“ സൂക്ഷിച്ചുപോകണം, വെള്ളത്തിലൊന്നും ഇറങ്ങരുത്; ഇരുട്ടുന്നതിനു മുമ്പ് അവിടെയെത്തണം.”
ഉമ്മയുടെ ഈ ഉപദേശം എന്നെ ഉദ്ദേശിച്ചാണ്. കാരണം കൂട്ടത്തില്‍ ചെറുതും തലതെറിച്ചവനും ഞാനായിരുന്നല്ലോ. എൽ.പി., യൂ. പി. സ്കൂളുകളില്‍ പഠിക്കുന്ന കാലത്ത് വ്യാഴാഴ്ചകളോടായിരുന്നു ഏറ്റവും പ്രിയം. എല്ലാ ആഴ്ചയിലും പതിവു തെറ്റാതെ; ഉമ്മയുടെ വീട്ടിലേക്ക് വിരുന്ന്‍ പോകുന്നത് അന്നായിരുന്നു. എന്റെ നേരെ മൂത്തവര്‍ രണ്ടാളും കൂട്ടിന് ഉണ്ടാകും. ഓര്‍മയിലെ ആദ്യത്തെ സാഹസിക യാത്രയും അതായിരുന്നു. മൂന്ന് കിലോമീറ്റർ മാത്രമേ ദൂരമുണ്ടായിരുന്നൊള്ളുവെങ്കിലും ഒരു മഹാസംഭവം തന്നെയായിരുന്നു എനിക്കായാത്രകള്‍.
വ്യഴാഴ്ചകളില്‍ പിരിയഡുകള്‍ നീങ്ങികിട്ടാന്‍ ഇമ്മിണി വല്ല്യാ പാടാണ്. ഉച്ചയാകുമ്പോഴേക്കും മനസ്സുനിറയെ ആ യാത്രയേപ്പറ്റിയുള്ള ആലോചനയായിരിക്കും. ബെല്ലടിച്ച് സ്കൂള്‍ വിടുന്നതിനു മുന്‍പേ ഓട്ടം തുടങ്ങും. വീട്ടിലെത്താതെ ഈ ഓട്ടം നിര്‍ത്തില്ല. വീട്ടിലെത്തിയാൽ പെട്ടന്ന് തന്നെ കുളിച്ച്; ഉമ്മ പെട്ടിയില്‍ സൂക്ഷിക്കാറുള്ള പെരുന്നാള്‍ കോടിക്കായി ചിണുങ്ങും, അത് വാങ്ങിയിട്ട് അല്പം അത്തറും പൂശിയാലേ അല്പമെങ്കിലും സമാധാനം കിട്ടു. അപ്പോഴേക്കും ഏട്ടന്‍മാരും ഒരുങ്ങിയിട്ടുണ്ടാവും. ഉമ്മയുടെ പതിവു ഉപദേശങ്ങളും കൈപ്പറ്റി, ഉപ്പയോടും യാത്രപറഞ്ഞു ആ ആഴ്ചയിലേ ഞങ്ങളുടെ യാത്ര തുടങ്ങുകയായി.....
വീട്ടില്‍ നിന്ന് പാറമ്മല്‍ വരെ റോഡുണ്ട്, അവിടെന്ന്‍ താഴേക്ക് കുറച്ചു നടന്നാല്‍ വയലിനോട് ചേര്‍ന്നുള്ള പറമ്പിലെത്തും. ഇത് കുറച്ചു ഉയരത്തിലായാണ് അത്കൊണ്ട്തന്നെ അക്കരെ വ്യക്തമായി കാണാന്‍ ഇവിടെ നിന്നാല്‍ മതി. അവിടെ വട്ടത്തിലിരുന്നു ചീട്ടുകളിക്കുന്നവരുടെ അരികിലൂടെയാണ് വഴി ഒരാള്‍ക്ക് മാത്രം ഇറങ്ങാന്‍ കഴിയുന്ന കിടങ്ങ് പോലുള്ള വഴി ചെന്നിറങ്ങുന്നത് കണ്ണെത്താദൂരം പച്ചപ്പരവതാനി വിരിച്ച വയലിലെക്കാണ്.
ആസ്വദിക്കാന്‍ കഴിവുള്ള കണ്ണുകള്‍കൊണ്ട് നോക്കിയാല്‍ വയല്‍കാഴ്ചകളെല്ലാം മനോഹരണ്. പോക്കുവെയിലില്‍ പാറിക്കളിക്കുന്ന തുമ്പികള്‍ക്കെന്തൊരു ചന്തമാണ്. ചുവപ്പ് പരക്കാന്‍ തുടങ്ങുന്ന മാനത്തു കൂട്ടിലേക്ക് മടങ്ങുന്ന കിളികളും, തോട്ടില്‍ കൂട്ടമായി നീന്തുന്ന പരലുകളും എന്തിനോ വേണ്ടി പരക്കം പായുന്ന മാനത്തുകണ്ണികളും. വെള്ളത്തില്‍ ചിത്രം വരയ്ക്കുന്ന എഴുത്തച്ചനും, ഇടയ്ക്കിടെ മാളങ്ങളില്‍നിന്ന് തല പുറത്തേക്കിടുന്ന ഞണ്ടുകളും, ഒറ്റക്കാലില്‍ ധ്യാനമിരിക്കുന്ന കൊക്കുകളും വലിയ ശബ്ദത്തോടെ വരമ്പത്ത്നിന്ന് വെള്ളത്തിലേക്ക് ചാടുന്ന തവളകളും, കിളികളുടെ കലപിലയും, വൈദ്യുതികമ്പിയില്‍ വരിവരിയായി തത്തകളും, തെങ്ങോല തലപ്പുകളില്‍ തൂക്കണാം കുരുവികൂടുകളും അങ്ങനയങ്ങനെ.... ചിലപ്പോഴൊക്കെ പാമ്പോ ചേരയോ ദര്‍ശനം തരാറുണ്ട്. അന്നേ ഭയങ്കര ധൈര്യശാലി ആയതുകൊണ്ട് പലപ്പോഴും തിരിഞ്ഞു നോക്കാതെ ഓടേണ്ടി വന്നിട്ടുണ്ട്.
മുട്ടിപ്പാലം പാടം എനിക്ക് വെറുമൊരു യാത്രാപഥമല്ല, വേനലവധിക്കാലം ചങ്ങാതിമാരുമോന്നിച്ചു മീന്‍പിടിക്കാന്‍ വന്നിരുന്നതും ഇവിടെയാണ്. രാവിലെ ഇറങ്ങി സന്ധ്യവരെ പരലിനോടും മാനത്തുകണ്ണികളോടും പടവെട്ടി വീട്ടില്‍ തിരിചെത്തുമ്പോ സമ്പാദ്യം മിക്കവാറും ഉമ്മയുടെ അടിയും ചീത്തപറച്ചിലും മാത്രമായിരുന്നു എന്നത് നഗ്നസത്യം.
മുട്ടിപ്പാലം പാടം എനിക്ക് വെറുമൊരു യാത്രാപഥമല്ല, വേനലവധിക്കാലം ചങ്ങാതിമാരുമോന്നിച്ചു മീന്‍പിടിക്കാന്‍ വന്നിരുന്നതും ഇവിടെയാണ്. രാവിലെ ഇറങ്ങി സന്ധ്യവരെ പരലിനോടും മാനത്തുകണ്ണികളോടും പടവെട്ടി വീട്ടില്‍ തിരിചെത്തുമ്പോ സമ്പാദ്യം മിക്കവാറും ഉമ്മയുടെ അടിയും ചീത്തപറച്ചിലും മാത്രമായിരുന്നു എന്നത് നഗ്നസത്യം.
കാഴ്ചകള്‍കണ്ട് അങ്ങനെ മൂളിപ്പാട്ടും പാടി നടക്കുമ്പോള്‍ വഴിയരികിലെ കുളങ്ങളില്‍ ചൂണ്ടയിടുന്ന കൊച്ചുമീന്‍പിടുത്തക്കാരെ കാണാം അവര്‍ക്കൊരു കമ്പനി കൊടുത്ത് അവിടെയിരിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഏട്ടന്‍മാര്‍ സമ്മതിക്കില്ല. ഇരുട്ട് വീഴാന്‍ തുടങ്ങുമ്പോഴേക്കും നടത്തത്തിന് വേഗത കൂട്ടും പാടത്തിന്റെ ഇക്കരെയൊരു തടിപ്പലാമുണ്ട് തോട്ടില്‍ മിക്കവാറും വെള്ളം കുറവായിരിക്കുമെങ്കിലും അല്പം താഴ്ച്ചയുണ്ട് അത്കൊണ്ട് തന്നെ ആരുടെയെങ്കിലും കൈപിടിക്കാതെ പാലം കടക്കാന്‍ പേടിയായിരുന്നു. അതിസാഹസികമായി ഈ പാലം കടന്നു മുന്നോട്ട്, മുട്ടിപ്പാലം പള്ളിയുടെ മുന്നിലൂടെ ഒരു റോഡിലേക്ക് ഒരു കുറുക്കുവഴിയുണ്ട് അതിലൂടെ നടന്ന് പഴയ എല്‍.പി. സ്കൂളിന്റെ മുറ്റത്തൂടെ റോഡില്‍ കയറും അവടന്നു നോക്കിയാല്‍ കാണാം മുട്ടിപ്പാലം അങ്ങാടി. രണ്ടുമൂന്നു കടകളും ഒരു ചായമക്കാനിയുമായി പഴമയുടെ പ്രൌഡി നഷ്ടപ്പെടാത്ത നാല്‍ക്കവല.
അവിടെ നിന്ന് കുറച്ചുദൂരം റോഡിലൂടെയും പിന്നെയൊരു ഇടവഴിയുമാണ് അവിടെയെത്തുമ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിട്ടുണ്ടാവും വീട്ടിലേക്കുള്ള പടികള്‍ കയറുമ്പോഴേകാണാം കോലായില്‍ മുറുക്കാന്‍ പാത്രവുമായി വല്ല്യുപ്പ നാല് പതിറ്റാണ്ടോളം കുരുന്നുകള്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ നാട്ടുകാരുടെ പ്രിയപ്പെട്ട മൊല്ലാക്ക. ഉമ്മയുടെ അനിയത്തിമാരുടെ മക്കളെല്ലാം നേരത്തേയെത്തിയിട്ടുണ്ടാവും വല്ല്യുമ്മക്കും അമ്മായിമാര്‍ക്കും കുഞ്ഞാമക്കും പിടിപ്പതു പണിയായിരിക്കുമന്ന്‍ ഞങ്ങള്‍ എല്ലാത്തിനെയും നിയന്ത്രിക്ണ്ടേ.. വല്ല്യുമ്മയുടെ കയ്യില്‍ കഥാപുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ടായിരുന്നു എല്ലാം എടുത്തുതരും. പുസ്തക വായനയുംചെറിയ അടിപിടികളും കോലാഹലവുമായി രാവേറെയാകും ഉറങ്ങാന്‍. രാവിലെ നേരത്തെ തുടങ്ങും കളികള്‍ സാറ്റ് കളിയും കഥപറച്ചിലുമൊക്കെയായി കുട്ടികളെല്ലാം ഒതുങ്ങികൂടുമായിരുന്നു. ഞാന്‍ മാത്രം വല്ലമരത്തിന്‍റെ മുകളിലോ തൊടിയിലോ മറ്റോ ആവും.
വെയിലാറുമ്പോഴേക്കും മടക്കയാത്രക്കുള്ള ഒരുക്കമാവും, കാരണം ഏട്ടന്‍മാര്‍ക്ക് രാത്രിയില്‍ മദ്രസ്സ ഉണ്ടാവും. ഇറങ്ങുമ്പോ 5 രൂപയോ 10 രൂപയോ സ്നേഹമായി കയ്യില്‍തരും വല്ല്യുമ്മ. ആ ദീപം അണഞെങ്കിലും പ്രകാശം ഇന്നും പ്രഭചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. മടങ്ങുമ്പോള്‍ ഉള്ളിലൊരു വിങ്ങലാണ് അടുത്ത വ്യാഴം പെട്ടെന്ന് വന്നെങ്കിലെന്ന് മോഹിക്കും. മുട്ടിപ്പാലം അങ്ങാടിയും പാടവും പാറമ്മലും പിന്നിട്ട് വീട്ടിലേക്ക്.
ഇന്നിപ്പോ ഒരു ചടങ്ങുപോലെ ഞായറാഴ്ചകളിലെ ഹ്രസ്വസന്ദര്‍ശനത്തില്‍ ഒതുങ്ങി. അല്ലെങ്കില്‍ വല്ല വിശേഷങ്ങളും വരുമ്പോള്‍ മാത്രമായി മാറി. മനസ്സുകള്‍ തമ്മില്‍ അകലം കൂടിയെങ്കിലും പോയി വരാന്‍ അഞ്ചോ പത്തോ മിനിട്ട് മതിയെന്നായി. യാത്രയോ; വയലിന്‍റെ മാറുപിളര്‍ത്തിയുണ്ടാക്കിയ റോഡിലൂടെയാണ്. കാല്‍നടക്കു പകരം വണ്ടികളും. എങ്കിലും ഓര്‍മ്മകള്‍ക്കിന്നും ഹരിതവര്‍ണമാണ്. നടവരമ്പുകളും തടിപ്പാലവും തോടും ഇന്നും മനസ്സിലുണ്ട്. ഈ മധുരമൂറുന്ന ഓര്‍മകളാണ് ഇന്നത്തെ ഊര്‍ജ്ജം.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക