ഞാൻ നാലിൽ പഠിക്കുന്ന കാലം. ഇടവപ്പാതിയിൽ എന്നും നിറഞ്ഞു കവിയുന്നൊരു പുഴയുണ്ടായിരുന്നു സ്കൂളിലേക്കു പോകുംവഴി. സാധാരണ നല്ല മഴയുള്ള ദിവസങ്ങളിൽ മുതിർന്ന ഒരാൾ ഞങ്ങൾ കുട്ടിപ്പട്ടാളങ്ങൾക്ക് എസ്കോർട്ട് വരുമായിരുന്നു. ഒരു ദിവസം, സ്കൂളിലേക്ക് പോകാൻ ഞാൻമാത്രേ ഉള്ളൂ... സാധാരണ കൂടെയുണ്ടാവാറുള്ള ഏട്ടനന്ന് പനിയാണ്. ഏട്ടൻ കൂടെയുണ്ടെങ്കിൻ പുഴയിലേക്കൊന്നു നോക്കാൻ പോലും സമ്മതിക്കാറില്ല. അന്നു രാവിലെ കാര്യമായ മഴയില്ലാത്തതു കൊണ്ട് എസ്കോർട്ടിന് ആരും കൂടെയില്ല. കിട്ടിയ അവസരം മുതലാക്കാൻ ഞാൻ നേരെത്തെ ഇറങ്ങി. സാധാരണ നടക്കുന്ന വയൽവരമ്പിൽ നിന്നും മാറി പുഴക്കരയിലൂടെ ഞാൻ നടന്നു. തലേന്നുരാത്രി പെയ്ത മഴ കാരണം പുഴയിലപ്പോഴും ഒഴുക്കു കുറഞ്ഞിട്ടില്ല.. പുഴക്കുകുറുകേ...മണൽചാക്ക് അടുക്കിവച്ച് നിർമ്മിച്ച തടയണക്കു മുകളിലൂടെ നിറഞ്ഞുകവിഞ്ഞ് പാൽ നുരചിന്തി കുത്തിയൊഴുകുന്ന പുഴവെള്ളം. രണ്ടുമിനിറ്റതിലേക്കു നോക്കി നിന്നപ്പോൾ ആ പാൽ നുരയിൽ കാലുനനക്കാനൊരു പൂതി. ഞാൻ മെല്ലെ ആ തടയണക്കു മുകളിലൂടെ നടന്നു ഒരുകാൽ തടയിണയിൽ ഊന്നി മറ്റേക്കാൽ പതഞ്ഞു ചാടുന്ന വെള്ളത്തിലേക്ക് നീട്ടി... പെട്ടന്നതു സംഭവിച്ചു -ചാക്കിനു മുകളിലെ മറ്റേക്കാലിനു ഒഴുക്കിൻ്റെ ശക്തിയിൽ പിടിച്ചുനിക്കിനായില്ല.. താഴേക്കുള്ള കുത്തൊഴുക്കിൽ ഞാനും പാൽനുരനീരിലൂടെ ഒഴുകി..
കഴുത്തൊളം വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ പെട്ടന്നൊരാളാ വെള്ളത്തിലെക്ക് ചാടീ... എന്നെ പിടിച്ചു വലിച്ച് കരക്കു കേറ്റിയപ്പോളാണ്.... ഞാനയാളെ ശരിക്കും കണ്ടത്.. സ്കൂളിൽ ചേർന്ന നാളുമുതൽ കാണുന്നതാണ് അയാളെ....മൺനിറമുള്ള ഒരു തുണ്ട് തോർത്ത് മാത്രം അരയിൽ ചുറ്റി ദേഹത്തെ സകല എല്ലുകളും ഉന്തിയ കറുത്ത ആ രൂപം....കണ്ടത്തിലെ ചേറിൽ മുങ്ങി ഒരു കൈക്കോട്ടും കുത്തിപ്പിടിച്ച് ഒരുകണ്ടത്തിൽ നിന്നു മറുകണ്ടത്തിലേക്കു മാറുന്നതിനിടയിൽ വരമ്പത്തു കൂടെ ഞങ്ങളാരേലും വരുന്നതു കണ്ടാൽ മാറി നിന്ന് ഭവ്യത കാണിക്കുന്ന ഒരാദിവാസി. അന്നൊക്കെ വലിയ വമ്പോടുകൂടി അയാളെ നോക്കി കടന്നു പോകുമായിരുന്നു ഞാൻ.
കരയിൽ കൊണ്ടു നിർത്തിയതും അയാൾ തൊടാതെ മാറി നിന്നു.
'നായരുട്ടി തിരിച്ച് പോ...നനഞ്ഞിക്കിണ്...'
അയാൾ പറഞ്ഞത് കേൾക്കാതെ ഞാൻ സ്കൂളിലേക്ക് നടന്നു..വീട്ടിലേക്ക് തിരിച്ചു പോകാൻ പേടിയായിരുന്നു.. ചീത്തപറയും..ഉറപ്പ്.. നനവല്ലെയുള്ളു അത് ഉണങ്ങിക്കോളും.
പിറ്റെന്നും ഞങ്ങൾ സ്കൂളിലേക്ക് പോകുമ്പോൾ വരമ്പത്ത് അയാളുണ്ടായിരുന്നു... പതിവുപോലെ തൊട്ടു തീണ്ടാതിരിക്കാൻ അയാൾ മറ്റൊരു വരമ്പിലേക്ക് മാറി നിന്നു.. ഞാൻ അയാളെ നോക്കിച്ചിരിച്ചു... അയാളെന്നെ നോക്കി....പക്ഷെ ചിരിച്ചില്ല..... അയാൾക്കു ചിരിക്കാനറിയില്ലെന്നു തോന്നുന്നു.....തെല്ലു വിഷമത്തോടെ മുന്നോട്ടു നടക്കുമ്പോൾ ഞാൻ ചിന്തിച്ചു..... അതിന് അയാളോടിതുവരെ ആരെങ്കിലും ചിരിച്ചിട്ടുണ്ടൊ?
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക