശ്ചയം പോലെ. സ്വയം പിറുപിറുത്തുകൊണ്ട് ഇറയം തൂക്കാനെടുത്ത ചൂല്  കൊണ്ട് മച്ചിന്റെ മൂലയിൽ കണ്ട മാറാല തുടച്ചു നീക്കുവാൻ തുടങ്ങി സുമ.
*******************************************************************************************************
                       ഉച്ചതിരിഞ്ഞ് പറഞ്ഞ ആളെയും കൊണ്ട് അന്ത്രു വന്നു. അയാൾക്ക് വീടും പറമ്പും  ഇഷ്ടമായി. വിലയെ സംബന്ധിച്ച് പേശലുകളൊന്നും തന്നെ ഉണ്ടായില്ല. ചെറിയൊരു തുക വാക്കിന്റെ ഉറപ്പിനായി അയാൾ ബാലന് കൈമാറി. മൂന്നാം ദിവസം തീറാധാരം ചെയ്യുവാൻ തീരുമാനമായതുകൊണ്ട് ഇടയിലൊരു കരാർ ആവശ്യമില്ലെന്ന് ഇരുകൂട്ടരും പരസ്പരം സമ്മതിച്ചു.
വൈകുന്നേരം കേശുമാമയുടെ അടുക്കലോളം പോയി വിവരങ്ങൾ കൈമാറി.  കേശുമാമ എല്ലാം മൂളിക്കേട്ടതല്ലാതെ പ്രത്യേകമായി ഒന്നും തന്നെ പ്രതിവചിച്ചില്ല.
മടങ്ങുവാൻ നേരം പറഞ്ഞു.
“നീ തിരികെ പോകും മുൻപേ ഇത്രടം വരെ ഒരിക്കൽക്കൂടി വരണം”.
എന്തിനാണെന്ന് ചോദിച്ചില്ല. പകരം പറഞ്ഞു,
“വരാം..”
************************************************************************
          
എല്ലാം തീരുമാനമായി. മനസ്സിൽ  ആശ്വാസമാണ് തോന്നേണ്ടത്.
പക്ഷേ,  ദേശാടനക്കിളികളെപ്പോലെ എന്തൊക്കെയോ കൂട്ടത്തോടെ  മനസ്സിൽ പറന്നിറങ്ങുവാൻ തുടങ്ങിയിരുന്നു.
പെയ്യുവാൻ വെമ്പിനില്ക്കുന്ന തുലാമേഘങ്ങളെപ്പോലെ  ഘനം തൂങ്ങി നില്ക്കുന്ന മനോമണ്ഡലത്തിന്റെ അസ്വസ്ഥതയിൽ  നിന്നും രക്ഷനേടുന്നതിനു വേണ്ടി  തൊടിയിലേക്കിറങ്ങി.
മുറ്റത്തിന്റെ   ഓരത്തായി കടപുഴുകി കിടക്കുന്ന വയസ്സൻ  മുരിങ്ങയുടെ മുൻപിൽ ബാലൻ   നിന്നു.
മിഴികൾക്ക് മുൻപിൽ കാഴ്ചകൾ അവ്യക്തങ്ങളാകുന്നത് ബാലൻ തിരിച്ചറിഞ്ഞു.
“ഉണ്ണീ…. ഉണ്ണീ, ഈ കുട്ടി ഇതെവിടെ പോയി ആവോ” എന്ന ശബ്ദത്തിനായി ബാലൻ വെറുതെ കാതോർത്തു.
ഇളം കാറ്റിൽ ഉലയുന്ന ചെറുചില്ലകളിലെ  ഇലകളുടെ മർമ്മരമല്ലതെ മറ്റു ശബ്ദങ്ങളൊന്നും കർണപുടത്തിൽ പതിഞ്ഞില്ല.
പിതൃക്കളുടെ ഭൗതികാവിശിഷ്ടങ്ങൾ വിശ്രമം കൊള്ളുന്ന പറമ്പിന്റെ മൂലയിലേക്ക് ദൃഷ്ടികൾ കുറ്റബോധത്തോടെ ഇഴഞ്ഞു ചെല്ലുമ്പോൾ  വൈകാരിക വിക്ഷോഭം തൊണ്ടയിൽ അണകെട്ടി വിതുമ്പി  നിന്നു.
പിന്നെ  ചുടുനീരുറവയായി  ഇരു  കവിളുകളിലൂടെയും   നിശബ്ദമായി  ഒലിച്ചിറങ്ങി.
മൗനമായി മനം മന്ത്രിച്ചു,
മാപ്പ്….
രാത്രിയായപ്പോൾ ചെറിയ തലവേദനയുണ്ടായിരുന്നു.
സുമ വിക്സ്  നെറ്റിയിൽ പുരട്ടി പതിയെ തടവി.
കുട്ടിയായിരിക്കുമ്പോൾ തലവേദന വന്നപ്പോൾ മുത്തശ്ശി നെറ്റിയിൽ പുരട്ടിത്തന്ന മച്ചിങ്ങ കുഴമ്പിന്റെ കുളിർമ മനസ്സിൽ ഓടിയെത്തി.
സുമ നിർബന്ധിച്ചെങ്കിലും അത്താഴം കഴിച്ചില്ല.
വിശപ്പ് തീരെ ഇല്ലായിരുന്നു. ശരീരമാസകലം കുളിര് അനുഭവപ്പെട്ടു. നേരെത്തെ തന്നെ ഉറങ്ങാൻ കിടന്നു.
രാത്രിയുടെ ഏതോ യാമത്തിൽ ഉപബോധമനസ്സ് സ്വപ്നങ്ങളുടെ തേരിലേറി യാത്ര ആരംഭിച്ചു.  ഇരുട്ടിന്റെ ഇടവഴികളിലൂടെ ബാലൻ ഒഴുകിനടന്നു.
കൈതക്കാടുകളും പരൽ മീനുകൾ നീന്തിക്കളിക്കുന്ന കോതത്തോടും ബാലൻ വായുവിലൂടെ നടന്നു കണ്ടു.
മീനുകൾ  ജലോപരിതലത്തിലേക്ക് ഉയർന്നുവന്ന്  ചോദിക്കുന്നതുപോലെ ബാലന് തോന്നി.
"ആരാത്.. ഉണ്ണിയല്ലേ?"
ചെമ്മൺപാതയിലൂടെ പോകുന്ന കാളവണ്ടികളെ ബാലൻ ആകാശത്ത് നിന്നും കൗതുകത്തോടെ നോക്കി.
കാളവണ്ടിക്കാരുടെ ചാട്ടവാർ  അന്തരീക്ഷത്തിൽ സീൽക്കാരങ്ങൾ ഉതിർത്തില്ല.
ഒരു വണ്ടിക്കാരൻ ചോദിച്ചു,  “ബാലൻ പീടികയിലേക്കാ?  പിറകിൽ കയറിക്കോ, ഞാനും ആ വഴിക്കു തന്നെയാ”.       
ഉമ്മറത്തെ ചാരുകസേരയിൽ നിവർന്നിരുന്ന്  വെറ്റിലയിൽ നൂറു തേക്കുകയാണ് മുത്തശ്ശൻ.
“ഉണ്ണി ആ കോളാമ്പി ഇത്തിരികൂടി ഇങ്ങു നീക്കിവെച്ചോളൂ.” മുത്തശ്ശൻ പറഞ്ഞു.
“കുട്ടീ, ഇനിയും വെള്ളത്തിൽ നിന്ന് കയറാറായില്ലേ നിനക്ക്?”
മുത്തശ്ശിയുടെ പരിഭവം നിറഞ്ഞ ശകാരം അശരീരി പോലെ അന്തരീക്ഷത്തിൽ മുഴങ്ങുന്നു.
“ഇത്തിരി നേരം കൂടി മുത്തശ്ശി”. തന്റെ തന്നെ ചിണുങ്ങലിന്റെ സ്വരം.
“ഇശ്വരാ  ഈ കുട്ടി പറഞ്ഞാൽ  അനുസരിക്കുന്നില്ലലോ”.  വീണ്ടും മുത്തശ്ശിയുടെ പരിഭവത്തിന്റെ ശബ്ദം.
പെട്ടെന്നൊരു നിമിഷം ബാലൻ ഞെട്ടലോടെ കണ്ടു, ഇരുട്ടിന്റെ മറവിൽ നിന്നും തന്റെയടുക്കലേക്ക് നടന്നടുക്കുന്ന  ദംഷ്ട്രകളുള്ള  ജീവിയെ.
ബാലൻ വായുവിലൂടെ അതിവേഗത്തിൽ പറക്കുവാൻ ശ്രമിച്ചു.
കൈകാലുകൾക്കു വേഗം പോര. രോമാവൃതമായ കരങ്ങൾ പിന്നിൽ നിന്നും ബാലന്റെ കഴുത്തിൽ പിടിച്ചു.  ദംഷ്ട്രകൾ കഴുത്തിൽ ആഴ്ന്നിറങ്ങുന്ന വേദന.
തൊണ്ടയിൽ നിന്നും ആർത്തനാദം ദിക്കുകൾ നടുങ്ങുമാറ്‌  മുഴങ്ങി.
“മുത്തശ്ശീ ....”
“ബാലേട്ടാ... ബാലേട്ടാ…”
ബാലന്റെ ആർത്തനാദം കേട്ട സുമ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ബാലനെ കുലുക്കി വിളിച്ചു.
സുമയുടെ ശബ്ദം ഭയം കൊണ്ട് വിറച്ചിരുന്നു.
സുമയുടെ വിളികേട്ട്l കണ്ണുകൾ തുറന്ന ബാലന് എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ല.
ചുറ്റും ഇരുട്ട്, സുമയുടെ വിറപൂണ്ട ശബ്ദം.
നിമിഷങ്ങൾ എടുത്തു മനസ്, കാര്യങ്ങൾ വായിച്ചെടുക്കുവാൻ.
സ്വപ്നത്തേക്കാളുപരി യഥാര്‍ത്ഥ  അനുഭവം പോലെയായിരുന്നു അത്.
പിൻകഴുത്തിൽ അറിയാതെ ഒന്നു  തടവിനോക്കി.
ഇല്ല, കൂർത്ത പല്ലുകൾ ആഴ്ന്നിറങ്ങിയ പാടുകൾ ഒന്നുമില്ല. കൈകളിൽ രക്തത്തിന്റെ ചുവന്ന കറ പതിഞ്ഞിട്ടില്ല.
എന്തുപറ്റി ബാലേട്ടാ, ?
അവളുടെ സ്വരത്തിൽ പരിഭ്രമം പിന്നെയും നിറഞ്ഞു നിന്നിരുന്നു.
“ഒന്നുമില്ല സുമേ. ഒരു വല്ലാത്ത സ്വപ്നം കണ്ടു”.
“ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിൽ ചുമന്നു കൊണ്ടുനടന്നിട്ടല്ലേ ബാലേട്ടാ  ഇങ്ങനെയൊക്കെ? ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുകൊണ്ടു വരട്ടെ?”
“ഉം”. ബാലൻ മൂളി.
അല്പനേരത്തിനുള്ളിൽ ഒരു ഗ്ലാസ് വെള്ളവും ഉണങ്ങിയ ഒരു തോർത്തുമായി സുമ വന്നു.
കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെ ബാലൻ വെള്ളം ഒറ്റവലിക്ക് കുടിച്ചു.
മുഖത്തെയും ശരീരത്തിലെയും വിയർപ്പ് സുമ തോർത്ത് കൊണ്ട് തുടച്ചുനീക്കി.
നെറ്റിയിൽ  കൈവെച്ചു കൊണ്ടു സുമ പറഞ്ഞു, “നല്ല മേക്കായമുണ്ടല്ലോ   ബാലേട്ടാ?”
ബാലൻ വീണ്ടും മൂളി.
“ബാലേട്ടാ “, സുമ പതിഞ്ഞ സ്വരത്തിൽ ബാലനെ വിളിച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”
ബാലൻ ചോദ്യ ഭാവത്തോടെ സുമയുടെ നേരെ നോക്കി.
“ബാലേട്ടന്റെ ഇഷ്ടങ്ങൾക്ക് ഞാനൊരിക്കലും എതിര് നിന്നിട്ടില്ല.
എപ്പോഴും ബാലേട്ടന്റെ ഇഷ്ടങ്ങൾ എന്റെയും ഇഷ്ടങ്ങളായി കരുതുന്നതായിരുന്നു എനിക്ക് സന്തോഷം. ഇപ്പോഴും അങ്ങനെ തന്നെ”.
പക്ഷെ അന്ത്രുവും ആ മനുഷ്യനും വന്നുപോയതിൽ പിന്നെ  ബാലേട്ടനിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിക്കുകയായിരുന്നു.
മൗനവും നെടുവീർപ്പുകളും ഇപ്പൊ ദാ  ദുസ്വപ്നങ്ങളും കൂടി.
എന്തിനാണിങ്ങനെ സ്വയം ശിക്ഷിക്കുന്നത്?
നമ്മുടെ നാട്ടിൽ ഒരു പിടി മണ്ണുള്ളത് മതി നമുക്ക്.
വേരുകളില്ലാത്ത മറ്റൊരു ദേശത്ത് എന്തിനാണ് നമ്മൾ നമ്മുടെ തലമുറകളെ പറിച്ചു നടുന്നത്. എനിക്കും ഇവിടമാണ് ഇഷ്ടം ബാലേട്ടാ. ഇവിടേയ്ക്ക് മടങ്ങി വരുന്നിടം വരെ ഈ ഭുമി ഇങ്ങനെ തന്നെ കിടക്കട്ടെ.
അന്ത്രുവിനോട് പറയാം, വാങ്ങിച്ച പണം അയാൾക്ക് മടക്കി കൊടുത്തേക്കാമെന്ന്. തല്ക്കാലം വീട് വില്ക്കുന്നില്ലെന്ന്”

സുമ ബാലന്റെ മനസ്സ് വായിച്ചു സംസാരിക്കുകയായിരുന്നു.
അതേ  ചിന്തകൾ തന്നെയായിരുന്നു ബാലന്റെ മനസ്സിലൂടെയും കടന്നുപൊയ്ക്കൊണ്ടിരുന്നത്. 
കാരണവന്മാർ അവരുടെ   മണ്ണിൽ സ്വസ്ഥമായിവിശ്രമിക്കട്ടെ. എപ്പോഴെങ്കിലും സ്ഥിരമായ ഒരു തിരിച്ചുവരവ്   ഈ നാട്ടിലേക്കുണ്ടാവും.
തീർത്തും  ഒരു ഒഴിവാക്കൽ  താങ്ങാൻ എനിക്ക് കരുത്തില്ല. ഈ മണ്ണിന്റെ മണമാണ് എനിക്കേറ്റവും ഇഷ്ടം. ഇവിടുത്തെ വെള്ളത്തിന്റെ   കുളിർമയാണ് പനിനീരിനെക്കാളും  സുഖം  പകരുന്നത്.
ഈ ഹ്രസ്വസന്ദർശനങ്ങൾ പോലും എത്രമാത്രം ഊർജ്ജദായകമാണ്. ജീവിതത്തിലെ ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ  മനസ്സിൽ കോറിയിട്ടിരിക്കുന്നത് ഈ ഗ്രാമാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ്.
എന്റെ വേരുകൾ ഇവിടെയാണ്. അനാഥത്വം നല്കിയത് നാടല്ല. അത് ഇശ്വരൻ തന്ന വിധി. പക്ഷെ താൻ അനാഥനല്ലല്ലോ. 
സുമയില്ലേ തനിക്ക്, കുട്ടികളില്ലേ. പിന്നെയും കൂട്ടിന്  ഒരുപാട് ഓർമ്മകളും.
ബാലൻ സുമയെ ചേർത്ത് പിടിച്ചു പറഞ്ഞു, “ഇല്ല നീയെന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിരുനിന്നിട്ടില്ല, ഇപ്പോഴും. അഡ്വാൻസ് വാങ്ങിച്ച പണം തിരിച്ചു കൊടുക്കുവാൻ ഞാൻ തീരുമാനിച്ചു.”
സുമ ബാലന്റെ നേരെ ഹൃദയം നിറഞ്ഞു ചിരിച്ചു. ബാലനും. അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.
തലയ്ക്കു മുകളിൽ ഗൗളി  ചിലച്ചതു കേട്ട് സുമ പറഞ്ഞു, “കേട്ടോ ബാലേട്ടാ, പല്ലി ചിലക്കുന്നു. ഇതെല്ലം ഈശ്വരനിശ്ചയം തന്നെയാണ്”.
ബാലൻ പിന്നെയും ചിരിച്ചു. അയാളുടെ മനസ്സ് സ്വതന്ത്രമായിരുന്നു.
ഭാരമില്ലാത്ത എരുക്കിൻ പൂവുപോലെ !
കാവിൽ നിന്നും ഒഴുകിവന്ന പ്രഭാത കീർത്തനത്തിന്റെ പ്രാർത്ഥനാനിർഭരമായ ഈണം  അവരുടെ കാതുകളിൽ പ്രഭാതവന്ദനം നേർന്നു.
സുമ പറഞ്ഞു, “നേരം പുലർന്നു ബാലേട്ടാ, ഞാൻ അടുക്കളയിലേക്കു ചെല്ലട്ടെ”.
“കുറച്ചുകൂടി കഴിഞ്ഞിട്ട്..”
ബാലൻ അവളെ അരുമയോടെ തന്നിലേക്ക് അടുപ്പിച്ചു..

By: Sunil Cheriakudy

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo