നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു രാത്രിയാത്രയുടെ ഓര്‍മ്മയ്ക്ക്



അമ്മയുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണ് പോളിടെക്നിക് പാസായത് എന്ന വിവരം ഒരു വാര്‍ത്തയാകാത്തതിനാല്‍ അപ്പ്രെന്റിസ്ഷിപ്പിനുള്ള അവസരവും വീണുകിട്ടിയിരുന്നു. പാലക്കാട്ടെ കൂട്ടുപാത എന്ന സ്ഥലത്തുള്ള ബി.പി.എല്‍. ടെലികോം എന്ന കമ്പനി ആയിരുന്നു ആ അവസരം തന്ന ഹതഭാഗ്യര്‍. അവിടത്തെ ഒരു വര്‍ഷക്കാലയളവില്‍ അനുഭവവേദ്യമായിരുന്ന ഒരുപാട് "നല്ല ശീലങ്ങള്‍" ഇന്നും അനുസ്യൂതം തുടരുന്നു എന്നതു തന്നെ ആ "കമ്പനി" എത്രത്തോളം ആസ്വാദ്യകരമായിരുന്നു എന്നതിനൊരുത്തമോദാഹരണമാണ്.
ജനിച്ചിട്ട്‌ കാലമേറെയായെങ്കിലും ഇതുവരെ പൂര്‍ണ്ണമായി സിദ്ധിച്ചിട്ടില്ലാത്ത വകതിരിവിന്റെ അഭാവം, അക്കാലത്ത് അതിന്‍റെ മൂര്‍ദ്ധന്ന്യാവസ്ഥയില്‍ ആയിരുന്നതിനാല്‍ അവിടെയും എല്ലാരുടേയും "കണ്ണിലുണ്ണി"യായിരുന്നു. കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും ആഴ്ചയില്‍ 4 ദിവസം 12 മണിക്കൂര്‍ വച്ച് ജോലി ചെയ്തിരുന്നതിനാല്‍ തുടര്‍ന്ന് വരുന്ന 3 ദിവസം അവധി ലഭിയ്ക്കുന്ന അപൂര്‍വ്വസൗഭാഗ്യം അന്നുണ്ടായിരുന്നു. എന്നാല്‍ നാട്ടിലുള്ള അസൂയക്കാര്‍ക്കുണ്ടോ മേല്‍ക്കീഴ്... ആദ്യദിവസം ചോദിയ്ക്കും "ഓ താന്‍ വന്നോ", രണ്ടാം നാള്‍ "എന്നാ താന്‍ പോണേ". ഇതൊക്കെ സഹിയ്ക്കാം, എന്നാല്‍ മൂന്നാം നാള്‍ വരുന്ന ചോദ്യമോ.... "താന്‍ ഇതുവരെ പോയില്ലേ, വണ്ടിക്കാശില്ലാഞ്ഞിട്ടോ മറ്റോ ആണോ"...
ജോലി കഴിയുന്ന നാലാം നാള്‍, രാത്രിയോടെ തന്നെ വീടു പിടിയ്ക്കുക എന്നത് അക്കാലത്തൊരു വിനോദമായിരുന്നു. കോയമ്പത്തൂര്‍ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോണ ബസില്‍, പാലക്കാട് നിന്നും കേറിപറ്റല്‍ ഒരു കസര്‍ത്ത് തന്നായിരുന്നു. മാറി മാറി വരാറുള്ള കണ്ടക്ടര്‍മാര്‍ എല്ലാര്‍ക്കും തന്നെ, ലിസ്റ്റില്‍ ഇല്ലാത്ത സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തിയ്ക്കുന്ന കാര്യത്തില്‍ എന്നും ഒരേ അഭിപ്രായമായിരുന്നു. രാത്രിനേരത്തുള്ള ചീത്തവിളിയില്‍ അവര്‍ക്കൊരു പ്രത്യേക താല്‍പര്യമാ.... ഏതായാലും ഇറങ്ങേണ്ട സ്റ്റോപ്പില്‍ തന്നെ, ടെലിഫോണ്‍ കേബിളിന് എടുത്ത കുഴിയുണ്ടായിരുന്നതിനാലും അതു വര്‍ഷം മുഴുവനും തുറന്ന്‍ കിടന്നിരുന്നതിനാലും (ഇന്നും മാറ്റമില്ലാത്ത ഒരു പ്രതിഭാസം), വല്ലാതെ കഷ്ടപ്പെടാതെതന്നെ ഇറങ്ങിപ്പോരാന്‍ പറ്റിയിരുന്നു.
ഒരിക്കല്‍ ഇതു പോലുള്ളൊരു രാത്രിയാത്രയില്‍ ടിക്കറ്റ് ചെക്കര്‍ തന്‍റെ പതിവ് ജോലിയിലായിരുന്നു. ഉറങ്ങുകയായിരുന്ന ഒരു കാരണവരെ ഉണര്‍ത്തി അങ്ങേരോട് ടിക്കറ്റ് കാണിയ്ക്കാന്‍ ചെക്കര്‍, അമ്മാവന്‍ യാതൊരു സങ്കോചവും കൂടാതെ തന്‍റെ ഹാന്‍ഡ്ബാഗിന്‍റെ സൈഡിലെ അറ തുറന്ന് അതില്‍നിന്നും ടിക്കറ്റെടുത്ത് നീട്ടി. ടിക്കറ്റ് വാങ്ങാന്‍ നീട്ടിയ കൈ, ചെക്കര്‍ ഒരു ഞെട്ടലോടെ പിന്‍വലിച്ചു. വീശറി പോലെ പിടിച്ചിരുന്ന ഉദ്ദേശം ഒരു പത്ത് നൂറ് ടിക്കറ്റെങ്കിലും കാണും അമ്മാവന്‍റെ കൈയില്‍, എന്നിട്ടൊരു വേദവാക്യവും, "ഇതിലേതാ മോനേ നീ ചോദിച്ച ടിക്കറ്റ്... ഞാനീ കിട്ടണ ടിക്കറ്റെല്ലാം ഈ ബാഗില്‍ ഇട്വാണേ, അതോണ്ട് മോന്‍ തന്നെ ഏതാ വേണ്ടേന്നു വച്ചാ നോക്കിയെടുത്തോ". ബസില്‍ അന്ന് പതിവുള്ളത്ര തിരക്കില്ലായിരുന്നതിനാല്‍ എല്ലാരും തന്നെ ഇക്കാര്യം അറിയുകയും ഒരു കൂട്ടച്ചിരി ഉയരുകയും ചെയ്തതിനാല്‍, ഒന്നോ രണ്ടോ സ്റ്റോപ്പ്‌ കഴിയുന്ന വരെയേ ചെക്കര്‍, അന്നാ ബസില്‍ ഉണ്ടായിരുന്നുള്ളൂ.
(കൃഷ്ണകുമാര്‍ ചെറാട്ട്)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot