നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ.സു.സ.

Image may contain: one or more people, beard, eyeglasses, hat and closeup

( ജോളി ചക്രമാക്കിൽ )
സന്തോഷം ,സുഖം ,സമാധാനം..
ജീവിതമങ്ങിനെ മേൽപ്പറഞ്ഞ
രണ്ടു സ".യും ഒരു സു".വും ഘടിപ്പിച്ച്
ഒരു മുചക്ര വാഹനം കണക്കെ
മുന്നോട്ട് ഓടികൊണ്ടേയിരിക്കുന്നു ..
ഇടക്ക് ചില വിഷമം പിടിച്ച കയറ്റങ്ങളിൽ ചാടിയിറങ്ങി ഉന്തി തള്ളിയും ...
അസുലഭ ഭാഗ്യങ്ങളുടെ ഇറക്കങ്ങളിൽ രണ്ടും കൈയ്യും വിട്ട് ആഹ്ളാദിച്ച് നിറഞ്ഞ സന്തോഷവുമായി ഓടിയിറങ്ങിയും തിമിർത്തങ്ങിനെ ഉരുണ്ടു നീങ്ങവേ....
ജീവസന്ധാരണത്തിനായി
തിരഞ്ഞെടുത്ത വാസ്തുശില്പ മാർഗ്ഗത്തിലെ .
വരപ്പ്, എടുപ്പ് ,കൊടുപ്പ് ..
എന്നീ ദുശ്ശീലങ്ങളായ .
മൂന്നു " പ്പ് " കളുടൊപ്പം ,കൂട്ടത്തിൽ നാലാമത്തെ ദുശ്ശീലമായിട്ടാണ് വാട്ട്സപ്പ് .. എന്ന " പ്പ് " കൂടി വന്നു ചേർന്നത് ..
( അപ്പൊ പിന്നെ റ്റച്ചപ്പ് ഇല്ലേ..ന്നോ..
അതൊരു ദുശ്ശീലമല്ലല്ലോ..ശീലമല്ലേ.! )
എന്നാലും ഈ നാലാമത്തെ ." പ്പ് "
അപഹരിച്ചെടുക്കുന്ന സമയത്തിന്
യാതൊരു കൈയ്യും കണക്കുമില്ല.
സ്ഥലകാലബോധമോ ,രാപകൽ ഭേദമോ ഇല്ലാതെ കൂടെയങ്ങിനെ കൂടിയിരിക്കയാണ്...
പോരാത്തതിന്, ഫ്രണ്ടുക്കൾ, പ്രീഡിഗ്രി ,കാവ്യലോകം ,എഴുത്തുകൂട്ടം, നല്ലെഴുത്ത്, എന്റെ തൂലിക, നമസ്തെ കൈരളി.. എന്നിങ്ങനെ ഒരു പാടു ഗ്രൂപ്പുകളും ..
അർദ്ധരാത്രി ആകുമ്പോഴേയ്ക്കും
ഓടാതെ ഓടി തളരും..
അക്ഷരങ്ങളുമായി ഒരു ചങ്ങാത്തം,
അതൊട്ടു കളയാനും പറ്റുന്നില്ല .
.......
ദേ മനുഷ്യാ ...
വന്നു കിടക്കുന്നുണ്ടോ..
പാതിരാത്രിയായി ..
വല്ല ബോധവും ഉണ്ടോ..
(എന്നും പാതിരാത്രിയ്ക്ക് കയറി വരുന്ന സാധനമല്ലേ ... ഈ ബോധം എന്നു പറേണത് ...)
സഹധർമ്മക്കാരി തൊണ്ടയനക്കുകയാണ്..
എപ്പനോക്ക്യാലും..
ഫോണിൽ ഈ ചുണ്ണാമ്പുതേപ്പ് .. തന്നെ '.,
മുതുക്കനായപ്പോഴാണ് ..
ഓരോ സൂക്കേട്...
പഴെ കുറെ ക്ലാസ്സ്മേറ്റ്സും ..ചാറ്റിംഗും...!
യൗവ്വനം ഊഞ്ഞാലാടുവല്ലേ...?
പതുക്കെ ആട് .. പഴേ 'കയറാ പൊട്ടി താഴെ വീഴണ്ട ...!
അവളുമാർക്കൊന്നും കുടുംബത്തിൽ വേറെ പണിയൊന്നുമില്ലേ..!
അതെങ്ങനാ .കെട്ടിയവൻമാർ
അപ്പുറത്തിരുന്നു വേറെ ചാറ്റുവായിരിക്കും
നൊസ്റ്റാൾജിയ ..യല്ലിയോ.!മൊത്തം...
പച്ചമാങ്ങ ,കല്ലുപ്പ്, നെല്ലിക്ക ,
നാരങ്ങ മുഠായി.,ഓലപീപ്പി ,
കുട്ടിയും കോലും, തീപ്പെട്ടി പടം മടല്ബാറ്റ് ,മഷിത്തണ്ട് ,തുപ്പല് പൊട്ടി ഹൊ... എന്നാ ഒരു ബഹളമാണ്.....
കളർഫുൾ ലൈഫിൽ'.
ബ്ലാക്ക് ആൻറ് വൈറ്റ് കെട്ടിപിടിച്ചോണ്ട് കുറെയെണ്ണം...!
നിങ്ങൾ ഫിഫ്റ്റി ഫിഫ്റ്റി ക്കാരുടെ ഈ ട്വെൻറി ട്വെൻറി കളി നിറുത്തിയേച്ചു ....
വന്നു കിടക്കണുണ്ടോ...
അവൾ ചീറ്റൽ നിറുത്തി കിടപ്പുമുറിയിലേയ്ക്ക് പോയി
ഒരു മിനിറ്റ് ഞാനിതൊന്നു മുഴുവനാക്കട്ടെ....! ഇപ്പ വരാം ...!
കാര്യം അവളിങ്ങനെയൊക്കെ പറഞ്ഞാലും
.നല്ല സുന്ദരിയും, സുശീലയും., സുഭഗയുമാണ്.. എന്റെ നല്ലപാതി..
വിരളമായുള്ള ഈ മൂന്നു "സു"വും സ്വന്തമായുള്ള
അവളെ അധികം മുഷിപ്പിക്കാൻ എനിക്കുദ്ദേശവുമില്ല..
ഒരു മിനിറ്റ് പറഞ്ഞത് ഇപ്പോൾ അറുപത് മിനിറ്റായി ..
ഏതായാലും ഇന്നത്തെ ഡിജിറ്റൽ ചുണ്ണാമ്പു തേപ്പിനു. വിരാമമിട്ടു
കിടപ്പുമുറിയുടെ വാതിൽ തുറന്നു ചെന്നപ്പോൾ..
പഞ്ചായത്തു റോഡിൽ പെട്ടി ഓട്ടോ മറഞ്ഞതു കണക്ക് കട്ടിലിൽ ഒരു വശം ചെരിഞ്ഞു പിണങ്ങി കിടക്കുകയാണ്
എന്റെ സ്വന്തം... ത്രി"സു‌"..
ഭഗവാനേ ,ഇനിയെന്റെ പിരിവെട്ടിപ്പോയ ജാക്കിയെടുത്ത് ഇതൊന്നു പൊക്കി നേരെയാക്കി വീണ്ടും മൂന്നു "സു"വിൽ. പഴയതുപോലെയാക്കാൻ
ഊർജ്ജം നൽകി ... കാത്തോളണേ..
......
ഒന്നു നീങ്ങി കിടക്കടോ എനിക്കും കിടക്കണ്ടേ....!
ഓ അങ്ങിനെയൊക്കെ ഉണ്ടോ..? നിങ്ങക്ക് തോണ്ടിക്കൊണ്ട് അവിടെ തന്നെ ഇരുന്നാ പോരേ...
എന്തി നാ..?
ബാക്കിയുള്ളവരുടെ ഉറക്കം കളയാൻ..!
ഉം .. നിനക്ക് ചെറിയ ചൂടുണ്ടല്ലോ പനിയുണ്ടോ ..
( പിരിവെട്ടിയ ജാക്കിയ്ക്ക്.. പൊക്കുവാണ്...)
കൈയ്യെടുക്ക് ...
പനിണ്ടോന്ന് ...നോക്കാൻ കണ്ട സമയം....
എന്താ ഒരു ശ്രദ്ധ..
നേരം...! .കോഴി കൂവാറായി...
.കൊക്കര...ക്കോ..അപ്പ തന്നെ അപ്പുറത്തെ വാസുവേട്ടന്റെ വീട്ടിലെ "കാലൻകോഴി " കൂവി കൊണ്ട് ...
ഒരു കട്ട സപ്പോർട്ടും .
( നേരം തെറ്റി കൂവുന്ന പൂവനെ കാലനെന്നല്ലാതെ .. പിന്നെന്താ വിളിക്കാ....! )
ഇനിയൊന്നു മൂളി നോക്കാം.
നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ..?
അങ്ങനെ വല്ലാതെ നീട്ടണ്ട
ഈ പാതിര വരെ എന്നാ കഴപ്പാ .
എന്നതാ ഈ എഴുതി കൂട്ടുന്നത് ..
ഇത്രയും കാലമില്ലാത്ത പുതിയ ഒരു സൂക്കേട്...
കുട്ടീ...നിനക്കീ സർഗ്ഗവേദന എപ്പഴാ വരുന്നത് എന്നറിയോ...
ഏതായാലും ഈ പാതിരായ്ക്ക് വരുന്ന വേദനയുണ്ടല്ലോ അതത്ര നന്നല്ല....
ങും .. നീയിങ്ങോട്ടു തിരിഞ്ഞു കിടക്ക് ഈ പാതിരാത്രിയ്ക്ക് നിന്റെ സുന്ദര മുഖം വെറുതെ വീർപ്പിച്ച് ഭംഗി കളയാതെ ...
നിന്നെ ചുറ്റിപറ്റി നിൽക്കുന്ന യൗവ്വനം പിണങ്ങി പോവേ...
നിന്റെ കണ്ണുകളിൽ ഞാനൊന്നു എന്നെ കണ്ടെത്തട്ടെ... ടാ
ഒന്നു പോ മുതുക്കാ .. അപ്പുറത്ത് അമ്മ കേൾക്കും ..
നീയല്ലേ പറഞ്ഞത് ഈയ്യിടെയായ് അമ്മയ്ക്ക് കണ്ണും കാതും കുറവാന്ന്.
ആവശ്യമുള്ള കാര്യങ്ങൾക്കേ ആ കുറവുള്ളൂ...
...ങ്ങും എന്നാ പാട്ടു വയ്ക്കാം ...
ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം... ഞാൻ രാഗമേഘം
........
ഉറങ്ങിയോ...?
ങൂം..
അതേ..പുന്നാര മുതുക്കാ ഒരു കാര്യം പറയട്ടെ....
ങും....
അപ്പഴേയ്ക്കും വെള്ളി മൂങ്ങ..യായോ.
...
അത് നീയെന്റെ നരകണ്ട് കളിയാക്കീതല്ലേ..... കാര്യം പറ..
അതേ എന്റെ ഇഷ്ടിക ഒന്നു മാറ്റണം
( ങേ.. ഇനി മൂത്രത്തിൽ കല്ലോ മറ്റോ ആണോ.. ഇവളുടെ ഈ ഇഷ്ടിക..
വേറെയൊന്നും തടഞ്ഞതായി ഓർമ്മയിലില്ലല്ലോ...! )
ടോ .. കിഡ്നി സ്റ്റോൺ ആണോ നീ ഉദ്ദേശിക്കുന്നത് ...
അല്ല .എനിക്ക് .ഉപയോഗിക്കാൻ
തന്ന പഴയ നിങ്ങടെ നോക്കിയാ ഫോൺ ..
അതിനെന്നാ കുഴപ്പം ടോർച്ചില്ലേ...
ഓ...ഉണ്ട് ..
പിന്നെ.. രാവിലെ പള്ളീ
പോവുമ്പോൾ പട്ടി കടിക്കാൻ വന്നാ എറിയുകയും ചെയ്യാം..!
അത് മാറ്റീട്ട് ഒരു സ്മാർട്ട് ഫോൺ എനിക്കും വേണം ..
പള്ളീല് ഓരോ വാർഡിനും വാർട്സ് അപ്പ് പ്രാർത്ഥന ഗ്രൂപ്പുണ്ട് .. പുതിയതായി വന്ന മാർട്ടിനച്ചനാണ് .അഡ്മിൻ..
"മാലാഖ വൃന്ദം " എന്നാ നമ്മുടെ ഗ്രൂപ്പിന്റെ പേര്
കാഹളമാണ് പ്രൊഫൈൽ പിക്ചർ .. ഈ ടെക്കിയച്ചനെ ..
Fr. മാർട്ടിടെക്ക് എന്നാ പറയുന്നേ .
പള്ളി മൊത്തം ഹൈടെക്ക് ആക്കിയില്ലേ പുള്ളി .
എസി.., സറൗണ്ട് സിസ്റ്റം, ഓരോ ബഞ്ചിനും വയർലെസ്സ് മൈക്ക് .,
അങ്ങിനെ ഓരോന്നും.,,
കഴിഞ്ഞ ദിവസം ആരാധനയ്ക്ക് #അരളിക്ക പ്രധാന വാതിലിൽ നിന്നും അൾത്താരയിലേയ്ക്ക് വായുവിലൂടെ
ഡ്രോണിലൂടെ പറപ്പിച്ചിട്ടാണ് കൊണ്ടുവന്നത്..
കർത്താവെ ... ഇവൾ നിറുത്തുന്ന
മട്ടില്ലല്ലോ..
ആ കാലൻക്കോഴി ഇതെവിടെ പോയി കിടക്കാ ഒന്നു കൂവിയിരുന്നെങ്കിൽ...
അവളുപോയി ചായയിട്ടേനെ.
അതേ .. ഈ ഐഫോൺ എങ്ങിനെ
അത് മതീട്ടോ ..
ശ്ശൂ.,, ശൂ... ശൂ ...
മാലാഖ വൃന്ദത്തിന്റെ കാഹളമുയരുമ്പോൾ
എന്റെ രണ്ടു "സ"യുടെയും "സു'.. വിന്റേയും കാറ്റൊഴിയുന്ന.. ഒച്ചയാണ് ഈ കേൾക്കുന്നത് ...
ശൂ...ശ്ശൂ .. ശൂ
#വിശുദ്ധ കുർബ്ബാനയും (ഓസ്തി), വിശുദ്ധരുടെ തിരുശേഷിപ്പുകളും മറ്റും സൂക്ഷിക്കുന്ന പേടകമാണ്
അരുളിക്ക അല്ലെങ്കിൽ അരളിക്ക. റോമൻ കത്തോലിക്ക സഭയിൽവിശുദ്ധ കുർബാന
എഴുന്നളളിച്ചുകൊണ്ടു പോകുന്നത് അരുളിക്കയിൽ വെച്ചുകൊണ്ടാണ്.
14 - 05 - 2018
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot