Slider

വെറുതെ ചില ഓർമ്മകൾ

0
Image may contain: 1 person, smiling, closeup
********************************
ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന സമയം. ഒരു ദിവസം ഒരു കൂട്ടുകാരി നല്ല മയമുള്ള പാലപ്പം കടലാസിൽ പൊതിഞ്ഞ് സ്കൂളിൽ കൊണ്ട് വന്നു. ഇൻ്റെർവെലിൻ്റെ സമയത്ത് ഞങ്ങൾ രണ്ടുപേരും കൂടി വേറാരെയും കാണിക്കാതെ ക്ലാസ്സിൻ്റെ പുറകിൽ പോയി നിന്ന് അതു തിന്നാൻ തുടങ്ങി. നടുക്ക് കുറച്ചു കട്ടി കൂടി അരികിൽ ലേസ് പിടിപ്പിച്ചതുപോലെയുള്ള ആ അപ്പത്തിൻ്റെ മണം പൊതിയഴിച്ചതേ വായുവിൽ പരന്നു. നടുക്ക് പഞ്ചസാരയുടെ നനവും തരുതരിപ്പുമുള്ള , മധുരമൂറുന്ന ആ അപ്പം കൊതി കാരണം ഞാൻ മുക്കാൽ ഭാഗവും തിന്നു തീർത്തു. അവൾ കാൽ ഭാഗം മാത്രം കഴിച്ച് എൻ്റെ ആക്രാന്തം കണ്ട് തൃപ്തയായി.
അന്നു വീട്ടിൽ ചെന്ന ഞാൻ അമ്മയോട് ആ പാലപ്പത്തിൻ്റെ നേർമ്മയേയും രുചിയേയുമൊക്കെക്കുറിച്ച് വാചാലയായി. സ്ത്രീസഹചമായ അസൂയ മൂലമാവണം അമ്മ അതു ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല മൈദയിൽ തേങ്ങാ ചിരണ്ടിയിട്ടുണ്ടാക്കിയ കട്ടിയുള്ള അട വേണേൽ തിന്ന് എന്ന ഭാവത്തിൽ മുൻപിൽ കൊണ്ടുവന്നു വച്ചിട്ട് ഒരു പോക്കു പോയി.
പക്ഷെ ഞാൻ വിടാനുള്ള ഭാവമില്ലായിരുന്നു. പുറകെ നടന്ന് കെഞ്ചുന്നതു കേട്ടു മടുത്തിട്ടാകണം ഒരു ദിവസം പാലപ്പം ഉണ്ടാക്കാമെന്ന് അമ്മ സമ്മതിച്ചു. അന്ന് പാലപ്പമൊക്കെ വളരെ അപൂർവമായി ഉണ്ടാക്കുന്ന പലഹാരമായിരുന്നു. ക്രിസ്മസിനും ഈസ്റ്ററിനും പിന്നെ വീട്ടിൽ വിശിഷ്ടാതിഥികൾ ആരെങ്കിലും വരുമ്പോഴും മാത്രം കള്ളപ്പം ഉണ്ടാക്കും. അല്ലാത്തപ്പോൾ മിക്കവാറും കപ്പയും; പലഹാരം വേണം എന്ന് ഞങ്ങൾ വാശിപിടിക്കുമ്പോൾ മാത്രം അടയും പുട്ടും.
അമ്മ ഉണ്ടാക്കാൻ പോകുന്ന പാലപ്പം അവളുടെ മമ്മി ഉണ്ടാക്കിയ അത്ര നല്ലതാകാൻ പോകുന്നില്ല എന്നൊരു മുൻവിധി എൻ്റെ മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാകാം നിൻ്റെ മമ്മി എങ്ങനെയാ പാലപ്പം ഉണ്ടാക്കിയേന്നു ചോദിച്ചിട്ടു വരാൻ അമ്മ പറഞ്ഞെന്ന് ഞാനവളോട് നുണ പറഞ്ഞത്. എന്തായാലും പിറ്റേദിവസം അവൾ കൊണ്ടുവന്ന റെസിപ്പി കേട്ട് ഞാൻ ഞെട്ടി.
പാലപ്പത്തിനുള്ള മാവ് മിക്സിയിൽ അരച്ചെടുക്കണമത്രേ! മിക്സി എന്ന് ഞാൻ കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടില്ല.
" നിൻ്റെ വീട്ടിൽ മിക്സി ഉണ്ടോ ?" ഞാൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു.
"പിന്നില്ലാതെ, വീട്ടിൽ ഫ്രിഡ്‌ജും വാഷിംഗ് മെഷീനും ഒക്കെ ഉണ്ട്."
ഞാനതു വരെ ഇത്യാദി സാധനങ്ങളെക്കുറിച്ചൊക്കെ കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയുള്ള സാധനങ്ങളുടെയൊക്കെ ഓണർ ആണ് എൻ്റെടുത്ത് നിൽക്കുന്നതെന്ന് ആലോചിച്ചപ്പോൾ എനിക്ക് അവളോട് ആരാധന തോന്നി.
വീട്ടിൽ ചോദിച്ച് അനുവാദം വാങ്ങി പിറ്റേ ശനിയാഴ്ച ഞാനും നഴ്സറിയിൽ പഠിക്കുന്ന അനിയനും കൂടി ആ അത്ഭുത വസ്തുക്കൾ കാണാൻ അവളുടെ വീട്ടിൽ പോയി. അവ എങ്ങനെയിരിക്കും എന്ന് ഞാനും അവ എങ്ങനെ പ്രവർത്തിക്കും എന്ന് അവനും ഞങ്ങളുടെ കുഞ്ഞു ബുദ്ധിയിൽ തോന്നിയ രീതിയിൽ സംസാരിച്ചു കൊണ്ടായിരുന്നു നടത്തം. അവളും അനിയത്തിയും കൂടി ഞങ്ങളെക്കൂട്ടാൻ വഴിയിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
ചെന്നപാടെ ഞാൻ അടുക്കള കാണാൻ ധൃതി കൂട്ടി. അവൾ ഞങ്ങളെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടു പോയിട്ട് വാതിൽക്കലേക്കു കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
"ഇതാ നീ ചോദിച്ച സാധനങ്ങളൊക്കെ...ശരിക്കു കണ്ടോ "
അടുക്കളയുടെ വാതിലിൽ വെട്ടിയൊട്ടിച്ച മിക്സിയും ഫ്രിഡ്‌ജും വാഷിങ് മെഷീനുമൊക്കെ എന്നെ നോക്കി ചിരിച്ചു.
ഞാൻ ചിരിച്ചോ കരഞ്ഞോ ചമ്മിയോ എന്നൊന്നും ഇപ്പോൾ ഓർക്കുന്നില്ല. അനിയൻ വീട്ടിൽ ചെന്നു പറഞ്ഞിട്ട് അമ്മ 'കടിഞ്ഞൂൽപ്പൊട്ടി' എന്നു വിളിച്ചത് ഇപ്പോഴും ഓർക്കുന്നുണ്ട്. ഒപ്പം ആ പേര് അന്വർത്ഥമാക്കിയ മറ്റൊരു സംഭവവും....(തുടരും )
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo