Showing posts with label SudhiMuttam. Show all posts
Showing posts with label SudhiMuttam. Show all posts

ജ്വാലാമുഖി



"""" വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി ജനിക്കണം"""""""
ഹൃദയം തുറന്നു സ്നേഹിച്ചവളുടെ വിവാഹക്ഷണക്കത്ത് കയ്യിൽ കിട്ടിയപ്പോൾ വാകപ്പൂമരത്തണലിൽ അവളൊരുപാട് പ്രാവശ്യം പറഞ്ഞ വരികൾ എനിക്കോർമ്മ വന്നു..അറിയാതെയെന്റെ ഹൃദയമൊന്ന് പിടിച്ചു. ഒരുതുള്ളി കണ്ണുനീർ അവൾക്കായി ഞാൻ പൊഴിച്ചു.....
ഇന്നവൾ വിധവയും പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയുടെ അമ്മയുമാണ്.നീണ്ട പതിനാറ് വർഷങ്ങൾക്കുശേഷം ഇന്നവളുടെ കത്ത് എനിക്ക് വീണ്ടും ലഭിച്ചു.ഒരിക്കൽ കൂടിയാ ഈരടികൾ എന്റ്ർ ഓർമ്മയിൽ ഓടിയെത്തി....
"""" വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി ജനിക്കണം"""""""
കണ്ണുകൾ നിറഞ്ഞു കവിയാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു.എഴുത്തിലൂടെ എന്റെ മിഴികൾ ഓടിപ്പാഞ്ഞു നടന്നു....
"എനിക്കൊന്ന് കാണണം..."
രണ്ടു വാക്കുകൾ.. താഴെ മൊബൈൽ നമ്പരും.9446909...
പതിനാറ് വർഷങ്ങൾ എത്ര പെട്ടെന്ന് പോയി മറഞ്ഞു.എല്ലാം ഇന്നലെയെന്നതു പോലെ...
മനസ്സൊന്ന് തുടിച്ചു അവളുടെ മുഖമൊന്ന് കാണുവാൻ.. കാതുകൾ ചെവിയോർത്തു അവളുടെ ശ്രുതിമധുരമായൊരു ഗാനം കേൾക്കുവാൻ..ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്നു....
ഒരിക്കൽ കൂടി ഞാനാ കത്തു വിടർത്തി.അരുതെന്ന് മനസ്സു വിലക്കിയെങ്കിലും മൊബൈലിൽ അവളുടെ നമ്പർ ടൈപ്പ് ചെയ്തു
"9446909...
കാൾ പോകുന്ന ബെൽ മുഴങ്ങിയതോടെ നെഞ്ചിന്റെ ഇടിപ്പ് ക്രമാതീതമായി വർദ്ധിച്ചു. കാൾ കട്ടാവുന്നതിനു മുമ്പേ അങ്ങേ തലക്കൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ശബ്ദം...
" ഹലോ ആരാണ്..."
മറുതലക്കൽ ചിരപരിചിതമായ ശബ്ദം. പക്ഷേ ഏകദേശം പതിനാറ് വയസ്സുകാരിയുടെ സ്വരമാധുര്യം..
അവളുടെ മകൾ.. എന്റെ മനസ്സ് വല്ലാതെ കുതിച്ചു ചാടി.ഞാനൊരു പിതാവിന്റെ മാനസികാവസ്ഥയിലെത്തി....
എനിക്കും അവൾക്കും കൂടി ജനിക്കണ്ടിയിരുന്ന മകൾ.മനസ്സിൽ സന്തോഷത്തിന്റെ നീരുറവ പൊട്ടിയൊഴുകി...
"ഹലോ ആരാണ്..." വീണ്ടും ആ മധുരശബ്ദം കാതിൽ തേന്മഴയായി പെയ്തു....
"ഞാൻ സുധീ...മീനാക്ഷിയില്ലേ അവിടെ. ഒന്നു കൊടുക്കാമോ..."
ശബ്ദം പതറരുതെന്ന് കരുതിയെങ്കിലും ഗദ്ഗദത്താലെന്റെ വാക്കുകൾ മുറിഞ്ഞു...
"അമ്മ ഇവിടില്ല..ആരാണെന്ന് വിശദമായി പറയാമെങ്കിൽ ഞാൻ അമ്മയോട് പറയാം. ഇല്ലെങ്കിൽ അഡ്രസ്സ് പറഞ്ഞു തരാം. അങ്കിൾ വീട്ടിലേക്ക് വന്നോളൂ..."
അവളുടെ മകൾ നൽകിയ അഡ്രസ്സ് ഞാൻ കുറിച്ചെടുത്തു.എന്തായാലും അവിടെവരെയൊന്ന് പോകണം.മീനാക്ഷിയെ തനിക്കൊന്ന് കണണം.അവളുടെ മകളെയും...
എന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുപാട് ഓർമ്മകൾ മനസ്സിൽ ഓടിയെത്തി.മീനാക്ഷിയും ഞാനും ചെലവഴിച്ച സ്വകാര്യ നിമിഷങ്ങളും മധുരവും കയിപ്പും നിറഞ്ഞ ഓർമ്മകളും....
അതിരാവിലത്തെ കടുത്ത തണുപ്പിനെ വക വെക്കാതെ ഞാൻ കുളിച്ച് യാത്രക്ക് ശരിയായി. ഞാനൊരിക്കൽ കൂടി യുവാവായത് പോലെ.....
ഒരുങ്ങുമ്പഴും കാറിൽ യാത്ര ചെയ്യുമ്പോഴും എന്റെ മനസ്സ് വല്ലാതെ ചെറുപ്പക്കാരനായി.ആദ്യമായിട്ടന്ന് മീനാക്ഷിയെന്ന മീനുക്കുട്ടിയോട് ഇഷ്ടം പറഞ്ഞപ്പോൾ തിരിച്ച് സമ്മതമാണെന്ന മറുപടി ലഭിച്ചപ്പോൾ സന്തോഷവാനായ അതേ നിമിഷത്തെ നിർവൃതി ഞാനൊരിക്കൽ കൂടി നുകർന്നു....
മീനുക്കുട്ടിയെ കാണുമ്പോൾ അവളെങ്ങനെ പ്രതികരിക്കുമെന്നൊരു ഭയം ഉള്ളിലുണ്ട്.പെട്ടെന്ന് തന്നെ എനിക്കാ ഫീൽ മാറിക്കിട്ടി..
"ദേഷ്യമുണ്ടെങ്കിൽ അവളൊരിക്കലും തന്നെ കാണണമെന്ന് ആവശ്യപ്പെടില്ല.ഫോൺ നമ്പരും വെക്കില്ല....
മുപ്പത്തിയേഴ് വയസ്സ് മീനുക്കുട്ടിക്ക്..കാലം തന്നിലൊരുപാട് മാറ്റങ്ങൾ വരുത്തിയത് പോലെ തന്നെ അവളിലും വ്യത്യാസം വന്നിരിക്കും....
ഉള്ളിലെരിയുന്ന മോഹവും മോഹഭംഗവുമായി കാർ കുതിച്ചു പാഞ്ഞു.മീനുക്കുട്ടിയുടെ മകൾ പറഞ്ഞ അഡ്രസ്സ് വെച്ച് വീട് കണ്ടെത്താൻ കുറച്ചു കഷ്ടപ്പെട്ടു.പട്ടണത്തിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് അവരുടെ വീട്....
നെൽക്കതിരുകളും തെങ്ങിൻ തോപ്പും നിറഞ്ഞ ഇടവഴികളിലൂടെ കാർ ലക്ഷ്യം തേടി.പാഞ്ഞു.വഴിയരികിൽ നടന്നു പോയ ഒരാളോട് സംശയം നിവാരണം നടത്തി വീട് ഏതെന്ന് ഉറപ്പിച്ചു....
റോഡിൽ നിന്ന് ചെറിയൊരു ചെമ്മണ്ണിലൂടെ പൊടികൾ പറത്തി കാർ മുമ്പോട്ട് നീങ്ങിത്തുടങ്ങി...അരയേക്കറോളം വ്യാപിച്ചു കിടക്കുന്ന ഭൂമിയുടെ വടക്കു കിഴക്ക് ഭാഗത്തായി പഴയ രീതിയിൽ പണികഴിപ്പിച്ചൊരു നാലുകെട്ട്.പഴമയുടെ പുതുമ ആ വീടിനു പുറത്ത് തെളിഞ്ഞു നിൽക്കുന്നു...
കാർ മുറ്റത്ത് നിന്ന് കുറച്ചു പിന്നിലായി നിർത്തി.ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു....
"മീനുക്കുട്ടിയുടെ ഭർത്താവ് ഉറങ്ങുന്ന മണ്ണ്.ഉള്ളിലെവിടെയൊ ഒരു മുറിവേറ്റതു പോലെ ഞാനൊന്ന് പിടഞ്ഞു....
മീനുക്കുട്ടി വിധവയായി കാണാൻ ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.എന്നും സന്തോഷമായി ദീർഘസുമംഗലിയാകാൻ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ..അതിനാൽ തന്നെയാണ് അവളുടെ ഭർത്താവിന്റെ മരണം കാണാൻ ഞാൻ വരാഞ്ഞതും...
" കഴിയില്ലെനിക്ക് ...ആകെ തകർന്ന ഹൃദയവുമായി നിൽക്കുന്നയെന്റെ മീനുക്കുട്ടിയെ ഒരിക്കൽ കൂടിയങ്ങനെ കാണുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല....അതാണ് സത്യം.... "
പതിയെ ഞാൻ മുമ്പോട്ട് നടന്നു ചെന്ന് ഉമ്മറപ്പടിയിൽ നിന്ന് കോളിങ്ബെൽ അമർത്തി.അകത്തെ മുറിയിലെവിടെയോ ഘടികാരം സംഗീതമുതിർക്കുന്നത് ഞാൻ കേട്ടു.കുറച്ചു നേരത്തെ നിശ്ബ്ദതക്കൊടുവിൽ അകത്ത് നിന്നാരോ നടന്നുവരുന്ന കാലടിയൊച്ച എനിക്ക് കേൾക്കാമായിരുന്നു...
വാതിൽ മറവിനു പിന്നിലായി ഒരു പെൺകുട്ടിയുടെ തല ഞാൻ കണ്ടു.പിന്നെ മുഖവും.എനിക്കത് വല്ലാത്തൊരു ഷോക്കായിപ്പോയി....
ഏകദേശം പതിനാറു വയസ്സു തോന്നിക്കുന്നൊരു പെൺകുട്ടി. അവൾക്ക് മീനുക്കുട്ടിയുടെ അതേഛായ.ഇതേ പ്രായത്തിൽ മീനുക്കുട്ടി എങ്ങനെയിരുന്നുവോ കാലം മകളെയും അതേപടി പകർത്തി വെച്ചിരിക്കുന്നു ....
"സുധിയങ്കിൾ അല്ലേ..."
അവൾ എടുത്തു ചോദിച്ചു..
"അതെ..."
"വരൂ ..അങ്കിൾ അകത്തേക്ക് കയറിയിരിക്കാം.."
അവളുടെ പിന്നാലെ സ്വീകരണമുറിയിലേക്ക് ചെന്നു.അവൾ ചൂണ്ടിയ കസേരയിൽ ഞാൻ അമർന്നിരുന്നു.ആ കുട്ടിയെ സാകൂതം ഞാൻ ശ്രദ്ധിച്ചു..
"മീനാക്ഷി... ഞാൻ പകുതിയിൽ നിർത്തി..
" കുളിക്കയാ ..ഇപ്പോൾ വരും...അങ്കിളിനു ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം..."
"വേണ്ട..കുട്ടി എനിക്കിപ്പോളൊന്നും വേണ്ട...
അവൾ മനോഹരമായിട്ടൊന്ന് പുഞ്ചിരിച്ചു.മീനുക്കുട്ടിയുടെ ചിരി...
" എന്താ മോളുടെ പേര്... "
",ജ്വാലാമുഖി..."
ഒരുമാത്ര ഞാൻ നടുങ്ങിയുണർന്നു..ഞാനും മീനുക്കുട്ടിയും കൂടി തീരുമാനിച്ചു ഉറപ്പിച്ച പേരാണ് ജ്വാലാമുഖി...പെൺകുട്ടി ജനിച്ചാൽ അതിനിടാൻ കരുതിയത്....
എനിക്കൊരു നിമിഷം അതെന്റെ സ്വന്തം മകളാണെന്ന് തോന്നിപ്പോയി.പിതൃവാത്സല്യം എന്നിൽ നിറഞ്ഞു.അവളെ മോളേയെന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും മനസ്സതടക്കി....
ഞങ്ങൾ ചിരപരിതരെപ്പോലെ സംസാരിച്ചു.
"ആരാണ് മോളേ അവിടെ.." അകത്തെ മുറിയിലെവിടെ നിന്നോ ഒരിക്കലും മറക്കാത്തയാ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു...
"മീനാക്ഷിയെന്ന മീനുക്കുട്ടി.."
"അമ്മയിങ്ങോട്ടുവാ സർപ്രൈസാണ്..."
ചെറു ചിരിയോടെ ജ്വാലാമുഖി അറിയിച്ചു...
"ദാ..അമ്മ വരണൂ...."
എന്റെ മനസ്സ് ആകെ സംഘർഷഭരിതമായി.മീനാക്ഷി എങ്ങനെയാണാവോ പ്രതികരിക്കുക.ഓരോ നിമിഷവും ഞാൻ ഉരുകിത്തുടങ്ങി....
പെട്ടെന്ന് മുറിയുടെ വാതിൽ തുറന്നു മീനാക്ഷി അവിടേക്ക് വന്നു.അറിയാതെ ഞാൻ എഴുന്നേറ്റു പോയി....
മീനാക്ഷി എന്നെ സൂക്ഷിച്ചു നോക്കി..പതിയെയാ ചുണ്ടുകൾ പിറുപിറുത്തു...
"സുധിയേട്ടൻ...." അവളുടെ മിഴികളിൽ ആശ്ചര്യമായിരുന്നു..
"സുധിയേട്ടൻ എപ്പോൾ എങ്ങനെ വന്നു...."
ഞാൻ അവളുടെ വിളി ശ്രദ്ധിച്ചു..."സുധിയേട്ടൻ..." പഴയതൊന്നും മീനാക്ഷി മറന്നട്ടില്ല...
മുടികൾ അവിടവിടെയായി നരച്ചിട്ടുണ്ട്.കണ്ണുകളിലും കവിളുകളിലും പഴയാ ആകർഷണമില്ല.പ്രായത്തിൽ നിന്ന് കുറച്ചു കൂടി വയസ്സായതു പോലെ...
"മീനാക്ഷി..."
ഞാൻ വിളിച്ചതവൾ കേട്ടില്ലന്നുണ്ടോ..ദൂരേക്കവൾ ദൃഷ്ടികൾ പായിച്ചു...
"നിങ്ങൾ സംസാരിച്ചിരിക്ക്.ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തു വരാം..."
ജ്വാലാമുഖി സൂത്രത്തിൽ അടുക്കളയിലേക്ക് വലിഞ്ഞു...
"മീനുക്കുട്ടി... ഞാൻ നീട്ടി വിളിച്ചതും അവളൊന്ന് ഞെട്ടി...
" വേണ്ട..സുധിയേട്ടാ പഴയതൊന്നും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല.നമ്മുടെ വിവാഹം നടന്നില്ലെങ്കിലും ഒരിക്കലും ഞാൻ പഴിച്ചിട്ടില്ല.എന്നെ വേണ്ടെന്നു പറഞ്ഞതിന്റെ കാരണം എനിക്കിന്നും അറിയില്ല.അറിയുകയും വേണ്ട.അത് സുധിയേട്ടനിൽ തന്നെ രഹസ്യമായി ഇരിക്കട്ടെ...."
കുറ്റബോധത്താൽ ഞാൻ നിന്നുരുകി.മൗനമായി ഞാൻ അവളോട് ക്ഷമ ചോദിച്ചു...
"എന്റെ ഭർത്താവിനു എന്നെ ജീവനായിരുന്നു.പക്ഷേ വിധി ഒരിക്കൽക്കൂടി വില്ലനായതോടെ ആ സൗഭാഗ്യവും എനിക്ക് നഷ്ടപ്പെട്ടു.അന്നുമിന്നും മോഹിച്ചതൊക്കെ അകലേക്ക് പോയി മറഞ്ഞിട്ടേയുള്ളൂ...."
മീനാക്ഷി ചെറുതായിട്ടൊന്ന് വിതുമ്പി.വിധവയുടെ ജീവിതം അവളുടെ വിതുമ്പലിൽ നിന്നും മീനാക്ഷി പറയാതെ തന്നെ ഞാൻ മനസ്സിലാക്കി...
"ഇനിയൊരു ഏറ്റു പറച്ചിലിനു പ്രസക്തിയില്ല.അതൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു.....
" സുധിയേട്ടൻ എങ്ങനെ ഇവിടെ എത്തി...
'മീനാക്ഷിയല്ലെ കത്തുയച്ചത്.എനിക്കൊന്ന് കാണണമെന്ന് പറഞ്ഞ് നമ്പരും വെച്ചിട്ട്..."
"ഞാനോ..സുധിയേട്ടനെന്താ തമാശ പറയുകയാണോ...അവൾ ചിരിച്ചതും ഞാൻ അമ്പരന്നു പോയി...
" അതെ ഞാനാണ് അമ്മയുടെ പേരിൽ കത്തയച്ചത്.അതിനുള്ള ശിക്ഷ എനിക്കിങ്ങ് തന്നേക്ക്""" കുസൃതിയോടെ ജ്വാലാമുഖി പറഞ്ഞെങ്കിലും മീനാക്ഷിയുടെ മുഖമിരുണ്ടു...
"നീയെന്തുവാടീ ഈ കാണിച്ചത്...."
"അമ്മ കൂടുതൽ ഒന്നും പറയണ്ട.അമ്മയുടെ കഴിഞ്ഞ കാലം കുത്തി നോവിച്ചതുകൊണ്ടാണു പറഞ്ഞതെന്ന് അറിയാം.എനിക്കീ അങ്കിളിനെയൊന്നു കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.. അതുകൊണ്ട് വരുത്തിച്ചതാ....."
"അതെന്തായാലും നന്നായി മോളേ.എനിക്ക് നിങ്ങളെയൊന്ന് കാണാൻ പറ്റിയല്ലൊ..അതുമതി.എങ്കിൽ ഇനി വൈകുന്നില്ല ഞാൻ ഇറങ്ങുവാ..."
മിഴികളാൽ മീനാക്ഷിയോട് ഞാൻ യാത്ര പറഞ്ഞു. എന്താണെന്ന് അറിയില്ല മീനാക്ഷി പെട്ടെന്ന് തിരിഞ്ഞു നിന്നു...
"അതുശരി..അങ്കിളിപ്പം അങ്ങനെ പോകണ്ടാ..അങ്കിളിന്റെ ഇഷ്ടവിഭവങ്ങൾ ഞാൻ തയ്യാറാക്കിയട്ടുണ്ട്..ഊണു കഴിച്ചു പോയാൽ മതി..,."
സ്നേഹം നിർഭരമായ സമ്മർദ്ദത്തിൽ അവരുടെ കൂടെ ഞാൻ ഊണുകഴിച്ചു..ഒരുപാട് നാളുകൾക്ക് ശേഷം മനസ്സും വയറും നിറഞ്ഞു...
"അങ്കിളിനി വരുമ്പോൾ ഫാമിലിയെ കൂട്ടി വരണം...." ജ്വാലാമുഖി അറിയിച്ചു....
ഞാൻ കുറച്ചു നേരം അവളെ നോക്കി....
"നീയാണെന്റെ മകൾ.. എനിക്ക് ജനിക്കാതെപോയ പൊന്നുമോൾ...."
വാത്സല്യത്തോടെ ഞാൻ മോളേ ആശ്ലേഷിച്ചു....
"അപ്പോൾ സുധിയേട്ടൻ വിവാഹം കഴിച്ചില്ലെ ഇതുവരെ....." മീനാക്ഷി ഞെട്ടുന്നത് ഞാൻ കണ്ടു.....
"ഇല്ല...എല്ലാം ഒരു പ്രായ്ശിചിത്തം പോലെ ശേഷിച്ച ജീവിതം തള്ളി നീക്കുന്നു....."
മീനാക്ഷിയുടെയും ജ്വാലാമുഖിയുടെയും കണ്ണുകൾ നിറഞ്ഞു....
"അങ്കിളേ ഞങ്ങളുടെ കൂടെയിനി ജീവിക്കാമൊ?...
ജ്വാലാമുഖി വിക്കി...
" ജ്വാലേ ഈ പറഞ്ഞത്.... മീനാക്ഷി അവളെ വഴക്കു പറഞ്ഞു...
"എനിക്ക് പതിനഞ്ചു വയസ്സായി.അച്ഛനെ കണ്ടോർമ്മയില്ല.ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുനീരും തോർന്നട്ടില്ല.അങ്കിളിനു അറിയുവൊ ഇവിടെ രാത്ർ പലരും ശല്യം ചെയ്യാൻ വരുന്നുണ്ട്. ചോദിക്കാന്‍ ഞങ്ങൾക്ക് ആരുമില്ല..ഇന്നുവരെ അമ്മ എനിക്കായി ജീവിച്ചു.ഇനിയെങ്കിലും എന്റെ അമ്മക്കൊരു ജീവിതം വേണം....
ജ്വാലാമുഖി വിങ്ങിപ്പൊട്ടി....
" നിന്റെ അച്ഛന്റെ സ്ഥാനത്ത് മറ്റൊരാൾ ഞാൻ സമ്മതിക്കില്ല....മീനാക്ഷി ഉറക്കെ പറഞ്ഞു....
"എനിക്ക് അച്ഛനെ വേണമമ്മേ..ആ സ്നേഹവും വാത്സല്യവും നുകർന്നു ജീവിക്കണം.അമ്മക്കൊരു കൂട്ടും.പരസ്പരം മനസ്സിലാക്കുന്നവർ ആകുന്നതല്ലെ കൂടുതൽ നല്ലത്... അങ്കിൾ ചെയ്ത തെറ്റ് എന്താണെന്ന് ഞാൻ തിരക്കുന്നില്ല.ഇത്രയും നാളത്തെ പശ്ചാത്താപം അതുപോരെ..ഇനിയും അങ്കിളിനെ കണ്ണുനീരു കുടിപ്പിക്കരുത്.അമ്മക്കൊരു ജീവിതം ലഭിക്കുമ്പലഭിക്കുമ്പോൾ അച്ഛന്റെ ആത്മാവ് സന്തോഷിക്കും...ശല്യം ചെയ്യാനും ആരും വരില്ല......"
ജ്വാല ഒരുപാട് കെഞ്ചി...ഞാൻ വല്ലാത്തൊരു അവസ്ഥയിലും...നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു...ഒടുവിൽ മീനാക്ഷി ശബ്ദിച്ചു....
"എനിക്ക് കുറച്ചു സാവകാശം വേണം... പെട്ടെന്ന് ഒന്നും ഉൾക്കൊള്ളാൻ കഴിയില്ല....."
എനിക്ക് വലിയ സന്തോഷം തോന്നി..ചെയ്ത തെറ്റിനു പ്രായ്ശ്ചിത്തം ചെയ്യാൻ മനസറിയാതെ ദൈവം തന്നെ ഒരവസരം തന്നിരിക്കുന്നു.......
"ഇനിയെങ്കിലും ഞാൻ അച്ഛാന്ന് ഒന്നു വിളിച്ചോട്ടെ...
" എന്റെ കുട്ടി കൊതി തീരുംവരെ വിളിച്ചോളൂ.....
"അച്ഛാ... ജ്വാലാമുഖി നീട്ടി വിളിച്ചതും മീനാക്ഷി തേങ്ങിക്കരഞ്ഞു.എന്നിൽ ഇത്രയും നാൾ ഞാനടക്കിവെച്ച സ്നേഹം മുഴുവൻ എന്റെ മകൾക്ക് നൽകി......
തൊടിയിൽ നിന്നെത്തിയ മന്ദമാരുതനിൽ ചന്ദനത്തിരിയുടെ സുഗന്ധം പരന്നിരുന്നു......
""""""" വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി ജനിക്കണം"""""""
NB:- എഴുതിയതിൽ ഏറ്റവും ദൈർഘ്യമുള്ളതും ലൈക്കിന്റെ ഘടകങ്ങൾ ചേർക്കാത്ത ആദ്യത്തെ രചനയുമാണു.. എല്ലാവർക്കും ഇഷ്ടമായില്ലെങ്കിലും ഇഷ്ടപ്പെട്ടവർ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു...
(Copyright protect)

വൈഗ


വൈഗ; ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്..ചുട്ടുപൊള്ളുന്ന ഓർമ്മയിലെന്റെ നെഞ്ചകം വിങ്ങിപ്പൊട്ടി...
ലോകത്തൊരു കമിതാക്കളും ഇത്ര ശക്തമായി പ്രണയിച്ചിട്ടുണ്ടോയെന്ന് സംശയമാണ്....
ഏതാനും വർഷങ്ങൾക്ക് മുമ്പൊരു രാത്രിയിൽ മഴയിലൂടെ ഓടിക്കിതച്ചൊരു രൂപമെന്റെ കാറിനു മുമ്പിൽ വന്നുപെട്ടത്.അവൾക്ക് പിന്നിലാരെയൊക്കയൊ ഞാൻ കണ്ടു.പെട്ടന്നുള്ള പ്രേരണയാൽ മഴയൊന്നും വകവെക്കാതെ ഞാൻ കാറിൽ നിന്നും ഇറങ്ങി.പെട്ടെന്ന് അവരിലൊരാൾ വീശിയ കത്തി അവളെ ലക്ഷ്യമാക്കി പാഞ്ഞതും പെട്ടെന്ന് കയറി ഞാൻ തടുത്തു.കുത്തു കിട്ടിയത് എന്റെ വലതു കയ്യിലും.ചോര ചീന്തിയൊഴുകിയട്ടും വിശന്നുവലഞ്ഞിരിക്കുന്ന സിംഹത്തിന്റെ മുമ്പിൽ അകപ്പെട്ട മാൻപേടയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയെന്നിൽ ആവേശം പടർത്തി.കയ്യിൽ തടഞ്ഞതൊക്കെവെച്ച് നാലംഗ സംഘത്തെ ഞാൻ ആക്രമിച്ചു. രക്ഷയില്ലാത്ത ഘട്ടം വന്നതോടെ അവർ പിന്തിരിഞ്ഞോടി....
നന്ദിയോടെയവൾ എനിക്ക് മുമ്പിൽ കൈതൊഴുതു.ലൈറ്റണക്കാതിരുന്ന കാറിന്റെ വെളിച്ചത്തിൽ അവളെന്റെ മുറിവ് കണ്ടത്.കത്തി വലിച്ചൂരി അവളണിഞ്ഞിരുന്ന ചുരീദാറിന്റെ ഷാളാലെന്റെ മുറിവ് മുറുക്കി കെട്ടി....
എന്നെയും ചേർത്തു പിടിച്ചവൾ കാറിൽ കയറി. എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടതും അവളെന്നെ മടിയിൽ തലചായ്ച്ചിട്ട് കാർ മുമ്പോട്ടെടുത്തു....
ഹോസ്പിറ്റൽ കാര്യങ്ങൾ വിശദീകരിച്ചിട്ട് അവൾ എന്നെ വാർഡിൽ കൊണ്ട് വന്ന് മരുന്നൊക്കെ വെച്ചുകെട്ടി കഴിഞ്ഞു പരിചരിക്കുന്ന തിരക്കിലായിരുന്നു..ആഴത്തിലുള്ള മുറിവ് ആയതിനാൽ നല്ല വേദനയുണ്ട്.മയങ്ങാനുള്ള ഇഞ്ചക്ഷൻ എടുത്തതിനാൽ ഞാൻ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു....
പുലരിയിൽ ഞാൻ ഉറക്കമുണരുമ്പോൾ എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന രണ്ടു മിഴികളിൽ എന്റെ കണ്ണുടക്കി.വശ്യമനോഹരമായൊരു പുഞ്ചിരി അവളിൽ തെളിഞ്ഞു....
"താൻ പോയില്ലേ..."
"എന്നെ രക്ഷിച്ചയാളെ ഇങ്ങനെയൊരു അവസ്ഥയിൽ കളഞ്ഞിട്ട് ഞാൻ എവിടെ പോകാൻ.." അവൾ മറുചോദ്യമെറിഞ്ഞു...
"എന്താ കുട്ടിയുടെ പേര്.."
"മാഷേ ഞാൻ കുട്ടിയല്ല..വൈഗ എന്ന് വിളിച്ചാൽ മതി.."
"ഓ..ശരി മേഡം.." അവൾ പറഞ്ഞ ഈണത്തിൽ തന്നെ ഞാൻ മറുപടി നൽകി...അവൾ കുലുങ്ങിച്ചിരിച്ചു.ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി അവൾക്കൊരു അലങ്കാരമായിരുന്നു....
"ആരാടൊ ഇന്നലെ തന്റെ പിന്നാലെ വന്നത്.."
"അതെന്റെ അമ്മയുടെ ഇപ്പോഴത്തെ കാമുകന്റെ ഗുണ്ടകളാണ്..." യാതൊരു കുലുക്കവുമില്ലാത്ത മറുപടി എന്നെ അമ്പരപ്പിച്ചു....
അപ്പോൾ അവളുടെ കഥകൾ ചുരുക്കി പറഞ്ഞത്...
അച്ഛന്റെ മരണശേഷം സ്വത്തുക്കൾ അമ്മയുടെ കൈവശം വന്നു ചേർന്നു.അമ്മ കൊല്ലിച്ചതാണെന്നും ശ്രുതിയുണ്ട്.അച്ഛൻ അമ്മയെ സ്നേഹിച്ചു വിവാഹം കഴിച്ചു. അതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ അകന്നു.പുതിയ ജീവിതം അമ്മയെ ഒരുപാട് മാറ്റി.പലപ്പോഴും അമ്മയുടെ കുത്തഴിഞ്ഞ ജീവിതം കണ്ടാണ് ഞാൻ വളർന്നത്. പാവം അച്ഛൻ എല്ലാം അറിയുന്നതിനു മുമ്പേ പോയി.വസ്ത്രങ്ങൾ മാറുന്നത് കണക്കെ അമ്മ പുതിയവരെ തേടുകയാണ്.പ്രായഭേദമില്ലാതെ....
അമ്മക്കു മിക്കപ്പോഴും ഞാനൊരു തടസ്സമായിരുന്നു.മകൾ വളർന്നെന്ന് ചിന്തയുമില്ല.സ്വത്തുക്കളുടെ അവകാശം പ്രായപൂർത്തിയാകുമ്പോൾ എനിക്കാണെന്നും പറഞ്ഞു അച്ഛൻ എഴുതി വെച്ചിട്ടുണ്ടായിരുന്നു.ഒരുപക്ഷേ അദ്ദേഹം എല്ലാം മുന്നിൽ കണ്ടിരിക്കാം....
സ്വത്തുക്കൾ എനിക്ക് വിട്ടു നൽകാൻ അമ്മ ഒരുക്കമായിരുന്നില്ല.അതുകൊണ്ട് തന്നെയാണ് എന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. അവരെന്റെ അമ്മ തന്നെയാണോന്ന് പലപ്പോഴും ഞാൻ സംശയിച്ചിട്ടുണ്ട്....
പറഞ്ഞു തീരുമ്പഴേക്കും വൈഗ വിങ്ങിപ്പൊട്ടി കരഞ്ഞു.."പാവം.." ഞാനെന്താണു പറയണ്ടത്.....
പോലീസുകാർ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു പോയി..ഹോസ്പിറ്റലിൽ നിന്ന് അവരെ വിളിച്ചു വിവരം അറിയിച്ചിരുന്നു.കേസിന്റെ ബലത്തിനു രണ്ടു ദിവസം കൂടി അവിടെ കിടന്നു..നിഴൽ പോലെ വൈഗയും കൂടെ ഉണ്ടായിരുന്നു....
അവൾ കൂടെയുള്ളതിനാൽ ദിവസം രണ്ടു കഴിഞ്ഞത് പെട്ടന്നായിരുന്നു.വീട്ടുകാരെ ഭയപ്പെടുത്തണ്ടെന്ന് കരുതി ഒന്നും അറിയിച്ചില്ല.ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിരുന്നു...
"ചുമ്മാതെങ്കിലും ഒന്നു വിളിച്ചു കൂടെ...."
ഡിസ്ചാർജ് ദിവസം രാവിലെ വൈഗ ചോദിച്ചു...
"ന്തിനാ..."
"കൂടെ വരാൻ.. എന്റെ മാനവും ജീവനും രക്ഷിച്ചയാളല്ലെ...."
ഞാൻ ഒന്നും മിണ്ടാതിരുന്നു...
"ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ..എന്നെക്കാൾ നല്ലൊരു പെൺകുട്ടി മാഷിന്റെ ജീവിതസഖിയായി വരും.ഞാനും പ്രാർത്ഥിക്കാം...."
കൂട്ടുകാരിയുടെ വീട്ടിലാണ് അവൾ താമസിച്ചത്.പരസ്പരം ഫോൺ നമ്പർ ഉള്ളതിനാൽ ഇടക്കിടെ വിളിക്കും ഞങ്ങൾ തമ്മിൽ..ഇഷ്ടമാണെന്ന് ഒരിക്കലും ഞങ്ങൾ പരസ്പരം തുറന്നു പറഞ്ഞട്ടില്ല...
അവളുടെ അമ്മ അവളെ കൊല്ലുമെന്ന് ഉറപ്പുള്ളതിനാൽ കേരളത്തിനു വെളിയിലേക്ക് വൈഗ പോയി.പിന്നെ ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്റ്റുമില്ലായിരുന്നു....
വീട്ടിൽ കല്യാണത്തിനു ഒരുപാട് നിർബന്ധിച്ചെങ്കിലും വൈഗയെന്റെ മനസ്സിൽ വേരുറപ്പിച്ചതിനാൽ അതിനൊന്നും എനിക്ക് കഴിയില്ലായിരുന്നു.....
അഞ്ചുവർഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു. വൈഗ എന്റെ മനസ്സിൽ മാാത്രമൊരു വിങ്ങലായി നിറഞ്ഞു നിന്നു....
അന്നൊരു ദിവസം വളരെ അപ്രതീക്ഷിതമായി പോസ്റ്റുമാൻ രജിസ്റ്റേഡ്മായി എന്നെ തേടിയെത്തിയത്.ആവേശപൂർവ്വം അത് പൊട്ടിച്ചു വായിച്ച ഞാൻ അമ്പരന്നു പോയി....
"വൈഗയുടെ വിവാഹക്ഷണക്കത്ത്.."
അണുവിസ്ഫോടനമായി ഞാൻ പൊട്ടിത്തെറിച്ചു....ഇത്രയും നാളത്തെ കാത്തിരിപ്പിനു അർത്ഥമില്ലാതായിരിക്കുന്നു..ജീവിതം ശൂന്യമായതു പോലെ....
വിവാഹം വീട്ടിൽ വെച്ച് തന്നെയാണ് അവളുടെ....
വരന്റെ പേരിന്റെ സ്ഥാനത്ത് എനിക്ക് പകരം മറ്റൊരാൾ....
ക്ഷണക്കത്തിന്റെ കൂടെയൊരു എഴുത്തും ഉണ്ടായിരുന്നു...
നിറഞ്ഞൊഴുകിയ മിഴികൾ അക്ഷരങ്ങൾ വായിച്ചു....
"എന്റെ വിവാഹത്തിനു തീർച്ചയായും വരണം.വീട്ടുകാരെയും കൂടെ കൂട്ടണെ..എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് മാഷിന്റെ മാതാപിതാക്കളെയാണ് ഞാൻ കാണുന്നത്...
എന്ന് മാഷിന്റെ പ്രിയ സുഹൃത്ത്
വൈഗ
മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരെയെപ്പോലെ പായുകയാണ്..ഒരിക്കലെങ്കിലും അവൾക്കെന്നെയൊന്ന് തിരക്കാമായിരുന്നു...ഒരൊറ്റ ഫോൺ കോൾ....
സന്തോഷത്തോടെ അവൾക്കൊരു നല്ല ജീവിതം ആശംസിക്കുമായിരുന്നു....
ഒരിക്കൽ ഞാൻ വൈഗയെക്കുറിച്ച് തിരക്കിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല.....
അല്ലെങ്കിലും ഞാനെന്തിനാ അർഹിക്കാത്തത് ആഗ്രഹിക്കുന്നത് ....ഞാൻ സ്വന്തം മനസ്സിനോട് ചോദിച്ചു...
തമാശയായിട്ട് അന്നവൾ പറഞ്ഞപ്പോൾ കൂടെ കൂട്ടായിരുന്നില്ലെ...അല്ലെങ്കിൽ തനിക്കായി കാത്തിരിക്കണമെന്ന് പറയാരുന്നില്ലെ....
ഒരിക്കൽ കൂടി ആ ക്ഷണക്കത്ത് എന്നിൽ നിന്നും വിറകൊണ്ടു.. കണ്ണുകൾ മൂടപ്പെട്ടു...
" ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ...ഓർക്കാൻ കൂടി കഴിയുന്നില്ല....
പലവിധ ചിന്തകൾ മനസ്സിനെ മഥിച്ചതിനാൽ നിദ്രയുടെ തലോടൽ ലഭിക്കാതെ നേരം വെളുപ്പിച്ചു....
അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം.ഒരിക്കൽ കൂടി കണ്ണുനിറയെ കാണണം..ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒന്നിക്കാമെന്ന് പറയണം...രാവിലെ ഞാൻ തീരുമാനം എടുത്തു കഴിഞ്ഞു....
അച്ഛനെയും അമ്മയെയും കാര്യങ്ങൾ ധരിപ്പിച്ചു വൈഗയുടെ വീട്ടിലേക്ക് ഞങ്ങൾ പുറപ്പെട്ടു.. മനസ്സ് വല്ലാതെ പെരുമ്പറ കൊട്ടുന്നു.....
വൈഗയുടെ വീട്ടിലെത്തുമ്പോൾ വീട് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്നു.....
തിരക്കുകൾക്കിടയിൽ എന്റെ കണ്ണുകൾ അലക്ഷ്യമായി പാഞ്ഞു നടന്നു..പ്രതീക്ഷിച്ചയാളെ മാത്രം അവിടെങ്ങും കണ്ടില്ല..ഹൃദയമൊന്ന് വല്ലാണ്ട് തേങ്ങിപ്പോയി....
"കൂയ് മാഷേ..."
ചിരപരിചിതമായവിളി എന്റെ കർണ്ണപുടങ്ങളിൽ പതിച്ചു....
പകിട്ടു വേഷത്തിൽ അണിഞ്ഞൊരുങ്ങി രാജകുമാരിയായി എന്റെ വൈഗ നിൽക്കുന്നു.. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുംബനമഴ പെയ്യിക്കാൻ മനസ്സ് തുടിച്ചത് അടക്കിപ്പിടിച്ചു..
ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ മറ്റൊരാളുടെ ഭാര്യയാണ് അവൾ...
പഴയതിലും സുന്ദരിയാണ് എന്റെ വൈഗ..
"വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ എല്ലാവരും...." വൈഗ ഞങ്ങളെ ക്ഷണിച്ചു....
"ഞാൻ തെലുങ്കാനയിൽ ആയിരുന്നു മാഷേ.അവിടെ എന്റെ അച്ഛന്റെ വീട്ടുകാരുടെ അടുത്ത്. അച്ഛന്റെ മരണം അവരെ കൂടുതൽ തളർത്തി.എല്ലാം അറിഞ്ഞ അവർ എന്നെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.. അവരുടെ സഹായത്തോടെ അച്ഛന്റെ മരണത്തിലെ സംശയം പോലീസിൽ പരാതി നൽകാൻ ഇടയാക്കി.അമ്മയുടെ ഇഷ്ടപ്രകാരം ജീവിക്കാൻ അവരെന്റെ അച്ഛനെ കൊല്ലുകയായിരുന്നു. ഇപ്പോൾ അവർ ജയിലിലാണ്..."
വൈഗയുടെ സംസാരം എന്നെ അമ്പരപ്പിച്ചു.."ഈശ്വരാ ഇങ്ങനെയും അമ്മമാരുണ്ടോ...."
നിങ്ങൾ സംസാരിച്ചിരിക്ക് ഞങ്ങൾ എല്ലാവരെയും ഒന്നു പരിചയപ്പെടട്ടെന്ന് പറഞ്ഞു അച്ഛനും അമ്മയും മുറിക്ക് പുറത്തേക്കിറങ്ങി....
ഞാൻ അവിടെ നിന്നും വല്ലാതെ പരുങ്ങി.എന്റെ പരുങ്ങൽ വൈഗയിൽ ചിരിയുണർത്തി....
" എന്താ മാഷേയൊരു പരുങ്ങൽ....
"ഹേയ് ഒന്നുമില്ല...."
"എന്തിനാണ് മാഷേ ..ഇത്രയും ബലം പിടുത്തം.. ഇനിയെങ്കിലും തുറന്നൊന്ന് സമ്മതിച്ചൂടെ...."
"എന്നത്....."
"എനിക്കായിട്ടാണ് ഇത്രയും നാൾ കാത്തിരുന്നതെന്ന്.." പൊട്ടിക്കരയുന്ന വൈഗയെക്കണ്ട് ഞാൻ ശരിക്കും അമ്പരന്നു....
"എത്ർ പ്രാവശ്യം കൊതിച്ചെന്ന് അറിയാമൊ ഒരുവിളിക്കായി..ഇഷ്ടമായിട്ട് തന്നെയാണ് ഹോസ്പിറ്റൽ വെച്ച് അന്നങ്ങനെ പറഞ്ഞത്...."
എന്റെ ഓർമ്മയിൽ അന്നത്തെ സംഭവം ഞൊടിയിടയിൽ മിന്നി മറഞ്ഞു....
"ഇനി പറഞ്ഞിട്ട് കാര്യമില്ല... ഇഷ്ടമായിരുന്നു ഒരുപാട്.. എന്റെ ഹൃദയം തനിക്കായി മാത്രമാണ് മിടിച്ചതെന്ന് അറിയാൻ ഞാൻ വൈകിപ്പോയി... അപ്പോഴേക്കും താൻ ഒരുപാട് അകലങ്ങളിലായിപ്പോയി.....
" എനിക്കറിയാരുന്നു എന്റെ മാഷിന്റെ മനസ്സ്....എനിക്കൊരിടം ആ ഹൃദയത്തിൽ ഉണ്ടെന്നുള്ളത്... മാഷിന്റെ വിവാഹം കഴിയരുതെയെന്ന് ഒരുപാട് ദിവസം ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്....."
പറഞ്ഞു തീരുമ്പഴേക്കും അവളെന്റെ മാറിലേക്ക് ചാഞ്ഞിരുന്നു....
"വിട് വൈഗ...മറ്റുള്ളവർ കണ്ടാൽ എന്തു വിചാരിക്കും..."
"എന്തെങ്കിലും വിചാരിക്കട്ടെ...." പറഞ്ഞു കൊണ്ടവൾ എന്നെ പുണർന്നതും ഞാൻ ഞെരിപിരി കൊണ്ടു....
"എന്റെ മാഷേ..ഇതൊരു ചെറിയ ശിക്ഷയാണു..ഇഷ്ടം പറയാഞ്ഞതിനു....മാഷ് വീട്ടിൽ ഇല്ലാത്ത ദിവസം ഞങ്ങൾ അവിടെ വന്ന് അച്ഛനോടും അമ്മയോടുമെല്ലാം പറഞ്ഞു ഉറപ്പിച്ചു.. ഒരു സർപ്രൈസ് ട്വിസ്റ്റ് ആകട്ടെയെന്ന് കരുതി ചുമ്മാതെ ക്ഷണക്കത്ത് മാഷിനുമാത്രം അയച്ചതാണ്.... എല്ലാവർക്കും എല്ലാ അറിയാം മാഷിനൊഴിച്ച്...."
"അപ്പോൾ എല്ലാവരും കൂടി എന്നെ പറ്റിച്ചതാണല്ലെ..ഇതിനു ശിക്ഷയുണ്ട്..."
പറഞ്ഞിട്ട് അവളെ ഞാൻ എത്തിപ്പിടിക്കാനാഞ്ഞു. പെട്ടന്നവൾ പുറത്തേക്ക് ഓടി അമ്മക്ക് പിന്നിൽ മറഞ്ഞു...
"നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരി...."
ആംഗ്യഭാഷയിൽ ഞാൻ പറഞ്ഞത് പോലെ അവളും പറഞ്ഞു...
"അതൊക്കെ കല്യാണം കഴിഞ്ഞു മതീട്ടാ...."
നുണക്കുഴി പുഞ്ചിരിയോടൊപ്പം അവളുടെ കണ്ണിൽ വിരിഞ്ഞ കുഞ്ഞു നക്ഷത്രത്തിളക്കവും ഞാൻ വ്യക്തമായി കണ്ടു...
നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണത്തിളക്കം ലഭിച്ചതോടെ എന്റെ മനസ്സും ശാന്തമായി.....
NB:-വൈഗയെ ഇഷ്ടമായെങ്കിൽ അഭിപ്രായം പറയാൻ മറക്കരുത് ട്ടാ..കാരണം മണിക്കൂറുകൾ എടുത്തു ടൈപ്പ് ചെയ്ത എന്റെ ആദ്യ രചനയാണിത്😍😍😍
(Copyright protect)

മുംബൈ



"പട്ടിണി കിടന്നിട്ടുണ്ടോ നീയ്..രണ്ടും മൂന്നും ദിവസമല്ല ആഴ്ചകളോളം പൈപ്പുവെള്ളവും കുടിച്ച് കത്തുന്ന വയറിനെ തോർത്തുകൊണ്ട് വരിഞ്ഞു മുറുക്കി വിശപ്പടക്കിയട്ടുണ്ടോ?.."
ഒറ്റശ്വാസത്തിലാണ് ഞാനവളോട് അത്രയും ചോദിച്ചത്. സമ്പത്ത് കുമിഞ്ഞു കൂടിയപ്പോൾ അടുക്കുകയും സാമ്പത്തികമായി തകർന്നപ്പോൾ അകലുകയും ചെയ്തിരിക്കുന്ന പ്രിയ കാമുകിയോടായിരുന്നു എന്റെ ചോദ്യങ്ങൾ....
കടം കയറി നാടുവിട്ടിട്ട് വീണ്ടും ഞാൻ തിരികെ വന്നത് സമ്പന്നനായിട്ട് തന്നെയാണ്. പപ്പയുടെ ബിസിനസ്സിലെ തകർച്ച കടങ്ങൾ ഒരുപാട് വരുത്തിവെച്ചു.പപ്പയും മമ്മിയും ആത്മഹത്യയിലൂടെ രക്ഷപ്പെട്ടപ്പോൾ ഇരുപത്തിയൊന്നുകാരനായ ഞാൻ അനാഥനായി...
കടം നൽകിയവർ വീട്ടിൽ വന്ന് ബഹളം വെച്ചതോടെ വീടും സ്ഥലവും വിറ്റിട്ട് അതൊക്കെ വീട്ടുവാൻ ഞാൻ നിർബന്ധിതനായി. പൈസ വല്ലതും മിച്ചമുണ്ടെങ്കിൽ എന്തെങ്കിലും സ്വയം തൊഴിൽ കണ്ടെത്താമെന്ന് കരുതി. പക്ഷേ ആകെ തകർന്നു നിൽക്കുന്ന അവസ്ഥയിൽ വീടിനും പറമ്പിനും വളരെ വില കുറച്ചാണ് വിൽക്കണ്ടി വന്നത്. എന്നിട്ടും പപ്പ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകൾ പിന്നെയും ഉണ്ടായിരുന്നു. അവരെ പേടിച്ചു ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ നാടുവിട്ടു....
ബന്ധുക്കൾ ഒരുപാട് ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയുളളവനെ ഏറ്റെടുത്താൽ അതും കൂടി തങ്ങളുടെ തലയിലാകുമെന്ന് അവർ ഭയപ്പെട്ടിരിക്കും...
കള്ളട്രയിൻ കയറിയെത്തിയത് മുംബൈ എന്ന മഹാനഗരത്തിൽ.ആകെ അറിയാവുന്നത് മലയാളവും അത്യാവശ്യം ഇംഗ്ലീഷ് ഭാഷയും മാത്രം. ഹിന്ദിയാണെങ്കിൽ ഒരുചുക്കും അറിയില്ല. അതുകൊണ്ട് തന്നെ ഒരു ജോലിക്കായി വളരെയധികം കഷ്ടപ്പെട്ടു....
ആഴ്ചകളോക്കം പൊതു ടാപ്പിൽ നിന്ന് പച്ചവെളളം കുടിച്ചു വിശപ്പടക്കി.വയറ്റിൽ വിശപ്പിന്റെ നിലവിളി ഉയരുമ്പോൾ തോർത്തു വരിഞ്ഞു മുറുക്കി കെട്ടും.അങ്ങനെയെത്ര നാളുകൾ...
അത്യാവശ്യം മുറി ഹിന്ദിയൊക്കെ പഠിച്ചു കഴിഞ്ഞപ്പോൾ ചെറിയ ജോലികൾ ചെയ്തു. പലപ്പോഴും കൂലിയൊക്കെ കണക്കാണ്.രണ്ടു നേരം പോലും വിശപ്പടക്കാൻ കഴിയില്ല....
മനസ്സിൽ ഒരുലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും പണം സമ്പാദിക്കണം.നാട്ടിൽ ചെല്ലുമ്പോൾ അപമാനിച്ചവരുടെ കടങ്ങൾ തീർക്കണം.തളർത്താൻ ശ്രമിച്ചവർക്കു മുമ്പിൽ ജീവിച്ചു കാണിച്ചു കൊടുക്കണം.ഒരാപത്ത് വന്നപ്പോൾ വാക്കുകൾ കൊണ്ടുപോലും ആശ്വാസിപ്പികാതെ അകന്നുപോയ കാമുകിക്ക് മുമ്പിൽ നല്ലൊരു പെൺകുട്ടിയെയും വിവാഹം കഴിച്ചു അവൾക്ക് മുമ്പിൽ അന്തസ്സായി ജീവിക്കണം....
സാമ്പത്തിക തകർച്ചയിൽ ഉലഞ്ഞ മനസ്സുമായി നിന്ന വേളയിലാണ് നല്ലൊരു പണക്കാരന്റെ ആലോചന അവൾക്ക് വരുന്നതും അത് ഉറക്കുന്നതും.യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണവൾ വിവാഹപത്രിക എനിക്ക് നൽകിയതും കല്യാണത്തിനു ക്ഷണിച്ചതും....
എന്നെ അവൾ വിവാഹം കഴിക്കണ്ട.ഇൻ_വിറ്റേഷൻ ലെറ്റർ തരാതെ ഒഴിഞ്ഞു മാറാനുളള മാന്യതയെങ്കിലും കാണിക്കാമായിരുന്നു....
അവളോടുള്ള പകയും പണക്കാരനാകാൻ എന്നെ പ്രേരിപ്പിച്ചു. ജോലി ചെയ്തു പണമുണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ജീവൻ കയ്യിൽപ്പിടിച്ച് തെറ്റിന്റെ വഴിയിലൂടെ സഞ്ചരിച്ചു.മയക്കുമരുന്നും കഞ്ചാവും അതീവ രഹസ്യമായി വിറ്റെഴിച്ചു...
ആദ്യമൊക്കെ ചെറുതായി തുടങ്ങിയ ബിസിനസ് ഞാൻ വിപുലപ്പെടുത്തി.നേരിട്ടായി കച്ചവടം. പോലീസിന്റെ വലയിൽ പെടാഞ്ഞത് വലിയൊരു ഭാഗ്യമായിരുന്നു...
ഏഴുവർഷം കഴിഞ്ഞു വലിയൊരു ബിസിനസ് മാഗ്നറ്റായതോടെ മുംബൈയോട് യാത്ര പറഞ്ഞു ഞാൻ ജന്മനാട്ടിൽ തിരികെയെത്തി.എടുത്താലും തീരാത്തത്ര പണം. പപ്പയുടെ കടക്കാരെ തേടിപ്പിടിച്ചു കൊടുക്കാനുള്ളതൊക്കെ പലിശയും ചേർത്തു കൊടുത്തു....
നാട്ടിൽ വലിയൊരു വീട് ആഡംബരമായിത്തന്നെ പണികഴിപ്പിച്ചു. നാട്ടുകാർക്ക് ഞാനൊരു വിസ്മയമായി മാറി. പണമുണ്ടാക്കിയതിനെ കുറിച്ച് അവർക്ക് തോന്നിയ രീതിയിൽ കഥകൾ മെനഞ്ഞു...
എല്ലാം തിരക്കും ഒഴിഞ്ഞതോടെ പഴയ കാമുകിയെപ്പറ്റി ഞാൻ തിരക്കിയറിഞ്ഞു.സമ്പത്ത് മോഹിച്ച് വിവാഹം ചെയ്തവൾക്ക് പഴയ പ്രതാപമൊക്കെ പോയി.ഭർത്താവിന്റെ ബിസിനസ് തകർന്നു. അയാൾ ഇപ്പോൾ ഒരു മുഴുക്കുടിയനാണ്.അവൾക്ക് രണ്ടു മക്കൾ ഉണ്ട്....
എന്നെക്കണ്ടപ്പോൾ അവളാകെ വല്ലാതെയായി.അവൾക്ക് മുമ്പിൽ നിന്നപ്പോൾ പഴയതൊക്കെ പലതും ഞാനോർത്തു....
ബിസിനസ്,,,_ അതറിഞ്ഞ് കളിക്കാൻ അറിയാത്തവർക്ക് ജീവിതം തന്നെ നഷ്ടമായെന്ന് വരാം. ചില സമയത്ത് അതൊരു ഭാഗ്യം കൂടിയാണ്. കാരണം തകരുന്നതും നമുക്ക് പ്രവചിക്കാൻ കഴിയില്ല...
അവളുടെ വിവരമറിഞ്ഞപ്പോൾ ഒന്ന് പരിഹസിക്കണമെന്ന് കരുതിയതാണ്.വീട്ടിൽ ദാരിദ്ര്യമാണെന്ന് അവൾ പറയാതെ തന്നെ പറഞ്ഞു. അപ്പഴാണ് എനിക്ക് ഞാൻ അനുഭവിച്ചതിന്റെ നൂറിലൊന്ന് നീ അനുഭവിച്ചില്ലെന്ന് മറുപടി കൊടുത്തത്.എന്റെ മുംബൈ ജീവിതത്തിൽ അനുഭവിച്ചതൊക്കെ ഞാൻ ചുരുക്കി പറഞ്ഞു...
അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.കുറച്ചു പൈസ കൊടുത്തിട്ട് അവൾ വാങ്ങാൻ മടിച്ചെങ്കിലും ഞാൻ പിടിച്ചേൽപ്പിച്ചു....
"സഹായമായി കരുതണ്ട. കടമായി കരുതിക്കോളൂ..പിന്നീട് എപ്പോഴെങ്കിലും തിരികെ തന്നാൽ മതി. നിന്നെ സഹായിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.എനിക്ക് ജീവിക്കണമെന്ന് വാശി കയറിയത് നീ ഒഴിഞ്ഞു പോയതിനാലാണ്...."
അവൾ തലയും കുനിച്ചെല്ലാം കേട്ടു നിന്നു.ഒരു വിസിറ്റിങ്ങ് കാർഡ് ഞാൻ അവൾക്ക് നൽകി...
"എന്റെ ഫോൺ നമ്പർ അതിലുണ്ട്.എന്തെങ്കിലും ആവശ്യം വന്നാൽ നിനക്കെന്നെ വിളിക്കാം.പണത്തിനായാലും ജോലിക്കായാലും..."
അവളുടെ മുഖത്ത് നന്ദി പ്രകടമായിരുന്നു. ഏറ്റവും ഒടുവിലാണ് ഞാനവളെ ഞെട്ടിച്ചത്....
"ഇതെന്റെ വിവാഹ ക്ഷണക്കത്താണ്.നീയും ഫാമിലിയും തീർച്ചയായും വിവാഹത്തിനു വരണം.പണക്കാരിപ്പെണ്ണൊന്നുമല്ല.ഓർഫനാണ്.അവൾക്ക് സ്നേഹിക്കാൻ കഴിയുന്ന മനസ്സുണ്ട്.ഒരിക്കലും ഇട്ടെറിഞ്ഞ് പോകില്ല.നിന്നെപ്പോലെ...."
അവസാന വാചകം കുറച്ചു മുനവെച്ച് അറിഞ്ഞുകൊണ്ട് പറഞ്ഞതാണ്. അത്രയെങ്കിലും അവളോട് പറഞ്ഞില്ലെങ്കിൽ പിന്നെന്തിനു ഞാൻ മീശയുംവെച്ച് നടക്കുന്നത്....
വിളറിയ അവളുടെ മുഖം ആസ്വദിച്ച് തന്നെയാണ് ഞാൻ കാറിൽ കയറിയത്... കാറിന്റെ ഫ്രണ്ട് ഗ്ലാസിലൂടെ ഞാൻ അവളെ ഒരിക്കൽ കൂടി നോക്കി....
"ഒരുമരപ്പാവ കണക്കെ അവൾ നിൽക്കുന്നത്....."
(Copyright protect)
A story by സുധീ മുട്ടം

പ്രിയപത്നി



എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാണ് അവളെന്റെ പ്രിയ പത്നിയായത്.കതിർമണ്ഡപത്തിൽ താലിക്കായി തലകുനിക്കാൻ പറഞ്ഞതോടെ കുട്ടികളെപ്പോലെ അവൾ ചിരിച്ചു കാണിച്ചത്...
ഈശ്വരാ..പണി പാളിയല്ലോ എന്ന് മനസിൽ ഞാൻ മനസ്സിൽ ചിന്തിച്ചപ്പോഴേക്കും എന്റെ അനിയത്തിക്കുട്ടി അവളുടെ കഴുത്ത് താഴ്ത്തിപ്പിടിച്ചു തന്നത്..
വെപ്രാളാപ്പെട്ട് ഞാനവളുടെ കഴുത്തിൽ താലി ചാർത്തിയതും അബദ്ധത്തിൽ കുരുക്ക് മുറികിപ്പോയി അവൾക്ക് ശ്വാസം മുട്ടിയത്...
ശ്വാസം മുട്ടി നാക്കവൾ പുറത്തേക്ക് നീട്ടിയതും പെണ്ണിന്റെ അച്ഛൻ എവിടെ നിന്നോ ഒരുകത്തിയുമായി പാഞ്ഞെത്തി താലി അറത്തു മുറിച്ചു...
എല്ലാവരും 'എന്നാ ഒടുക്കത്തെ കെട്ടാടാന്ന്' കുറ്റപ്പെടുത്തുന്ന പോലെയെന്നെ നോക്കിയതും ചമ്മിയടപ്പ് തെറിച്ച് ഞാനൊരു പരുവമായി...
ഒറ്റപ്പൂരാടവും എന്റെ നാളും കൂടി ചേരാത്തതിനു ഇരട്ടത്താലി കെട്ടണമെന്ന് ജ്യോത്സ്യർ പറഞ്ഞിരുന്നെങ്കിലും അതിനെയെല്ലാം പുച്ഛിച്ചാണ് ഞാൻ അങ്കത്തിനിറങ്ങിയത്...
ജ്യോത്സ്യർ പറഞ്ഞത് അച്ചട്ടായതിനാൽ വീണ്ടുമൊരു താലികെട്ടുകൂടി നടത്തണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു.അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നത് പോലെ ആളുകൾ തമ്മിൽ രണ്ടു ചേരിയായി വാഗ്വാദത്തിൽ ഏർപ്പെട്ടു...
ഒടുവിൽ കാരണവന്മാരുടെ ധാരണപ്രകാരം ഒത്തുതീർപ്പ് ചർച്ചയിൽ വീണ്ടും താലികെട്ടണമെന്ന് പറഞ്ഞത്...
ഇനി ചേട്ടൻ ഒരുകെട്ട് കെട്ടിയാൽ മതി ബാക്കി ഞാൻ ചെയ്തോളാമെന്ന് അനിയത്തി മുൻ കൂട്ടി പറഞ്ഞു..
വീണ്ടും ഞാൻ താലി ഉയർത്തിയതും പൊട്ടിപ്പെണ്ണ് ഭയന്നലറിക്കൂവി...
"അയ്യോ ഇയാൾ എന്നെ കൊല്ലാൻ പോകുന്നേ" എന്ന് അലറി വിളിച്ചു അവളെഴുന്നേറ്റോടിയത് കണ്ട് എന്റെ ബാല്യം പകച്ചു പോയി...
പെണ്ണിന്റെ വീട്ടുകാർ പിടിച്ചു കെട്ടി അവളെ കൂടെയിരുത്തിച്ചു.ഒരുവിധം താലികെട്ട് ഒപ്പിച്ചെടുത്തു.പരസ്പരം മാല ചാർത്താൻ പൂജാരി പറഞ്ഞെങ്കിലും അവൾ മാല എന്റെ കഴുത്ത് ലക്ഷ്യമാക്കി എറിഞ്ഞു തന്നു....
പെണ്ണിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം കുഴപ്പമെല്ലാം എന്റെ കയ്യിലാണല്ലൊ..ചടങ്ങുകൾ പൂർത്തിയാക്കി ഫോട്ടോ വീഡിയോസിനെല്ലാം ചേർന്ന് നിൽക്കണ്ടവൾ തെല്ലകലം പാലിച്ചു നിന്നു...
ഗൾഫിലായത് കാരണം വീട്ടുകാർ തന്നെയാണ് പെണ്ണ് കണ്ടു ഉറപ്പിച്ചതെല്ലാം.ലീവ് കിട്ടി ഞാൻ നാട്ടിലെത്തിയത് വിവാഹത്തിന്റെ തലേദിവസവും...
പലപ്പോഴും പെണ്ണിനോട് ഫോണിൽ വിളിച്ച് സൊള്ളാമെന്ന് കരുതിയെങ്കിലും നാണമാണെന്ന് പറഞ്ഞു അതിവിദഗ്ധമായി അവളൊഴിഞ്ഞുമാറിയിരുന്നു..
കല്യാണ മണ്ഡപത്തിൽ പെണ്ണിനെ കണ്ടതും എന്റെ കിളിപോയി..ഫോട്ടോയിൽ കണ്ടപ്പോൾ അടിപൊളിയെന്ന് കരുതിയവൾ നീർക്കോലി.ഞാനാണെങ്കിൽ ഗുണ്ടും...
എന്റെ വീട്ടുകാർ എവിടെ നോക്കിയാണ് പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ചതെന്ന് ഞാൻ ചിന്തിച്ചെങ്കിലും എനിക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല...
വീട്ടിലെത്തി ഒരുവിധം റെസ്റ്റെടുക്കാമെന്ന് കരുതിയെങ്കിലും ഒരുരക്ഷയുമില്ല തിരക്കോട് തിരക്ക്.ഗൾഫിൽ നിന്ന് വന്നതിന്റെയും വിവാഹത്തിന്റെ തിരക്ക് കാരണവും ഞാനൊരു പരുവമായി...
കല്യാണച്ചെലവെന്ന് പറഞ്ഞു കൂട്ടുകാർ വട്ടം കൂടിയെങ്കിലും ആ ചടങ്ങ് അനിയനെ ഏൽപ്പിച്ചു ഞാൻ ആശ്വാസം കൊണ്ടു...
ഇന്നു മുതൽ കൂട്ടു കിടക്കാൻ ഒരാൾ ഉണ്ടെന്നുള്ളത് നല്ല കാര്യമെങ്കിലും ഉറക്കത്തിൽ കെട്ടിപ്പിടുത്തം എനിക്ക് അലർജിയാണ്...
തിരക്കുകളിൽ നിന്നൊഴിവായി മണിയറയിൽ ഞാൻ പ്രവേശിച്ചതും' പെണ്ണ് കിടന്ന് ഉറക്കമായത് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി.. അടിപൊളി.. ഇതെന്ത് സാധനമെന്ന് വിചാരിച്ച് കട്ടിലിന്റെ ഒരുമൂലക്ക് ഞാൻ ചുരുണ്ടുകൂടി...
വേനൽക്കാല മഴയിൽ ഇടിമിന്നൽ ഗർജിച്ചതും നീർക്കോലി അലറി വിളിച്ചു ഉറമ്പടക്കം എന്നെ കെട്ടിപ്പിടിച്ചു.ഉറക്കത്തിലെ കെട്ടിപ്പിടുത്തം അലർജിയായതും മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളെ കുടഞ്ഞെറിഞ്ഞു..ആ ശക്തിയിൽ നടുവടിച്ച് കട്ടിലിൽ നിന്ന് ഞാൻ താഴേക്ക് വീണു...
അറിയാതെ ഞാൻ വിളിച്ചു കൂവിയെങ്കിലും എന്നെക്കാൾ ശബ്ദത്തിൽ അവൾ കാറിത്തുടങ്ങി..ഞങ്ങളുടെ അലർച്ചകൾ വീട്ടിൽ പ്രതിധ്വനിച്ചതും വീടും നാടും ഉണർന്നു...
കല്യാണ ചെറുക്കനു ആക്രാന്തം കൂടിയത് കാരണം പെണ്ണ് തൊഴിച്ച് തെറുപ്പിച്ചെന്ന് പരദൂക്ഷണക്കാർ പറഞ്ഞു പരത്തി.ആകപ്പാടെ നാണം കെട്ടതോടെ രണ്ടു ദിവസം ഞാൻ മുറിക്കുള്ളിൽ കഴിച്ചു കൂട്ടി. പുറത്ത് ഇറങ്ങുന്നത് രാത്രിയിലുമാക്കി....
അതുകൊണ്ട് രണ്ടു ദിവസം അവളെ ശരിക്കും മനസ്സിലാക്കാൻ സാധിച്ചു.. കൂട്ടിനു ഭാര്യയും ഉണ്ടായിരുന്നതിനാൽ...
ആണും പെണ്ണുമായി വീട്ടുകാർക്ക് ഒരൊറ്റ സന്തതിയായതിനാൽ സ്നേഹിച്ചും ലാളിച്ചുമാണ് വളർത്തിയത്. പറയത്തക്ക കൂട്ടുകാരുമില്ല...
അവളെ ശരിക്ക് മനസിലാക്കിയപ്പോൾ ഒരുകാര്യം എനിക്ക് വ്യക്തമായി...
ഫസ്റ്റ്നൈറ്റ് ശരിക്കും നടക്കണമെങ്കിൽ പെണ്ണിനു നല്ല ചീക്തസയും കൗൺസിലിംഗും ആവശ്യമാണെന്ന്...
വിവാഹം കഴിഞ്ഞാലും സെക്സ് പാപമാണെന്ന് അവൾ വിശ്വസിക്കുന്നു. കാരണം പറഞ്ഞത് കേട്ടാണ് ഞാൻ ഞെട്ടിയത്....
"കുഞ്ഞും നാൾ മുതൽ ഒരുബന്ധുവളെ കുറച്ചു കാലം പീഡിപ്പിച്ചിരുന്നു.തിരിച്ചറിവ് ആയത് മുതൽ അത് തെറ്റാണെന്ന പാപചിന്ത അവളിൽ വളർന്നു ശക്തമായി...
അവളെ ഡോക്ടറുടെ നിർദ്ദേശാനുസരണം പരിചരിച്ച് നല്ല കൗൺസിലിംഗും നടത്തിച്ച് ക്ഷമയോടെ ഞാൻ കാത്തിരുന്നു...
ക്ഷമയുടെ പൂർണ്ണ ഫലമായി ഈശ്വരൻ എനിക്ക് വലിയ ആഗ്രഹമായിരുന്ന ട്വിൻസിനെ നൽകി അനുഗ്രഹിക്കുകയും ചെയ്തു...
NB:- പെൺകുഞ്ഞുങ്ങൾക്ക് വീട്ടുകാർ പറഞ്ഞു കൊടുക്കണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു തന്നെ വളർത്തണം
(Copyright protect)

ഗസ്റ്റ്ലക്ച്ചർ



"മച്ചാനേ ആ പോണ സാധനത്തെ കണ്ടോ..കാണാൻ അടിപൊളി.. പെണ്ണുങ്ങൾക്ക് ദൈവം ഇത്രയും സൗന്ദര്യം കൊടുക്കുമോ..."
അതിശയഭാവത്തിലാണ് ചങ്കിന്റെ പറച്ചിൽ.
"എന്നതാടാ കിടന്ന് തൊണ്ട കീറുന്നത്..നീയിതുവരെ പെണ്ണുങ്ങളെ കാണാത്തത് പോലെ..."
അവന്റെ സംസാരം എന്നിൽ കലിപ്പാണ് ഉയർത്തിയത്...
"അവസാന വർഷ പിജി സ്റ്റുഡന്റ്സ് ആണെന്നൊരു ബോധമില്ലേടാ നിനക്ക്.എവിടെ ചെന്നാലും പെണ്ണുങ്ങൾ. നിനക്ക് ഊണിലും ഉറക്കത്തിലും ഈയൊരു ചിന്തയേയുള്ളോ...?"
"നിനക്കൊന്നും പ്രേമമൊന്നും പറഞ്ഞിട്ടില്ലെടാ..അതൊക്കെ ആമ്പിള്ളാർക്ക് പറഞ്ഞിട്ടുളള പണിയാണ്.നിന്റെയീ സ്വഭാവത്താലാണ് സിൻസിയർ ലവ്വറെന്ന് കരുതിയവൾ നിന്നെ തട്ടിയത്..."
അവൻ തിരിച്ചടിച്ചു...അതിന്റെ ഓർമ്മയിൽ എന്റെ നെഞ്ചൊന്ന് പിടിച്ചു...
പ്ല്സ്ടു ക്ലാസിൽ കൂടെ പഠിച്ചവൾ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഈ പ്രണയം ഭാവി ജീവിതത്തിലും പകർത്താൻ കഴിയുമെങ്കിൽ സമ്മതമെന്ന് ഞാനും പറഞ്ഞു...
ഡബിൾ ഓക്കെയെന്ന് പറഞ്ഞവൾ എന്തിനും ഏതിനും ഫോൺ വിളിയോട് വിളി..
"ചായ കുടിച്ചോ..വല്ലതും കഴിച്ചോ. തുടങ്ങി ആവശ്യമില്ലാത്ത കുനിഷ്ട് ചോദ്യങ്ങളുമായി ഫോൺ വിളി തുടരുകയാണ്. സ്വന്തം ഫോൺ എനിക്കില്ലാത്തതിനാൽ അച്ഛന്റെ ഫോണിലേക്കാണ് അവളുടെ വിളി.അച്ഛന്റെയോ അമ്മയുടെയോ സ്വരമാണ് മുഴങ്ങുന്നതെങ്കിൽ ഫോൺ കട്ടുചെയ്തു കളയും...
അനാവശ്യമായ ഫോൺ സംസാരങ്ങൾ നമ്മുടെ ബന്ധത്തിൽ വിള്ളൽ സൃഷ്ടിക്കുമെന്ന് ഞാനവൾക്ക് മുന്നറിയിപ്പ് നൽകി...
" നമുക്ക്‌ മുമ്പിൽ ഇപ്പോൾ പഠിക്കുകയെന്നതാണ്.പഠിച്ചു നല്ലൊരു ജോലി നേടിയാൽ ജീവിതം സുരക്ഷിതമാകും.പിന്നെ എത്രനാൾ വേണമെങ്കിലും പ്രണയിക്കാമല്ലോ..."
എന്റെ കൺസപ്റ്റ് ഞാനവൾക്ക് മുമ്പിൽ തുറന്നതും അവളുടെ മറുപടി ഇപ്രകാരമായിരുന്നു...
"ടീനേജ് പ്രായത്തിലെ പ്രണയത്തിനൊരു സുഖമുണ്ട്.സൊളളലും ചാറ്റുമില്ലെങ്കിൽ എന്ത് പ്രണയം. എന്റെ കൂട്ടുകാരികളുടെ ലവ്വർമാർ എത്ര സ്വീറ്റാണ്..നീയാണെങ്കിൽ ഒരു മുരുടനും..."
അവൾ പറഞ്ഞത് ശരിയാണ്. അവളെത്ര സോഫ്റ്റായാലും ഞാൻ പുറമേ പരുക്കനാണ്.പക്ഷേ ഉള്ളു നിറയെ സ്നേഹവും..പുറമേ പ്രകടിപ്പിക്കാൻ അറിയില്ല.അതൊരു മൈനസ് പോയിന്റ് മറ്റുളളവർക്ക് തോന്നുമെങ്കിലും എനിക്കത് പോസിറ്റീവാണ്....
ഇങ്ങോട്ട് വന്ന് പ്രണയം പറഞ്ഞവളെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് അവളുടെ ചില ദൗർബല്യങ്ങൾക്ക് ഞാൻ വഴങ്ങിയതും...
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നപോലെ എന്റെ പ്രണയത്തിനും വീട്ടിൽ വിലക്ക് വീണു.അന്നൊരു രാത്രിയിൽ എന്തിനൊ ഫോൺ ചെയ്തവൾ ഫോൺ അസ്സെപ്റ്റ് ചെയ്തതും ആവേശത്തിൽ സംസാരിച്ചു പോയി.മറുതലക്കൽ നീയേതാ പെണ്ണേയെന്ന് അച്ഛന്റെ ചോദ്യമുയർന്നതോടെ അവൾ ഫോൺ കട്ട് ചെയ്തു എസ്ക്കേപ്പായി.പിടി വീണത് എനിക്കും...
അച്ഛന്റെ ചോദ്യം ചെയ്യലിൽ ഒന്നുമൊളിക്കാതെ തത്ത പറയുന്നത് പോലെ ഞാനെല്ലാം പറഞ്ഞു. പൊതിരെ തല്ലു കിട്ടുമെന്ന് പ്രതീക്ഷിച്ച എന്നെ അച്ഛൻ അരികിലേക്ക് വിളിച്ചു തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു...
"മക്കൾ തന്നോളമായാൽ തല്ലരുതെന്നാണ് പറയുന്നത്. എന്റെ മോനു നമ്മുടെ വീട്ടിലെ അവസ്ഥ അറിയാമല്ലോ. നിനക്ക് ഇളയതൊരു പെൺകുട്ടി കൂടിയുണ്ട്. മൂത്തതായ നിന്നെക്കണ്ടാണ് അവൾ വളരുന്നതും. അവൾക്ക് മാതൃകയാകണ്ടത് നീയാണ്.ഇപ്പോൾ നിന്റെ മുന്നിലുള്ള ലക്ഷ്യം പഠിച്ചു നല്ലൊരു ജോലി നേടുകയെന്നതാണ്.അതുകഴിഞ്ഞു നിനക്ക് ഇഷ്ടമുള്ള പെണ്ണിനെ ചൂണ്ടിക്കാണിച്ച് തന്നാൽ മതി അച്ഛനും അമ്മയും സന്തോഷത്തോടെ അത് നടത്തി തരും..."
ഞാൻ അവളോട് പറഞ്ഞ വാക്കുകളാണ് അച്ഛൻ ആവർത്തിച്ചതെങ്കിലും ഉപദേശമായി തന്നത് ഇന്നും നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു.
അച്ഛൻ പറഞ്ഞതെല്ലാം അവളോട് പറഞ്ഞെങ്കിലും അവളതൊന്നും ചെവിക്കൊള്ളാതെ അനുയോജ്യനായവനെ തേടിപ്പോയി.അങ്ങനെ ആ ബന്ധം അവിടെക്കൊണ്ട് അവസാനിച്ചു...
"അതിനാണു ഇവൻ ആവശ്യമില്ലാത്തതൊക്കെ പറയുന്നത്"
അവനെയും പിടിച്ചു വലിച്ചു ക്ലാസിൽ ചെന്നപ്പോൾ പുതിയ ഗസറ്റ്ഡ് ലക്ച്ചർ ക്ലാസെടുക്കുന്നു...
"മച്ചാ ഇതാണ് ഞാൻ പറഞ്ഞ ആ സാധനം..."
"ഛീ മിണ്ടാതിരിക്കെടാ..."
ഞാൻ പതിയെ അവനെ ചാടിച്ചു...
"എക്സ്ക്യൂസ് മീ മേഡം..."
അവൻ തൊണ്ട നനച്ചു....
"ഞങ്ങൾ ഈ ക്ലാസിലെ സ്റ്റുഡന്റ്സ് ആണ്.. ക്ലാസിൽ കയറിക്കോട്ടേ..."
"ഓ...യെസ്..."
എന്നും മധ്യഭാഗത്ത് ഞങ്ങൾ ഇരിക്കാറുള്ളതെങ്കിലും അവൻ മുമ്പിൽ തന്നെയിരുന്നു.പതിവില്ലാതെ അവന്റെ നീക്കം എന്നിൽ ആശങ്ക പടർത്തി.അവനെ ഞാൻ സസൂഷ്മം വീക്ഷിച്ചു...
ടീച്ചർ സൈഡിലേക്ക് തിരിയുമ്പോൾ വയറിനു കുറുകെയുള്ള സാരിത്തലപ്പ് മാറുമ്പോൾ അണിവയറും പൊക്കിൾ ചുഴിയും കാണാം.. ചുമ്മാതല്ല ശവം അവിടെക്കൂടിയത്...
ചില വിരുതന്മാരും ചങ്കും കൂടിച്ചേർന്ന് ന്യൂട്ടറിൽ മൊബൈലിൽ രംഗങ്ങൾ പകർത്തുന്ന തിരക്കിൽ ആയിരുന്നു...
അതുകൊണ്ട് എന്റെ മനസ്സൊന്ന് പിടച്ചെങ്കിലും ചങ്കിന്റെ ഭാവിയോർത്ത് ഞാൻ അനങ്ങാതിരുന്നു.പെട്ടന്നാണു പടക്കം പൊട്ടുന്ന ഒരടിയുടെ ശബ്ദവും അലർച്ചയും...
"ഗെറ്റ് ലോസ്റ്റ്.."
കരണം പൊത്തിപ്പിടിച്ച് ചങ്ക് നിൽക്കുന്നു...
"നന്നായി.. ഇങ്ങനെയെങ്കിലും അവൻ നന്നാവുന്നെങ്കിൽ നന്നാവട്ടെ..."
"നിന്റെയൊക്കെ ഭാവി ഇതോടെ തീർന്നു.പ്രിൻസിപ്പലിനു റിപ്പോർട്ട് ചെയ്തിട്ട് പോലീസിൽ പരാതിയും നൽകും.ഇനിയും പ്രതികരിക്കാതിരുന്നാൽ നിന്നെപ്പോലത്തെ ക്രിമിനലുകൾ വളരും.അക്ഷരം ആരു പകർന്നു നൽകിയാലും ഗുരുസ്ഥാനത്താണ്.അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ ഗുരുവാണെല്ലാം..വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...."
അവരൊന്ന് നിർത്തി വീണ്ടും തുടർന്നു....
"ഇവിടെ വന്ന് തൊണ്ട പൊട്ടിക്കീറിയാൽ ഞങ്ങൾക്ക് ശമ്പളം ലഭിക്കും.പക്ഷേ ഞങ്ങളുടെ സംതൃപ്തി അറിയാവുന്ന വിദ്യ നിങ്ങളിലേക്ക് പകർന്നു നൽകുമ്പോഴാണ്.....
പറഞ്ഞു തീർന്നതും അവർ പൊട്ടിക്കരഞ്ഞു പോയി....
ചെയ്തത് തെറ്റാണെന്ന് തോന്നിയതിനാലാവാം അവർ ഗസറ്റ്ഡ് ലക്ച്ചറോട് മാപ്പു പറഞ്ഞു...
"ഞാൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്ക് നല്ലൊരു ഭാവി ലഭിച്ചാൽ ആ സന്തോഷമാണ് നിങ്ങൾ ഞങ്ങൾക്ക് തരുന്ന ഗുരുദക്ഷിണ. വിദ്യാർത്ഥികൾ ഗുരുവിനു മക്കളുടെ സ്ഥാനത്താണ്. മക്കൾ തെറ്റ് ചെയ്താൽ അമ്മമാർ പൊറുക്കും.അതുപോലെ ഇവർക്കും മാപ്പു കൊടുക്കാം.തെറ്റ് തിരുത്താൻ കഴിഞ്ഞാൽ അതാണ് ഏറ്റവും പുണ്യമായിട്ടുളളത്...."
തന്നോട് തെറ്റ് ചെയ്തെങ്കിലും മപ്പ് നൽകാൻ തയ്യാറായ ഗുരുവിനു ഞാൻ മനസ്സിൽ ബിഗ് സല്യൂട്ട് നൽകി...കൂടെ ചങ്കിനിട്ടൊ ഒന്നും പൊട്ടിച്ചു....
"ഇനിയെങ്കിലും ഒന്ന് നന്നാവടാ...എന്നിട്ട് മനുഷ്യനായി ജീവിക്ക്...."
ഞാൻ അത് പറയുമ്പോഴും അവന്റെ മുഖം കുനിഞ്ഞ് തന്നെയിരുന്നു...
"കുറ്റബോധം കൊണ്ട്...."
NB:- വിദ്യ പകർന്നു നൽകുന്നവർ ആരായാലും അത് ഗുരുസ്ഥാനീയർ തന്നെ
The End
(Copyright protect)

ഗർഭിണിയായ ഭാര്യ



രാത്രിയിൽ കിടക്കാൻ നേരമാണ് ഞാനെന്റെ ആഗ്രഹം പ്രിയതമയുടെ ചെവിയിലോതിയത്.എച്ചിൽ പാത്രങ്ങളെല്ലാം മോറിയിട്ട് മുഷിഞ്ഞ ഡ്രസും മാറ്റി ഷവറിനു കീഴിൽ ദേഹശുദ്ധി വരുത്തിയിട്ട് അവളെന്റെ കൂടെ വന്നു കിടന്നത്...
"ടീ മക്കളുറങ്ങിയോ..."
"അവരെപ്പഴേ ഉറങ്ങിയല്ലോ..ഏട്ടൻ ഉറങ്ങുന്നില്ലെ..രാവിലെ എഴുന്നേൽക്കണം ഒരുപാട് പണിയുണ്ട്...."
അവളുറങ്ങാനുളള തയ്യാറെടുപ്പിലാണ്...
"പെണ്ണേ എനിക്കൊരു കാര്യം പറയാനുണ്ട്..ആ കാതിങ്ങട് താ...
" ഉവ്വാ..പെണ്ണ്..എനിക്ക് വയസ്സ് മുപ്പിത്തരണ്ടായേ..മൂത്ത കൊച്ചിനു പത്തു വയസ്സും ഇളയതിനു ഏഴും..എന്നിട്ടും ഇങ്ങേരുടെ കുട്ടിക്കളി ഇതുവരെ മാറിയട്ടില്ലല്ലോ ന്റെ കൃഷ്ണാ..."
"നീയാ..ലൈറ്റൊന്ന് അണക്ക്.."
"എന്നതാ പതിവില്ലാത്ത വിശേഷങ്ങൾ.. എന്നും ലൈറ്റിട്ടല്ലെ കിടക്കുന്നത്.."
"കാര്യം പറയണമെങ്കിൽ മതി..."
ഞാൻ പരിഭവം പറഞ്ഞു...
"ഓ...നിങ്ങടെയൊരു കാര്യം..."
അവൾ ലൈറ്റണച്ചു വന്നു.‌‌ഞാൻ അവളുടെ വിളിയുടെ ഭാവമാറ്റങ്ങൾ ഓർക്കുകയായിരുന്നു...
ആദ്യം ഏട്ടായെന്നും പിന്നെ ഇങ്ങേരെന്നും ഇപ്പോൾ നിങ്ങളെന്ന വിളിയും.ഇനിയും കാര്യം കൂടി പറയുമ്പോൾ ഇവളുടെ മാറ്റമെന്തായിരിക്കും...
"ഇനിയെങ്കിലും പറയ്...."
"ടീ നമുക്ക് മക്കൾ രണ്ടല്ലെ..മൂത്തത് പെണ്ണും ഇളയത് ആൺകുട്ടിയും..."
"നിങ്ങൾക്ക് രാത്രിയിൽ ഇതെന്നാ പറ്റി... പ്ലീസ് എന്നെ സംശയിക്കരുത്. രണ്ടും നിങ്ങടെ മക്കൾതന്നെ...."
ഹാസ്യരൂപേണയുളള അവളുടെ മറുപടി എനിക്കിട്ടൊരു കൊട്ടുകൂടി ആയിരുന്നു....
"അതല്ലടീ പോത്തേ.അടുത്തത് ഇരട്ടക്കുട്ടികൾ വേണമെന്നാണ് എന്റെ ആഗ്രഹം. അമ്പലപ്പുഴ ഉണ്ണിക്കണ്ണന്മാർ..."
ശ്രീമതിയുടെ വയറിനു കുറുകെ ഞാൻ കൈകൾ വെച്ചാണത് പറഞ്ഞത്...
"നാണമില്ലേ വയസ്സാൻ കാലത്തൊന്നും എനിക്കിനി പ്രസവിക്കാൻ വയ്യ..രണ്ടെണ്ണം പോരാഞ്ഞിട്ട് ഇനിയും ഒറ്റയടിക്ക് രണ്ടെണ്ണം.. എന്നെക്കൊണ്ട് പറ്റൂല്ല..ആഗ്രഹം മനസ്സിൽ വെച്ച് മൂടിയേക്ക്...."
എന്തെങ്കിലും ഞാൻ പറയുന്നതിനു മുമ്പേ എന്റെ കൈകൾ തട്ടിമാറ്റി അവൾ തറയിൽ പായ് വിരിച്ചു കിടന്നു...
"അതെ പഞ്ചാരവർത്തമാനം പറഞ്ഞു എന്റെ അടുക്കലെങ്ങും വരരുത് ..വാക്കത്തി തലയിണക്കടിയിൽ ഞാൻ വെച്ചിട്ടുണ്ട്.. പറഞ്ഞില്ലെന്ന് വേണ്ട..."
ഇവളിത് എന്നാ ഭാവിച്ചാ..ഒരാഗ്രഹം പറഞ്ഞതിനു അവഗണിച്ചു എന്ന് മാത്രമല്ല താഴെയും മാറിക്കിടക്കുന്നു..ഇതങ്ങനെ വിട്ടാൽ ശരിയാകില്ല....
രാത്രിയിൽ ഉറക്കമില്ലെന്ന് ഡോക്ടറോട് ആവലാതി പറഞ്ഞു കുറച്ചു ഉറക്ക ഗുളിക ഞാൻ വാങ്ങി സ്റ്റോക്കു ചെയ്തു.. അവളുടെ ഡേറ്റും കറക്ടായി വന്നുകഴിഞ്ഞതും പിന്നെയും കണക്കുകൂട്ടൽ നടത്തി ഉറക്ക ഗുളിക പൊടിച്ച് പ്രിയതമക്ക് നൽകി.പാവം കുറച്ചു ദിവസം ബോധം കെട്ട ഉറക്കമായിരിക്കും....
ഒരുമാസം കഴിഞ്ഞതും അവൾക്കെന്നെ ഭയങ്കരമായ സംശയം. മുമ്പും ഉണ്ടായിരുന്നു.. പക്ഷേ ഇത്..കുറച്ചു ദിവസങ്ങളായി അവൾ മിണ്ടുന്നുമില്ല...
ഇടക്ക് അവൾ തുടർ ചർദ്ദിയായപ്പോൾ എന്റെ മനസ്സിൽ ലഡുപൊട്ടു.....
"പൊളിച്ച്..ഇവൾ പ്രഗ്നന്റാണ്...."
കാര്യം തിരക്കിയപ്പഴേ അവളിൽ നാണം ഉടലെടുത്തു.. ഞാനും ശ്രീമതിയും പഴയ ഇരുപത്തിരണ്ടുകാരിയും ഇരുപത്തിയേഴുകാരനുമായി മാറി....
രണ്ടു മൂന്നു മാസം അവളിഷ്ടപ്പെട്ടതും ആവശ്യപ്പെട്ടതുമെല്ലാം ഞാൻ വാങ്ങിക്കൊടുത്തും കഴിപ്പിച്ചും കൊണ്ടിരുന്നു.രണ്ടു അമ്പാടി കണ്ണന്മാർക്കായി ഞാൻ സ്വപ്നങ്ങൾ നെയ്തു....
മാസങ്ങൾ പിന്നിട്ട് കഴിഞ്ഞിട്ടും അവളുടെ വയർ വീർക്കാത്തതിൽ എനിക്ക് ആകാംഷയേറി.ആകാംഷ കലശലയാതും അവളോട് തന്നെ ഞാൻ സംശയനിവാരണം നടത്തി....
'എന്റെ മനുഷ്യാ നിങ്ങളെ ഞാൻ കാണാൻ തുടങ്ങീട്ട് പത്തുവർഷമായി.നിങ്ങൾ മാനത്ത് കാണുമ്പോൾ ഞാൻ മനസ്സിൽ കാണും..പ്രസവം നിർത്തിയട്ടില്ലെന്ന കാര്യം ഞാൻ ഓർക്കാതിരിക്കുമോ...."
അവൾ ആക്കിയൊരു ചിരി പാസാക്കിയട്ട് വീണ്ടും തുടർന്നു...
"പണി കിട്ടാൻ പോണെന്ന് മനസ്സ് പറഞ്ഞപ്പഴേ ഞാൻ ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിച്ചു. നിങ്ങളെന്താ കരുതിയെ നിങ്ങൾക്ക്‌ മാത്രമേ ബുദ്ധിയുള്ളെന്നോ...ഹി ഹീ ഹീ....."
ആഗ്രഹം നനഞ്ഞ പടക്കമായപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമാണ് മനസ്സിൽ ഉയർന്നത്....
"പെൺ ബുദ്ധി പിൻ ബുദ്ധി എന്നു പറഞ്ഞവൻ ആരാണ്.. ആരായാലും എന്റെ കയ്യിൽ കിട്ടിയാൽ തല്ലിക്കൊല്ലും പറഞ്ഞില്ലെന്ന് വേണ്ട.....
(Copyright protect)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo