Slider

പീഡനപർവ്വം

0


കനപ്പെട്ട ഇരുളിമയിൽ മനം ഊയലാടവേ ചില കാഴ്ചകൾ.. അവിടുത്തെ കാഴ്ചകൾ അവനിലുണ്ടായിരുന്ന ഭയത്തെ വർദ്ധിപ്പിക്കാൻ പോന്നതായിരുന്നു. ഭീതി ജനിപ്പിക്കുന്ന മുഖഭാവമുള്ള കടവാവലുകൾ !!! ശൂന്യതയിൽ നിന്ന് കണ്ണുകൾ ചൂഴ്ന്നെടുക്കാൻ വരുന്ന പരുന്തിൻ കാലുകൾ !!! പെട്ടെന്നാണ് തന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്ന പുകവലിക്കുന്ന ആ രണ്ടു തീക്ഷ്ണമായ കണ്ണുകൾ അവൻ കണ്ടത്. സൂക്ഷിച്ചു നോക്കും തോറും കണ്ണുകൾ പതിൻമടങ്ങായി. ശ്മശാന ദുർഗന്ധം ചുറ്റുമുയരുന്നുവോ...
തൊണ്ടക്കുഴിയിൽ നിന്നിറങ്ങി വന്ന ദൈന്യമാർന്ന ഞരക്കത്തോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു...ശരീരം കോച്ചി വിറച്ചു... സ്വപ്നത്തിൽ നിന്നും ജാഗ്രത്തിലേക്കെത്തുമ്പോഴും വല്ലാത്തൊരു നിസ്സഹായത തന്നെ ചൂഴ്ന്നു നിൽക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
അകലെ പ്രാർത്ഥനയോടെ.. പ്രതീക്ഷയോടെ കൺപാർത്തിരിക്കുന്ന ഉറ്റവർ.. ഇനിയൊരു തിരിച്ചു പോക്ക് അവർക്കരികിലേക്ക് ഉണ്ടാകുമോ...!
ഭീകരരുടെ ബന്ധിയായ പട്ടാളക്കാരനെ സംബന്ധിച്ച് ഇത് മരണത്തേക്കാൾ ഭയാനകമാണ്. അവൻ്റെ അഭിമാനത്തെ ചെളിക്കുണ്ടിലേക്കാഴ്ത്തുന്നത്ര പരിതാപകരം. ചിതറി തെറിച്ച കാലുകൾക്കൊപ്പം ഈ ശരീരം കൂടി നഷ്ടപ്പെട്ടിരുന്നെങ്കിൽ.. വയ്യ.. ശരീരത്തെക്കാൾ മനസ്സിനെ കാർന്നുതിന്നുന്ന ഈ വേദന സഹിക്കവയ്യ.. നാടിൻ സമാധാനഭജ്ഞകരായ ഇവരുടെ കയ്യാലുള്ള മരണത്തേക്കാൾ അപമാനകരമായി ഒരു പട്ടാളക്കാരന് മറ്റെന്താണുള്ളത്.
നിസ്സഹമായ മിഴികളിൽ നിന്ന് കണ്ണീർച്ചാലുകൾ ഉരുകിയിറങ്ങി. പിന്നെയും ഭീതിജനകമായ കാഴ്ചകളിലേക്ക് മിഴിയുംമനവും ആണ്ടിറങ്ങവേ അവൻ്റെ ചുണ്ടുകൾ അവ്യക്തതയോടെ പിറുപിറുക്കുന്നുണ്ടായിരുന്നു. അമ്മേ.. മാപ്പ്... ജയ് ഹിന്ദ് പറയാൻ അർഹത നഷ്ടപ്പെട്ട്... 

മാപ്പ്... 
മാപ്പ്

By saboo Aroor
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo