നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഞ്ഞപ്പാവാട

Image may contain: 1 person, closeup

........................
ചില വസ്ത്രങ്ങളുടെ ഓർമ്മ മനസിൽ നിന്നു മായുന്നില്ല . ചില യാത്രകളുടെ ഓർമ്മകളും. കാലം കടന്നു ചെല്ലുന്തോറും ആ ഓർമ്മകളുടെ നിറം മങ്ങിയേക്കാം. പക്ഷേ അപ്രതീക്ഷിതമായി കേൾക്കുന്ന ഒരു ഭയങ്കര ശബ്ദം സൃഷ്ടിക്കപ്പെടുന്ന ഞെട്ടൽ പോലെ ഒരു ദിനം ആ ഓർമകൾ നമ്മെ തേടിയെത്തുന്നു. പെൻസിൽ കൊണ്ടെഴുതുന്ന അക്ഷരങ്ങൾ വേഗത്തിൽ മായ്ക്കാൻ നമുക്ക് സാധിക്കുന്നതു പോലെ വേദനിപ്പിക്കുന്ന ഓർമകളും മായ്ക്കാൻ സാധിച്ചെങ്കിൽ......
പഴയ വീട് പൊളിച്ചു പണിയുന്നതിനാൽ സാധനങ്ങളൊക്കെ ഷെഡിലേക്ക് മാറ്റുന്നതിനിടയിലാണ് വർത്തമാന പേപ്പർ കൊണ്ടു പൊതിഞ്ഞു സൂക്ഷിച്ചു വച്ചിരുന്ന ആ മഞ്ഞ പാവാടയും ബ്ലൗസും എന്റെ ശ്രദ്ധയിൽ പെട്ടത്. വർഷങ്ങൾ എറെ കഴിഞ്ഞെങ്കിലും നിറം മങ്ങാത്ത ആ പാവാടയും ബ്ലൗസും എന്നിൽ ഒരു തേങ്ങൽ ഉയർത്തി. നോക്കി നിൽക്കേ ആ പാവാടയും ബ്ലൗസും അണിഞ്ഞു കൊണ്ട് ഒരു രണ്ടാം ക്ലാസുകാരി എന്റെ അടുത്തേക്ക് ഓടി എത്തി.
"ചിറ്റേ, എങ്ങനെയുണ്ട് കൊള്ളാമോ? നാളെ അമ്പലത്തിൽ പോവുമ്പോ ഇടാനാ. "
"പിന്നെ. എന്റെ വാവ എതിട്ടാലും സുന്ദരിയല്ലേ?"
അതു കേൾക്കുമ്പോ ആ കുട്ടി കുണുങ്ങിച്ചിരിക്കും. ആ ചിരി എന്നിലേക്കും പടരും. കുട്ടികൾ അങ്ങനെയാണ്. ചിരിക്കാനും കരയാനും അവർക്ക് അധിക സമയം വേണ്ട.
ഞാനായിരുന്നു അവളുടെ ലോകം. എന്തിനും ഏതിനും അവൾ എന്റെ കൂടെ ഉണ്ടാകും. അവളുടെ കൊച്ചു കൊച്ചു സംശയങ്ങൾ മുഴുവൻ അവൾ എന്നോടായിരുന്നു ചോദിക്കാറ്. പാടവരമ്പത്ത് ഒറ്റക്കാലിൽ നിൽക്കുന്ന കൊറ്റികളെ പറ്റി, ആകാശത്തു കുടി പറന്നു പോവുന്ന കിളികളെ പറ്റി, മഴക്കാലത്ത് കുളത്തിലിരുന്ന് കരയുന്ന തവളകളെ പറ്റി..... അങ്ങനെ നീണ്ടു നീണ്ടു പോവുന്ന അവളുടെ സംശയങ്ങൾ മുഴുവൻ ഒരു മടിയും കൂടാതെ പറഞ്ഞു കൊടുക്കുമായിരുന്ന എന്നെ തന്റെ അമ്മയേക്കാൾ അവൾക്ക് ഇഷ്ടമായിരുന്നു. എനിക്കും അവളെന്നു പറഞ്ഞാൽ ജീവനായിരുന്നു. എന്നിട്ടും കാലം ഞങ്ങൾക്കിടയിൽ അകൽച്ചയുടെ അദ്യശ്യമായ ഒരു വേലിക്കെട്ട് നിർമ്മിച്ചതെന്തിനായിരുന്നു?
മണിക്കൂറുകൾ കാത്തു നിന്നാൽ മാത്രം ദർശനം സാധ്യമാവുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമായിരുന്നു അത്. വണ്ടിയിൽ നിന്നുമിറങ്ങി അവിടേക്ക് നടക്കുമ്പോൾ ഒരുറപ്പിനെന്ന വണ്ണം അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. കുറേ നടന്നപ്പോൾ അവളുടെ കുഞ്ഞു കാലുകൾ വേദനിക്കും എന്ന് കരുതി ഞാൻ അവളോട് പറഞ്ഞു.
" ചിറ്റ മോളെ എടുക്കട്ടെ?"
" വേണ്ട. ഞാൻ നടന്നോളാം ചിറ്റേ."
"മോളുടെ കാല് വേദനിക്കുന്നുണ്ടോ?"
" ഇല്ല. ചിറ്റേ. എനിക്കു വേദനിക്കുന്നില്ല. "
ഇല്ല എന്ന് അവൾ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നി. നിഷ്കളങ്കരാണ് കുട്ടികൾ. കള്ളത്തരം പറയാനും കാണിക്കാനും അവർക്കറിയില്ല. പക്ഷേ വളരുന്തോറും ഉപേക്ഷിക്കുന്ന കളിപ്പാട്ടങ്ങളുടെ കൂടെ ചിലപ്പോഴൊക്കെ കളങ്കമില്ലാത്ത ആ മനസും ആരുടെയൊക്കെയോ നിർബന്ധത്താൽ അവർക്ക് ഉപേക്ഷിക്കേണ്ടി വരുന്നു.
ഞാൻ പറഞ്ഞു കൊടുത്തിട്ടുള്ള കഥകളിൽ കൂടി പരിചിതമായ അമ്പലത്തിലെ ഓരോ കാഴ്ചകളും അവൾ ഓർത്തെടുത്തു പറയുന്നത് കണ്ട് ഞാനത്ഭുതപ്പെട്ടു. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോ കുട്ടിയും ഓരോ അത്ഭുതങ്ങളാണ്. നമ്മൾ മുതിർന്നവർ പലപ്പോഴും മനസിലാക്കാതെ പോവുന്ന അത്ഭുതങ്ങൾ!!!
അമ്പലത്തിലെ അഭൂതപൂർവമായ തിരക്കുകൾക്കിടയിൽ തളരാതെ നിൽക്കുമ്പോഴും അവളുടെ മനസിൽ ഭക്തർക്ക് നേരിട്ട് ദർശനം കൊടുക്കുന്ന ഭഗവാന്റെ ചിത്രം മാത്രമായിരിക്കും ഉണ്ടായിരുന്നത്. അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം എന്നോട് അവൾ പറഞ്ഞ വാക്കുകൾ ഞാനോർത്തു.
" ഭഗവാന് ഇഷ്ടമുള്ള മഞ്ഞ നിറത്തിന്റെ ഈ പാവാടയും ബ്ലൗസും അണിഞ്ഞതു കൊണ്ട് എനിക്ക് ഭഗവാനെ കാണാൻ പറ്റുമായിരിക്കും അല്ലേ ചിറ്റേ?"
''ഉം. പറ്റും. മോളെ."
നടയ്ക്ക് നേരെ എത്തിയപ്പോ ഞാനവളെ എടുത്ത് ഭഗവാനെ കാണിച്ചു. ലോകത്തുള്ള എല്ലാവർക്കും നന്മ വരുത്തണേ എന്നുള്ള അവളുടെ പ്രാർത്ഥന കേട്ട എന്റെ കണ്ണു നിറഞ്ഞു.അതെ കുട്ടികൾ പലപ്പോഴും പല കാര്യങ്ങൾക്കും മുതിർന്നവരേക്കാൾ പക്വത കാണിക്കാറുണ്ട്. അവരിൽ നിന്നു നാം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു. കുട്ടികളേ പോലെയുള്ള മനസ് എല്ലാർക്കുമുണ്ടായിരുന്നെങ്കിൽ.....
തിരക്കിനിടയിൽ ഭഗവാനെ ശരിക്കും കാണാൻ പറ്റാത്തതിലുള്ള അവളുടെ സങ്കടം തീർക്കാനായിട്ടാണ് ഭഗവാന്റെ പ്രതിമകൾ വിൽക്കുന്ന ആ കടയിൽ ഞങ്ങൾ കയറിയത്. പ്രതിമകൾ തിരഞ്ഞെടുക്കുന്നതിനിടയിലെപ്പോഴോ അവൾ ആൾക്കൂട്ടത്തിനിടയിലേക്ക് മറയുന്നതറിയാതെ ഞാൻ അവൾക്കു വേണ്ടി വാങ്ങിയ പ്രതിമയുടെ വില പേശിക്കൊണ്ടിരുന്നു. ഒടുവിൽ അവൾ നഷ്ടമായതറിഞ്ഞ് തളർന്നു വീഴുമ്പോഴും മകൾ നഷ്ടപ്പെട്ട അവളുടെ അമ്മയുടെ ഹൃദയം തകർന്ന നിലവിളി എന്റെ കാതുകളിൽ പതിക്കുന്നുണ്ടായിരുന്നു.
" ചിറ്റേ " ആരോ വിളിക്കുന്നതു കേട്ട ഞാൻ പതുക്കെ കണ്ണു തുറന്നു.
മുന്നിൽ ഒരു കൗമാരക്കാരി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
''ചlറ്റ ഉറങ്ങുകയായിരുന്നോ?"
" എയ്. എന്തൊക്കെയോ ആലോചിച്ച് ഇരുന്നു പോയി. മോൾ വന്നിട്ട് കുറേ നേരമായോ?"
'' ഇല്ല. ഇപ്പോ വന്നതേയുള്ളു."
" അച്ഛനും അമ്മയും ഒക്കെ?"
"അവർ ഒരു കല്യാണത്തിന് പോയിരിക്കുകയാ. ആ സമയം നോക്കിയാ ഞാൻ....."
അവൾ പൂർത്തിയാക്കിയില്ലെങ്കിലും ആ വാചകത്തിന്റെ അവസാനം എനിക്കു മനസിലാക്കാൻ പറ്റിയിരുന്നു. പണ്ട് അറിയാതെ സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരിലുണ്ടായ നഷ്ടങ്ങൾ ഒരിക്കലും നികത്താൻ പറ്റുന്നവയായിരുന്നില്ല. ചില മുറിവുകൾ ഉണക്കാൻ കാലത്തിനു പോലും സാധിക്കാറില്ലല്ലോ? എങ്കിലും അവളുടെ ഉള്ളിലെവിടെയോ ഞാനുമൊത്തു പങ്കിട്ട നല്ല ദിവസങ്ങളുടെ ഓർമകൾ ബാക്കിയുണ്ടാവാം. അതു കൊണ്ടാണല്ലോ തന്റെ മാതാപിതാക്കൾ അറിയാതെ ഇടയ്ക്കിടയ്ക്ക് അവൾ എന്നെ കാണാൻ വരുന്നത്.
അകലെ നിന്ന് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടപ്പോ അവൾ എന്നോടു പറഞ്ഞു.
" ചിറ്റേ, അച്ഛനുമമ്മയും വരുന്നുണ്ട്. ഞാൻ പിന്നെ വരാട്ടോ."
പണ്ടത്തേ പോലെ എന്റെ നെറ്റിയിലൊരുമ്മയും തന്നിട്ട് അവൾ തന്റെ വീട്ടിലേക്ക് ഓടിപ്പോയി.
അവളുടെ സ്നേഹം ഒരിക്കലും നഷ്ടമാവരുതേ എന്ന പ്രാർത്ഥനയോടെ, വേദനിപ്പിക്കുന്ന ആ ദിവസത്തിന്റെ ബാക്കി പത്രമായ് അവശേഷിച്ച ആ പാവാടയും ബ്ലൗസും നെഞ്ചോടടുക്കിപ്പിടിച്ച് ഞാൻ അവിടെ തന്നെ ഇരുന്നു.
(അവസാനിച്ചു.)
രഞ്ജിനി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot