Slider

ആഖ്യ

1


2011 മെയ്‌ 12 സമയം 15:30
കൊല്ലം നഗരത്തിലെ പ്രധാന ആശുപത്രികളിൽ ഒന്നായ നായെര്സ് ഹോസ്പിറ്റലിലെ റൂം no :412.
സിസേറിയൻ രണ്ടാം അധ്യായം കുറിക്കാൻ വിളി കാത്തു കിടക്കുന്ന സഹധർമ്മിണി .തൊട്ടടുത്ത്‌ കസേരയിൽ ഇരിക്കുന്ന ഭാര്യാ മാതാവ്‌ .ചോറും കൊണ്ട് അഭിരാമന്റെ പുറകെ നടക്കുന്ന എന്റെ മാതാവ് .നാന ,വെള്ളിനക്ഷത്രം ,സിനിമ മംഗളം ഒക്കെ വായിച്ചു അറിവ് വർദ്ധിപ്പിച്ച ശേഷം ഒരു വിശ്രമം എന്ന പോലെ കേരള ശബ്ദം വാരിക വായിച്ചു ബൈ സ്ടാന്ടരുടെ കട്ടിലിൽ കിടക്കുന്ന ഞാൻ.
പെട്ടെന്ന് എന്തോ മറന്നു പോയ പോലെ ചാടി എഴുന്നേറ്റു.ഉമ്മച്ചി ചോദ്യ ഭാവത്തിൽ എന്നെ നോക്കുകയും ..”ഇത് ഞാൻ കുറെ കണ്ടതാ” എന്ന ഭാവത്തിൽ രഹന ചരിഞ്ഞു കിടന്നു കൊണ്ട് പുരികം മുകളിലോട്ടു ഉയര്ത്തുകയും ചെയ്തു .
“TV ഉള്ള റൂം വേണമായിരുന്നു ” ഞാൻ
“അത്രയ്ക്ക് ബോറടിക്കുന്നെങ്കിൽ നീ വീട്ടി പോടാ ” അഭിരാമനു ഒരു ഉരുള നീട്ടി കൊണ്ട് അമ്മ പറഞ്ഞു.
അമ്മയുടെ മുഖത്തെ നവരസങ്ങളിൽ ഒരു നീരസം …
“എങ്കി പോട്ടെ “ഞാൻ ചാടി എഴുന്നേറ്റു .
എന്റെ മോള്ക്കീ ഗതി വരുത്തിയല്ലോ എന്നാ ഭാവത്തിൽ ഉമ്മച്ചി എന്നേ നോക്കുകയും ഒപ്പം രഹന തന്റെ സ്ഥായീ ഭാവമായ “രൗദ്രം” കണ്ണുകളിൽ വരുത്തുകയും ചെയ്തു.കുക്കറിൽ നിന്നും ആവി വരുന്ന പോലെ എന്റെ ആവേശം “പിഷ് ശ് ശ് ശ് ..എന്ന് പുറത്തു പോയി .
“നാളെ അല്ലിയോ ഇലക്ഷൻ റിസൾട്ട്‌ വരുന്നതു “…അത് കേട്ടതും രഹനയുടെ മുഖത്ത് ഒരു ആവേശം .കുറച്ചു നാളായി സജീവ രാഷ്ട്രീയത്തിൽ വ്യാപൃതയാണ് അവൾ .
“കൊച്ചിവിടെ ഇന്നോ നാളെയോ എന്ന് പറഞ്ഞു കിടക്കുമ്പോഴാ അവന്റെ ഇലക്ഷൻ” മാതാജി നേ ഉവാച
അത് കേട്ട് “ങ്ങേ ” എന്ന് ഞാനും ഭാര്യയും പരസ്പരം നോക്കുമ്പോ അമ്മ വാചകം പൂർത്തിയാക്കി …”അല്ല പ്രസവത്തിനെ ”
അന്ന് രാത്രി പ്രതേകിച്ചു പെയിൻ ഒന്നും ഉണ്ടാവാത്തത് കൊണ്ട് ഭാര്യ കട്ടിലിലും..ഉമ്മച്ചി bye stander കട്ടിലേലും ..ഞാൻ തറയിൽ പായിലും സുഖമായി കിടന്നുറങ്ങി.ഉറക്കത്തിൽ നാളെ രാവിലെ വിരിയുന്ന ചുവന്ന പ്രഭാതം ഞാൻ സ്വപ്നം കണ്ടു.എന്ത് കൊണ്ടും ഒരു ഇടതു അനുകൂല അന്തരീക്ഷം ആയിരുന്നു 2011 ലെ തിരഞ്ഞെടുപ്പ് .പ്രസവം നാളെ ഉണ്ടാവുകയും ഇടതു പക്ഷം അധികാരത്തിൽ വീണ്ടും വരുകയും ചെയ്താൽ അഭിരാമന്റെ അനിയനു അച്യുതാനന്ദൻ എന്ന് പേരിടണം എന്ന് ഞാൻ മനസ്സില് കുറിച്ച് വച്ചിരുന്നു .
രാവിലെ ഏഴു മണിക്ക് തന്നെ ചായ വാങ്ങാൻ പോയ ഞാൻ തിരികെ വന്നത് എട്ടു മണി കഴിഞ്ഞപ്പോഴാണ് .സ്വാഭാവികമായും ചായക്കടക്കാരൻ പശുവിനെ കറക്കാൻ പോയതായിരുന്നില്ല ആ താമസത്തിന്റെ കാരണം ..ടെലിവിഷനിൽ നമ്മുടെ നമ്മുടെ ഉണ്ണിത്താനും നികേഷ് കുമാറും അടിയിടുന്നത് കാണാൻ നല്ല രസമായിരുന്നു .റൂമിൽ എത്തുമ്പോ രഹനയെ കാണുന്നില്ല .
“തീയട്ടറിലോട്ടു പോയി “ഉമ്മച്ചി പറഞ്ഞു .
അതിനു മോർണിംഗ് ഷോ തുടങ്ങാനുള്ള സമയം പോലും ആയില്ലല്ലോ എന്നങ്ങോട്ടു ചിന്തിക്കാൻ തുടങ്ങും മുൻപ് ഉമ്മച്ചി അത് കമ്പ്ലീറ്റ്‌ ചെയ്തു .
“operation theatre ലോട്ട് കൊണ്ട് പോയി
” “ഓറ്റി യിലോട്ടൊരു ചായ വേണം “… ഇരവിപുരം സ്വദേശിനി ആയ നേഴ്സ് റോസ് മേരി (ബയോ ഡേറ്റ ഒക്കെ ഞാൻ തലേ ദിവസം തന്നെ കളക്റ്റ് ചെയ്തിരുന്നു).
“ഓറ്റിയോ ” “അണ്ണാ operation theatre ”
“ആർക്കാ ഡോക്ടര്ക്കണോ ?”
“ചേച്ചിക്കാ …ഈ അണ്ണന്റെ ഒരു കാര്യം “റോസ് മേരിയുടെ മുഖം റോസാപ്പൂ പോലെ വിടര്ന്നു.
“ഇന്നുണ്ടാവുമോ ?”ഫ്ലാസ്ക് കൊടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു
“ഇല്ല എന്റെ ഡ്യൂട്ടി കഴിഞ്ഞു ..ഇനി നാളെ നൈറ്റ്‌ ”
“എന്റെ മേരി ..operation ഇന്ന് കാണുമോന്നാ ചോയിച്ചേ ?”
“ഹും “..എന്നും പറഞ്ഞു ഫ്ലാസ്ക്കും കൊണ്ട് റോസ നടന്നകന്നു .ഇപ്പൊ വരാമെന്നും പറഞ്ഞു ഞാൻ പുറത്തെ ചായ കടയിലേക്ക് നടന്നു .അവിടെ TV ഉണ്ടല്ലോ .ആശുപത്രി ഗേറ്റ് കടന്നപ്പോൾ അച്ഛനും അമ്മയും അഭിരാമനും മുന്നിൽ .
“തീയട്ടറിലോട്ടു കൊണ്ട് പോയി “ഞാൻ പറഞ്ഞു അത് കേട്ട് അമ്മയുടെ നടപ്പിന്റെ സ്പീഡ് കൂടി.
“നീയെവിടെ പോകുവാ “പിതാജി
“ബ്രേക്ക്‌ ഫാസ്റ്റ് ”
“വീട്ടീന്ന് അപ്പവും മൊട്ട കറിയും കൊണ്ട് വന്നെടാ “… TV കൂടി കൊണ്ട് വരാമായിരുന്നു മനസ്സില് പറഞ്ഞു
“എങ്കി ഒരു ചായ കുടിച്ചേച്ചു വരാം “.
ആ ആശുപത്രിയിലെ ബൈ സ്റ്റാൻഡെർസ് എല്ലാം അതിന്റെ മുന്നില് കൂട്ടം കൂടി നില്പ്പുണ്ട് .രാഷ്ട്ര ബോധം ഇല്ലാത്ത സോമാലിയൻ ഫൂൾസ് …പല്ല് പോലും തേക്കാതെ ..എനിക്ക് അകത്തേക്ക് കയറാൻ ഉള്ള ഗാപ്‌ പോലും തരാതെ നിക്കുവാ..കണ്ട്രി ഫെല്ലോസ് …ഇതിനിടെ റ്റീ ഷോപ്പ് മാനേജർ ഒരു സ്പീക്കർ കൊണ്ട് വന്നു കണക്ട് ചെയ്തു …”ഓരോ ഓരോ ബിസിനസ്‌ തന്ത്രങ്ങൾ” .
നികേഷ് കുമാർ കെടന്നു അലറുന്നു “നേമം നിയോജക മണ്ഡലത്തിൽ താമര വിരിയുന്നു ….രാാാജഗൊപാാൽ ജയത്തിലേക്ക് “. LDF 40 – UDF 41 …. അടിപൊളി ksrtc സൂപ്പർ ഫാസ്റ്റിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്ന പ്രൈവറ്റ് ബസിനെ പോലെ ..ഇരു മുന്നണികളുടെയും സ്കോർ മുന്നോട്ടും പിന്നോട്ടുംമാറി മറിഞ്ഞു .
.ഇതിനിടയിൽ സാധാരണ സോമാലിയ ക്കാരെ പോലെ അല്ലാത്ത ചിലര് തലയിൽ കാവി തൊപ്പിയും കാവി കൈലിയും ഒക്കെ ഇട്ടു താമരയും പൊക്കി പിടിച്ചോണ്ട് ഒരു ജീപ്പിൽ ചീറി പാഞ്ഞു കടന്നു പോയി.
“നേമ ത്തിനു പോകുവാ..പടക്കം പൊട്ടിക്കാൻ “…ഗധ് ഗധ കൺന്ടനായി അടുത്ത് നിന്ന ഒരു ബൈ സ്റ്റാണ്ടർ പറഞ്ഞു .
നികേഷ് കുമാർ വീണ്ടും ഉറഞ്ഞു തുള്ളി …വീീീീീീീീയെസ് അച്യുതാനന്ദൻ മലമ്പുഴയിൽ വീണ്ടും ജയിച്ചിരിക്കുന്നു .
ഇതിനിടയിൽ ഫോൺ പോക്കറ്റിൽ കിടന്നു വിറച്ചു …അമ്മ വിളിക്കുന്നു ….
“ദൈവമേ OT”.ഓടി റൂമിൽ എത്തുമ്പോ അമ്മ നാന വായിക്കുന്നു .
“എന്തിനാ വിളിച്ചേ ”
“നീയെവിടെ ആയിരുന്നു ”
“അതറിയാൻ ആരുന്നോ …ശോ അതങ്ങ് ഫോണിൽ ചോദിച്ചാൽ പോരായിരുന്നോ ?
“നീയിവിടെ വേണം “അമ്മയുടെ മുഖത്ത് ഒരു ഹെഡ് നേഴ്സ് ന്റെ ഭാവം
അഭിരാമൻ ഈ സമയം തന്റെ hotwheels കാറുകൾ പാർക്ക് ചെയ്യുക ആയിരുന്നു.OT യുടെ മുന്നില് ഉമ്മച്ചി ഉണ്ട് എന്നുറപ്പ് വരുത്തി ഞാൻ താഴോട്ട് ഓടി.റിസപ്ഷന് മുന്നിൽ നിരത്തിയ കസേരയിൽ അച്ഛൻ ഇരിക്കുന്നു .
“എന്തായടാ ” “രാജഗോപാല് ജയിച്ചെന്ന് തോന്നുന്നു ” മുന്നോട്ടു നടക്കുമ്പോൾ പിന്നിൽ അച്ഛൻ അന്തം വിട്ടു നില്ക്കുകയായിരുന്നു .
ചായക്കടയിലെ ജനകൂട്ടം കൂടി വരുന്നു .ലേബർ റൂമിന്റെ വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ക്ലീഷേ ഭർത്താക്കന്മാരെ പോലെ ചിലർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .നേരത്തെ ചീറി പാഞ്ഞു പോയ ജീപ്പ് ഞരങ്ങി ഞരങ്ങി തിരിച്ചു വരുന്നു …വാടിയ താമര പോലെ അതിനുള്ളിൽ ചില മനുഷ്യർ തലയും കുത്തി ഇരിക്കുന്നു .
“നേമം നമ്മള് പിടിച്ചു …സഖാവ് ശിവൻ കുട്ടി ജയിച്ചു “..പൊന്നരിവാൾ അമ്പിളി പോലെ ചിരിച്ചോണ്ട് ടിയാൻ ബൈ സ്റ്റാന്റർ .
സമയം 11:30 …സീറ്റ്‌ നില 65 -75 …
ഒഹ് ഗോഡ് വാട്ട്‌ എ ഫണ്ടാസ്റിക് ഗെയിം …ഇതിനിടയിൽ P .K ഗുരുദാസന് ജയ് വിളിച്ചു കൊണ്ട് ഒരു വണ്ടി അതിലെ പോയി.മൊബൈൽ ഫോണിന്റെ വിറയൽ എന്റെ ദേഹത്തിന്റെ ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു ..ആരൊക്കെയോ വിളിക്കുന്നു …സ്പീക്കറിൽ നികെഷിന്റെ ശബ്ദം ഉയര്ന്നു താഴ്ന്നു കൊണ്ടേ ഇരുന്നു ..
അതാ ..ഫൈനൽ സ്കോർ UDF -72 LDF -68 .എന്റെ ഫോണിൽ 18 missed calls
“ശോ …വല്ലാത്ത ചെയ്തായി പോയി” ..നാലാം നിലയിലോട്ടു പോകുമ്പോ അച്ഛന്റെ ഇളയ സഹോദരി വിസിറ്റെർസ് ചെയർ നിരകളിലെ ഏറ്റവും പുറകിലെ സീറ്റിൽ ഇരിക്കുന്നു .പുള്ളിക്കാരി അവിടെ ഇരുന്നോണ്ട് “എന്തായി” എന്ന് ചോദിച്ചു.ഒരു അട്ടെൻഡർ ഉരുട്ടി കൊണ്ട് പോയ സ്ട്രെച്ചറിന്റെ കീയോ കീയോ ശബ്ദത്തിൽ അപ്പച്ചി പറഞ്ഞത് മുങ്ങി പോയി .
ആങ്ങ്യ ഭാഷയിൽ പ്രവീണ്യം നേടിയ എനിക്ക് ചോദ്യം മനസ്സിലാവുകയും ,
കൈ ഉയർത്തി “2 “എന്ന് കാണിക്കുകയും ചെയ്തു …ഇത് കണ്ടു അവിടെ ഇരുന്ന രോഗികളെയും രോഗമില്ലാത്തവരെയും ഒക്കെ വകഞ്ഞു മാറ്റി അപ്പച്ചി ഓടി എന്റെ അടുത്ത് എത്തി .
“ഇരട്ട കുട്ടികൾ ആണൊ മോനെ ”
“അയ്യോ അതല്ല LDF 2 സീറ്റിനു ….”
“ബ്ഭാാ …അപ്പച്ചി മുഴുമിപ്പിച്ചില്ല ..
ഓപറേഷൻ തീയറ്ററിനു മുൻപിൽ.. ആധാർ കാർഡ്‌ എടുക്കാൻ നിക്കുന്ന പോലെ ഞങ്ങളുടെ ബന്ധുക്കൾ തിങ്ങി നിറഞ്ഞു .അമ്മ ഒന്നും മിണ്ടാതെ ബെഞ്ചിലിരിക്കുന്നു…കൊച്ചപ്പച്ചി യും വല്യപ്പച്ചിയും അടക്കിയ ശബ്ദത്തിൽ എന്തോ പറഞ്ഞു ചിരിക്കുന്നു .ജേയ്ഷട ഭാര്യ അഭിരാമാനെയും അര്നവ് നെയും വഴക്ക് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു (അവന്മാരുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാൽ “വെറുതെ വഴക്ക് പറയുന്നു). ഒരു കാര്യവുമില്ലാതെ സിസ്ടരുമാർ OT ഡോർ തുറന്നു പുറത്തു പോവുകയും കയറുകയും ചെയ്തു .ഓരോ തവണ തുറക്കുമ്പോഴും എല്ലാവരും പ്രതീക്ഷയോടെ വാതിക്കലേക്ക് നോക്കി.സമയം അങ്ങനെ ബോർ അടിപ്പിച്ചിട്ട്‌ മുന്നോട്ടു പോകുമ്പോ …പ്രതീക്ഷക്കു വിപരീതമായി സിസ്റ്റർ ഡോർ തുറന്നു തല വെളിയിലെക്കിട്ടു വിളിച്ചു .
“രഹനയുടെ ആളുണ്ടോ “..കൊള്ളാം അവിടെ രഹനയുടെ ആളുകൾ മാത്രമല്ലേ ഉള്ളൂ ..
“പെണ് കുട്ടിയാണ് ” …അങ്ങനെ 2011 മെയ്‌ മാസം 13 നു ഉത്രം നാളിൽ ജനിച്ച ആ പെണ്കുട്ടിയെ ഞങ്ങൾ “AAKHYA “..എന്ന് വിളിച്ചു. ഇന്നവൾക്ക്‌ അഞ്ചു വയസ്സ് .
OT യുടെ ഒബ്സർവേഷൻ റൂമിൽ പാതി മയക്കത്തിൽ ആയിരുന്നു രഹന.അടുത്ത് ചെന്ന് വിളിച്ചപ്പോ കണ്ണ് തുറന്നു. വലം കൈ ഉയരത്തി എന്തായി എന്നർത്ഥത്തിൽ ആന്ഗ്യം കാട്ടി ..
ഞാൻ പറഞ്ഞു “പെങ്കുട്ടിയാ ”
പാതി അടഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു ” അതല്ല …..ആരാ ജയിച്ചത്‌?”….

By: Akhlesh SV
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo