
**********************************
ഓഫീസ് ക്യാൻറീനിൽ വച്ചാണ് ഞാനയാളെ കണ്ടത്. സൗമ്യസുന്ദരനായ ആ മനുഷ്യനപ്പോൾ ആരേയും ശ്രദ്ധിക്കാതെ ദോശ മുറിച്ച് ഉള്ളിച്ചമ്മന്തിയിൽ മുക്കി മുക്കി മെല്ലെ കഴിക്കുകയായിരുന്നു.
''സാറേ അവനോടധികം സഹകരണം വേണ്ടാ സ്വന്തം നാട്ടീന്ന് അടിയുണ്ടാക്കി സസ്പെൻഷനും ട്രാൻസ്ഫറും വാങ്ങി ഇങ്ങോട്ട് കെട്ടിയെടുത്തതാ... പ്രാന്തൻ'' അയാളുടെ അടുത്തേക്ക് പോകാനാഞ്ഞ എനിക്ക് അറ്റൻറർ ജനാർദ്ദനൻ ചേട്ടൻ മുന്നറിയിപ്പ് തന്നു.
"എന്താ മാഷിന്റെ പേര്?'' ഞാനൊരു ചെറുപുഞ്ചിരി വാരിയെറിഞ്ഞ് കസേര അയാൾക്കു നേരേ ഒന്നടുപ്പിച്ചു.
''സതീഷ് രാജ്'' എന്റെ മുഖത്തേക്ക് നോക്കാതെ, കുനിഞ്ഞിരുന്ന് ദോശ മുറിച്ചു ചവച്ചു കൊണ്ട് അയാൾ പറഞ്ഞു.
"എവിടാ സ്ഥലം?''
ഒരക്ഷരം മിണ്ടാതെ എന്നെയൊന്നു തുറിച്ചു നോക്കി കസേര തട്ടിമാറ്റി അയാളെഴുന്നേറ്റു പോയി.
ഉള്ളിച്ചമ്മന്തിയിൽ പകുതി മുങ്ങിക്കിടന്ന ദോശ ' ആകെ ഊത്തപ്പമായല്ലോടാ' എന്ന മട്ടിൽ എന്നെ നോക്കി. തിരികെ ചെന്നപ്പോൾ എന്റെ ചമ്മിയ മുഖത്തോട്ട് ജനാർദ്ദനൻ ചേട്ടനും ജഗതി ശ്രീകുമാർ ഇടുന്ന അതേ എക്സ്പ്രഷനിട്ടു.
ജനാർദ്ദനൻ എഫ്. എം. 99.9 ൽ നിന്ന് അയാളേക്കുറിച്ച് നിരവധി കഥകൾ സംപ്രേക്ഷണം ചെയ്യപ്പെട്ടു. ''സ്ഥലമെവിടാ'' എന്ന ചോദ്യത്തിന് ഷാജി കൈലാസ് - രഞ്ജി പണിക്കർ നായകനെ പോലെ ടട്ടട്ട ടട ട്ടേ ...ടട്ടട്ട ടട ട്ടേ ... മ്യൂസിക്കിട്ട് അയാൾ ദേഷ്യത്തിൽ തിരിഞ്ഞു നടക്കുന്നതാണ് ഈ കഥകളിലെയെല്ലാം ക്ലൈമാക്സ് സീൻ.
എന്താണയാളെ ഇത്രയ്ക്ക് ദേഷ്യം പിടിപ്പിക്കുന്ന ചോദ്യമെന്ന് ഞാൻ സ്വയം ചോദിച്ചു നോക്കി. തുടർന്നുള്ള ദിവസങ്ങളിൽ എന്റെ ചാരക്കണ്ണുകൾ കക്ഷിയെ വിടാതെ പിന്തുടർന്നു.
മുമ്പ് ജോലി ചെയ്തിരുന്ന ബ്രാഞ്ചിൽ നടത്തിയ സി.ഐ.ഡി അന്വേഷണത്തിൽ സ്ഥലവുമായി ബന്ധപ്പെട്ട് എനിക്ക് ചില വിലപ്പെട്ട ഇൻഫർമേഷൻ കിട്ടി.
അതു കൊണ്ടു തന്നെ ചുമ്മാതിരിക്കുന്ന കണ്ണിൽ ചുണ്ണാമ്പു തേക്കണ്ട എന്നു വച്ച് ഞാനയാളെ വിട്ടു കളഞ്ഞു.
അതു കൊണ്ടു തന്നെ ചുമ്മാതിരിക്കുന്ന കണ്ണിൽ ചുണ്ണാമ്പു തേക്കണ്ട എന്നു വച്ച് ഞാനയാളെ വിട്ടു കളഞ്ഞു.
സി.ഐ.ഡി എൻക്വയറി വിവരങ്ങൾ ലീക്കായിട്ടോ എന്തോ പിറ്റേന്ന് ക്യാന്റീനിൽ അയാളെന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു...!
''സാറെന്നെക്കുറിച്ച് എന്തോ ആരോടോ ചോദിച്ചെന്നറിഞ്ഞു. എനിക്ക് വട്ടൊന്നുമില്ല സാർ... ആരേയും വിശ്വസിക്കാൻ വയ്യ... അടുപ്പിക്കാനും പേടിയാ... അതാ എന്റെ അവസ്ഥ''.
"പിന്നെന്തിനാ സതീശനിങ്ങനെ എല്ലാരോടും ദേഷ്യപ്പെടുന്നത്? നല്ല തമാശയൊക്കെ പറഞ്ഞ് ജോളിയായിട്ടുള്ള ആളാണെന്നാണല്ലോ ഞാൻ കേട്ടത്".
''സാറേ എന്റെ സ്ഥലം മാതമംഗലത്താ... ഞാൻ പറയുമ്പൊ മതമംഗലം - മതമംഗലം എന്നാ എല്ലാരും കേക്കാറ്. അങ്ങനെ 'മതം സതീശൻ' എന്ന് ഓഫീസിലെ ചിലരെന്നെ വിളിച്ചുതുടങ്ങി. പിന്നെപ്പിന്നെ 'മതം' എന്ന് മാത്രമായി വിളി. അവരെന്റെ ക്ലോസ് ഫ്രണ്ട്സ് ആയതു കൊണ്ട് ആദ്യമൊക്കെ ഇത് കേക്കുമ്പൊ എനിക്കൊരു തമാശയായിരുന്നു. മതം എവിടെ? മതം വന്നോ? മതം പോയോ? മതം കണ്ടോ? എന്നെല്ലാം....''
''എന്നിട്ട്?''
അവസാനം അവൻമാർ എന്റെ പേരുതന്നെ മറന്ന അവസ്ഥയായി. ഒരു ദിവസം ഓഫീസിൽ വച്ച് നടുവുളുക്കിയപ്പോൾ അവരാണെന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് ... ഇഞ്ചക്ഷനൊക്കെയെടുത്ത് ഞാനൊന്നു മയങ്ങി എണീറ്റപ്പൊ ഹോസ്പിറ്റലിലാകെ പ്രശ്നം. ആ ലേഡീ ഡോക്ടറിന്റെ കാലു പിടിച്ചാ അവിടുന്ന് തല്ലുകൊള്ളാതെ രക്ഷപ്പെട്ടത്.
''അവരാ ഡോക്ടറെ എന്തു ചെയ്തു?"
''ഏയ് അവരൊന്നും ചെയ്തില്ല - എന്നെ കാണാൻ പറ്റുമോ? എനിക്കിപ്പം എങ്ങനുണ്ട്? വേദന കുറവുണ്ടോ? തടവിയാൽ വേദന കുറയുമോ? എന്നൊക്കെ അവൻമാർ ചോദിച്ചെന്നു പറഞ്ഞു ... പക്ഷെ അറിയാതെ എന്റെ ഇരട്ടപ്പേരിട്ടാ ചോദിച്ചു പോയത് ആ പന്നൻമാർ!''... ഒന്നു നിർത്തി അയാൾ തുടർന്നു.
ഒരു ലേഡീ ഡോക്ടറോട് 'മതത്തിനെ കാണാൻ പറ്റുമോ... മതത്തിന് എങ്ങനുണ്ടിപ്പൊ... മതത്തിന് വേദന കുറവുണ്ടോ'... ഞാൻ ഇങ്ങനെ മനസ്സിൽ ഉരുവിട്ടു നോക്കി.
"അതും പോട്ടേ സാറേ! ഞാനൊരെടുത്ത് പെണ്ണുകാണാൻ പോയപ്പൊ ഇതിലെ ചിലരേം കൂടെ കൊണ്ടു പോയാരുന്നു... പെണ്ണ് ഇറങ്ങി വന്നപ്പൊ എനിക്കാകെ ഒരു വിറയൽ... നല്ലോണം കാണാൻ പറ്റീല്ല... എന്റെ കണ്ടകശനിക്ക് ഞാനത് ആ കൂട്ടുകാരൻ ചെറ്റകളോട് പറഞ്ഞു. കേട്ട പാടേ അതിലൊരുത്തൻ പെണ്ണിന്റെ അപ്പനെ വിളിച്ച് 'മാമാ... മോളേ ഒന്നൂടെ വിളിക്യോ മതം നല്ലോണം കണ്ടില്ല' എന്ന് വച്ച് കീറി. അന്നവിടന്ന് എനിക്കിട്ട് കിട്ടിയ പൊട്ടിരാ ഞാൻ അവൻമാർക്ക് തിരിച്ചു കൊടുത്തത്. അതവർക്ക് വല്യ ഫീലായി. പിന്നെ അവിടെ നിക്കാൻ പറ്റാത്തോണ്ടാ സസ്പെൻഷനും പണിഷ്മെൻറുമൊക്കെ വാങ്ങിച്ച് ഞാനിങ്ങോട്ട് വന്നത്, അല്ലാതെ എനിക്ക് മാനസിക രോഗമൊന്നുമില്ല''... സതീശൻ പറഞ്ഞു നിർത്തി.
പെണ്ണ് വരുന്നതും ചായകൊടുക്കുന്നതും തിരിഞ്ഞകത്തേക്ക് പോകുന്നതും കൂട്ടുകാർ പെണ്ണിന്റച്ഛനോട് റിക്വസ്റ്റ് ചെയ്യുന്നതും തുടർന്ന് ബഹളം നടക്കുന്നതും ഞാൻ ഒന്ന് ഭാവനയിൽ കണ്ടു.
''സതീശന്റെ ഭാഗത്തൊരു തെറ്റുമില്ല... ഇപ്പറഞ്ഞ ഞാനാണേലും ഇതൊക്കെത്തന്നെ സംഭവിക്കും.'' ഞാനയാളെ സമാധാനിപ്പിച്ചു. അയാളുടെ വീട് നിൽക്കുന്ന 'ഊന്നുകല്ല്' എന്ന സ്ഥലമാണ് ' വീടെവിടാ?' എന്ന് ആരു ചോദിച്ചാലും പറയേണ്ടത് എന്നൊരുപദേശവും കൊടുത്തു. 'അതെവിടാ?' എന്നു ചോദിച്ചാൽ മാത്രം "തൃശ്ശൂർ ജില്ലയിൽ'' എന്ന് പറയാനും തീരുമാനമായി.
''അവനുമായിട്ട് എന്താ സാറേ ഇത്ര ചീരീം...കളീം...അവന് ഒരു കല്യാണാലോചന വന്നിട്ടുണ്ട്... പ്രാന്താണെന്ന് അറിയിച്ചാലോ?'' എന്നും പറഞ്ഞു വന്ന ജനാർദ്ദനൻ എഫ്. എമ്മിനോട് ഞാനീ കഥകൾ പറഞ്ഞു...
ഉടനടി എഫ്.എം സ്റ്റേഷൻ പൂട്ടാനും, ഊന്നുകല്ല് സതീശ് രാജിന് നഷ്ടപ്പെട്ട ജനസമ്മിതി തിരിച്ചുപിടിക്കാനും, കല്യാണക്കാര്യം പെട്ടെന്ന് നടപ്പിലാക്കാനും ജനാർദ്ദനൻ ചേട്ടൻ നേതൃത്വം കൊടുത്ത കർമ്മസമിതി തീരുമാനമെടുത്തു.
കാരണം അയാളെന്നോടു പറഞ്ഞ ആ സ്ഥലം മാതമംഗലമല്ല -
അത് 'കോതമംഗല'മായിരുന്നു...
- ഗണേശ് -
29-8-2018
29-8-2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക