Slider

ഒരു മലയാളിക്ക് അര ബംഗാളി

0
 Image may contain: 1 person, closeup

[ഒരു വർത്തമാനകാല ചിന്ത ]
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇനി ഹിന്ദിപഠിക്കാതെ ഭൂമിമലയാളത്തിൽ നിൽക്കക്കള്ളിയില്ലാന്ന് തീർച്ചായപ്പോഴാണ് എന്നാപ്പിന്നെ ഹിന്ദിയങ്ങ് സ്വായത്തമാക്കി കളയാമെന്ന് തീരുമാനിച്ചത്.
നാട്ടിലിപ്പൊ ഹിന്ദീവാലകളെതട്ടിത്തടഞ്ഞു നടക്കാൻവയ്യ. ചായക്കടയിൽ ചായ ഇടുന്നത് മുതൽ ചാവടിയന്തിരത്തിനു സദ്യ വിളമ്പുന്നത് വരെ ഇക്കൂട്ടർതന്നെ. പുതിയ സെൻസസ് പ്രകാരം മലയാളി ഒന്നിന് അര ബംഗാളി എന്ന അനുപാതത്തിലേക്ക് ഇവർ കൊച്ചു കേരളക്കരയിൽ വിരാചിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് വരാൻ ഇരിക്വാണത്രെ ! ചുരുക്കത്തിൽ ഈ ഭായിമാരുടെ കരങ്ങളാണ് വർത്തമാനകേരളത്തിന്റെ വിവിധ മേഖലകൾ ചലിപ്പിക്കുന്നതെന്നും, ഇവർ നിഷ്ക്രിയരായാൽ കേരളം നിശ്ചലമാകും എന്നുംപറഞ്ഞാൽ മതിയല്ലോ.
മലയാളി യുവത്വത്തിനിപ്പോൾ തടിയിൽ മണ്ണു പറ്റുന്ന ,ശരീരം അനങ്ങിയാൽ വിയർപ്പു പൊടിയുന്ന പണികളാടൊന്നും താത്പര്യമില്ല..
നമ്മുടെ യുവകോമളൻമാർ മുടിമേലോട്ട് പൊക്കിയും താടിരോമം മുട്ടോളം താഴോട്ട് നീട്ടിയും മുടിക്ക് പെയ്ന്റടിച്ചും താടിയിൽ ചിത്രപ്പണി ചെയ്തും .. പെൺപിള്ളേരെ വായില്നോക്കിയും മൊബൈലിൽ തോണ്ടിക്കളിച്ച് ചാറ്റിയും കുറുകിയും, സമയം കൊന്നും, അപ്പന്റെ പോക്കറ്റിൽ കയ്യിട്ട് വാരിയും അമ്മയുടെ കടുക് പാത്രം കൊട്ടിയും അടിച്ചുമാറ്റിയപണംകൊണ്ട് ചിക്കൻ അറുപത്തഞ്ചും ഷവർമയയും കൊക്കോളയയും തിന്നും കുടിച്ചും ബൈക്കിൽ മൂട് പ്രതിഷ്ഠിച്ച് വെറുതെ അങ്ങനെ അലയും.
യാതൊരു ഗുണവും നാടിനും വീടിനും ചെയ്യാത്ത ഈ വർഗ്ഗത്തിന്റെ ഗ്യാപ്പാണ് ബംഗാളി യുവത്വംഇവിടെ നികത്തിപ്പോരുന്നത്..
കടം വാങ്ങിയും ലോണെടുത്തും ഗരിമ കാണിച്ച് ഞെളിഞ്ഞുനടക്കുന്ന മലയാളികളുടെ പണത്തിന്റെ ഏറിയപങ്കും വിയർപ്പൊഴുക്കി അധ്വാനിച്ച് ബംഗാളികൾ അവരുടെ നാട്ടിലെത്തിച്ച് ജീവിതം കെട്ടിപ്പടുത്തു..
സന്ദർഭവശാൽ ഇത്യാദിസംഭവവികാസങ്ങൾ ഓരോന്ന് ചിന്തിച്ച് ദേശത്തെ പഴയകാല ഹിന്ദി അധ്യാപകനായ കൃഷ്ണമൂർത്തിയെ ശിഷ്യപ്പെടാൻ തിടുക്കത്തിൽനടക്കുമ്പോഴാണ്.. 'സുഭാഷ് മണ്ഡൽ ' അരികിൽ ബൈക്ക്കൊടുന്ന് നിറുത്തിയത്
നാട്ടിൽ മണ്ഡൽ എന്നറിയപ്പെടുന്ന ബംഗാളി യുവാവ്.
"കാലത്ത് എങ്ങോട്ടാ കുട്ടപ്പൻ സേട്ടാ... പായുന്നത് "
ഇവന് കുറച്ച് മലയാളമറിയാം.. ഇവിടെ ചെറുപ്പത്തിൽ വന്നകൂടിയതാണ്.
മിക്കദിവസങ്ങളിലും ഇവനെയാണ് കണി കാണുന്നത്.ദേശത്ത് പത്രവിതരണം നടത്തുന്നത് ഇദ്ദേഹമാണ്. നാട്ടുകാർപത്രം വായിക്കണമെങ്കിൽ ഈ മണ്ഡൽ തന്നെ വിചാരിക്കണം.
ആദ്യം നടന്നാണ് വിതരണം നടത്തിയിരുന്നത്. പത്രംഏജന്റ് വിൽസന്റെ സഹായിയായിട്ടായിരുന്നു തുടക്കം. വിൽസൻ കട്ടപ്പുറത്തായപ്പോൾ മുഴുവൻ ഉത്തരവാദിത്വവും ഏറ്റടുത്ത മണ്ഡൽ പ്രഭാതവെട്ടം വീഴുന്നതിന് മുമ്പ് വിൽസന്റെ സൈക്കിളിൽ എല്ലാ വീട്ടുപടിക്കലും മലയാളവാർത്തകൾ എത്തിച്ചു.
വിൽസൻ ഉച്ചക്ക് വാർത്തകൾ എത്തിച്ചിരുന്നിടത്തല്ലാം അതി കാലെ മണ്ഡൽ വാർത്തകൾ എത്തിച്ചതോടെ.. വിൽസൻ ഇനി കട്ടപ്പുറത്തു നിന്ന് ഇറങ്ങരുതേയന്ന് തദ്ദേശീയർ നിർദ്ദയം പ്രാർത്ഥിച്ചു.. ആശിച്ചു.
ദൈവം ആ പ്രാർത്ഥന കേൾക്കുകയും
ക്രമേണ സൈക്കിൾ ഉപേക്ഷിച്ച് മണ്ഡൽ ബൈക്കിൽ പത്രവിതരണം വിപുലപ്പെടുത്തകയും ചെയ്തു.
നാട്ടിൽ മറ്റു ചില ബിസ്നുകൾ കൂടി മണ്ഡലിനുണ്ട്. ഇവിടുത്തെ മലയാളി യുവകോമളൻമാർക്ക് മണ്ഡലിനോട് വെറുപ്പാണ്.കാരണം അവരുടെയൊക്കെ തന്തമാർ ഇടക്കിടെ പറയും.. "നീയൊക്കെ ആ മണ്ഡലിനെ കണ്ട് പഠിക്കടാ.."
"നിനക്ക് ആ മണ്ഡലിന്റെ ആസനം കഴുകിക്കൊടുത്തൂടെ "
"ആ മണ്ഡലുണ്ടല്ലോ.. അവനാണ് ആണ്.
ഇവിടെയിതാ ഒരു പാഴ്ജന്മം"
പുന്നാര ഡാഡിമാരുടെ കുത്തിനോവിക്കുന്ന ഇത്തരം പരിഹാസപ്രയോഗങ്ങളാണ് മണ്ഡലിനെ അവരുടെ കണ്ണിലെ കരടാക്കിയത്.
സ്വന്തമായി അഞ്ച്സെന്റ് സ്ഥലവും വീടും മലയാളി മണ്ണിൽ തന്റെപേരിലാക്കിയ മണ്ഡൽ വിൽസന്റെ മകൾ സൂസിയെ തന്റെ പത്നിയാക്കുകയും, കട്ടപ്പുറത്തുള്ള അമ്മായപ്പന് നയനാനന്ദം പകരാൻ രണ്ട് രണ്ട് മംഗാളി പേരക്കിടങ്ങളെ നൽകുകയും ചെയ്തു.
ആ വിവാഹത്തെ നാട്ടുകാരിൽ പലരും പരിഹസിച്ചപ്പോൾ.. വിൽസൻ അന്ന്പറഞ്ഞത് സത്യമായിരുന്നുഎന്ന് ഇപ്പോൾ തോനുന്നു.
"ബംഗാളിക്ക് കെട്ടിച്ചു കൊടുത്തതുകൊണ്ട് എന്റെ മകൾ പട്ടിണി കിടക്കില്ലന്ന് എനിക്കുറപ്പുണ്ട്... അദ്ധ്വാനിച്ച് പോറ്റിക്കോളും "
"കുട്ടപ്പൻ സേട്ടൻ കയറ്..നാനും കവലയിലേക്കാ"
മണ്ഡലിന്റെ ബൈക്കിൽ ഗുരുവിന്റെ വീട്ടുപടി വരെ പോന്നു.
കാലത്ത് നേരത്തെ വരാൻ പറഞ്ഞതാണ് ഗുരുജി.
പക്ഷെ, വീട്ടീന്നിറങ്ങാൻ ഇത്തിരിവൈകി.
മൂത്ത മകന്റെവീടുപണി നടക്കുന്നുണ്ട്. മകൻ വിദേശത്തായതിനാൽ മേൽനോട്ട ചുമതലയുണ്ട്
പണിക്കുവന്നവർ മുഴുവൻ ബംഗാളികൾ.. താൻ പറയുന്നത് അവർക്കും അവർ പറയുന്നത് തനിക്കും മനസ്സിലാകുന്നില്ല. ആംഗ്യ ഭാഷ കൂടി ഇല്ലായിരുന്നങ്കിൽ കാര്യം ഗോവിന്ദ.
അവരെ മേക്കണമെങ്കിൽ ഹിന്ദിസംസാരിക്കാൻ പഠിക്കാതെ രക്ഷയില്ല.
മാത്രമല്ല അവൻമാർ ഇടക്കിടെ തന്നെ നോക്കി എന്തക്കയോ പറഞ്ഞ് ചിരിക്കുന്നത് കാണാം..
എന്താണവർ പറയുന്നതന്ന് മനസ്സിലാക്കണം. വെല്ല തെറിയോ മറ്റോ ആണങ്കിൽ അവറ്റകളെ ചവിട്ടിക്കൂട്ടി ബംഗാളിലേക്ക് ചുരുട്ടി എറിയും കുട്ടപ്പൻ.. തന്റെ വിശ്വരൂപം അവർകണ്ടിട്ടില്ല.
കഴിഞ്ഞദിവസം ഗുരുനാഥനെ പോയി കണ്ടു തൊഴുതുവണങ്ങി ദക്ഷിണ വച്ച് ഹിന്ദി പഠനത്തിനുള്ള അഡ്മിഷൻ പ്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്. ആമുഖം കൂടാതെ ഇന്ന് ക്ലാസ് ആരംഭിക്കാം. മൂർത്തി ആളൊരു ചൂടനാണ്.
തന്നേക്കാൾ ഒരു ഏട്ട് വയസ്സിന് മൂപ്പേ ഗുരുജിക്കൊള്ളൂ.
സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് ഇദ്ദേഹം കുട്ടികളുടെ പേടിസ്വപ്നമായിരുന്നു. ഹിന്ദിരാക്ഷസൻ എന്നായിരുന്നു വട്ടപ്പേര്.തന്റെ മക്കളെയും ഈ രാക്ഷസൻ പഠിപ്പിച്ചിട്ടുണ്ട്.
ഉമ്മറത്ത് എത്തിയിട്ടും ആളനക്കം കാണാഞ്ഞ് അകത്തേക്ക് നീട്ടിയെന്ന് വിളിച്ചു.
"ഗുരുജീ.. ഞാൻ എത്തീട്ടോ
"
വാതിൽപഴുതിൽ പ്രത്യക്ഷപ്പെട്ട മൂർത്തി മുഖത്തേക്ക് രൂക്ഷമായൊന്ന്നോക്കി. ശേഷം ചുമരിലെ ഘടികാരത്തിലേക്കും..
അരമണിക്കൂർ ലേറ്റാണ്
രാക്ഷസന്റെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടപ്പോൾ നേരം വൈകി പള്ളിക്കൂടത്തിലെത്തിയപ്പോൾ പണ്ടുണ്ടായ ഭയവും അങ്കലാപ്പും ഒരിക്കൽ കൂടിപിടികൂടിയതായി അനുഭവപ്പെട്ടു.
ശബ്ദം ഗാംഭീര്യംവരുത്തി മൂർത്തി പറഞ്ഞു "മേലിൽ ഇതാവർത്തിക്കരുത് സംജാ"
"ഓ "
ക്ലാസ് ആരംഭിച്ചു .
പുരോഗമിച്ച് കൊണ്ടിരിക്കുന്നു..
"മേം കർത്താവാകുമ്പോൾ ഹും ചേർക്കണം"
"തും കർത്താവാകുമ്പോൾ ഹോ ചേർക്കണം" *
"മനസിലായോ കുട്ടപ്പാ"
"പറയൂ "
"മേം കർത്താവാകുമ്പോൾ...."
"ഹും .. ഹേ... ഹോ..ല്ലേ..."
മൂർത്തി കണ്ണുരുട്ടി തലമാന്തിപ്പറിക്കുമ്പോൾ.. ഹിന്ദി ഭാഷയും കർത്താവ് തമ്പുരാനും തമ്മിലെന്ത് ബന്ദമെന്ന് ആലോചിക്കുകയായിരുന്നു.
പല്ലിറുമ്മി മൂർത്തി ഗർജ്ജിച്ചു..
എടാ മന്ദൻ കുട്ടപ്പാ " മേം കർത്താവായിരിക്കുമ്പോൾ.. ഹും.. "
സംജാ.. എന്നെക്കെണ്ട് നീ ഉലക്ക എടുപ്പിക്കരുത്.."
"ഉലക്ക യോ?"
"ഈ പ്രായത്തിൽപിന്നെ നിന്നെചൂരൽ കൊണ്ട് തല്ലാൻ പറ്റുമോടോ..
നിന്റെ പ്രായത്തിനെ മാനിക്കെണ്ടേ.. "
ഈ സമയം അകത്ത് നിന്ന് ഒരു പിഞ്ചുകുഞ്ഞ് ഉറക്കമുണർന്ന് കരഞ്ഞു..
ഉറക്കെ ഉറക്കെ കരഞ്ഞു..
മൂർത്തി അകത്തേക്ക് നീട്ടി വിളിച്ചു.
" രുദ്രാ... രുദ്രാ..."
" ആ.. ഒകെ സാബ് "
അകത്ത് നിന്ന് പുരുഷശബ്ദം
കരയുന്നത് മൂർത്തിയുടെ മകളുടെ കുട്ടിയാണ്. ജോലിക്കാരിയായ അവൾ കാലത്ത് പോകും.
പിന്നെ കുഞ്ഞിനെ നോക്കുന്നത് രുദ്രയാണ്..
പെട്ടന്ന് അകത്ത് നിന്ന്ഒരുതാരാട്ട് പാട്ട് ഒഴുകിയെത്തി
"ചാഞ്ചാടിയാടീ ഉരങ്ങു ണീ.......
ചെർഞ്ഞാടിയാടീ ഉരങ്ങു.. ണീ....."
മലയാളിക്കിടാങ്ങളുടെ തൊട്ടിലിൻ വക്കു വരെ എത്തിയോ ബംഗാളി..
മൂർത്തി വീണ്ടും ഗർജ്ജിക്കുന്നു..
" മേം കർത്താവാകുമ്പോൾ...."
അറിയാതെ വിളിച്ചു പോയി
"കർത്താവേ... ഈശ്വരാ... പടച്ചോനെ... ഹും
end
[അബു നുജൈം ]
* ഗജകേസരിയോഗം സിനിമയിൽ -മുകേഷ് ഇന്നസെന്റ് ഹിന്ദി പഠന ക്ലാസിലെ ഡയലോഗ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo