നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ

Image may contain: Ajoy Kumar, beard and sunglasses

കുറേക്കാലം മുൻപ് ആശുപത്രിയിൽ പോയി കുറെ നേരം വെറുതെ ഇരുന്നപ്പോൾ എന്റെ മനസ്സിൽ ആണ് ഈ കഥ നടന്നതും ഓടിയതും ..കുറച്ചു സത്യങ്ങൾ ഇല്ലാതെയും ഇല്ല
അന്ന് ബീ പിയുടെ കാര്യം പറഞ്ഞില്ലേ, അതിനനുബന്ധമായി പല പല ടെസ്റ്റുകൾ ചെയ്യാൻ ഞാനും ശ്യാമയും കൂടെ ആശുപത്രിയിൽ പോയിരുന്നു,ഒരു ഉത്സവത്തിനുള്ള തിരക്ക്, പണ്ഡിതനും പാമരനും,പാവപ്പെട്ടവനും പണക്കാരനും എല്ലാം ഉണ്ട്, ഇരിക്കാൻ സീറ്റ് കിട്ടാതെ ജനക്കൂട്ടത്തിനു നടുക്ക് ഉത്സവത്തിന്‌ കൊണ്ട് വന്ന ആനയെ പോലെ ഞാൻ നിന്നു,അടുത്ത് പാപ്പാനെ പോലെ ശ്യാമ,
കുറെ നേരം ആൾക്കാരെ വീക്ഷിച്ച ശേഷം ഞാൻ ശ്യാമയോട് പറഞ്ഞു,
സമൂഹത്തിന്റെ ഒരു പരിഛേദം
എന്ത്? ശ്യാമ ഇയർ ഫോണ്‍ കാതിൽ നിന്നും ഊരി,
അല്ല ഈ ജനക്കൂട്ടമെ,സമൂഹത്തിന്റെ ഒരു പരിഛേദം പോലെ.. അല്ലെ
എന്ന് വെച്ചാൽ?
ഒന്നുമില്ല, പാട്ട് കേട്ടോ ഞാൻ പറഞ്ഞു
അങ്ങനെ വായും നോക്കി ഇരിക്കവേ, ഡോക്ടർ വന്നു, ജനക്കൂട്ടം ഒന്നിളകി, എല്ലാർക്കും എന്തൊരു ബഹുമാനം, ഒരു ഡോക്ടർ ആയാൽ മതിയായിരുന്നു, ഞാൻ വിചാരിച്ചു. അർദ്ധനിമീലിത മിഴികളുമായി ഡോക്ടറിനെക്കാളും മേലെ എന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി പുറത്തു വന്ന് വിളിച്ചു,
കരിദാസൻ നായർ
അതെന്തു പേര്? ഞാൻ ആലോചിച്ചു, ഒരു നിമിഷം കഴിഞ്ഞപ്പോൾ എന്റെ അടുത്ത് നിന്നും ഒരു തടിയൻ എണീറ്റ്‌ പോയി
ഹലോ, എന്റെ പേര് ഹരിദാസൻ നായർ എന്നാണ്
അതല്ലേ ഞാൻ പറഞ്ഞത്,കരിദാസൻ നായർ
ഹരി
കരി
ഹരിദാസൻ
കരിദാസൻ,
ശേ, അതല്ലാന്ന്
എന്തു കുന്തം ആയാലും നിങ്ങൾ പോയി ഈ ബിൽ അടച്ചിട്ടു വരണം ടീ എം ടീ ഉണ്ട്
അയാൾ ദേഷ്യത്തിൽ ഭൂമി കുലുക്കി തിരിഞ്ഞു നടന്നു
അപ്പോൾ ആ സിസ്റർ വിളിച്ചു,ഹാസ്ക്കരൻ ഉണ്ടോ, ഹാസ്ക്കരൻ
വേറെ ഒരു ഒരു മെലിഞ്ഞ മനുഷ്യൻ എണീറ്റു, അപ്പോഴേക്കും നേരത്തെ പോയ മനുഷ്യൻ തിരിച്ചു വന്നു
നിങ്ങൾ പോയില്ലേ?
ഈ ഹ ആണ് എന്റെ ഹ,
ഇത് ഹാസ്ക്കരന്റെ അല്ലെ,
അതല്ല, ഈ പേരിലെ ഹാ ആണ് എന്റെ പേരിലെ ഹാ എന്ന്
നിങ്ങൾ ഒന്ന് പോണം മനുഷ്യ, സിസ്ടറിനു ദേഷ്യം വന്നു
അപ്പൊ ഞാൻ അല്ലെ? ഭാസ്ക്കരൻ തിരിഞ്ഞു നടന്നു
നിങ്ങൾ ഇവിടെ നിക്ക് ഹാസ്കരൻ ,നിങ്ങൾ പോണം കരിദാസൻ നായർ
കരി അല്ല ഹരിദാസൻ ...അയാൾ വീണ്ടും പോയി,
ഞാൻ ഇതെല്ലം കണ്ടു ചിരിച്ചു കൊണ്ടിരുന്നു, എന്റെ പൈസ എല്ലാം നേരത്തെ തന്നെ അടച്ചിരുന്നല്ലോ, കുറെ നേരം കഴിഞ്ഞപ്പോൾ പെൺകുട്ടി വിളിച്ചു,
ഹജൊയ് കുമാർ.
ഞാൻ എണീറ്റു ചെന്നു, അപ്പോൾ അടുത്ത കസേരയിൽ ഇരുന്നു ഹരിദാസൻ നായർ എന്നെ നോക്കി ദുഖഭാവത്തിൽ പറഞ്ഞു, എന്റെ ഹാ ആണ്,നിങ്ങളെ വിളിച്ച ഹാ
ഹജൊയ് ,നിങ്ങൾ ആ എക്കോ റൂമിലേക്ക്‌ പോകൂ, നിങ്ങടെ എക്കോ നോക്കണം
ഞാൻ ആ മുറിയിലേക്ക് പതിയെ ചെന്നു, അവിടെ അരണ്ട വെളിച്ചത്തിൽ സുന്ദരി ആയ ഒരു ടെക്നീഷ്യൻ ഇരിക്കുന്നു,
കൈ രണ്ടും വായ്ക്കു ചുറ്റും വെച്ച് കൂക്കി വിളിക്കാൻ തയ്യാർ ആയിട്ട് ഞാൻ പറഞ്ഞു, ശ്യാമേ....എന്ന് വിളിച്ചാൽ മതിയോ?
എന്ന് വെച്ചാൽ ? അവർ ദേഷ്യത്തിൽ ചോദിച്ചു,
അല്ല, എക്കോ ടെസ്റ്റ്‌ ചെയ്യാനേ? ഞാൻ ആയതു കൊണ്ട് വായനക്കാർ അതെ പ്രതീക്ഷിക്കു ,അത് കൊണ്ടാണ് ,ശ്യാമേ ..മേ ..മേ ...മേ ...മേ ...മേ .
ശോ, എന്താണിത്,ഇത് ഒരു ആശുപത്രി അല്ലെ? അലറുന്നോ ? തമാശ കളിക്കല്ലേ ,എക്കോ എന്ന് പറഞ്ഞാൽ നിങ്ങടെ അലർച്ചയുടെ എക്കോ നോക്കാൻ അല്ല, ഉടുപ്പ് ഊരി ഇട്ടിട്ടു അങ്ങോട്ട്‌ കേറി കിടക്കണം ഹേ , ഉം,
ഞാൻ നാണത്തോടെ ഉടുപ്പ് ഊരി ഇട്ടിട്ടു കട്ടിലിൽ കിടന്നു,അവർ എന്തോ ഒരു സാധനം എടുത്തു ദേഹത്ത് പുരട്ടി, ഗിൾ ബിൾ...എന്തോ ഒരു ജെല്ലി,എനിക്ക് ഇക്കിളി ആയി, ഞാൻ നാണിച്ചു നഖം കടിച്ചു കൊണ്ട് കാലിലെ പെരുവിരലും നോക്കി കിടന്നു,
ഉം അങ്ങോട്ട്‌ തിരിഞ്ഞു കിടക്കൂ,ഒരു കൈ നീട്ടി വെക്കണം , മറു കൈ തലക്കടിയിൽ വെക്കണം ,എന്നെ വിശ്വാസമില്ലത്തത് പോലെ അവർ പറഞ്ഞു,ഞാൻ മുഖം വീർപ്പിച്ചു തിരിഞ്ഞു കിടന്നു,
അവർ മുന ഇല്ലാത്ത പേന പോലത്തെ ഒരു സാധനം കൊണ്ട് എന്നെ നെഞ്ചിലും മുതുകിലും ഇട്ടു നാലഞ്ചു കുത്ത്,
അയ്യോ, ഞാൻ ഇനി അലറില്ലേ ,എന്നെ കൊല്ലല്ലേ, ഞാൻ നിലവിളിച്ചു
ശോ,വലിയ കഷ്ട്ടം ആയല്ലോ,അടങ്ങി കിടക്കൂ,അല്ലെങ്കിൽ റീഡിംഗ് തെറ്റും,
ഓ റീഡിംഗ് ആയിരുന്നു, ഞാൻ അടങ്ങി കിടന്നു, പെട്ടെന്ന്,അവിടെ ഡിസ്ക്കോ സംഗീതം മുഴങ്ങി,
ധും ധും ധും,ജിൽ ജിൽ ജിൽ ,ധും ധും ധും
മാഡം ,ഇത് വേണ്ട, ഡിസ്ക്കോ കൊള്ളില്ല പ്രേമത്തിലെ മലരേ ....ആ പാട്ട് ഇടുവോ?
ഹോ.മിസ്റ്റർ ഇത് പാട്ടല്ല, നിങ്ങടെ ഹൃദയം ഇടിപ്പിന്റെ താളം ആണ്
ഓ,അപ്പൊ ഇതാണ് ആ സാധനം,കേട്ടിട്ടില്ല,വായിച്ചിട്ടേ ഉള്ളു,ഹൃദയം ഇടിപ്പിന്റെ താളം കൂടി എന്നൊക്കെ,
ഉം എണീറ്റോ
മാഡം,എന്തെങ്കിലും കുഴപ്പം,മലയാള സിനിമയിലെ സ്ഥിരം രോഗി ആയ പീ കെ എബ്രഹാമിനെ പോലെ ഞാൻ ചോദിച്ചു, രണ്ടു ചുമയും ചുമച്ചു
തടി കുറക്കണം,പിന്നെ ബീ പി മരുന്ന് സ്ഥിരം കഴിച്ച് ഹൃദയ ഭിത്തികൾക്ക് കുറച്ചു കട്ടി കൂടിയിട്ടുണ്ട്, അവർ രണ്ടു പഞ്ഞി എടുത്തു തന്നു
ആണോ ,ഉം, ഞാൻ പഞ്ഞി പോക്കറ്റിൽ ഇട്ടു
ശോ, പോക്കറ്റിൽ ഇടാൻ അല്ല, ആ ജെൽ തുടച്ചിട്ട് ഷർട്ട് ഇടാൻ,
അങ്ങനെ ഷർട്ടും ഇട്ടു പുറത്തിറങ്ങിയ എന്നെ ആരോ തള്ളി അടുത്ത മുറിയിൽ കയറ്റി, അവിടെ ഏതോ ഒരു അമ്മാവൻ ഓടി രക്ഷപെടാൻ ശ്രമിക്കുന്നു, പക്ഷെ സാധിക്കുന്നില്ല,എല്ലാം കണ്ടു ചിരിച്ചു കൊണ്ട് ഒരു പെണ്ണും,
അമ്മാവൻ ഒരു ട്രെഡ് മില്ലിൽ നിന്നാണ് ഓടുന്നത്,എനിക്ക് പുറത്തിറങ്ങി ഓടാൻ തോന്നി, പക്ഷെ പറ്റിയില്ല ,ആ അമ്മാവൻ താഴെ വീണ ഗ്യാപ്പിൽ എന്നെ അവരതിൽ പിടിച്ചു കയറ്റി, ദേഹം മുഴുവൻ ഘടിപ്പിച്ച വയറുകളുമായി ഞാൻ ഒരു യന്ത്ര മനുഷ്യനെ പോലെ അതിൽ നിന്നു
തോമസ്‌ കുട്ടീ വിട്ടോടാ,
അവർ പറഞ്ഞു, അതാണ്‌ അതിൽ ഓടാൻ ഉള്ള കോഡ്‌ ,അത് അനങ്ങാൻ തുടങ്ങി, ഞാൻ പുറകിലേക്ക് പോയി നിലത്തിറങ്ങി നിന്നു,
ശോ, അത് ഓടുമ്പോൾ കൂടെ ഓടണ്ടേ,നിലത്തു കിടന്ന അമ്മാവൻ എന്നെ ഉപദേശിച്ചു,
എനിക്ക് വയ്യ വല്ല മെഷീന്റെയും കൂടെ ഓടാൻ, ഈ മാഡം ആണെങ്കിൽ അരക്കൈ നോക്കാമായിരുന്നു, ഞാൻ പറഞ്ഞു
എന്താണ് ,അവർ അടുത്തേക്ക് വന്നു,
അമ്മാവൻ ബോധം കെട്ടത് പോലെ കിടന്നു ,
അത് പുറകിലേക്ക് പോകുമ്പോൾ നിങ്ങൾ മുന്നിലേക്ക്‌ നടക്കണം,
അത് മുന്നിലേക്ക്‌ പോയാൽ? ഞാൻ പുറകിലേക്ക് നടക്കണോ?
അത് മുന്നിലേക്ക്‌ പോവില്ല, നിങ്ങൾ അങ്ങോട്ട്‌ കേറുന്നുണ്ടോ? സമയം പോണു
.ഞാൻ വീണ്ടും അതിൽ കയറി നിന്നു,തോമസ്‌ കുട്ടീ വിട്ടോടാ....
വീണ്ടും മെഷീൻ പിന്നിലേക്ക് ഓടാനും ഞാൻ മുന്നിലേക്ക് നടക്കാനും തുടങ്ങി,വേഗത കൂട്ടുവാണേ അവർ എന്തിലോ പിടിച്ചു ഞെക്കി, അതോടെ ആ പണ്ടാരം വേഗത്തിൽ ആയി, ഞാൻ ഓടാനും തുടങ്ങി, ഇനി കയറ്റം ആക്കുവാണേ ,അത് പൊങ്ങാൻ തുടങ്ങി,
ദൈവമേ, ഇതിലും ഭേദം ശബരിമല ഓടിക്കയറുന്നതായിരുന്നു , വിയർത്തു കുളിച്ചു ഞാൻ ഓടാൻ തുടങ്ങി, ധുമീൽ ധുമീൽ എന്നൊരു ശബ്ദത്തോടെ
വേഗത കൂട്ടുന്നു, കയറ്റവും,പണ്ടാരം പിന്നേം പൊങ്ങി,ഞാൻ കാൽ മുട്ട് താടി വരെ കൊണ്ട് വന്നു ഓടാൻ തുടങ്ങി ,അമ്മാവൻ താഴെ കിടന്നു ചിരിക്കുന്നു
,
ഹിത്......ഹിത്....എപ്പ.....എപ്പ....
എന്താ ?
നിറുത്തും ? ഹിത്...ഹെപ്പ....മസിൽ പിടിക്കുന്നോ എന്നൊരു സംശയം ...
വയ്യാതാവുംപോൾ പറഞ്ഞാൽ നിറുത്താം
അല്ലെങ്കിൽ ലോകാവസാനം വരെ ഈ പെണ്ണുമ്പിള്ള എന്നെ ഓടിക്കും എന്ന് ഉറപ്പാണ്‌, ഞാൻ കരയാൻ തയ്യാറെടുത്തു
അപ്പോൾ വാതിൽ തള്ളിത്തുറന്നു നമ്മുടെ നേരത്തെ കണ്ട പെൺകുട്ടി വന്നു ,കൂടെ അയാളും
ഇതാണ് കരിദാസൻ നായർ അടുത്തത് ഇയാൾടെ ടീ എം ടീ എടുക്കണേ...
കരി അല്ല, ഹരി....
ഏതോ ഒരു ദാസൻ നായർ,പെൺകുട്ടി തിരിച്ചു പോയി,...
ഉം, കടിദാസൻ ഞായർ ഇരിക്കൂ, ഇയാൾ കഴിയട്ടെ .....
കടിയോ? ..ഞാൻ ഹരീ ഹരീ ഹരീ ....അയാൾ ചാടി എണീറ്റു,
അപ്പോൾ ട്രെഡ് മിൽ ആണെന്ന് ഓർക്കാതെ അവിടെ നിന്നു ചിരിച്ച ഞാൻ അതെ വേഗത്തിൽ പുറകിലേക്ക് തെറിച്ചു മുറി തുറന്നു പുറത്തേക്കു പോയി,
എന്താണ്, ഓടാൻ പറ്റിയോ? ശ്യാമ ചോദിച്ചു
പിന്നേ...പുഷ്പം പോലെ ഓടി , ഇപ്പൊ തന്നെ ഓടി അല്ലെ വെളിയിൽ പോലും വന്നത്, നീ കണ്ടില്ലേ ,ഇനി പോയി ആ ഷർട്ട് എടുത്തു തരണേ, ഇന്നാ ഇതെല്ലാം അവിടെ കൊടുത്തേരെ ഞാൻ വയറുകൾ ഊരി കൊടുത്തു,
അങ്ങനെ എല്ലാ റിസൽറ്റും നോർമൽ ആണെന്ന് ഡോക്ടർ പറഞ്ഞത് കേട്ട് സന്തോഷിച്ചു ഞങ്ങൾ വീട്ടിലേക്കു പോയി
പോകുന്ന വഴി ശ്യാമ ചോദിച്ചു, നമുക്ക് ഇന്ന് പുലി മുരുകന് പോകാമോ,ത്രീ ഡി ?
എനിക്ക് വയ്യ ഞാൻ പറഞ്ഞു, വേണമെങ്കിൽ കണ്ണാടിയിൽ ഏലി മുരുകനെ കാണിച്ചു തരാം
ദുഷ്ട്ടനാണ് നിങ്ങൾ ദുഷ്ട്ടൻ,കഠിന ഹൃദയൻ,
അത് കേട്ടപ്പോൾ ഞാൻ കാർ സഡൻ ബ്രേക്ക് ഇട്ടു നിറുത്തി, ഒരു പേപ്പർ എടുത്തു ശ്യാമയുടെ നേരെ നീട്ടി ,ഇനി മേലാൽ ഇത് പറയരുത്
എന്താണിത് ?
ബീ പ്പിക്കുള്ള മരുന്നുകളുടെ ഉപയോഗം മൂലം ആണ് ഞാൻ കഠിന ഹൃദയൻ ആയിപ്പോയത് എന്നുള്ളതിന് ശാസ്ത്രീയ തെളിവ് , എന്റെ തെറ്റല്ല എന്ന് ഇപ്പൊ എങ്കിലും മനസിലായില്ലേ? പാവം ഞാൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot