Showing posts with label SabuAroor. Show all posts
Showing posts with label SabuAroor. Show all posts

* പാപ്പനും പാപ്പിയും *


* പാപ്പനും പാപ്പിയും *
വിറയാർന്ന കൈകളിൽ നിന്ന് മണ്ണ് കുഴിയിലേക്കിടുമ്പോൾ കറിയാച്ചൻ്റെ ഉടൽ വല്ലാതെ വെട്ടി വിറച്ചു.ഇരു തോളുകളും പിടിച്ചു നിന്ന സൂസിയിലുംജോയപ്പനിലും അതിൻ്റെ അനുരണനങ്ങൾ ഉണ്ടായി. തുള്ളിത്തുളുമ്പുന്ന കണ്ണുകളെ മറക്കാനെന്നവണ്ണം വെട്ടിത്തിരിഞ്ഞ് വേച്ച് പോകുന്നതിനിടയിൽ അയാൾ പറഞ്ഞു. " മക്കള് പൊയ്ക്കോ.... ഞാനിമ്മിണി കഴിഞ്ഞങ്ങെത്തിയേക്കാം ".
സൂസിയും ജോയപ്പനും കണ്ണോട്കൺനോക്കി. അമ്മച്ചിയുടെ മരണം അപ്പനെ വല്ലാതെ തളർത്തിയിരിക്കുന്നു. 60 വയസ്സ് പിന്നിട്ടിട്ടും പ്രണയിനികളായെന്നും കഴിഞ്ഞവരിലൊരാളെയാണല്ലോ ദൈവം മടക്കി വിളിച്ചത്. സ്വല്പംമാറി പണിതിട്ടിരിക്കുന്ന സിമൻ്റെ് ബഞ്ചു ലാക്കാക്കി വേച്ചു പോകുന്ന അപ്പനേയും സന്തതസഹചാരി 'പട്ടി ബില്ലുവിനെയും സൂസിവേദനയോടെ നോക്കി.പ്രായമേറെയായിട്ടും പ്രണയം കൈമോശം വരാതെ കാത്തവരിൽ ഒരാളെയാണല്ലോ മറ്റയാൾക്ക് നഷ്ടപ്പെട്ടത്.ആവേദനഊഹിക്കാവുന്നതിലുമപ്പുറമാണ്. അപ്പനെ തനിച്ചിരിക്കാൻവിട്ട് സൂസിയും ജോയപ്പനും സിമിത്തേരിക്കു പുറത്തു കടന്നു.
കാറിൽ കേറി ഡ്രൈവിങ് സീറ്റിലമർന്നിട്ടും വിഷണ്ണനായിരിക്കുന്ന ജോയപ്പൻ്റെ തോളിൽ കണ്ണീരൊതുക്കി സൂസി മെല്ലെ കൈകളമർത്തി. ങും ..! ചെറുമൂളലോടെ അയാൾ വണ്ടി മുന്നോട്ടെടുത്തു. തന്നെ കെട്ടിയനാൾ മുതൽ സ്വന്തം അപ്പനേയും അമ്മയേക്കാളും അവരെ സ്നേഹിച്ചിരുന്നയാളല്ലേ . ജോയപ്പനെന്നു വെച്ചാ അവർക്കും ജീവനായിരുന്നുവെന്ന് സൂസി തെല്ലസൂയയോടെ ഓർത്തു. ജോയപ്പൻ്റെപാപ്പനും പാപ്പീയെന്നുമുള്ള ഓമനിച്ചുള്ള വിളി അവരേറെ ഇഷ്ടപ്പെട്ടിരുന്നു. ആൾ വല്ലാതെ അപ്പ്സെറ്റാണ്. വാക്കുകൾ വേർപെട്ടു നിന്ന രണ്ടു മിനിറ്റത്തെ ഓട്ടത്തിനു ശേഷം വണ്ടി കിളിക്കൂട്ടിലെത്തി. നിശബ്ദതയുടെ മേലങ്കിയിലേക്ക് വീടപ്പോൾ ചുരുണ്ടിരുന്നു.
ഒറ്റയ്ക്കും തെറ്റയ്ക്കും നിൽക്കുന്ന ആളുകളെ ഉപചാര വാക്കുകളോ തിപറഞ്ഞയക്കുന്നതിരക്കിലേക്ക്ജോയപ്പൻവ്യാപൃതനായി. സൂസി അകത്തു കേറിവേഷം മാറി; മെല്ലെ കട്ടിലിനെ പ്രാപിച്ചു. നികത്താനാവാത്തതെന്തെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ മരണവുമെന്ന് സൂസിക്കു തോന്നി.
പണ്ട് നാടിനെയിളക്കി മറിച്ച പ്രണയകലാപത്തിനു ശേഷം ഈ മലയോര ഗ്രാമത്തിലേക്കു ചെക്കേറിയവരാണ് തൻ്റെ മാതാപിതാക്കൾ.ഗോപിനാഥക്കൈമൾ ആണ് അന്നമ്മയുടെ കറിയാച്ചനായ് രൂപാന്തരം പ്രാപിച്ചതെന്നറിയുന്നവർ ഇന്ന് ചുരുക്കം.
ഒരുപാട് കുട്ടികളുള്ളയിടം എന്ന സ്വപ്നത്തിൻ്റെ ആദ്യഭാഗമെന്ന നിലയ്ക്കാണ് ,അപ്പൻ വീടിന് കിളിക്കൂട് എന്ന് പേരിട്ടത്.
ആദ്യ പ്രസവത്തിലെ കോപ്ലിക്കേഷനുകൾ കണ്ട് ഭയപ്പെട്ട് അമ്മച്ചിയുടെ ജീവനെ മുൻനിർത്തി അപ്പൻ ആ മോഹ0 ഉപേക്ഷിക്കുകയാണുണ്ടായത്.പലപ്പോഴും തനിക്ക് ഒറ്റക്കുട്ടിയുടെ വ്യഥ പേറേണ്ടി വന്നതും അതുകൊണ്ടായിരുന്നല്ലോ.പക്ഷേ സ്വതസിദ്ധമായ നർമ്മത്തോടെ അപ്പൻ പറഞ്ഞിരുന്നത് .., "ഒരു പാട് പേരായാൽ തമ്മിതല്ലിചാവും... നീ മാത്രമാണേ ഉലക്കക്കടിച്ചാണേലും നേരയാക്കാല്ലാ.. " എന്നാണ്.
പ്രായമേറെ ചെന്നിട്ടും രാവിലെയുള്ള പളളിപ്പോക്ക് ഇരുവരും ഒരുമിച്ചു തന്നെയായിരുന്നു. പിന്നെ അത്യാവശ്യം പറമ്പിലെ കൃഷിപ്പണികൾ ചെയ്യുന്നതും ഒരുമിച്ചു തന്നെ. അങ്ങനെ ഇരിപ്പിലും നടപ്പിലും ഊണിലും ഉറക്കത്തിലും ...,പരസ്പരംകളിവാക്കുകൾ ചൊല്ലി ഇണപിരിയാക്കുരുവികളെപ്പോലെയാണ് അവർ കഴിഞ്ഞിരുന്നത്. ഈ പ്രായത്തിലും ഇങ്ങനെ പ്രണയിനികളാവാൻ കഴിയുന്നുവെന്നത് നാട്ടുകാരെപ്പോലെ തന്നെയും അത്ഭുതപ്പെടുത്തിട്ടുണ്ട്.
ഇതേ സമയം ആളുകളെയൊക്കെ പറഞ്ഞു വിട്ട് എരിയുന്ന സിഗററ്റിനൊപ്പം ചിന്തകളെ താലോലിച്ചുകൊണ്ട് ഉമ്മറത്ത് ചാരുകസേരയിൽ ജോയപ്പനുമുണ്ടായിരുന്നു. ഈ വീട്ടിൽ വന്നതിൽ ശേഷമാണ് പ്രണയമെന്തെന്ന് താൻ തിരിച്ചറിഞ്ഞത്. ഒരിക്കൽ എന്തോ സൗന്ദര്യപ്പിണക്കത്തിൽ വീട്ടിലേക്കു പോന്ന സൂസിയെ തിരികെ വിളിക്കാൻ താൻ ചെല്ലുമ്പോൾ അപ്പൻ: "എടാ ജോയപ്പാ.. ഇവളെന്തേലും കൊസ്രാക്കൊള്ളിയൊപ്പിക്കുമ്പോ ചെകിളത്ത് ഒന്ന് പൊട്ടിച്ചേച്ച് ദാ ഇങ്ങനെ ചേർത്തു പിടിച്ച് ഒന്നു ചുംബിച്ചേര് ...! പിന്നെയിവൾ ആട്ടിൻകുട്ടിയായിക്കൊള്ളും."... , എന്ന് പറഞ്ഞ് അടുത്തു നിന്ന അന്നമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. അമ്മച്ചി ചെറുകുറുകലോടെ അപ്പൻ്റെ നെഞ്ചിലഭയം തേടുമ്പോൾ ആത്മാവിലന്തർലീനമായ പ്രണയത്തിൻ്റെ അപാര സൗന്ദര്യം എന്തെന്ന് താൻ തിരിച്ചറിയുകയായിരുന്നു. ഇങ്ങനെയോരോന്ന് അയവിറക്കിയിരിക്കേ ജോയപ്പൻ അറിയാതെ നിദ്രയിലേക്കാണ്ടു പോയി.
മുറ്റത്ത്ബില്ലുവിൻ്റെകുരകേട്ടാണയാൾപിന്നീട്എഴുന്നേറ്റത്.കോട്ടുവായോടെ വാച്ചിൽ നോക്കി.. ഓ...! മൂന്നര... അപ്പൻ ..? ബില്ലു ഉമ്മറത്തു നിന്ന് ഗെയ്റ്റിലോട്ടും തിരിച്ചും ദീനമായ എന്തോ സ്വരം പുറപ്പെടുവിച്ച് ഓടിക്കൊണ്ടിരുന്നു. എടി സൂസിയെയ് എന്നു വിളിക്കാനായും മുൻപ് സൂസി ഉമ്മറത്തെത്തിയിരുന്നു. ബില്ലു അപ്പോഴും എന്തോ പറയുവാൻ ശ്രമിച്ചു കൊണ്ട് മുറ്റത്തു വട്ടം ചുറ്റണ കണ്ടതും സൂസിക്കെന്തോ പന്തികേടു മണത്തു." അച്ചായോ വണ്ടിയെടുക്ക് .അപ്പനെ നോക്കി വരാം... നേരമേറെയായല്ലാ...?
അവർ വണ്ടിയെടുത്ത് സിമിത്തേരിയിലേക്ക് പാഞ്ഞു.. ബില്ലു അതി ധ്രുതം അവർക്കു മുന്നേ ഓടുന്നുണ്ടായിരുന്നു.
വല്ലാത്തൊരാന്തലോടെയാണ് അവർ സിമിത്തേരിക്കുള്ളിലേക്ക് കടന്നത്.സിമിത്തേരിയിൽ ചെന്നതും സൂസി കാണുന്നത് അമ്മച്ചിയുടെ കുഴിമാടത്തിൽ തലയ്ക്കലെ കുരിശിനെ കെട്ടിപ്പിടിച്ചു കിsക്കുന്ന അപ്പനെയാണ്. ബില്ലുവപ്പോഴും എന്തോ മണത്തു കൊണ്ട് കുഴിമാടത്തെ വലം വെയ്ക്കുന്നുണ്ടായിരുന്നു. അപ്പച്ചാ... എന്നു വിളിച്ച് ഓടിയടുത്തെത്തി വാരിപ്പുണർന്നതും വല്ലാത്തൊരു തണുപ്പ് തന്നിലേക്ക് സംക്രമിച്ചതറിഞ്ഞ് ഒരു പൊട്ടിയിടറലോടെഅവൾജോയപ്പൻ്റെനെഞ്ചിലേക്കുവീണു.ജോയപ്പൻഅവളെനെഞ്ചോട്ചേർത്ത്ഇരുകരങ്ങളാലുംഅവളുടെമുഖംമെല്ലെയുയർത്തിമൂർദ്ധാവിൽ തൻ്റെചുണ്ടുകളമർത്തി.
അറിയാതൊരു കാറ്റ് സുഖകരമായ് വീശി. അടുത്തു നിന്ന പൂമരത്തിൽ നിന്ന്പൂക്കൾ ഒന്നൊന്നായി പൊഴിഞ്ഞു വീണു.
ആത്മാവിൽ തുളുമ്പുന്ന കവിത പോലെ പ്രണയം പൂത്തുലഞ്ഞ ആ നിമിഷം പാപ്പനും പാപ്പിയും സന്തോഷത്തോടെ ആകാശത്തിനും വിദൂരതയിലേക്ക് പറന്നകന്നു.., ഭൂമിയിൽ തങ്ങളുടെ പ്രണയ ശേഷവും പ്രണയത്തിൻ്റെ ഒരിറ്റ് വെളിച്ചം പകർന്നു നൽകാനായതിൻ്റെ സംതൃപ്തിയും പേറി .......
* ----------------- *
സാബു അരൂർ

*അനാഥർ * (കവിത)

മലയാള സ്വരാക്ഷരങ്ങളെ ക്രമമായി ഒരു കവിതയിൽ കൊണ്ടുവരാൻ ഒരു ശ്രമം. കൂട്ടുകാരെ കുറവുകൾ തീർച്ചയായും ചൂണ്ടിക്കാട്ടണേ

*അ *
അനിയനെ വെക്കന്നു തന്നിട്ടു വേഗം
അമ്മയോ വിദൂരതയെ പുൽകിയല്ലോ
അച്ഛനുമനിയനുമൊത്തുള്ള യാത്രയിൽ
അച്ഛനോ പാതി വഴിയോർമ്മയായി
അത്തലേറിടും തുടർയാത്രയിൽ
അത്താണില്ലാതെ തെരുവിൻ മക്കളായ്.
*ആ *
ആമോദമൊക്കെയും പോയ് മറഞ്ഞു
ആശകൾ കരിനിഴൽ ചിത്രം വരച്ചു.
ആരോരുമില്ലാത്ത തെണ്ടികൾ മാത്രമായ് -
ആതെരുവിന്നോരത്തു കിടന്നുറങ്ങി.
ആരുണ്ടൊരിത്തിരി കരുണയേകാൻ
ആരോരുമില്ലാത്ത ഞങ്ങൾക്കു വേണ്ടി .
* ഇ*
ഇരന്നു പകലോ പശിയടക്കി
ഇരവിൽപശിയേറ്റു തളർന്നുറങ്ങി
ഇടയ്ക്കിടെ നിറയും ഭീതിദ കാഴ്ചയിൽ
ഇരവിലുറക്കത്തിൽ ഞെട്ടിയുണർന്നു.
ഇരുന്നും കിടന്നും നേരം വെളുപ്പിച്ചു 0
ഇണ്ടലോടെ ജീവിതം മുന്നോട്ട് നീങ്ങവെ
*ഈ *
ഈ ഗഗന വിശാലതയ്ക്കു കീഴെ
ഈധരണിക്കു ഭാരമായ് ജീവിതം പോറ്റേ
ഈർച്ചവാളുപോലെ ഹൃദയം പിളരിലും
ഈച്ചയാർക്കും മലിനമാം ഭക്ഷണം
ഈ രണ്ടു പേരും തുല്യമായ് ഭക്ഷിച്ച്
ഈ മട്ടിലന്യോന്യം കൂട്ടായ്തുടർന്നു
* ഉ*
ഉച്ചവെയിലേറ്റേറെനടന്നു ;സായാഹ്നം-
ഉടലിൽ ശീതളക്കുളിരു പകർന്നീടവേ
ഉത്സാഹികളായെത്തിയൊരു ടി.വി ഷോപ്പിൻ മുന്നിൽ
ഉന്മത്തമാകും ദൃശ്യവിരുന്നിൽ കൺനട്ട്
ഉത്സുകരായ് ചില്ലുജാലകച്ചാരെ നിൽക്കേ
ഉൾച്ചൂടാലെരിയുമീയകതാരിൽ
ഉപരതിയായിടുമീ കാഴ്‌ചകൾ മോഹനം.
* ഊ *
ഊർവ്വരമാകുമീ മനസ്സിലമൃതമായ്
ഊയലാടും കാഴ്ചയിൽ മയങ്ങിനിന്നീടവേ
ഊളകൾ നിങ്ങൾ കടന്നു പോയീsണമെന്നു ചീറി -
ഊക്കോടെയുള്ളിൽ നിന്നെത്തിയ മാന്യൻ്റെ
ഊക്കാർന്ന തള്ളലിൽ തെറിച്ച വീണെങ്കിലും
ഊർജ്ജം വീണ്ടെടുത്തു മണ്ടിയെന്നനിയനൊത്ത്.
* ഋ *
ഋണികനവനുടെ ആട്ടേറ്റു ഞങ്ങൾ
ഋതിയരായങ്ങനെ മുന്നോട്ട് നീങ്ങവേ
ഋച്ഛരയായവൾ ഞങ്ങളെ മാടി വിളിച്ചു.
ഋതിയമോടെ പശിമുട്ടേ ഭക്ഷണമേകി.
* എ *
എത്രമേൽപാപപങ്കിലമെങ്കിലും
എത്രമേൽ കാരുണ്യമീ മനസ്സിനുള്ളിൽ
എത്രപേർ തിരിച്ചറിയുന്നീ നൻമ
എത്രമേൽ ആക്ഷേപമേറ്റിടാനല്ലോ തിടുക്കം
.
* ഏ*
ഏതാണ്ടീയമ്മയെ പോലല്ലോ
എഴകളാമീ ഞങ്ങൾ തൻ ജീവിതം
ഏങ്കോണിപ്പുകളേറെയുണ്ടെങ്കിലും ഞങ്ങളിൽ
ഏകഭാവമായ് വർത്തിപ്പൂ നൻമ
* ഐ *
ഐച്ഛികത്തോടുള്ള ജീവിതമല്ലെങ്കിലും
ഐഹികത്തോടിരിക്കുന്ന നേരമത്രയും
ഐനസമൊന്നും തൊട്ടു തീണ്ടാതെ
ഐര ജീവിത മറുകര താണ്ടണം
* ഒ*
ഒട്ടു നേരം പശിയടങ്ങിയങ്ങിരിക്കേ
ഒട്ടു നേരമാവാത്സല്യമേറ്റിരിക്കെ
ഒട്ടേറെ ചിന്തകളെന്നിലേറിപ്പോയ്
ഒട്ടലൊക്കെ മെല്ലെ കടന്നു പോയ്.
* ഓ*
ഓദനംവാത്സല്യമോടേകിയ
ഓജസ്വീ മുഖയാമമ്മയോട്
ഓതിവിടഞങ്ങളിരുവരും
* ഔ *
ഔ ജസ്യം ചിലർക്കു ശോഭയേറ്റിടും
ഔദാര്യമോ ഏഴയ്ക്കു ഭൂഷണം
ഔന്നത്യമേറിടണമീ ജീവിതയാത്രയിൽ
ഔദ്ധത്യമില്ലാതെ നമ്മളേവരും

പ്രഹരം - പുതുവത്സരരചന മത്സരം


ഊർജ്ജസ്വലതയുടെ വസന്തത്തിൽ
അസ്മിതത്തോടെ നടന്നീടവേ
നി സ്സ ഹ ത യു ടെ ചുഴിക്കുത്തിലേക്ക്
തനുവൊരു പ്രഹരമേറ്റ് പിടഞ്ഞു-
തളർന്ന് കട്ടിലിലേക്കാഴ്ത്തപ്പെടവേ
ചെറുചലന ബാക്കിയായ തനുവിനുള്ളിൽ
പിടഞ്ഞു നീറുന്ന മനസ്സിൻ്റെ
വാചാലതയിലേക്ക് യാത്ര പോയിട്ടുണ്ടോ...?
കണ്ണിണകളുടെ ചെറുചലനത്തിലൂടെ
ഉറവ പൊട്ടിയൊഴുകും നീർ തിളക്കത്തിലൂടെ
കട്ടിലിലേക്കാഴ്ത്തപ്പെട്ട ആത്മാവിൻ്റെ
വാചാലത നമ്മിലേക്കൊഴുകിയെത്തും
ചിലപ്പോഴൊക്കെ ഹൃദ്യമായ സ്മരണകളായ്
എന്തിനെന്നറിയാതെ ഉരുവം കൊണ്ട
വീറും വാശിയുമേറ്റിയ കുറ്റബോധ മായ്
സഹതാപകണ്ണെറിയുന്ന നമ്മളോട് -
ഒന്നു തീർത്തു തരുവീ ജീവിതമെന്ന മൂക -
വിലാപത്തിൻ കടലലകളായ്
സാന്ത്വന തലോടൽ നാമേൽപ്പിക്കേ
ജീവിത വസന്തങ്ങളിലേക്ക് കുതറിപ്പിടഞ്ഞ് -
അണയാൻ വെമ്പുന്ന ചെറു വിറയനക്കങ്ങളായ്
നമ്മെ നോവിൻ ചുഴിയിലേക്കാഴ്ത്തും
നിസ്സഹമാം മനസ്സിൻ മൗന വാചാലത ..
ജീവിത കൂത്തമ്പലത്തിൽ നടന-
വൈഭവതികവേറും മുഖം മൂടികൾ പേറി
അതിധ്രുതം ഗമിക്കുമെന്നിലെ
ജേതാവിൻ ആത്മഹർഷപുളകങ്ങളിൽ
ഓർമ്മപ്പെടുത്തലിൻ വീചികളായ്
നിറഞ്ഞു കവിയുന്നു.. കട്ടിലിലേ-
ക്കാഴ്ത്തപ്പെട്ട മൗനത്തിൻ വാചാലത ...!

by: 
സാബൂ അരൂർ 

വഴിത്തിരിവുകൾ കഥ


കലികാലത്തിൻ്റെ കുണ്ടനിടവഴിയിലൂടെ ജീവിതം മുന്നോട്ട് നീങ്ങവെ
ഒരു നാൾ അയാൾക്കൊരു വെളിപാടുണ്ടായ് ....;സ്നേഹം ,കരുണ, ത്യാഗം എന്നിവയെ ചവറ്റുകുട്ടയിലെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന്! അതിൻ പ്രകാരം തറവാടിനിളയവനായ അയാൾ അരക്കാശും മുക്കാക്കാശും കൊടുത്ത് സഹോദരങ്ങളെ ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. അതിലും തൃപ്തരാവാതെ നിന്നവരെ ഗോഷ്ടി കാണിച്ചും പുലഭ്യം പറഞ്ഞും ആട്ടിപ്പായിച്ചു. അയാളുടെ വെളിപാടിനെ കുറിച്ച് മുൻകൂട്ടിയറിഞ്ഞിട്ടോ എന്തോ.. ;അയാളുടെ കൈക്രിയക്ക് കാത്തു നിൽക്കാതെ അച്ഛൻ ചില്ലുകൂട്ടിലേക്കൊതുങ്ങി പുഞ്ചിരി തൂകി.
ഒഴിവാക്കപ്പെടേണ്ടതിൽ ഒന്ന് വഴിമാറിയതിൽ അയാളും സന്തോഷിച്ചു .അങ്ങനെ അയാളും അമ്മയും ഭാര്യയും കുട്ടികളുമായി ജീവിതം മുന്നോട്ട് നീങ്ങവെ അമ്മയും ഭാര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കണ്ടു മടുത്ത് ഇതിലാദ്യമാരെ ഒഴിവാക്കേണ്ടു എന്ന ചിന്തയിൽ വയസ്സിയായ അമ്മ തന്നെയുത്തമം എന്ന് കണ്ട് അവർ കിടന്ന കട്ടിൽ പലതായി കീറി അടുപ്പിലെ അഗ്നിക്കു കാഴ്ചവെച്ചു. എന്നിട്ടും കലിയടങ്ങാതെ കോമരം തുള്ളിയ അയാളുടെ ഭീഭത്സരൂപം കണ്ട് അമ്മ മറ്റു മക്കളുടെയടുത്തേയ്ക്ക് ഉള്ള ജീവനുമെടുത്ത് മണ്ടി. ജീവിതം പിന്നെയും മുന്നോട്ട്...
ഇതിനിടയിൽ തൻ്റെ അധികാര പരിധിയിലേക്ക് മാർച്ചു പാസ്റ്റു നടത്തിയ ഭാര്യയുടെ തണ്ടിൽ കോപിഷ്ടനായി ഒരു ക്വാർട്ടറിൻ്റെ ബലത്തിൽ അവരുടെ നടുംപുറത്ത് തായമ്പക വായിച്ചതിൻ്റെ പിറ്റേ ദിവസം കുട്ടികളുമായി അവരും അവരുടെ പാട്ടിന് പോയി. പരസ്ത്രീ ബന്ധം, സ്ത്രീ പീഡനം.....കാര്യങ്ങൾഅയാൾക്കനുകൂലമായതിനാൽ ഏറെ താമസിയാതെ കോടതിയയാൾക്ക് വിവാഹമോചനവും നൽകി.
തിന്നും കുടിച്ചും മദിച്ചുംജീവിതത്തിൻ്റെ സ്വാതന്ത്ര്യത്തെയാവോളം നുകർന്നു കൊണ്ടിരിക്കെയാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ അയാളുടെ അർമാദിക്കൽ കണ്ട് മനം മടുത്ത് സൺസൈസിൻ്റെ തട്ട് സ്വയം ഒടിഞ്ഞ് അയാളെ താഴേക്കു തള്ളിയിട്ടത്. അവിടെ നിന്നും കാലൻകൈപറ്റാത്തതിനാൽ കാലം അയാളെ ജീവച്ഛവമാക്കി കട്ടിലിലേക്കാഴ്ത്തി.
സർവ്വ സ്വതന്ത്ര്യവിജയവിരാജിതനായി നിന്ന അയാൾക്കു വേണ്ടി കാലം തീർത്ത ഭീഷ്മ ശയ്യയിലെ ഓരോ അമ്പുകളും പിന്നീടുള്ള * സമസ്യ *
ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല: കൊയ്യുന്നില്ലയെന്ന് വേദ വാക്യം.ഒരു കുമ്പിൾ നെൽമണിയിൽ ഇന്നിൻ്റെ വസന്തങ്ങളിൽ അഭിരമിക്കുന്ന വെള്ളരിപ്രാവിനെപ്പോലെയാകാൻ കഴിയാതെ വരുന്നത് മാനവ ദു:ഖം. പൊക്കിൾകൊടി ബന്ധത്തിൽ തുടങ്ങി ചിലന്തിവല പോൽ ഒട്ടിപ്പിടിക്കുന്ന ബന്ധനങ്ങളുടെ ഘോക്ഷ യാത്ര. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വെമ്പുന്ന മനസ്സിന് ബന്ധനങ്ങൾ ഒരനുഗ്രഹം.
അഹംഭാവം.. സ്പർദ്ധ ... നന്ദിയില്ലായ്മ.... ന ട ന ഭാവങ്ങൾ അരങ്ങു തകർക്കുമ്പോൾ;വാക്ശരങ്ങളുടെ നൊമ്പരശയ്യയിൽ ഉഴലുന്ന ഉൾ മനസിന് വാത്മീകിയോട് പത്നിയോ തിയ ഉത്തരം മാത്രം സാന്ത്വനം എല്ലാത്തിനോടും നിർമമത പുലർത്തി നീണ്ട വഴിത്താരകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുവാൻ വെമ്പുമ്പോൾ ഒന്നിനും കൊള്ളാത്തവനെന്ന സർട്ടിഫിക്കറ്റ്. എന്തിലുമേതിലും ആർത്തിയോടെ കൈയ്യിട്ടുവാരി സ്വന്തം പൊക്കണത്തിൽ നിറയ്ക്കുമ്പോൾ ജീവിക്കുവാൻ പഠിച്ചവനെങ്കിലും ആർത്തി പണ്ടാരമെന്ന സാക്ഷ്യപത്രം.
ആശയാണ് ദു:ഖമെന്ന് ബുദ്ധൻ. എന്നാലാശയിൽ നിന്നുത്ഭവിക്കുന്ന വെട്ടിപ്പിടിക്കലുകളുടെ ... നഷ്ടപ്പെടലുകളുടെ ബാക്കിപത്രമായ സംതൃപ്തിയും നിരാശയും സിരകളിൽ നിറയ്ക്കുന്ന ലഹരിയാണ് ജീവിതമെന്ന് ബുദ്ധനറിയാതെ പോയതോ; എന്തോ......!
അനിശ്ചിതത്വമാർന്ന ജീവിതത്തിൻ്റെ പടവുകളൊന്നൊന്നായ് പിന്നിടുമ്പോൾ അനുഭവങ്ങൾ രൂപപ്പെടുന്നു. അനുഭവങ്ങളിൽ നിന്ന് അനുഭവങ്ങളിലൂടെ യാത്ര ചെയ്ത് ഒരു ജേതാവിൻ്റെ കിതപ്പുകളോടെ ഫിനിഷിങ് പോയിൻ്റിലെത്തുമ്പോൾ എന്തുനേടി;എന്താണ് ജീവിതമെന്ന മനസ്സിൻ്റെ ചുണ്ട കൊളുത്തിൽ കുരുങ്ങി പിടഞ്ഞു പിടഞ്ഞ്... അജ്ഞാതമായയേതോ ബിന്ദുവിലേക്കു മടക്കം .
എല്ലാ യാത്രകളും ഉത്തരം കിട്ടാസമസ്യകളുടെ ചെറു പൂരണങ്ങൾ മാത്രമായി കാലത്തിൻ്റെ ഇടനാഴിയിൽ വിറങ്ങലിച്ചു കിടന്നു.ഓരോ ദിനവും അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അപ്പോഴും സ്നേഹം/ കരുണ, ത്യാഗം എന്നിവ അകത്തു കേറാൻ പേടിച്ച് പുറത്ത് ചുറ്റിത്തിരിയാറുണ്ടായിരുന്നു.
by
* സാബു അരൂർ *

ദശാസന്ധി - പുതുവത്സരരചനാ മത്സരം- 2017- കവിത


കാലത്തിൻ ദശാസന്ധിയിൽ
മൂക വിലാപ പതിരരായലയുന്നു
സ്മരണ തൻ ബലി കുടീരങ്ങളിൽ
വിലീനമായൊരിമണ്ണിൻ്റെ മക്കൾ
നാടിനെ തമസ്സിലാഴ്ത്തിയ മാനവ -
ധ്വംസനങ്ങൾക്കെതിരിട്ടു നിന്നവർ
ചിന്തയും കർമ്മവും വിലീനരാക്കിയോർ
കാലാതിവർത്തിയാം സന്ദേശമേകിയോർ
ചോരയൂറ്റിക്കുടിക്കും അഭിനവ -
മാനവ സംസ്കാരത്തിലുത്കണ്ഡരാണിവർ
ആദർശം വിപണന തന്ത്രമാക്കിടുവോർ
വലകൾ മുറുക്കിയിരകളെ തേടവേ
തെരുവിൽ വിരിയുന്നു നിണപ്പൂക്കൾ
അശ്രു വർഷിത കിനാവുകളായിരം
അകത്തളങ്ങളെ വിഹ്വലമാക്കീടവേ
പകമൂത്ത് കൊന്നു കൊലവിളിച്ച -
ന്യോന്യം ദുരിതം വിതയ്ക്കുവോരെ
രക്തസാക്ഷിയായ് ആണിയടിച്ചവർ
വോട്ടു ബാങ്കുകൾ സൃഷ്ടിച്ചിടുമ്പോൾ
കാലാതിവർത്തിയാം ചിന്ത വിതച്ചൊരി
ദർശനപുണ്യത്തെ കാറ്റിൽ പറത്തുന്നു.
കാലത്തിൻ ദശാസന്ധിയിലങ്ങനെ -
ബലികുടീരത്തിൽ സുഷുപ്തിയിലാണ്ടൊരു
പതിരരാമാത്മാക്കൾ ഉയിരുവിട്ടുണരുന്നു.
മൂകസാക്ഷിയാമവരുടെ വിലാപം
ആർദ്ര മാനസ്സങ്ങളെ തൊട്ടുണർത്തട്ടേ
സമത്വത്തിൽ പുതുഗീതിയുയരട്ടേ
സർഗ്ഗ ശക്തിയെ തൊട്ടുണർത്തട്ടേ
By: Sabu Aroor

തിരുമുറിവുകൾ -നാടക രൂപാന്തരണം



കഥ: ഉദയശങ്കർ
ബുക്ക്: കാറ്റു വീഴ്ചയുടെ നാനാർത്ഥങ്ങൾ
നാടക രൂപാന്തരണം: സാബു അരൂർ
തിരുമുറിവുകൾ

കഥ: ഉദയശങ്കർ
ബുക്ക്: കാറ്റു വീഴ്ചയുടെ നാനാർത്ഥങ്ങൾ
നാടക രൂപാന്തരണം: സാബു അരൂർ
തിരുമുറിവുകൾ
* - * - * - * - * - * - *
രംഗം-1
-------------
കർട്ടൻ ഉയരുമ്പോൾ അന്ധകാരം.വ്യാഖ്യാതാവിൻ്റെ ശബ്ദം ഉയർന്നു കേൾക്കാം.
" ഇത്.. അപ്പമല...... പശിയുടെ തേർവാഴ്ചക്കാലത്ത് ദൈവം അപ്പമായി അവതരിച്ചിരിക്കാം. അങ്ങനെ മലബ്രഹ്മങ്ങളുടെ വനഭൂമി അപ്പ മലയായി ഇതിൻെറ താഴ്വരയിൽ വിന്ധ്യാ -ശത് പുരനിരകളുടെ മടിത്തട്ടും അതിനെ തൊട്ടൊഴുകുന്ന അമ്മദൈവപ്പുഴയുമുണ്ട്. അതിൻ്റെ തീരത്ത് ആരണ്യത്തിൻ്റെ കരിന്തഴകളിലും മണ്ണിലും ലയിച്ച് അനേകം ഗോത്ര സമൂഹങ്ങൾ പാർത്തിരുന്നു. അവരുടെ പ്രാക്തന കനവുകളിലേക്ക്, ഐതിഹ്യങ്ങളിലേക്ക് അശാന്തമായ മഞ്ഞു കാറ്റുകൾ ആഞ്ഞുവീശുന്നു."
രംഗത്ത് വെളിച്ചം ' ക്രൂശിത രൂപത്തിനു മുൻപിൽ പ്രാർത്ഥനാനിരത ഭാവത്തോടെ മദർ സുപ്പീരിയർ നിലകൊള്ളുന്നു.
പശ്ചാത്തലത്തിൽ അശരീരി
മറിയം''... ഇഹത്തിലെ പാപം ചുമക്കുവാൻ വന്ന കാരുണ്യവാൻ്റെ കുഞ്ഞാടാണുനീ"
മറിയം - :( കണ്ണുകൾ നിറഞ്ഞു തുളുമ്പി ഇടറിയ ശബ്ദത്തിൽ ) തിരുമുറിവുകളുടെ വിശുദ്ധി ഞാൻ അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു പിതാവെ.. വാത്സല്യത്തിൻ്റെ സ്പർശം അവർക്ക് നൽകേണമേ... നിന്ദിതരെ എന്നും കാത്തു കൊള്ളണമെ
അശരീരി - :മനുഷ്യൻ അധർമ്മത്തെ ഉഴുതിളക്കി വിന വിതയ്ക്കുന്നു. അതു തന്നെ കൊയ്യുന്നു. പ്രകൃതിക്കു പോലും ക്രമം തെറ്റിയത് അതുകൊണ്ടാവാം. പുഴകൾ മണൽത്തിട്ടകളായി.. മഴ വള്ളികൾ കരിഞ്ഞു. നീരുറവകൾ ആവിയായി. കനിവിൻെറ തളിരും പൊഴിഞ്ഞു വീണു.
മറിയം - :(ആത്മഗതം)വിശുദ്ധൻെറ ചോര ഇഹത്തിന് ഇനിയും ആവശ്യമുണ്ട്.
അശരീരി -: മറിയമേ...മല ബ്രഹ്മങ്ങളുടെ മലമുടിയിലും ഈ ലോകത്തിലും കാറ്റു വീഴ്ച ഉറഞ്ഞു കൊണ്ടേയിരിക്കും. വിരാമമില്ലാത്ത മനുഷ്യഹത്യയ്ക്ക് അറുതിവരുവോളം.. കരുണയുടെ ചിദംബര ദീപങ്ങളെ തെളിക്കുവോളം
രംഗത്തേയ്ക്ക് മറ്റൊരു സിസ്റ്റർ കടന്നു വരുന്നു.
സിസ്റ്റർ -: സമയം പാതിരാവായ് മദർ
മറിയം - :കുട്ട്യേ... നീ ഉറങ്ങിയില്ലെ.. കിടന്നോളു .ഞാൻ കുറച്ചു കഴിഞ്ഞേയുള്ളു.
സിസ്റ്റർ -: മദർ ....
മറിയം - :എനിക്ക് ഒറ്റയ്ക്കാവാൻ തോന്നണു.. മനസ്സിൽ അകാരണമായി ശോകം കിടന്നു വിങ്ങുമ്പോൾ എനിക്ക് ഏകാകിനിയാവണം. സ്വന്തം മനസ്സുമായി സംസാരിക്കണം.എനിക്കു മാത്രമായ മുറി.. എനിക്കു മാത്രമായ ലോകം.. എനിക്കു മാത്രമായ ധർമ്മശാസനകൾ '... നീതി വചനങ്ങൾ ... പൂർവ്വജൻമ സ്മൃതികൾ
( പെട്ടെന്ന് വാതിലിൽ മുട്ടുകേൾക്കുന്നു. മദറിൻ്റെ മുഖത്ത് നിസംഗഭാവം. സിസ്റ്ററിൻ്റെ മുഖത്ത് പരിഭ്രാന്തി .മുട്ടിൻെറ ശക്തി കൂടുന്നു.)
സിസ്റ്റർ -: മദർ .: വാതിൽ തുറക്കണ്ട ( വാക്കിൽ ഇടർച്ച)
മറിയം - :ഇവിടെ ഇതൊക്കെ പതിവാണു കുട്ട്യേ.. നീ ഇവിടെ വന്നിട്ട് ഒരാഴ്ചയല്ലേ യാ യുള്ളു. നിൻ്റെ നാട്ടിലെ പോലെയല്ല. എല്ലാം പരിചയമാകുമ്പോൾ ശരിയാകും. നീ കുറച്ച് റൊട്ടിയും പഴവും എടുത്ത് മേരിയേം വിളിച്ചോണ്ടു വാ
സിസ്റ്റർ -:( വാതിക്ക ലേക്ക് കൈചൂണ്ടി ) ശൂലമേന്തിയ വേട്ടക്കാർ
മറിയം - :അന്നേ .. ഭയത്തിന് കീഴ്പ്പെട്ടിട്ട് കാര്യമില്ല. താഴുതുറക്കുകയേ നിവൃത്തിയുള്ളു. അവർ ശക്തരാണ്. അവരെ പ്രകോപിപ്പിക്കുന്നത് യുക്തിയല്ല
(മദർ വാതിൽ തുറക്കുന്നു. വേട്ടക്കാർ ആക്രോശത്തോടെ അകത്തേക്കു വരുന്നു. അതിൽ പ്രധാനി )
പ്രധാനി - :മറ്റ് കന്യാസ്ത്രീകളെവിടെ... എല്ലാവരോടും ഹാജരാകാൻ പറയു .
മറിയം - :( താഴ്മയോടെ ) അവരെ ഈ നിമിഷം തന്നെ വരുത്താം. അസമയമാണെങ്കിലും മക്കൾ അപ്പക്കുന്ന് കയറി വരുന്നതല്ലേ. എന്തെങ്കിലും കഴിക്കുകയും കുടിക്കുകയും ....?
വേട്ടക്കാർ - :( കരഘോക്ഷമോടെ ) ആവാം.. ഒരു സദ്യോൽസവം തന്നെയാവാം. ഹാ.. ഹാ ഹ
(അന്നപഴവും റൊട്ടിയും തളികയിൽ മേശപ്പുറത്ത് കൊണ്ടുവയ്ക്കുന്നു.)
മറിയം - :നിങ്ങൾക്കേവർക്കുമുള്ള അപ്പമുണ്ടാവില്ല. പഴങ്ങളുണ്ട്.
പ്രധാനി - :എവിടെ മറ്റ് കന്യാസ്ത്രീകൾ
(മറിയം ശൂലത്തിലെ രക്തക്കറ കണ്ടിട്ട് പിറുപിറുപ്പോടെ )
''ഏതോ ത്യാഗിയുടെ രക്തമാണത്"
പ്രധാനി - :( രോക്ഷത്തോടെ ) ഈ രക്തം ഞങ്ങളുടെ മാർഗ്ഗത്തെ തടസ്സപ്പെടുത്തിയ ഒരു വൃദ്ധൻ്റെതാണ്. അവൻ പച്ച മലയൻ... നിങ്ങളവനെ പാട്ടിലാക്കി.
മറിയം - :ഇടറി വീഴുന്നവനെ കാരുണ്യം കൊണ്ട് താങ്ങി.. വിറയ്ക്കുന്ന കാൽമുട്ടുകളെ ഉറപ്പിച്ചു നിർത്തി.. മകനേ.. ദൈവം നീതിമാനായ വിധിയാളൻ.
പ്രധാനി - :ഇത്തരം നാമങ്ങളൊക്കെ ഉരവിട്ട് നിങ്ങളവരെ വരുതിയിലാക്കി. ഇ നി ഞങ്ങളുടെ ന്യായവിധി ഇവിടെ പാoമാകും
( ഉള്ളിൽ നിന്ന് മറ്റ് കന്യാസ്ത്രീകൾ കടന്നു വരുന്നു.)
പ്രധാനി - :( കുന്തം കുലുക്കി ) നിങ്ങൾക്കെതിരെ ഒട്ടേറെ കുറ്റങ്ങളുണ്ട്. ജൻമികളുടെ പരമ്പരാഗതമായ അവകാശമാണ് ഈ അടിമകളായ ആദിവാസികൾ നിങ്ങളവർക്ക് അക്ഷരവും വസ്ത്രവും മരുന്നും ദാനം ചെയ്തു. കൈത്തൊഴിൽ പഠിപ്പിച്ചു.ഈ അന്യായങ്ങൾകർമ്മമായ് സ്വീകരിച്ചു.കൂട്ടത്തോടെ പാട്ടിലാക്കാനുള്ള കൂടോത്രം.. അല്ലെ..?
മറിയം - :ദുഷ്ടതയിൽ പ്രസാദിക്കുന്ന ഒരു ദൈവവുമില്ലല്ലോ.ദരിദ്ര്യനെ ദ്രോഹിക്കുന്നവൻ തൻ്റെ സൃഷ്ടാവിനെ അപമാനിക്കുന്നവനല്ലേ...?
പ്രധാനി - :വെട്ടൊന്ന്.. മുറി രണ്ട്. ഹ ഹ ഹ. രണ്ട് ദിവസങ്ങൾക്കു മുന്നേ ഏഴ് ആദിവാസി പെൺകുട്ടികളെജൻ മികൾ ദേവദാസികളായി നിശ്ചയിച്ചിരുന്നു. നിങ്ങളവർക്ക് അഭയം നൽകി. ആ ആദിവാസികളെ ഞങ്ങൾക്ക് വിട്ടുതരണം..ഇത് ജൻമിയുടെ കൽപ്പനയാണ്.
മറിയം' - :നിഷ്കരുണം ജൻമികൾക്ക് പിച്ചിച്ചീന്തേണ്ട ജൻമങ്ങൾ. പിന്നെ ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാനുള്ള കൗമാരം കഴിയാത്ത ആ കുട്ടികൾ ജീവൻ യാചിച്ച് '.. അഭയം യാചിച്ച്... ഓടിയെത്തിയതാണിവിടെ.അവരെ ഞാൻ ബലിയർപ്പിക്കണമെന്നോ ...?
(തിരിഞ്ഞ് ക്രൂശിത രൂപത്തിലേക്ക് നോക്കി തുടരുന്നു )
" പാവപ്പെട്ടവനോട് മനസ്സു കാണിക്കുന്നവൻ ദൈവത്തെ മാനിക്കുന്നു. ഞങ്ങൾക്കാരെയും കുരുതി കൊടുക്കുവാനാകില്ല."
പ്രധാനി - :( മേശപ്പുറത്തു നിന്ന് വിശുദ്ധ ഗ്രന്ഥമെടുത്ത് ഉയർത്തിക്കൊണ്ട് )
"ഇത് അഗ്നിവിഴുങ്ങട്ടേ .. അഗ്നിസാക്ഷിയായി വിധിയിതാ നടപ്പിലാക്കുന്നു. ഞങ്ങൾക്ക് നിങ്ങളുടെ ഏഴു മുദ്രകളാൽ പൂട്ടപ്പെട്ട രതി യുടെ അപ്പമാണ് വേണ്ടത്.
മറിയം - :മകനെ.. ജീവിത തൃഷ്ണകൾ വെടിഞ്ഞ്‌ ധ്യാനിച്ച്.. പ്രതിഫലേച്ഛയില്ലാതെ കർമ്മം ചെയ്യുന്ന ദരിദ്ര്യരുടെ അമ്മമാരാണ് ഞങ്ങൾ. അമ്മയോട് മകൻ്റെ രതി നീചമാണ്. ആ അപ്പം കൊണ്ട് നിങ്ങൾ പാപികളാവരുത്.
( പെട്ടെന്ന് രംഗത്ത് വെളിച്ചം കെടുകയും തെളിയുകയും ചെയ്യുന്നു' കാളക്കഴുത്തുമായി സിസ്റ്റർമാർക്കു ചുറ്റും ആർത്തിരമ്പുന്ന വേട്ടക്കാരുടെ ഹുങ്കാര ശബ്ദം.. നിലവിളികൾ' പശ്ചാത്തലത്തിൽ വയലിൻ നാദം ആരോഹണത്തിൽ നിന്ന് അവരോഹണത്തിലെത്ത വേവിശുദ്ധ ഗ്രന്ഥം തീയിലെരിയുന്ന വെളിച്ചത്തിൽ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന അമ്മമാരെ കാണാം.. ക്രൂശിത രൂപത്തിൽ നിന്ന് ചോര അവർക്കിടയിലേക്ക് ഒഴുകി പരക്കുന്നതാണ് വെളിച്ചം വരുമ്പോളുള്ള ദൃശ്യം.പശ്ചാത്തലത്തിൽ ഒരു ഈരടി ഉയർന്നു കേൾക്കാം.
" പാപത്തിൻ തേർവാഴ്ച തുടരുമീ ഭൂവിൽ
തിരുമുറിവിൻ ശോണം പരക്കുന്നു (2)
മെല്ലെ .. മെല്ലെ ..പാട്ടിൻ്റെ താളത്തിൽ കർട്ടൺ താഴുന്നു '
* ശുഭം *
NB - :ആദ്യന്തം നാടകീയ ഭാഷയിൽ രചിക്കപ്പെട്ട ഈ ചെറുകഥയിൽ അത്യാവശ്യം ക്രമപ്പെടുത്തലുകൾ മാത്രമേ ഞാൻ നടത്തിയിട്ടുള്ളു. രംഗ സാധ്യത മുന്നിൽ കണ്ട് ചില്ലറ കൂട്ടിച്ചേർക്കലുകൾ ഞാൻ ചെയ്തിട്ടുണ്ട്.

By: Sabu Aroor

പീഡനപർവ്വം



കനപ്പെട്ട ഇരുളിമയിൽ മനം ഊയലാടവേ ചില കാഴ്ചകൾ.. അവിടുത്തെ കാഴ്ചകൾ അവനിലുണ്ടായിരുന്ന ഭയത്തെ വർദ്ധിപ്പിക്കാൻ പോന്നതായിരുന്നു. ഭീതി ജനിപ്പിക്കുന്ന മുഖഭാവമുള്ള കടവാവലുകൾ !!! ശൂന്യതയിൽ നിന്ന് കണ്ണുകൾ ചൂഴ്ന്നെടുക്കാൻ വരുന്ന പരുന്തിൻ കാലുകൾ !!! പെട്ടെന്നാണ് തന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്ന പുകവലിക്കുന്ന ആ രണ്ടു തീക്ഷ്ണമായ കണ്ണുകൾ അവൻ കണ്ടത്. സൂക്ഷിച്ചു നോക്കും തോറും കണ്ണുകൾ പതിൻമടങ്ങായി. ശ്മശാന ദുർഗന്ധം ചുറ്റുമുയരുന്നുവോ...
തൊണ്ടക്കുഴിയിൽ നിന്നിറങ്ങി വന്ന ദൈന്യമാർന്ന ഞരക്കത്തോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു...ശരീരം കോച്ചി വിറച്ചു... സ്വപ്നത്തിൽ നിന്നും ജാഗ്രത്തിലേക്കെത്തുമ്പോഴും വല്ലാത്തൊരു നിസ്സഹായത തന്നെ ചൂഴ്ന്നു നിൽക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
അകലെ പ്രാർത്ഥനയോടെ.. പ്രതീക്ഷയോടെ കൺപാർത്തിരിക്കുന്ന ഉറ്റവർ.. ഇനിയൊരു തിരിച്ചു പോക്ക് അവർക്കരികിലേക്ക് ഉണ്ടാകുമോ...!
ഭീകരരുടെ ബന്ധിയായ പട്ടാളക്കാരനെ സംബന്ധിച്ച് ഇത് മരണത്തേക്കാൾ ഭയാനകമാണ്. അവൻ്റെ അഭിമാനത്തെ ചെളിക്കുണ്ടിലേക്കാഴ്ത്തുന്നത്ര പരിതാപകരം. ചിതറി തെറിച്ച കാലുകൾക്കൊപ്പം ഈ ശരീരം കൂടി നഷ്ടപ്പെട്ടിരുന്നെങ്കിൽ.. വയ്യ.. ശരീരത്തെക്കാൾ മനസ്സിനെ കാർന്നുതിന്നുന്ന ഈ വേദന സഹിക്കവയ്യ.. നാടിൻ സമാധാനഭജ്ഞകരായ ഇവരുടെ കയ്യാലുള്ള മരണത്തേക്കാൾ അപമാനകരമായി ഒരു പട്ടാളക്കാരന് മറ്റെന്താണുള്ളത്.
നിസ്സഹമായ മിഴികളിൽ നിന്ന് കണ്ണീർച്ചാലുകൾ ഉരുകിയിറങ്ങി. പിന്നെയും ഭീതിജനകമായ കാഴ്ചകളിലേക്ക് മിഴിയുംമനവും ആണ്ടിറങ്ങവേ അവൻ്റെ ചുണ്ടുകൾ അവ്യക്തതയോടെ പിറുപിറുക്കുന്നുണ്ടായിരുന്നു. അമ്മേ.. മാപ്പ്... ജയ് ഹിന്ദ് പറയാൻ അർഹത നഷ്ടപ്പെട്ട്... 

മാപ്പ്... 
മാപ്പ്

By saboo Aroor

ഒരു ഫ്രീക്കിൻ്റെ ഭ്രമണപഥങ്ങളിലൂടെ


====
ധൂമ വലയങ്ങൾ ഭ്രമണം ചെയ്യുന്നു ചുറ്റിലും
ഉൻമത്തമാക്കുന്നു അതെൻ ശിരസ്സിനെ
അപ്പൂപ്പൻ താടിപോൽ പാറിപ്പറന്നെൻ മനസ്സിനെ
സ്വപ്ന വിഹായസ്സിൻ വർണ്ണതല്പത്തിലേറ്റുന്നു.
ബാല്യമെൻ മനസ്സിലേൽപ്പിച്ച ശോണ മുദ്രകൾ
നീങ്ങി മാനസ്സം സ്വച്ഛന്ദ പൂരിതമാകുന്നു.
കഞ്ചാവിൻ ധൂമ വലയങ്ങളേ നന്ദീ
നിങ്ങളെൻ മനസ്സിനെ നിർഭയമാക്കുന്നു.
തെറ്റ് തെറ്റെന്നുണർത്തുമെൻ മനസ്സിനെ
അപഥ സഞ്ചാരപഥമേറ്റുന്നതും നിങ്ങൾ
ലാഘവത്വത്തോടെയീ ലോക നിയമങ്ങളെ
കാറ്റിൽ പറത്തുവാൻ പ്രാപ്തരാക്കിയോർ നിങ്ങൾ
ജൻമം നൽകിയ താതൻ്റെ മദ്യപുലയാട്ടിൽ
വിഹ്വലമായയെൻ ബാല്യ സ്വപ്നങ്ങളിൽ
ചവിട്ടിയരയ്ക്കുവാനുള്ളതാണു സ്ത്രീയെന്ന്
ആദ്യം പഠിപ്പിച്ച താതപാദങ്ങളെ
കെട്ടിപ്പിടിച്ചു കരയുന്ന അമ്മ തൻ
പേടിപ്പെടുത്തുന്ന നിസ്സഹദൈന്യത്തിൻ
പൊറുതികേടുകൾക്കിടയിലെൻ മനസ്സിനെ
ധൂമ വലയങ്ങളെ നിങ്ങൾക്കായേകി ഞാൻ.
ഒരിറ്റു നേരം നിങ്ങളെൻ തോഴരായീലെങ്കിൽ
വന്യമാക്കപ്പെടുന്നൊരെൻ മനസ്സിൻ്റെ
ചെയ്തികളെന്തെന്ന് ഞാൻ പോലുമറിയീല
ആത്മാവറ്റുപോയയെൻ കിനാക്കൾ തൻ
ചുടലപ്പറമ്പിലേകനാവട്ടെ ഞാൻ
ഭ്രമണപഥങ്ങളറ്റുവീഴുന്ന നേരംവരേയ്ക്കും
ധൂമ വലയങ്ങളേ.. സചേതന സാക്ഷിയാകുക നിങ്ങൾ


By: 
സാബൂ അരൂർ

ദിവാസ്വപ്നം



അശോകൻ്റെ മനം മാറ്റത്തിന് ഇടയാക്കിയ യുദ്ധം.. മനനംചെ യ് തുറപ്പിക്കുന്ന ആ വാക്കുകൾ ഒരു സാങ്കൽപ്പിക ലോകത്തേയ്ക്ക് എന്നെയെത്തിച്ചു.അനന്തമായ കാലത്തിലൂടെ ഏകനായ് മുന്നേറ വേ ഞാൻ കണ്ടു.., ആ വിജനമായ പ്രദേശത്ത് കുത്തനെയുള്ള പാറയിൽ ശ്രമപ്പെട്ടെന്തോ എഴുതുന്ന ദീർഘദൃഡമഗാത്രനെ" .....! ജ്വലിക്കുന്ന കണ്ണുകളിലേക്കു റ്റു നോക്കി ഞാൻ ചോദിച്ചു. " അങ്ങാരാണ്" ? അപ്രതീക്ഷിതമായുയർന്ന സ്വരം കേട്ട് ഞെട്ടലോടെ മുഖമുയർത്തി അദ്ദേഹം ആരാഞ്ഞു. " ഉണ്ണീ .. നീയേതാണ് " ..? ആരാദ്യം ഇത്തരം പറയേണ്ടു എന്ന സന്നിഗ്ദാവസ്ഥയിൽ ഞങ്ങൾക്കിടയിൽ അല്ല നേരം മൗനമn വീണു. "നിൻ്റെ ചോദ്യത്തെ ഞാൻ എൻ്റേതാക്കിയല്ലേ.. ക്ഷമിക്കു.. ഞാൻ അശോകൻ. പണ്ടൊരു മന്നവൻ .ഇന്ന് '..... ക്ഷമാപണം പോലുയർന്ന ഗംഭീര സ്വരം ഞങ്ങൾക്കിടയിലെ മൗന മറനീക്കി.
മനസ്സ് യുഗങ്ങൾക്കപ്പുറത്തേയ്ക്ക് നീങ്ങി. ഓർമ്മയുടെ ചരിത്രത്താളുകളിൽ മനം പരത വേ... "ഓ '.. ഭാരതത്തിൻ്റെ മഹാനായ ചക്രവർത്തി .വാക്കുകൾ മുഴുമി ക്കാനനുവദിച്ചില്ല." മഹാൻ.. ആ പദത്തിലറിയപ്പെടാൻ എനിക്കെന്ത് അർഹതയാണുള്ളത്. " ' എന്നന്നേയ്ക്കുമായ് ഭൗതിക സുഖങ്ങൾ വെടിഞ്ഞ് ബൗദ്ധഡർമ്മങ്ങളെ ശിരസ്സാ വഹിച്ച അങ്ങല്ലാ താരാണു മഹാൻ.., '. ലോകരുടെ കണ്ണിൽ മഹത് കാര്യം എനിക്ക് എൻ്റെ പാപങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടവും..! അങ്ങ് പറയുന്നതെന്തെന്ന് എനിക്കു മനസ്സിലാകുന്നില്ലല്ലോ.? മൊഴിമുട്ടുന്ന എൻ്റെ വാക്കുകൾ.
അനേകമനേകം യുദ്ധങ്ങൾ.. ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന് വിസ്തൃത മാ യ എൻ്റെ സാമ്രാജ്യം.. അതോടൊപ്പം ഉയർന്നുപൊങ്ങിയ എൻ്റെ ശയസ്സും. ഇതിൻ്റെയെല്ലാം പൊള്ളത്തരങ്ങൾ മനസ്സിലാകാ ൻ പിന്നെയും വർഷമെത്ര ഞാനെടുത്തു. " അതെങ്ങനെ" ?.. ചരിത്ര സത്യത്തിൻ്റെ നിജമറിയുന്നതിനുള്ള എൻ്റെ യാകാംഷ ."നീയെന്നെ വല്ലാതെ പ രി ക്ഷീണനാക്കുന്നു. എങ്കിലും പറയാം.
കലിംഗയുടെ മേലുള്ള വിജയം എൻ്റെ യുദ്ധം ജീവിതത്തിലെ മഹത്തായ വിജയമായിരുന്നു' യുദ്ധാനന്തരം അവിടം സന്ദർശിച്ചപ്പോൾ .. ഹോ..! രക്തത്താൽ അഭിഷിക്തയായ ഭൂമി .അവളുടെ മാറിൽ അങ്ങിങ്ങു ചിതറിക്കിടക്കുന്ന കബന്ധങ്ങളും ശരീര ഭാഗങ്ങളും .ശ്മശാന നിശബ്ദമാർന്ന ആ ഭൂമിയിൽ അമ്മമാരും പത്നിമാരും ഉറ്റവരെയും ഉടയവരേയും തേടിചലിക്കുന്ന പ്രേതങ്ങൾ പോലെ ദീന വിലാപമുയർത്തി അങ്ങിങ്ങ് പ്രാഞ്ചി പ്രാഞ്ചി നടക്കുന്നു. അംഗഹീനരും ശ്വാസം നിലച്ചിട്ടില്ലാത്തവരുമായ കുറച്ചു പേർവേദനയാൽ ഞരങ്ങി' ..തലമുടി വലിച്ചു പറിച്ച് ..തുട മാന്തിപ്പൊളിച്ച് .. ,അങ്ങനെ മരണവെപ്രാളം നടത്തുന്ന കാഴ്ച എത്ര ഭയാനകമായിരുന്നു. മാംസക്കൊതിപൂണ്ടക്ടുകൻമാരുടെ നീണ്ടു കൂർത്ത കൊക്കിൽ നിന്ന് പ്രിയപ്പെട്ടവരുടെ ശരീരം രക്ഷിക്കാൻ വന്യമായ കരുത്തോടെ സ്ഥലകാലബോധമറ്റ് അവയെ ഇറുകെ പുണർന്നു കിSക്കുന്ന സ്ത്രീകൾ. ഈ ശവശരീരങ്ങൾ തങ്ങൾക്കവകാശപ്പെട്ടതാണെന്ന ഭാവത്തിൽ ഇതിനെയെല്ലാം മറികടന്ന് ശരീര ഭാഗങ്ങളിൽ നിന്ന്കുടലുംപണ്ടങ്ങളും വലിച്ചു പുറത്തിടുന്ന കഴുകൻമാരും ജംബുകരും. അന്തരീക്ഷത്തിൽ ഹുങ്കാര ശബ്ദമുയർത്തി കഴുകൻ്റെ ചിറകടി ശബ്ദം.
മുന്നിൽ കാണുന്നതുപോലെ ആ ഭ്രാന്തൻ ഓർമ്മയ്ക്കടിപ്പെട്ട് അദ്ദേഹത്തിൻ്റെ മുഖം വലിഞ്ഞു മുറുകി. അണപ്പല്ലുകൾ ഞെരിഞ്ഞമർന്നു.വിവശതയോടെ അല്പനേരം മൗനമവലംബിച്ച് വീണ്ടും തുടർന്നു.
അവിടെ നിന്നും കൊട്ടാരത്തിലെത്തിയിട്ടും എൻ്റെ മനസ്സ് ശാന്തമായിരുന്നില്ല. മുന്നിൽ കണ്ട നടുക്കുന്ന കാഴ്ചകൾ എന്നെ യാ കപ്പാടെ പിടിച്ചുകുലുക്കി. ഞാൻ ചെയ്തു കൂട്ടു ന്ന പാപത്തിൽ മനംനൊന്ത് ഭ്രാന്തമായിരിക്കുന്ന അവസ്ഥയിലാണ് എൻ്റെ സ്ഥാനമാനങ്ങളും മറ്റും ഉപേക്ഷിച്ച് ഞാൻ ബുദ്ധചരണങ്ങളെ അഭയം പ്രാപിച്ചത്.
യുദ്ധത്തിൽ നിന്ന് അങ്ങയുടെ പത്നി പിന്തിരിപ്പിച്ചിരുന്നില്ലേ..?ഉവ്വ്.. അപ്പോഴൊന്നും ആ വാക്കുകൾ ഞാൻ തീരെ ഗൗനിച്ചിരുന്നില്ല. യുദ്ധം ക്ഷത്രിയ ധർമ്മമെന്ന ന്യായവാദത്തിൽ ഒരട്ടയെപ്പോലെ ഞാൻ തൂങ്ങിക്കിടക്കുകയായിരുന്നു.
എല്ലാത്തിൽ നിന്നും പിന്തിരിഞ്ഞ് സത്യാന്വേഷിയായതോടെ അങ്ങയുടെ പാപങ്ങൾ പരിഹരിക്കപ്പെട്ടില്ലേ..? പരിക്ഷീണമായ ആ മനസ്സിനെ സാന്ത്വനിപ്പിക്കുകയായിരുന്നു എൻ്റെ ലക്ഷ്യം.
യുദ്ധരംഗം വീക്ഷിച്ച് അസ്വസ്ഥനായിരുന്ന എൻ്റെയടുത്തേയ്ക്ക് സേനാനായകൻ്റെ പത്നിവന്നത് ഒരു ഭ്രാന്തിയെപ്പോലെയായിരുന്നു. അവർ ചൊരിഞ്ഞ ശാപങ്ങൾ.. അങ്ങനെ എത്ര പേർ എന്നെ നെഞ്ചുരുകി ശപിച്ചിരിക്കണം.അശരണരും ആർത്തരുമായ അവരുടെ ശാപങ്ങളേറ്റ് യുഗയുഗാന്തരങ്ങളായ് അലഞ്ഞുത്തിരിയുന്ന ആത്മാവുമായുഴലുന്ന എൻ്റെ പാപങ്ങൾ പരിഹരിക്കപ്പെടുകയോ .. അസാദ്ധ്യം." അങ്ങയുടെ കാര്യം കഷ്ടം തന്നെ .അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് ഞാൻ അറിയാതെ പറഞ്ഞു പോയി.
അധികാരത്വര പിടിച്ച ഒരു കൂട്ടമാളുകൾ കാട്ടുന്ന പരാക്രമണത്തിൽപ്പെട്ട് വലയുന്ന സാധാ ജനങ്ങൾ ഈ നൂറ്റാണ്ടിലുമുണ്ട്. ചരിത്രത്തിൻ്റെ മൂകമായ ആവർത്തനങ്ങൾ കാണുമ്പോൾ വീണ്ടും മൂകസാക്ഷിയാവേണ്ടി വരുന്നതാണേറെ കഷ്ടം." അങ്ങുദ്ധേശിച്ചതെന്തെന്ന് എനിക്കു മനസ്സിലാകുന്നില്ലല്ലോ..? ഞാൻ അജ്ഞത നടിച്ചു.
തെറ്റ് തെറ്റെന്ന് അറിയുമ്പോഴും തെറ്റിനെമറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കുകയാണ് പലപ്പോഴും മനുഷ്യർ ചെയ്യുന്നത്.ചില തെറ്റുകൾ ചെറുതെന്ന് നിസ്സാരവത്കരിക്കപ്പെടുമ്പോഴും അത് തലമുറകളെ കാർന്നുതിന്നുന്ന ദുരന്തമായി അവശേഷിക്കുകയാണ്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്തവൻ്റെ വിജയങ്ങൾ വലിയ പരാജയങ്ങൾ ആണെന്നത് കാലം പിന്നെയും സാക്ഷ്യപ്പെടുത്തി കൊണ്ടിരിക്കുന്നു.
ഒരു നിത്യ യാഥാർത്ഥ്യത്തിൻ്റെ മറ പെട്ടെന്ന് നീങ്ങവെ ഒരു നടുക്കമെന്നിലുളവായി. ഇനിയും എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി.
അച്ഛൻദിവാസ്വപ്നത്തിലാണ്ടിരിക്കുകയാ... പിന്നാ പിള്ളാരുടെ കാര്യം. പെട്ടെന്നുയർന്ന സ്ത്രീ സ്വരം കേട്ട് ഞാനൊട്ടൊന്ന് പകച്ചു .. മഹാനായ ചക്രവർത്തി എങ്ങോ പോയ് മറഞ്ഞു. എൻ്റെ പരിഭ്രമവും പരിവട്ടവും കണ്ട് ചുണ്ടിലൂറിയ ചിരിയോടെ സഹധർമ്മിണി ചായ ഗ്ലാസ് ടീപ്പോയിൽ വെച്ച് അകത്തേക്കു നടന്നു. ഇളം ചൂടുള്ള ചായ മോന്താനൊരുമ്പെടുമ്പോൾ മകൻ അശോകനെ വിട്ട് അക്ബറിലേക്ക് കടന്നിരുന്നു.

by: sabu aroor

ഒരു ഓണപ്പാട്ട്

By: സാബൂ അരൂർ
മലയാള പൈങ്കിളീ - കഥയൊന്നു ചൊല്ലു നീ
പഴമ തൻ പൊലിയൂറും കഥയൊന്നു ചൊല്ലു നീ
ഒരു കുടന്ന പൂവുമായ്ചിങ്ങമിങ്ങെത്തുമ്പോൾ
രാജാധിരാജൻ്റെ കഥയൊന്നു ചൊല്ലു നീ (മല )
ആമോദത്തോടെയും ആർപ്പും വിളിയുമായ്
ഒരു വട്ടിപ്പൂവുമായ് കുട്ടിപ്പടയെത്തുന്നേ
കുരുത്തോലത്തോരണവും നേദിച്ചൊരs യുമായ്
വട്ടത്തിലൊത്തുകൂടി പൂവട്ടമൊരുക്കുന്നേ
തുമ്പപ്പൂ അഴകുള്ളോരോമൽ കിടാങ്ങൾക്കായ്
ആ കഥ ചൊല്ലു നീ മലയാള പൈങ്കിളിയേ (മല)
പൊന്നോണ പട്ടുചുറ്റി -കതിർമുല്ല പൂവു ചൂടി
പാൽനിലാവൊളി തൂകി മങ്കമാർ മേവുന്നെ
കൊതിയൂറും സദ്യവട്ടം - പാട്ടും ചിരിയുമായ്
ഉല്ലാസത്തോടവർ ഒത്തുകൂടുന്നേ
തിരുവാതിര ചോടു വയ്ക്കാൻ ഈരടി ചമയ്ക്കുവാൻ
ആ കഥ ചൊല്ലു നീ - മലയാള പൈങ്കിളിയെ (മല)


നീളുന്ന പാതകൾ


കാലത്തിൻ ശരമുനയേറ്റു പിടയുമെൻ
ശപ്ത ജീവിതത്തിൽ നാൽപതാണ്ടു തികയും നേരം
ചന്ദന സൗരഭ്യമായ് ചാരെയണഞ്ഞമ്മ
നെറ്റിയിൽ ചന്ദനം ചാർത്തുന്ന നേരം
ചന്ദനലേപനം സ്നേഹ കുളിർമയായെൻ
അന്തരംഗങ്ങളിൽ വിലോലമായിടവേ
എന്തിനെന്നറിയാതെ തുളുമ്പീ കണ്ണുകൾ
ഒരു മാംസ പിണ്ഡമാകുമീയെന്നെ പാലൂട്ടി വളർത്തി
നിൻ തോളിലേറ്റി കാണിച്ചു യീ ലോകത്തെ
ഓരോ പരിഹാസ-സഹതാപശരങ്ങളും പേറി
എന്നൊടൊപ്പമെത്രജീ വി ത രഥ്യകൾ പിന്നിട്ടു
നൊന്തു പ്രസവിച്ച നാൾ തൊട്ടിന്നേ വരേയ്ക്കും
വേണ്ടിയിരുന്നീലയീ ശപ്ത ജൻമത്തെ യെന്നു നീ
കണ്ണീരോടെ നിനച്ചതില്ലയോ ഒരിക്കലെങ്കിലും
ശോഷിച്ച കൈകളാലെന്നെ മെല്ലെ പുണർന്നു
വെൺ നേര്യതിനാൽ മിഴിനീരു മെല്ലെയൊപ്പി
അമ്മ മനസ്സിനാവുമോ തന്നുണ്ണിയെ ശപിക്കുവാൻ
നൊന്തു പെറുന്നതല്ലയോ സ്ത്രീ തൻ പൂർണ്ണത
വൈരൂപ്യമെത്രയുണ്ടാകിലുo തൻ മക്ക ളമ്മയ്ക്ക്
പൊന്നിൻ കുടത്തിൽ ശേലു പോലത്രേ
ചിന്തിതനാവാതെ ചിരിച്ചു കൊണ്ടുറങ്ങുക
താരാട്ടുപാടുവാൻ അമ്മയുണ്ടാകും ചാരെ
ഈ താരാട്ടി നീണം നിലയ്ക്കും വരേയ്ക്കും
ചിന്തിതനാവാതെ കുഞ്ഞെയുറങ്ങുക.

By: 
സാബൂ അരൂർ

സർഗ്ഗാത്ഭുതങ്ങളുടെ ബാക്കിപത്രം


അയാൾ നടന്നു.. കണ്ണീരും കിനാവും പെയ്തു തോരാത്ത വഴിത്താരകളിലൂടെ ..നിറംകെട്ട കാഴ്ചകളുടെ ഗൂഡ സ്മിതങ്ങൾ അയാളുടെ രാവുകളെ ചുട്ടുപൊള്ളിച്ചു. ചുണ്ടിലൂറുന്ന വെറ്റിലച്ചാറിനും ബുൾഗാനുമിയിലൊളിപ്പിച്ച തിളങ്ങുന്ന ചിരിയിലൂടെ ചില കാഴ്ചകൾ;അവയിലെ പൊള്ളത്തരങ്ങൾ അയാളെയൊരു വി.കെ .എൻ ആക്കി. അവയിലൂടെ പിറന്ന കാർട്ടൂൺ ചിത്രങ്ങൾ ചില സന്നിഗ്ദ ഘട്ടങ്ങളിൽ അയാളുടെ പശിയാറ്റി.
ജീവിതത്തിനും മരണത്തിനുമിടയിൽ ഞെരുങ്ങിക്കിടന്ന കാലത്തിൻ്റെ ആത്മരോധനങ്ങൾ ... സ്പന്ദനങ്ങൾ അയാളുടെ വിറയാർന്ന വിരലുകളിലൂടെ ചിത്രങ്ങളായ് പിറവി കൊണ്ടു. പോയ കാലത്തിൻ്റെ വസന്തങ്ങൾ ചെയ്തു തോർന്ന നിശ്ചേതനമായ മരത്തടികളിലും ഇരുമ്പിലും തുരുമ്പിലും ഉയിർ കൊണ്ട ശില്പങ്ങൾ.... അവയിലൂടെ സാർത്ഥകമാക്കപ്പെട്ട ജീവിത സത്യങ്ങൾ.
ധൂമവും കാമവും മദ്യവും തീർത്ത പ്രലോഭനങ്ങളിൽ ആത്മ ദു:ഖങ്ങളെ തളച്ചിടാൻ നോക്കി ... പിന്നെ ഒട്ടൊരു നിസ്സഹായതയോടെ ആത്മവേദനയുടെ ബലിത്തറയിൽ അയാൾ പിന്നെയും കുഴഞ്ഞു വീണു. അപ്പോഴും ജീവിത ഭദ്രതയുടെ താക്കോൽ ഇടുപ്പിലൊളിപ്പിച്ച് സംസ്കാരിക നായകർ നാൽക്കവലകളിൽ എന്നോ ജീർണ്ണിച്ച വാക്കുകൾ കൊണ്ട് സംസ്കാരിക വ്യാപാരം നടത്തുന്നുണ്ടായിരുന്നു.
ഭാവ രൂപങ്ങൾ മാറി മറിഞ്ഞ് കാലം പിന്നെയും കൊഴിഞ്ഞു വീണു. ഒരിക്കൽ ശിൽപ്പിയും ശിൽപ്പവും ഒന്നായ്ത്തീരുന്ന ഒരു സമ്മോഹന നിമിഷത്തിൽ ഇനിയെന്തു ചെയ്യേണ്ടു എന്ന സന്നിഗ്ദാവസ്ഥയിൽ സ്വന്തം പണിപ്പുരയിൽ അയാൾ കുഴഞ്ഞു വീണു. താൻ ഉയിരും ആത്മാവും ഏകിയ സന്താനങ്ങളെ ഒരു കോച്ചി വിറയലോടെ നോക്കി മറ്റൊരു ശിൽപ്പം പോലെ അവയ്ക്കിടയിൽ അയാൾ ശാശ്വത നിദ്ര കൊണ്ടു -
അകാലത്തിൽ പൊലിഞ്ഞ നക്ഷത്രമെന്ന് ചിലർ. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അറിയുമ്പോഴും ജീവിക്കാൻ മറന്നവനെന്ന് ചിലർ അങ്ങനെയങ്ങനെ ഒരു പാട് ആത്മസാക്ഷ്യങ്ങളുടേയും ആരുടെയൊക്കയോ ഉള്ളിലൂറുന്ന തീരാനൊമ്പരത്തിൻ്റെ യും നിശബ്ദം കേഴുന്ന സ്വന്തം സൃഷ്ടികളെയും തനിച്ചാക്കി ആ ദേഹം അഗ്നിയിൽ വിലയം പ്രാപിച്ചു .
നാഥനില്ലാതായ അയാളുടെ ഒരു പാട് സർഗ്ഗാത്ഭുതങ്ങളെ ബന്ധുമിത്രാദി സമൂഹം വീതം വെച്ചെടുത്ത് അവയുടെ മൂല്യം എന്തെന്ന് തിരിച്ചറിയാൻ കഴിയാതെ കാലത്തിൻ്റെ ചവറ്റുകുട്ടയിലേക്കു തള്ളി;പ്രായോഗിക ജീവിതത്തിൻ്റെ ഊഷ്മളതയിലേക്ക് ഊളിയിട്ടു. അപ്പോഴും ആത്മാർത്ഥ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നവർക്ക് അയാളൊരു തീരാനൊമ്പരമായിരുന്നു.
കാലത്തിൻ്റെ കുത്തൊഴുക്കിൽ പിടഞ്ഞു വീണ നീണ്ട ഇരുപത് വർഷങ്ങൾക്കു ശേഷം ചിലർ, അയാളുടെ പേരിലൊരു അനുസ്മരണ കമ്മറ്റിയുണ്ടാക്കി., ഈ വ്യക്തിയുടെ പേര് ഏതു രൂപത്തിലും കൊള്ളിക്കാൻ പറ്റും എന്ന കൗശലതയോടെ .അപ്പോഴേക്കും അയാൾ തീർത്ത സർഗ്ഗാത്ഭുതങ്ങൾ നാഥനില്ലായ്മയിൽ ഖേദിച്ച് ഖേദിച്ച് ആജീവാനന്ത വൈകല്യ രൂപങ്ങൾ പ്രാപിക്കുകയോ മൃതിയടയുകയോ ചെയ്തിരുന്നു. ആ അനുസ്മരണ സായാഹ്നങ്ങൾക്ക് ചുടലപ്പറമ്പിൽ നിന്നും ഭോജ്യമന്വേഷിക്കുന്നവരുടെ ഗന്ധമായിരുന്നു.

By: Saboo Aroor

ഗാനം


മലയാള പൈങ്കിളി - കഥയൊന്നു ചൊല്ലു നീ
പഴമ തൻ പൊലിയൂറും കഥയൊന്നു ചൊല്ലു നീ
ഒരു കുടന്ന പൂവുമായ് ചിങ്ങ മിങ്ങെത്തുമ്പോൾ
രാജാധിരാജൻ്റെ കഥയൊന്നു ചൊല്ലു നീ (മല )
ആമോദത്തോടെയും ആർപ്പും വിളിയുമായ്
ഒരു വട്ടിപ്പൂവുമായ് കുട്ടിപ്പടയെത്തുന്നേ
കുരുത്തോലത്തോ ര ണ വും നേദിച്ചൊരടയുമായ്
വട്ടത്തിലൊത്തുകൂടി പൂവട്ടമൊരുക്കുന്നേ
തുമ്പപ്പൂ അഴകുളള ഓമൽക്കിടാങ്ങൾക്കായ്
ആ കഥ ചൊല്ലു നീ - മലയാള പൈങ്കിളിയേ (മല)
പൊന്നോണ പട്ടു ചുറ്റി- കതിർ മുല്ല പൂവു ചൂടി
പാൽനിലാവൊളി തൂകി മങ്കമാർ മേവുന്നു
കൊതിയൂറും സദ്യവട്ടം - പാട്ടും ചിരിയുമായ്
ഉല്ലാസത്തോടവർ ഒത്തുകൂടുന്നേ
തിരുവാതിര ചോടു വയ്ക്കാൻ ഈ രടി ചമയ്ക്കുവാൻ
ആ കഥ ചൊല്ലു നീ മലയാള പൈങ്കിളിയേ (മല)


By: Sabu Aroor

അകം നോവുകൾ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo