നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹൃദയമുള്ള യന്ത്രം....

Image may contain: 1 person, beard
ആശാ മേനോൻ സുന്ദരിയാണ്...
വെളുത്ത മുഖം. വലിയ വിടർന്ന കണ്ണുകൾ . നെറ്റിയിൽ ചുവന്ന ഒരു വട്ട പൊട്ട്. ചുണ്ടിനു മുകളിൽ ചെറിയ ഒരു മറുക്. നിരയൊത്ത പല്ലുകൾ. ചെവിയിൽ അറ്റത്തു ചുവന്നു കല്ലുവച്ച കമ്മലും ഞാത്തും .
അവർ എന്റെ അയൽക്കാരിയും രണ്ടു കുട്ടികളുടെ അമ്മയുമാണ്.
നിലാവുള്ള ഈ രാത്രിയിൽ അവർ ഉറങ്ങാതെ ഇരിക്കുന്നതെന്തുകൊണ്ടാണ്?
ആരെയാവും അവർ കാത്തിരിക്കുന്നത്.? എന്താണവർ ആലോചിക്കുന്നത്?
ഈയൊരു സംശയത്തിന്റെ ചുളുങ്ങിയ പുരികകൊടികൾക്കു ഉത്തരം തേടി
ഞാനെന്റെ വീടിന്റെ സ്വീകരണ മുറിയിലെ അടച്ചിട്ട ജനാലയുടെ ചില്ലിലൂടെ ആശാ മേനോന്റെ വീടിന്റെ ഒന്നാമത്തെ നിലയിലേക്കു നോക്കുകയാണ്. .കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്ന എന്റെ ഭാര്യ ഉണർന്നാൽ ഈ ഉദ്യമം ശുഭപര്യവസാനിയാവില്ല എന്നതിനാൽ തൽക്കാലം എന്റെ സ്വീകരണമുറിയിലെ വെളിച്ചം ഞാൻ അണയ്ക്കുകയാണ്. 
വീണ്ടും പറയട്ടെ
ഇരുട്ടു വീണ സ്വീകരണമുറിയിലെ അടച്ചിട്ട ജനാലയുടെ ചില്ലിലൂടെ എന്റെ കണ്ണുകൾ ആശാ മേനോന്റെ ഇരുണ്ട മൗനത്തിന്റെ കാരണങ്ങൾ തേടുകയാണ്..
ഉണങ്ങിയ ഇലകൾ വീണു കിടന്നിരുന്ന ആ വഴിയിലൂടെയാണു നമ്മൾക്കു പോകേണ്ടത്. മതിലിനകത്തു ചിങ്കി എന്ന ഓമനപേരുള്ള ആശാ മേനോന്റെ വെളുത്ത പട്ടിക്കുട്ടി ഒരു പഞ്ഞിക്കെട്ടു പോലെ മുറ്റത്തെ മണ്ണിൽ ചുരുണ്ടു കിടക്കുന്നു. തലയുയർത്തി നിന്ന ഫോക്സ് ടെയിൽ പനകളുടെ ഇലകളുടെ ഇടയിലൂടെ പച്ച പുൽത്തകിടിയിൽ വീഴുന്ന നിലാവിന്റെ വാടിയ മന്ദഹാസത്തെ പറ്റി വേണമെങ്കിൽ ഒരു കവിത എഴുതാം.. പക്ഷെ നീലയിൽ വെള്ള പൂക്കൾ പതിപ്പിച്ച നൈറ്റിയിൽ അഴിച്ചിട്ട ചുരുണ്ട മുടികൾ മുന്നോട്ടിട്ടു ബാൽക്കണിയിലെ ഗ്രാനേറ്റ് വിരിച്ച നിലത്തു ഒരു കൈ പിന്നിലൂന്നി അകലേക്കു നോക്കിയിരിക്കുന്ന ആശാ മേനോന്റെ ഭംഗി ആ കവിതയ്ക്കു ഉണ്ടാവില്ല എന്നു എനിക്കുറപ്പുണ്ട്. 
ഇതാ അവരുടെ ഉയർന്നു താഴുന്ന നെഞ്ചിലെ വിങ്ങലുകൾ ഒരു ദീർഘനിശ്വാസമുതിർക്കുകയാണ്. ആ വെളുത്ത മുഖത്തിലെ വലിയ കണ്ണുകളിൽ ഉറക്കം വരാതെ ഒരു നദി ഒളിഞ്ഞു കിടക്കുകയാണ്.
എന്തിനായിരിക്കും......?
ഹരീഷ് മേനോൻ... എന്റെ അയൽക്കാരൻ.സുന്ദരിയായ ആശാ മേനോന്റെ ഭർത്താവ്....
മിക്കവാറും ദിവസങ്ങളിൽ അയാളുടെ മുഷിഞ്ഞ തുണികൾ അലക്കിയിട്ടും വെളുക്കാതെ അയാളെ പോലെ തന്നെ ഒന്നും മിണ്ടാതെ വെയിലിൽ ഉണങ്ങാൻ കിടക്കാറുള്ളതാണ്. നിരാശയുടെ വെളുക്കാത്ത തുണികളുമായി എത്ര തവണ ഞാൻ അവരെ കണ്ടിരിക്കുന്നു . അതുകൊണ്ടു ഒരിക്കലും വെളുക്കാതെ അലക്കു കല്ലിന്റെ അറ്റത്തു കിടക്കുന്ന മുഷിഞ്ഞ സ്വപ്നമായ അയാളുടെ അഭാവം ഈ രാത്രിയിൽ ആശാ മേനോന്റെ നെടുനിശ്വാസത്തിനു കാരണമാകാനിടയില്ല.
ആശാ മേനോന്റെ പകൽ തുടങ്ങുന്നതു അടുക്കളയിലെ ഇരുണ്ട ഒരു മൗനത്തിലാണ്.. രാവിലെ അവരുടെ കുട്ടികളെ സ്കൂളിലയയ്ക്കാനുള്ള തിരക്കുകളിലാണവരെ ആദ്യം കാണുക. തിരക്കുകളുടെ ഒടുവിൽ അവരുടെ മുറ്റത്തു സ്കൂൾ ബസ്സു വന്നു നീണ്ട ഹോൺ മുഴക്കുമ്പോൾ കുട്ടികളുടെ സ്കൂൾ ബാഗുകൾ തൂക്കി ഒരു മത്സരത്തിലെന്ന പോലെ അവർ ഓടുന്നതും പിന്നീടു കിതപ്പോടെ തിരികെ വരുന്നതും എത്ര തവണ കണ്ടിരിക്കുന്നു. അലക്കു കല്ലിലെ വെളുക്കാത്ത സ്വപ്നം ചാരുകസേരയിൽ കിടന്നു രാവിലെത്തെ പത്രത്തിൽ തല താഴ്ത്തിയിരുത്തുമ്പോഴേയ്ക്കും കപ്പിൽ ചൂടുള്ള ചായയുമായി വീണ്ടുമവർ എത്തുന്നു.പിന്നീട് ആ യന്ത്രം പഞ്ഞി പോലെ വെളുത്ത ചിങ്കിയിലും ,പുറത്തെ പച്ചപുല്ലുകളിലും , വീണു കിടന്ന ഉണങ്ങിയ ഇലകളിലും ഒക്കെ ഓടിയെത്തുന്നു...
അതെ ആശാ മേനോൻ നടക്കുകയും ഇരിക്കുകയും കിതയ്ക്കുകയും ചെയ്യുന്ന യന്ത്രമാണെന്നു പറഞ്ഞാൽ തെറ്റില്ല.. ഒച്ചയില്ലാത്തെ നിലവിളികളുള്ള ഒരു യന്ത്രം. പകലന്തിയോളം പ്രവർത്തിച്ചു തിരിഞ്ഞും മറിഞ്ഞും ഉറക്കം വരാത്ത ഒരു യന്ത്രം..
ഇനി ഒരു പക്ഷെ അവർ ഈ രാത്രി ഓർമ്മകളെ അയവിറക്കുകയാണോ.? 
നഷ്ട സ്വപ്നങ്ങളുടെ ബാല്യങ്ങളിൽ വാത്സല്യത്തിന്റെ , കരുതലിന്റെ സ്നേഹസ്പർശം നുകർന്ന ദിനങ്ങളിലേക്കു വെറുതെ മനസ്സുകൊണ്ടൊരു തിരിച്ചു പോക്ക്...
വർണ്ണച്ചിറകുകളുള്ള ഒരു തുമ്പിയെ പോലെ പാറി നടന്ന ഇന്നലെകൾ
നെഞ്ചിൽ ശ്വാസം കിട്ടാതെ അലയടിക്കുന്ന കടലായി.....
ചില്ലുജാലകത്തിലൂടെ എന്റെ കാഴ്ചകൾ മങ്ങുന്നു. 
ആശാ മേനോൻ ഇനി പുതിയ ഒരു പ്രണയത്തിന്റെ വഴിയില്ലാത്ത യാത്രയിലാണോ?.. ആകാശ നക്ഷത്രത്തെ സ്വന്തം കണ്ണുകളാൽ കോർത്തു ആ നനഞ്ഞ ചുണ്ടുകളിൽ പുതിയൊരു പുഞ്ചിരി ഒളിപ്പിച്ചു...
ഞാൻ കാഴ്ചകൾ മുക്കാലും മറഞ്ഞ ചില്ലുജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കി.. 
മങ്ങിയ കാഴ്ചകൾ തെളിയുവാനായി കൈ കൊണ്ടു ജനലിലെ കണ്ണാടിച്ചില്ലു തുടച്ചു..
ചെടിച്ചട്ടിയിൽ വിരിഞ്ഞു നിന്ന വെള്ളപൂവുകൾ കാറ്റിൽ തലയിളക്കുന്നു. ചുരുണ്ടു കൂടി കിടന്ന ആ വെളുത്ത പട്ടിക്കുട്ടി നിലാവിന്റെ വെളിച്ചത്തിൽ ഓടി നടക്കുന്നു. ഫോക്സ് ടെയിൽ പനകളുടെ മുകളിലെത്തിയ ചന്ദ്രൻ വിറച്ചു വിതുമ്പി എന്തോ പറയുന്നു....
ഞാൻ കാണുന്നു...
അഴിച്ചിട്ട മുടിയിഴകളെ തഴുകി ആശാ മേനോൻ ഇരുട്ടിനെ നോക്കി പയ്യെ ചിരിക്കുന്നു..
അല്ല... സുന്ദരമായി മന്ദഹസിക്കുന്നു..

പ്രേം മധുസൂദനൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot