നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനെന്റെ ആശാനെ കാണാൻ

Image may contain: 1 person, beard and closeup

വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഞാനെന്റെ ആശാനെ കാണാൻ പോകുകയാണ്... ആശാനെ കാണാനെന്നു പറഞ്ഞാൽ ആശാനെ മാത്രമല്ല കെട്ടോ ആശാന്റെ മോളെയും കാണണം...
എട്ടു വർഷങ്ങൾക്ക് ശേഷം ഇന്നലെ വൈകിട്ട് ആണ് ഞാൻ എന്റെ വീട്ടിൽ വരുന്നത്.....
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ ഇന്ദുചൂഡൻ വന്നിരിക്കുന്നത് ഗൾഫിൽ നിന്നൊന്നുമല്ല. ആന്ധ്രാപ്രദേശിലെ തെക്കളി എന്ന ഗ്രാമത്തിൽ നിന്നാണ്...
അച്ഛൻ തിണ്ണയിൽ തന്നെ ഉണ്ട് ...
""ബാഗുന്നാര"" എന്ന് ചോദിച്ചു വീട്ടിലേക്കു വന്നു കയറിയ എന്നെ ""കഴിഞ്ഞയാഴ്ച കട്ടോണ്ടു പോയ എന്റെ അലൂമിനിയം കുടം നീ എവിടെ കൊണ്ടുപോയി വിറ്റെടാ "" എന്ന് ചോദിച്ചു കുറ്റിച്ചൂല് പൊക്കിയാണ് 'അമ്മ സ്വീകരിച്ചത്...
എന്റെ താടി വകഞ്ഞു മാറ്റി ഒന്നാം ക്ലാസ്സിൽ സ്കൂളിൽ ചേർക്കാൻ നേരം കാണിച്ച അതെ മറുക് അമ്മയെ കാണിച്ചിട്ടാണ് അലൂമിനിയം പാത്രം കട്ടോണ്ടു പോയ നാടോടി പയ്യനല്ല ഞാൻ എന്ന് തെളിയിച്ചത് ..
വീടിന്റെ ഒരു വശത്തു ആർത്തു വളർന്നു നിൽക്കുന്ന രണ്ടു ചേമ്പുകളിൽ ഒന്ന് എന്നെ ചെറുപ്പം മുതലേ സ്നേഹിച്ചു വഷളാക്കിയ എന്റെ മുത്തച്ഛന്റെ ഓർമയുടെ ബാക്കി ആണെന്ന് മനസ്സിലാക്കാൻ അധികം സമയം എടുത്തില്ല .
അവിടെ മുത്തച്ഛന്റെ ആത്മാവുണ്ട്... കാറ്റത്തു ആടിക്കൊണ്ടിരുന്ന ചേമ്പില എന്നെ അങ്ങോട്ട് മാടി വിളിക്കുന്നതായി തോന്നി ....
ഞാൻ ഇവിടുന്നു പോകുമ്പോൾ ഉറങ്ങി കിടന്ന അദ്ദേഹത്തിന്റെ മടിക്കുത്തിൽ മുറുക്കാൻ വാങ്ങിക്കാൻ വച്ചിരുന്ന കാശും അടിച്ചോണ്ടു പോയതാണ്.ആ കാശിന്റെ ഇരട്ടി പൈസ പലിശയുൾപ്പെടെ കൊടുക്കാൻ കൊണ്ട് വന്നപ്പോൾ എന്റെ മുത്തശ്ശൻ ഇഹലോക വാസം വെടിഞ്ഞു ...
""നീ എന്താടാ ചെറുക്കാ ആ പശുവിനെ കുഴിച്ചിട്ടിടത്തു നോക്കി നിന്ന് പിറുപിറുക്കുന്നെ..നിന്റമ്മ പറഞ്ഞു മോൻ വന്നിട്ടുണ്ടെന്ന് ഇങ്ങോട്ട് കേറി വാടാ ഞാനൊന്നു കാണട്ടെ ""
ദൈവമേ അപ്പൊ ഇങ്ങേരല്ലേ ഇവിടെ കിടക്കുന്നതു...വെറുതെ ഒരു ജാടക്ക് പറഞ്ഞതാണ് ഇരട്ടി പൈസ ഉണ്ടെന്നൊക്കെ ....ഇനി കേട്ട് കാണുവോ ആവോ ..ഞാൻ മുത്തശ്ശന്റെ അടുത്തേക്ക് ചമ്മിയ മുഖവുമായി നടന്നു ..
ഇന്നലെ വീട്ടുകാരുടെ കൂടെ ഭക്ഷണം ഒക്കെ കഴിച്ചു വീട്ടിൽ കിടന്നുറങ്ങി...പഴയ കിടക്കയുടെ മണം എന്നെ ഗൃഹാതുരത്വത്തിൽ ആറാടിച്ചു ..
രാവിലെ ഇറങ്ങിയതാണ് ആശാന്റെ വീട്ടിലേക്കു ....
ഒരു ഓട്ടോ വിളിച്ചു...നാടു മുഴുവൻ മാറിയിരിക്കുന്നു......
കൃത്യം ഇരുപത് വയസ്സുള്ളപ്പോൾ ആശാന്റെ വീട്ടിൽ നിന്നും പോയതാണ് കർണാടകയിലേക്ക്...
പത്താം ക്ലാസ്സ്‌ തോറ്റു ചുമ്മാ കറങ്ങി നടക്കുമ്പോൾ ആണ് അച്ചനു വയ്യാതെ ആകുന്നത്... അങ്ങനെ ആണ് അച്ഛന്റെ കൂട്ടുകാരനായ ആശാന്റെ അടുത്തേക്ക് അച്ഛൻ എന്നെ അയക്കുന്നത്....
വീടിനോട് അടുത്ത് ചെറിയ ഒരു കെട്ടിടം മൂന്നു വണ്ടികൾ..ഇതായിരുന്നു ആശാന്റെ വർക്ഷോപ്പ്..
ആ മൂന്നു വണ്ടികൾ വർക്ക്‌ഷോപ്പ് തുടങ്ങിയ കാലം മുതൽ അവിടെ ഇരിക്കുന്നതാണ് എന്ന് തോന്നുന്നു..ഞാൻ ആ വണ്ടിയിൽ വളർന്നു നിന്നിരുന്ന ഒരു വള്ളിച്ചെടി അനക്കിയതും ഒരു കാഴ്ച ബംഗ്ലാവിലേക്കുള്ള ജീവികൾ അവിടെ നിന്നുമിറങ്ങി ഓടി ..
കൂടെ പഠിച്ചു അന്തസ്സായി തോറ്റ അമ്മുവിന്റെ അച്ഛനാണ് എന്റെ ആശാൻ എന്നു അവിടെ ചെന്നപ്പോൾ ആണ് എനിക്ക് മനസ്സിലായത്..എന്നെ അതിശയിപ്പിച്ചത് അവൾ അവിടെ ഇരുന്നു കണക്കിന് ട്യൂഷൻ എടുക്കുന്നുണ്ട് എന്നതാണ് ...
ആശാൻ ഒരു പുകവണ്ടിയായിരുന്നു... എപ്പോളും ബീഡി ചുണ്ടിൽ കാണും....ആശാന്റെ ചുണ്ടിന്റെ നിറം തന്നെയാണ് അമ്മുവിനും പക്ഷെ ആ കറുപ്പ് അവൾക്കൊരു സൗന്ദര്യം തന്നെ ആണ് ....
ആശാന്റെ ഭാര്യ നേരത്തെ തന്നെ ഇവിടുത്തെ ജീവിതം ഒക്കെ അവസാനിപ്പിച്ചു എങ്ങോട്ടാ പോയിരുന്നു..
ഞാൻ വർക്ക്ഷോപ്പിൽ ചെന്ന കാലത്തു അമ്മു തയ്യൽ പഠിക്കാൻ പോയി തുടങ്ങിയിരുന്നു.... അവൾ വെട്ടിപ്പടിച്ചിരുന്ന തുണിക്കഷണങ്ങൾ ആണ് ആശാൻ വർക്ക്‌ഷോപ്പിൽ വണ്ടി തുടയ്ക്കാൻ ഉപയോഗിച്ചിരുന്നത് .
ആദ്യമൊക്കെ മീനിന്റെ തലയും കോഴിയുടെ കഴുത്തും തന്നിരുന്നവൾ പതുക്കെ പതുക്കെ മീനിന്റെ നടുക്കഷണം കോഴിയുടെ തുടക്കഷണം ഒക്കെ തന്നു അവൾ അവളുടെ സ്നേഹം അറിയിച്ചു..
ബൈക്കിന്റെ സൈലെൻസർ വച്ചുള്ള അടി പ്രതീക്ഷിച്ചു കൊണ്ട് തന്നെ സ്നേഹം തിരിച്ചു കൊടുത്തു...
അടുക്കളയിൽ വെച്ച് ഞങ്ങൾ പ്രണയം കൈ മാറി.....
അവൾക്കു പനി തുടങ്ങി എന്ന് പറഞ്ഞു ആശാൻ മരുന്ന് വാങ്ങിക്കാൻ പോയ ദിവസംകട്ടൻ കാപ്പി കൊടുത്തു ആദ്യമായി അവളിൽ നിന്ന് ചുടു ചുംബനങ്ങൾ വാങ്ങി .ശരിക്കും ചുടു ചുംബനമെന്നൊക്കെ പറയുന്നത് പനിയുളളപ്പോൾ കിട്ടുന്നതാണെന്നു എനിയ്ക്ക് മനസ്സിലായി .
ആ ചുംബനം കഴിഞ്ഞു രണ്ട് ആഴ്ച കഴിഞ്ഞാണ് കട്ടിലിൽ നിന്നും എഴുന്നേറ്റത്...
ചിക്കൻപോക്സ് ഉള്ളവരെ ചുംബിച്ചാൽ ശെരിയാകില്ല എന്ന സത്യം ദേഹത്തുണ്ടായ കുമിളകൾ എണ്ണുന്നതിനിടയിൽ ഞാൻ മനസ്സിലാക്കി...
ആശാൻ എനിക്ക് എത്രാമത്തെയോ അത്ഭുതം ആയിരുന്നു...
വല്ലപ്പോഴും നന്നാക്കാൻ ആരേലും കൊണ്ട് വരുന്ന ബൈക്ക് അതായിരുന്നു ഞാൻ കണ്ട ആശാന്റെ വരുമാന മാർഗം..
പക്ഷെ വെറും അടിമയായ എനിക്ക് ഒരു പണിയും ഇല്ലെങ്കിലും നുറ് രൂപ ദിവസവും അദ്ദേഹം തന്നിരുന്നു... കുറച്ചകലേ ഉള്ള ഒരു സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയിരുന്നു....
ആ വർക്ക്‌ഷോപ്പിൽ തന്നെ കിടന്നുറങ്ങിയിരുന്ന എനിക്ക് ഭക്ഷണവും ആശാൻ തന്നിരുന്നു..
ഒരു രാത്രി വെളിയിലേക്കിറങ്ങിയ എന്നെ """വെള്ളിയാഴ്ചകളിൽ തൊട്ടപ്പുറത്തുള്ള കല്ലറകളിൽ നിന്നും പ്രേതങ്ങൾ ഇറങ്ങാറുണ്ട്.. ഇരുമ്പ് അടുത്ത് വച്ച് കിടന്നാൽ മതി" എന്നു പറഞ്ഞു ആശാൻ എന്നെ തിരിച്ചു വിളിച്ചു ...
അത് ശരിയാണ് എനിക്കും തോന്നി ...അവിടെ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നു എന്റെ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ടായിരുന്നു ...
വർക്ക്‌ഷോപ്പിൽ ഇരുമ്പ് ആവിശ്യത്തിനു ഉള്ളത് കൊണ്ട് ഒന്നും പേടിക്കാനില്ലല്ലോ...
ചെറിയ പേടി ഉള്ള പ്രായം ആയതു കൊണ്ട് ഒരു ഇരുമ്പിനു പകരം കുറെ ഇരുമ്പ് അടുപ്പിച്ചു വച്ചിരുന്നു...
ഒരു വെള്ളിയാഴ്ച എന്തോ വീഴുന്ന ശബ്ദം ഞാൻ കെട്ടു... അടുത്ത് വച്ചിരുന്ന ഇരുമ്പ് കയ്യിലെടുത്തു... പുതപ്പിനുള്ളിൽ നിന്നു തല മാത്രം വെളിയിലാക്കി നോക്കി...
ഒരു ഭീകര രൂപം പുറത്തു കൂനുമായി ആശാന്റെ വീട് ലക്ഷ്യമാക്കി വരുന്നതു ഞാൻ കണ്ടു ...
""അയ്യോ പ്രേതം"" അലറാൻ വന്നെങ്കിലും ഒച്ച പുറത്തു വന്നില്ല..."ഈ " എന്നൊരു ശബ്ദം മാത്രം പുറത്തു വന്നു എന്ന് തോന്നുന്നു ..
പ്രേതം നേരെ ആശാന്റെ വീട്ടിലേക്കു കയറി പോയി... എന്റെ അമ്മുനെ പ്രേതം കൊല്ലും... അമ്മുന്റെ കാര്യം ഓർത്തപ്പോൾ എന്റെ പേടി ഇല്ലാതായി..
ഞാൻ ഇരുമ്പിന്റെ കമ്പിയുമായി പ്രേതത്തിന്റെ പുറകെ പോയി..
""ആശാനെ പ്രേതം ആശാന്റെ വീട്ടിൽ "" ഞാൻ അലറി വിളിച്ചു...
ആശാൻ വാതിൽ തുറന്നു ഇറങ്ങി വന്നു...
""ഒന്ന് മിണ്ടാതെ ഇരിക്കടാ..അവന്റെ ഒരു പ്രേതം "
ആശാൻ എന്റെ വാ പൊത്തി..
""പോയി കിടന്നുറങ്ങു നാളെ പിടിക്കാം പ്രേതത്തെ ""
ആശാൻ വാതിൽ ചാരി..
ശബ്ദം കേട്ട ഭാഗത്തേക്ക് പേടിയോടെ ഞാൻ നടന്നു... അവിടെ ഒരു ചാക്ക്... ഒന്നല്ല രണ്ടു ചാക്ക് ഉണ്ട്.. അത് പതിയെ തുറന്നു...
ചാക്ക് നിറയെ ഒട്ടുപാലും റബ്ബർഷീറ്റും കുറച്ചു ഉണക്ക ജാതിപത്രിയും....
ശരീരം തനിയെ വിറയൽ നിർത്തി.. ചാക്കിൽ നോക്കി ഞാൻ ചിരിച്ചു...
അടിപൊളി.....എന്റെ ആശാൻ വെറും ആശാൻ അല്ല.. നല്ല ഒന്നാതരം കള്ളൻ ആണ്....പലയിടത്തു നിന്നും അടിച്ചുമാറ്റി കൊണ്ട് വന്ന സാധങ്ങൾ ആണ് ഈ കിടക്കുന്നത്..ഞാൻ ആശാന്റെ വീട്ടിലേക്കു നോക്കി അവിടെ നിന്നും കൂർക്കം വലിക്കുന്ന ശബ്ദം മാത്രം കേട്ടു .
വെള്ളിയാഴ്ചകളിൽ പ്രേതം വരുമെന്ന് പറഞ്ഞു എന്നെയും നാട്ടുകാരെയും പേടിപ്പിച്ചിട്ട്‌ രാത്രിയിൽ മോഷ്ടിക്കുന്ന പണിയായിരുന്നു ആശാന്... അങ്ങനെ ആണ് ആശാൻ വർഷത്തിൽ ഒന്ന് ഇരുപത് പാവപ്പെട്ട കുട്ടികൾക്ക് കുടയും ബാഗും മറ്റു പഠനോപകരണങ്ങളും നൽകിയിരുന്നത്... എനിക്ക് ദിവസവും നൂറു രൂപ തരുന്നത്.. അമ്മുവിന്റെ കാര്യം നോക്കിയിരുന്നത്... ആശാൻ അടിപൊളിയായിട്ടു ജീവിച്ചിരുന്നത്..
രാവിലെ ആശാനെ ഞാൻ നോക്കി ചിരിച്ചു... ആശാൻ എന്നെയും...
പിന്നീട് ഉള്ള വെള്ളിയാഴ്ചകളിൽ 'മോഷണത്തിലും' ആശാന്റെ ശിഷ്യനായി..
ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു...
ഒരു ദിവസം മോഷണത്തിനിടെ പിടി വീണു... അന്ന് ആശാൻ പിടി കൊടുത്തു എന്നെ രക്ഷപെടുത്തി..
"നിന്റെ കയ്യിലിരിക്കുന്നത് എവിടെയെങ്കിലും വിറ്റു എങ്ങോട്ടേലും പൊക്കോ "" എന്ന് ആശാൻ പിടി വീഴുമെന്നുറപ്പായപ്പോൾ പറഞ്ഞിരുന്നു..
അങ്ങനെ ആണ് മുത്തശ്ശന്റെ കാശെടുക്കുന്നത് ..കയ്യിൽ വിറ്റാൽ കാശു കിട്ടുന്ന സാധനം ഉണ്ടേലും ഓട്ടോ വിളിച്ചു കൊണ്ടുപോകേണ്ട . കുറെ അകലെ ഒരിടത്തു സാധനം കൊടുത്തു കിട്ടിയ കാശുമായി പോയതാണ് ആന്ധ്രായ്ക്കു ..
അവിടെ ഒരു വർക്ക്‌ഷോപ്പു ഒക്കെയിട്ട് ചെറുതായി രക്ഷപെട്ടു..
വീട്ടിലേക്കും കാശ് അയച്ചു കൊടുത്തിരുന്നു...അങ്ങനെ ഒക്കെയാണ് അച്ഛൻ എഴുന്നേറ്റു നിക്കാറായത്...
ആശാന്റെ വീട്ടിലേക്കും കുറച്ചു പൈസ എല്ലാ മാസവും അയച്ചു കൊടുത്തിരുന്നു.. അമ്മുവിന്റെ തയ്യൽ സ്ഥാപനം രക്ഷപെടുന്നത് വരെ..
എട്ടു വർഷം കഴിഞ്ഞിരിക്കുന്നു..
അമ്മുവിനെ വിളിക്കാറുണ്ട് എന്നും...അവളുടെ തയ്യൽ സ്ഥാപനം നല്ല രീതിയിൽ നടന്നു പോകുന്നു..നല്ല വരുമാനം അവൾക്കു കിട്ടുന്നുണ്ട്..
ആശാനെ പിടിച്ചതിനു ശേഷം മുടങ്ങിപ്പോയ സ്കൂളിലെ പഠനോപകരണ വിതരണം ഇപ്പോൾ അമ്മു ആണ് നടത്തുന്നത്...
നാലു ദിവസം മുൻപ് അവൾ വിളിച്ചപ്പോൾ ആണ് അച്ഛനു വയ്യ ഒന്ന് വന്നു കാണു എന്നു പറഞ്ഞത്...
അന്ന് തന്നെ അവിടുന്ന് പുറപ്പെട്ടു......
വീടിന്റെ വഴിയിൽ എത്തിയപ്പോൾ തന്നെ തയ്യൽ മിഷന്റെ ശബ്ദം കേൾക്കാം....
അവൾ ഓടി വന്നു... വീടിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി..
""ആശാനെ.... "' ഞാൻ വിളിച്ചു...
ആശാൻ എന്നെ നോക്കി ചിരിച്ചു...
""ഡാ അകത്തു തീപ്പെട്ടി കാണും അതിങ്ങോട്ട്‌ എടുത്തേ... ""
ഞാൻ അടുക്കളയിൽ പോയി തീപ്പെട്ടി എടുത്തു കൊടുത്തു.... ""ആശാനെ വയ്യാത്തത് അല്ലെ ബീഡി വലിക്കാവോ "" ആശാനെ നോക്കി
ആശാൻ നോക്കി ഒന്നൂടി ചിരിച്ചു....
ഇനി ഒന്ന് കൂടി ആന്ധ്രയ്ക്കു പോകണം.. അവിടുത്തെ ഇടപാടെല്ലാം നിർത്തിയിട്ട്
ആശാന്റെ പഴയ ആ മൂന്നു വണ്ടികളിലെ വള്ളിയും പുല്ലും പറിച്ചു കളഞ്ഞു വർക്ക്‌ഷോപ്പ് ഒക്കെ പുതുക്കി പണിതു അമ്മുവിനെയും കെട്ടി,ആശാന്റെ പുകവണ്ടിയുടെ പുകയടിച്ചു കൊണ്ട് ഇനി ഈ നാട്ടിൽ ജീവിക്കണം എല്ലാവരുടേയുമൊപ്പം ..........

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot