Slider

ജ്വാലാമുഖി

0


"""" വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി ജനിക്കണം"""""""
ഹൃദയം തുറന്നു സ്നേഹിച്ചവളുടെ വിവാഹക്ഷണക്കത്ത് കയ്യിൽ കിട്ടിയപ്പോൾ വാകപ്പൂമരത്തണലിൽ അവളൊരുപാട് പ്രാവശ്യം പറഞ്ഞ വരികൾ എനിക്കോർമ്മ വന്നു..അറിയാതെയെന്റെ ഹൃദയമൊന്ന് പിടിച്ചു. ഒരുതുള്ളി കണ്ണുനീർ അവൾക്കായി ഞാൻ പൊഴിച്ചു.....
ഇന്നവൾ വിധവയും പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയുടെ അമ്മയുമാണ്.നീണ്ട പതിനാറ് വർഷങ്ങൾക്കുശേഷം ഇന്നവളുടെ കത്ത് എനിക്ക് വീണ്ടും ലഭിച്ചു.ഒരിക്കൽ കൂടിയാ ഈരടികൾ എന്റ്ർ ഓർമ്മയിൽ ഓടിയെത്തി....
"""" വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി ജനിക്കണം"""""""
കണ്ണുകൾ നിറഞ്ഞു കവിയാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു.എഴുത്തിലൂടെ എന്റെ മിഴികൾ ഓടിപ്പാഞ്ഞു നടന്നു....
"എനിക്കൊന്ന് കാണണം..."
രണ്ടു വാക്കുകൾ.. താഴെ മൊബൈൽ നമ്പരും.9446909...
പതിനാറ് വർഷങ്ങൾ എത്ര പെട്ടെന്ന് പോയി മറഞ്ഞു.എല്ലാം ഇന്നലെയെന്നതു പോലെ...
മനസ്സൊന്ന് തുടിച്ചു അവളുടെ മുഖമൊന്ന് കാണുവാൻ.. കാതുകൾ ചെവിയോർത്തു അവളുടെ ശ്രുതിമധുരമായൊരു ഗാനം കേൾക്കുവാൻ..ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരിക്കുന്നു....
ഒരിക്കൽ കൂടി ഞാനാ കത്തു വിടർത്തി.അരുതെന്ന് മനസ്സു വിലക്കിയെങ്കിലും മൊബൈലിൽ അവളുടെ നമ്പർ ടൈപ്പ് ചെയ്തു
"9446909...
കാൾ പോകുന്ന ബെൽ മുഴങ്ങിയതോടെ നെഞ്ചിന്റെ ഇടിപ്പ് ക്രമാതീതമായി വർദ്ധിച്ചു. കാൾ കട്ടാവുന്നതിനു മുമ്പേ അങ്ങേ തലക്കൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ശബ്ദം...
" ഹലോ ആരാണ്..."
മറുതലക്കൽ ചിരപരിചിതമായ ശബ്ദം. പക്ഷേ ഏകദേശം പതിനാറ് വയസ്സുകാരിയുടെ സ്വരമാധുര്യം..
അവളുടെ മകൾ.. എന്റെ മനസ്സ് വല്ലാതെ കുതിച്ചു ചാടി.ഞാനൊരു പിതാവിന്റെ മാനസികാവസ്ഥയിലെത്തി....
എനിക്കും അവൾക്കും കൂടി ജനിക്കണ്ടിയിരുന്ന മകൾ.മനസ്സിൽ സന്തോഷത്തിന്റെ നീരുറവ പൊട്ടിയൊഴുകി...
"ഹലോ ആരാണ്..." വീണ്ടും ആ മധുരശബ്ദം കാതിൽ തേന്മഴയായി പെയ്തു....
"ഞാൻ സുധീ...മീനാക്ഷിയില്ലേ അവിടെ. ഒന്നു കൊടുക്കാമോ..."
ശബ്ദം പതറരുതെന്ന് കരുതിയെങ്കിലും ഗദ്ഗദത്താലെന്റെ വാക്കുകൾ മുറിഞ്ഞു...
"അമ്മ ഇവിടില്ല..ആരാണെന്ന് വിശദമായി പറയാമെങ്കിൽ ഞാൻ അമ്മയോട് പറയാം. ഇല്ലെങ്കിൽ അഡ്രസ്സ് പറഞ്ഞു തരാം. അങ്കിൾ വീട്ടിലേക്ക് വന്നോളൂ..."
അവളുടെ മകൾ നൽകിയ അഡ്രസ്സ് ഞാൻ കുറിച്ചെടുത്തു.എന്തായാലും അവിടെവരെയൊന്ന് പോകണം.മീനാക്ഷിയെ തനിക്കൊന്ന് കണണം.അവളുടെ മകളെയും...
എന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുപാട് ഓർമ്മകൾ മനസ്സിൽ ഓടിയെത്തി.മീനാക്ഷിയും ഞാനും ചെലവഴിച്ച സ്വകാര്യ നിമിഷങ്ങളും മധുരവും കയിപ്പും നിറഞ്ഞ ഓർമ്മകളും....
അതിരാവിലത്തെ കടുത്ത തണുപ്പിനെ വക വെക്കാതെ ഞാൻ കുളിച്ച് യാത്രക്ക് ശരിയായി. ഞാനൊരിക്കൽ കൂടി യുവാവായത് പോലെ.....
ഒരുങ്ങുമ്പഴും കാറിൽ യാത്ര ചെയ്യുമ്പോഴും എന്റെ മനസ്സ് വല്ലാതെ ചെറുപ്പക്കാരനായി.ആദ്യമായിട്ടന്ന് മീനാക്ഷിയെന്ന മീനുക്കുട്ടിയോട് ഇഷ്ടം പറഞ്ഞപ്പോൾ തിരിച്ച് സമ്മതമാണെന്ന മറുപടി ലഭിച്ചപ്പോൾ സന്തോഷവാനായ അതേ നിമിഷത്തെ നിർവൃതി ഞാനൊരിക്കൽ കൂടി നുകർന്നു....
മീനുക്കുട്ടിയെ കാണുമ്പോൾ അവളെങ്ങനെ പ്രതികരിക്കുമെന്നൊരു ഭയം ഉള്ളിലുണ്ട്.പെട്ടെന്ന് തന്നെ എനിക്കാ ഫീൽ മാറിക്കിട്ടി..
"ദേഷ്യമുണ്ടെങ്കിൽ അവളൊരിക്കലും തന്നെ കാണണമെന്ന് ആവശ്യപ്പെടില്ല.ഫോൺ നമ്പരും വെക്കില്ല....
മുപ്പത്തിയേഴ് വയസ്സ് മീനുക്കുട്ടിക്ക്..കാലം തന്നിലൊരുപാട് മാറ്റങ്ങൾ വരുത്തിയത് പോലെ തന്നെ അവളിലും വ്യത്യാസം വന്നിരിക്കും....
ഉള്ളിലെരിയുന്ന മോഹവും മോഹഭംഗവുമായി കാർ കുതിച്ചു പാഞ്ഞു.മീനുക്കുട്ടിയുടെ മകൾ പറഞ്ഞ അഡ്രസ്സ് വെച്ച് വീട് കണ്ടെത്താൻ കുറച്ചു കഷ്ടപ്പെട്ടു.പട്ടണത്തിൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് അവരുടെ വീട്....
നെൽക്കതിരുകളും തെങ്ങിൻ തോപ്പും നിറഞ്ഞ ഇടവഴികളിലൂടെ കാർ ലക്ഷ്യം തേടി.പാഞ്ഞു.വഴിയരികിൽ നടന്നു പോയ ഒരാളോട് സംശയം നിവാരണം നടത്തി വീട് ഏതെന്ന് ഉറപ്പിച്ചു....
റോഡിൽ നിന്ന് ചെറിയൊരു ചെമ്മണ്ണിലൂടെ പൊടികൾ പറത്തി കാർ മുമ്പോട്ട് നീങ്ങിത്തുടങ്ങി...അരയേക്കറോളം വ്യാപിച്ചു കിടക്കുന്ന ഭൂമിയുടെ വടക്കു കിഴക്ക് ഭാഗത്തായി പഴയ രീതിയിൽ പണികഴിപ്പിച്ചൊരു നാലുകെട്ട്.പഴമയുടെ പുതുമ ആ വീടിനു പുറത്ത് തെളിഞ്ഞു നിൽക്കുന്നു...
കാർ മുറ്റത്ത് നിന്ന് കുറച്ചു പിന്നിലായി നിർത്തി.ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു....
"മീനുക്കുട്ടിയുടെ ഭർത്താവ് ഉറങ്ങുന്ന മണ്ണ്.ഉള്ളിലെവിടെയൊ ഒരു മുറിവേറ്റതു പോലെ ഞാനൊന്ന് പിടഞ്ഞു....
മീനുക്കുട്ടി വിധവയായി കാണാൻ ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.എന്നും സന്തോഷമായി ദീർഘസുമംഗലിയാകാൻ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ..അതിനാൽ തന്നെയാണ് അവളുടെ ഭർത്താവിന്റെ മരണം കാണാൻ ഞാൻ വരാഞ്ഞതും...
" കഴിയില്ലെനിക്ക് ...ആകെ തകർന്ന ഹൃദയവുമായി നിൽക്കുന്നയെന്റെ മീനുക്കുട്ടിയെ ഒരിക്കൽ കൂടിയങ്ങനെ കാണുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല....അതാണ് സത്യം.... "
പതിയെ ഞാൻ മുമ്പോട്ട് നടന്നു ചെന്ന് ഉമ്മറപ്പടിയിൽ നിന്ന് കോളിങ്ബെൽ അമർത്തി.അകത്തെ മുറിയിലെവിടെയോ ഘടികാരം സംഗീതമുതിർക്കുന്നത് ഞാൻ കേട്ടു.കുറച്ചു നേരത്തെ നിശ്ബ്ദതക്കൊടുവിൽ അകത്ത് നിന്നാരോ നടന്നുവരുന്ന കാലടിയൊച്ച എനിക്ക് കേൾക്കാമായിരുന്നു...
വാതിൽ മറവിനു പിന്നിലായി ഒരു പെൺകുട്ടിയുടെ തല ഞാൻ കണ്ടു.പിന്നെ മുഖവും.എനിക്കത് വല്ലാത്തൊരു ഷോക്കായിപ്പോയി....
ഏകദേശം പതിനാറു വയസ്സു തോന്നിക്കുന്നൊരു പെൺകുട്ടി. അവൾക്ക് മീനുക്കുട്ടിയുടെ അതേഛായ.ഇതേ പ്രായത്തിൽ മീനുക്കുട്ടി എങ്ങനെയിരുന്നുവോ കാലം മകളെയും അതേപടി പകർത്തി വെച്ചിരിക്കുന്നു ....
"സുധിയങ്കിൾ അല്ലേ..."
അവൾ എടുത്തു ചോദിച്ചു..
"അതെ..."
"വരൂ ..അങ്കിൾ അകത്തേക്ക് കയറിയിരിക്കാം.."
അവളുടെ പിന്നാലെ സ്വീകരണമുറിയിലേക്ക് ചെന്നു.അവൾ ചൂണ്ടിയ കസേരയിൽ ഞാൻ അമർന്നിരുന്നു.ആ കുട്ടിയെ സാകൂതം ഞാൻ ശ്രദ്ധിച്ചു..
"മീനാക്ഷി... ഞാൻ പകുതിയിൽ നിർത്തി..
" കുളിക്കയാ ..ഇപ്പോൾ വരും...അങ്കിളിനു ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം..."
"വേണ്ട..കുട്ടി എനിക്കിപ്പോളൊന്നും വേണ്ട...
അവൾ മനോഹരമായിട്ടൊന്ന് പുഞ്ചിരിച്ചു.മീനുക്കുട്ടിയുടെ ചിരി...
" എന്താ മോളുടെ പേര്... "
",ജ്വാലാമുഖി..."
ഒരുമാത്ര ഞാൻ നടുങ്ങിയുണർന്നു..ഞാനും മീനുക്കുട്ടിയും കൂടി തീരുമാനിച്ചു ഉറപ്പിച്ച പേരാണ് ജ്വാലാമുഖി...പെൺകുട്ടി ജനിച്ചാൽ അതിനിടാൻ കരുതിയത്....
എനിക്കൊരു നിമിഷം അതെന്റെ സ്വന്തം മകളാണെന്ന് തോന്നിപ്പോയി.പിതൃവാത്സല്യം എന്നിൽ നിറഞ്ഞു.അവളെ മോളേയെന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും മനസ്സതടക്കി....
ഞങ്ങൾ ചിരപരിതരെപ്പോലെ സംസാരിച്ചു.
"ആരാണ് മോളേ അവിടെ.." അകത്തെ മുറിയിലെവിടെ നിന്നോ ഒരിക്കലും മറക്കാത്തയാ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു...
"മീനാക്ഷിയെന്ന മീനുക്കുട്ടി.."
"അമ്മയിങ്ങോട്ടുവാ സർപ്രൈസാണ്..."
ചെറു ചിരിയോടെ ജ്വാലാമുഖി അറിയിച്ചു...
"ദാ..അമ്മ വരണൂ...."
എന്റെ മനസ്സ് ആകെ സംഘർഷഭരിതമായി.മീനാക്ഷി എങ്ങനെയാണാവോ പ്രതികരിക്കുക.ഓരോ നിമിഷവും ഞാൻ ഉരുകിത്തുടങ്ങി....
പെട്ടെന്ന് മുറിയുടെ വാതിൽ തുറന്നു മീനാക്ഷി അവിടേക്ക് വന്നു.അറിയാതെ ഞാൻ എഴുന്നേറ്റു പോയി....
മീനാക്ഷി എന്നെ സൂക്ഷിച്ചു നോക്കി..പതിയെയാ ചുണ്ടുകൾ പിറുപിറുത്തു...
"സുധിയേട്ടൻ...." അവളുടെ മിഴികളിൽ ആശ്ചര്യമായിരുന്നു..
"സുധിയേട്ടൻ എപ്പോൾ എങ്ങനെ വന്നു...."
ഞാൻ അവളുടെ വിളി ശ്രദ്ധിച്ചു..."സുധിയേട്ടൻ..." പഴയതൊന്നും മീനാക്ഷി മറന്നട്ടില്ല...
മുടികൾ അവിടവിടെയായി നരച്ചിട്ടുണ്ട്.കണ്ണുകളിലും കവിളുകളിലും പഴയാ ആകർഷണമില്ല.പ്രായത്തിൽ നിന്ന് കുറച്ചു കൂടി വയസ്സായതു പോലെ...
"മീനാക്ഷി..."
ഞാൻ വിളിച്ചതവൾ കേട്ടില്ലന്നുണ്ടോ..ദൂരേക്കവൾ ദൃഷ്ടികൾ പായിച്ചു...
"നിങ്ങൾ സംസാരിച്ചിരിക്ക്.ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തു വരാം..."
ജ്വാലാമുഖി സൂത്രത്തിൽ അടുക്കളയിലേക്ക് വലിഞ്ഞു...
"മീനുക്കുട്ടി... ഞാൻ നീട്ടി വിളിച്ചതും അവളൊന്ന് ഞെട്ടി...
" വേണ്ട..സുധിയേട്ടാ പഴയതൊന്നും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല.നമ്മുടെ വിവാഹം നടന്നില്ലെങ്കിലും ഒരിക്കലും ഞാൻ പഴിച്ചിട്ടില്ല.എന്നെ വേണ്ടെന്നു പറഞ്ഞതിന്റെ കാരണം എനിക്കിന്നും അറിയില്ല.അറിയുകയും വേണ്ട.അത് സുധിയേട്ടനിൽ തന്നെ രഹസ്യമായി ഇരിക്കട്ടെ...."
കുറ്റബോധത്താൽ ഞാൻ നിന്നുരുകി.മൗനമായി ഞാൻ അവളോട് ക്ഷമ ചോദിച്ചു...
"എന്റെ ഭർത്താവിനു എന്നെ ജീവനായിരുന്നു.പക്ഷേ വിധി ഒരിക്കൽക്കൂടി വില്ലനായതോടെ ആ സൗഭാഗ്യവും എനിക്ക് നഷ്ടപ്പെട്ടു.അന്നുമിന്നും മോഹിച്ചതൊക്കെ അകലേക്ക് പോയി മറഞ്ഞിട്ടേയുള്ളൂ...."
മീനാക്ഷി ചെറുതായിട്ടൊന്ന് വിതുമ്പി.വിധവയുടെ ജീവിതം അവളുടെ വിതുമ്പലിൽ നിന്നും മീനാക്ഷി പറയാതെ തന്നെ ഞാൻ മനസ്സിലാക്കി...
"ഇനിയൊരു ഏറ്റു പറച്ചിലിനു പ്രസക്തിയില്ല.അതൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു.....
" സുധിയേട്ടൻ എങ്ങനെ ഇവിടെ എത്തി...
'മീനാക്ഷിയല്ലെ കത്തുയച്ചത്.എനിക്കൊന്ന് കാണണമെന്ന് പറഞ്ഞ് നമ്പരും വെച്ചിട്ട്..."
"ഞാനോ..സുധിയേട്ടനെന്താ തമാശ പറയുകയാണോ...അവൾ ചിരിച്ചതും ഞാൻ അമ്പരന്നു പോയി...
" അതെ ഞാനാണ് അമ്മയുടെ പേരിൽ കത്തയച്ചത്.അതിനുള്ള ശിക്ഷ എനിക്കിങ്ങ് തന്നേക്ക്""" കുസൃതിയോടെ ജ്വാലാമുഖി പറഞ്ഞെങ്കിലും മീനാക്ഷിയുടെ മുഖമിരുണ്ടു...
"നീയെന്തുവാടീ ഈ കാണിച്ചത്...."
"അമ്മ കൂടുതൽ ഒന്നും പറയണ്ട.അമ്മയുടെ കഴിഞ്ഞ കാലം കുത്തി നോവിച്ചതുകൊണ്ടാണു പറഞ്ഞതെന്ന് അറിയാം.എനിക്കീ അങ്കിളിനെയൊന്നു കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.. അതുകൊണ്ട് വരുത്തിച്ചതാ....."
"അതെന്തായാലും നന്നായി മോളേ.എനിക്ക് നിങ്ങളെയൊന്ന് കാണാൻ പറ്റിയല്ലൊ..അതുമതി.എങ്കിൽ ഇനി വൈകുന്നില്ല ഞാൻ ഇറങ്ങുവാ..."
മിഴികളാൽ മീനാക്ഷിയോട് ഞാൻ യാത്ര പറഞ്ഞു. എന്താണെന്ന് അറിയില്ല മീനാക്ഷി പെട്ടെന്ന് തിരിഞ്ഞു നിന്നു...
"അതുശരി..അങ്കിളിപ്പം അങ്ങനെ പോകണ്ടാ..അങ്കിളിന്റെ ഇഷ്ടവിഭവങ്ങൾ ഞാൻ തയ്യാറാക്കിയട്ടുണ്ട്..ഊണു കഴിച്ചു പോയാൽ മതി..,."
സ്നേഹം നിർഭരമായ സമ്മർദ്ദത്തിൽ അവരുടെ കൂടെ ഞാൻ ഊണുകഴിച്ചു..ഒരുപാട് നാളുകൾക്ക് ശേഷം മനസ്സും വയറും നിറഞ്ഞു...
"അങ്കിളിനി വരുമ്പോൾ ഫാമിലിയെ കൂട്ടി വരണം...." ജ്വാലാമുഖി അറിയിച്ചു....
ഞാൻ കുറച്ചു നേരം അവളെ നോക്കി....
"നീയാണെന്റെ മകൾ.. എനിക്ക് ജനിക്കാതെപോയ പൊന്നുമോൾ...."
വാത്സല്യത്തോടെ ഞാൻ മോളേ ആശ്ലേഷിച്ചു....
"അപ്പോൾ സുധിയേട്ടൻ വിവാഹം കഴിച്ചില്ലെ ഇതുവരെ....." മീനാക്ഷി ഞെട്ടുന്നത് ഞാൻ കണ്ടു.....
"ഇല്ല...എല്ലാം ഒരു പ്രായ്ശിചിത്തം പോലെ ശേഷിച്ച ജീവിതം തള്ളി നീക്കുന്നു....."
മീനാക്ഷിയുടെയും ജ്വാലാമുഖിയുടെയും കണ്ണുകൾ നിറഞ്ഞു....
"അങ്കിളേ ഞങ്ങളുടെ കൂടെയിനി ജീവിക്കാമൊ?...
ജ്വാലാമുഖി വിക്കി...
" ജ്വാലേ ഈ പറഞ്ഞത്.... മീനാക്ഷി അവളെ വഴക്കു പറഞ്ഞു...
"എനിക്ക് പതിനഞ്ചു വയസ്സായി.അച്ഛനെ കണ്ടോർമ്മയില്ല.ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുനീരും തോർന്നട്ടില്ല.അങ്കിളിനു അറിയുവൊ ഇവിടെ രാത്ർ പലരും ശല്യം ചെയ്യാൻ വരുന്നുണ്ട്. ചോദിക്കാന്‍ ഞങ്ങൾക്ക് ആരുമില്ല..ഇന്നുവരെ അമ്മ എനിക്കായി ജീവിച്ചു.ഇനിയെങ്കിലും എന്റെ അമ്മക്കൊരു ജീവിതം വേണം....
ജ്വാലാമുഖി വിങ്ങിപ്പൊട്ടി....
" നിന്റെ അച്ഛന്റെ സ്ഥാനത്ത് മറ്റൊരാൾ ഞാൻ സമ്മതിക്കില്ല....മീനാക്ഷി ഉറക്കെ പറഞ്ഞു....
"എനിക്ക് അച്ഛനെ വേണമമ്മേ..ആ സ്നേഹവും വാത്സല്യവും നുകർന്നു ജീവിക്കണം.അമ്മക്കൊരു കൂട്ടും.പരസ്പരം മനസ്സിലാക്കുന്നവർ ആകുന്നതല്ലെ കൂടുതൽ നല്ലത്... അങ്കിൾ ചെയ്ത തെറ്റ് എന്താണെന്ന് ഞാൻ തിരക്കുന്നില്ല.ഇത്രയും നാളത്തെ പശ്ചാത്താപം അതുപോരെ..ഇനിയും അങ്കിളിനെ കണ്ണുനീരു കുടിപ്പിക്കരുത്.അമ്മക്കൊരു ജീവിതം ലഭിക്കുമ്പലഭിക്കുമ്പോൾ അച്ഛന്റെ ആത്മാവ് സന്തോഷിക്കും...ശല്യം ചെയ്യാനും ആരും വരില്ല......"
ജ്വാല ഒരുപാട് കെഞ്ചി...ഞാൻ വല്ലാത്തൊരു അവസ്ഥയിലും...നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു...ഒടുവിൽ മീനാക്ഷി ശബ്ദിച്ചു....
"എനിക്ക് കുറച്ചു സാവകാശം വേണം... പെട്ടെന്ന് ഒന്നും ഉൾക്കൊള്ളാൻ കഴിയില്ല....."
എനിക്ക് വലിയ സന്തോഷം തോന്നി..ചെയ്ത തെറ്റിനു പ്രായ്ശ്ചിത്തം ചെയ്യാൻ മനസറിയാതെ ദൈവം തന്നെ ഒരവസരം തന്നിരിക്കുന്നു.......
"ഇനിയെങ്കിലും ഞാൻ അച്ഛാന്ന് ഒന്നു വിളിച്ചോട്ടെ...
" എന്റെ കുട്ടി കൊതി തീരുംവരെ വിളിച്ചോളൂ.....
"അച്ഛാ... ജ്വാലാമുഖി നീട്ടി വിളിച്ചതും മീനാക്ഷി തേങ്ങിക്കരഞ്ഞു.എന്നിൽ ഇത്രയും നാൾ ഞാനടക്കിവെച്ച സ്നേഹം മുഴുവൻ എന്റെ മകൾക്ക് നൽകി......
തൊടിയിൽ നിന്നെത്തിയ മന്ദമാരുതനിൽ ചന്ദനത്തിരിയുടെ സുഗന്ധം പരന്നിരുന്നു......
""""""" വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി ജനിക്കണം"""""""
NB:- എഴുതിയതിൽ ഏറ്റവും ദൈർഘ്യമുള്ളതും ലൈക്കിന്റെ ഘടകങ്ങൾ ചേർക്കാത്ത ആദ്യത്തെ രചനയുമാണു.. എല്ലാവർക്കും ഇഷ്ടമായില്ലെങ്കിലും ഇഷ്ടപ്പെട്ടവർ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു...
(Copyright protect)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo