Slider

സുകൃതക്ഷയം

0

എന്റെ രാമാ ,എന്റെ ഉണ്ണികളെ കാത്തോണെ"
മുത്തശ്ശിയാണ്..
ഉമ്മറപ്പടിയുടെ കാവൽക്കാരി.
കാലുകൾ നീട്ടി വച്ച് കാച്ചെണ്ണകൊണ്ട് തടവുകയാണ്. മുഴിഞ്ഞ പുടവയുടെ അങ്ങിങ്ങ് പിഞ്ചി സുക്ഷിരം വീണിരിക്കുന്നു. വാർദ്ധ്യക്യത്തിന്റെ ചുളിവ് വീണ കാലുകൾ.
"നടക്കാൻ പണ്ടെപോലെ വയ്യന്റെ ദേവിയേ.. ഇനിയിപ്പോ നടന്നാലും എത്ര നാൾ എന്ന് വച്ചാ "
കേൾവിക്കാർ ആരുമില്ലെങ്കിലും പുലമ്പികൊണ്ടൊയിരിക്കും. തന്റെടിയായ ജാനകി അന്തർജനം.. ഒരു കാലത്ത് ഈ ഇല്ലം വിറപ്പിച്ചിരുന്നു. ഇല്ലത്തിന്റെ ഓരോ കോണിലും ഗംഭീരമായ ആക്ജ്ഞയുടെ അലയൊലികൾ മുഴങ്ങുമായിരുന്നു. ഭയത്താൽ വിറയ്ക്കുന്ന അടിയാളൻമാർ,,
പക്ഷെ കാരുണ്യത്തിന്റെ പൂങ്കാവനമായിരുന്നു ആ മനസ്സ്.അത് ചുരുക്കം ആളുകൾക്കെ അറിയു. ഇല്ലെങ്കിൽ നാട് വിറപ്പിച്ച് നടന്ന രുദ്രൻ നമ്പൂരിയെപൂച്ചയെ പോലെ പിന്നാലെ നടത്താൻ ആവുമായിരുന്നോ ?
വേളി കഴിച്ചപുരുഷന്റെ കൈയ്യും പിടിച്ച് കയറി വന്ന ആ പതിനാല് കാരിയുടെ നാണം ചിലപ്പോൾ ഇപ്പോഴും ആ മുഖത്ത് മിന്നിമറയുന്നത് കാണാം. അത് കാണാൻ വേണ്ടി എന്തെങ്കിലും മൊക്കെ പഴയ കാര്യങ്ങൾ പറയും. അത് കേൾക്കുമ്പോൾ. നാണം വരുമെങ്കിലും.പതിയെ ആ കണ്ണ് നിറഞ്ഞിരുന്നു..
ഇല്ലം ക്ഷയിച്ച് പോയ് എന്നുള്ള സത്യം അറിഞ്ഞിട്ടും. ഒരു കൂസലുമില്ല.
ജാനകി അന്തർജനത്തിന് മൂന്ന് മക്കളായിരുന്നു.
അതിൽ എറ്റവും താഴെ എന്റെ അമ്മ.. രണ്ട് അമ്മാവൻമാർ. അതിൽ ഒരാൾ പണ്ട് നാട് വിട്ട് പോയതാ.. പട്ടാളത്തിൽ ചേരാൻ. പിന്നെ ഇത് വരെ ഒരറിവും ഇല്ല. ഒരമ്മാവൻ നാട് മുഴുക്കെ നടന്ന് സംബന്ധം ചെയ്തു.. പോരാത്തതിന് ചെറുമികളുടെ കുടിലിലും കയറിയിറങ്ങി. കാമം തീർത്തു പോന്നു. കുട്ടികൾ ഉണ്ടാവാത്തത് അമ്മായിടെ കുറ്റമാണ് എന്ന പഴി.ആ പാവത്തിന്റെ മേൽ ചാരി.
പഞ്ഞകർക്കിടകത്തിലെ മഴയുള്ള ഒരുനാൾ.
സീത പെണ്ണിന്റെ കുടിലിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ അമ്മാവന്റെ കഴുത്തിൽ തന്നെ രാമുവിന്റെ കൊടുവാൾ പതിഞ്ഞു... സീത പെണ്ണിന്റെ മുഖത്ത് പുച്ഛമായിരുന്നോ ?
രാമു എന്ന യഥാർത്ഥപുരുഷനെ അവൾ നോക്കി നിന്നു വോ?
ആ മഴയിൽ പതിഞ്ഞ ചുടുരക്തം നോക്കി അവൾ ചിരിച്ചുവോ?
അന്ന് വീണുപോയ് തമ്പ്രാക്കൾ തൻ മേലുള്ള ഭയം..
അതിന് ശേഷമാണ് അമ്മയുടെ വേളി..
ആ നാട് കണ്ട ഏറ്റവും കേമമായ വേളി ആയിരുന്നു...
അച്ഛൻ സൂര്യനാരായണൻ. ഒരുപാവമായിരുന്നു. അമ്മ മുത്തശ്ശിയുടെ തനി പതിപ്പ് ആയിരുന്നു.
ഈ ഇല്ലത്തിലെ മനംമടുപ്പിക്കുന്ന പ്രദാപത്തിന് മുന്നിൽ സുര്യനാരായണൻ എന്ന പാവത്താൻ തളർന്നുവോ.?
അമ്മയ്ക്കും മൂന്ന് മക്കൾ.
ഞാനും ,വാസുവേട്ടനും, സുകുവും. എന്നിട്ടും
അമ്മ എന്തിന് അത് ചെയ്തു ?
മൺ തരികൾ പോലും നാണിച്ചുവോ.?
വിറക്പുരയിൽ നിന്നും നേർത്ത ശിൽക്കാരങ്ങൾ കേട്ട സൂര്യനാരായണൻ പകച്ചുവോ?
ഒടുവിൽ അമ്മയെയും, പണിയാളെയും കൈയ്യോടെ പിടികൂടി മുത്തച്ഛൻ..
അന്ന് രാത്രി മൂന്ന് മരണം നടന്നു ഈ ഇല്ലത്ത്.
പണിയാളനെ മുത്തച്ഛൻ വെട്ടി കൊന്നു.
പാവം അച്ഛൻ ഇത് കൂടി താങ്ങാനാവാതെ ഒരു കയറിൽതൂങ്ങി.
മാനഹാനിയാൽ അമ്മയും.
അച്ഛൻ ഒരു പരാജയം ആയിരുന്നുവോ?
നാല് കെട്ടിനുള്ളിലെ ഇരുളടഞ്ഞ അറയിൽതിളച്ച് മറിയുന്ന യൗവ്വനത്തിന്റെ നെടുവീർപ്പുകൾ..
അച്ഛൻ കാണാതെ പോയോ ?
എല്ലാവരും അമ്മയെ കുറ്റം പറഞ്ഞപ്പോൾ മുത്തശ്ശി മാത്രം ഒന്നും ഉരിയാടിയില്ല.
ഇങ്ങനെ വന്നു ചേരും എന്ന് മുന്നേ അറിയാമായിരുന്നുവോ ?
പക്ഷെ അന്ന് അവർ പോയത് ഇല്ലത്തിന്റെ നാശത്തിന് തുടക്കം കുറിച്ച് കൊണ്ടായിരുന്നു.
സുകൃതക്ഷയം... എന്ന് പറയാം.നാശത്തിൽ നിന്നും നാശത്തിലേയ്ക്ക്.
വയസ്സായ മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും സംരക്ഷണത്തിലായിരുന്നു. ഞങ്ങൾ വളർന്നത്.
വൈകാതെ മുത്തച്ഛനും യാത്രയായ്. അവശേഷിച്ചത്
പഴയ ഇല്ലത്തിന്റെ അസ്ഥിപഞ്ചരം മാത്രം.
വാസുവേട്ടൻ ഒരു ക്രിസ്ത്യാനി പെണ്ണുമായ് പ്രണയത്തിലായിരുന്നു. വീട്ടുകാരെ ഭയന്ന് ആ പെൺകുട്ടിയുമായ് ഒളിച്ചോടി എവിടെയ്ക്കോ പോയ്.സുകുവാണേൽ നാടിനും ,വീടിനും ഗുണമില്ലാതെ അലയുന്നു.
ദാരിദ്യം ആണെന്ന് വയറിന് അറിയില്ലല്ലോ?
വിശപ്പ് സഹിക്കാൻ പറ്റാതെ എത്രയോ രാത്രികൾ കരഞ്ഞിട്ടുണ്ട്..
ആരോട് പറയാൻ ?
ആര് കേൾക്കാൻ ?
സുകൃതക്ഷയം അല്ലാണ്ട് എന്ത് ?
ഇനി വയ്യ...
ജാതിയിൽ ഉയർന്നത് കൊണ്ട് ജോലിയും തരുവാൻ ആരും തയ്യാറല്ല. ഒരു ചാൺ വയർ നിറയ്ക്കാൻ
പൊട്ടിച്ചെറിയാൻ പലവട്ടം തുനിഞ്ഞതാണ് അന്തർജ്ജനം എന്ന പട്ടം.ശാപം പല ജന്മങ്ങൾ കഴിഞ്ഞാലും മാറില്ല എന്ന മുത്തശ്ശിയുടെ വാക്കാണ് അതിൽ നിന്ന് പിന്തിരിപ്പിച്ചത്.
നാളെ ഞാനും യാത്രയാവും.എങ്ങോട്ടാണെന്നറിയാതെ..
പഴയ പണിയാളന്റെ മകൻ ദീപുവുമായ്.
ആരും അറിഞ്ഞിട്ടില്ല.. ആരെയും അറിയിച്ചിട്ടില്ല..
കുറെ നാളായ് ദീപുവിളിക്കുന്നു. കുടെ ചെല്ലാൻ.
ജാതി കോമരങ്ങൾ കൊടികുത്തി വാഴുന്ന ഈ നാട്ടിൽ ഒന്നിച്ച് ജീവിക്കുവാനാകുമോ ?
പക്ഷെ അവർക്കറിയുമോ ?
വിശപ്പ് എന്താണെന്ന് ?
ഈ അകത്തളങ്ങളിലെ ഇരുളിൽ നിന്നും ഒരു മോചനം മനസ്സ് കൊതിക്കുന്നു.
പാവം മുത്തശ്ശി എന്ത് ചെയ്യും..?
പട്ടിണി കിടന്നു മടുത്തു.
ഉണ്ണിമായ അന്തർജ്ജനത്തെ നാളെയുടെ പകലുകൾ പാപനാശത്തിന്റെ പുണ്യാഹം തളിച്ച് ശുദ്ധി വരുത്തട്ടെ.
By
നിസാർ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo