Slider

കാണാപ്പുറങ്ങൾ

0
Image may contain: നിയാസ് വൈക്കം, beard, eyeglasses and closeup

=============
" സാർ...
പുതിയ ചിട്ടി ഒരെണ്ണം എഴുതട്ടെ? "
കൗണ്ടറിന്റെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരൻ
ഒരു നോട്ടിസ് നീട്ടിക്കൊണ്ടു പറഞ്ഞു.
മേശയുടെ വലിപ്പു ഒന്നുകൂടെ തുറന്ന് നോക്കി അരവിന്ദ്.
K s f e യുടെ മുതൽ തൊട്ടപ്പുത്തെ കെട്ടിടത്തിലുള്ള ചിട്ടി ക്കമ്പനിക്കാരുടേതടക്കം ആറു ബുക്കുകൾ.. !എല്ലാം ആദ്യ തവണ തന്നെ ലേലത്തിന് പിടിച്ചു കഴിഞ്ഞതാണ്. വേറെ നിവർത്തിയില്ല. 5 ലക്ഷം ആദ്യമേ പിടിച്ചാൽ 3.5 ലക്ഷം കിട്ടും. അതെങ്കിൽ അത്. താനല്ലെങ്കിൽ മറ്റാരെങ്കിലും അത് പിടിയ്ക്കും. അത്യാവശ്യം നടക്കണം. അപ്പോൾ നീതിയും ന്യായവും ആര് നോക്കുന്നു.
ഇതൊക്കെ അടച്ചു തീർക്കണം. എല്ലാ ദിവസവും നല്ലൊരു തുക അതിനു തന്നെ വേണം.
കടയിൽ തിങ്ങി നിറഞ്ഞിരിയ്ക്കുന്ന തുണികളുടെ സ്റ്റോക്ക് അങ്ങനെ ത്തന്നെയിരിയ്ക്കുന്നു.
വിറ്റു കിട്ടുന്നത് ഒന്നിനും തികയുന്നില്ല.
ഒരുപാടു പഠിച്ചെങ്കിലും ജോലിയൊന്നും തരമാകാതെ വന്നപ്പോൾ വലിയ പ്രതീക്ഷയോടെയാണ് റെഡിമേഡ് ഷോപ് തുറന്നത്. അതും നല്ലരീതിയിൽ പരസ്യം ചെയ്തുകൊണ്ട്. ഉദ്ഘാടനം കഴിഞ്ഞ ആദ്യ മാസം
നല്ല വിറ്റു വരവായിരുന്നു. ഒരുപാട് സ്വപ്നം കണ്ടു. തൊട്ടടുത്ത മുറികൾ കൂടി എടുത്താലോ എന്ന് വരെ ആലോചിച്ചു. പെട്ടെന്നാണ് ആദ്യ ദുരന്തം സംഭവിക്കുന്നത്.
" നോട്ട് നിരോധനം "
മിക്ക ദിവസങ്ങളിലും ഏറെ വൈകി അടച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. അല്ലെങ്കിലും ആര് വരാൻ. അരിമേടിക്കാൻ പോലും 500 രൂപയ്ക്കായി
എടിഎം ന് മുൻപിൽ പോലും നീണ്ട ക്യൂ വാണ്.
ടൗണിൽ ഉണ്ടായിരുന്ന ഭാര്യയുടെ ഓഹരി പത്തു സെന്റ് സ്ഥലം വിറ്റാണ് കട തുടങ്ങിയത് തന്നെ.
അതിന്റെ വെറുപ്പ് അവൾക്കും ഉണ്ട്. ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങിയപ്പോളാണ്
ആധാരം വരെ പണയപ്പെടുത്തേണ്ടിവന്നത്.
പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കേണ്ട അവസാന ദിവസം ഇന്നാണ് . അതില്ലാതെ വീട്ടിലേക്കു ചെല്ലുന്ന കാര്യം പോലും ഓർക്കാൻ വയ്യ . കുട്ടികളുടെ ഫീസ്, പലചരക്കു കടയിലെ പറ്റു എല്ലാം അവധിപറഞ്ഞു മടുത്തു.
വട്ടിപ്പലിശ നിർത്തലാക്കിയെങ്കിലും ചിട്ടിക്കമ്പനിക്കാർ അതിന്റെ മറ്റൊരു പതിപ്പല്ലേ എന്ന് തോന്നാറുണ്ട്. പക്ഷെ കടയുടെ വാതിൽക്കൽ അവർ രക്ഷകന്റെ മുഖം മൂടിയണിഞ്ഞെത്തിയപ്പോൾ വേറെ മാർഗമിലായിരുന്നു . തല വെക്കുക തന്നെ. രക്ഷകന്മാർ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. താത്കാലിക ശാന്തിക്ക് വേണ്ടി എല്ലാവരുടെയും പിന്നിൽ അഭയം പ്രാപിച്ചു.
Gst വന്നതോട് കൂടി ഒരു ഞാണിന്മേൽ കളിയായി മാറിയ കച്ചോടം പ്രളയത്തോടുകൂടി ദുരന്തമാകുകയായിരുന്നു.
" അരവിന്ദാ.. ദുരിതാശ്വാസനിധിയിലേക്കു
കാര്യമായി സഹായിക്കണം. നിങ്ങളൊക്കെയാണ് നാടിനെ തിരിച്ചു പിടിയ്ക്കാൻ മുന്നിൽ നിൽക്കേണ്ടത് "
പ്രഭാകരൻ ചേട്ടനാണ്. പാർട്ടി പ്രവർത്തകൻ മാത്രമല്ല അയൽവാസിയും ആണ്.
" തുണി ഐറ്റം തന്നാൽ മതി. വൈകിട്ട് ഞങ്ങൾ വരാം. നൈറ്റിയും മുണ്ടും തോർത്തും ഒരമ്പതെണ്ണം വീതം തരണം "
എന്തെങ്കിലും പറയാൻ കഴിയും മുൻപ് പ്രഭാകരൻ ചേട്ടൻ അടുത്ത കടയിലേക്ക് പോയി.
" സർ.. ചിട്ടിയൊരെണ്ണം എഴുതട്ടെ..
5 ലക്ഷത്തിന്റേത്... "
നീട്ടിയ നോട്ടീസുമായി അപ്പോളും അയാൾ അവിടെയുണ്ട്. അയാളുടെ കയ്യിൽ നിന്നും നോട്ടിസ് വാങ്ങുമ്പോൾ കുറച്ചു ചെറുപ്പക്കാർ അകത്തേയ്ക്കു കയറി വന്നു.
" ചേട്ടാ ഞങ്ങളുടെ ക്ലബ്ബിന്റെ വാർഷികമാണ്.
കഴിഞ്ഞ മാസം അമ്പലത്തിലെ ഉത്സവത്തിന് ചേട്ടൻ 50 ഫ്ലെക്സ് സ്പോൺസർ ചെയ്തപോലെ,
ക്ലബ്ബിന്റെ ആഘോഷത്തിനും കൂടി എന്തെങ്കിലും ചെയ്യണം..."
Ksfe ചിട്ടി പിരിവുകാരൻ അപ്പോളാണ് കയറി വന്നത്. വലിപ്പു തുറന്നിട്ട് കാര്യമില്ലാത്തതുകൊണ്ട്
മറ്റു പിരിവുകാരോട് പറഞ്ഞതുപോലെ അയാളോടും പറഞ്ഞു വിട്ടു. " വൈകിട്ട് അഞ്ചുമണിയ്ക്കു വരാൻ "
" സാർ ചിട്ടിയുടെ കാര്യം.? "
കൗണ്ടറിൽ തടിച്ചുകൂടിയ ചെറുപ്പക്കാർക്കിടയിലേക്കു നുഴഞ്ഞു കയറികൊണ്ട് അയാൾ വീണ്ടും ചോദിച്ചു.
" വൈകിട്ട് അഞ്ചുമണിയ്ക്കു ശേഷം എല്ലാവരും വന്നോളൂ.. "
എല്ലാവരെയും പറഞ്ഞുവിട്ട് അരവിന്ദൻ സ്റ്റോർ റൂമിലേക്ക് കയറി. ഏതാണ്ട് അഞ്ചു മണിയോടെ എല്ലാവരും എത്തി. പാതിയടഞ്ഞു കിടക്കുന്ന ഷട്ടർ പ്രഭാകരൻ ചേട്ടൻ മെല്ലെയുയർത്തി. ഒന്ന് നടുങ്ങിയെങ്കിലും കടയുടെ നടുവിൽ തൂങ്ങിയാടുന്ന അരവിന്ദന്റെ ശരീരത്തെ വകവെക്കാതെ എല്ലാ തരം പിരിവുകാരും ഷെൽഫുകളിലെ തുണികൾ വാരികൂട്ടുകയായിരുന്നു....
കമ്പ്യൂട്ടറും കാല്കുലേറ്ററും വരെ ആരൊക്കെയോ എടുത്തുകൊണ്ടു പോയി.....
അപ്പോളും എവിടെയോ ബിരുദധാരിയായ മറ്റൊരു ചെറുപ്പക്കാരൻ എന്തെങ്കിലും സ്വയം തൊഴിൽ ചെയ്യാൻ ഭാര്യയുടെ സ്ത്രീധനം പണയം വെക്കാൻ
ഒരു പ്രൈവറ്റ് ബാങ്കിന്റെ വാതിൽക്കൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു.

by Niyas Vaikkam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo