നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനിയന്റെ വിവാഹം

Image may contain: Latheesh Kaitheri, smiling

അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു ,എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ,ഡൽഹിയിൽ ഉന്നത ജോലി ഉള്ള അനിയൻ അവിടെത്തന്നെയുള്ള സഹപ്രവർത്തകയെ വിവാഹം കഴിച്ചതിൽ തനിക്കു വെറുപ്പൊന്നും ഇല്ല, എങ്കിലും അവന്റെ അഞ്ചുവയസ്സിന്‌മൂത്ത തന്റെ കാര്യങ്ങൾ വീട്ടിൽ ആരും ഓർത്തില്ല അതിലാണ് തനിക്കു വിഷമം .
എല്ലാം അറിഞ്ഞു വരുന്ന ചിലരുടെയൊക്കെ പരിഹാസവാക്കുകൾ മനസ്സു പൊള്ളിക്കുന്നുണ്ടുവെങ്കിലും നല്ലൊരു ദിവസമായതുകൊണ്ടു രാവിലെ തന്നെ ചുണ്ടിൽ പിടിപ്പിച്ച പുഞ്ചിരി അങ്ങനെ തന്നെ ചേർത്തുനിർത്തി ,നാട്ടിൽ മുനിസിപ്പാലിറ്റിയിൽ ക്ളീനിങ് ജോലി ചെയ്യുന്ന തന്നോടുള്ള പുച്ഛം ബന്ധുക്കളിൽ ചിലക്കു മുൻപേ ഉള്ളതാണ് ,
ഏട്ടാ ഈ ഉടുപ്പൊക്കെ മാറ്റി ഈ പുതിയത് ഇട്ടു വാ ,,അനിയനാണ് പിറകിൽ തട്ടിക്കൊണ്ടു പറഞ്ഞത് ,
എനിക്ക് എന്തിനാടാ ഇതൊക്കെ ,ഇപ്പൊ ഇട്ടതൊക്കെ മതി ,നീ നന്നായി തിളങ്ങിയിരിക്കണ് ,അതുകണ്ടാമതി ഈ ഏട്ടന് ,
അതുപറഞ്ഞാൽ പറ്റില്ല ,ഏട്ടനിന്നു ഇതു ഇടണം ,ഇന്ന് എന്റെ കല്യാണമാ ,ഏട്ടൻ ഇന്ന് ഞാൻ പറയുന്നത് അനുസരിച്ചേ പറ്റൂ ,
വേണ്ട കുട്ടാ ഞാൻ ഭക്ഷണഹാളിലേക്കുപോകുവാ ,അവിടെ ഈ മിന്നുന്ന കസവുമുണ്ടും ജുബ്ബയുമൊക്കെ ഇട്ടുപോയാൽ അപ്പടി അഴുക്കാകും ,അതുകൂടാതെ ഇതൊക്കെ ഉടുത്തു ഭക്ഷണം വിളമ്പാനും ബുദ്ധിമുട്ടാ ,,
വിളമ്പാനൊക്കെ വേറെ ആൾക്കാരെ ഞാൻ ഏർപ്പാടക്കിയിട്ടുണ്ട് ,ഇന്നുമുഴുവൻ ഏട്ടൻ എന്റെ കൂടെ ഉണ്ടാകണം ,എന്റെ നിഴലായി ,ചുമ്മാ സമയം കളയാതെ ഏട്ടൻ ഈ ഡ്രസ്സൊക്കെ ഇട്ടു വാ ,
അല്ല കുട്ടാ ഇതൊക്കെ ഉടുത്തു ഞാൻ വന്നാൽ ആൾക്കാർക്ക് ചെക്കൻ മാറിപോകുമല്ലോ ,അതുവേണോ ?
വേണം ,അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ സഹിച്ചു ,, ഏട്ടനിതിട്ടെ
മുറിയിലേക്ക് കയറി പഴയതുമാറ്റി പുതിയത് എടുത്തു അണിയുമ്പോൾ ഒരു നിമിഷം കുട്ടനെക്കുറിച്ചു മോശമായി ചിന്തിച്ചതിൽ മനസ്സൊന്നു നൊന്തു ,അവനുതന്നോടു സ്നേഹവും താല്പര്യവും ഒക്കെയുണ്ട് ,അത് ഇല്ലാ എന്ന് തെറ്റിദ്ധരിച്ചത് തന്റെ തെറ്റ് ,കുടുംബക്കാരെ എതിർത്ത് അവനെമാത്രം കാത്തിരിക്കുന്ന പെണ്ണിനെ അവനു എത്രനാൾ കണ്ടില്ലെന്നടിക്കാൻ കഴിയും ,അല്ലെങ്കിലും ഈ കച്ചറവാരുന്നവനുവേണ്ടി അവനെന്തിനു അവന്റെ ജീവിതം കളയണം ,അവനെങ്കിലും സന്തോഷിക്കട്ടെ ,നല്ലൊരുജീവിതം കിട്ടട്ടെ ,
ഏട്ടാ എത്ര സമയമായി ഇതുവരെ ഉടുത്തു കഴിഞ്ഞില്ലേ ?,ദൂരത്തുനിന്നും അടുത്തേക്കുവരുന്ന അനിയന്റെ ശബ്ദം തൊട്ടടുത്ത് എത്തി
എന്തായലും നീ നല്ല മുണ്ടും ജുബ്ബയും ഒക്കെ വാങ്ങിത്തന്നു ,എന്നാപ്പിന്നെ കുറച്ചു പൗഡറും കൂടി വാരിപ്പൂശാമെന്നു വെച്ചു ,ഗമയൊട്ടും കുറക്കേണ്ടല്ലോ ?
അല്ലെങ്കിലും എന്റെ ഏട്ടൻ അടിപൊളിയാ ,ഏതുപെണ്ണുകണ്ടാലും ഒന്നുകൊതിക്കും
അതുകൊണ്ടായിരിക്കും കച്ചറ മണം അടിക്കുമെന്നുപറഞ്ഞു ഒരുത്തി എന്നെയും തേച്ചുപോയതു അല്ലെ ?
അത് അവൾക്കു ഭാഗ്യമില്ലാഞ്ഞിട്ടു ,
അതെ ,അതെ ,അവളുടെ ഭാഗ്യങ്ങളാ ഉമ്മറത്തുഓടിക്കളിക്കുന്ന ആ രണ്ടു കൊച്ചുങ്ങൾ ,,നീ ഒന്നുപോയെ കുട്ടാ ,
ഏട്ടൻ വാ ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം ,
ഇപ്പോ വേണ്ട പിന്നീട് ആകാം ,ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ ,
അത് പറഞ്ഞാൽ പറ്റില്ല ഇതു ഇപ്പൊ കാണേണ്ട ആളാണ് ,
കുട്ടൻ തന്റെ കയ്യും പിടിച്ചു ചമയമുറിയിലേക്കു നടന്നപ്പോൾ ,തനിക്കു അവനെ അനുഗമിക്കാനെ നിവർത്തി ഉണ്ടായിരുന്നുള്ളു ,
മുട്ടോളം മുടിയുമായി ,ആഭരണങ്ങളൊക്കെ അണിഞ്ഞു നിൽക്കുന്ന മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ കണ്ണെടുക്കാൻ തോന്നിയില്ല ,അനിയന്റെ ഭാര്യയാവാൻ പോകുന്ന കുട്ടി എന്ന തിരിച്ചറിവ് പെട്ടന്ന് മുഖം പിന്നോട്ട് വലിപ്പിച്ചു ,
അശ്വതി ഇതാണ് എന്റെ ഏട്ടൻ ,ആൾക്ക് ഇവിടെ മുനിസിപ്പാലിറ്റിയിൽ ക്ളീനിങ് ജോലിയാണ് ഞാൻ പറഞ്ഞിരുന്നില്ലേ ?,രണ്ടുകൊല്ലം മുൻപ് എനിക്കൊരു ജോലികിട്ടുന്നതുവരെ ഏട്ടന്റെ ഈ ഒരു ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാ നമ്മളെല്ലാവരും ജീവിച്ചത് ,,ഞാൻ ആദ്യമായി ഇഷ്ട്പെട്ട ഡ്രസ്സും വാച്ചും ഒക്കെ വാങ്ങിയത് ഏട്ടൻ തന്ന കാശുകൊണ്ടാ ,ഞാൻ ചോദിച്ച ഒന്നിനും ഇതുവരെ ഇല്ലാ എന്ന് എന്റെ ഈ ഏട്ടൻ പറഞ്ഞിട്ടില്ല
എന്തിനാടാ ഇതൊക്കെ ആ കുട്ടിയോട് ,,പാവം കുട്ടി
വേണം ഏട്ടാ അവളും ഈ വീട്ടിൽ ജീവിക്കേണ്ടവൾ ആണ് ,എന്നെക്കുറിച്ചു അറിയുന്നതിലും കൂടുതൽ അവൾ ഈ വീട്ടിൽ ഏട്ടനെക്കുറിച്ചു അറിയണം ,ഈ കാണുന്ന വീട് ഞാൻ വെച്ചതാണെങ്കിലും ഇതു ഏട്ടന്റെ പേരിലാണ് രജിസ്റ്റർ ചെയ്തത് ,ഇനിയും എന്നൊക്കൊണ്ടു ആകുന്നതൊക്കെ ഞാൻ ഈ ഏട്ടനുവേണ്ടി ചെയ്യും ,അതുകഴിഞ്ഞുള്ള ആർഭാടങ്ങളും സന്തോഷങ്ങളും ഒക്കെ മതിഎനിക്കു ,
മതി കുട്ടാ ,നിർത്തു എന്തൊക്കെയാ നീയീ പറയുന്നത് ,മറ്റൊരുകുടുംബത്തിൽനിന്നും വന്നൊരുകുട്ടി അതിന്റെ മനസ്സു എന്തോരം വേദനിച്ചുകാണും ,ഏട്ടനും ഒന്നും വേണ്ട കുട്ടന്റെ മനസ്സിൽ ഏട്ടനോടുള്ള ഈ ഒരു സ്നേഹം മരിക്കുന്നതുവരെ ഇങ്ങനെതന്നെ ഉണ്ടായാൽ മാത്രം മതി ,
അടർന്നുവീഴാൻ തുടങ്ങിയ കണ്ണുനീര്തുള്ളികളേ കൈകൊണ്ടുശക്തമായിത്തുടച്ചു നടന്നു നീങ്ങാനൊരുങ്ങിയ വേണുവിന്റെ ചുമലിൽ മനു കൈവെച്ചു
ഏട്ടാ ,ഏട്ടാ ,എന്റെ ഏട്ടൻ കരയുകയോ കുട്ടികളെപ്പോലെ എന്തായിത് ?
ഞാൻ പോവ്വാ കുട്ടാ ,ഏട്ടനിവിടെ നിലക്കാൻ വയ്യ
ഏട്ടാ ,ഏട്ടൻ ആ മുറിയുടെ ആ വശത്തേക്ക് ഒന്ന് നോക്കിയേ ,അവിടെ ചെറിയ ഒരുപൊട്ടിത്തെറിച്ചപെണ്ണു ഒരുങ്ങുന്നത് കാണുന്നില്ലേ ?,മലപ്പുറം ഭാഷയിൽ പറഞ്ഞാൽ അതാണ് എന്റെ മൊഞ്ചത്തി,, ഇതു അവളുടെ ചേച്ചിയാ ,നാഴികയ്ക്ക് നാല്പതുവട്ടം ഏട്ടന്റെ കാര്യങ്ങൾ ഞാൻ പറയുന്നതുകൊണ്ട് ആൾക്ക് ഏട്ടനെ നന്നായി അറിയാം ,ഒരു ദിവസം മൊബൈലിൽ ഏട്ടന്റെ ഫോട്ടോകാണിച്ചു രണ്ടും കൽപ്പിച്ചു ചോദിച്ചതാണ് എന്റെ ഏട്ടനെ കെട്ടാവോ എന്ന് ,,,,എന്റെ കയ്യിൽ നിന്നും മൊബൈലുവാങ്ങി ആള് കുറെ സമയം അതിൽ തന്നെ നോക്കി നിന്നു ,ആ മുഖത്ത് വാരിവിതറിയ ആയിരം മഴവില്ലുകളിൽ നിന്നും എനിക്ക് മനസ്സിലായി ഏട്ടനെ ആൾക്ക് ശരിക്കും ബോധിച്ചുവെന്നു ,,
എന്താ മനു ,ഇവിടെ എന്താ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല കുട്ടാ ,?
കൂടുതലൊന്നും മനസ്സിലാക്കാനില്ല ,,,ഇന്ന് എന്റെയും ഏട്ടന്റെയും കല്യാണമാ അതുമാത്രം ഇപ്പൊ മനസ്സിലാക്കിയാൽ മതി ,,,,,,,,അപ്പൊ ഞാൻ പോകുവാ രണ്ടാളും മനസുതുറന്നു ഒന്ന് സംസരിക്കൂ ,,
മനു നടന്നുനീങ്ങുന്നതു നോക്കിനിൽക്കാനല്ലാതെ അശ്വതിയുടെ മുഖത്തേക്കുനോക്കാൻ കഴിഞ്ഞില്ല ,നാണമോ ഭയമോ എന്താണെന്നറിയാതെ എന്തൊക്കെയോ വേവലാതികൾ ആയിരുന്നു മനസ്സിൽ
തന്റെ പെരുമാറ്റം കണ്ടിട്ടിട്ടാവണം അശ്വതിതന്നെ തുടങ്ങിയത് ,
മനുവിന്റെ ഏട്ടന് എന്നെ ഇഷ്ടായില്ലേ ?
അത് കുട്ടീ ഞാൻ ,,കുട്ടിക്ക് എന്നിലും നല്ലൊരു ആളെ കിട്ടും ,എന്നെപ്പോലുള്ള ഒരാളെ കുട്ടിക്ക് ചേരില്ല ,കുട്ടിയുടെ അന്തസ്സിനും സൗന്ദര്യത്തിനും ഒന്നും ഞാൻ ചേർന്നതല്ല കുട്ടി ,എന്റെ ജോലി അറിയാലോ ? ജോലികഴിഞ്ഞു ഞാൻ വരുമ്പോൾ എന്റെ മണം പോലും കുട്ടിയിൽ വെറുപ്പും മടുപ്പും ഉണ്ടാക്കും എന്തിനാ കുട്ടിയുടെ നല്ലൊരു ജീവിതം കളയുന്നത് ?
മനുപറഞ്ഞറിഞ്ഞ നിങ്ങളോടു ഒരു ചെറിയ ഇഷടമൊക്കെ മുന്നേ മനസ്സിൽ മൊട്ടിട്ടിരുന്നു ,പിന്നീട് ഈ മുഖം കൂടി കണ്ടപ്പോൾ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിമറഞ്ഞതാ ,അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ എന്റെ ജീവിതം നിങ്ങളുടെകൂടെ ആയിരിക്കുമെന്ന് ,പക്ഷെ ഇപ്പോൾ ഈ ഒരു നിമിഷം കുട്ടികളെ പോലെ നിങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റം കൂടി കണ്ടപ്പോൾ എന്റെ മനസ്സിൽ എനിയ്ക്കുപോലും സ്ഥാനമില്ലാതായി ,ഇപ്പോൾ എന്റെ മനസ്സുമുഴുവൻ നിങ്ങളുമാത്രമാ ,പുറമെ പുഞ്ചിരിതൂകി അകമേവഞ്ചിക്കുന്നവരുടെ ഇടയിൽ നിങ്ങൾ തീർച്ചയായും വ്യത്യസ്തൻ ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട് ,പിന്നെ ജോലിയുടെ കാര്യം ,കട്ടും പിടിച്ചുപറിക്കാതെയും നാടിനുവേണ്ടി സേവനം ചെയ്യന്നതാണ് മുന്സിപ്പാലിറ്റിയിലെ നിങ്ങളുടെ ജോലി ,എന്റെ ഭർത്താവ് അങ്ങനെ ഒരാളാകുന്നതിൽ എനിക്കഭിമാനവും ഉണ്ട് ,അതില് ഇത്തിരി നാറ്റം കൂടിയാലും ഞാനങ്ങു സഹിക്കും ,,പക്ഷെ ആ നാറ്റത്തിന്റെ പേരിൽ ഈ കുഞ്ഞു മനസ്സിലേക്കും ഈ വിരിഞ്ഞ നെഞ്ചിലേക്കും എന്നെ ചേർത്തുപിടിച്ചില്ലെങ്കിൽ ഞാൻ പിണങ്ങും
അത് അശ്വതി ഞാൻ ,
ഒന്നും പറയേണ്ട ,പൂർണ്ണമനസ്സോടെയും ഇഷ്ടത്തോടെയും തന്നെയാ ഞാൻ പറയുന്നത് ,എനിക്ക് നിങ്ങളുടെ കൂടെ ജീവിച്ചാമതി ,,
ഏട്ടാ രണ്ടാളും സംസാരിച്ചു തീർന്നില്ലേ ? മതി മതി ബാക്കി പിന്നെ നിങ്ങളുടെ മണിയറയിൽ മനസ്സുതുറന്നോ ,,മുഹൂർത്തത്തിന് ഉള്ള സമയമായി ,,
അശ്വതിയെ ഒന്നുകൂടെ നോക്കി മുന്നോട്ടു നടന്നുനീങ്ങുമ്പോൾ ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു മനസ്സു നിറയെ ,,,ഒന്നും പറയാതെ അനിയനെ ഒരു ഓരത്തുവിളിച്ചു അവന്റെ ദേഹത്തേക്ക് ചാഞ്ഞു കണ്ണീരുപൊഴിക്കുമ്പോൾ അവനും സങ്കടങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല
ഏട്ടനൊന്നുപോയെ എന്നെക്കൂടി കരയിക്കാതെ ,ഏട്ടനൊരു പെണ്ണുകെട്ടാതെ ഞാനൊരു പെണ്ണുകെട്ടുമെന്നുകരുതിയ ഏട്ടനെന്തു ഏട്ടനാണ് ഏട്ടാ ,,
അശ്വതിയെ താലികെട്ടി മൂന്നുപ്രാവശ്യം വലം വെക്കുമ്പോഴും ,നേരത്തെ പുച്ഛത്തോടെ സംസാരിച്ച ബന്ധുക്കളുടെ കണ്ണിലേക്കായിരുന്നു തന്റെ ശ്രദ്ധ മുഴുവൻ ,അപ്പോൾ താൻ കണ്ടു തന്റെ മാലാഖയെ കണ്ണെടുക്കാതെ അന്തംവിട്ടുനോക്കിനിൽക്കുന്ന അവരെ ,
തന്റെ പെണ്ണിലാണ് അവരുടെ ദൃഷ്ടിദോഷം വന്നു വീണത് ,ചടങ്ങു കഴിഞ്ഞു വീട്ടിലെത്തിയാലുടൻ മൂന്നുമുളകെടുത്തു അവളെ ഉഴിഞ്ഞു അടുപ്പിലിട്ടു പുകയ്ക്കണം ,,അങ്ങനെ ചവറുപിറുക്കുന്നവന് കിട്ടിയ മാണിക്യത്തിൽ ആരും കണ്ണുവെക്കേണ്ട ,,ഇതു എന്റെ ആണ് ,എന്റ മാത്രം.
**************************************************************************************************
ഭാഗ്യമില്ലാത്ത പെണ്ണ്
****************************
നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,,
എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ?
നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു
ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും
നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം ,,ആ സ്വാഭാവം നിനക്കും കാണും ,,ആ ചെക്കന്നെ കാണുമ്പോൾ കണ്ണും കയ്യും കാണിച്ചു മയക്കിയിട്ടു ഇപ്പൊ ഒന്നും അറിയാത്തപോലെ നിൽക്കുന്നു ,,സുന്ദരിക്കോത ,,,
ഇത്രയൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താ ഇളയമ്മേ ഉണ്ടായത് ?
ഓ ,,അതുനീ അറിഞ്ഞില്ലേ ,,എന്റെമോളുടെ കല്യാണം മുടങ്ങി ,,അവർക്കു ഈ ശിങ്കരിച്ചിയെ മതിപോലും
ആര് എന്നെയോ ?
അതെ നിന്നെ തന്നെ ,,സ്വന്തമായിട്ടു ഒരുതരി ഭൂമിയോ ഒരുപവന്റെ സ്വർണ്ണമോ ഇല്ലാ എന്നുപറഞ്ഞിട്ടും അവനു നിന്നെ തന്നെ മതി ,,,സ്വബുദ്ധി ഇല്ലാത്ത ചെക്കൻ അല്ലാതെ എന്താപറയുക
അതിനു എനിക്ക് ഈ കല്യാണം വേണ്ടെങ്കിലോ ?
അതുനീയാണോ തീരുമാനിക്കുക ,,ഇനിയും നാശം പിടിച്ച നിന്നെപോറ്റാൻ എനിക്കുവയ്യ ,,കെട്ടിച്ചുവിട്ടാൽ അങ്ങുപോയിക്കൊള്ളണം പിന്നെ ബന്ധം കുന്ദം എന്നൊക്കെ പറഞ്ഞു ഈ പടി എടുത്തുവെക്കരുത്
എന്തുപറയണം എന്നറിയാത്ത അവസ്ഥ ,,,,തന്റെ നാലാമത്തെ വയസ്സിൽ ഗുരുവായൂരിൽ പോയി തിരിച്ചുവരുന്ന സമയം അപകടത്തിൽ അച്ഛനും അമ്മയും മരിച്ചുപോയ അന്നുമുതൽ തുടങ്ങിയതാണ് ഈ നരക ജീവിതം ,ഇളയമ്മ ഇന്നുവരെ സ്നേഹത്തോടെ ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എപ്പോഴും വഴക്കും ശാപ വാക്കും മാത്രം ,,എന്നീട്ടും അവരെന്നെ വളർത്തി ,,, അവരെന്നെ വളർത്തുന്നതിന് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു ,,തനിക്കു പ്രായപൂർത്തിയാകുമ്പോൾ മാത്രം തന്നിലേക്ക് ചേരുന്ന തന്റെ സ്വത്തുക്കൾ അതായിരുന്നു ലക്ഷ്യം ,,തന്റെ പതിനെട്ടാമത്തെ വയസ്സിൽ സൂത്രത്തിൽ അവരെന്നിൽ നിന്നും എല്ലാം എഴുതിവാങ്ങി ,,,
നാട്ടുകാരുടെ മുൻപിൽ പത്രാസുപറയാൻ വേണ്ടി അവർ തന്നെ പി ഡി സി വരെ പഠിപ്പിച്ചു ,,
ഒന്നും പുതിയതില്ല തനിക്കു,,, തന്റെ ഒരു വയസ്സിനുമുകളിലുള്ള ഇളയമ്മയുടെ മകളുടെ പുസ്തകങ്ങൾ ,അവൾ ഒഴിവാക്കിയ പെന്സില്, പേന തുടങ്ങിയവ എല്ലാം പഴയതുമാത്രം ,
,ഇളയമ്മയുടെ മകൾ എട്ടരമണിക്കു എഴുന്നേറ്റപ്പോൾ എല്ലാ ദിവസവും നാലുമണിക്കെഴുന്നേറ്റു വീടുപണി മുഴുവൻ ചെയ്താണ് താൻ കോളേജിൽ പോയത് ,
എങ്കിലും എല്ലാ ക്ലസ്സിലും ഉന്നതമാർക്കുവാങ്ങി തന്നെ താൻ പാസ്സായി ,,,തന്റെ പഠിപ്പിലുള്ള താല്പര്യം ഇഷ്ടപ്പെടാത്ത അവർ മൂന്നുവർഷം മുൻപ് അതും നിർത്തിച്ചു ,,
വിവാഹമെന്ന സ്വപനമൊന്നും ഒരിക്കലും താൻ കണ്ടിരുന്നില്ല ,,,ഒരുപാടുപരീക്ഷങ്ങൾ കഴിഞ്ഞതാണ് ,,ഇനി വിവാഹമെന്ന ഒരു പരീക്ഷണം കൂടി അതുകൂടി കഴിയട്ടെ
ഒഴിഞ്ഞ കഴുത്തിൽ മനുവിന്റെ താലിമാല അണിയുന്നതുകാണാൻ അധികം ആരും ഉണ്ടായില്ല ,ധർമ്മകല്യാണം ആയതുകൊണ്ട് ഉന്നതൻ മാരായ തറവാട്ടുകാർ മിക്കവരും വിട്ടുനിന്നു
മനുവിന്റെ വീട്ടിലെത്തിയതുമുതൽ അദ്‌ഭുദം ആയിരുന്നു ,,വലിയ തറവാടുവീട് രണ്ടോ മൂന്നോ കാറുകൾ ,
തന്നെ പരിചയപ്പെടാൻ വരുന്ന മനുവേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും സമൂഹത്തിൽ ഉന്നത നിലയിൽ ജീവിക്കുന്നവർ ,,
,പിന്നെ എന്തിനു മനുവേട്ടൻ തന്നെ ഭാര്യയായി സ്വീകരിച്ചു,, ഒരു എത്തും പിടിയും കിട്ടുന്നില്ല ,,ചിന്തകൾക്ക് കടിഞ്ഞാണിട്ടത് ആരുടെയോ കൈകൾ തന്റെ ചുമലിൽ സ്പര്ശിച്ചപ്പോൾ ആണ്
താൻ ഏതുലോകത്തു ആണെടോ ? ഞാൻ വന്നിട്ട് എത്രസമയം ആയെന്നറിയുമോ
കട്ടിലിൽ നിന്നും പെട്ടെന്നഴുന്നേറ്റു മനുവിന്റെ കാലുതൊട്ട് അവൾ നമസ്കരിച്ചു
ഇതൊക്കെ പഴഞ്ചൻ ഏർപ്പാട് ആണെടോ ,,,,ഇതൊന്നും വേണ്ട ,,,,
മനുവിന്റെ കാലിൽ കണ്ണീരിന്റെ നനവ് അറിഞ്ഞപ്പോൾ മനു അവളെ എഴുന്നേൽപ്പിച്ചു
എന്തിനാ താൻ കരയുന്നതു ,,ഇനി അങ്ങോട്ട് ഈ മുഖത്ത് പുഞ്ചിരിമാത്രം എനിക്കുകണ്ടാൽ മതി
അത് മനുവേട്ടാ ഞാൻ ,,എന്നെ ,,എന്തിനാണ് മനുവേട്ടാ ഈ ജീവിതത്തിലേക്ക്ഈ പാവത്തിനെ ക്ഷണിച്ചത് ,,അതിനുള്ള എന്തുയോഗ്യതയാണ് എനിക്കുള്ളത്
ഒക്കെ എനിക്കറിയാം ,,തന്നെക്കുറിച്ചു ശരിക്കും മനസ്സിലാക്കിയിട്ടുതന്നെയാണ് ഞാൻ ഈ വിവാഹത്തിന് തലപര്യം എടുത്തത്
എങ്കിലും മനുവേട്ടാ
ഇനി ഒന്നും പറയേണ്ടേ ,,അതുവിടൂ ,,,നിനക്കുവണ്ടി ഞാൻ കുറേയധികം ആഭരങ്ങളും വസ്ത്രങ്ങളും വാങ്ങി ആ അലമാരയിൽ വെച്ചിട്ടുണ്ട് നാളെ സമയം പോലെ അതൊക്കെ എടുത്ത് നോക്കി ഇഷ്ടപ്പെട്ടത് അണിയണം ,,
വിവാഹത്തിന് മുൻപ് കേട്ടുന്ന ചെക്കൻ തരുന്ന ആഭരണം ഇട്ടു താൻ മണ്ഡപത്തിൽ വരുന്നത് എനിക്കെന്തോ അത്രനന്നായി തോന്നിയില്ല ,അതുപോലെ നീ ഒഴിഞ്ഞ കഴുത്തോടെ എന്റെ മുൻപിൽ വന്നുനിൽക്കുന്നതു ഒരു കുറവായും എനിക്കുതോന്നിയില്ല
മനുവേട്ടാ ,,ഇതിനൊക്കെ ഞാൻ എങ്ങനെയാ ,,,,,,,എന്റെ ദേവി ഇതിനും മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്
ഇന്നുമുതൽ എന്റെ പാതിയാണ് നീ ,,നമ്മൾ പരസ്പരം ആർക്കും നന്ദിപറയേണ്ട ,,,,
രണ്ടു മാസങ്ങൾക്കു ശേഷം
***********************************
എന്താ തനിക്കു പറ്റിയത് ,,ആളാകെ മാറിപോയല്ലോ ,,കഴിഞ്ഞകാര്യങ്ങൾ ഒന്നും മറക്കരുത് അശ്വതി ,,ഞാൻ നിന്നിൽ നിന്നും ആഗ്രഹിച്ചത് ഇങ്ങനെയുള്ള ഒരാളെ അല്ല ,,ഒരു വിവാഹനിശ്ചയത്തിനു ,വിവാഹത്തിന് ,ഒരു കുഞ്ഞിന്റെ നൂലുകെട്ടിനു ,വീടിന്റെ പാലുകാച്ചലിന് ഒരിടത്തും നിനക്ക് എന്റെ കൂടെ വരാൻ പറഞ്ഞാൽ വരില്ല ,,എന്താ നിന്റെ പ്രശനം നിന്നെ പോലെ വെളുത്തതെല്ലാത്ത സൗന്ദര്യം കുറഞ്ഞുപോയ എന്നോട് ഒന്നിച്ചു പുറത്തുവരാൻ നിനക്ക് നാണക്കേടുണ്ടല്ലേ ?
എന്റെ മനുവേട്ടാ ഞാൻ സ്വപനത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മനുവേട്ടൻ പറയുന്നത്
പിന്നെ എന്താ തന്റെ പ്രശനം അത് പറയൂ ?
ഇളയമ്മയുടെ പലശാപവാക്കുകളും വര്ഷങ്ങൾകേട്ടുകേട്ടു മനസ്സിൽ ഉറച്ചുപോയി മനുവേട്ടാ ,,,ഞാൻ ഭാഗ്യം ഇല്ലാത്ത ഒരു ശുഭകാര്യങ്ങൾക്കും ഒന്നിച്ചുകൂടെക്കൂട്ടാൻ കൊള്ളാത്ത ഒരാളാണ് മനുവേട്ടാ ,
,,ഒരു വിവാഹനിശ്ചയത്തിനു വന്നാൽ ആ വിവാഹം മംഗളകരമായി നടക്കുമോ എന്നുള്ള പേടി ,,,വിവാഹത്തിനുവന്നാൽ ആ കുട്ടിക്ക് ദീർഘമംഗല്യം നശിക്കുമോ ,കുട്ടിയുടെ നൂലുകെട്ടിനുവന്നാൽ ആ കുട്ടിയുടെ ദീർഘായുസ്സ് നഷ്ടപ്പെടുമോഎന്നുള്ള പേടി ,
,ഈ നശിച്ച എന്നെ കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ആപത്തുവരുമോ എന്നുള്ള ആദി കൊണ്ടാണ് മനുവേട്ടാ ഞാൻ എല്ലാത്തിൽ നിന്നും മാറിനിൽക്കുന്നതു ,
,,മനുവേട്ടന്റെ കൂടെപോലും പലപ്പോഴും കാറിൽ യാത്രചെയ്യാത്തതു ഞാൻ മൂലം മനുവേട്ടന് ആപത്തുണ്ടാകരുതു എന്നുകരുതിയാണ് ,,,അല്ലാതെ മനുവേട്ടൻ ചിന്തിക്കുന്നത് പോലെ ഒന്നുമില്ല
,,മനുവേട്ടന്റെ കൂടെ ഈ വീട്ടിൽ വേലക്കാരി ആയി കഴിയാൻ ആവശ്യപ്പെട്ടാലും എന്റെ ജീവൻ അവസാനിക്കും വരെ സന്തോഷത്തോടുകൂടി ഞാൻ ഉണ്ടാകും
എടീ പൊട്ടിപെണ്ണേ ,,താൻ ഇത്രയേ ഉള്ളു ,,,നിനക്ക് ഭാഗ്യമില്ല എന്ന് ആരാണ് പറഞ്ഞത് ,,നീ വന്നു പതിനേഴാമത്തെ ദിവസം എനിക്ക് തരാതെ പിടിച്ചുവെച്ച എന്റെ പ്രൊമോഷൻ ശരിയായി ,,അഞ്ചുവര്ഷത്തോളം ആയി പറയുന്ന കേസ് നമുക്ക് അനുകൂലമായി വിധി വന്നു ,,ഇതൊക്കെ പിന്നെ ആരുടെ ഭാഗ്യമാണ് നിന്റേതല്ലാതെ ,,
നിന്നെ ഞാൻ ആദ്യമായി കണ്ടത് താൻ ഓർക്കുന്നുണ്ടോ ?അന്ന് ഞാൻ ചോദിച്ച എന്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ നീ എന്റെ അടുത്തുനിന്നും ഓടിമറഞ്ഞപ്പോൾ നിന്റെ പിറകെ എന്റെ മനസ്സും നിന്റെ കൂടെ കൂടിയിരുന്നു ,,,
,,പിന്നീട് നാലുചുമരുകൾക്കുള്ളിൽ ഒന്ന് ഉറക്കെ പൊട്ടികരയാൻ പോലും ആവാത്ത നിന്റെനിസ്സഹായ അവസ്ഥയോട് എനിക്ക് സഹതാപമാണ് തോന്നിയത് ,
,എന്നാൽ ഒരു കരിമണി മാലപോലും ഇടാതെ എന്റെ മുൻപിൽ വന്നുനീ നിന്നപ്പോൾ,, നിന്റെആ ഒഴിഞ്ഞ കഴുത്തിലേക്ക് ഞാൻ എന്റെ താലികെട്ടിയപ്പോൾ ,,പുറത്തേക്കു പെയ്തിറങ്ങാൻ സമ്മതിക്കാതെ നീ പിടിച്ചുനിർത്തിയ രണ്ടുകണ്ണുനീര്തുള്ളികളെ കണ്ടപ്പോൾ എനിക്ക് നിന്നോട് ആരാധനയാണ് തോന്നിയത്
,,,,,,,മുപ്പതുവർഷം കഴിഞ്ഞു തറവാട്ടിൽ ഒരു ഉണ്ണി പിറക്കാൻ പോകുകയാണ് ,ഒരു കുടുംബത്തിനെ മൊത്തം സന്തോഷിപ്പിക്കാൻ ഒരു സ്ത്രീക്ക് ദൈവം അറിഞ്ഞുകൊടുക്കുന്ന ഭാഗ്യമുഹൂർത്തം ,,,,ആ നീ എന്റെ ഭാഗ്യമാണ് ,,അത്ആരൊക്കെ അല്ല എന്നുപറഞ്ഞാലും ഞാൻ സമ്മതിക്കില്ല ,,,
മനുവേട്ടാ ജീവിതത്തിൽ ആദ്യായിട്ടാ ഒരാളെന്നെ ഭാഗ്യമുള്ളവൾ എന്നുപറയുന്നത് ,ഈ നിമിഷം എന്റെ ജീവൻ പോയാലും എനിക്ക് ദുഖമില്ല ,,,ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷം ഇതിനുമുൻപ് എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല ,,,,,ഒരു സ്വർഗ്ഗം കൈയിലേക്കു വന്നതുപോലെ തോന്നുന്നു ,,,,,
അവളെ മടിയിലേക്കു കിടത്തി അവളുടെ തലയിൽ ചെറുതായി തലോടി മനു ,,,,,
,നീ വേണം എനിക്ക് എന്റെ എല്ലാ ഭാഗ്യങ്ങളുടെ പൂർത്തീകരണത്തിനും എനിക്കൊരുകൂട്ടായി ,,,നമ്മുടെ ഭാഗ്യമുള്ളമോന് സ്നേഹമുള്ള ഒരു അമ്മയായി നീവേണം ,
അപ്പോഴും മനുവിന്റെ മടിയിലേക്കു അവളുടെ കണ്ണുനീർ പെയ്തിറങ്ങിക്കൊണ്ടേ ഇരുന്നു ,,,
ഭാഗ്യമുള്ളവളുടെ കണ്ണുനീർ
*****************************************************************************
സുധിയേട്ടൻ ഇറങ്ങി വരൻ പറഞ്ഞത് രാത്രി പതിനൊന്നുമണിക്കാണ് ,സമയം ഏതാണ്ട് പത്തരയായി ,എന്നും കഴിക്കാറുള്ള ഗുളികയും കഴിച്ചു പതിവായി തനിക്കു തരാറുള്ള മുത്തവും തന്നു അച്ഛൻ കിടക്കാനായി മുറിയിലേക്കുപോയി ,ഇപ്പോഴും മുറിയിൽ നിന്നും അച്ഛന്റെ മുക്കലും മൂളലും കേൾക്കാം ,സമാധാനത്തോടെയുള്ള ഒരു മയക്കം അച്ഛന് ദൈവം അനുഗ്രഹിച്ചിട്ടു വർഷങ്ങളായി
ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു ,പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചു
എന്താ എന്റെ അച്ഛന് പറ്റിയത് ,ഡോക്ടറുടെ അടുത്തുപോകണോ ?
വേണ്ടമോളേ ,ഇതൊക്കെ അച്ഛന് ശീലമായി ,എന്റെ മോള് പോയി ഉറങ്ങിക്കോ ,അച്ഛന്റെ ശബ്ദം കൊണ്ട് മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല അല്ലെ ? ഇനി ഉണ്ടാകില്ലെട്ടോ ,,,മോൾക്ക് രാവിലെ എഴുന്നേറ്റു ജോലിയൊക്കെ കഴിഞ്ഞു പഠിക്കാൻ പോകേണ്ടതല്ലേ
അതൊന്നും സാരമില്ല ,അച്ഛനുകുടിക്കാൻ ചൂടുവെള്ളം വേണോ ?
വേണ്ടമോളേ ,മോളിനിയും ഇവിടെ നിന്നും ഉറക്കം കളയേണ്ട പോയി ഉറങ്ങിക്കോളു
മുറിയിൽ നിന്നും പുറത്തേക്കു നടക്കുന്നനേരവും മനസ്സു അച്ഛന്റെ അടുത്തുതന്നെയാണ് എന്ന് മനസ്സിലായി
സ്ഥിരമായി പോകുന്ന ബസ്സിലെ ഡ്രൈവറാണ് സുധിയേട്ടൻ ,വേണ്ട വേണ്ട എന്ന് ആയിരം വട്ടം വിചാരിച്ചിട്ടും ഒടുവിൽ താൻ അയാളുടെ സ്നേഹത്തിന്റെ തടവറയിൽ ആയി ,ഏതൊരു പെണ്ണിനേയും പോലെ അയാളുമൊന്നിച്ചുള്ള ഒരുപാടു സ്വപ്നങ്ങൾ താനും കണ്ടുതുടങ്ങി ,ഒടുവിലാണ് അറിഞ്ഞത് അയാള് ആ ബസ്സിന്റെ ഡ്രൈവർ മാത്രമായിരുന്നില്ല അതുപോലുള്ള അനേകം ബസ്സുകളും ലോറികളും ഉള്ള കുന്നത്തു തറവാട്ടിലെ മഹേന്ദ്രന്റെ ഒരേ ഒരു മകനാണ് എന്ന് ,ഒരുപട് ബിസിനസ്സുകൾ ഉണ്ടെങ്കിലും അച്ചനോട് എതിർത്താണ് ആള് ബസ്സോടിക്കാൻ വരുന്നത് ,,ഒരു ദിവസം താൻ തന്റെ സംശയം അദ്ദേഹത്തോട് നേരിട്ട് ചോദിച്ചു
എന്താ സുധിയേട്ടാ ,ബസ്സോടിക്കാൻ സുധിയേട്ടൻ തന്നെ വേണമെന്നില്ലലോ അത് മറ്റാരെയെങ്കിലും ഏൽപ്പിച്ചു അച്ഛനെ സഹായിച്ചൂടെ? ,അച്ഛന് വയസ്സായി വരുകയല്ലേ
നീ പറഞ്ഞത് ശരിയാണ് അച്ഛന്റെ നാലാപത്തഞ്ചാമത്തെ വയസ്സിലാണ് ഞാനുണ്ടായത് ,എന്നെ നിലത്തും നിലയിലും നിര്ത്താതെ ലാളിച്ചാണ് അച്ഛനും അമ്മയും വളർത്തിയത് ,,
ഇതൊക്കെ മനസ്സിലാക്കിയിട്ടാണോ ,സുധിയേട്ടൻ അവരോടിങ്ങനെ കാട്ടണേ ?
അപ്പൊ എനിക്ക് നിന്നെ കാണണ്ടേ അശ്വതി ? ഒരു ദിവസം ബസ്സിന്റെ കളക്ഷൻ മേടിക്കാൻ വന്നപ്പോഴാണ് ആദ്യമായി നിന്നെ ഞാൻ കണ്ടത് ,അന്ന് മനസ്സിൽ തറച്ചതാ നിന്റെ ഈ മുഖം , അതിനുശേഷം നിന്നെക്കാണാൻ വേണ്ടിമാത്രം പലതവണ ഞാൻ ഈ ബസ്സിൽ വന്നു അന്നൊന്നും നീ എന്നെ മൈന്റുപോലും ചെയ്തില്ല ,അങ്ങനെയാണ് അച്ചനെ എതിർത്തുകൊണ്ട് നീ സ്ഥിരമായി വരുന്ന ഈ ബസ്സിന്റെ ഡ്രൈവർ ആകാൻ ഇറങ്ങിയത് ,എന്നിട്ടും മാസങ്ങൾ എടുത്തു നീ ഒന്നെന്റെ മുഖത്തുപോലും നോക്കാൻ
എനിക്കൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു സുധിയേട്ടാ , അപ്പോഴൊക്കെ വീട്ടിലുള്ള അച്ചന്റെ മുഖം ആലോചിക്കുമ്പോൾ മനസ്സിനൊരു ശക്തികൂടും ,പക്ഷെ എങ്കിലും ഞാനും ഒരുപെണ്ണല്ലേ ,ചിലപ്പോഴൊക്കെ തനിച്ചുള്ള നിമിഷങ്ങളിൽ ഞാൻ പോലും ക്ഷണിക്കതെ നിങ്ങളെന്റെ മനസ്സിൽ അതിഥി ആയിവരും ,അതിന്റെ ചലനങ്ങൾ എന്റെ പിടിവിട്ടുപോയ നിമിഷങ്ങളിൽ ആണ് ഞാനും നിങ്ങളെ ശ്രദ്ധിച്ചുതുടങ്ങിയത് നിങ്ങളുടെ സ്നേഹം അറിഞ്ഞു തുടങ്ങിയത്
സമയം പതിനൊന്നാകാറായി ഈ തൊടിക്കപ്പുറം ഉള്ള റോഡിൽ കാറുമായി ഉണ്ടാകുമെന്നാണ് സുധിയേട്ടൻ പറഞ്ഞത്
തന്റെ വിവാഹകാര്യത്തിനു വീട്ടിൽ അച്ഛനും അമ്മയും കുടുംബക്കാരും ഒരുപാടു നിർബന്ധം പിടിക്കുന്നുണ്ട്
,കൊണ്ടുവരുന്ന വിവാഹാലോചനകൾ ഒക്കെ വലിയ വലിയ തറവാട്ടിൽ നിന്നുള്ള കുട്ടികൾ ,ഇതിനിടയിൽ തന്റെ കാര്യം പറഞ്ഞാൽ ആരും സമ്മതിക്കില്ല അശ്വതി, അതുകൊണ്ടു നമുക്ക് ഇവിടെ നിന്നും ദൂരെയുള്ള ഏതെങ്കിലും സ്ഥലത്തുപോയി രജിസ്റ്റർ മാരേജ് ചെയ്തു ഈ പ്രശ്നങ്ങൾ ഒക്കെ അടങ്ങിയിട്ടു തിരിച്ചുവരാം എന്നുപറഞ്ഞപ്പോൾ തനിക്കു എതിർക്കാൻ തോന്നിയില്ല ,കാരണം അല്ലെങ്കിൽ തനിക്കു സുധീയേട്ടനെ നഷ്ട്ടപ്പെടുമോ എന്ന് താനും ഭയന്നു
വൈബ്രേറ്റിംഗ് മോഡിൽ വെച്ച മൊബൈൽ നിർത്താതെ അടിച്ചു തുടങ്ങി ,സുധിയേട്ടൻ റോഡിൽ എത്തി എന്ന് ഉറപ്പായി ,പതിയെ മുറിയിലേക്ക് നടന്നു നേരത്തെ തയ്യാറക്കിവെച്ച ബാഗും എടുത്തു പടികൾ ഓരോന്നായി ഇറങ്ങി ,
തന്റെ ശരീരത്തിനൊപ്പം മനസ്സുകൂടെ വന്നില്ല എന്ന് മനസ്സിലായ നിമിഷം അച്ചനെ ഒന്നുകൂടി കാണാൻ മനസ്സു മന്ത്രിച്ചു ,,,
പടികൾ തിരിച്ചു കയറി അച്ഛന്റെ മുറി ലക്ഷ്യമാക്കി ഓടി
പൂമുഖത്തുകണ്ട ആ രൂപം അവളിൽ ഞെട്ടലുണ്ടാക്കി
എന്റെ മോള് പോകുമ്പോൾ അച്ഛനെ ഒന്ന് കാണണം എന്ന് തോന്നിയല്ലോ അതുമതി ഈ അച്ഛന്
അച്ഛാ ,ഞാൻ ,
എന്റെ മോള് ഒന്നും പറയേണ്ട ,അച്ഛന് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു ,അച്ഛനൊന്നും ചോദിച്ചില്ലെന്നേ ഉള്ളു
ഞാൻ പോയാൽ അച്ഛന്റെ കാര്യങ്ങളൊക്കെ ആരാണ് ചെയ്തു തരുക ?
അതൊക്കെ നടക്കും ,,, അതൊന്നും ആലോചിച്ചു എന്റെ മോള് വിഷമിക്കേണ്ട,, നിന്റെ 'അമ്മ മരിച്ചു നിന്റടുത്തേക്കു ഞാൻ ഓടി വരുന്നതുവരെ ആ മരുഭൂമിയിൽ എന്റെ എല്ലാ കാര്യങ്ങളും ഞാൻ ഒറ്റക്കല്ലേ ചെയ്തുകൊണ്ടിരുന്നത് ,ഇപ്പോഴെന്താ അത്ര പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല അത്രയല്ലേ ഉള്ളു
അച്ഛനെന്നെ ശപിക്കരുത് ,വെറുക്കരുത് ,വാക്കുകൊടുത്ത ഒരാളെ പാതിവഴിക്കുപേക്ഷിക്കാൻ മനസ്സു സമ്മതിക്കുന്നില്ല ,
അതിനുപറ്റുമ്മോ മോളേ എനിക്ക് ,നിന്റെ നന്മയും സന്തോഷവുമല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ ഈ അച്ഛന് ,നിങ്ങള് തിരിച്ചുവരുമ്പോൾ അച്ഛനുണ്ടാകുമോ എന്നറിയില്ല ,കുറച്ചുനാളായി ചുമക്കുമ്പോൾ രക്തം വരുന്നുണ്ട് ,,ഇനി എത്രകാലം ഞാനുണ്ടാകും എന്നറിയില്ല ,,ഈ വീടും സ്ഥലും ഒക്കെ മോളുടെപേരിൽ അച്ഛൻ മുൻപേ എഴുതി വെച്ചിട്ടുണ്ട് ,മോളുടെ കയ്യിലുള്ള ബാഗിൽ മോളറിയാതെ അച്ഛൻ കുറച്ചു രൂപ വെച്ചിട്ടുണ്ട് ,എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ അയ്യാളെ ബുദ്ധിമുട്ടിക്കേണ്ട മോളുടെ ആവശ്യങ്ങൾക്ക് അത് ഉപയോഗിക്കാം
എന്തിനാ അച്ഛാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് ,എന്റെ ദേവി ഈ അച്ഛനെ തനിച്ചാക്കിയാണല്ലോ സ്വന്തം സുഖം നോക്കി തനിക്കു പോകുവാൻ തോന്നിയത് ,,താൻ എന്ത് പാപിയാണ് ,,എന്നോട് പൊറുക്കൂ അച്ഛാ ഞാൻ അച്ഛനെ തനിച്ചാക്കി എവിടെയും പോകുന്നില്ല ,അതുമുഖാന്തരം ഉള്ള ഒരു ജീവിതവും എനിക്കുവേണ്ട ,എനിക്ക് എന്റെ അച്ഛൻ മതി , അച്ചന്റെ നെഞ്ചിലേക്ക് തന്റെ കണ്ണുനീരുപെയ്തിറങ്ങുമ്പോഴും നിർത്താതെ മൊബൈലിന്റെ വൈബ്രേറ്റിംഗ് ശബ്ദം തുടർന്നുകൊണ്ടേ ഇരുന്നു ,,,
ഒരു മാസത്തിനു ശേഷം
എന്താ എന്റെ കുട്ടി പഠിക്കാൻ പോകാത്തത് ,ദിവസം ഒരുപാടിയില്ലേ ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കുന്നു
പഠിപ്പു ഞാൻ നിർത്തുകയാണച്ഛാ ,അച്ഛന് എന്തെങ്കിലും ആവശ്യം വന്നാൽ ഇവിടെ ആരാ ഞാൻ കൂടി പോയാൽ ,കൂടാതെ സുധിയേട്ടനെ അറിയാതെ എങ്കിലും കണ്ടാൽ വീണ്ടും ഒരു ......
എന്റെ മോളുടെ മനസ്സിൽ നിന്നും ആ ഒരു തീ അതിന്റെ ജ്വാല കെട്ടടങ്ങില്ല എന്ന് അച്ഛന് നല്ലവണ്ണം അറിയാം ,കാരണം എന്റെ മോള് നന്മയുള്ളൊള ,ഒക്കെ നന്നായി വന്നുഭവിക്കാൻ സർവ്വേശ്വരനോട് പ്രാര്ഥിക്കു അല്ലാതെ ഇപ്പോൾ എന്താ ചെയ്യുക
ഇങ്ങോട്ട് ആരോ വരുന്നുണ്ടല്ലോ മോളെ ,ആരാ അത് ?
അറിയില്ലച്ഛാ ഞാൻ മുൻപ് കണ്ടിട്ടില്ല ,,അച്ഛൻ സംസാരിക്കൂ ഞാൻ അകത്തോട്ടു പോകുകയാണ്
വരുവരു കയറി ഇരിക്കൂ ,മുഷിച്ചല് തോന്നരുതു ആളെ എനിക്കത്ര പിടികിട്ടിയില്ല
മുൻപേ കാണാൻ വഴിയില്ല ഇവിടുന്നു പത്തു മുപ്പതു കിലോമീറ്റർ അകലെ യാണ് നമ്മുടെ സ്ഥലം ,എന്റെ പേര് മഹേന്ദ്രൻ ,കുന്നത്തുവീട്ടിൽ മഹേന്ദ്രൻ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ എല്ലാവരും അറിയും
ഇപ്പോ അറിയാം മോള് പറഞ്ഞു കേട്ടിട്ടുണ്ട്
എവിടെ അശ്വതി ?
അകത്തുണ്ട് വിളിക്കാം
മോളേ അശ്വതീ ,,,,,,,,,,,
പതിയെപ്പതിയെ നടന്നു ഉമ്മറത്തേക്ക് വന്ന അശ്വതിയെ മഹീന്ദ്രൻ അടിമുടി ഒന്നുനോക്കി ,,
കുറച്ചു ദിവസമായിട്ടു ഭക്ഷണക്കാര്യം ഒക്കെ ഒരു വകയാ ,വല്ലാതെ കോലം കെട്ടുപോയി എന്റെ കുട്ടി
എനിക്കുമനസ്സിലാകും ഇതിലും കഷ്ട്ടമാണ് വീട്ടിലുള്ളവന്റെ കാര്യം ,എല്ലാത്തിനോടും ഒരു തരം വാശി ഇപ്പൊ അതുകുറെ കൂടികൂടിവന്നു ,അശ്വതി അച്ചനെ ഇട്ടു ഞാൻ എവിടേക്കും വരുന്നില്ല എന്നുപറഞ്ഞപ്പോൾ മുതൽ അവന്റെ മാറ്റങ്ങൾ ഞാൻ കണ്ടുതുടങ്ങിയതാ,, ഇനിയും എന്റെ കുട്ടിയുടെ ഇഷ്ടങ്ങൾക്കു ഞാൻ പുറംതിരിഞ്ഞുനിന്നാൽ അവൻ എന്നെ പൂർണ്ണമായി വെറുത്തു തുടങ്ങും അത് എനിക്ക് സഹിക്കാൻ കഴിയില്ല ,അവനുവേണ്ടിയാ ഞാനും സരസ്വതിയും ജീവിക്കുന്നത് അവന്റെ വായിലേക്ക് ഒരു വറ്റിറങ്ങാതെ അവള് ഒരു നേരവും ഒന്നും കഴിച്ചിട്ടില്ല,, ഇപ്പൊ അവളും ക്ഷീണിച്ചു വയ്യാതായി കിടക്കുവാ , ഇന്ന് പറ്റുമെങ്കിൽ ഇന്ന് അവളേയും കൂട്ടിയേ നിങ്ങൾ വീട്ടിൽ വരാവു എന്നാണ് അവൾ എന്നോട് പറഞ്ഞത് ,വരുമോ മോളേ നീ ഈ അച്ഛന്റെ കൂടെ നമ്മുടെ വീട്ടിലേക്കു ?
ഉമ്മറത്തുള്ള തൂണിലേക്കു ചാരി നിന്നുള്ള കരച്ചിലിന്റെ ശബ്ദം കൂടി വന്നു ,,,അത് മനസ്സിലാക്കി മഹേന്ദ്രൻ അവളുടെ അടുത്തേക്ക് നടന്നു
എന്റെ മോൻ ഭാഗ്യവാനാ ,അല്ലെങ്കിൽ ഇത്രയും നന്മയുള്ള പെണ്ണിനെ അവനുകിട്ടില്ല ,വയ്യാതെ കിടക്കുന്ന അച്ഛനെ ഉപേക്ഷിച്ചു എന്റെമോന്റെ കൂടെ ഇറങ്ങിവരാത്ത മോളോട് എനിക്ക് അന്നേ ബഹുമാനം തോന്നിയതാ ,ഇപ്പൊ എനിക്കും ശരിക്കും ഇഷ്ടായി ,മോള് പേടിക്കേണ്ട അച്ഛനെയും നമുക്ക് കൂടെ കൂട്ടാം നമ്മുടെ അടുത്തുള്ള സിറ്റിയിൽഇവിടെ ഉള്ളതിനേക്കാളും നല്ല ചികത്സ കിട്ടും എന്നെക്കൊണ്ട് കഴിയുന്ന്നതൊക്കെ ഞാൻ ചെയ്യും ,എന്റെ മോന്റെ സന്തോഷമാണ് എനിക്കുവലുതു ,നീ സന്തോഷിക്കാതെ അവനെന്തു സന്തോഷം
നിങ്ങള് പറയുന്നതൊക്കെ കേട്ട് എനിക്ക് വലിയ സന്തോഷമായി ,എനിക്കൊരു ആഗ്രഹം കൂടി ഉണ്ട് അവളുടെ അമ്മയുടെ തറവാട്ടുവക ഒരു ക്ഷേത്രം ഉണ്ട് അവിടുന്ന് ഒരു മാലയിട്ടു വേണം എന്റെ കുട്ടി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ അതിനു നാളും തീയതിയും സമയവും ഒന്നും നോക്കണ്ട ,നിങ്ങള് നാളെയാണ് പറയുന്നതെങ്കിൽ നാളെ
ആയിക്കോട്ടെ അങ്ങനെ എങ്കിൽ അങ്ങനെ ,,,അതിനു മുൻപ് മോളേ നിനക്കവനോട് ഒന്ന് സംസാരിച്ചൂടെ ?
തല ഉയർത്തി മഹേന്ദ്രനെ നോക്കിയ അശ്വതിയോടു അയാൾ പറഞ്ഞു ,,,അവൻ കാറിലുണ്ട്
പൂമുഖത്തുനിന്നും പടികൾ ഇറങ്ങി എത്ര വേഗതയിൽ ആണ് താൻ ഓടിയത് എന്നോർമ്മയില്ല ,,
കാറിനടുത്തു എത്തിയതും നിറഞ്ഞ രണ്ടുകണ്ണുകളാണ് വരവേറ്റത് ,
, ഒന്നും പറയാതെ അവനെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞപ്പോൾ ,അവന്റെ കണ്ണുനീർ അവളുടെ ദേഹത്തിൽ വീണു അലിഞ്ഞു ചേർന്നു
*************************************************
ലതീഷ് കൈതേരി Latheesh Kaitheri
ഇമേജ്സ്ഗ് കടപ്പാട് -Femina Mohamed
,ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയമനുവദിച്ചാൽ ഒരു വാക്കോ ഒരു വരിയോ എനിക്കുവേണ്ടി കുറിക്കുക സ്നേഹിതരെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot