Showing posts with label Ganesh. Show all posts
Showing posts with label Ganesh. Show all posts

ഡീ... റ്റിന്റുഡീ അഥവാ The Tx D


അന്ന് വൈകുന്നേരം കൃഷി ഓഫീസിൽ നിന്നു മാമൻ വന്നത് ചെറിയൊരു ചാക്കുകെട്ടും കൊണ്ടായിരുന്നു...!

മാമനെ ഒറ്റ ഫ്ലാഷിൽ കണ്ടതും, എന്നന്നേക്കുമായി അടഞ്ഞിരുന്ന എന്റെ കേരളപാഠാവലി ഓട്ടോമാറ്റിക്കായി തുറന്നു. വിലാസിനി ടീച്ചർ അന്നു പഠിപ്പിച്ച, ഹോർലിക്സ് കുപ്പിയിലിട്ട മീനിനെ നോക്കി 'ഝഷം' എന്നു വിളിച്ചു കളിയാക്കി ഞാനാ സാഹചര്യത്തെ നൈസായി കൈകാര്യം ചെയ്തു.

എല്ലാവരേയും ഒന്നുകൂടി ഞെട്ടിക്കാനായി ആ 'ഝഷ'ത്തിനെ ആവേശപൂർവ്വം ഞാൻ സ്ലേറ്റിലേക്ക് പകർത്തി. പക്ഷെ 'ഝ' യിലാണ് തുടക്കമിടേണ്ടത് എന്ന സത്യം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. വണ്ടിയോടിക്കാനറിയാത്തവൻ വല്ലവന്റേം ലോറിയുമായി താമരശ്ശേരി ചുരത്തിൽ ചുറ്റാൻ കയറിയതു പോലെ 'ഝ'യുടെ ചുറ്റഴിക്കാനാവാതെ ഡ്രൈവിംഗ് സീറ്റിലിരുന്നു ഞാൻ വെട്ടിവിയർത്തു.

പ്രിലിമിനറി സ്റ്റേജിൽത്തന്നെ തലയിൽ കടും കെട്ടുവീണ മി. ഝഷം ഇതിനിടെ ഒന്നു പിടയുക പോലും ചെയ്യാതെ സ്ലേറ്റിൽ മരിച്ചുവീണു. ആ സമയത്തെ എന്റെ ദയനീയമായ എക്സ്പ്രഷൻ കണ്ട് ചാക്കുകെട്ടിൽ നിന്ന് തലയിട്ടു നോക്കിയ തൈത്തെങ്ങ് ഓലകളാട്ടി ഒരാക്കിയ ചിരി ചിരിച്ചു.

ഒരു ലൊടുക്ക മാനത്തുകണ്ണിയെ ഈ വിധം കുപ്പിയിലിട്ട് ഡെക്കറേറ്റ് ചെയ്ത് 'ഝഷ'മാക്കിയ വിലാസിനി ടീച്ചറുടെ വേണ്ടപ്പെട്ടവർക്കെല്ലാം നല്ലതുമാത്രം വരുത്തണേ എന്ന് മനസ്സാ സ്മരിച്ച്, ചമ്മലിനു കുറുകേ ഒരു ചിരി ക്വിക് ഫിക്സ് ചെയ്ത് ഞാനാ തെങ്ങിൻ കുഞ്ഞിനെ നോക്കി. എന്റെയാ ചിരി പ്രണയമായി കണ്ടിട്ടോ എന്തോ? ലവൾ നാണിച്ച് ഓലകൾ താഴ്ത്തി.

പടിഞ്ഞാറെ തൊടിയിൽ പൊട്ടിക്കിളിച്ചു വന്ന 'സുഗേഷ് കുമാർ' എന്ന പാണ്ടിപ്പേരയെ മൂടോടെ പിഴുതു മാറ്റി, ആ സ്ഥലത്ത്, അരയാൾ കുഴിയിൽ ചാണകപ്പൊടിയുടേയും പച്ചിലവളത്തിന്റേയും ഫൈവ് സ്റ്റാർ ഫുഡ് ആന്റ് അക്കോമഡേഷൻ സൗകര്യത്തോടെ, അവൾ പിറ്റേന്നു തന്നെ തന്റെ വരവറിയിച്ചു. രാജകീയമായ ആ വരവിലും, അവളുടെ നിറവിലും അസൂയ പൂണ്ട കാന്താരിമുളകും കറിവേപ്പും കുപ്പച്ചീരയും വാടിയ മുഖവുമായവളെ വെൽക്കം ചെയ്തു...!

അമ്മാമ്മയെ ഒന്നു ചുരണ്ടിയപ്പോൾ വിലപ്പെട്ട ചില ഇൻഫർമേഷൻസ് കിട്ടി. നാല് വർഷം കൊണ്ട് നിറയെ കായ്ഫലം തരുന്ന അവളുടെ പേര് 'റ്റിൻറുഡി' എന്നാണെന്നും, യൂറിയ, പൊട്ടാഷ് തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത ഐറ്റങ്ങളാണ് അവളുടെ ഫുഡ് എന്നുമായിരുന്നു ആ ഇൻഫർമേഷൻസ്...!

ആ രഹസ്യസംഭാഷണത്തിനിടയിൽ എപ്പൊഴോ കരിക്കെന്ന് കേട്ടതും, രണ്ടു ടൈറ്റാനിക്കുകളെ ഉടൻ തന്നെ കമ്മീഷൻ ചെയ്തു ഞാൻ നീറ്റിലിറക്കി. അമ്മാമ്മയുടെ വർണ്ണനകളിൽ വീണ് ടൈറ്റാനിക്കിന്റെ എണ്ണം കൂടിക്കൂടി വന്നപ്പോൾ, രണ്ടു തൊട്ടി വെള്ളം റ്റിന്റുഡിക്ക് കൊടുക്കാനുള്ള ഡീലിൽ ഞാൻ ഒപ്പിട്ടു. വൈകിട്ടത്തെ കുളി അങ്ങോട്ട് മാറ്റി, യൂറിയായ്ക്ക് പകരം അളവിൽക്കൂടുതലുള്ള 'യൂറിൻ' ഹൃദയപൂർവ്വം ഞാൻ നൽകി, ഒരുതരം ഗിവ് ആഫ്റ്റർ ടേക്ക് സെറ്റപ്പ്...!

പെട്ടെന്നൊരു ദിവസം എല്ലാം നഷ്ടപ്പെട്ട്, മൂടോടെ പിഴുതെറിയപ്പെട്ട്, പുറമ്പോക്കിൽ ഉപേക്ഷിക്കപ്പെട്ട സുഗേഷ് കുമാർ, ''പാണ്ടിപ്പേരയ്ക്ക് ജീവിക്കാൻ പട്ടയമെന്തിന്?'' എന്ന് സ്വയം ചോദിച്ച് തെക്കെ പറമ്പിന്റെ ഒരു മൂലയിൽ കുപ്പിച്ചില്ലിനും ചപ്പുചവറിനുമൊപ്പം തെക്കേപറമ്പിൽ ജീവിച്ചു.

അതുവരെ സ്വന്തം വായിലും, ഡിപ്ലോമാറ്റിക്ക് പോക്കറ്റിലുമായി ഒളിപ്പിച്ചു കടത്തി പുറത്തുകളഞ്ഞിരുന്ന ഹോർലിക്സ് പാലും, ചോറും, ചക്കക്കുരു മെഴുക്കു പുരട്ടിയും, അവിയലും, ഗോതമ്പു ദോശയും, പാവയ്ക്ക തോരനും കൃത്യമായി മൂട്ടിൽ വീണപ്പോൾ, സ്വപ്ന സുന്ദരിയായി അവളങ്ങു വളർന്നു... സ്വപ്ന സുരേഷിനെപ്പോലെ...!

കിട്ടാൻ പോകുന്ന എണ്ണമറ്റ കരിക്കിൻ വഴുമ്പൽ മനസ്സിലിട്ടു രുചിച്ച്, ആ ഓർമകളും പേറി, കപ്പൽ മുതലാളിയായ ഞാൻ സകല അന്തസ്സും പണയം വച്ച് തൊട്ടിയും വെള്ളവും യൂറിനുമായി അവളുടെ തടത്തിന് വലം വച്ചു ദിവസങ്ങൾ തള്ളി നീക്കി.

ഓലകൾ പഴുത്ത് വീഴും പോലെ വർഷങ്ങൾ കടന്നു പോയി...!

വിലാസിനി ടീച്ചറിന്റെ എൽ.പി സ്കൂളിൽ നിന്നു ഞാൻ രാജൻ സാറിന്റെ യു.പി സ്കൂളിലേക്ക് പിഴുതു നടപ്പെട്ടു... അലൂമിനിയം പെട്ടിയിലെ കേരള പാഠാവലിക്ക് പകരം നോട്ടുബുക്കുകൾ ചോറു പൊതിക്കൊപ്പം ഇലാസ്റ്റിക് ബാൻറിട്ട് കെട്ടിമുറുക്കാൻ ഞങ്ങൾ പഠിച്ചു...

വടക്കേപറമ്പിൽ തൊട്ടാവാടികൾക്കും വാളരിപ്പയർ വള്ളികൾക്കും ചൊറിയൻ ചേമ്പുകൾക്കുമിടയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുഗേഷ് കുമാറും ഇതിനിടയിൽ എങ്ങനെയൊക്കെയോ വളർന്നു പൂവിട്ടു.

ഒരു ദിവസം വെളുപ്പിന് പതിവായുള്ള മുറ്റമടിക്കിടെ അമ്മാമ്മയാണത് കണ്ടു പിടിച്ചത്... റ്റിൻറുഡി ഋതുമതിയായിരിക്കുന്നു....!

അനുസരണകെട്ട അവളുടെ മുടിയോലകളെ ചീകിയൊതുക്കി ക്ലിപ്പിട്ട് വച്ച പോലെ പുറത്തേക്കു തലയിട്ടു നോക്കുന്ന ഒരു കുഞ്ഞിക്കൂമ്പ്. ആ 'ഫ്ലാഷ് ന്യൂസിനെ'ത്തുടർന്ന് അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാന്താരിമുളകും, കറിവേപ്പും, കുപ്പച്ചീരയും ചതഞ്ഞരഞ്ഞു.

എന്റെയൊരു ടൈറ്റാനിക്കിനെ പൊടുന്നനെ വെള്ളത്തിലാഴ്ത്തി, "ആദ്യത്തെ കരിക്ക് ഭഗവാന്...!'' എന്ന് അമ്മാമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. രാമനാമം ജപിക്കും മുമ്പെ, രണ്ടു തൊട്ടി വെള്ളത്തിൽ, അവൾക്ക് മുന്നിൽ 'മേലുകഴുകൽ' എന്ന പേരിൽ നടത്തിവന്ന അഴിഞ്ഞാട്ടവും, ബെല്ലി ഡാൻസും, കൂമ്പു കണ്ടതോടെ ഞാൻ അവസാനിപ്പിച്ചു...!

നാലു വെള്ളയ്ക്കകൾ വിരിഞ്ഞു. ഓമനത്വമുള്ള നാലു കുഞ്ഞുങ്ങൾ...!

അവരിൽ രണ്ടാളെ കൂമ്പിൽ വച്ചുതന്നെ കശക്കിയെറിഞ്ഞ കൊമ്പൻ ചെല്ലിയെ പിടികൂടി, തെളിവെടുപ്പിന് കൊണ്ടു പോകും വഴി, കല്ലുകൊണ്ടിടിച്ചു ഞാൻ തീർത്തു. പോസ്കോ കേസായതിനാൽ ആ എൻകൗണ്ടർ ഫയലിൽ പുനരന്വേഷണം ഉണ്ടായില്ല.

ഫുൾ സെക്യൂരിറ്റിയിലാണ് പിന്നീടവർ വളർന്നത്. കണ്ടവർ കണ്ടവർ കണ്ണു വയ്ക്കും രീതിയിൽ മത്തങ്ങാപ്പരുവത്തിലുള്ള വളർച്ച...!

ഏതു കാത്തിരിപ്പിനും ഒരവസാനമുണ്ടല്ലോ...?

അമ്മാമ്മയുടെ മൂത്താങ്ങള മാതുവപ്പൂപ്പൻ സ്പോട്ടിലെത്തിയതോടെ റ്റിൻറുഡിയുടെ മക്കളുടെ കാര്യത്തിൽ ഒരു തീരുമാനമായി. പിറ്റേന്ന് രാവിലെ അപ്പൂപ്പന്റെ കാർമികത്വത്തിൽ അവർ രണ്ടാളും ഭൂമിയിലേക്കിറങ്ങി വന്നു.

''നല്ല ദിവസമാണ്... ഇന്നു തന്നെ ഇത് ഭഗവാന് നേദിക്കണം...'' അതിലൊരു കരിക്ക് എടുത്തു പൊക്കി ഹാഫ് മന്ത്രവാദിയായ അപ്പൂപ്പൻ കൽപ്പിച്ചു...

ശ്രീകോവിലിനുള്ളിൽ ഭഗവാനും, വെളിയിൽ തിരുമേനിയും കരിക്ക് നിവേദ്യത്തിനു തയ്യാറായി വന്നു. ഭൂതഗണങ്ങളെയും ഭക്തരെയും ഭഗവാൻ നൈസായി ഒഴിവാക്കിയതുകൊണ്ട് അന്ന് തിരക്ക് തീരെ കുറവായിരുന്നു. കരിക്ക് കൈയ്യിലെടുത്ത് ഒന്ന് ജപിച്ച ശേഷം നീലകണ്ഠൻ തിരുമേനി അതിന്റെ മുകൾഭാഗം മെല്ലെ ചെത്തി. ഒരു റൗണ്ട് ഫുൾ ചെത്തിക്കൂർപ്പിച്ച് ഭക്തിയോടെ തിരുമേനി ആ കൂർത്ത ഭാഗം പൂളി... ആ കാഴ്ച കാണാൻ ശക്തിയില്ലാത്ത വിധം ഞാൻ കണ്ണടച്ചു നിന്നു... പക്ഷെ ഒന്നും സംഭവിച്ചില്ല...!

ഒരു പെൻസിൽ ചെത്തുന്ന ലാഘവത്തോടെ തിരുമേനി വീണ്ടുമാ കരിക്കിന്റെ മുഖം ചെത്തിക്കൂർപ്പിച്ചു... വീണ്ടും പൂളി... ഇല്ല..! ഒന്നും സംഭവിച്ചില്ല...!

നാലഞ്ച് പ്രാവശ്യം ഈ പ്രവർത്തി റിപ്പീറ്റ് ചെയ്തപ്പോൾ തിരുമേനി രൗദ്രത്തിലെ മമ്മൂക്കയായി മാറി. സ്വതവേ വാശിക്കാരനായ തിരുമേനി കൂടുതൽ വാശിയോടെ കരിക്കിൽ പണി തുടങ്ങി. പത്തു പതിനഞ്ച് മിനിട്ട് വർക്ക് കഴിഞ്ഞപ്പോൾ 'പമ്പയിലെ കരിക്ക് കടയുടെ നടുക്ക് താറാമുട്ടയുമായി നിൽക്കുന്ന' ഫ്ലക്സ് പോലെയായി തിരുമേനി.

''ഇനി കുഴിക്കാൻ കുഴൽക്കിണറുകാരെ അറേഞ്ച് ചെയ്യട്ടോ?'' എന്ന ഭാവത്തിലായിരുന്നു കീഴ്ശാന്തിയപ്പോൾ.

''ഇത്രേം വലുതൊന്ന് ഭഗവാൻ താങ്ങുമോ... ഇനീമുണ്ടോ ഇതുപോലെ...?'' താറാമുട്ട വലിപ്പത്തിലുള്ള കരിക്കു കാണിച്ച് വിയർത്തു കുളിച്ച് തിരുമേനി ചോദിച്ചു. അപ്പൊഴാ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു.

പൂജ കഴിഞ്ഞ് വീട്ടിലേക്കുള്ള നടപ്പിൽ ഞാനെന്റെ ടൈറ്റാനിക്കുകളെ ആക്രിവിലയ്ക്ക് അടങ്കലായി വിറ്റു തള്ളി. അപ്പൊഴാണ് മന്ത്രവാദിയപ്പൂപ്പനെ അവിടെങ്ങും കണ്ടതേയില്ല എന്നു ഞാൻ ഓർത്തത്...! പടിഞ്ഞാറെത്തൊടിയിൽ, പേട്ടു കരിക്കിൻ ചീളുകൾക്കിടയിൽ, പാതി തീർത്തു വച്ച ചാരായക്കുപ്പിക്കൊപ്പം അപ്പൂപ്പനെ കണ്ടെത്തുമ്പോൾ ആ ചുണ്ടുകൾ എന്തോ മന്ത്രിച്ചതായി തോന്നി.

''അവന്റെമ്മേടെ തേങ്ങാക്കൊല'' എന്നായിരുന്നു അത്! മാമനത് കേൾക്കാത്ത ഭാവത്തിൽ അകത്തേക്കു വലിഞ്ഞു.

വാളരിപ്പയർ വള്ളികളിലിരുന്ന് കിളികൾ ചിലച്ചു കൊണ്ടിരുന്നു. നിറയെ പേരയ്ക്കകളുമായി നിന്ന സുഗേഷ് കുമാർ കാറ്റിന്റെ താളത്തിൽ, ഞങ്ങളെ കൈയ്യാട്ടി വിളിച്ചു. ആ കാറ്റിന് പഴുത്ത പേരയ്ക്കയുടെ കൊതിപ്പിക്കുന്ന മണമായിരുന്നു...!

- ഗണേശ് -
26- 9 -2019


വെളുത്ത കടലാസുപൂക്കൾ (കഥ)

Best Of Nallezhuth - No 19
മൂന്നാം നിലയിലെ ആ റൂമിന്റെ ജനാലയിൽക്കൂടി നോക്കിയാൽ കാണുന്നത് താഴത്തെ പാർക്കിംഗ് ഗ്രൗണ്ടാണ്‌.
ആ നരച്ച പകലിൽ, അവിടെ പെയ്തു തുടങ്ങിയ ചാറ്റൽ മഴയുടെ നനവിലൂടെ അവൾ താഴേക്ക് നോക്കി. ബോഗൻ വില്ലകൾ പടർത്തി ഭംഗിയാക്കിയ പാർക്കിംഗ് ഗ്രൗണ്ട് തന്റെ കണ്വാശ്രമമായും, അവിടെ വിരിഞ്ഞു നിന്ന വെളുത്ത കടലാസ് പൂക്കൾ കൊണ്ട്, തോഴിമാരായ അനസൂയയും പ്രിയംവദയും തന്നെ ആരും കൊതിക്കും വിധം അണിയിച്ചൊരുക്കുന്നതായും അവൾക്ക് തോന്നി.
ആ പൂക്കളെല്ലാം ഒരുമിച്ച് വിരിഞ്ഞ് അവിടമാകെ ഒരു വസന്തം വിടർന്ന സുന്ദര നിമിഷത്തിലാണ് അവളുടെ സമ്മതം പോലും ചോദിക്കാതെ അയാളങ്ങോട്ടെത്തിയത്.
തോഴിമാർ നിൽക്കുന്നതിന്റെ ജാള്യതയും അവിചാരിതമായി അയാളെ കണ്ടതിന്റെ അത്ഭുതവും കൊണ്ട് അവളാകെ പകച്ചുപോയിരുന്നു. ഏറെ നാളായി കാണാനാഗ്രഹിച്ച ആ മുഖത്ത്, അവൾക്കു മാത്രം തിരിച്ചറിയാവുന്ന ചില ചുവരെഴുത്തുകൾ കാലം നടത്തിയിരുന്നു. കവിളിലുരസിയിരുന്ന കട്ടി മീശയിൽ അവിടവിടെ നരകൾ...! തുടുത്ത കവിളുകളിൽ വരകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...! പക്ഷെ ആ കണ്ണുകൾ... ഹൃദയത്തിൽ കുളിർമഴ പെയ്യിക്കുന്ന ആ നോട്ടം! ഉള്ളിലേക്ക് നീളുന്ന, അറ്റത്ത് ഹൃദയം കൊരുത്തു കൊണ്ടുപോകുന്ന ആ നോട്ടം.. അതിനു മാത്രം മാറ്റമൊന്നുമില്ല...!
ദുർബലമായ എതിർപ്പുകളെയും പറയാനാഞ്ഞ പരിഭവങ്ങളെയും ഒരു പുഞ്ചിരി കൊണ്ട് തട്ടിമാറ്റി അയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. ചേർന്നുനിന്ന നെഞ്ചുകൾക്കിടയിൽ മിടിപ്പുകൾ നേർത്തു നേർത്തു വന്നു..
''സത്യത്തിൽ നീയെന്നെ പണ്ടത്തെപ്പോലെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടോ...രാജീ?''
രാജലക്ഷ്മിയുടെ വെളുത്തു നീണ്ട വിരലുകളിൽ വിരൽ കൊരുത്ത് അയാൾ മെല്ലെ ഒന്നു വലിച്ചു. പെട്ടെന്ന് വീശിയടിച്ച കാറ്റിൽ, കടലാസ് ചെടിയിൽ നിന്ന് അപ്പോഴടർന്നു വീണ വെളുത്ത പൂക്കൾ നിലം തൊടും മുമ്പ് കൊത്തിയെടുത്ത് ഒരു വെള്ളരിപ്രാവ് അവരെ നോക്കി കുറുകി.
''ഇഷ്ടം! അതും ഇനി ഈ നാൽപ്പതാം വയസ്സിൽ..." അവൾക്ക് ഒന്നു ചിരിക്കാൻ തോന്നി. "ഇഷ്ടം എന്ന വാക്കിന് എന്തെങ്കിലും വിലയുണ്ടോ? ഉണ്ടായിരുന്നിരിക്കാം ഒരുകാലത്ത്... എങ്കിലും ഒന്നുണ്ട്... എന്റെ മനസ്സിൽ എവിടെയൊക്കെയോ ഏട്ടൻ ഉണ്ടായിരുന്നു എപ്പോഴും...! ഇന്നും... എന്നും... ഇനിയിപ്പൊ ഞാനങ്ങു മരിച്ചു പോയാൽ...''
ഒന്നു ഞെട്ടി അയാൾ അവളുടെ വായ് പൊത്തിയെങ്കിലും ആ കൈ പിടിച്ചു മാറ്റി അവൾ ദൃഢമായി പറഞ്ഞു... "അന്നും!".
"ഇത്ര ദൂരത്തു നിന്നും നിന്നെ ഒരു നോക്ക് കാണാൻ എത്തിയിട്ട് ഇങ്ങനെയൊക്കെപ്പറഞ്ഞെന്റെ ചങ്ക് നീറ്റുകയാണോ രാജിമോളേ നീ.'' നെഞ്ചോട് ചേർത്ത് അയാളവളെ ഇറുകെ പുണർന്നു. എവിടെ വച്ചോ നഷ്ടപ്പെട്ടു പോയ തന്റെ മുദ്രമോതിരം തിരിച്ചു പിടിച്ചപോലെ...!
വർഷങ്ങൾക്കു ശേഷം കേട്ട ''രാജിമോളേ" എന്ന സ്നേഹമസൃണമായ വിളിയിലും ആ തലോടലിലും തന്റെ ശരീരമൊന്നാകെ പൂത്തുലഞ്ഞു പോകുന്നതായി തോന്നി രാജലക്ഷ്മിക്ക്.
രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖമുയർത്തി ചോര തുടിക്കുന്ന ആ ചുണ്ടിൽ അയാൾ അമർത്തിയമർത്തി ഉമ്മവച്ചു. അതു കണ്ട് നാണിച്ച വെള്ളരിപ്രാവ് വെളുത്ത കടലാസു പൂക്കൾക്കിടയിലേക്കു മറഞ്ഞു.
''അന്നാ മാഞ്ചോട്ടിൽ വച്ച്..." അവൾ നാണിച്ചു മുഖം കുനിച്ചു കൊണ്ട് തുടർന്നു "അതേ മാങ്ങാച്ചൊന..." കുതറിമാറിക്കൊണ്ടവൾ അയാളുടെ കാതിൽ ഒന്നു കടിച്ചു.
"എത്ര വർഷങ്ങൾ..! കൃത്യമായി പറഞ്ഞാൽ ഇരുപത്തൊന്ന് വർഷം..! ഇപ്പോഴും നിന്റെ കുറുമ്പിന് ഒരു മാറ്റവുമില്ലല്ലോ എന്റെ രാജിപ്പെണ്ണേ.''
''ഇരുപത്തൊന്ന് വർഷത്തെ എന്റെ ദാമ്പത്യം! ഡോ.ബാലചന്ദ്രന്റെ പാതി എന്ന വിശേഷണം! ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന പണം! പോഷ് റെസിഡൻഷ്യൽ ഏരിയായിൽ താമസം! വിദേശത്ത് പഠിക്കുന്ന, വല്ലപ്പോഴും മാത്രം വിളിക്കുന്ന ഒറ്റ മോളുടെ സ്നേഹം തരുന്ന സുഖം! എല്ലാവരുടേയും കണ്ണിലെ ഭാഗ്യവതിപ്പട്ടം! ഇതൊക്കെയാണിപ്പൊ എന്റെ കുറുമ്പുകൾ... ഇതൊക്കെ മാത്രം...!''
ആ ഗദ്ഗദങ്ങളെ അയാൾ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുത്തപ്പോൾ ഒരുവേള അവളുടെ ശ്വാസം വിലങ്ങിയതു പോലെ തോന്നി. അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കിടന്നു കൊണ്ട്, ദീർഘമായൊന്ന് ശ്വാസമെടുത്തു അവൾ.
കണ്ണൊന്നടച്ചു തുറന്നപ്പോൾ മുകളിൽക്കണ്ട അഞ്ചു തിരിയിട്ട വിളക്കിൽ നോക്കി അവൾ പ്രാർത്ഥിച്ചത് ബാലചന്ദ്രനു വേണ്ടിയായിരുന്നു.
''എന്താ രാജീ... നിനക്ക് ശ്വാസം മുട്ടിയോ...?"
"ഇല്ല... ബാലേട്ടനെക്കുറിച്ച് ഓർത്തു പോയി"
മാറിടങ്ങൾക്കിടയിൽ, നീണ്ട ഒരു കടിയായിരുന്നു അയാളുടെ മറുപടി...
''ഇപ്പൊ നീ എന്റെ കാര്യം മാത്രം ഓർത്താ മതി... ഇവിടെ നമ്മൾ രണ്ടും മാത്രം... നമ്മൾ രണ്ടും...!"
''ഇങ്ങനെ നോവിച്ചാൽ ഞാൻ ഇല്ലാണ്ടാകും ഏട്ടാ... പറഞ്ഞേക്കാം."
അവളുടുത്തിരുന്ന പച്ച വസ്ത്രം അനായാസമായി അയാൾ അഴിച്ചുമാറ്റി. അടുത്തേക്കു വന്ന അനസൂയയും പ്രിയംവദയും അതു കണ്ട് നാണിച്ച് മുഖം പൊത്തി അവിടെ നിന്ന് ഓടി മാറി.
''കള്ളൻ... എനിക്ക് നാണം വരുന്നു...!'' രാജലക്ഷ്മി
കണ്ണുകൾ ഇറുക്കിയടച്ചു.
ഓരോ അണുവിലും ചുംബിച്ചുണർത്തി നെഞ്ചോട് നെഞ്ച് ചേർത്ത് അയാളവളുടെ ആഴങ്ങളിലേക്ക് ഒരു പൂമാല കെട്ടും പോലെ കൊരുത്തു കയറിക്കൊണ്ടിരുന്നു. ആ ദേഹത്തെ വെളുത്ത കടലാസു പൂക്കൾ ചുവന്നു തുടുത്തു. നിമിഷങ്ങൾ മിനിട്ടുകളായും മിനിട്ടുകൾ മണിക്കൂറുകളായും മാറ്റിയത് അവരിരുവരും അറിഞ്ഞതേയില്ല.
''ഒന്നു പതുക്കെ... എനിക്ക് നോവുന്നു...!" ഒരു ഭ്രാന്തിയെപ്പോലെ അവൾ പുലമ്പി... വേദന കൊണ്ട് ഇരുവശത്തേക്കും തലയിട്ടടിച്ച ശകുന്തളയെ നോക്കി നിന്ന അനസൂയയും പ്രിയംവദയും മുഖം തിരിച്ച് കൺകോണുകളിൽ ഊറിക്കൂടിയ നനവുകളെ ഇമചിമ്മി അകറ്റി...!
സമയം തേരട്ട പോലെ കടന്നു പോയി...
"രാജീ... എഴുന്നേൽക്ക്! എനിക്ക് പോകാറായി... എന്തുറക്കമാ ഇത്! എന്നെ... വിട്... ദേ ആരെങ്കിലും വരും" ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന വെളുത്ത കടലാസു പൂക്കൾ തട്ടിക്കളഞ്ഞ് അയാൾ എഴുന്നേറ്റു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"വേണ്ട... വേണ്ട ഈ നെഞ്ചിൽ തല വച്ച് മരിക്കണമെന്നാ എന്റെ ആഗ്രഹം...! ഇനിയെനിക്ക് കണ്ണു തുറക്കണ്ട...! എന്റെ ഏട്ടനെയൊഴികെ ആരേം കാണണ്ട...! ആരേം...!'' അവൾ ഒരാശ്രയത്തിനെന്നവണ്ണം അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.
''മോളൊന്നാലോചിച്ച് നോക്ക്... ഇനിയെന്നും നമ്മളൊന്നല്ലേ... ആർക്കും വേർപിരിക്കാനാവാതെ ഇങ്ങനെ കെട്ടിപ്പിടിച്ച്.... മരിക്കുവോളം... അല്ലേ?... കണ്ണു തുറക്ക് ! ഇത്രേം വാശി പാടില്ല ഏട്ടന്റെ മോൾക്ക്..." ഒഴുകിത്തുടങ്ങിയ കണ്ണുനീർ അയാൾ തട്ടി മാറ്റി.
അകത്തേക്കു പറന്നു വന്ന വെളളരിപ്രാവ് അനുസരണയോടെ അയാളുടെ കൈയ്യിൽ വന്നിരുന്നു. അതിന്റെ കൊക്കിൽ അപ്പോഴുമുണ്ടായിരുന്നു താഴേക്ക് വീഴാൻ തുടങ്ങിയ വെളുത്ത കടലാസു പൂക്കൾ...!
"രാജീ... കണ്ണു തുറക്ക് പ്ലീസ്... എന്നെയൊന്നു നോക്ക്".
***** ***** ***** ***** ***** ***** *****
പതിവുള്ള പ്രഭാത പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷം ഡോ. ജയപ്രസാദ് നേരേ പോയത് ഡോ.ബാലചന്ദ്രന്റെ അടുത്തേക്കാണ്.
''ബാലാ നിനക്കറിയാലോ ഇതിന്റെ കോംപ്ലിക്കേഷൻസ്... ലക്ഷ്മിയുടെ ഇന്നത്തെ അവസ്ഥയും വളരെ ക്രിട്ടിക്കലാണ്... നമ്മുടെ ഭാഗ്യത്തിനാണ് ഇപ്പോ ഇത്രയും മാച്ചിംഗ് ആയ ഒന്ന് കിട്ടിയത്...യു പ്ലീസ് ഡൂ ദ അദർ ഫോർമാലിറ്റീസ്, വീ ആർ ഗോയിംഗ് ടു സ്റ്റാർട്ട് ദ ഓപ്പറേഷൻ.'' ഡോ.ബാലചന്ദ്രന്റെ ചുമലിൽ ഒന്ന് തട്ടി ഡോ.ജയപ്രസാദ് കാർഡിയോ തൊറാസിക്‌ ഓപ്പറേഷൻ തീയറ്ററിലേക്ക് വേഗത്തിൽ നടന്നു.
ആറു മണിക്കൂറുകൾ... നീണ്ട ആറു മണിക്കൂറുകൾ...!
ലോകത്തെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റൽ... ഏറെ കഴിവ് തെളിയിച്ച ഒരു പറ്റം ഡോക്ടർമാർ... എങ്കിലും സർജറി കഴിഞ്ഞ് പുറത്തു വന്നപ്പോൾ ഡോ.ജയപ്രസാദിന്റെ മുഖം വിവർണ്ണമായിരുന്നു.
''ഓപ്പറേഷൻ സക്സസാണ്. ബാലന് പ്രത്യേകിച്ചു പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ! ബട്ട് സംതിംഗ് വെന്റ് റോംഗ്. രാജലക്ഷ്മി ഇതുവരെ പ്രതികരിക്കുന്നില്ല. ഒരുതരം നീണ്ട ഉറക്കം പോലെ!''
തന്റെ കഴിവിൽ സ്വയം അഹങ്കരിച്ചിരുന്ന ഡോ. ബാലചന്ദ്രൻ അന്നാദ്യമായി ദൈവത്തിനു മുന്നിൽ കരഞ്ഞുകൊണ്ട് മുട്ടുകുത്തി... തന്റെ ഭാര്യയ്ക്ക് ഹൃദയം കൊടുത്ത് സ്വർഗ്ഗത്തിലേക്കു പോയ ആ മനുഷ്യനു വേണ്ടിയും ബാലചന്ദ്രൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
''ലക്ഷ്മീ... കണ്ണു തുറക്ക് പ്ലീസ്... എന്നെയൊന്നു നോക്ക്".
***** ***** ***** ***** ***** ***** ***** *****
നഴ്സുമാർ അറിയിച്ചതിനനുസരിച്ച് ഡോ.ജയപ്രസാദ് പെട്ടെന്ന് ഓടിയെത്തി. തൊട്ടടുത്ത് നിന്ന ബാലചന്ദ്രന്റെ നേർക്ക് ബദ്ധപ്പെട്ട് കണ്ണുകൾ ചിമ്മി ചിമ്മിത്തുറക്കുകയായിരുന്നു രാജലക്ഷ്മിയപ്പോൾ.
''എങ്ങനെയുണ്ടിപ്പൊ...? ലക്ഷ്മി ഞങ്ങളെ കുറച്ച് വിഷമിപ്പിച്ചു...ല്ലേ ബാലാ?" മോണിറ്റർ നോക്കി തൃപ്തി വരുത്തി, പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ സിസ്റ്റർമാരേ നോക്കി പറഞ്ഞു...''ഇതിന്റെ ക്രെഡിറ്റ് ഇവർക്കാ... ഈ തോഴിമാർക്ക് !''
ബാലചന്ദ്രനാകട്ടെ മറുപടിയൊന്നും പറയാതെ അവളെത്തന്നെ സാകൂതം നോക്കി നിന്നു. അത്രയ്ക്ക് സുന്ദരിയായി തന്റെ ഭാര്യയെ അയാൾ അന്നുവരെ കണ്ടിരുന്നില്ല...!
"എന്റെയെല്ലാ വിഷമവും ഇപ്പൊ മാറി ഡോക്ടർ'' അവർ ബാലചന്ദ്രനെയും ജയപ്രസാദിനേയും നോക്കി ചിരിച്ചു... സുന്ദരമായ ആ കവിളിലൊരു നുണക്കുഴി മെല്ലെ തെളിഞ്ഞു വന്നു...
മനോഹരമായ ആ ചിരിയിൽ, ''ഏട്ടാ''എന്നുള്ള ആ വിളിയിൽ ബാലചന്ദ്രൻ സ്വയം മറന്ന് നിന്നപ്പോൾ, അവിടെ പതിയെ വീശിയ തണുത്ത കാറ്റിനോടൊപ്പം പറന്നകന്ന വെള്ളരിപ്രാവിന്റെ ചുണ്ടിൽ ആ കടലാസ് പൂക്കൾ ഉണ്ടായിരുന്നില്ല ... ഉതിർന്നു വീഴും മുൻപേ ചുണ്ടിൽ ഒതുക്കിയ വെള്ളപ്പൂക്കൾ ബാക്കിയാക്കിയ മടക്കം... അതായിരുന്നു... അതു മാത്രമായിരുന്നു ബാലചന്ദ്രനുള്ള സമ്മാനം...!
- ഗണേശ് -
16- 4- 2019

പാരഡൈസിലെ പനിനീർപൂക്കൾ (കഥ)


Best Of Nallezhuth - No 18
ഇന്ന് പുലർച്ചെ 5.30ന് ആ പൂന്തോട്ടത്തിൽ വച്ചാണ് എനിക്ക് മുറിവേറ്റത്. മൂടൽമഞ്ഞിലും ചാറ്റൽ മഴയിലും പെട്ട് ചുറ്റുമുള്ള കാഴ്ചകളൊന്നും കാണാനാവാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാനപ്പോൾ. എന്തോ ഒരപകടം എന്നെ ചുറ്റിയൊരു കാറ്റായി കറങ്ങിയടിച്ചപ്പോഴാണ്, പതിവായുള്ള പ്രഭാത നടത്തവും കഴിഞ്ഞു വന്ന അച്ചായനെന്റെ ജീവനെ രണ്ടായി മുറിച്ചെടുത്ത് അകത്തേക്ക് കൊണ്ടുപോയത്...
അച്ചായന്റെ കൈപ്പത്തിയുടെ ചൂടിലമർന്ന് 'പാരഡൈസ് വില്ല' എന്ന പ്രൗഢമായ വീടിന്റെ വലിയ ഹാളിലേക്ക് എത്തുമ്പോൾ ഞാനൊട്ടും അമ്പരന്നില്ല, അവിടെയുള്ള വിലപിടിച്ച ഫർണിച്ചറുകളും പെയിന്റിംഗുകളും മറ്റ് അലങ്കര വസ്തുക്കളും എന്നെ ഭ്രമിപ്പിച്ചില്ല, ചാരനിറത്തിലുള്ള ജനൽ വിരികളിൽ തട്ടി വരുന്ന പുലർ കാറ്റിന്റെ നനുത്ത കുളിരെന്നെ സ്പർശിച്ചില്ല. തണ്ടിൽ നിന്ന് വേർപെട്ട് ജീവൻ പതിയെപ്പതിയെ ഒഴുകിയിറങ്ങുമ്പോഴും ആ ബലമുള്ള കൈപ്പത്തിയോടൊട്ടിച്ചേർന്ന് വേദന സഹിച്ചു ഞാൻ കണ്ണുകളടച്ചിരുന്നു.
ഐശ്വര്യത്തോടെ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന കർത്താവിന്റെ തിരുരൂപത്തിന് മുന്നിൽ ഒന്നു വണങ്ങി, അച്ചായൻ എന്നെ ആ ഹാളിന്റെ വലതു വശത്തേക്ക് കൊണ്ടുപോയി. സ്വർണ്ണവർണ്ണത്തിൽ, നല്ല വലിപ്പത്തിൽ ലാമിനേറ്റ് ചെയ്ത ആ ഫോട്ടോയുടെ അടിയിൽ, ഇടതു വശത്തായുള്ള ഭംഗിയുള്ള പൂപ്പാത്രത്തിലേക്ക് അങ്ങനെ ഞാൻ എത്തിച്ചേർന്നു. ആ ഫ്ലവർ വേസിൽ പല പല നിറങ്ങളിൽ പൂത്തുലഞ്ഞ് നിന്നിരുന്ന മറ്റു പനിനീർപ്പൂക്കൾ എന്നെ നോക്കിച്ചിരിച്ചു.
ആ സമയം കൂട്ടത്തിൽ ഏറ്റവും അവശയായ പൂവ് പൂപ്പാത്രത്തിന്റെ ഒരു ഭാഗത്തേക്ക് ചരിഞ്ഞു.
''ഓ നീയും എത്തി അല്ലേ മോളേ... എനിക്ക് പോകാൻ സമയമായി..." വാടിക്കൊഴിഞ്ഞു നിലത്തു വീണ ഇതളുകൾ കൊണ്ട് ഞങ്ങളോടവർ യാത്രാമൊഴി ചൊല്ലി.
താഴെ വീണു കിടന്ന ഇതളുകളും കമ്പും പെറുക്കിക്കളഞ്ഞ്, ആ ചിത്രത്തിലേക്ക് ഒന്നു മിഴി നട്ട്, അച്ചായൻ അകത്തേക്കു പോയി. വേദന കടിച്ചമർത്തി ഞാൻ എല്ലാവരേയും നോക്കി ഒന്നു പുഞ്ചിരിച്ചു.
''നീയൊരു സുന്ദരിയാണല്ലോ!'' പൂപ്പാത്രത്തിലെ പൂക്കൾ എന്നെ ചേർത്തു പിടിച്ച് ഉമ്മ വച്ച് അടുത്തേക്ക് നിർത്തി.
"പ്രാർത്ഥിക്ക് മക്കളെ !"
കൂട്ടത്തിലുള്ള ഏറ്റവും സുന്ദരിയായ പൂവ് പറഞ്ഞു.
''ഇന്നത്തോടെ ഞങ്ങളോരോരുത്തരായി പോകും, അതു കഴിഞ്ഞ് നീയും, അപ്പോഴേക്കും പുതിയ പുതിയ പൂക്കൾ ഇവിടെ വരും. നമ്മുടെയൊക്കെ ജീവന് അത്രേയുള്ളു വില...!, വെറുമൊരു കാഴ്ചയ്ക്കുള്ള വില...! മറ്റുള്ളവർക്ക് ഒരു കൗതുകത്തിനുള്ള വില...! ഒന്നു പൊഴിഞ്ഞു തുടങ്ങിയാൽ... ഒന്നു വാടിപ്പോയാൽ പിന്നെ ചവറ്റുകൊട്ടയിലെത്തുന്ന അത്രയും വില...! കുങ്കുമ നിറമുള്ള വലിയ ഇതളുകൾ പൊഴിഞ്ഞു വീണു തുടങ്ങിയിരുന്നു ആ പൂവിനപ്പോൾ.
''വാടിത്തുടങ്ങുമ്പോൾ തൊട്ട് അവസാനയിതളും പൊഴിയും വരെ കഥകൾ പറയണം... അതാണ് നമ്മുടെയീ പൂപ്പാത്രത്തിലെ നിയമം.'' ഉതിർന്നു വീണ അടുത്ത കുങ്കുമയിതളൊന്ന് മെല്ലെത്തട്ടി, അവരെന്നോട് ക്ഷീണിച്ച ശബ്ദത്തിൽ പാരഡൈസ് വില്ലയുടെ കഥ പറഞ്ഞു തുടങ്ങി.
"ദേ...നമ്മൾ കാവൽ നിൽക്കുന്ന ഈ ഫോട്ടോയിലെ എയ്ഞ്ചലിന്റെ മുത്തച്ഛൻ ഗോൺസാൽവസ് മുതലാളിക്ക് സമ്മാനം കിട്ടിയതാണീ വീട്. ബ്രിട്ടീഷുകാരുടെ തോട്ടം മാനേജരായിരുന്നു അദ്ദേഹം. അന്നൊക്കെ ആനച്ചാൽ എന്ന ഈ സ്ഥലം കൊടും കാടായിരുന്നു... എയ്ഞ്ചലിന്റെ അച്ഛൻ വിൽഫ്രഡ് മുതലാളിയാ ഈ പൂന്തോട്ടവും ഇതിനു ചുറ്റുമുള്ള ഏലത്തോട്ടവും ഇക്കണ്ട വസ്തുക്കളും ഒക്കെ ഉണ്ടാക്കിയത്.'' ഒന്നു നിർത്തി അവരെന്റെ മുഖത്തേക്ക് നോക്കി.
''നിനക്കെന്തു പറ്റി? നന്നായി വേദനിക്കുന്നുണ്ടല്ലേ?"
"ഏയ് ഇല്ല, ഒന്നുമില്ല'' ഞാൻ ഒന്നു മന്ദഹസിച്ചു.
''എന്തു ഭംഗിയായിരുന്നു ഈ എയ്ഞ്ചലിനെ കാണാൻ! ശരിക്കും ഒരു മാലാഖ പോലെ, അല്ലേ? പൂന്തോട്ടത്തിൽ ഇരുന്ന് നമ്മളോട് കിന്നാരം പറയുന്നത് എയ്ഞ്ചലിന് ഒത്തിരി ഇഷ്ടമായിരുന്നു എന്ന് ഇലഞ്ഞി മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്."
ഞാനത് കേൾക്കാനിഷ്ടമാവാത്ത ഭാവത്തിൽ കുനിഞ്ഞു നോക്കി നിന്നു. ഇതളുകൾ കൂടുതൽ കൂടുതൽ പൊഴിഞ്ഞപ്പോൾ ആ പൂവ് എന്നിലേക്ക് തല ചായ്ച്ചു.
''പൂന്തോട്ടത്തിലെ ചെടികൾ മിക്കതും ഓരോരുത്തരുടെ ഓർമ്മയ്ക്കായി നട്ടതാണ്. വല്യ മുതലാളി മരിച്ചപ്പൊ വിൽഫ്രഡ് മുതലാളി നട്ടതാ നമ്മുടെ ഇലഞ്ഞി മുത്തശ്ശിയെ. വിൽഫ്രഡ് മുതലാളിക്ക് വേണ്ടി എയ്ഞ്ചലും നട്ടു ഒരു പവിഴമല്ലിച്ചെടി. അവിടെക്കാണുന്ന അശോകവും പാരിജാതവുമൊക്കെ ഇവിടുണ്ടായിരുന്ന ഓരോ അമ്മമാരുടെ ഓർമ്മകളാ. എയ്ഞ്ചലിന് ചെടികളും പൂക്കളും ഒത്തിരി ഇഷ്ടമായിരുന്നു പ്രത്യേകിച്ച് നമ്മൾ പനിനീർ പൂക്കളെ. പക്ഷെ അവൾക്കായി ആരും ഒന്നും ചെയ്തില്ല, ഒന്നും...!".
''തെറ്റ്! ആ പറഞ്ഞത് തെറ്റ്! ഏയ്ഞ്ചലിനായി അച്ചായൻ നട്ടതാണെന്നെ...! കഴിഞ്ഞ പന്ത്രണ്ട് വർഷമായി പൂക്കാതെ തളിർക്കാതെ നിൽക്കുന്ന എന്നെ...! പന്ത്രണ്ട് വർഷത്തിനു ശേഷം വിരിഞ്ഞ ഉടൻ മരിക്കാൻ പോകുന്ന എന്നെ...!''
പെട്ടെന്ന് അറിയാതെന്റെ ശബ്ദമുയർന്നു. പൂപ്പാത്രത്തിലുള്ളവർ അവിശ്വസനീയതയോടെ അപ്പോഴെന്നെ നോക്കി.
"ഇനിയുള്ള കഥ ഞാൻ പറയാം, കേൾക്കൂ" ഞാൻ മെല്ലെ, എന്നാൽ ദൃഢമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
''വിൽഫ്രഡ് മുതലാളിയുടെ അടുത്ത് ഒരു ജോലിക്കു വേണ്ടി എങ്ങനെയോ വന്നുപെട്ടതാണീ അലക്സച്ചായൻ. അച്ചായന്റെ മിടുക്കും ആത്മാർത്ഥതയും മുതലാളിക്ക് ഇഷ്ടപ്പെട്ടു. എയ്ഞ്ചലും അലക്സിനെ പ്രണയിച്ചു തുടങ്ങി. പക്ഷെ അച്ചായന് ഈ പ്രണയത്തിലൊന്നും ഒരു താല്പര്യവുമുണ്ടായിരുന്നില്ല. എന്നാലും മരണക്കിടക്കയിൽ വച്ച് മുതലാളിക്കു കൊടുത്ത വാക്ക് അച്ചായൻ പാലിച്ചു. പേരിന് മാത്രം വിവാഹമെന്ന ഒരു ചടങ്ങ് നടന്നു. ഒട്ടും പൊരുത്തപ്പെടാതെ കുറേ നാളുകൾ രണ്ടാളും തള്ളി നീക്കി. ഒടുവിൽ രണ്ടു കുട്ടികളായി സന്തോഷമായി കഴിയുമ്പൊ ഏയ്ഞ്ചലിനെ ദൈവം തിരികെ വിളിച്ചു. അതിൽപ്പിന്നെ അച്ചായൻ യാത്രകൾക്കൊന്നും പോയിട്ടില്ല. പുറത്തോട്ടധികം ഇറങ്ങാറില്ല. അയ്യപ്പൻകോവിലിലെ എസ്‌റ്റേറ്റും, കുഞ്ചിത്തണ്ണീലെയും ഇവിടുത്തെയും ഏലത്തോട്ടമൊക്കെ വിറ്റ് മക്കൾക്കു കൊടുത്തിട്ട്, ഈ വീടും പറമ്പും കെട്ടിപ്പിടിച്ചിരിക്കുന്നു, സഹായത്തിന് കുമാരേട്ടനും. അമേരിക്കയിൽ നിന്ന് മക്കൾ രണ്ടും നാളെ വരുന്നുണ്ട്. വല്ലാത്ത മേളമായിരിക്കും അച്ഛനും മക്കളും കൂടി"
അവരുടെ കളിയും തമാശകളും ഒരു ചിത്രമായി മനസ്സിൽ തെളിഞ്ഞപ്പോൾ, നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഇറുക്കിയടച്ചു... സന്ധ്യയ്ക്കു മുന്നേ തേടിയെത്തുന്ന മരണത്തെക്കാത്ത്, പൊഴിഞ്ഞു വീഴുന്ന ഇതളുകൾ തടയാൻ വൃഥാ ശ്രമിച്ച് ഞാൻ നിന്നു, എയ്ഞ്ചൽ എന്ന ഞാൻ...!
''ദൈവമേ... ഒന്നടുത്തു കാണാൻ... കുറച്ചു നേരമെങ്കിലുമൊന്നു നോക്കി നിൽക്കാൻ... ഞാനങ്ങയോടിരന്ന് കിട്ടിയ ജൻമല്ലേ ഇത്... എന്നിട്ടും... ഒന്നു കൊതി തീരെ കാണുമുമ്പു എന്നെ നീ കൊണ്ടു പോകുകയാണോ?"
***** ***** *****
അന്നത്തെ സന്ധ്യയിൽ മൂന്നാറിനെ തഴുകി വന്ന കാറ്റിന് ഒരു പ്രത്യേകമണമായിരുന്നു. ആനച്ചാൽ കയറി അത് പാരഡൈസ് വില്ലയിലെത്തിയപ്പോൾ അവിടമാകെ ഇലഞ്ഞിപ്പൂമണം നിറഞ്ഞു.
മൃദുല ചുറ്റും നോക്കി വേഗത്തിൽ നടന്നു. ഔട്ട് ഹൗസിൽക്കിടന്ന കൈസർ തലപൊക്കി ഒന്നു മുരണ്ടു... പിന്നെ മോങ്ങിക്കൊണ്ട് മുൻകാലുകൾക്കിടയിലേക്ക് തല പൂഴ്ത്തി നിശബ്ദനായിക്കിടന്നു.
ചാറ്റൽ മഴയും മഞ്ഞും കൂരാക്കൂരിരുട്ടും ആ വെട്ടു റോഡിനെ തീർത്തും വിജനമാക്കിയിരുന്നു...! കോടമഞ്ഞ് മൂടിപ്പുതച്ച് നിന്ന 'പാരഡൈസ് വില്ലയുടെ' പൂമുഖ വാതിൽ ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം മലർക്കെ തുറന്നു കിടന്നു. മഴവെള്ളം ഇറ്റുവീഴുന്ന ഇലഞ്ഞിച്ചുവട്ടിൽ ഒരു ഞൊടി നിന്ന് പൂന്തോട്ടമാകെ ഒന്നു നോക്കി മൃദുല ആ വലിയ വീടിന്റെ പൂമുഖപ്പടി കയറി.
ഹാളിനുള്ളിലെ തിരുരൂപം മറികടക്കാതെ, അങ്ങോട്ട് നോക്കാതെ, അകത്തേക്ക് പോകാതെ, അവിടെ നിന്നവൾ ഉറക്കെ വിളിച്ചു...
''അലക്സീ..എവിടെയാ?"
ആ ശബ്ദമാണയാളെ ദീർഘമായ ഉറക്കത്തിൽ നിന്നുണർത്തിയത്. മനസ്സിന്റെ അടിത്തട്ടിൽ ഉറവ കൊണ്ട ഉഷ്ണപ്രവാഹം അയാളെ ശബ്ദം കേട്ട സ്ഥലത്തേക്ക് വേഗത്തിൽ തള്ളിവിട്ടു.
ആദ്യം കാണും പോലെ അയാളവളെ നോക്കി.
ഓർമ്മകളിൽ മുട്ടോളമെത്തുന്ന പാവാടയിട്ട് മുടി രണ്ടായി പിന്നിയിട്ട ഒരു നുണക്കുഴിക്കാരി പുസ്തകസഞ്ചിക്കിടയിൽ നിന്ന് ഒരു മയിൽപ്പീലി അയാൾക്കു നേരേ നീട്ടി... ആ അരപ്പാവാടക്കാരി പെട്ടെന്ന് ഓടി മറഞ്ഞ് പകരം തുളസിക്കതിർ ചൂടിയ കോളജ് കുമാരി അയാളുടെ ചിന്തകളിൽ നഖമാഴ്ത്തി നോവിച്ചു, നുണക്കുഴി കാട്ടി ചിരിച്ചു.
''മൃദൂ... നീ... എങ്ങനെ? ഇവിടെ?''
അവളാ ചോദ്യം കേൾക്കാത്ത മട്ടിൽ അയാളെ അടിമുടി നോക്കി. ആ കൈകൾ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തു. അറുപത് വയസ്സായെങ്കിലും, നന്നായി നരച്ചെങ്കിലും, ആ കുസൃതിയുള്ള കണ്ണുകൾക്ക് ഒരു മാറ്റവുമില്ല. അന്നത്തെ മെല്ലിച്ച ശരീരം ഇന്ന് കുറച്ചു കൂടി ദൃഢമായിരിക്കുന്നു. തന്റെ കവിളിൽ ഉരസിയിരുന്ന പഴുതാര മീശയുടെയും ഊശാൻ താടിയുടേയും സ്ഥാനത്ത് നരച്ച കട്ടിമീശ. സങ്കടം വരുമ്പോൾ മുഖം പൂഴ്ത്തുന്ന നെഞ്ചിലെ രോമക്കാടുകൾ അൽപ്പം നരച്ചിട്ടുണ്ട്. കീഴ്ച്ചുണ്ടിലെ ആ കറുത്ത മറുകു പോലും അതേപടി തന്നെ...!
'ഓ മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ... മനസ്സും മനസ്സുമകന്നുവോ'...
തന്റെ കിടപ്പുമുറിയിൽ വിയർപ്പിറ്റു വീണ വിരിപ്പിൽ കെട്ടിപ്പുണർന്ന് കിടക്കുമ്പോൾ അലക്സ് ചെവിയിൽ പാടുന്ന ആ പാട്ട് എങ്ങു നിന്നോ വന്നവിടെയെല്ലാം അലയടിച്ചു.
പാട്ടിന്റെ വരികൾ മെല്ലെ മെല്ലെ മൂളി അവൾ അയാളിലേക്കടുത്തു.
'പിരിയുവാനാകുമോ തമ്മിൽ... നിൻ സ്വരം ഒരു തേങ്ങലായെന്നിൽ നിറയും...'
കരഞ്ഞുകൊണ്ടവൾ അയാളുടെ നെഞ്ചോടു ചേർന്നു.
അതു കാണാനുള്ള ശക്തിയില്ലാതെ ഞാൻ തൊഴുകൈയ്യോടെ കണ്ണുകൾ ഇറുകെയടച്ചു. ''ദൈവമേ... എന്നെ പെട്ടെന്ന് വിളിക്കണേ... എനിക്കിതു കാണാൻ വയ്യാ...''
തന്റെ ചുണ്ടുകളിൽ ചുംബിക്കാനാഞ്ഞ മൃദുലയെ അയാൾ വലതു കൈയ്യാൽ തടഞ്ഞു.
"അലക്സീ...''
''മരിച്ചിട്ടും ഇവിടം വിട്ട് പോകാനാകാതെ ഞാൻ പിടിച്ചു നിന്നത് ഈയൊരു ദിവസത്തിനു വേണ്ടിയാണ്... അലക്സിയും ഈ മണ്ണ് വിടുന്ന ദിവസത്തിനു വേണ്ടി...! ഇനിയെങ്കിലും നമുക്ക് ഒരുമിക്കണം. അച്ഛന്റെ വാശി മാറാൻ കാത്തു കാത്തിരുന്ന് ഒടുവിൽ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ചവളാണ് ഞാൻ. ഇനിയെനിക്ക് കാത്തിരിക്കാൻ വയ്യ...! എന്റെ അലക്സിയെ ഞാനാർക്കും പങ്കുവയ്ക്കില്ല... എന്നന്നേക്കുമായി എന്റൊപ്പം കൊണ്ടുപോകാനാണ് ഞാനിങ്ങോട്ടു വന്നത്... ഇവിടെ കാത്തു നിന്നത്...
നമുക്കൊരുമിക്കണം... ആത്മാക്കളായെങ്കിലും!"
വല്ലാത്ത പരവേശത്തിൽ മൃദുല പറഞ്ഞു നിർത്തി.
ഞാനപ്പോൾ അച്ചായനെത്തന്നെ നോക്കി നിന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നതു കണ്ട് എനിക്കും സങ്കടം വന്നു... 'ഒരുവേള അവരൊരുമിച്ചിരുന്നെങ്കിൽ' ചുടുകണ്ണീരിനൊപ്പം എന്റെ ഇതളുകൾ ഒന്നൊന്നായി പൊഴിഞ്ഞു കൊണ്ടിരുന്നു... എന്റെ ശരീരവും വിറച്ചു തുടങ്ങി... എന്തിനെന്നറിയാതെ....
''ശരിയാണ്! നീ പറഞ്ഞതെല്ലാം ശരിയാണ്. ഒത്തിരി സ്നേഹിച്ചിരുന്നു നിന്നെ ഞാൻ. പക്ഷെ ആ രാത്രിയിൽ ഒരു സിനിമാക്കഥ പോലെ, തെറ്റുകാരനായി ഞാൻ പിടിക്കപ്പെടുമ്പൊ, ഒരക്ഷരം മിണ്ടിയില്ല നീ... നിന്റെ അച്ഛന്റെ അഭിമാനം... നിങ്ങളുടെ അന്തസ്സ്...! അന്നതായിരുന്നു നിന്റെ സാഹചര്യം , കുറ്റപ്പെടുത്തുന്നില്ല...! പക്ഷെ ഞാനോ?വെറും ഒളിഞ്ഞുനോട്ടക്കാരൻ... കള്ളൻ... ഞരമ്പുരോഗി...! അവിടുന്ന് ഉടുതുണിക്ക് മറുതുണിയില്ലാതെ നാണംകെട്ട് ഓടിയ എനിക്ക് എല്ലാമെല്ലാമായത് ഈ നാടും, നാട്ടുകാരും, ഇവിടുത്തെ നൻമയും, മുതലാളിയും, എയ്ഞ്ചലും ഇവരുടെ സ്നേഹവുമാണ്"
ഒന്നു നിർത്തി എന്റെ നേർക്ക് കൈ ചൂണ്ടി അദ്ദേഹം തുടർന്നു.
''ദേ എന്റെ മാലാഖയെ നോക്ക്...! ഒന്നു നന്നായി സ്നേഹിച്ചിട്ടില്ല ഞാനവളെ... എന്നും നോവിച്ചിട്ടേയുള്ളൂ... ഒട്ടും സന്തോഷിപ്പിച്ചിട്ടില്ല... പക്ഷെ അവളോ? എല്ലാ മറിഞ്ഞിട്ടും, എന്നെ ഒരുപാട് സ്നേഹിച്ചു... എന്റെ മക്കളെ പ്രസവിച്ചു...
പിന്നെ... പിന്നെ...എത്ര മാത്രം ഞങ്ങൾ സ്നേഹിച്ചിരുന്നുവെന്ന് അവളങ്ങ് പോയപ്പഴാ എനിക്ക് മനസ്സിലായത്".
''ഇവിടെയുണ്ടച്ചായാ.... അച്ചായന്റെ മാലാഖ ഇവിടെയുണ്ട്...ഈ പൂപ്പാത്രത്തിൽ" ഞാൻ ഉറക്കെയുറക്കെ പറയാൻ ശ്രമിച്ചു. പക്ഷെ എന്റെ ശക്തിയെല്ലാം ചോർന്നുപോയ പോലെ. കാഴ്ച തീർത്തും മങ്ങിയപ്പോൾ അച്ചായൻ ഒരു നിഴൽ പോലെ എന്റെ നേർക്ക് നടന്നു വരുന്നത് കണ്ടു. അവസാന ഇതളും പൊഴിഞ്ഞ് ഫ്ലവർവെയ്സിൽ നിന്ന് ഞാനാ കൈകളിലേക്ക് ഊർന്നു വീണു.
''എനിക്കു വേണ്ടി മാത്രം പൂവിട്ട എന്റെയീ മാലാഖയെ ആർക്കും കൊടുക്കില്ല ഞാൻ, ഒരിക്കലും.. ഇനിയൊരിക്കലും'' അച്ചായനെന്നെ ഇറുകെ പുണർന്നപ്പോൾ ഞാൻ ആർത്തലച്ച് ആ നെഞ്ചിലേക്ക് വീണു. നിറഞ്ഞ കണ്ണു തുടച്ച് അദ്ദേഹം മൃദുലയെ നോക്കി ഒന്നു ചിരിച്ചു.
"എനിക്കായി പിറന്ന ഇവളെ ഞാനെങ്ങനെ ഉപേക്ഷിക്കും? ഈ മണ്ണിൽ പൂവായി, കാറ്റായി, പുഴയായി, മഴയായി, മണമായി, കുളിരായി ഞങ്ങളുണ്ടാവും ഇനിയെന്നും...
**** ***** *****
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കറുത്ത രണ്ട് ബെൻസ് കാർ പാരഡൈസ് വില്ലയുടെ പോർച്ചിലെത്തി. ആദ്യത്തെ ബെൻസിൽ നിന്നിറങ്ങിയ കുമാരേട്ടൻ "അച്ചായാ ദേ അവരിങ്ങെത്തി" എന്നു പറഞ്ഞ് കുറേയേറെ കവറുകളുമായി കിതച്ചു തുള്ളി അകത്തേക്ക് പോയി.
അവിടെ എയ്ഞ്ചലിന്റെ ചിത്രത്തിനരുകിൽ ഒരു വാടിക്കൊഴിഞ്ഞ പൂവ് നെഞ്ചോട് ചേർത്ത് അച്ചായൻ ചാരിയിരുപ്പുണ്ടായിരുന്നു... കണ്ണുകൾ പാതിയടച്ച്...!
കുമാരേട്ടന്റെ അലറിക്കരച്ചിൽ ആ രണ്ടു ബെൻസിനേയും അവധിക്കാലം ചിലവിടാനെത്തിയവരേയും കടന്ന്, മഴ വീണു തുടങ്ങിയ മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു.
തണുത്ത കാറ്റിനൊപ്പം മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.... ആരോ ആരെയോ ആശ്വസിപ്പിക്കും പോലെ... ആരോ എവിടെയോ കണ്ണുനീരൊഴുക്കും പോലെ...
(അവസാനിച്ചു)
-ഗണേശ് -

ഉരുള- ഈച്ചകൾ കണ്ട കഥ

Image may contain: Ganesh Gb, smiling, closeup
***************************
''ഗോപി വല്യച്ഛൻ മരിച്ചു.''
തണുത്ത് വിറങ്ങലിച്ച് പുതച്ചുമൂടി നീണ്ടു നിവർന്ന് കൃഷ്ണവിലാസം ഭഗീരഥൻ പിള്ള മോഡലിലുള്ള വല്യച്ഛന്റെ കിടപ്പ് ഒന്നു കണ്ട്, നന്നായി ഒന്ന് കോൾമയിർ കൊണ്ട്, ഒരു ചിൽഡ് ഹേവാർഡ്സ് അടിച്ച പോലെ മനസ്സിനെ ഒന്നു തണുപ്പിക്കാനാണ്, ഗോപി - ഗിരിജമാർ പൂണ്ടു വിളയാടി വിഹരിച്ചിരുന്ന ജി. ജി. വിഹാറിന്റെ മുറ്റത്തേക്കു ഞാൻ ഇടങ്കാലെടുത്തു വച്ചത്.
ആ കിടപ്പ് നോക്കി രഞ്ജി പണിക്കരെ മനസ്സിൽ ധ്യാനിച്ച് സുരേഷ് ഗോപി സ്റ്റൈലിൽ 'ഓർമയുണ്ടോ ഈ മുഖത്തിൽ' തുടങ്ങി രണ്ട് ഡയലോഗ് കീച്ചണം. ഞങ്ങളെ പാപ്പരാക്കി ഇറക്കിവിട്ടതും, അച്ഛനെ തല്ലിയതും ഒന്നൂടെ ഓർമ്മിപ്പിക്കണം...! അന്നേരം ഇളകിത്തെറിക്കുന്ന ആ മൂക്കിലെ പഞ്ഞി ഒന്നു തിരുകി അകത്തേക്ക് കയറ്റണം... അല്ലെങ്കിൽ ചിലപ്പോൾ അങ്ങേര് ചാടി എഴുന്നേറ്റു കളയും, പാമ്പു മുറികൂടും പോലെ ജീവൻ വച്ചു വരുന്ന അപൂർവ്വ ജനുസാണത്...!
അപ്പോഴേക്കും യമരാജ കിങ്കരന്മാർ പുള്ളിക്കാരന്റെ നട്ടും ബോൾട്ടും അടിച്ചിളക്കി - ഓയിലിട്ട് മുറുക്കി, വാട്ടർ സർവ്വീസും - ബ്ലീച്ചിംഗും കഴിഞ്ഞ്, ബ്ലാക് ഡ്രസ്സും കൊടുത്ത്, ഹൈ റെസല്യൂഷൻ സ്ക്രീനിനു മുന്നിൽ കണക്കെടുപ്പിന് നിർത്തിയിരിക്കും...! കൃത്യം ആ സമയത്തു വേണം എന്റെ രഞ്ജി പണിക്കർ ഡയലോഗുകൾ ബി.ജി.എം ആയി വന്നു വീഴേണ്ടത്, എന്നുറപ്പിച്ച് മുന്നോട്ടു നടന്നു.
വല്യച്ഛനുമായി നേരിട്ടൊന്നു മുട്ടിയാൽ സ്വന്തം സ്ഥാവരവും ജംഗമവും ഒരുമിച്ച് നഷ്ടപ്പെട്ടു പോവുമെന്ന് മനസ്സിലാക്കി വേണ്ടത്ര തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടാകും യമരാജൻ! സ്വന്തം സ്വത്തും, സിംഹാസനവും, ജോലിയും പോയി അലഞ്ഞു തിരിഞ്ഞ് വയറ്റുപിഴപ്പിനായി ഓഫീസുകൾ തോറും കയറി ഇറങ്ങേണ്ടി വരുന്ന നമ്മുടെ സ്വന്തം കാലേട്ടൻ...! ആധാർ കാർഡിൽ വൈ. ധർമൻ എന്ന് പേരും വച്ച്, മീശയും പുരികവുമൊക്കെ വെട്ടിയൊതുക്കി ചരമ കാർഡ് കാട്ടി ഇന്റർവ്യൂവിന് കയറുന്നതും, ഒടുവിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റായി തന്റെ 'ഡത്ത് രജിസ്റ്റർ' നീട്ടുമ്പോൾ ''ഗെറ്റ് ഔട്ട്'' കിട്ടുന്നതും സങ്കൽപ്പിച്ചു നോക്കി... തൊഴുതു നിന്ന് പട്ടിയെപ്പോലെ കരയുന്ന ആ ഭീകരരൂപം ഓർത്തപ്പോൾ ഒരു ടിക് ടോക് കണ്ടപോലെ എനിക്ക് ചിരി പൊട്ടി.
കാലേട്ടൻ പതിവുപോലെ സ്ട്രോങ് ആയാൽ, നേരേ തന്തൂരി അടുപ്പിനുള്ളിലാവും വല്യച്ഛന്റെ പ്രൊബേഷൻ പീരീഡ്...! ഗ്രേവിപുരട്ടലും, എണ്ണയിലുള്ള പൊരിപ്പും, കമ്പിയിൽ കുത്തി നിർത്തി അടിയിൽ തീയിടലും ഉൾപ്പടെ വളരെപ്പെട്ടെന്ന് പ്രൊമോഷൻ വാങ്ങി എല്ലാ ഹോട്ട് സീറ്റിലും വല്യച്ഛൻ തന്റെ പൃഷ്ടം വയ്ക്കും എന്നത് തീർച്ച...! ആ നിലയ്ക്ക് പോയാൽ ഒരു ചില്ലി പെപ്പർ ഗോപിനാഥ ഡീപ്പ് ഫ്രൈ ഏതാണ്ട് ഉറപ്പായി...!
''എപ്പൊ വന്നെടാ?''
ആ കരകര ശബ്ദം ശ്രീമോന്റെതാണ്...! വല്യച്ഛന്റെ മൂത്ത മകൻ ജി. ശ്രീമോൻ...! അവൻ വടക്കുവശത്തെ മാവിൻ കൊമ്പിൽ പിടിച്ച് കുരുങ്ങിക്കിടക്കുന്ന കൗപീനം പോലെ കഴുത്തൊടിഞ്ഞ് നിൽപ്പുണ്ട്. മാവിൽത്തൂങ്ങി നിൽക്കുന്ന ഡെഡ് ബോഡി പോലെ! മാങ്കൊമ്പ് വിട്ട്, ആടിയാടി അവൻ മുന്നോട്ടുവന്നു. തൽക്കാലം രക്ഷപ്പെട്ടെന്ന മട്ടിൽ മാവിന്റെ ചില്ലയൊന്നുയർന്നു. പഴുത്ത മാവിലകൾ അവിടവിടെയായി വീണു.
''എപ്പൊ വന്നെടാ?'' അവൻ വീണ്ടും ചോദിച്ചു.
അവനിൽ നിന്നടിച്ച മണത്തിൽ ഞാനങ്ങുയർന്ന് ആറ്റുപുറം അമ്പലക്കര ഏസി ബാറിൽ എത്തി മൂന്നു നിൽപ്പൻ അടിച്ചു. പണ്ടത്തെ ഇംഗ്ലീഷ് മീഡിയം വെൽ ബിഹേവ്ഡ് ബോയിൽ നിന്ന്, സാമുദ്രിക ലക്ഷണങ്ങളെല്ലാമൊത്ത ഒന്നാന്തരമൊരു കുടിയനായി അവൻ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവൻ വാങ്ങിക്കൂട്ടിയിട്ടുള്ള ട്രോഫികളുടെ പേരിലാണ് എനിക്ക് ഏറെ തല്ലും നുളളും കുത്തുവാക്കുകളും കിട്ടിയിട്ടുള്ളത്. ആ ട്രോഫികളെല്ലാം ടൗണിലെ ബ്യൂട്ടി പാലസിൽ നിന്ന് വലിയമ്മ സ്വന്തം കാശിൽ വാങ്ങിയതായിരുന്നു എന്നറിഞ്ഞതിനു ശേഷമാണ് എന്റെ ശരീരത്തിന് അച്ഛനുമമ്മയും കുറച്ച് റെസ്റ്റ് കൊടുത്തത്. പെട്ടെന്നതൊക്കെ ഒരു ബ്ലാക്ക് ആൻറ് വൈറ്റ് സിനിമ പോലെ ഓടി മറഞ്ഞു. ഇപ്പോഴവനു കിട്ടുന്ന ട്രോഫികൾ ബാറിൽ നിന്നാണല്ലോ എന്നോർത്തപ്പോൾ പ്രതികാരമെല്ലാം മറന്ന് ഞാനവനു നേരെ കൈ നീട്ടി.
''ഒരു അര മണിക്കൂറാവും''
എന്റെ കൈയ്യിലൊന്ന് പിടിച്ച് ഞെക്കി, കൈയ്യിലെ പശ കളഞ്ഞ്, അടുത്ത ഉൽസാഹ കമ്മറ്റി യോഗത്തിലേക്കവൻ പോയി. അഞ്ചാറ് ചരമ പോസ്റ്ററും, കുറച്ചു പശയും മാവിൻ ചോട്ടിൽ അവിടവിടെയായി കിടന്നിരുന്നു. കൈയ്യിൽപ്പറ്റിയ കട്ടിപ്പശ പോസ്റ്ററിൽ തുടച്ച് ഞാനാമാവിൽ ഒട്ടിച്ചു വച്ചു.
''വായ്ക്കരി ഇടാൻ ഇനി ആരേലുമുണ്ടോ?''
മുക്കി മുക്കി അങ്ങനെ വിളിച്ചു ചോദിക്കുന്നത് നീലാണ്ടനാണ്. വല്യച്ഛന്റെ അടിമക്കണ്ണ്. പുറംപണിയാണ് ടിയാന്റെ അപ്പോയിൻറ്മെൻറ് ഓർഡറിലെങ്കിലും ചതി - വഞ്ചന - കുതികാൽ വെട്ട് എന്നിവയിലാണ് ബിരുദാനന്തര ബിരുദം. ഏഷണിയിൽ സ്പെഷ്യൽ സ്കോളർഷിപ്പും...! എന്റെ പ്രതികാര ലിസ്റ്റിലെ രണ്ടാം പ്രതി... ആളും നന്നേ അവശനായിരിക്കുന്നു...! വല്യച്ഛന്റെ നിഴലായി കൂടെ നടന്നിട്ടും അവസാനം ദുഷ്പേരു മാത്രം ബാക്കിയായതിന്റെ ക്ഷീണവും തളർച്ചയും ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.
''എന്നെ മനസ്സിലായോ?'' ഒന്നു കടുപ്പിച്ച് ചോദിച്ച് ഞാൻ അടുത്തേക്ക് ചെന്നു.
''ഓർമ്മക്കുറവുണ്ട് കുഞ്ഞേ"
''ഓർമ്മയുള്ള സമയത്ത് നിങ്ങളു ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് പാപ്പരായിപ്പോയ ഒരച്ഛന്റെ മോനാ''
റിട്ടയേഡ് വണ്ടിക്കാളയെപ്പോലെ, ശ്വാസം വിടാൻ പാടുപെടുന്ന, ആ വൃദ്ധന്റെ പേരും ഞാനപ്പോൾ പ്രതികാര ലിസ്റ്റിൽ നിന്നു വെട്ടി, ആ നീട്ടിപ്പിടിച്ച കൈയ്യിൽ ഒരഞ്ഞൂറ് രൂപ തിരുകി വച്ചു. നീലാണ്ടന്റെ കണ്ണു നിറയുന്നതും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും ശ്രദ്ധിക്കാത്ത മട്ടിൽ, അയാളുടെ കൈയ്യിൽ നിന്നും ഒട്ടിപ്പിടിച്ച അരിയും പൂവും കുടഞ്ഞു കളഞ്ഞ് ഞാൻ മുന്നോട്ടു നടന്നു.
ആരെയൊക്കെയോ നോക്കിയൊന്നു ചിരിച്ചെന്നു വരുത്തി ഞാൻ ഹാളിലെത്തി. ഗോപി വല്യച്ഛൻ വെളള പുതച്ച്, വായ് ഒരൽപ്പം ഓവൽ ഷേപ്പിൽ തുറന്നുവച്ച് നെടു നെടാ ഒറ്റക്കിടപ്പുതന്നെ..! കൊളസ്ട്രോൾ ഒരറ്റത്തു നിന്ന് രോഹിത് ശർമയെപ്പോലെ അടിച്ചു കയറുന്നതു കൊണ്ടാവാം ഗിരിജ വലിയമ്മ അടുത്തൊരു പായയിൽ ബ്രോയ്ലർ കോഴി പോലെ കിറുങ്ങിയിരിപ്പുണ്ട്. കൂടെ ഏതൊക്കെയോ ബന്ധുക്കളും...! ആളനക്കം വരുമ്പോൾ ബന്ധുക്കൾ വലിയമ്മയെ ഒന്നു തട്ടും, റെക്കോഡ് വച്ച പോലെ ''ഇന്നലേം കൂടെ ചായ ചോദിച്ചു വാങ്ങിച്ചു കുടിച്ചതാന്നേ!... എന്നേ ഇട്ടേച്ച് പോയേ" എന്ന അലറിക്കരച്ചിലിന്റെ സ്വിച്ചോൺ കർമ്മമാണത്!
''ഒരു ചായ ചോദിച്ചിട്ട് എവിടെടീ പന്ന...'' എന്നു പറയുമ്പോഴാണ് വല്യച്ഛൻ വടിയായതെന്ന് എനിക്കു തോന്നി. അതല്ലെങ്കിൽ ഒരു കിണ്ടിയുടെ വക്കു പോലെ എങ്ങനെയാണ് വായ അത്രേം തുറന്നിരിക്കുക?
ഇതിനിടെ ഞാനങ്ങോട്ടെത്തിയതും ആരോ വലിയമ്മയുടെ സ്വിച്ചിൽ ഒന്നു പിച്ചി. ആ ഒറ്റ പിച്ചിൽ, ഹൈ പിച്ചിൽ ചായക്കഥയുടെ ഡി ജെ സോങ്ങ് വീണ്ടും ഉയർന്നു കേട്ടു. 'വെള്ളിമൂങ്ങാ' സിനിമയിലെ 'റംബാ ഹോ' രംഗങ്ങൾ ഓർത്തു ചിരിച്ചു പൊട്ടിയ ഞാൻ, ആ ചിരിയോടൊപ്പം എന്റെ രഞ്ജി പണിക്കരെക്കൂടി ഉമിനീരിൽ മിക്സ് ചെയ്ത് വിഴുങ്ങി.
വലിയമ്മയുടെ കൈയ്യിൽ തൊട്ടപ്പോൾ പറ്റിപ്പിടിച്ച വറ്റുകളും, പൂവും, അവരോടുള്ള പ്രതികാരവും എന്റെ കർച്ചീപ്പിൽ തുടച്ചപ്പോഴേക്കും അവിടെ വായ്ക്കരി ഇട്ടു കഴിഞ്ഞിരിക്കുന്നു... ആരോ നല്ലൊരു ഉരുള അടിച്ചു കയറ്റിയിട്ടുമുണ്ട്. അതുകൊണ്ടാണ് ആ ഓവൽ ഷേപ്പെന്ന് അടുത്തുചെന്നപ്പോൾ മനസ്സിലായി. ചടങ്ങു തീർക്കും മട്ടിൽ ഞാനുമൊരു നുള്ള് അരി വെള്ളത്തിൽ മുക്കി ഉരുളപ്പുറത്തു വച്ചു. ആ ഉരുളയിലിരുന്ന രണ്ട് ഈച്ചകൾ എന്റെ കൈയ്യിൽ ഒട്ടിപ്പിടിച്ചു. വല്യച്ഛന്റെ മൂക്കിലെ ഇളകിയ പഞ്ഞി ഒന്നകത്തേക്ക് തള്ളിവയ്ക്കണമെന്നു തോന്നിയെങ്കിലും, വലിയ ഉരുളയുടെ ക്ലോസപ്പ് വിഷൻ എന്നെ അതിൽ നിന്നു പിന്തിരിപ്പിച്ചു. രക്ഷപ്പെട്ട ഈച്ചകൾ നന്ദിപൂർവ്വം വട്ടമിട്ട് പറന്നു കൊണ്ടിരുന്നു.
പശയിൽ കുഴച്ചാണ് ആ വലിയ ഉരുള അടിച്ചു കയറ്റി വച്ചിരിക്കുന്നത്...! എന്തായാലും ഇദ്ദേഹം ഉടയതമ്പുരാന്റെ മുന്നിൽ പോയി കണ കുണാ പറയരുത് എന്ന് തീരുമാനിച്ചുറപ്പിച്ചവരാരോ ആണ് പ്രതികൾ...!
എന്റെ കൈയ്യിൽ പശ ഒട്ടിപ്പിടിച്ചത് മൂന്ന് പേർ തൊട്ടപ്പോഴാണ് എന്ന് ഓർത്തപ്പോൾ ആ ഈച്ചകൾ വീണ്ടും പറന്നു വന്നു. അവർക്ക് അറിയാമായിരിക്കും ആരാണ് അത് ചെയ്തതെന്ന്...!
'നിന്റെ വല്യച്ഛനുള്ള ഏറ്റവും നല്ല സമ്മാനമാണ് ആ ഉരുള' എന്റെ മനസ്സിലിരുന്ന് അച്ഛൻ പറഞ്ഞു.... ഈച്ചകൾ രണ്ടും അതു ശരിവച്ച രീതിയിൽ ഒന്നു ചുറ്റിപ്പറന്നു.അവർക്കൊപ്പം ഞാനും വേഗം തിരിഞ്ഞു നടന്നു, ഡി.ജെ മ്യൂസിക് അപ്പോഴും ഉയർന്നു കേട്ടു.
- ഗണേശ് -
12-11-19

സുവർണ്ണ ചഷകത്തിലെ പടയാളികൾ -(കഥ)

Image may contain: one or more people and closeup
************************************************
'അമരാവതി മരുത്വമന' എന്ന അതീവ സുന്ദരമായ പന്ത്രണ്ട് നിലക്കൊട്ടാരം...!
പൂന്തോട്ടത്തിന് മുന്നിലെ ലായത്തിൽ, പൂത്തുലഞ്ഞു നിന്ന അശോക മരച്ചോട്ടിൽ എന്റെ കറുത്ത കുതിരയെ സൈഡ് സ്റ്റാന്റിൽ മേയാൻ വിട്ട്, വിശ്വംഭര മഹാരാജ്യത്തെ യാമിനി തമ്പുരാട്ടിയുടെ കരം കവർന്ന് ഞാൻ നടന്നു. കൊട്ടാരം കാവൽക്കാർ ബഹുമാനപൂർവ്വം തല കുനിച്ച്, സ്വന്തം കുന്തം ഒതുക്കി മാറ്റി, ഞങ്ങളെ അകത്തേക്ക് ആനയിച്ചു.
''എവിടെ റാണി ലക്ഷ്മിയുടെ കോട്ടവാതിൽ?''
സ്വർണ്ണവർണ്ണത്തിൽ കൊത്തി വച്ചിരിക്കുന്ന തമ്പുരാക്കൻമാരുടേയും റാണിമാരുടേയും പേരുകളിലേക്ക് നോക്കി ഞാൻ യാമിനിയോടു യഥാർത്ത രാജാപ്പാർട്ട് മോഡുലേഷനിൽ ചോദിച്ചു.
അമരാവതി കൊട്ടാരത്തിന്റെ മൂന്നാം നിലയിൽ, ഈശാന കോണിൽ, റാണി ലക്ഷ്മിയുടെ അടഞ്ഞു കിടന്ന അറവാതിലിനു മുന്നിലൂടെ അക്ഷമനായി ഞാൻ ഉലാത്തിക്കൊണ്ടിരുന്നു. റാണിയുടെ പരിചാരികമാർ അതുവഴി അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പോൾ, കടിഞ്ഞാൺ വിട്ട് തള്ളിപ്പോയ എന്റെ രാജക്കണ്ണുകളെ തിരികെയെത്തിച്ച്, ഉടവാൾപ്പിടി ലക്ഷ്യമാക്കിപ്പോയ കൈകളെ 'ഒന്നടങ്ങ് ലിനേഷ് യുവരാജൻ' എന്നു പറഞ്ഞ് ഞാൻ സ്വയം തടഞ്ഞു.
ബാഹുബലി ചിത്രത്തിലെ രമ്യാ കൃഷ്ണന്റെ ലുക്കും ശരീരഘടനയുമുള്ള റാണി ലക്ഷ്മിയെ കണ്ട മാത്രയിൽത്തന്നെ എന്തോ ഒരു വല്ലാത്ത വിറയൽ അനുഭവപ്പെട്ടു തുടങ്ങി... കടക്കണ്ണുകൾ കൊണ്ട് ഏത് സുന്ദരിമാരെയും കശക്കിയെറിയുന്ന യുവരാജാവ്, റാണിയൊന്നു നോക്കിയപ്പോൾ, ശക്തൻ തമ്പുരാനിൽ നിന്ന് വെറും കുട്ടൻ തമ്പുരാനായി മാറി...!
''ലിനേഷ് രാജകുമാരൻ കഴിവുള്ളവനും ധീരനും ആയിരിക്കാം... സംശയമില്ല. എങ്കിലും ഇവിടെയത് തെളിയിക്കേണ്ടി വരും...! റാണി ലക്ഷ്മി എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു. അപ്പോൾ യാമിനിത്തമ്പുരാട്ടിയുടെ മുഖത്ത് പടർന്ന ചിരി എന്റെ വില്ലിന്റെ ഊരാക്കുടുക്കഴിച്ച് വീണ്ടും താഴേക്കിട്ടു.
''തുരങ്കത്തിലൂടെ ചീറിപ്പാഞ്ഞെത്തുന്ന പടയാളികളെയെല്ലാം ഒന്നൊഴിയാതെ പിടികൂടി തടവിലാക്കി ഇവിടെ, എന്റെ മുന്നിലെത്തിക്കണം അതാണ് കുമാരൻ നേരിടാൻ പോകുന്ന ആദ്യ പരീക്ഷണം..! അത് വിജയിച്ചാൽ നിങ്ങൾക്ക് വിശാല വിശ്വംഭര രാജ്യത്തെ ചക്രവർത്തിയായി തൽക്കാലം വാഴാം...''
റാണിയുടെ ആജ്ഞ ശിരസാവഹിച്ച്, പരിചാരികമാർക്കൊപ്പം ഒരു ബ്രോയ്ലർ നേർച്ച തമ്പുരാനായി ആ ഇടുങ്ങിയ മുറിയിലേക്കു നടക്കുമ്പോൾ, "ഇതവളുടെ കൽപ്പന ഇതു തന്നെ രാജശാസനം'' എന്നു ഞാൻ മനസ്സിലുരുവിട്ടു.
സ്വന്തം കൊട്ടാരത്തിലെ ഗർജിക്കുന്ന സിംഹവും അസാമാന്യ ധൈര്യശാലിയുമായ എന്നോട് സ്വന്തം മൂത്രം പോലും അന്നാദ്യമായി അനുസരണക്കേട് കാട്ടി.
"കുമാരന് റാണി അനുവദിച്ചിരിക്കുന്ന സമയം വളരെ ക്ലിപ്തമാണ്... മാത്രവുമല്ല മറ്റു ചില നാട്ടുരാജ്യങ്ങളിലെ കുമാരൻമാരും വിവിധ പരീക്ഷണങ്ങൾക്കായിവിടെ എത്തിയിട്ടുണ്ട്... അതു കൊണ്ട് ഒട്ടും സമയം പാഴാക്കരുത്... ഓർത്തോളൂ'' ഒരു ചെറിയ അറയിലേക്ക് എന്നെ കയറ്റി വിട്ട്, വജ്രത്തിൽ സ്വന്തം പേര് കൊത്തിയ ഒരു സുവർണ്ണചഷകവും തന്ന് പരിചാരികമാർ യാത്രയായി.
അറയുടെ വാതിൽ അടഞ്ഞപ്പോൾ ഞാൻ സ്വയം ധൈര്യം സംഭരിച്ചു. അഴിഞ്ഞു പോയ ഞാൺ തപ്പിയെടുത്ത് വില്ലിൽ കെട്ടി നോക്കി. ഉറയിൽ നിന്ന് ഊർന്നു പോയ വാൾ ഊരിയെടുക്കാൻ വൃഥാ ഒന്നു ശ്രമിച്ചു. ഒന്നും സാധിക്കുന്നില്ല. പഠിച്ചതെല്ലാം മറക്കുന്നു... ഉറക്കത്തിൽപ്പോലും ഒളിമങ്ങാത്ത പല കാഴ്ചകളും മനസ്സിൽക്കൊണ്ടുവരാൻ ശ്രമിച്ചു... ഹൃദയത്തിൽ കോറിയിട്ട നിരവധി സുവർണ്ണചിത്രങ്ങൾ മങ്ങിമറഞ്ഞു... ഇല്ല ഏകാഗ്രത കിട്ടുന്നില്ല... മനസ്സ് പിടിച്ചു നിർത്താൻ പറ്റുന്നില്ല! വില്ല് കുലയ്ക്കാനും അമ്പ് തൊടുക്കാനും കഴിയാതെ ഞാൻ വിയർത്തു. കൈയ്യിലിരുന്ന സുവർണ്ണചഷകം എന്നെ നോക്കി മുഖം വക്രിച്ചു.
മൂന്നു വർഷത്തെ നിരന്തര പോരാട്ടത്തിലൂടെ, ഗറില്ലാ യുദ്ധതന്ത്ര പ്രയോഗങ്ങളിലൂടെ, തൊട്ടയൽ രാജ്യമായ വിശാല വിശ്വംഭര സാമ്രാജ്യത്തിലെ യുവറാണി 'യാമിനി വിശ്വത്തെ' നാം കറക്കിയടിച്ചു വീഴ്ത്തിയത് ഇതിനു വേണ്ടിയായിരുന്നോ?
വിശാല വിശ്വംഭര രാജ്യത്തെ ഭീകര 'മാമൻ' വിശ്വംഭര ചക്രവർത്തിയെയും പത്നി വിശാലം മാമി തമ്പുരാട്ടിയേയും അവിടുത്തെ യുവരാജൻ യദു കൃഷ്ണൻ അളിയൻ തമ്പുരാനേയും വീഴ്ത്താൻ, നമ്മെപെറ്റ മാതാശ്രീ പോലും സഹിക്കാത്ത എത്രയെത്ര നുണകളും, കുതന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്...! ദൂരഭാഷിണിയിൽ കൊട്ടാര തോർത്തിട്ട് മൂടി ശബ്ദം മാറ്റി അയച്ച സന്ദേശങ്ങൾ വിശാലത്തമ്പുരാട്ടി പൊക്കിയതും, അയച്ച രാജ ലൗ ലെറ്ററുകൾ ലക്ഷ്യം തെറ്റി വിശ്വംഭര തിരുമുമ്പിൽ പെട്ടതും, ദൂതൻമാർ വഴി കൊടുത്തു വിട്ട യുദ്ധ രഹസ്യങ്ങൾ, അളിയൻ തമ്പുരാൻ ഒറ്റി ആകെ നാറിയതും, അങ്ങനെ നമ്മുടെ ചരിത്രപ്രസിദ്ധമായ യാമിനി യുദ്ധങ്ങൾ അടിച്ചമർത്തപ്പെട്ടതും ഇതിനായിരുന്നോ?
പാണൻമാർ ഈക്കഥ പാടിപ്പാടി സ്വന്തം കൊട്ടാരത്തിലെത്തിച്ചതോടെ അച്ഛൻ തമ്പുരാന്റെ വാൾമുനയിൽ നിന്ന് ശിഷ്ടകാലം ഒഴിഞ്ഞു ജീവിക്കേണ്ടി വന്നതും, കൊട്ടാരം റോഡു പണിയുടെ ബാക്കി വന്ന ടാറുരുട്ടി ഇടത്തെ പുരികത്തിനു മുകളിലും വലത്തെ കവിളിനു താഴെയും ഒട്ടിച്ച് സ്വന്തം അമ്മ മഹാറാണിക്ക് പോലും സംശയം തോന്നാത്ത വിധം വേഷപ്രച്ഛന്നനായി കുറേക്കാലം സ്വന്തം കൊട്ടാരത്തിലെ - സ്വന്തം മുറിയിൽ നാം കഴിഞ്ഞതും ഇങ്ങനെ വെന്തു നീറാനായിരുന്നോ?
സ്വന്തം രാജ്യകാര്യങ്ങളെല്ലാം താറുമാറായി കൊട്ടാരത്തിൽ നിന്നും 'വിദേശക്കൊട്ടാരവാസം' ശിക്ഷ നേരിട്ട അവസ്ഥയിൽ, ആദ്യ ലീവിന് വന്നപ്പൊത്തന്നെ ബന്ധുക്കളെയെല്ലാം വിളിച്ചു വരുത്തി നിന്ന നിൽപ്പിൽ നമ്മെ ചൂണ്ടിയിട്ട് എന്തിനീ കൊടും പാതകം ചെയ്തു?
അറവാതിലിൽ ആരോ തുടരെത്തുടരെ തട്ടിയപ്പോൾ, പുറത്തേക്കെറിഞ്ഞ ചോദ്യങ്ങൾ ഞാൻ സ്വയം വാരി അകത്തിട്ടു... ഇല്ല ! വില്ലു കുലയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല... ഉറയിലേക്ക് വീണുപോയ ഖഡ്ഗം ഉയർത്താനും കഴിഞ്ഞിട്ടില്ല. കുഞ്ഞുകുഞ്ഞു പുസ്തകത്തിലെ പഴയ പാഠങ്ങൾ ഒന്നൊന്നായി ഓർത്തു ഞാൻ ധൈര്യം സംഭരിച്ചു. മനസ്സിലെ അങ്കത്തട്ടിൽ പലരുമായും മല്ലയുദ്ധം നടത്തിത്തുടങ്ങി... ചിന്തകളിൽ പൂഴിക്കടകനും പുത്തരിയങ്കവും നിറഞ്ഞു... ഉഗ്രൻ വിസ്ഫോടനങ്ങൾക്കായി മനസ്സും ശരീരവും പാകപ്പെടുത്തി.
അതാ തുരങ്കത്തിലൂടെ പടയാളികളെത്താനുള്ള കാഹളം മുഴങ്ങുന്നു... അവരെ ലക്ഷ്യമാക്കി ഞാൻ വില്ലു കുലച്ച് ഖഡ്ഗം വീശി വീശി നിന്നു... പടയാളികൾ വെടിയുണ്ടകൾ തെറിക്കും പോലെ ആർത്തിരമ്പിയെത്തിയതും അറവാതിലിൽ ആരോ ഉച്ചത്തിൽ തട്ടിയതും സുവർണ്ണചഷകം തെറിച്ച് താഴെ വീണതും ഒരു നിമിഷം കൊണ്ടു കഴിഞ്ഞു...
''ലിനേഷ് രാജകുമാരൻ പരാജയപ്പെട്ടിരിക്കുന്നു. താങ്കൾ പിടിച്ചു കൊണ്ടുവന്ന പടയാളികൾ എണ്ണത്തിലും കരുത്തിലും തീരെ മോശമായവരാണ്. യുദ്ധക്കളത്തിൽ വീണ് മൃതപ്രായമായവരാണ് കൂടുതലും...'' റാണി ലക്ഷ്മിയുടെ സ്വരം കടുത്തു.
താഴെ വീണ് രക്ഷപ്പെടാൻ ശ്രമിച്ച പടയാളികളെ കോരിയെടുത്ത ആ അഭിശപ്ത നിമിഷത്തെ ശപിച്ചു കൊണ്ടു ഞാൻ നിരായുധനായി തല കുമ്പിട്ടു നിന്നു.
ഇത്രയും എഴുതിയൊന്ന് നെടുവീർപ്പിട്ടപ്പോഴേക്കും എന്നെ പിന്നിൽ നിന്നാരോ ആഞ്ഞു വെട്ടി... രണ്ടായി പിളർന്നു പോയ ഞാൻ അലറിക്കൊണ്ട് തിരിഞ്ഞു നോക്കി. മങ്ങിയ നിയോൺ വെളിച്ചത്തിൽ യുവരാജൻ തമ്പുരാൻ എനിക്കു നേരേ ഖഡ്ഗമോങ്ങി നിൽപ്പുണ്ടായിരുന്നു.
"ടാ ലിനേഷേ മൂന്നു വർഷമായിട്ടും പിള്ളേരുണ്ടാവാതെ നിന്റെ പെണ്ണുമ്പിള്ള നിന്നെ പിടിച്ച പിടിയാലെ റാണി ഡോക്ടറെ കാണിച്ചതും, നിന്റെ പുത്രകാമേഷ്ടി ടെസ്റ്റു വരെ അവര് കുറിച്ചതും, നാറി നാമാവശേഷമായതും പോരാ അത് എന്റെ തലയ്ക്കു വയ്ക്കുന്നോടാ ശവമേ? ആ നേരത്ത് നിനക്കാ മൊബൈല് കൊണ്ടു പൊക്കൂടാരുന്നോടാ ഊളേ...?''
''രായാവ് കൂടുതലൊന്നും പണയണ്ട... ഇയാളെന്റെ കഥയിലെ ഒരു കഥാപാത്രം മാത്രമാ ഓർത്തോണം... കൂടുതൽ ഊളത്തരം കാണിച്ചാൽ രായാവിന് പുത്ര ഭാഗ്യം ഇല്ലാതെ ഹൃദയം തകർന്ന് മരിച്ചെന്ന് പറഞ്ഞ് കഥ ഞാൻ തീർത്തു കളയും ഓർത്തോ..!''
ബലൂണിൽ നിന്ന് കാറ്റു പോകും പോല അപ്രത്യക്ഷനായ യുവരാജാവിനെയും ഡോക്ടർ റാണി ലക്ഷ്മിയേയും ഓർത്ത് വെറുതെ ഒന്നു ചിരിക്കുമ്പോൾ, കിച്ചുവിനേയും കുട്ടുവിനേയും കെട്ടിപ്പിടിച്ച് സുഖനിദ്രയിലായിരുന്നു ശ്രീമതി. യാമിനി ലിനേഷ്.
- ഗണേശ് -
7 - 10 - 2019

ഘടോൽകചൻ ദ് ഫ്ലോട്ട്.

Image may contain: Ganesh Gb
*****************************
Khatolkhajan - the float
ചരിത്രപ്രസിദ്ധമായ കിഴക്കുംകര ഇണ്ടിളിയപ്പൻ ക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോൽസവമായിരുന്നു അന്ന്...!
എഴുന്നള്ളിവരുന്ന ദേവന് അകമ്പടിയായി എടുപ്പുകുതിരകളും, ആനകളും, കെട്ടുകാഴ്ചകളും ഭൂമിയിലേക്കിറങ്ങി വന്ന ദൈവങ്ങളുടെ ഫ്ലോട്ടുകളും, പിന്നെ തിരുവാതിര വിളക്കുമേന്തി ബാലികമാരും...! ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അത്യാഹ്ളാദപൂർവ്വം ആലോഷിക്കുന്ന കിഴക്കുംകരയുടെ ദേശീയോൽസവം...!
ആ വർഷത്തെ ഉൽസവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ലോകോത്തര പെയിൻറർ പൊന്നപ്പനാശാന്റെ 'ഘടോൽകചൻ' എന്ന ഫ്ലോട്ട്. അന്നുവരെ ആരും അത്രമേൽ ടെക്ക്നിക്കൽ പെർഫെക്ഷനുള്ള ഒരു ഫ്ലോട്ട് കണ്ടിട്ടില്ല...! എന്തിന്? അത്തരം ഒരു ടെക്നോളജിയെപ്പറ്റി കേട്ടിട്ടുപോലുമില്ല.
''അലങ്കരിച്ചു വച്ച പെട്ടി ഓട്ടോയിൽ തനി രാക്ഷസ രൂപത്തിൽ ഇരിക്കുന്ന ഘടോൽക്കചൻ ഓട്ടോയിലെ അനൗൺസ്‌മെന്റിനൊപ്പം ആറടിയിലേറെ ഉയരത്തിൽ പൊങ്ങി ഇരു കൈകളുമുയർത്തി എഴുന്നേറ്റ് നിൽക്കും... അങ്ങുമിങ്ങും നോക്കും... ബുഹു ബുഹു ഹ ഹ ഹാ എന്ന് അട്ടഹസിക്കും... കണ്ടവർ കണ്ടവർ കാണാത്തവരോട് പൊടിപ്പും തൊങ്കലും ചേർത്ത് തട്ടി വിട്ടു.
''കണ്ണടച്ച് തുറക്കും - ചിരിക്കും - വെള്ളം വായിൽ ക്കൊണ്ട് സ്പ്രേ ചെയ്യും - ഹൊ ഭയങ്കരം'' നാട്ടുകാരുടെ ചർച്ച മുഴുവൻ അതിനെപ്പറ്റി മാത്രമായിരുന്നു...!
പിറ്റേ ദിവസം രാവിലെ മുതൽ ഈ ഫ്ലോട്ടിനു വേണ്ടി വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ആളുകൾ ആശാന്റെ വീട്ടിലേക്ക് അറഞ്ചം പുറഞ്ചം വച്ചു പിടിച്ചു.
''അതൊരു വഴിപാട് നടത്തിയതാ... ആ ഫ്ലോട്ട് ഇനി ഒരിടത്തും ഇറക്കുന്നില്ല... എത്ര രൂപാ തരാമെന്ന് പറഞ്ഞാലും നടക്കൂല്ല... നിങ്ങളു തൽക്കാലം പോ.. കാല് വയ്യാതിരിക്കുവാ... ഒന്ന് കിടക്കട്ടെ...'' വന്നവരോടെല്ലാം ഒരേ സ്വരത്തിൽ ആശാൻ പറഞ്ഞു.
പ്ലാസ്റ്റർ എടുത്ത കാലിൽ നീരു വച്ചിട്ടുണ്ട്‌. ആ നീരിലേക്ക് നോക്കി കിടക്കുമ്പോൾ ആശാന്റെ കലണ്ടർ ഒരു മാസം പിറകോട്ട് മറിഞ്ഞ് 1193 കുംഭം 14 ബുധനാഴ്ച, ചതയം നക്ഷത്രം, പകൽ ഏഴേ മുക്കാൽ മണിയിലെത്തി ലോക്കായി.
ആറടിപ്പൊക്കത്തിൽ അർമാദിച്ചു വളർന്ന് അതേ ഊക്കിൽ മണ്ടയടച്ചു പോയ നീലാംബരൻ, പൊന്നപ്പൻ പെയിൻററുടെ അസിസ്റ്റൻറായി ജോയിൻ ചെയ്യാനെത്തിയ അതേ ചതയ ദിനം രാവിലെ ഏഴേ മുക്കാൽ മണി...!
പണി സൈറ്റിൽ വച്ചുള്ള ആ ഫസ്റ്റ് സൈറ്റിൽ കോൺട്രാക്ടർക്കൊപ്പമെത്തിയ നീലാംബര മഹാവൃക്ഷത്തിന്റെ നെഞ്ചൊപ്പം മാത്രമേ ആശാന്റെ ദൃഷ്ടി ചെന്നെത്തിയുള്ളൂ...! ഇനിയും മുകളിലേക്ക് നോക്കിയാൽ സ്പൈനൽ കോഡ് തകരും എന്ന് തോന്നിപ്പോൾ അവിടെ കിടന്ന ഒരു കുതിര ബഞ്ചിൽ നൈസായി രണ്ടംഗുലം കാൽ കയറ്റി വച്ചു നിന്നു ആശാൻ. അതിനു ശേഷമാണ് ഓലകളും നൊങ്കും പറ്റെവെട്ടി നിർത്തിയ ആ കരിമ്പനയുടെ സുന്ദരമുഖം മൊത്തത്തിലൊന്നു ഫോക്കസ് ചെയ്തെടുക്കാൻ പെയിന്റർക്കു കഴിഞ്ഞത്.
തന്റെ ബോസിനെക്കണ്ട സന്തോഷത്തള്ളിച്ചയിൽ നാൽപ്പത്തഞ്ച് ഡിഗ്രി മുന്നിലേക്കു വളഞ്ഞു വന്ന ആ കരിമ്പന, സ്വന്തം ഓലകളൊതുക്കി, ഒന്നു കുനിഞ്ഞ് പെയിൻററുടെ കാലിൽത്തൊട്ടു. സ്പർശന മാത്രയിൽത്തന്നെ നെഞ്ചിലൊരു ഒന്നര ലോഡ് പനയോല വെട്ടിയിട്ട പോലെ തോന്നിയ ആശാൻ ടെൻഷൻ മാറ്റാൻ ബീഡിയൊന്നെടുത്തു പുകച്ചു...!
പേടിച്ചതു പോലെ തന്നെ, ചാർജെടുത്ത് കൃത്യം മൂന്നാം മണിക്കൂറിൽ, കരിമ്പനയുടെ ഉച്ചാം തലയിൽ നിന്നു വീണ ഒരു പുതുപുത്തൻ പെയിന്റു പാട്ട ആശാന്റെ വലത്തേ കാൽപ്പത്തിയെ ചപ്പാത്തി മേക്കറിൽ മാവ് കയറ്റിയതു പോലെ പരത്തി പൊള്ളിച്ച് വീർപ്പിച്ചെടുത്തു...!
അങ്ങനെ ആ ചതയദിനത്തിൽ, പകൽ പത്തു മുപ്പത് കഴിയെ പതിനൊന്നിനകമുള്ള ശുഭമുഹൂർത്തത്തിൽ നീലാംബരൻ സ്വന്തം ഗുരുവിന്റെ വലം കാലിനെ പതിനഞ്ചു ലിറ്റർ പെയിന്റു പാട്ടകൊണ്ട് ചതച്ച് സമാധിയാക്കി ജനറൽ ആശുപത്രി കാഷ്വാലിറ്റിയിലേക്കു മാറ്റി...!
ഗുരുശാപം അതേ 'പെയിന്റ് പാട്ട'യായി തലയ്ക്ക് മുകളിൽ വന്ന് തട്ടടിച്ചപ്പോൾ നീലാംബരൻ അന്നാദ്യമായി ആവശ്യത്തിൽ കൂടുതൽ ടർപ്പൻ കലക്കിയ പെയിൻറുപോലെ ലൂസായിപ്പോയി. പിറ്റേന്നത്തെ പെയിന്റടി കഴിഞ്ഞയുടൻ ഒരു പൈന്റും വാങ്ങി നേരേ പോയത് ആശാനെ വിരിവച്ചിട്ടുള്ള ആശുപത്രിയിലേക്കാണ്...!
കിടന്ന കിടപ്പിൽ അഞ്ചാറ് എക്സ്ക്ലൂസീവ് തെറികൾ, ആ പനയിലേക്ക് ഏണി ചാരി, സ്പ്രേ പെയിന്റ് ചെയ്തെങ്കിലും, നീലാംബരൻ പുറത്തെടുത്ത പൈന്റ് കുപ്പി പൊന്നപ്പനാശാനെ ഒരു ഗർവ്വാസീസ് ആശാനാക്കി. കൂട്ടു കിടക്കാനെത്തിയ പൊന്നപ്പ ശ്രീമതി തന്റെ ഭർത്താവിനുണ്ടായ 'ജനാർദ്ദന രൂപമാറ്റത്തിന്റെ' ഉറവിടം തേടിയൊന്നു പരതിയെങ്കിലും ആശാന്റെ പുളിച്ച തെറിയിൽ കുരുങ്ങി, തല ചുറ്റി, കട്ടിലിനടിയിലേക്ക് വീണ് ഉറങ്ങിപ്പോയി.
തുടർന്നങ്ങോട്ട് എല്ലാ ദിവസവും അന്തിയിൽ പണി സൈറ്റിൽ നിന്നും ആശുപത്രിയിലേക്ക് ആ കരിമ്പന വെട്ടിയിട്ടു കൊണ്ടിരുന്നു. ഒറ്റപ്പുത്രി ചിഞ്ചുവിന്റെ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് ക്രമേണ 'ദ വൺ ആൻറ് ഒൺലി ബൈ സ്റ്റാൻറ'റായി മാറിയ നീലാംബരൻ, ആശാന്റേയും തേനീച്ച കുപ്പികളുടേയും ഒപ്പമിരുന്ന് ആ 'ജനമൈത്രി' ആശുപത്രി ഒരു 'മൈനാകം' ബാറാക്കിയെടുത്തു.
രണ്ടാഴ്ച വിശ്രമത്തിനു ശേഷം, വലം കാലിലെ റൗണ്ട് പില്ലറിൽ വൈറ്റ് സിമന്റ് തേച്ച് രാജകീയമായെത്തിയ മേശിരിയെ, കാലൊടിഞ്ഞ കുതിര ബഞ്ചിനെ മൂലയിലേക്ക് തട്ടും മട്ടിൽ തട്ടിയെറിഞ്ഞ കോൺട്രാക്ടർ, പതിനായിരം രൂപ ക്ലെയിം കൊടുത്ത് വീട്ടിലേക്ക് പാർസലടിച്ചു.
ഒടിഞ്ഞ കാലും കൊണ്ട് ഭാനുമതിയ്ക്കൊപ്പം മെലിഞ്ഞുണങ്ങിയ മംഗലശ്ശേരി നീലകണ്ഠനായി കഴിഞ്ഞു വരവെ ആശാന്റെ സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞു. രണ്ടു ദിവസത്തിന് ശേഷമുള്ള ഒരു വൈകുന്നേരം ഏഴ് പി.എമ്മിന്...!
തേനീച്ചക്കുപ്പിയും മറ്റ് അനുസാരികകളുമായി ആ ഏഴ് പി എമ്മിന് ആശാനെ പച്ചയടിച്ചത് വൽസല ശിഷ്യൻ നീലാംബരനും സുഹൃത്ത് വില്ലാളി വിജയനും ചേർന്നാണ്. തൽക്കാലം പണിക്കു പോകാൻ പറ്റാത്തതിനാൽ ആശാന് പുതിയ പണിയുടെ ക്വട്ടേഷനുമായായിരുന്നു ആ അവതാര പുരുഷൻമാരുടെ രംഗപ്രവേശം...!
'സിംഹത്തിന്റെ പുറത്തിരുന്ന് അനുഗ്രഹം ചൊരിയുന്ന ദുർഗ്ഗാദേവി' എന്ന തട്ടുപൊളിപ്പൻ ഫ്ലോട്ടുണ്ടാക്കി ഉൽസവ സീസണിൽ കാശ് വാരാം - എന്ന ബിസിനസ് ഐഡിയയ്ക്ക് അന്നവിടെ തിരിതെളിഞ്ഞു. ഒരു ഫുള്ള് തീർന്നപ്പോൾ ആ തിരി ഒരു പന്തമായി മാറി. അടുത്ത ഫുള്ളിൽ അതൊരു കാട്ടുതീയായി മാറി. ഫയർഫോഴ്സിനെപ്പോലെ പാഞ്ഞെത്തിയ കുസുമം വളരെ പാടുപെട്ടാണ് ആ തീ അണച്ചത്. കടന്നൽക്കൂടിന്റെ സെറ്റിട്ടു നിൽക്കുന്ന ചിഞ്ചുവിന്റെ 'അച്ഛാ' എന്ന ഒറ്റ വിളിയിൽ, കരിമ്പനയും വില്ലാളിയും വേലിക്കപ്പുറം പറന്നു.
നിർമാണത്തിന്റെ പകുതി ഭാഗം പിന്നിട്ട്, കടുത്ത സാമ്പത്തിക പരാധീനതകളാൽ നിന്നു പോയ 'ദുർഗ്ഗാദേവി വിത്ത് റോറിംഗ് ലയൺ' എന്ന സ്വന്തം ഫ്ലോട്ട് രണ്ടാഴ്ചക്കകം തീർത്തു നൽകാമെന്നും, അഡ്വാൻസ് തുകയായി പതിനായിരം രൂപ നന്ദിപൂർവ്വം കൈപ്പറ്റാമെന്നും അസ്തമയ ചന്ദ്രനെ സാക്ഷി നിർത്തി വില്ലാളി വിജയൻ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. ബാക്കി തുകയായ പതിനായിരം ഉൽസവത്തലേന്ന് ഫ്ലോട്ടുമായെത്തുമ്പോൾ നൽകുമെന്ന് ആശാനും സമ്മതിച്ചതോടെ പുതിയൊരു വ്യാപാര കരാറിന് നാന്ദി കുറിച്ചു...!
കുസുമത്തിനേറെയും ചിഞ്ചു മോളുടേയും എഫ്. എം. സ്റ്റേഷൻ ഫ്രീക്വൻസി എത്ര മാത്രം ഹൈ ആണെന്ന് ആശാന് ബോധ്യമായത്, ഇണ്ടിളിയപ്പ ക്ഷേത്ര ഭാരവാഹികൾ അതിരാവിലെ എത്തി 'സിംഹപ്പുറത്തെഴുന്നള്ളും ദുർഗ്ഗാദേവിക്ക്' രൂപ അയ്യായിരം അഡ്വാൻസായി വീശിയപ്പോഴാണ്..!
രണ്ടാഴ്ച പുഷ്പം പോലെ കടന്നുപോയി...!
''ആസ് പെർ കോൺട്രാക്റ്റ്, ബുധനാഴ്ചയാണ് അലറി വിളിക്കുന്ന സിംഹപ്പുറത്തേറി ദുർഗ്ഗാദേവി ആശാന്റടുത്തേക്ക് ആദ്യമായി എഴുന്നള്ളുന്നത്...! അതിന്റെ പിറ്റേന്നു മുതൽ ഉൽസവ സീസൺ തുടങ്ങുകയാണ്. ആദ്യം ഇണ്ടിളിയപ്പൻ ക്ഷേത്രത്തിലെ ഉൽസവം...! പിന്നങ്ങോട്ട് ഉൽസവപ്പെരുമഴകൾ...! എതിരാളികളെ മലർത്തിയടിച്ച് ദുർഗ്ഗാദേവി ഒരുകാതം മുന്നിൽ...! പിന്നെയങ്ങോട്ട് എല്ലാ ഉൽസവകൾക്കും ആശാന്റെ ദുർഗ്ഗ മാത്രം! ആശാന്റെ സ്വന്തം ദുർഗ്ഗ!" നീലാംബരൻ 100 % കോൺഫിഡൻറായിരുന്നു.
ആവേശത്തളളിപ്പുകൊണ്ട് ആ ചൊവ്വാഴ്ച തന്നെ വലത്തേക്കാലിന്റെ തട്ടിളക്കി ഗ്രൗട്ട് അടിച്ച് പണി തീർത്ത് ആശാൻ നീലാംബരനൊപ്പം ഞൊണ്ടിക്കാലുമായി വില്ലാളി വിജയന്റെ മടയിലേക്ക് യാത്രയായി...!
മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയുടെ അറപോലെ ഒരു സ്ഥലം... അതായിരുന്നു വില്ലാളി വിജയന്റെ പ്രൊഡക്ഷൻ യൂണിറ്റ്...!
അവിടെ കരടിക്ക് കഴുതപ്പുലിയിൽ ഉണ്ടായതു പോലൊരു സിംഹത്തല, പിന്നെ തെരുവുപട്ടിയെ മോർഫ് ചെയ്ത് കുതിരയാക്കിയ മട്ടിൽ രണ്ടു മൂന്ന് രൂപങ്ങൾ...! അവയ്ക്കിടയിൽ കഞ്ചാവ് പുകച്ചിരിക്കുന്ന വില്ലാളി വിജയൻ...!
സ്വന്തം ദുർഗ്ഗാദേവിയെ കാണാനെത്തിയ ആശാനെക്കണ്ടതോടെ കഞ്ചാവ് ഒന്നാഞ്ഞു വലിച്ച് വില്ലുപോലെ ഒന്ന് വളഞ്ഞ് വിജയൻ വീണ്ടും വില്ലാളിയായി...
''സിംഹം! ദുർഗ്ഗാദേവിയുടെ വാഹനമായ സിംഹം! ആ സിംഹത്തെ വഹിച്ചുകൊണ്ടു വരുന്ന രണ്ട് അശ്വങ്ങൾ! ആ അശ്വങ്ങളെ പൂട്ടിയ തേരിൽ കയറിയ അർജുനൻ ശ്രീകൃഷ്ണനോട് പറയുന്നു "മാനിഷാദ.... മാനിഷാദ...!'' ആ സമയം സ്കന്ദന്റെ അമ്പിനാൽ ഹൃദയം തുളച്ച ബാലി, തന്റെ ഭാര്യയെ അംഗദന് കൊടുക്കുന്നു...! പക്ഷെ ദ്രോണർ ഇതനുവദിക്കുന്നില്ല...! അങ്ങനെ ഭഗവാൻ ശിവന്റെ അടുത്തെത്തുന്ന കാഞ്ചന മാലയെ മൊയ്തീൻ ഉപേക്ഷിക്കുന്നു... എല്ലാം നഷ്ടപ്പെട്ട കാഞ്ചന മാല ഡോക്ടർ സണ്ണിയേയും കൂട്ടി നേരേ എത്തുന്നത് ഭരത് ചന്ദ്രൻ ഐ.പി.എസിന്റെ ഓഫീസിലേക്കാണ്. അവിടെ വച്ച്...''
''അവിടെ വച്ച്? നിന്റമ്മേടേ ഭരത് ചന്ദ്രനും സണ്ണിയും കൂടെ *&*#*...?'' ആശാൻ പല്ലൊന്നു കടിച്ചു... നിന്ന നിൽപ്പിൽ ഒന്നു കറങ്ങി... വില്ലാളി വിജയന്റെ ഇരുചെവികളിൽ നിന്നും ഓരോ ലോഡ് മൈനകൾ പറന്നു പോയി...! സിംഹത്തിന്റെ മുരൾച്ച പോലെ ഹൈ ഫ്രീക്വൻസിയിൽ ഒരു ഒച്ച മാത്രം...! തുടർന്ന് വില്ലാളിയുടെ കാതിൽ 25000 വാട്ട്സിൽ റിമി ടോമി ഗാനമേള നടത്തി.
പേടിച്ച് വിറച്ച് ഓലകളൊതുക്കി ആ കരിമ്പന അശാന്റെ മുന്നിൽ മുട്ടുകുത്തി നിന്നു. നീലാംബരന്റെ കോളറിന് കുത്തിപ്പിടിച്ച് ആശാൻ ഒന്നുകുലുക്കി "എഴുന്നേരടാ അവിടുന്ന്... എന്നെ പറ്റിക്കാൻ നോക്കുന്നോ നായിന്റെ മോനേ?''
***** ***** ***** ***** ***** ***** *****
കലുഷിതമായ ആ വർഷത്തെ ഉൽസവം അങ്ങനെ കഴിഞ്ഞു.
ഉൽസവ കെട്ടുകാഴ്ചയിൽ ഏറെ ചർച്ചാ വിഷയമായത് പൊന്നപ്പനശാൻ അവതരിപ്പിച്ച 'ഘടോൽക്കചൻ' എന്ന ജീവൻ തുടിക്കുന്ന ഫ്ലോട്ടാണ്...!
കരിമ്പനയിൽ കടഞ്ഞെടുത്ത 'ഘടോൽക്കചൻ ഫ്ലോട്ട്'...!
***** ***** ***** ***** ***** ***** *****
''എന്റെ ഐഡിയ എങ്ങനുണ്ടാരുന്നു?"
ആദ്യരാത്രിയിൽ നീലാംബരന്റെ എട്ടടി വീതിയുള്ള മാറിൽ ചുവർചിത്രം വരയ്ക്കവേ ചിഞ്ചുമോൾ ചിണുങ്ങിക്കൊണ്ടു ചോദിച്ചു.
''നിന്റെ വാക്കും കേട്ട് പെയിൻറു പാട്ടയിട്ട് കിളവന്റെ കാലൊടിച്ചതിന്റെ ശിക്ഷയാ പെട്ടിയോട്ടോയിൽ ഇരുന്നും നിന്നും അന്നു ഞാൻ അനുഭവിച്ചത്... വായിന്നോക്കി നടന്ന് പ്രേമിച്ചതിന്റെ ഫലം...!"
പനയോലകൾ മൊത്തത്തത്തിൽ ആട്ടി നീലാംബരൻ ഒറ്റക്കണ്ണിറുക്കി കുലുങ്ങിച്ചിരിച്ചു.
അടുത്ത മുറിയിലിരുന്ന് പൊന്നപ്പൻ ആശാനും ഒരു കണ്ണിറുക്കി അതേ ചോദ്യം ഭാര്യയോട് ചോദിച്ചു....
''ഇതുവരെയുള്ള എന്റെ ഐഡിയ എങ്ങനുണ്ടാരുന്നു?"
- ഗണേശ് -
06-06-2019

വെളുത്ത കടലാസുപൂക്കൾ (കഥ)

Image may contain: Ganesh Gb, smiling
മൂന്നാം നിലയിലെ ആ റൂമിന്റെ ജനാലയിൽക്കൂടി നോക്കിയാൽ കാണുന്നത് താഴത്തെ പാർക്കിംഗ് ഗ്രൗണ്ടാണ്‌.
ആ നരച്ച പകലിൽ, അവിടെ പെയ്തു തുടങ്ങിയ ചാറ്റൽ മഴയുടെ നനവിലൂടെ അവൾ താഴേക്ക് നോക്കി. ബോഗൻ വില്ലകൾ പടർത്തി ഭംഗിയാക്കിയ പാർക്കിംഗ് ഗ്രൗണ്ട് തന്റെ കണ്വാശ്രമമായും, അവിടെ വിരിഞ്ഞു നിന്ന വെളുത്ത കടലാസ് പൂക്കൾ കൊണ്ട്, തോഴിമാരായ അനസൂയയും പ്രിയംവദയും തന്നെ ആരും കൊതിക്കും വിധം അണിയിച്ചൊരുക്കുന്നതായും അവൾക്ക് തോന്നി.
ആ പൂക്കളെല്ലാം ഒരുമിച്ച് വിരിഞ്ഞ് അവിടമാകെ ഒരു വസന്തം വിടർന്ന സുന്ദര നിമിഷത്തിലാണ് അവളുടെ സമ്മതം പോലും ചോദിക്കാതെ അയാളങ്ങോട്ടെത്തിയത്.
തോഴിമാർ നിൽക്കുന്നതിന്റെ ജാള്യതയും അവിചാരിതമായി അയാളെ കണ്ടതിന്റെ അത്ഭുതവും കൊണ്ട് അവളാകെ പകച്ചുപോയിരുന്നു. ഏറെ നാളായി കാണാനാഗ്രഹിച്ച ആ മുഖത്ത്, അവൾക്കു മാത്രം തിരിച്ചറിയാവുന്ന ചില ചുവരെഴുത്തുകൾ കാലം നടത്തിയിരുന്നു. കവിളിലുരസിയിരുന്ന കട്ടി മീശയിൽ അവിടവിടെ നരകൾ...! തുടുത്ത കവിളുകളിൽ വരകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...! പക്ഷെ ആ കണ്ണുകൾ... ഹൃദയത്തിൽ കുളിർമഴ പെയ്യിക്കുന്ന ആ നോട്ടം! ഉള്ളിലേക്ക് നീളുന്ന, അറ്റത്ത് ഹൃദയം കൊരുത്തു കൊണ്ടുപോകുന്ന ആ നോട്ടം.. അതിനു മാത്രം മാറ്റമൊന്നുമില്ല...!
ദുർബലമായ എതിർപ്പുകളെയും പറയാനാഞ്ഞ പരിഭവങ്ങളെയും ഒരു പുഞ്ചിരി കൊണ്ട് തട്ടിമാറ്റി അയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. ചേർന്നുനിന്ന നെഞ്ചുകൾക്കിടയിൽ മിടിപ്പുകൾ നേർത്തു നേർത്തു വന്നു..
''സത്യത്തിൽ നീയെന്നെ പണ്ടത്തെപ്പോലെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടോ...രാജീ?''
രാജലക്ഷ്മിയുടെ വെളുത്തു നീണ്ട വിരലുകളിൽ വിരൽ കൊരുത്ത് അയാൾ മെല്ലെ ഒന്നു വലിച്ചു. പെട്ടെന്ന് വീശിയടിച്ച കാറ്റിൽ, കടലാസ് ചെടിയിൽ നിന്ന് അപ്പോഴടർന്നു വീണ വെളുത്ത പൂക്കൾ നിലം തൊടും മുമ്പ് കൊത്തിയെടുത്ത് ഒരു വെള്ളരിപ്രാവ് അവരെ നോക്കി കുറുകി.
''ഇഷ്ടം! അതും ഇനി ഈ നാൽപ്പതാം വയസ്സിൽ..." അവൾക്ക് ഒന്നു ചിരിക്കാൻ തോന്നി. "ഇഷ്ടം എന്ന വാക്കിന് എന്തെങ്കിലും വിലയുണ്ടോ? ഉണ്ടായിരുന്നിരിക്കാം ഒരുകാലത്ത്... എങ്കിലും ഒന്നുണ്ട്... എന്റെ മനസ്സിൽ എവിടെയൊക്കെയോ ഏട്ടൻ ഉണ്ടായിരുന്നു എപ്പോഴും...! ഇന്നും... എന്നും... ഇനിയിപ്പൊ ഞാനങ്ങു മരിച്ചു പോയാൽ...''
ഒന്നു ഞെട്ടി അയാൾ അവളുടെ വായ് പൊത്തിയെങ്കിലും ആ കൈ പിടിച്ചു മാറ്റി അവൾ ദൃഢമായി പറഞ്ഞു... "അന്നും!".
"ഇത്ര ദൂരത്തു നിന്നും നിന്നെ ഒരു നോക്ക് കാണാൻ എത്തിയിട്ട് ഇങ്ങനെയൊക്കെപ്പറഞ്ഞെന്റെ ചങ്ക് നീറ്റുകയാണോ രാജിമോളേ നീ.'' നെഞ്ചോട് ചേർത്ത് അയാളവളെ ഇറുകെ പുണർന്നു. എവിടെ വച്ചോ നഷ്ടപ്പെട്ടു പോയ തന്റെ മുദ്രമോതിരം തിരിച്ചു പിടിച്ചപോലെ...!
വർഷങ്ങൾക്കു ശേഷം കേട്ട ''രാജിമോളേ" എന്ന സ്നേഹമസൃണമായ വിളിയിലും ആ തലോടലിലും തന്റെ ശരീരമൊന്നാകെ പൂത്തുലഞ്ഞു പോകുന്നതായി തോന്നി രാജലക്ഷ്മിക്ക്.
രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖമുയർത്തി ചോര തുടിക്കുന്ന ആ ചുണ്ടിൽ അയാൾ അമർത്തിയമർത്തി ഉമ്മവച്ചു. അതു കണ്ട് നാണിച്ച വെള്ളരിപ്രാവ് വെളുത്ത കടലാസു പൂക്കൾക്കിടയിലേക്കു മറഞ്ഞു.
''അന്നാ മാഞ്ചോട്ടിൽ വച്ച്..." അവൾ നാണിച്ചു മുഖം കുനിച്ചു കൊണ്ട് തുടർന്നു "അതേ മാങ്ങാച്ചൊന..." കുതറിമാറിക്കൊണ്ടവൾ അയാളുടെ കാതിൽ ഒന്നു കടിച്ചു.
"എത്ര വർഷങ്ങൾ..! കൃത്യമായി പറഞ്ഞാൽ ഇരുപത്തൊന്ന് വർഷം..! ഇപ്പോഴും നിന്റെ കുറുമ്പിന് ഒരു മാറ്റവുമില്ലല്ലോ എന്റെ രാജിപ്പെണ്ണേ.''
''ഇരുപത്തൊന്ന് വർഷത്തെ എന്റെ ദാമ്പത്യം! ഡോ.ബാലചന്ദ്രന്റെ പാതി എന്ന വിശേഷണം! ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന പണം! പോഷ് റെസിഡൻഷ്യൽ ഏരിയായിൽ താമസം! വിദേശത്ത് പഠിക്കുന്ന, വല്ലപ്പോഴും മാത്രം വിളിക്കുന്ന ഒറ്റ മോളുടെ സ്നേഹം തരുന്ന സുഖം! എല്ലാവരുടേയും കണ്ണിലെ ഭാഗ്യവതിപ്പട്ടം! ഇതൊക്കെയാണിപ്പൊ എന്റെ കുറുമ്പുകൾ... ഇതൊക്കെ മാത്രം...!''
ആ ഗദ്ഗദങ്ങളെ അയാൾ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുത്തപ്പോൾ ഒരുവേള അവളുടെ ശ്വാസം വിലങ്ങിയതു പോലെ തോന്നി. അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കിടന്നു കൊണ്ട്, ദീർഘമായൊന്ന് ശ്വാസമെടുത്തു അവൾ.
കണ്ണൊന്നടച്ചു തുറന്നപ്പോൾ മുകളിൽക്കണ്ട അഞ്ചു തിരിയിട്ട വിളക്കിൽ നോക്കി അവൾ പ്രാർത്ഥിച്ചത് ബാലചന്ദ്രനു വേണ്ടിയായിരുന്നു.
''എന്താ രാജീ... നിനക്ക് ശ്വാസം മുട്ടിയോ...?"
"ഇല്ല... ബാലേട്ടനെക്കുറിച്ച് ഓർത്തു പോയി"
മാറിടങ്ങൾക്കിടയിൽ, നീണ്ട ഒരു കടിയായിരുന്നു അയാളുടെ മറുപടി...
''ഇപ്പൊ നീ എന്റെ കാര്യം മാത്രം ഓർത്താ മതി... ഇവിടെ നമ്മൾ രണ്ടും മാത്രം... നമ്മൾ രണ്ടും...!"
''ഇങ്ങനെ നോവിച്ചാൽ ഞാൻ ഇല്ലാണ്ടാകും ഏട്ടാ... പറഞ്ഞേക്കാം."
അവളുടുത്തരുന്ന പച്ച വസ്ത്രം അനായാസമായി അയാൾ അഴിച്ചുമാറ്റി. അടുത്തേക്കു വന്ന അനസൂയയും പ്രിയംവദയും അതു കണ്ട് നാണിച്ച് മുഖം പൊത്തി അവിടെ നിന്ന് ഓടി മാറി.
''കള്ളൻ... എനിക്ക് നാണം വരുന്നു...!'' രാജലക്ഷ്മി
കണ്ണുകൾ ഇറുക്കിയടച്ചു.
ഓരോ അണുവിലും ചുംബിച്ചുണർത്തി നെഞ്ചോട് നെഞ്ച് ചേർത്ത് അയാളവളുടെ ആഴങ്ങളിലേക്ക് ഒരു പൂമാല കെട്ടും പോലെ കൊരുത്തു കയറിക്കൊണ്ടിരുന്നു. ആ ദേഹത്തെ വെളുത്ത കടലാസു പൂക്കൾ ചുവന്നു തുടുത്തു. നിമിഷങ്ങൾ മിനിട്ടുകളായും മിനിട്ടുകൾ മണിക്കൂറുകളായും മാറ്റിയത് അവരിരുവരും അറിഞ്ഞതേയില്ല.
''ഒന്നു പതുക്കെ... എനിക്ക് നോവുന്നു...!" ഒരു ഭ്രാന്തിയെപ്പോലെ അവൾ പുലമ്പി... വേദന കൊണ്ട് ഇരുവശത്തേക്കും തലയിട്ടടിച്ച ശകുന്തളയെ നോക്കി നിന്ന അനസൂയയും പ്രിയംവദയും മുഖം തിരിച്ച് കൺകോണുകളിൽ ഊറിക്കൂടിയ നനവുകളെ ഇമചിമ്മി അകറ്റി...!
സമയം തേരട്ട പോലെ കടന്നു പോയി...
"രാജീ... എഴുന്നേൽക്ക്! എനിക്ക് പോകാറായി... എന്തുറക്കമാ ഇത്! എന്നെ... വിട്... ദേ ആരെങ്കിലും വരും" ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന വെളുത്ത കടലാസു പൂക്കൾ തട്ടിക്കളഞ്ഞ് അയാൾ എഴുന്നേറ്റു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"വേണ്ട... വേണ്ട ഈ നെഞ്ചിൽ തല വച്ച് മരിക്കണമെന്നാ എന്റെ ആഗ്രഹം...! ഇനിയെനിക്ക് കണ്ണു തുറക്കണ്ട...! എന്റെ ഏട്ടനെയൊഴികെ ആരേം കാണണ്ട...! ആരേം...!'' അവൾ ഒരാശ്രയത്തിനെന്നവണ്ണം അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.
''മോളൊന്നാലോചിച്ച് നോക്ക്... ഇനിയെന്നും നമ്മളൊന്നല്ലേ... ആർക്കും വേർപിരിക്കാനാവാതെ ഇങ്ങനെ കെട്ടിപ്പിടിച്ച്.... മരിക്കുവോളം... അല്ലേ?... കണ്ണു തുറക്ക് ! ഇത്രേം വാശി പാടില്ല ഏട്ടന്റെ മോൾക്ക്..." ഒഴുകിത്തുടങ്ങിയ കണ്ണുനീർ അയാൾ തട്ടി മാറ്റി.
അകത്തേക്കു പറന്നു വന്ന വെളളരിപ്രാവ് അനുസരണയോടെ അയാളുടെ കൈയ്യിൽ വന്നിരുന്നു. അതിന്റെ കൊക്കിൽ അപ്പോഴുമുണ്ടായിരുന്നു താഴേക്ക് വീഴാൻ തുടങ്ങിയ വെളുത്ത കടലാസു പൂക്കൾ...!
"രാജീ... കണ്ണു തുറക്ക് പ്ലീസ്... എന്നെയൊന്നു നോക്ക്".
***** ***** ***** ***** ***** ***** *****
പതിവുള്ള പ്രഭാത പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷം ഡോ. ജയപ്രസാദ് നേരേ പോയത് ഡോ.ബാലചന്ദ്രന്റെ അടുത്തേക്കാണ്.
''ബാലാ നിനക്കറിയാലോ ഇതിന്റെ കോംപ്ലിക്കേഷൻസ്... ലക്ഷ്മിയുടെ ഇന്നത്തെ അവസ്ഥയും വളരെ ക്രിട്ടിക്കലാണ്... നമ്മുടെ ഭാഗ്യത്തിനാണ് ഇപ്പോ ഇത്രയും മാച്ചിംഗ് ആയ ഒന്ന് കിട്ടിയത്...യു പ്ലീസ് ഡൂ ദ അദർ ഫോർമാലിറ്റീസ്, വീ ആർ ഗോയിംഗ് ടു സ്റ്റാർട്ട് ദ ഓപ്പറേഷൻ.'' ഡോ.ബാലചന്ദ്രന്റെ ചുമലിൽ ഒന്ന് തട്ടി ഡോ.ജയപ്രസാദ് കാർഡിയോ തൊറാസിക്‌ ഓപ്പറേഷൻ തീയറ്ററിലേക്ക് വേഗത്തിൽ നടന്നു.
ആറു മണിക്കൂറുകൾ... നീണ്ട ആറു മണിക്കൂറുകൾ...!
ലോകത്തെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റൽ... ഏറെ കഴിവ് തെളിയിച്ച ഒരു പറ്റം ഡോക്ടർമാർ... എങ്കിലും സർജറി കഴിഞ്ഞ് പുറത്തു വന്നപ്പോൾ ഡോ.ജയപ്രസാദിന്റെ മുഖം വിവർണ്ണമായിരുന്നു.
''ഓപ്പറേഷൻ സക്സസാണ്. ബാലന് പ്രത്യേകിച്ചു പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ! ബട്ട് സംതിംഗ് വെന്റ് റോംഗ്. രാജലക്ഷ്മി ഇതുവരെ പ്രതികരിക്കുന്നില്ല. ഒരുതരം നീണ്ട ഉറക്കം പോലെ!''
തന്റെ കഴിവിൽ സ്വയം അഹങ്കരിച്ചിരുന്ന ഡോ. ബാലചന്ദ്രൻ അന്നാദ്യമായി ദൈവത്തിനു മുന്നിൽ കരഞ്ഞുകൊണ്ട് മുട്ടുകുത്തി... തന്റെ ഭാര്യയ്ക്ക് ഹൃദയം കൊടുത്ത് സ്വർഗ്ഗത്തിലേക്കു പോയ ആ മനുഷ്യനു വേണ്ടിയും ബാലചന്ദ്രൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
''ലക്ഷ്മീ... കണ്ണു തുറക്ക് പ്ലീസ്... എന്നെയൊന്നു നോക്ക്".
***** ***** ***** ***** ***** ***** ***** *****
നഴ്സുമാർ അറിയിച്ചതിനനുസരിച്ച് ഡോ.ജയപ്രസാദ് പെട്ടെന്ന് ഓടിയെത്തി. തൊട്ടടുത്ത് നിന്ന ബാലചന്ദ്രന്റെ നേർക്ക് ബദ്ധപ്പെട്ട് കണ്ണുകൾ ചിമ്മി ചിമ്മിത്തുറക്കുകയായിരുന്നു രാജലക്ഷ്മിയപ്പോൾ.
''എങ്ങനെയുണ്ടിപ്പൊ...? ലക്ഷ്മി ഞങ്ങളെ കുറച്ച് വിഷമിപ്പിച്ചു...ല്ലേ ബാലാ?" മോണിറ്റർ നോക്കി തൃപ്തി വരുത്തി, പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ സിസ്റ്റർമാരേ നോക്കി പറഞ്ഞു...''ഇതിന്റെ ക്രെഡിറ്റ് ഇവർക്കാ... ഈ തോഴിമാർക്ക് !''
ബാലചന്ദ്രനാകട്ടെ മറുപടിയൊന്നും പറയാതെ അവളെത്തന്നെ സാകൂതം നോക്കി നിന്നു. അത്രയ്ക്ക് സുന്ദരിയായി തന്റെ ഭാര്യയെ അയാൾ അന്നുവരെ കണ്ടിരുന്നില്ല...!
"എന്റെയെല്ലാ വിഷമവും ഇപ്പൊ മാറി ഡോക്ടർ'' അവർ ബാലചന്ദ്രനെയും ജയപ്രസാദിനേയും നോക്കി ചിരിച്ചു... സുന്ദരമായ ആ കവിളിലൊരു നുണക്കുഴി മെല്ലെ തെളിഞ്ഞു വന്നു...
മനോഹരമായ ആ ചിരിയിൽ, ''ഏട്ടാ''എന്നുള്ള ആ വിളിയിൽ ബാലചന്ദ്രൻ സ്വയം മറന്ന് നിന്നപ്പോൾ, അവിടെ പതിയെ വീശിയ തണുത്ത കാറ്റിനോടൊപ്പം പറന്നകന്ന വെള്ളരിപ്രാവിന്റെ ചുണ്ടിൽ ആ കടലാസ് പൂക്കൾ ഉണ്ടായിരുന്നില്ല ... ഉതിർന്നു വീഴും മുൻപേ ചുണ്ടിൽ ഒതുക്കിയ വെള്ളപ്പൂക്കൾ ബാക്കിയാക്കിയ മടക്കം... അതായിരുന്നു... അതു മാത്രമായിരുന്നു ബാലചന്ദ്രനുള്ള സമ്മാനം...!
- ഗണേശ് -
16- 4- 2019

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo