Showing posts with label AnsarSalam. Show all posts
Showing posts with label AnsarSalam. Show all posts

#മരുഭൂമിയിലെ_മഴ


നഗരത്തിരക്കുകളെ നിശ്ചലമാക്കി അലറിപ്പെയ്യുന്ന മഴ...
അഴുക്കും ചെളിയും നിറഞ്ഞ നിരത്തുകളില്‍ വാഹനങ്ങള്‍ പലതും ചത്തു കിടന്നു... ചിലത് ഉറക്കെ നിലവിളിച്ചു...
ഇടയ്ക്കിടെ മുന്‍വശത്തെ ചില്ല് തുടച്ചും, മഴയെ ശപിച്ചും അകലേക്ക് കണ്ണുംനട്ട് ഡ്രൈവര്‍മാര്‍...
നോക്കെത്താദൂരം വാഹനങ്ങളുടെ നീണ്ട നിര...
അക്ഷമരായ യാത്രക്കാര്‍ ഫേസ്ബുക്കില്‍ മഴ സ്റ്റാറ്റസ് ഇട്ടും സെല്‍ഫി ഭ്രമത്തില്‍ മതിമറന്നും അങ്ങനെയങ്ങനെ...
പരദൂഷണത്തിന്ടെ രസം ആസ്വദിച്ചു മറ്റു ചിലര്‍...
ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതറിഞ്ഞു പലരും കുണ്ഠിതപ്പെട്ടു...
വരേണ്ടിയിരുന്നില്ല... ഇതിപ്പോ ചെകുത്താനും കടലിനും മധ്യേ...
ചില വിരുതന്മാര്‍ ബോസിനെ വിളിക്കുന്നു...
''സര്‍ ഭയങ്കര ട്രാഫിക്കാ..അവിടെ എപ്പോ എത്തുമെന്ന് പറയാന്‍ കഴിയില്ല...''
മറുപടി പ്രതീക്ഷിച്ചത് തന്നെ..
''ആരും എത്തിയിട്ടില്ല... തിരികെ പൊയ്ക്കോളൂ...''
വിളിച്ചയാള്‍ വീട്ടിലാണെന്ന് ബോസ് ഉണ്ടോ അറിയുന്നു...
വാഹന പ്രളയത്തില്‍ വീര്‍പ്പ് മുട്ടുന്ന റോഡുകള്‍...
ഡ്രൈനേജുകള്‍ നിറഞ്ഞു മഴവെള്ളം റോഡിലേക്ക് ഇരച്ചു കയറി...
റിംഗ് റോഡുകള്‍ക്ക് താഴെയുള്ള റോഡുകള്‍ പലതും അപ്രത്യക്ഷമായി...
ഗസ്സാലി ബ്രിഡ്ജിനു കീഴെ മുക്കാലും മുങ്ങിയ വാഹനത്തിലെ യാത്രക്കാരെ പുറത്തെടുക്കാനുള്ള ഫയര്‍ ഫോഴ്സിന്ടെ തീവ്രയജ്ഞം..
സൈറണ്‍ മുഴക്കിയും ലൈറ്റുകള്‍ പ്രകാശിപ്പിച്ചും ഊര്‍ധ്വശ്വാസം വലിച്ചു ആംബുലന്‍സുകള്‍...പോലീസ് വണ്ടികള്‍...
വൈപ്പറിന്ടെ ദ്രുതചലനത്തിലും മുന്‍പിലെ കാഴ്ച അവ്യക്തം...
ഇരുണ്ട ആകാശത്തിന്‌ കീഴെ മഴ...
അതങ്ങനെ പെയ്യുകയാണ്...
കര്‍ക്കിടക മഴ പോലെ...
മഴയിങ്ങനെ തുടര്‍ന്നാല്‍...?
റോസ് മേരിക്ക് ആധിയേറി...
ആശുപത്രിയില്‍ നിന്നുള്ള യാത്രയിലായിരുന്നു അവള്‍...
മണിക്കൂര്‍ രണ്ടാവുന്നു ഇരിപ്പ് തുടങ്ങിയിട്ട്,
പാതിവഴി പോലുമായില്ല ഇരുപതു മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരം...
അഞ്ചു ദിവസമായി തുടരുന്ന നൈറ്റ് ഡ്യൂട്ടി...
തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടിക്കിടുന്ന മേട്രനെ പച്ചക്ക് തിന്നാനുള്ള ദേഷ്യമുണ്ട്...
അവരെ സുഖിപ്പിച്ചു നിര്‍ത്തുന്നവര്‍ക്ക് പല സൗജന്യങ്ങളും കിട്ടും...
ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ക്ക് ആട്ടും തുപ്പും...
വാസ്തയില്‍ (റെക്കമെന്ടെഷന്‍) കയറിയ ഗ്രെയ്സിന്ടെ തുള്ളിച്ച ഒന്ന് കാണേണ്ടതാ...
തൊലിവെളുപ്പിന്ടെ പുറത്ത് അവളങ്ങനെ വിലസി നടക്കുവാ...
ഓര്‍ക്കുംതോറും റോസ് മേരിക്ക് കരച്ചില്‍ വന്നു...
''എന്താടാ, വല്ലാത്തിരിക്കുന്നെ ..?
അവള്‍ അലീനയെ നോക്കി മന്ദഹസിച്ചു...
''മോനിപ്പോ വാശി പിടിക്ക്ണ്‌ണ്ടാവും...
ഞാന്‍ ചെല്ലാതെ ഒരു വസ്തു കഴിക്കില്ല...
ഇച്ചായന്ടെ കാര്യം പറയാതിരുക്കുവാ ഭേദം..
ഫുഡ് എടുത്ത് ഓവനില്‍ വെച്ചു ചൂടാക്കാന്‍ പോലും ഇപ്പഴും അറിയില്ല...''
അലീന വേവലാതിയോടെ പറഞ്ഞു.
''സിലോണി ഇപ്പോള്‍ കയറു പൊട്ടിക്ക്ണ്‌ണ്ടാവും...
കുഞ്ഞിന് പാല് കൊടുത്തോ എന്തോ ?
ചെന്ന് യൂണിഫോം മാറാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ പോകാന്‍ ധൃതി പിടിക്കും നൂറു ദീനാര്‍ എണ്ണിക്കൊടുക്കുന്നതാ...''
മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്യുന്നതിനിടെ മരിയ പോള്‍ പിറുപിറുത്തു..
മഴയുടെ ചരിത്രം വിവരിക്കുയാണ് സിസ്റ്റര്‍ ഏലിക്കുട്ടി..
ഞങ്ങളൊക്കെ വര്ണ കാലത്ത് ഒരു മഴേണ്ടായിരുന്നു...
എന്നാ ഒരു മഴയാരുന്നു...!
ആറു പേരാ അന്ന് മുങ്ങി മരിച്ചത്...''
സംസാരത്തിലൊന്നും ആയിരുന്നില്ല റോസ് മേരി..
ഇന്നലെ ഫിലിപ്പുമായി വീണ്ടും പിണങ്ങി..
വീട്ടുകാരും ബന്ധുക്കളും ചോദിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു...
വിശേഷം ഒന്നും ആയില്ലേ ..?
മറുപടി പറഞ്ഞു മടുത്തു...
ചെക്കപ്പിന് വിളിച്ചാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നു പറഞ്ഞു ഫിലിപ്പ് ഒഴിഞ്ഞു മാറും...
രണ്ടാഴ്ചയായി കിടപ്പ് പോലും വേറെയാണ്...
ബാല്‍ക്കണിയില്‍ ഉണങ്ങാനിട്ട തുണികള്‍ എടുത്തു വെയ്ക്കാന്‍ പ്രത്യേകം പറഞ്ഞാണ് കിടക്കാന്‍ പോയത്..
ഉറക്കം എണീറ്റ് വരുമ്പോള്‍ ആളുണ്ട് ടിവിക്ക് മുന്‍പില്‍...
പൊടിക്കാറ്റടിച്ചു അലങ്കോലമായി തുണികള്‍ എല്ലാം അതേപടി കിടപ്പുണ്ട്...
പതിവില്ലാതെ അടുക്കളയില്‍ കയറിയിട്ടുണ്ടല്ലോ..
''ഫിലിപ്പ് എന്തായി ചെയ്തു വെച്ചിരിക്കുന്നെ..?
''ബിരിയാണി അരിയുടെ ചോറിന് നല്ല ടേയ്സ്റ്റാ... ''
ഫിലിപ്പ് നിന്ന് പരുങ്ങുന്നു..
''ഇതെന്താ ചിക്കന്‍ കറിക്ക് ഉലുവയുടെ മണം..?
റോസ് മേരിക്ക് അരിശം വന്നു..
സഹായിക്കാന്‍ പറഞ്ഞതിന്ടെ ശിക്ഷ...
''ഫിലിപ്പ് വന്നിട്ടിപ്പോ മാസം എത്രായീന്നറിയോ...?
എപ്പഴും ഇവിടിങ്ങനെ കുത്തിപ്പിടിച്ചിരുന്നാല്‍ ആരെങ്കിലും ജോലി കൊണ്ട് തരുമോ ?അന്വേഷിക്കണം..
ഒരു വിസക്ക് വേണ്ടി പെട്ട പാട് എനിക്കല്ലേ അറിയൂ..
എല്ലാം പറഞ്ഞിരുന്നതല്ലേ...സെലീനേടെ കെട്ട്യോന്‍ വന്നു ഒരുമാസം ആയതേയുള്ളൂ,നല്ല ഏതോ കമ്പനിയില്‍ ജോലിക്ക് പോയിത്തുടങ്ങി..
എന്നാല്‍ എനിക്കൊരു സഹായം ആവുമെന്ന് കരുതി അതുമില്ല.
ഡ്യൂട്ടിയും വീട്ടുജോലിയും കൂടി എന്റെ നടുവൊടിച്ചു...''
ഫിലിപ്പ് ജോലിക്ക് പോയിത്തുടങ്ങി, ഒരു മെയ്ഡിനെ വെക്കണമെന്നും,
ഷെയറിംഗ് വിട്ടു ഒരു ഫ്ലാറ്റ് നോക്കണമെന്നും ഒക്കെ കരുതിയിരുന്നതാ.
എല്ലാം വെറുതെ...''
റോസ് മേരിയുടെ സ്വരത്തില്‍ നിരാശ...
''ഞാനിപ്പോ എന്ത് വേണമെന്നാ...?
ഏതെങ്കിലും പരിചയക്കാരുടെ കെയറോഫില്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു തരാന്‍ പറഞ്ഞിട്ട് നാളെത്രയായി...
അതിനൊക്കെ നിനക്കെവിടാ നേരം..?
സ്വന്തം വീട്ടുകാരുടെ കാര്യമാണല്ലോ ഇപ്പഴും വലുത്..
അപ്പന്ടെ സുഖ ചികിത്സക്കും അനിയത്തിയുടെ കല്യാണത്തിനും അനിയന്ടെ പഠിപ്പിനുമൊക്കെ ചെലവാക്കാന്‍ നിന്ടെ കയ്യില്‍ പണമുണ്ട്..ഒരു സിഗരറ്റ് വാങ്ങണമെങ്കില്‍ പോലും നിന്ടെ മുന്‍പില്‍ കൈ നീട്ടേണ്ട ഗതി... കുവൈത്ത് എന്ന് കേട്ട് ചാടിപ്പുറപ്പെട്ടതിന്ടെ ഫലം..
മൂത്തുനരച്ച നിന്നെ എന്ന് കെട്ടിയോ അന്ന് തുടങ്ങി എന്റെ കഷ്ടകാലം..
നാട്ടില്‍ ഉണ്ടാര്‍ന്ന ജോലീം പോയി നീ എന്നെക്കൊണ്ട് അധികം പറയിക്കേണ്ട...''
''ഹോ ഇനി വണ്ടി കൂടി ഓടിക്കാത്തതിന്ടെ ഒരു കുറവേയുള്ളൂ..
ബാക്കിയെല്ലാം ആയി...
സീമയുടെ വിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്..
''എറങ്ങുന്നില്ലേ...?
വണ്ടി അബ്ബാസിയയില്‍ എത്തിയിരിക്കുന്നു...
വഴിയില്‍ മുട്ടോളം വെള്ളം...
വല്ല വിധേനയും ലിഫ്റ്റില്‍ മുകളിലെത്തി, ടോയ്‌ലറ്റില്‍ പോയി വന്നപ്പോഴാണ് ആശ്വാസം ആയത് ആണുങ്ങള്‍ക്ക് എങ്ങനെയും അഡ്ജസ്റ്റ് ചെയ്യാം പെണ്ണുങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ...
ഏറെ നേരം വണ്ടിയിലിരുന്നു കാലുകള്‍ മരവിച്ചിരിക്കുന്നു...
നീണ്ടു നിവര്‍ന്നൊന്നു കിടക്കണം..
എവിടെ ഫിലിപ്പ്..?
കിടപ്പ് മുറിയില്‍ ഒരു കുറിപ്പ് റോസ് മേരിയുടെ കയ്യിലിരുന്നു വിറ കൊള്ളുന്ന കടലാസില്‍ ഇത്രമാത്രം...
''ഞാന്‍ പോകുന്നു, ഇനിയും ഒരു ഭര്‍ത്താവുദ്യോഗം നോക്കാന്‍ എന്നെക്കൊണ്ടാവില്ല..''
ഫിലിപ്പ് തലേന്ന് പറഞ്ഞ വാചകങ്ങള്‍ ആണ് ഓര്‍മയില്‍ എത്തിയത്..
''എന്ത് വേണമെന്ന് എനിക്കറിയാം ഇനീം വൈകീട്ടില്ല..''
ഉള്ളില്‍ ഒരു പെരുമഴയുടെ ഇരമ്പം ഉയര്‍ന്നു തുടങ്ങുന്നത് ഞെട്ടലോടെ അവള്‍ തിരിച്ചറിഞ്ഞു..
അന്‍സാര്‍ സലാം.

റോസ്_ഗ്രെയ്സ്


മഞ്ഞു പെയ്യുന്ന ആകാശ മേലാപ്പിന് കീഴെ മരുഭൂമി വിറങ്ങലിച്ചു കിടന്നു...
ഇരുണ്ട മേഘക്കൂട്ടങ്ങള്‍ക്ക് പിറകിലെങ്ങോ മറഞ്ഞ പകല്‍ വെളിച്ചം.
റോഡില്‍ തിരക്ക് നന്നേ കുറവ് വളരെ പതുക്കെയാണ് വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത് മുന്‍വശത്തെ ചില്ലില്‍ പെയ്തിറങ്ങുന്ന മഞ്ഞുതുള്ളികള്‍..
വൈപ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ദൂരക്കാഴ്ച നന്നേ കുറവ്..
ഹെഡ് ലൈറ്റുകള്‍ പ്രകാശിപ്പിച്ചു വണ്ടി ഡ്രൈവ് ചെയ്യുമ്പോള്‍ ഒരു രാത്രി മഴയുടെ പ്രതീതിയാണ് ഉള്ളിലുണര്‍ന്നത്.
സുഹൃത്തിനെ പിക്ക് ചെയ്യാന്‍ വേണ്ടി ഇറങ്ങിയതാണ്.
പക്ഷെ അതിനി നടക്കുമെന്ന് തോന്നുന്നില്ല, മോശം കാലാവസ്ഥ കാരണം വിമാനം ബഹ്റിനിലേക്ക് വഴി തിരിച്ചു വിട്ടെത്രേ..
മുന്‍പിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് മൊബൈല്‍ ശബ്ദിച്ചത്.
ദീപുവാണ് ലൈനില്‍..
''നീയറിഞ്ഞോ എട്ടാം നിലയില്‍ താമസിച്ചിരുന്ന ആ ഇന്തോനേഷ്യന്‍ പെണ്‍കുട്ടി മരിച്ചു,
അല്പം മുന്‍പ് ... ആത്മഹത്യയാണെന്നാ അറിഞ്ഞത്...''
അവന്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.
വണ്ടി വല്ല വിധേനയും വലതു വശത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറ്റിയതോര്‍മ്മയുണ്ട്.
കേട്ടതൊന്നും സത്യമാവാതിരിക്കട്ടെ...
അറിയാതെ പ്രാര്‍ത്ഥിച്ചു പോയി..
മറ്റു ചില സുഹൃത്തുക്കള്‍ക്ക് വിളിച്ചപ്പോള്‍ സംഗതി ശരിയാണെന്ന് പറഞ്ഞു.
അസ്ഥി തുളക്കുന്ന തണുപ്പിലും ശരീരം ചുട്ടു പൊള്ളുന്നു...
മനസാന്നിധ്യം വീണ്ടെടുക്കാന്‍ കുറെ സമയം വേണ്ടി വന്നു...
ഇന്ന് രാവിലെയും അവള്‍ കടയില്‍ വന്നിരുന്നു...
റോസ്..
അനിയന് വേണ്ടി കളര്‍ പെന്‍സിലുകള്‍ വാങ്ങുന്നതിനിടെ അവള്‍ പറഞ്ഞു
''ജോ നന്നായി ചിത്രം വരക്കും, പഠിക്കാനും മിടുക്കനാണ്.
അവനാണ് ഇനിയുള്ള ഞങ്ങളുടെ പ്രതീക്ഷ...''
അതുപറയുമ്പോള്‍ ആ കണ്ണുകളില്‍ സന്തോഷത്തിന്ടെ തിളക്കം ഞാന്‍ കണ്ടു.
ഇല്ല ഞാനറിയുന്ന റോസിന് ഒരിക്കലും സ്വയം മരിക്കാനാവില്ല
പിന്നീടുള്ള യാത്രയിലുടനീളം മനസിനെ മഥിച്ചു കൊണ്ടിരുന്നത് ദീപുവിന്ടെ വാക്കുകള്‍...
മാസങ്ങള്‍ക്ക് മുന്പ് അവളെയാദ്യമായി കണ്ടത് വ്യക്തമായി ഓര്‍ക്കുന്നു...
നന്നേ തിരക്കൊഴിഞ്ഞ സായാഹ്നം... ചില്ലുവാതില്‍ പതിയെ തുറന്നു അകത്തേക്ക് വന്ന ഒരു പെണ്‍കുട്ടി...ഓമനത്തം തുളുമ്പുന്ന മുഖം..
അറബിയും ഇംഗ്ലീഷും കലര്‍ന്ന അവളുടെ സംസാരവും കൌതുകമുണര്‍ത്തുന്നതായിരുന്നു...
സ്കൂള്‍ വിദ്യാര്‍ഥിയുടെ മട്ടും ഭാവവും ഉള്ള അവളെ കണ്ടപ്പോള്‍ ചോദിയ്ക്കാന്‍ തോന്നിയതാണ്..
മോളെ നിനക്കൊക്കെ ആരാ കുവൈത്തിലേക്ക് വിസ തന്നതെന്ന്...
ഒരു പാക്ക് മള്‍ബറോ വാങ്ങി അവള്‍ പൊയ്ക്കഴിഞ്ഞിട്ടും ആ മുഖം അത്ര പെട്ടെന്ന് മറക്കാനായില്ല..
നാട്ടിലുള്ള പെങ്ങളുടെ മുഖമായിരുന്നു മനസ്സില്‍...
അവള്‍ പിന്നെയും വന്നു...
അപരിചിതത്വം വിട്ടുമാറിയതോടെ അവള്‍ പലപ്പോഴായി അവളുടെ കഥ പറഞ്ഞു...
അവള്‍ക്ക് എട്ട് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു, മൂത്തത് ചേച്ചി
പിന്നെ ഞാനും അനിയന്‍ ജോയും...
ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെയാണ് സമാധാനം എന്തെന്ന് അറിഞ്ഞത്...അമ്മക്ക് നടു നിവര്‍ത്താമെന്നായി ..
തുണിമില്ലില്‍ ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന അമ്മയോട് ചേട്ടന്‍ തന്നെയാണ് ഇനി ജോലിക്കൊന്നും പോകേണ്ടന്നു പറഞ്ഞത്.
ചേച്ചിയുടെ ഭര്‍ത്താവ് കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്താതെ നോക്കി നടത്തി...
ഒരച്ഛന്ടെ അഭാവം ഞങ്ങള്‍ അറിഞ്ഞതേയില്ല.
അതു കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തതയാണെന്ന് തിരിച്ചറിയാന്‍ വൈകി.
ചേട്ടന്ടെ സ്വഭാവത്തില്‍ വന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തി..
ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല, വാത്സല്യത്തോടെയുള്ള പെരുമാറ്റത്തില്‍ അപാകതയൊന്നും തോന്നിയതുമില്ല..
ആരുമില്ലാത്ത സന്ദര്‍ഭങ്ങളില്‍ അയാള്‍ പലപ്പോഴും പരിധി വിട്ടു.
വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കുക... ബോധപൂര്‍വം ശരീരത്തില്‍ സ്പര്‍ശിക്കുക.
ചേച്ചിയെ ഓര്‍ത്തു എല്ലാം സഹിച്ചു... പിന്നീടുള്ള ഓരോ ദിവസവും തീ തിന്നുകയായിരുന്നു..
ചേച്ചിയുടെ രണ്ടാമത്തെ പ്രസവം...
വീട്ടില്‍ ഞാന്‍ തനിച്ച്, അമ്മ ചേച്ചിയുടെ കൂടെ ആശുപത്രിയില്‍
സമയം സന്ധ്യയോട് അടുത്തിരുന്നു...
അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു അയാളുടെ വരവ്...
ഞാനാകെ പകച്ചു പോയി...
അയാളുടെ കഴുകന്‍ കണ്ണുകള്‍ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു.
'' റോസ് ഈയൊരു പ്രാവശ്യത്തേക്ക് മാത്രം,
പിന്നെയൊരിക്കലും ഞാനൊരു ശല്യമാകില്ല..''
യാചനയുടെ സ്വരം, അയാള്‍ അടുത്തേക്ക്‌ വരികയാണ്...
''ചേട്ടനിപ്പോള്‍ പുറത്തേക്ക് പോകൂ ഇല്ലെങ്കില്‍ ഞാന്‍ ബഹളം വെച്ച് അയല്‍ക്കാരെ അറിയിക്കും...''
എങ്ങനെയോ ധൈര്യം സംഭരിച്ചു അത്രയും പറഞ്ഞു.
തല്ക്കാലം പിന്‍വാങ്ങിയെങ്കിലും തിരിച്ചു നടക്കുമ്പോള്‍ ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല.
''സഹകരിച്ചാല്‍ നിനക്കും നിന്ടെ ചേച്ചിക്കും കൊള്ളാം,
അല്ലെങ്കില്‍ അവളെ ഉപേക്ഷിക്കാനും മടിച്ചെന്നു വരില്ല,
എടുത്തോളാം നിന്നെ...''
അമ്മയോട് എല്ലാം തുറന്നു പറഞ്ഞു...
അയാളെ എതിര്‍ക്കാന്‍ അമ്മയും അശക്തയായിരുന്നു
എങ്ങനെയും അവിടെനിന്നും രക്ഷപ്പെടുക അത് മാത്രമായിരുന്നു ചിന്ത...ഒടുവില്‍ വളരെ പണിപ്പെട്ട് ഇവിടെയെത്തി..
സൂപ്പര്‍ മാര്‍ക്കറ്റിലെ പണിക്കെന്നാ ഏജന്ട് പറഞ്ഞത്.
എത്തിപ്പെട്ടതോ അറബിയുടെ വീട്ടിലും...
രണ്ടു മാസത്തോളം പാതിരാ വരെ എല്ലുമുറിയെ പണി ചെയ്തിട്ടും പറഞ്ഞ ശമ്പളമോ എന്തിന് ശരിക്ക് ആഹാരം പോലും കിട്ടിയില്ല...''
സംസാരത്തിനിടെ വാക്കുകള്‍ കിട്ടാതെ അവള്‍ വിതുമ്പി...
എല്ലാം വെറുതെ...
അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.
രണ്ടാഴ്ച മുന്‍പ് കാണുമ്പോള്‍ അവള്‍ പതിവിലും സന്തോഷവതിയായിരുന്നു...
ഏജന്‍സി ഓഫീസില്‍ വെച്ചു പരിചയപ്പെട്ട നിങ്ങളുടെ നാട്ടുകാരന്‍ നല്ല ഒരു ജോലി തരാമെന്നു പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ ശമ്പളവും കിട്ടും...
ചില പേപ്പറുകള്‍ കൂടി ശരിയാവാനുണ്ട്...
ഇന്നു രാവിലെ അതെപ്പറ്റിയൊന്നും ചോദിയ്ക്കാന്‍ കഴിഞ്ഞില്ല..
നല്ല തിരക്കായിരുന്നു കടയില്‍..
തിരികെ റൂമില്‍ എത്തിയപ്പോള്‍ വല്ലാത്ത തളര്‍ച്ച,
കണ്ണടച്ചു കിടന്നു, കട പൂട്ടി ദീപു വന്നതും ഭക്ഷണം കഴിക്കുന്നതും അറിയുന്നുണ്ടായിരുന്നു...
'' നീ കഴിക്കുന്നില്ലേ ..?
ഇടയ്ക്ക് അവന്‍ വിളിച്ചു ചോദിച്ചു.
നല്ല വിശപ്പില്ല...''
പിറ്റേന്ന് ദീപുവില്‍ നിന്നാണ് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്...
'' അവള്‍ ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടിയതാ... ശരിക്കും വസ്ത്രം പോലും ധരിച്ചിരുന്നില്ല...ഒന്നേ നോക്കിയുള്ളൂ...''
നക്ഷത്രവേശ്യാലയ നടത്തിപ്പുകാരുടെ പിടിയില്‍ പെടുകയായിരുന്നു അവള്‍...
പണവും സ്വാധീനവുമുള്ള അവര്‍ക്ക് അവളുടെ മരണം പോലും ആത്മഹത്യയാക്കാനും എളുപ്പം സാധിച്ചു...
ഭ്രാന്ത് ആയിരുന്നെന്ന് സമര്‍ഥിക്കാനും അവര്‍ മടിച്ചില്ല..
'' നാട്ടില്‍ പോകുമ്പം ബ്രദറിന്ടെ കൂടെ ഞാനും വരുന്നുണ്ട്...''
അകമ്പടിയായി കുപ്പിവള കിലുങ്ങും പോലുള്ള അവളുടെ ചിരി..
''തീര്‍ച്ചയായും ...
പെങ്ങളോട് പറഞ്ഞിട്ടുണ്ട് നിന്നെ കുറിച്ച്...
അവള്‍ക്കു നിന്നെ വല്യ ഇഷ്ടമാ...''
റിയലീ ...?
അവിശ്വസനീയതയോടെ അവളുടെ ചോദ്യം.
ഓര്‍മ്മകള്‍ ഹൃദയത്തില്‍ തിങ്ങുന്നു...
കണ്‍കോണില്‍ പിടയുന്ന ഒരു തുള്ളി കണ്ണുനീര്‍...
റോസ്, എന്നോട് പൊറുക്കുക....
നിന്നെ രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ.
പുറത്തെ മഞ്ഞിന്ടെ പുകമറക്കുള്ളില്‍ അവളുടെ ചിരിക്കുന്ന മുഖം..
റോസ്...
റോസ് ഗ്രെയ്സ്....
അറിയാതെ മന്ത്രിച്ചു പോയി...
ചലനം നഷ്ടപ്പെട്ടു നില്‍ക്കെ ഞാന്‍ കണ്ടു അവള്‍ നോക്കെത്താ ദൂരേക്ക് അകന്നു പോകുന്നു...
അന്‍സാര്‍ സലാം.

അനിവാര്യതയുടെ അനുസ്യൂതമായ യാത്ര


ക്ഷണികവും നശ്വരവും ആണ് ജീവിതം പരമാവധി അറുപതോ എഴുപതോ കൊല്ലം ജീവിച്ച് ഓര്‍മകളുടെ ശവപ്പറമ്പില്‍ മോഹങ്ങളും മോഹ ഭംഗങ്ങളും ബാക്കി വെച്ച് അനിവാര്യതയുടെ അനുസ്യൂതമായ യാത്ര...
മരണത്തിന്ടെ പടിക്കെട്ടില്‍ നിന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നും ജീവിതത്തിലെ അവിസ്മരണീയമായ ഓരോ നിമിഷങ്ങളും ഒരു ചലച്ചിത്രം എന്നോണം മനസിലൂടെ കടന്ന് പോകും.. എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്‌
ബാല്യത്തിലെ കുതൂഹലതകളും കൗമാരത്തിലെ അപക്വതയും തീക്ഷ്ണ യവ്വനത്തിന്ടെ പാകപ്പിഴകളും കടന്ന് തിരിച്ചറിവിന്ടെ ശാന്ത ഭൂമികയില്‍ കാലുറപ്പിക്കും മുന്‍പേ വര്‍ദ്ധക്യത്തിന്ടെ ഭയവും അരക്ഷിതാവസ്ഥയും പിടികൂടുകയായി..
ജീവിതം ഒരു മരമാണ് തണല്‍ നല്‍കുന്ന ഇലകളും ചില്ലകളും ഉള്ള ഒരു വന്‍ മരം.. പക്ഷികള്‍ ചേക്കേറുകയും അവയിലെ കായ്കനികള്‍ ഭക്ഷിക്കുകയും ചെയ്യും.. ഹൃദയങ്ങളില്‍ സുഗന്ധത്തിന്ടെ വര്‍ണ്ണം വിരിയിച്ച പൂക്കളുടെ ചാരുത... അതൊരു പുണ്യം തന്നെയാണ് ഹൃദയത്തില്‍ നന്മയുടെ മരം നട്ട് വളര്‍ത്തിയാല്‍ മാത്രമേ അത് വളര്‍ന്ന് മരമായി ചുറ്റിലും സൌരഭ്യവും സൗന്ദര്യവും നിറക്കൂ..
നിര്‍മലമായ ഹൃദയദലങ്ങള്‍ മനസുകള്‍ക്ക് ഇടയില്‍ സ്നേഹത്തിന്ടെ അദൃശ്യമായ പാലം തീര്‍ക്കും.. ലോകം നില നില്‍ക്കുവോളം സ്നേഹത്തിന്ടെ ദീപ്തവും സ്നിഗ്ദ്ധവുമായ ഓര്‍മ്മകള്‍ മനസുകളെ ആര്‍ദ്രമാക്കും തീര്‍ച്ച.അതിരുകളില്ലാത്ത സ്നേഹഗീതികള്‍ മുഴങ്ങട്ടെ... നമ്മുടെയുള്ളിലെ നന്മ മരം വളര്‍ന്ന് പന്തലിക്കട്ടെ..

By: 
Anzar Salam 

ഹാജ്യാരുടെഹീറോസൈക്കിള് - ഭാഗം-2


ഞാന്‍ ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് വരുമ്പോഴും ഹാജ്യാര്‍
അക്ഷമനായി മുറ്റത്തൂടെ നടക്കുന്നുണ്ട്...
''വെക്കം ബരീന്‍...''
എന്നെ കണ്ട ഹാജ്യാര്‍ നടത്തം തുടങ്ങി...
ഞാന്‍ പിറകെയും... പക്ഷെ ഒപ്പം എത്താന്‍ നമ്മള്‍ ഓടേണ്ടി വരും..
അത്രക്ക് സ്പീഡാണ് ഹാജ്യാരുടെ നടത്തം.
ഗഫൂര്‍ ഗള്‍ഫിലേക്ക് തിരിച്ചുപോയപ്പോള്‍ എന്നെയാണ് വണ്ടിയോടിക്കാന്‍ ഏല്‍പ്പിച്ചത്... അങ്ങനെ സ്ഥിരമായി ഓട്ടം ഒന്നും കാണില്ല... അടുത്തൊക്കെ ഹാജ്യാര്‍ ഒട്ടോയിലാണ് പോവുക...
ദൂരെ എവിടേലും പോകാന്‍ ഉണ്ടെങ്കിലും തലേദിവസം തന്നെ പറയും...
ഗഫൂര്‍ പോകും മുന്‍പ് എന്നെ മാറ്റി നിര്‍ത്തിക്കൊണ്ട് പറഞ്ഞു ''വണ്ടി സൂക്ഷിച്ചു ഓടിച്ചാ മതി, അത്ര സ്പീഡ് ഒന്നും വേണ്ട...
പിന്നെ ഒരു കാര്യം ഉപ്പയുടെ സ്വഭാവം നിനക്കറിയാലോ മൂപ്പര്‍ പലതും പറയും അതൊന്നും നീയത്ര കാര്യായിട്ട് എടുക്കേണ്ട ...''
ഗഫൂര്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി, വണ്ടി നല്ല വേഗതയില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നായിരിക്കും ഹാജ്യാരുടെ നിര്‍ദേശം.
''ബണ്ടി ഇബടെ നിര്‍ത്ത്...''
പോരാത്തതിന് എത്ര സ്പീഡില്‍ പോയാലും മൂപ്പര്‍ക്ക് വേഗം പോര എന്നാ സ്ഥിരം പരാതി... എന്താ ബസീറെ ഇജ്ജ് ഈ കാട്ടണേ... ചവിട്ടി ബിട്... സൂചി മുട്ടട്ടെ...''
ഹജ്യാരെ
ഓടിക്കൊണ്ടിരിക്കുന്ന വണ്ടി അങ്ങനെ പെട്ടെന്ന് നിര്‍ത്താനൊന്നും പറ്റില്ലെന്ന് പറഞ്ഞാല്‍ ഹാജ്യാര്‍ ഉണ്ടോ കേള്‍ക്കുന്നു...
''അനക്കെന്താ നിര്‍ത്തിയാല് ഞമ്മളെ ബണ്ടി ഞമ്മക്ക് തോന്നും പോലെ നിര്‍ത്താം ന്തേയ് ...ഇജ്ജ് അന്നേ പടിപ്പിക്കൊന്നും മാണ്ട ബസീറെ ...''
ഹാജ്യാര്‍ അങ്ങനെ ഒരോ ചിന്തകളില്‍ അഭിരമിച്ചിരിക്കുമ്പോള്‍ ആവും പെട്ടെന്ന് ഇടയ്ക്ക് എവിടേലും കേറാനുള്ള കാര്യം ഓര്‍മ വരിക
അപ്പോഴാണ് ഈ പെട്ടെന്നുള്ള തിരിക്കലും നിര്‍ത്തലുമൊക്കെ വേണ്ടി വരിക...
ഗഫൂര്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ഉള്ളത് കൊണ്ട് ഞാന്‍ ഒരു മയത്തിനൊക്കെ അങ്ങനെ ഹാജ്യരെയും കൊണ്ട് സ്റ്റിയറിംഗ് പിടിച്ചു...
യാത്ര കാറില്‍ ആയിട്ടും പഴയ സൈക്കിള്‍ ഉണ്ടാക്കിയ ഹാംഗ് ഓവറിലാണ് ഹാജ്യാര്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
കാര്‍ വാങ്ങിയ ദിവസം തന്നെ ഹാജ്യരെയും കയറ്റി ഗഫൂര്‍ കുറ്റിലക്കടവ് ചന്തയിലേക്ക് പോയി, ഞാന്‍ പിറകിലെ സീറ്റിലും ഹാജ്യാര്‍ മുന്നിലും
വീട്ടില്‍ നിന്ന് ഗേറ്റ് കടക്കുമ്പോള്‍ തന്നെ വഴിക്കരികെ ഒരു മുരിങ്ങ മരം നില്‍പ്പുണ്ട്
അതിന്ടെ ചില്ലകള്‍ വഴിയിലേക്ക് ചാഞ്ഞു കിടപ്പുണ്ട് വണ്ടിയുടെ മുന്‍വശത്തെ ഗ്ലാസ്സില്‍ മുരിങ്ങയുടെ ചില്ലകള്‍ വന്നു മുട്ടിയപ്പോള്‍ ഹാജ്യാര്‍ തല താഴ്ത്തി പിടിച്ചു..
ഓരോ മരച്ചില്ലയും ചെടികളുടെ കൊമ്പുമൊക്കെ വരുമ്പോഴും ഹാജ്യാരുടെ ഈ തല താഴ്ത്തല്‍ തുടര്‍ന്നു..
അപ്പോഴൊക്കെ ഗഫൂര്‍ താക്കീത് എന്നോണം ഹാജ്യാരേ നോക്കും...
ഞാനാണേല്‍ ചിരിയടക്കാന്‍ പാടുപെടുകയാണ്
അവസാനം സഹികെട്ട് കൊണ്ട് ഗഫൂര്‍ പറഞ്ഞു ''ഉപ്പ ഇങ്ങള് ഇങ്ങനെ തല താഴ്ത്തേണ്ട ...''
''അതല്ല മാനെ ഞമ്മള്‍ സൈക്കിളില്‍ വരുമ്പം ചെയ്യുന്നതല്ലേ അതിപ്പം പെട്ടെന്നങ്ങനെ മാറ്റാന്‍ പറ്റോ...'' ഹാജ്യാരുടെ വാക്കുകള്‍ കൂടി കേട്ടതോടെ എന്റെ ചിരി അല്‍പ്പം ഉറക്കെയായി..
ഹാജ്യാര്‍ എന്നെ നോക്കി കണ്ണുരുട്ടി...
ഞങ്ങളുടെ യാത്ര കരുവത്തി സ്കൂളിന് മുന്നിലൂടെയാണ്‌...
സ്കൂള്‍ വിട്ട സമയം...
കുട്ടികള്‍ റോഡിലാകെ നിറഞ്ഞു നടക്കുകയാണ്...
ഗഫൂര്‍ വളരെ ശ്രദ്ധിച്ചാണ് വണ്ടിയോടിക്കുന്നത്... എന്നിട്ടും
ഹാജ്യാരുടെ കൈ ഇടയ്ക്കിടെ സ്റ്റിയറിംഗിലേക്ക് നീണ്ടു ചെന്നു...
''കുട്ട്യോള്‍ വട്ടം ചാട്യാ ആകെ അല്‍ക്കുല്‍ത്ത് ആവും...''
ഒരു തവണ സ്റ്റിയറിങ്ങില്‍ പിടിക്കുകയും ചെയ്തു...
ഇന്ന് ഹാജ്യാര്‍ ഗഫൂറിന്ടെ ക്ഷമയുടെ നെല്ലിപ്പലക ഇളക്കിയെടുക്കും..
ഞാന്‍ മനസ്സില്‍ പറഞ്ഞു...
തൃഫല വളവ് എത്തിയപ്പോള്‍ മുന്‍പില്‍ അതാ പ്രസാദ്‌ ലോറി...
ഗഫൂര്‍ വണ്ടി ഒതുക്കുന്നതിന് മുന്‍പേ ഹാജ്യാര്‍ സ്റ്റിയറിങ്ങില്‍ പിടുത്തമിട്ടു, വല്ല വിധേനയും ഹാജ്യാരുടെ കൈ മാറ്റി ഗഫൂര്‍ വണ്ടി ഒതുക്കി നിര്‍ത്തി.
ഹാജ്യാരുടെ നേരെ ഒച്ചയെടുത്തു..
''ഉപ്പയെന്താ കളിക്ക്യാ..?
''ഒന്നുകില്‍ വണ്ടി ഉപ്പയോടിച്ചോ, അല്ലെങ്കില്‍ ഞാന്‍ ഓടിക്കാം എന്തായാലും രണ്ടാള്‍ക്കും കൂടി ഒരു വണ്ടി ഓടിക്കാന്‍ പറ്റില്ല...''
''ഇല്ല മാനെ ജ്ജ് തന്നെ ബണ്ടി ഓടിച്ചോ...ഞമ്മള്‍ പെറകീല് ഇരുന്നോളാം ...''
''അതാ നല്ലത്...'' ഗഫൂറിനും അത് സമ്മതായിരുന്നു.
എന്തായാലും അത് പിന്നീട് ശീലമായി അല്ലെങ്കില്‍ എന്റെ കാര്യം പോക്കായേനെ...
ഹാജ്യാരുടെ വീടിന് മുന്‍പില്‍ എത്തുമ്പോള്‍ തിത്തുമ്മത്ത എന്തോ തിരഞ്ഞു നടക്കുന്നുണ്ട്..
''തിത്തുമ്മാ നീയിതു വരെ ഒരുങ്ങീലെ ..?
''ഞമ്മ എപ്പളെ ഒരുങ്ങി...''
''എന്നാ ബാ കേറ്... ''
ഹാജ്യാര്‍ കാറിന് നേരെ കൈചൂണ്ടി കൊണ്ട് പറഞ്ഞു.
''അല്ല ബഷീറേ ഇജ്ജ് നാസ്ത്യാക്കോ... ?
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി
എന്നാ മാന്‍ കേറിയിരിക്ക് പിട്ടും കടലേം ഇണ്ട്...'
''അപ്പഴേക്കും എനക്ക് കൊറച്ചു പണീണ്ട്...''
എന്നും പറഞ്ഞു തിരിഞ്ഞു നടന്ന തിത്തുമ്മത്ത ഞാന്‍ പുട്ടും കടലേം കഴിച്ചു വരുമ്പോഴും എന്തോ തിരയുകയാണ്...
''അല്ല ഇങ്ങള് കൊറേ നേരായല്ലോ എന്തോ തിരയാന്‍ തൊടങ്ങീട്ട്...?
''അതുപിന്നെ ഞമ്മളെ ഒരു ചെരിപ്പ് കാണാനില്ല...
''ഇതിപ്പോ നടാടെ ഒണ്ടായ കാര്യോന്നല്ലല്ലോ തിത്തുമ്മാ,
അനക്ക് ഇത് തന്നല്ലേ പണി ...''
ഹാജ്യാര്‍ പല്ല് കടിച്ചു
സംഗതി ഹാജ്യാര്‍ പറയുന്നതിലും കാര്യമുണ്ട്
തിത്തുമ്മത്തയുടെ സ്ഥിരം പരിപാടിയാണിത് എവിടേലും പോയാല്‍
ചെരിപ്പ് മാറിയിട്ട് വരും അതും ഒരു കാലിലെ മാത്രേ മാറൂ...
അതെങ്ങനെയെന്നു ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ല..
ഇന്നലെ രാത്രി ഒരു മരണ വീടില്‍ പോയിരുന്നു...
അവിടെ നിന്നാവാനാണ് സാധ്യത...
''ന്തായാലും ബണ്ടീല്‍ കേറ്...''
ഹാജ്യാര്‍ ആദ്യം വണ്ടിയില്‍ കയറി പിറകെ രണ്ടു കാലില്‍ രണ്ടു തരത്തിലുള്ള ചെരിപ്പുമിട്ട്‌ തിത്തുമ്മത്തയും...
ഹാജ്യാരുടെ മാരുതി 800 എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങി...
കഥ തുടരും..

ഹാജ്യാരുടെ ഹീറോ സൈക്കിൾ


പോക്കർ ഹാജി അതി രാവിലെ എന്നെ തിരക്കി വീട്ടിൽ വന്നു,
"നീയിതു വരെ ഒരുങ്ങീലെ ?ഞാനിന്നലെ തന്നെ പറഞ്ഞിരുന്നതല്ലേ, വെക്കം പോയാലേ ഇരുട്ടും മുൻപ് പൊരേല് തിരിച്ചെത്താൻ പറ്റൂ..."
"ഞാനിതാ എത്തി ഹാജ്യാരെ..",
തോർത്തും സോപ്പും എടുത്ത് കുളക്കടവിലേക്ക് ഓടുന്നതിനിടെ ഞാൻ വിളിച്ചു പറഞ്ഞു,
എവിടേലും പോകണമെന്ന് പറഞ്ഞാൽ സമയത്തിന് മുൻപേ ഹാജ്യാർ നമ്മളെ അന്വേഷിച്ചു വരും. 8 മണിക്ക് പോകണം എന്ന് ഇന്നലെ പറഞ്ഞിരുന്നു പക്ഷെ സമയം ഏഴാകുന്നെ ഉള്ളൂ.
പെട്ടെന്നൊരു കുളി പാസാക്കി ഞാൻ എന്തുമ്പോ ഹാജ്യാര് മുറ്റത്തു തന്നെ ഉണ്ട്..
"ഇങ്ങള് കുത്തിരിക്കീൻ ഹാജ്യാരെ.. "
ഞാൻ ഹാജ്യാരോട് പറഞ്ഞു
"ജ്ജ് വെക്കം റെഡിയാക് ബസീറെ ഇരിക്കാനൊന്നും ഇപ്പൊ സമയില്ല്യ... "
എല്ലാരും ഇന്നെ ബഷീറെന്ന്‌ വിളിക്കുമ്പോ ഹാജ്യാര് അങ്ങനെയേ വിളിക്കൂ.
ഹാജ്യാരുടെ വണ്ടി കഴിഞ്ഞ പ്രാവശ്യം മകൻ ഗഫൂർ കുവൈത്തീന്ന് വന്നപ്പം വാങ്ങീതാ അതുവരെ മൂപ്പര് സ്വന്തം ഹീറോ സൈക്കിളിൽ ആയിരുന്നു സർക്കീട്ട്. പത്തു പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കൊടുങ്ങല്ലൂർക്ക് വരെ അയിന്മേൽ ആയിരുന്നു പോക്ക് എന്ന് പറഞ്ഞാൽ നിങ്ങ ഒരു പക്ഷെ വിശ്വസിക്കില്ല... പക്ഷെ ഹാജ്യാരെ അറിയുന്നവർ അത് വിശ്വസിക്കും ...
ഹാജ്യാരുടെ സൈക്കിൾ സഞ്ചാരം പലപ്പോഴും വലിയ കുഴപ്പങ്ങൾ ഉണ്ടാക്കി,വലിയ സാമ്പത്തിക ബാധ്യതകളും, കുവൈത്തിൽ പോയി അത്യാവശ്യം പണവും പ്രതാപവും ഒക്കെ നേടിയ ഗഫൂറിന് വാപ്പയുടെ സൈക്കിൾ യാത്രകൾ പണച്ചെലവിനൊപ്പം മാനഹാനിയും വരുത്തി കൊണ്ടിരുന്നു ആഴ്ചയിൽ ഹാജ്യാർ ഒരു അപകടമെങ്കിലും ഉണ്ടാക്കിയിരിക്കും. ഒടുവിൽ സഹികെട്ടാണ് ഹാജ്യാരുടെ സൈക്കിൾ കഴിഞ്ഞ വരവിന് ഗഫൂർ വിൽക്കാൻ തീരുമാനിച്ചത്. അവന്ടെ ഉമ്മ തിത്തുമ്മയുടെ നിർബന്ധം കൂടിയായതോടെ കാര്യങ്ങൾ പെട്ടെന്നായി..
" മോനോ ഇമ്മക്ക് നാട്ടിൽ ഒരു നെലേം വേലേം ഒക്കെ ഇണ്ട് അത് നെൻടെ ബാപ്പാനെ കൊണ്ട് ഇല്ലാണ്ടാവും അതോണ്ട് നീയാ ഹലാക്കിലെ സൈക്കിൾ എടുത്ത് ആർക്കേലും കൊടുക്ക്.. "
സൈക്കിൾ വിൽക്കുന്നതിനോട് തുടക്കം മുതൽ എതിർപ്പ് പ്രകടിപ്പിച്ച ഹാജ്യാർ ഒടുവിൽ ഭാര്യയുടെയും മകന്റെയും സമ്മർദ്ദത്തിന് വഴങ്ങി.
അങ്ങനെ ആ സൈക്കിൾ എഴുപത്തഞ്ച് ഉറുപ്പികക്ക് മുരളിച്ചേട്ടന് കൊടുക്കാൻ തീരുമാനമായി കൂടിയാൽ ഒരു അറുപത് ഉറുപ്പ്യ കിട്ടും പിന്നിലെ ടയർ മാസം തികഞ്ഞു നിക്കാ, മുന്നിലെ ആണേൽ തേഞ്ഞു തേഞ്ഞു ഇല്ലാണ്ടായി, ചെയിൻ കവർ ഇല്ല, ഡൈനാമോ ഇല്ല, ബൾബ് ഇല്ലാത്ത ഒരു ഡൂം മാത്രം ഉണ്ട്,പിന്നെ സൈക്കിൾ ഹാജ്യാരുടെ ആയതു കൊണ്ട് മുരളിച്ചേട്ടൻ തർക്കിക്കാൻ ഒന്നും നിന്നില്ല എന്തായാലും സൈക്കിൾ കട ഉള്ളതിനാൽ അതൊന്നു ശരിയാക്കി ആർക്കേലും കൊടുക്കാം എന്നൊരു സമാധാനം ഉണ്ടായിരുന്നു.
സൈക്കിൾ വിറ്റപ്പോൾ ഉണ്ടായ യാത്ര പ്രശ്നത്തിനും തിത്തുമ്മ തന്നെ പോംവഴി കണ്ടെത്തി..
""ഇമ്മക്കൊരു കാറ് മാങ്ങാം ന്തെ.. ?
""അതിനൊക്കെ കുറെ പണം വേണ്ടേ.. ? മാത്രോല്ല ആരോടിക്കും.. ?
താല്പര്യമില്ലാത്ത പോലെയായിരുന്നു ഗഫൂറിന്റെ ചോദ്യം..
'' ഞാനോടിക്കും.. !!!
ശബ്ദം കേട്ട ഭാഗത്തേക്കായി എല്ലാവരുടെയും നോട്ടം...
ഹാജ്യാർ മല പോലെ നിൽക്കുകയാണ്...
സൈക്കിൾ ഓടിച്ചു ഉണ്ടാക്കിയ കൊഴപ്പം ഒന്നും പോരാഞ്ഞിട്ടാ ?
ഇനീപ്പോ കാർ കൂടി ഓടിക്കാത്തതിന്റെ ഒരു കൊറവേ ഉള്ളൂ ..
തിത്തുമ്മ ചുണ്ടു കോട്ടി...
''ധൈര്യമുണ്ടേൽ ബീമാനം വരെ ഓടിക്കാ ... അസാധ്യം എന്നൊരു വാക്ക് നിഘണ്ടുവിൽ ഇല്ലാത്ത ഹാജ്യാര്ക്ക് കാറൊക്കെ എന്ത് ...
എന്തായാലും ഉമ്മാന്റെ നിബന്ധത്തിന് വഴങ്ങി ഗഫൂർ ഒരു കാർ വാങ്ങി മാരുതി 800..
ഹാജ്യാർ അതിനെ തൊട്ടും തലോടിയുമൊക്കെ അടുത്തു നിന്നു..
''ന്നാലും നമ്മുടെ അംബാസഡർ തന്നെ കേമൻ...'' ഹാജ്യാർ മനസ്സിൽ പറഞ്ഞു..
കുറച്ചു പഴയതെങ്കിലും വണ്ടി തരക്കേടില്ല. പുഴക്കടവിൽ ഒരേക്കർ ചിറ വാങ്ങാൻ വെച്ച കാശ് എണ്ണിക്കൊടുക്കുമ്പോൾ ഗഫൂറിന്റെ കൈ വിറച്ചു.. ന്നാലും സാരല്യ മനുഷ്യരുടെ പരിഹാസം കേൾക്കേണ്ടി വരില്ലല്ലോ എന്നോർത്ത് ഗഫൂർ സ്വയം ആശ്വസിച്ചു.
കേവലം ഒരു സൈക്കിൾ കൊണ്ട് ഇത്രവലിയ പ്രശ്നം ഉണ്ടാവുമോ എന്ന് നിങ്ങൾ ഒരു പക്ഷേ സംശയിച്ചേക്കും...
അത് നിങ്ങൾക്ക് ഹാജ്യാരുടെ സൈക്കിൾ ചവിട്ടിനെ കുറിച്ച് അറിവില്ലാത്തത് കൊണ്ട് തോന്നുന്നതാ
ഇടതു കൈ ഹാൻഡിൽ ബാറിന്റെ മധ്യത്തിൽ പിടിച്ചുള്ള ആ ചാവിട്ടൊന്നു കാണേണ്ടതാ, ഇന്നാളൊരു ദിവസം ഹാജ്യാർ അങ്ങനെ ഹലാക്കിലെ സ്പീഡിൽ ഒരു വരവ് വരാ... അപ്പോഴാണ് എതിരെ നുമ്മടെ കേളുവാശാൻ നടന്നു വന്നത്, കാലൊടിഞ്ഞു കിടപ്പിലായിരുന്ന ആശാൻ ഊന്നുവടിയുടെ സഹായത്തോടെ പതുക്കെ നടന്നു തുടങ്ങീട്ടേയുള്ളൂ... (ആശാന്റെ കാലൊടിഞ്ഞ കഥ പിന്നെ പറയാം)
ഹാജ്യാരുടെ വരവ് കണ്ട്‌ ഒരുനിമിഷം പകച്ചുപോയ ആശാൻ പെട്ടെന്ന് വഴിയുടെ അരിക് ചേർന്നു നിന്നു. ഒരു ഭാഗത്ത് പുല്ലാനി വാസുവേട്ടന്റെ മതിലും മറുവശം കൈതക്കൂടുമാണ്, ആശാൻ കൈതക്കൂടിനോട് പരമാവധി ചേർന്നു നിന്നു, റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ഹാജ്യാർ സൈക്കിൾ വെട്ടിച്ചത് ലക്‌ഷ്യം കണ്ടെങ്കിലും അത് നേരെ ചെന്നത് ആശാന്റെ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ട കാൽ ലക്‌ഷ്യം വെച്ച പോലെയായിരുന്നു. രണ്ടുപേരുടെയും കണ്ണിൽ പൊന്നീച്ചകൾ പറന്നുപോയ അനുഭവം... ഓർമവരുമ്പോൾ ആശാന്റെ നെഞ്ചത്തായിരുന്നു ഹാജ്യാരും സൈക്കിളും.. പോരാഞ്ഞു ഹാജ്യാരുടെ വക തെറിപ്പാട്ടും.
''ഇജ്ജ് എബടെ നോക്കി നടക്കാ ഹിമാറെ...!!
ശരീരമാസകലം കൈതമുള്ള് കൊണ്ടതിനേക്കാൾ വേദനയായിരുന്നു ഹാജ്യാരുടെ വാക്കുകൾ ആശാനിൽ ഉണ്ടാക്കിയത്. പറഞ്ഞിട്ടെന്താ ഹാജ്യാര് തന്നെ ഓരോട്ടോ വിളിച്ചു ആശാനേ കുറ്റിലക്കടവ് ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി, ഭാഗ്യത്തിന് ഒടിഞ്ഞ കാലിന് ഒന്നും പറ്റിയില്ല. സൂറത്താടെ മെഡിക്കൽ ഷോപ്പീന്ന് പുരട്ടാൻ ഉള്ള ഒരു ഓയിൻമെൻഡും പിന്നെ ആശാന് കഴിക്കാൻ മധുര നാരങ്ങ, നാടൻ മാങ്ങ, തുടങ്ങി മിക്ച്ചർ ഉപ്പേരി വരെയുള്ള സാധങ്ങളും വാങ്ങി മടങ്ങി,ആ വകയിലും ഹാജ്യാരുടെ കുറെ പണം പോയിക്കിട്ടി..
പിന്നീടൊരു ദിവസം ഹാജ്യാർ ചക്കരപ്പാടത്തു നിന്നും പൊന്മാനിക്കുടത്തേക്ക് പോകുകയാണ്, കോവിലകം ജംഗ്‌ഷൻ എത്തിയപ്പോൾ ഹാജ്യാർ വലത്തോട്ട് സിഗ്നൽ കാണിച്ചു തൊട്ടു പിറകിൽ M8 യിൽ മീനുമായി വരികയായിരുന്ന ചന്ദ്രബാലൻ ഇത് കണ്ടു വണ്ടി പതുക്കെയാക്കി ആ സമയം വടക്കു നിന്നു സ്നേഹദീപം ബസ്സും വരുന്നുണ്ട്...
പെട്ടെന്നായിരുന്നു കിഴക്കോട്ട് തിരിക്കാൻ തുടങ്ങിയ സൈക്കിൾ നേരെ വടക്കോട്ട് തന്നെ പായിച്ചത്... അപ്രതീക്ഷിതമായ ഹാജ്യാരുടെ ഈ പോക്ക് ചന്ദ്രബാലന്ടെ മൊത്തം ബാലൻസും തെറ്റിച്ചൂന്നു പറഞ്ഞാൽ മതിയല്ലോ പോരാത്തതിന് പിറകിലെ ബോക്സിൽ നിറയെ മീനും കൂടി ആയപ്പോൾ സംഗതി പിടുത്തം വിട്ടു. കളപ്പുര ഗോപിച്ചേട്ടൻ ഒരു കല്യാണം കൂടാൻ വേണ്ടി 8 മണിക്കുള്ള വിമൽ ബസ്സ്‌ കാത്തു നിൽക്കുമ്പോഴായിരുന്നു ഈ സംഭവം.
നിയന്ത്രണം വിട്ട ചന്ദ്രബാലനും എം 80 യും ഗോപിച്ചേട്ടൻടെ നേർക്ക് മറിഞ്ഞു, പിറകിലെ ശബ്ദംകേട്ട് ഭയഭക്തനായി തിരിഞ്ഞു നോക്കിയ ഹാജ്യാരുടെയും നിയന്ത്രണം തെറ്റി നേരെ ചെന്ന് കയറിയത് ഹനീഫാക്കാടെ ചായക്കടയിലേക്കും... ബസ് കടയിലേക്ക് പാഞ്ഞു കയറി യുവാവ് മരിച്ച വാർത്ത വായിച്ചു കൊണ്ടിരുന്ന ഉമർക്ക അറിയാതെ "ന്ടെ റബ്ബിൽ ആലമീനായ തമ്പുരാനേ..' എന്നുറക്കെ വിളിച്ചു പത്രം താഴെയിട്ട് ഏഴുന്നേറ്റോടി...
എന്തായാലും ഹാജ്യാർ അതിസമർത്ഥമായി സൈക്കിൾ തന്ടെ വരുതിയിൽ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി ചായ കുടിച്ചു കൊണ്ടിരുന്ന ദാസനും, ഷാജിയും ഹാജ്യാരുടെ വരവ് കണ്ടു മേശയുടെ അടിയിൽ അഭയം തേടിയത് കൊണ്ട് രക്ഷപ്പെട്ടു. ഉമർക്ക തന്ടെ നിലത്തു വീണ ചായയിലേക്കും ഉണ്ടൻ പൊരിയിലേക്കും ദീനമായി നോക്കി.. എന്തായാലും വന്ന നിലക്ക് ഒരു ചായ കുടിച്ചേക്കാം എന്ന് ഹാജ്യാർക്ക് തോന്നി "ഹനീഫ മദ്‌രം കമ്മി വെള്ളം കൊറച്ചൊരു ചായ..പിന്നെ
ഇവനൊരു ഉണ്ടൻ പൊരീം ചായേം. ന്ടെ വക..."
ഉമറിക്കാനെ നോക്കി ഹാജ്യാർ പറഞ്ഞു എല്ലാവരും അന്തം വിട്ടു നിൽക്കുകയാണ്.. പക്ഷെ ഹാജ്യാരുടെ മുഖത്ത് ഒരു ഭാവ ഭേദവുമില്ല. ''അല്ല ഹാജ്യാരെ ഇങ്ങള് മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ... "
ദാസന്റെ ചോദ്യം കേട്ട് ഹാജ്യാർ അവനെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു . "അല്ല ദാസാ ജ്ജ് ഇദ് ന്ത് വർത്താനാ ഈ പറേണത്... വണ്ടിയായ തട്ടലും മുട്ടലുമൊക്കെ പതിവല്ലേ... "
"ഹാജ്യാരെ ഇങ്ങോട്ടൊന്നു ഓടി ബരീൻ... !!!
ശബ്ദം കേട്ട ഭാഗത്തേക്കായി എല്ലാവരുടെയും ശ്രദ്ധ.. ഷുക്കൂർ നിന്നു കിതക്കുകയാണ്.. പിറകെ ചെന്ന ഹാജ്യാർ ആ കാഴ്ച കണ്ടു ആദ്യമൊന്ന് അന്താളിച്ചു, പിന്നെ സ്വത സിദ്ധമായ ശൈലിയിൽ ചോദിച്ചു.
"ഇജ്ജെന്താ ചന്ദ്രബാലാ കാലത്തു തന്നെ ഇയ്യീ കാണിക്കണേ.. ? നിലത്തു വീണ മീൻ പെറുക്കിയെടുക്കുകയായിരുന്ന അയാൾ ഹാജ്യാർക്കു നേരെ കണ്ണുരുട്ടി പല്ല് കടിച്ചു..
കല്യാണത്തിന് പോകാൻ വന്ന ഗോപിച്ചേട്ടൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ജോസേട്ടന്റെ പച്ചക്കറി കടയുടെ തിണ്ണയിൽ ഇരിപ്പുണ്ട്... വെള്ള ഷർട്ടിലും പോളിസ്റ്റർ ഡബിൾ മുണ്ടിലും ആകെ മീൻ വെള്ളവും ചളിയും പറ്റിയിട്ടുണ്ട്, എന്താ ഗോപി നീയിതു വരെ കല്യാണത്തിന് പോയില്ലേ ഹാജ്യാർ ഗോപിച്ചേട്ടൻടെ നേരെ തിരിഞ്ഞു... "ദേ കാലത്ത് തന്നെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട.. " ഗോപിച്ചേട്ടൻ ക്രുദ്ധനായി... ഇങ്ങള് ദേന്ത് പണിയാ കാണിച്ചത് ഹാജ്യാരെ.. "
ഞമ്മള് എന്ത് കാണിച്ചെന്നാ ഇങ്ങളീ പറേണേ... ?
ഹാജ്യാർ കൈമലർത്തി.
"ഇങ്ങള് ഒറ്റൊരാള് കാരണം എത്ര ആള് എടങ്ങേറിലായീന്ന് അറിയോ.. ?
അപ്പഴേക്കും മീനെല്ലാം പെറുക്കി കഴിഞ്ഞ ചന്ദ്രബാലനും ഗോപിച്ചേട്ടൻടെ കൂടെ കൂടി..
''ഹല്ല ഹാജ്യാരെ യ്ക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്ക്യാ ഇങ്ങള് എന്താ ആൾക്കാരെ കൊല്ലാൻ വേണ്ടി എറങ്ങിയിരിക്കയാ.. ? ചന്ദ്രബാലന്റെ വാക്കുകളിൽ ദൈന്യതയും ദേഷ്യവും കലർന്നിരുന്നു..
''ചന്ദ്രബാല നിങ്ങളിത് എന്തൊക്ക്യാ ഈ പറേണത്... ? ഹാജ്യാർ ചോദ്യ ഭാവത്തോടെ അയാളെ നോക്കി.
"അത് ശരി ഇത്രേം ഒക്കെ കണ്ടിട്ടും പറഞ്ഞിട്ടും ഇങ്ങളെന്താ പൊട്ടൻ കളിക്ക്യാ.. ''
ചന്ദ്രബാലന്ടെ ചെറിയ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു രണ്ടു തീ ഗോളങ്ങൾ ആയി...
സംഗതി പന്തിയല്ലെന്ന് ഹാജ്യാർക്ക് ബോധ്യമായി... എങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ.. ഹാജ്യാർ ആരാ മോൻ "ഹല്ല ചന്ദ്രബാലാ എന്താപ്പോ ഉണ്ടായേ നീയങ്ങട് തെളിച്ചു പറ... !
ഇനി ഈ പേരിൽ എങ്ങനേലും കുറച്ചു ചില്ലറ കിട്ടിയെങ്കിലോ എന്നായി ചന്ദ്രബാലൻ...
"ഹാജ്യാരെ ഇങ്ങളിത് കണ്ടോ, ന്ന് കൈനീട്ടം പോലും വിറ്റിട്ടില്ല. ഇങ്ങള് ഒറ്റൊരാളാ ഇതിനെല്ലാം കാരണം...''
നീ കൈനീട്ടം വിറ്റില്ലെങ്കിലും തന്ടെ ഇന്നത്തെ കണി ഒട്ടും മോശമായില്ലെന്ന് ഹാജ്യാർ മനസ്സിലോർത്തു, ചൂലുമായി നിൽക്കുന്ന തിത്തുമ്മയെ കണികണ്ട്‌ ഇറങ്ങിയപ്പഴേ ഓർത്തതാണ് ഇന്നത്തെ ദെവസം പോക്കാണെന്ന്.. ന്തായാലും വരാനുള്ളത് ഓട്ടോ പിടിച്ചായാലും വരുമെന്നല്ലേ.. അനുഭവിച്ചേ പറ്റൂ...
"അതായത് വടക്കോട്ട് പോകായിരുന്ന ഹാജ്യാർ പെട്ടെന്ന് കിഴക്കോട്ട് തിരിക്കാൻ ശ്രമിച്ചതാണ് ഈ പ്രശ്നത്തിനൊക്കെ കാരണം..."
സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോക്കാരൻ അശ്രുക്ക മുന്നോട്ട് വന്നു.
"ഇയ്യ് പറയ് അശ്രൂ ഏന്തേ ഇണ്ടായേ.. ?
ഹാജ്യാർ അശ്റൂന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.
ഹാജ്യാർ കിഴക്കോട്ട് തിരിക്കാൻ സിഗ്നൽ കാണിക്കുകയയും പിന്നെ വടക്കോട്ട് തന്നെ പോകുകയും ചെയ്തു, പിറകിൽ വന്ന ചന്ദ്രബാലൻ വിചാരിച്ചത്
കിഴക്കോട്ട് പോകുമെന്നാണ്... "
''അത് അനക്കെങ്ങനെ അറിയാം ഓൻ എന്താ വിചാരിച്ചത്ന്ന് ഓനല്ലേ അറ്യാ.. ?
ഞാൻ കിഴക്കോട്ട് സിഗ്നൽ കാണിച്ചത് നീ കണ്ടോ ചന്ദ്രബാലനും അശ്രുക്കയും ഒരുപോലെ തലയാട്ടി...
"അതുകഴിഞ്ഞു ഞാൻ വീണ്ടുമൊരു സിഗ്നൽ കാണിച്ചു അത് ഇങ്ങള് കണ്ടോ.. ?
ഹാജ്യാരുടെ ചോദ്യം കേട്ട് രണ്ടുപേരും അന്തിച്ചു നിന്നു..
അപ്പോഴേക്കും ബഹളം കേട്ട് രാവിലെ നടക്കാൻ ഇറങ്ങിയവരും പാൽ വാങ്ങാൻ പോയവരും ചായകുടിക്കാൻ വന്നവരും ഉൾപ്പെടെ വലിയൊരു ആൾക്കൂട്ടം അവിടെ രൂപപ്പെട്ടിരുന്നു...
"അതുപിന്നെ ഹാജ്യാർ ഷണ്മുഖ ചേട്ടന് ടാറ്റ കൊടുത്തതല്ലേ.. ?
ചന്ദ്രബാലൻ ആണത് ചോദിച്ചത്...
"ഇയ്യെന്താ ചന്ദ്രബാലാ കുട്ട്യോളെ പോലെ വർത്താനം പറേണത്... "
ഹാജ്യാരുടെ ചോദ്യത്തിന് മുൻപിൽ അയാൾ ഒരു നിമിഷം പതറിപ്പോയി...
"ഞാനേ സിഗ്‌നൽ മായ്ച്ചതാ... " ന്ത് ചന്ദ്രബാലനും അശ്രുവും ഒന്നുകൂടി ചെവി വട്ടം പിടിച്ചു.. അശ്രു തന്ടെ ഡ്രൈവിങ് ക്ലാസിലെ സിഗ്നൽ ബുക്കിലെ ചിത്രങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.. ഒരു രക്ഷയുമില്ല ഒരു പക്ഷെ താൻ സിഗ്നൽ മായ്ക്കുന്ന സിഗ്നൽ പഠിച്ചു കാണില്ല എന്തായാലും അങ്ങനൊന്ന് ടെസ്റ്റിന് ചോദിച്ചിട്ടില്ല ..
ചന്ദ്രബാലൻ ആണെങ്കിൽ ടെസ്റ്റിന് പോവാതെ ഗിരി മാഷേ കണ്ടു ലൈസൻസ് തരപ്പെടുത്തിയത് കൊണ്ട് സിഗ്നലിനെ കുറിച്ച് വലിയ പിടിയൊന്നുമില്ല..
രണ്ടു പേര് അങ്ങനെ അന്തിച്ചു നിൽക്കെ ആ ശബ്ദം അവരുടെ ചിന്തകളെ മുറിച്ചു കളഞ്ഞു
"അപ്പൊ തെറ്റ് ചന്ദ്രബാലന്ടെ ഭാഗത്ത് തന്ന്യാ.. ''
അവിടെ കൂടിയവർ ഒന്നടങ്കം പറഞ്ഞു
അവരൊക്കെ അങ്ങനൊന്ന്‌ ആദ്യമായി കേൾക്കുകയായിരുന്നു,എങ്കിലും
പറഞ്ഞത് ഹാജ്യാർ ആയതോണ്ട് ആരും എതിരൊന്നും പറഞ്ഞില്ല ലോട്ടറിക്കാരൻ വറീതേട്ടന്ടെ വിധി ഉടൻ വരികയും ചെയ്തു.
"
''സിഗ്നൽ മായ്ച്ച ഹാജ്യാരുടെ സിഗ്നൽ ചന്ദ്രബാലൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.. "
ബോംബേലും മദ്രാസിലും ഒക്കെ പോയിട്ടുള്ള വറീതേട്ടന്റെ വിധി കൂടി വന്നതോടെ നാട്ടുകാരുടെ ചെറിയ എതിർപ്പുകൾ വരെ ഇല്ലാതായി... എന്തായാലും ആ വകയിലും ഹാജ്യാരുടെ കയ്യിൽ നിന്നും ഇരുന്നൂറ്റമ്പത്‌ ഉറുപ്പ്യയോളം ചെലവായി.. ബസ് നഷ്ടപ്പെട്ട ഗോപിച്ചേട്ടന് കല്യാണത്തിന് ഓട്ടോയിൽ പോകാനുള്ള ചെലവ്, പിന്നെ ചന്ദ്രബാലന്ടെ കച്ചവട നഷ്ടം അങ്ങനെ ഹാജ്യാർക്ക് അന്നത്തെ കണി ഒരു വല്ലാത്ത കെണിയായി...
അൻസാർ സലാം
(ഹാജ്യാരുടെ കൂടുതൽ കഥകൾ അടുത്ത ലക്കത്തിൽ)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo