
രജനി ബസ്സ്റ്റാൻഡിൽ നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിൽ ഏറെ ആയിട്ടുണ്ടാവും സന്ധ്യ ആവാറായി. നാട്ടിലേക്കുള്ള ഒറ്റ ബസും വരുന്നില്ല. ഇനി വന്നാലും പത്തു മണിയെങ്കിലും ആവും വീട്ടിലെതാൻ . കുറച്ച് സമയം അവിടിരുന്നു. ആളുകളെ കുത്തി നിറച്ചുകൊണ്ട് ഒരു ബസ് വന്നു സൂചികുത്താൻ ഇടം ഇല്ല... എങ്ങനെയെങ്കിലും കയറിപറ്റുകതന്നെ വേറെ വഴിയില്ല.
തോളിൽലെ വലിയ ബാഗും താങ്ങി വലിഞ്ഞു കയറി.... ഒരു വിധത്തിൽ നിൽക്കാൻ പറ്റുന്നുണ്ട്. തന്റെ വലിയ ബാഗ് രണ്ടു പേർക്കും നില്ക്കാൻ ഉള്ള സ്ഥലം അപഹരിക്കുന്നത് കാരണം പിന്നിൽ നിൽക്കുന്നവർ പിറുപിറു ക്കുന്നത് കേൾക്കാം... ഒടുവിൽ ബാഗ് സീറ്റിൽ ഇരിക്കുന്ന പെൺകുട്ടിയുടെ മടിയിൽ വച്ച് കൊടുത്തു. സ്നേഹത്തോടെ ആ കുട്ടി ബാഗ് ചേർത്ത് പിടിച്ചു. ഏതായാലും പകുതി ആശ്വാസം ആയി.. നിന്നിട്ട് ആയാലും വേണ്ടില്ല അധികം വൈകാതെ വീടെത്താമല്ലൊ...... രജനി നെടുവീർപ്പെട്ടു ടൗണിൽ ലെ ഹോസ്റ്റലിൽ നിന്നുള്ള വരവാണ് അവിടെ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിയാണ് രജനിക്ക് . വയസ്സ് ഇരുപെത്തിയെട്ട് ആയി വിവാഹം കഴിഞ്ഞിട്ടില്ല. ചെറുപ്പത്തിലേ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതു കാരണം സ്വന്തം കാര്യം ചിന്തിക്കാൻ കൂടി ധൈര്യം വന്നില്ല.
മദ്യപിച്ചു ബോധം ഇല്ലാത്ത അച്ഛനും ദൈനംദിന ചിലവുകൾക്ക് ബുദ്ധിമുട്ടുന്ന അമ്മയും, രണ്ട് അനിയത്തിമാർ ഉം അടങ്ങുന്ന കുടുംബം രജനി ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് അല്ലലില്ലാതെ കഴിഞ്ഞു പോവുന്നത്.ടൗണിലെ ജോലിയും ഹോസ്റ്റൽ ജീവിതവും ദു:സ്സഹം തന്നെയാണ്. ഇഷ്ടം ഉണ്ടായിട്ടല്ല ഗതികേട് കൊണ്ടാണ് ആ ജോലി കൂടി ഇല്ലാതായാൽ വീട് പട്ടിണി ആയതുതന്നെ. ഇന്ന് പ്രത്യേകിച്ച് ഭക്ഷണം ഒന്നും കഴിച്ചില്ല. ഉച്ചവരെ ജോലിക്ക് പോയി ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തതാണ് നാളെ ഞായർ അവധിയല്ലേ വീട്ടിൽ പോവാം.. പിന്നെ ധൃതിയായിരുന്നു ഒന്നിനും സമയം കിട്ടിയില്ല. ഹോസ്റ്റൽ ഭക്ഷണം ഓർക്കുമ്പോൾ തന്നെ ഓക്കാനം വരുന്നു. തക്കാളിയും, ഉള്ളിയും, വെണ്ടയും മാത്രമുള്ള സാമ്പാറെന്ന കറി ചോറിലേക്ക് ഒഴിക്കുമ്പോൾ തന്നെ അടിയിലൂടെ പല ഭാഗത്തേക്ക് ഒഴുകാൻ തുടങ്ങും. പകുതി വെന്ത ചതുരപ്പയർ തോരനും, പൊരിച്ചതാണോ വെള്ളമൊഴിച്ചു വറ്റിച്ചതാണോ എന്നറിയാത്ത കുടൽ മാലകൾ പകുതി വയറ്റിനകത്തുള്ള മീനും.. ഭക്ഷണസമയത്താണ് കൂടുതലും വീട് ഓർമ വരുന്നത്. കാന്താരി മുളകും തേങ്ങയും കൂട്ടിയരച്ച ചമ്മന്തിയിൽ കുറച്ചു തൈരൊഴിച്ചു ചോറിന്റെ കൂടെ കഴിക്കാൻ കൊതിയാവുന്നു. കൂടെ നാരായണേട്ടന്റെ കൈയീന്ന് മേടിച്ച ചാളമുളകിട്ടതു കൂടിയായാൽ ബഹുകേമം....
പലകാര്യങ്ങളും ഓർത്തു നേരം പോയതറിഞ്ഞില്ല. ബസ്സിറങ്ങുമ്പോൾ കടകളൊക്കെ അടച്ചിരുന്നു. രഘുവേട്ടന്റെ കട തുറന്നിട്ടുണ്ടോ എന്ന് എത്തി നോക്കി ഭാഗ്യം അടച്ചിട്ടില്ല... അവളുടെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു. നേരെ കടയുടെ നേർക്കു നടന്നു... കട അടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രഘു. അവളെക്കണ്ടപ്പോൾ പതിവുള്ള സന്തോഷമൊന്നും അവന്റെ മുഖത്തു കണ്ടില്ല.. "രജനി വരുന്ന വഴിയാ.. ?അവൻ ചോദിച്ചു. "ആ വീട്ടിലേക്കു ഒരുമിച്ചു പോവാം ". സന്തോഷത്തോടെ അവൾ പറഞ്ഞു. കടയടച്ചു ടോർച്ചും കൈയിൽ പിടിച്ചു അവൻ മുമ്പേ നടന്നു. "ജോലിയൊക്കെ എങ്ങനെ പോകുന്നു "." ഓ കുഴപ്പമില്ല "മെല്ലെ പറഞ്ഞു. "ഞാനും തന്നെയൊന്നു കാണണം ന്നു വിചാരിച്ചിരുന്നു. അടുത്ത മാസം ഇരുപതു നു എന്ടെ കല്യാണം ആണ്. ക്ഷണിക്കാൻ വേണ്ടിയാണ് കാണണം ന്ന് കരുതിയത് ".രഘു പറഞ്ഞു നിർത്തി തിരിഞ്ഞു നോക്കുമ്പോൾ രജനിയെ കാണാനില്ല. കുറച്ചു ദൂരെ പിന്നിലായി ഞെട്ടി തരിച്ചു നിന്നുപോയി രജനി. പെട്ടെന്ന് എന്തോ ഓർത്ത് പോലെ വീണ്ടും നടക്കാൻ തുടങ്ങി. "എന്തു പറ്റി "?അവൻ ചോദിച്ചു. "ഏയ് ഒന്നുല്ല ".വിദൂരതയിൽ നിന്നെ ന്ന പോലെ ആയിരുന്നു അവളുടെ മറുപടി. "കഴിഞ്ഞ വരവിനു താനല്ലേ പറഞ്ഞത് തന്നെ കാത്തിരിക്കണ്ട എന്നും, വീട്ടിലുള്ളവരെ വിട്ട് തനിക്കൊരു ജീവിതം ഇല്ല എന്നും,പിന്നെ തനിക്ക് അറിയാലോ അമ്മയ്ക്ക് തീരെ വയ്യ എന്റെ കല്യാണം കഴിഞ്ഞു കണ്ട മതി ഇപ്പൊ ഉള്ളൂ.. "രണ്ടുപേരും പിന്നെയും സംസാരിച്ചില്ല വല്ലാത്ത ഒരു മൂകത അവർക്കിടയിൽ തളം കെട്ടി നിന്നു. വീട്ടിലേക്ക് കയറുമ്പോൾ "പോട്ടേ"എന്ന് മാത്രം അവൾ പറഞ്ഞു.
അച്ഛന്റെ പതിവ് കലാപരിപാടികൾ കഴിഞ്ഞിട്ടുണ്ട് മുറ്റം നിറയെ ചോറ് വിതറി കിടക്കുന്നു. ഇന്ന് ഭക്ഷണതോട് ആയിരിക്കും കുടിച്ചത്ന്ടെ ഭ്രാന്ത് കാണിച്ചതു. അമ്മ അടുക്കളയിൽ ഉണ്ട്. മറ്റു രണ്ടു പേരും ഉറക്കമാണ്. അവളെ കണ്ടതും ചോറ് എടുക്കട്ടെ എന്ന് ചോദിച്ചു. വേണ്ട വിശപ്പില്ല എന്നും പറഞ്ഞു കട്ടിലിൽ പോയി വീണു. ഒന്നുറക്കെ പൊട്ടിക്കരയണമെന്നവൾക്ക് തോന്നി. നാട്ടിലേക്കു വരുമ്പോൾ ഉള്ള ഏക ആശ്വാസം രാഘവേട്ടനായിരുന്നുതന്റെ എല്ലാ പ്രശ്നങ്ങൾക്കും വിഷമങ്ങൾക്കും ആശ്വാസം കണ്ടിരുന്നത് ആ മുഖത്തായിരുന്നു.... ഇനി അതും വെറും പഴങ്കഥ മാത്രം . നേരത്തെ ഉണർന്നു ചിലവിനു ള്ള പണവും മറ്റു ആവിശ്യങ്ങൾക്കുള്ളതും അമ്മയെ ഏല്പിച്ചു കഴിഞ്ഞപ്പോൾ ബാക്കി ഒന്നുമില്ല. ഒരു ഹാൻഡ് ബാഗും സാരിയും വാങ്ങണം എന്ന് കരുതിയിരുന്നതാണ് ഇനി അടുത്ത മാസം ആവട്ടെ.... സാധാരണ നാട്ടിലെത്തിയാൽ കുറച്ചു സമയം രാഘവേട്ടന്റെവീട്ടിൽ പോയിരുന്നു സംസാരിക്കുന്നതു പതിവാണ് ഇനി എങ്ങോട്ടും പോവുന്നില്ല അലക്കിയിട്ട തുണികൾ ബാഗിലേക്കു എടുത്തു വൈക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു ആരോടും പരാതിയും പരിഭവവും ഇല്ലാത്ത എന്നും എന്തും മറ്റുള്ളവർക്ക് നൽകാൻ വേണ്ടി മാത്രം വിധിക്കപ്പെട്ട ജീവിതത്തിൽ ഒന്നും ആഗ്രഹിച്ചു കൂടാ സ്വപ്നം കണ്ടു കൂടാ ഒന്നും ഒന്നും..... .
By: Sajina Byju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക