
കഴിഞ്ഞ ആഴ്ച ആണ് ഒരു അമേരിക്കൻ വായനക്കാരി എന്നെ കാണാൻ വേണ്ടി വീട്ടിൽ വന്നത്,കുടുംബ സുഹൃത്ത് ആണെങ്കിലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല,വിദേശത്ത് നിന്ന് കാണാൻ വരുന്ന വായനക്കാരെ അല്ല എനിക്ക് ഭയം,അവരുടെ കൂടെ ഉണ്ടാവാൻ സാദ്ധ്യതയുള്ള ഇംഗ്ളീഷിൽ കടുവറുക്കുന്ന മക്കളെ ആണ്,ഇക്കുറിയും പതിവ് തെറ്റിയില്ല,കാറിൽ നിന്നും ആദ്യം ചാടി ഇറങ്ങിയത് ഒരു നാല് വയസുകാരൻ, പുറകെ വായനക്കാരി, അതിനെ ഫോളോ ചെയ്തു എന്റെ ഫോളോവർ ആയ വായനക്കാരിയുടെ അമ്മ,
പയ്യൻ എന്നെ നോക്കാതിരിക്കാൻ വേണ്ടി ഞാൻ വായനക്കാരിയോടു നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു, ഇടയ്ക്കു ശ്യാമ കയറി വന്നപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ ഇല്ലാതെ ആയി,അപ്പോഴേക്കും വീടെല്ലാം ഒന്ന് ചുറ്റി അടിച്ചു വന്ന പയ്യൻ നേരെ എന്റെ മുന്നിൽ വന്നു നിന്നു, ഞാൻ കണ്ണടച്ച് ഉറങ്ങുന്നത് പോലെ അഭിനയിച്ചു
പയ്യൻ പറഞ്ഞു, ഹായ്, ഐ ആം സമഴ് ...വിത്ത് എ റ്റീ
ദൈവമേ, ചതിച്ചു ,അമേരിക്കയിൽ മാത്രം കിട്ടുന്ന ഒരു തരം റ്റീ ആണെന്ന് തോന്നുന്നു,അത് ഇവിടെ ഇല്ലെന്ന് ഈ ചെറുക്കനെ ,അല്ല കുഞ്ഞിനെ എങ്ങനെ ഒന്ന് പറഞ്ഞു മനസിലാക്കും
ഹായ്, ഐ ആം സമഴ് ...വിത്ത് എ റ്റീ,പയ്യൻ വീണ്ടും പറഞ്ഞു
പയ്യാ റ്റീ നോട്ട് അറ്റ് ഓൾ ഗുഡ് ഫോർ കിഡ്സ് , ജ്യൂസ് ഈസ് ബെസ്റ്റ് ഓഫ് ദി യൂണിവേഴ്‌സ്
വാട്ട്? ഐ ആം സമഴ് ...വിത്ത് എ റ്റീ
അത് തന്നെ പറഞ്ഞത്...ദിസ് സമഴ് വിത്ത് എ റ്റീ ഇല്ലേ? അത് നോട്ട് ഇൻ ദിസ് ഹൌസ്, ദെയർ ആർ ലോട്ട് ഓഫ് ജ്യൂസസ് എവെരി വെയർ ഇൻ ദിസ് ഹൌസ്, എടുക്കട്ടേ?
വാട്ട് ടൂ യൂ മീൻ ?
ഐ മീൻ .റ്റീ ..നോ...ആൻഡ്.. ...ജ്യൂസ് യെസ്
അപ്പോൾ വായനക്കാരി ഇടപെട്ടു, ചേട്ടാ അവൻ പറഞ്ഞത് അവന്റെ പേരാണ്,സമർധ് എന്നാണ്,സമഴ് എന്ന് പറഞ്ഞാലും അതിൽ ടീ ഉണ്ട് എന്നാണ് അവൻ ഉദ്ദേശിച്ചത്
ഓ, അങ്ങനെ , എന്നാൽ ഐ അം അജോയ് വിത്തൌട്ട് എ റ്റീ ഞാൻ പറഞ്ഞു
ങേ? വായനക്കാരി കണ്ണ് തള്ളി എന്നെ നോക്കി
സത്യം, എന്റെ പേരിൽ റ്റീ ഇല്ല
ഭാഗ്യത്തിന് അപ്പോൾ അവിടേക്ക് വന്ന കിച്ചുവിനെ , പ്രാണ രക്ഷാർത്ഥം ഞാൻ നിഷ്ക്കരുണം സമർധിനു മുന്നിലേക്ക് എറിഞ്ഞു കൊടുത്തു ,കിച്ചുവിനെ അവൻ കടിച്ചു കീറവേ ഞാൻ വായനക്കാരിയുമായി സംസാരത്തിൽ ഏർപ്പെട്ടു
ചേട്ടനോട് ഒരു കാര്യം ചോദിക്കണം എന്ന് കുറെ കാലമായി ഞാൻ വിചാരിക്കുന്നു,
മലയാളത്തിൽ അല്ലെ? എന്തും ചോദിക്കാം ,ഞാൻ പറഞ്ഞു
ചേട്ടൻ ഒരു മൃഗസ്നേഹി അല്ലെ? ആണെന്നാണ് പോസ്റ്റുകൾ കാണുമ്പോൾ മനസിലാകുന്നത്
അതെല്ലോ, എന്താ സംശയം.അത് ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമല്ലേ
ചേട്ടൻ മാംസം കഴിക്കാറുണ്ടോ ?
അങ്ങനെ ഇല്ല, വല്ലപ്പോഴും,
എന്ന് വെച്ചാൽ ?
രണ്ട് അവസരങ്ങളിൽ മാത്രം
ഏതൊക്കെ ?
മഴ ഉള്ളപ്പോഴും ,ഇല്ലാത്തപ്പോഴും
എന്തൊക്കെ കഴിക്കും?
അങ്ങനെ ഒന്നുമില്ല.....
പറക്കുന്നതിൽ പ്ലെയിനും ഹെലികൊപ്ടറും വെള്ളത്തിൽ ഉള്ളതിൽ കപ്പലും അന്തർവാഹിനിയും ഒഴികെ എന്ത് കിട്ടിയാലും ഞാൻ തിന്നും എന്ന് മഹാപാപി ശ്യാമ എഴുതി ഒപ്പിട്ടു കൊടുത്തു
വായനക്കാരി മൂക്കത്ത് വിരൽ വെച്ച് ഏതോ അത്ഭുത വസ്തുവിനെ പോലെ പത്തു മിനിറ്റ് നേരം എന്നെ തുറിച്ചു നോക്കി,
ഞാൻ താങ്ങാൻ ആവാത്ത കുറ്റബോധത്തോടെ നിലത്തു നോക്കി ഇരുന്നു,ഇടയ്ക്കിടെ പുരികം പൊക്കി ചമ്മലോടെ വായനക്കാരിയെ നോക്കി
ചേട്ടാ, ഇപ്പോൾ ഈ നിമിഷം എനിക്ക് വാക്ക് തരണം, പറക്കുന്നതോ, നീന്തുന്നതോ ആയ ഒന്നിനെയും കഴിക്കില്ല എന്ന്,
നടക്കുന്ന ഒന്നിനെ തിന്നോട്ടെ എന്ന് എനിക്ക് ചോദിയ്ക്കാൻ തോന്നി, ശ്യാമയെ, അത്ര ദേഷ്യം വന്നു ശ്യാമയോട് ,എല്ലാം പറഞ്ഞു കൊടുത്തിരിക്കുന്നു
കാറ്റത്ത് ആടുന്നതിനെ തിന്നാമോ? ഞാൻ ചോദിച്ചു
അതെന്താ,
നെല്ലും,പിന്നെ ബാക്കി പച്ചക്കറികളും എല്ലാം
ഉം, അത് കഴിച്ചോളൂ, വായനക്കാരിക്ക് ആ തമാശ മനസിലായില്ല
അയ്യയ്യയ്യെ ....വായനക്കാരി ഒരു അലർച്ച
എന്താ എന്താ ,വിളറിയ മുഖത്തോടെ ഞാൻ ചോദിച്ചു
ഇതെന്താ ഇത്,
ഇത് പാന്റ്
അതല്ല, അതിൽ കെട്ടിയിരിക്കുന്ന ആ സാധനം?
ബെൽറ്റ് ..അല്ലെ? ആണല്ലോ ,ബെൽറ്റ് തന്നെ
അത് ലെതർ ബെൽറ്റ് അല്ലെ,
ഉം.
അഴിക്കൂ,
ങേ
അഴിക്കാൻ,ലെതർ സാധനങ്ങൾ ചേട്ടനെ പോലെ ഒരു മൃഗസ്നേഹി ഉപയോഗിക്കാൻ പാടില്ല,
പറയേണ്ട താമസം,സമഴ് വിത്ത് എ ടീ എന്റെ ബെൽറ്റ് വലിച്ച് ഒരൊറ്റ ഊരൽ
അയ്യയ്യയ്യേ .., താഴെ വീഴാൻ പോയ പാന്റ് കൊച്ചു പിള്ളേർ ബട്ടണ്‍ പൊട്ടിയ നിക്കർ പിടിക്കുമ്പോലെ പിടിച്ചു കൊണ്ട് ഞാൻ കസേരയുടെ പുറകിൽ പരുങ്ങി നിന്നു
വെൽ ഡൺ സമഴ് വായനക്കാരി പറഞ്ഞു , ഇനി ആ പേഴ്സ് ,അതെന്താ സാധനം
ലെതർ തന്നെ
ഇങ്ങെടുക്കൂ,
ഞാൻ പഴ്സ് എടുത്തു കൊടുത്തു, വായനക്കാരി ജന്നൽ വഴി അത് വലിച്ചെറിഞ്ഞു
അയ്യോ, പത്തഞ്ഞൂറു രൂപ എന്റെ കാർഡ് എല്ലാം ഉണ്ട്,
സാരമില്ല,ആ പൈസയും കാർഡും നമുക്ക് വേണ്ട ചേട്ടാ,പാപം കിട്ടും കേട്ടോ, മഹാപാപം, ഇങ്ങനെ ആൾക്കാർ ഉപയോഗിക്കാതെ ആവുമ്പോൾ ജന്തുക്കളെ കൊന്നൊടുക്കുന്നത് നിന്നു പൊക്കോളും,
നിറഞ്ഞൊഴുകിയ കണ്ണ് നീരിൽ കൂടി ഞാൻ കണ്ടു, ലെതർ ബാഗും പേഴ്സും എല്ലാം ഒളിച്ചു വെക്കുന്ന വായനക്കാരിയുടെ അമ്മയെയും ശ്യാമയെയും, ബുദ്ധിമതികൾ,
പിന്നെയും പത്തു മിനിറ്റ് കൂടി എന്നെ ഉപദേശിച്ചു ഒരു വഴിക്ക് ആക്കിയ ശേഷം വായനക്കാരിയും അമ്മയും സമഴ് വിത്ത് എ റ്റീയും തിരികെ പോയി
ഞാൻ പറഞ്ഞു , എന്താണ് ശ്യാമേ ഇത്? കുറച്ചു ഓവർ അല്ലെ?
ഹേ, എല്ലാം നല്ല പ്രയോജനം ഉള്ള കാര്യങ്ങൾ അല്ലെ പറഞ്ഞത്, എനിക്കിഷ്ട്ടപ്പെട്ടു, എല്ലാരും മാംസ ഭക്ഷണം ഒക്കെ നിറുത്തിയാൽ ലോകം എന്തു നന്നാവും അല്ലെ? ആ കുട്ടി പറഞ്ഞത് അനുസരിക്കണം
ഞാൻ ഒന്നും മിണ്ടാതെ പതുക്കെ മുകളിലേക്ക് പോയി,കുറച്ചു കഴിഞ്ഞ് കുളിച്ചു വേഷം മാറ്റി ഭസ്‌മമിട്ട് ഒരു കാവി മുണ്ട് ഉടുത്ത് ഒരു കാവി മുണ്ട് മേലിലും ചുറ്റി ഇറങ്ങി വന്നു, പിന്നെ കണ്ണ് തള്ളി ഇരുന്ന ശ്യാമയോടു ഇങ്ങനെ മൊഴിഞ്ഞു
ശ്യാമേ ഞാൻ എന്റെ പേര് മാറ്റി, ശിഷ്ടകാലം നോം അജോയ്‌തമ ബുദ്ധൻ എന്നറിയപ്പെടും, ,ഇന്ന് മുതൽ അവൽ നനച്ചത് ,പഴം വേവിച്ചത്,ആട്ടിൻ പാൽ എന്നിവ മാത്രമേ നോം സേവിക്കൂ ....
ആണാ... നന്നായി ..ഇപ്പൊ എങ്ങോട്ട് പോകുന്നൂ ??
ഗദ്ഗദം നിയന്ത്രിച്ചു കൊണ്ട് ഞാൻ പറഞ്ഞു ....നോം ചെട്ടികുളങ്ങര വരെ ഒന്ന് പോയിട്ട് വരാം, പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നിക്കറിൽ കെട്ടിയിരുന്ന ചുവന്ന പ്ലാസ്റിക് ബെൽറ്റ് ഉണ്ടോന്നു നോക്കട്ടെ, നാളെ ഓഫീസിൽ പോകാൻ ഉള്ളതാണ്...ഓം ഡിസ്കോ ശാന്തി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക