
Anvin George
വൈകുന്നേരത്തെ ക്രിക്കറ്റ് കളിയൊക്കെ കഴിഞ്ഞു ദേഹത്ത് പന്ത് കൊണ്ടതിന്റെ പാടൊക്കെ എണ്ണി വീട്ടിലേക്കു നടക്കുമ്പോൾ ആണ് വഴിയരികിൽ നിന്ന ആഞ്ഞിലിയിൽ അസ്തമയ സൂര്യന്റെ രശ്മികളേറ്റു തിളങ്ങി നിൽക്കുന്ന നല്ല പഴുത്ത ആഞ്ഞിലിക്കാ വിള കണ്ടത്.....
എനിക്കെതിരെ ഓരോവറിലെ അഞ്ചു പന്തും സിക്സ് അടിച്ചു എന്നെ കളിയാക്കി കൂടെ വന്ന ചങ്ക് സുരേഷിനോട് പെട്ടെന്ന് വീട്ടിൽ പൊക്കോളാൻ പറഞ്ഞിട്ട് ഞാൻ ആഞ്ഞിലിയിൽ വലിഞ്ഞു കയറി....
കളിച്ചു മടുത്തിരുന്നതിനാലും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാലും നല്ല വേഗത്തിൽ വലിഞ്ഞു കയറി...
കുരങ്ങിന്റെ പരിണാമമാണ് മനുഷ്യൻ എന്നു പറയുന്നത് വെറുതെയല്ല... ഇതും ഒരു കാരണം ആയേക്കാം..
മുകളിൽ എത്തി ആദ്യത്തെ വിള പറിക്കാൻ കൈയ്യെത്തി പിടിച്ചതും എന്റെ അരയിൽ നിന്നും മുണ്ട് പറിഞ്ഞു താഴേക്കു പോയി അത് കുറച്ചു താഴെയായി ഒരു ശിഖരത്തിൽ തട്ടി നിന്നു.....
എന്താണെന്നറിയില്ല മുണ്ടും ഞാനും തമ്മിൽ ചേരില്ല .. രാത്രിയിൽ അങ്കം വെട്ടിനു പോകുന്ന ആരോമൽ ചേകവർ ധരിക്കുന്നതിലും മുറുകെ കെട്ടിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ പുതപ്പ് മുണ്ടും മുണ്ട് പുതപ്പുമായി മാറുന്ന മാന്ത്രിക കാഴ്ചയാണ് കാണാറുള്ളത്..
ഏതോ ഒരു ദേശാടന പക്ഷി എന്റെ തലയ്ക്കു മുകളിലൂടെ വന്നു എന്നെ ഒന്ന് നോക്കി ...അമേരിക്കൻ ഐക്യ നാടുകളിൽ നിന്നും വന്ന പക്ഷി എന്റെ വസ്ത്രധാരണം കണ്ടു ദൈവമേ ഞാൻ യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയോ എന്ന് ചോദിച്ചു വട്ടം കറങ്ങി തിരിച്ചു പോയി .
ഇന്നലെ എങ്ങാനും ആയിരുന്നു എനിക്കീ അവസ്ഥ ഉണ്ടായതെങ്കിൽ ഇങ്ങനെ ഒന്നുമായിരിക്കില്ല സംഭവിക്കുന്നത്..
.
ഭാഗ്യം ഇന്നെന്തായാലും അടിയിൽ വസ്ത്രം ഉണ്ട്... കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കിടയിൽ കിട്ടിയ ഒരു ഏറു അതാണ് ഇന്നു എന്നെക്കൊണ്ട് അതിടാൻ പ്രേരിപ്പിച്ചത്...എന്റമ്മോ ഉപ്പൂറ്റിയിൽ കുത്തി ചാടിപ്പോയ് ...
എന്തായാലും ഇരുട്ടാകും എന്നാൽ പിന്നെ രണ്ടു മൂന്നു എണ്ണം കൂടി പറിച്ചിട്ട് താഴെക്ക് ഇറങ്ങാം... ഇറങ്ങുന്ന വഴി മുണ്ടും എടുത്തോണ്ട് പോകാം എന്നു വിചാരിച്ചു പഴുത്ത നാലു ആഞ്ഞിലിക്കാ വിള പറിച്ചു..വായിൽ കടിച്ചു പിടിച്ചു...
താഴെ ആളില്ലാത്ത ഏതോ രാഷ്ട്രീയ പാർട്ടിയുടെ അനാഥമായ കൊടി പോലെ എന്റെ മുണ്ടു കിടന്നാടുന്നത് ഞാൻ നോക്കി ചിരിച്ചു ..
പതുക്കെ താഴെക്ക് ഇറങ്ങാൻ തുടങ്ങിയതും എന്തോ പൊട്ടുന്ന ഒരു ശബ്ദം കേട്ടു... മരം ഒടിഞ്ഞതാണോ എന്നൊരു സംശയം ഉണ്ടായെങ്കിലും താഴെ ഒരു സ്കൂട്ടർ വന്നു പഞ്ചർ ആയതാണ് എന്നു മനസ്സിലായി...
ഒന്നൂടി സൂക്ഷിച്ചു നോക്കി രണ്ടു പെൺകുട്ടികൾ ആണ്... വര്ഷങ്ങളായി പുറകെ നടക്കുന്ന അമ്മുവും പിന്നെ അവളുടെ ബന്ധു ആണെന്നു തോന്നുന്നു...ആ കുട്ടിയെ മുൻപ് ഇവിടെ കണ്ടിട്ടില്ല...അല്ലേലും നമ്മൾ അറിയാത്ത ഏത് കുട്ടി ആണ് ഈ പഞ്ചായത്തിൽ ഉള്ളത് ..
ഏഴു പ്രാവിശ്യം ഇഷ്ടമാണെന്നു പറഞ്ഞിട്ടും തിരിച്ചൊന്നും പറയാത്ത അവൾക്കു മുന്നിൽ ആഞ്ഞിലിയിൽ തൂങ്ങിയിറങ്ങി നമ്മുടെ ധൈര്യം കാണിക്കാം പിന്നെ അവൾക്കു ഒരു ആഞ്ഞിലിക്കാ വിളയും കൊടുക്കാം അല്ല പിന്നെ...
അയ്യോ അതെങ്ങനെ കൊടുക്കും?അപ്പോഴാണ് ഉരിഞ്ഞു കിടക്കുന്ന ഉടുതുണിയുടെ കാര്യം ഓർത്തത്.. അമ്മുവിനെ കണ്ടപ്പോൾ മുണ്ടിന്റെ കാര്യം ഇടയ്ക്ക് മറന്നു പോയി..
ഇവിടുന്നു അനങ്ങിയാൽ മരം കുലുങ്ങും അവർ മുകളിലേക്ക് നോക്കും മാനം പോകും...
അവർ പോകട്ടെ.. അന്നിട്ട് ഇറങ്ങാം.. നമ്മുടെ അടുത്താ കളി...
അമ്മു ഫോൺ എടുത്തു ആരെയോ വിളിച്ചു....
""അച്ഛാ വണ്ടി ഗ്രൗണ്ടിന്റെ അടുത്ത് വെച്ച് പഞ്ചർ ആയി...ഞങ്ങൾ ഇവിടെ തന്നെ കണ്ടേക്കാം.. അച്ഛൻ ആളെ വിളിച്ചോണ്ട് വന്നാൽ മതി.... ""
അവൾ ഫോൺ വച്ചു......
അവൾ ഫോൺ വച്ചു......
ആദ്യം ഉണ്ടായ ആവേശം വിയർപ്പു തുള്ളികൾ ആയി പുറത്തോട്ടു പോയി...അത് കണ്ണീരാകാൻ അധിക സമയം എടുക്കില്ല എന്നെനിക്കു മനസ്സിലായി ..
കയ്യും കാലും തളരരാൻ തുടങ്ങി... അര മണിക്കൂർ ആയി മരത്തിൽ പിടിച്ചു ഇരിക്കുന്നു...
ഇറങ്ങിപോടാ മരത്തിൽ നിന്നും എന്നു പലവട്ടം മനസ്സ് പറഞ്ഞതാണ്.. മുണ്ട് കിടക്കുന്ന ചില്ല തൊട്ടു താഴെ ആണ്... പക്ഷെ അവിടം വരെ ചെല്ലുന്നതിന് മുൻപ് അവര് കാണും...
അണ്ണാന്റെ മിമിക്രി കാണിച്ചു ഇറങ്ങാം... എത്ര ശ്രമിച്ചിട്ടും അണ്ണാന്റെ പോയിട്ട് എന്റെ ശബ്ദം പോലും വന്നില്ല...
ഒരു കടിയൻ ഉറുമ്പ് എന്റെ പുറത്തു കടിച്ചു.... അതും കൈ നീട്ടിയാൽ എത്തില്ല എന്നുറപ്പുളളടിത്ത്..
'നിസ്സഹായവസ്ഥ മുതലാക്കുവാണല്ലേടാ പട്ടി' എന്നു ചോദിക്കാൻ വന്നതാണ്...കടിയൻ ഉറുമ്പിന്റെ അടുത്ത് വേദം പറഞ്ഞിട്ട് കാര്യമില്ലല്ലോ ..
ഒരു ബൈക്കിൽ രണ്ടു പേര് വന്നു ടയർ ഊരി.....
"" പെട്ടെന്ന് വരുവോ ചേട്ടാ.. എങ്കിൽ ഞങ്ങൾ ഇവിടെ നിക്കാം "" അമ്മു പറഞ്ഞു...
""ഒരു അര മണിക്കൂർ .. നിങ്ങൾ വേണമെങ്കിൽ വീട്ടിൽ പൊക്കോളു.. ഞാൻ ഇത് അങ്ങോട്ട് എത്തിച്ചു തരാം ""ബൈക്കിനു പുറകിൽ ഇരുന്നയാൾ പറഞ്ഞു...
""അര മണിക്കൂർ അല്ലെ ഇവിടെ നിന്നോളാം... ""
അമ്മു പറഞ്ഞു..
കുഞ്ഞേ വെള്ളിയാഴ്ച പ്രേതം ഇറങ്ങുമെന്ന് പറയാൻവന്നെങ്കിലും അതോർക്കുമ്പോൾ തന്നെ എനിക്ക് പേടി വന്നത് കൊണ്ട് മിണ്ടിയില്ല
എന്റെ തല കറങ്ങാൻ പോകുന്ന പോലെ തോന്നി....
വായിൽ നിന്നും ആഞ്ഞിലിക്കാ വിള ഓരോന്നായി താഴെ വീണു...
വീട്ടുകാരെ ഒക്കെ ഒന്നു മനസ്സിൽ ഓർത്തു... ഇനി ഒരു പക്ഷെ അവരെ കാണാൻ പറ്റിയില്ല എങ്കിലോ......മരിച്ചാലും അഭിമാനം വിടില്ല ഞാൻ തീരുമാനിച്ചു ,,
ഇരുട്ട് കൂടി വന്നു...
ഞാൻ പതിയെ ഇറങ്ങാൻ തീരുമാനിച്ചു.... അവരെ പേടിപ്പിച്ചു നോക്കിയാലോ.. ശ്രമിക്കാം..
എന്നെ കൊണ്ടു പറ്റാവുന്ന രീതിയിൽ മരം കുലുക്കി ആാാഹാ ഊൗ ഈൗ എന്നലറി...അറിയാവുന്ന മിമിക്രി ഒക്കെ ചെയ്തു ഐഡിയ ഏറ്റു.. അവർ ഓടി...
പെട്ടെന്ന് താഴെ ശിഖരത്തിൽ എത്തി മുണ്ട് എടുത്തു...
പെൺകുട്ടികൾ ഓടുന്ന വഴി അമ്മേ എന്നു നിലവിളിക്കുന്നത് പോലെ തോന്നി..
ഞാൻ താഴെ എത്തി. അവർ കുറച്ചു മാറി നിന്നു ഫോൺ വിളിക്കുന്നുണ്ട്..... അവിടെ കുറച്ചു ആളുകൾ നിൽപ്പുണ്ട് അവരെ കണ്ടാവും അവർ ഓട്ടം നിർത്തിയത്..അവർ ആഞ്ഞിലി ചൂണ്ടി കാണിച്ചു എന്തൊക്കെയോ പറയുന്ന പോലെ തോന്നി....ഇരുട്ടല്ലേ ചുറ്റും,,,,
ആ ഗ്യാപ്പിൽ ഞാൻ രക്ഷപെട്ടു....
ഇന്നു രാവിലെ അമ്പലത്തിൽ ചെന്നപ്പോൾ ഇന്നലെ വൈകിട്ട് ആഞ്ഞിലി ചുവട്ടിൽ കേടായിരുന്ന സ്കൂട്ടർ ഇരുപ്പുണ്ട്...
അമ്പലത്തിൽ കയറിയപ്പോൾ രണ്ടു പേരും നല്ല പ്രാർത്ഥന... നല്ല പോലെ പേടിച്ചു പോയി പാവങ്ങൾ... വല്ല ചരടും ജപിച്ചു കെട്ടാൻ വന്നതായിരിക്കും....എനിക്ക് അവരോടു സഹതാപം തോന്നി...
എന്നെ കണ്ടിട്ട് അവർ നോക്കി പോലുമില്ല... അല്ലേലും അവളോട് എന്നു ഇഷ്ടം ആണെന്ന് ഞാൻ തുറന്നു പറഞ്ഞോ അന്ന് മുതൽ അവൾ എന്നെ നോക്കിയിട്ടില്ല...ആകെ അവൾ പറഞ്ഞത് ""വട്ടാണെങ്കിൽ വല്ല ഭ്രാന്താശുപത്രിയിലും പോയി കിടക്കാനാണ് ""
ഭാഗ്യം അവര് എന്നെ ഇന്നലെ കണ്ടില്ല....എന്റെ മാനം പോയില്ല.... അത് അങ്ങനെ തന്നെ ഉണ്ട്..ഏത് മാനം...
അമ്പലത്തിൽ തൊഴുതു തിരിച്ചു വരുമ്പോൾ അവർ അവിടെ നിൽപ്പുണ്ട്.... അമ്മുവിനെ നോക്കി നോക്കി ഞാൻ മുൻപോട്ടു നടന്നു... പെട്ടന്ന് പുറകിൽ നിന്നും മൃദുവായ ശബ്ദത്തിൽ ഒരു വിളി കേട്ടു....
"" മിസ്റ്റർ ഒടിയൻ ആഞ്ഞിലിക്കാ വിള ""
...........""'
...........""'
വായിൽ കടിച്ചു പിടിച്ചിരുന്ന ആഞ്ഞിലിക്കായും പോയി ,,മരത്തിനു മുകളിൽ കളയാതെ വച്ചിരുന്ന അഭിമാനവും പോയി ..
തിരിഞ്ഞു നോക്കാതെ ഞാൻ വീട്ടിലേക്കു ഓടി... ഓടുന്ന വഴി മുണ്ടിൽ മുറുകെ പിടിക്കാൻ ഞാൻ മറന്നില്ല.. . പിന്നീടൊരിക്കലും മുണ്ടു പറഞ്ഞുമില്ല ...
തിരിഞ്ഞു നോക്കാതെ ഞാൻ വീട്ടിലേക്കു ഓടി... ഓടുന്ന വഴി മുണ്ടിൽ മുറുകെ പിടിക്കാൻ ഞാൻ മറന്നില്ല.. . പിന്നീടൊരിക്കലും മുണ്ടു പറഞ്ഞുമില്ല ...
പി .എസ് ::ആഞ്ഞിലി മരത്തിൽ ഉണ്ടാകുന്ന ഒരു ഫലമാണ് ടി വിള ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക