നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനസൂയ


" എന്താ എന്റെ മോളേ നീയിങ്ങനെ... ?? എന്നെ എന്തിനാ നീയിങ്ങനെ തീ തീറ്റിക്കുന്നത്.. ങേ.. ?"
കട്ടിലിലേക്കിരുന്നുകൊണ്ട്, അനസൂയയുടെ തലയെടുത്തു മടിയിലേക്കു വച്ചിട്ട് ദേവകിയമ്മ അനസൂയയോട് ചോദിച്ചു. അനസൂയയുടെ കണ്ണുകളിലെ സദാസമയത്തുമുള്ള ചെറിയ ചുവപ്പ് രാശി ഇന്നിപ്പോൾ കുടുതലായിട്ടുള്ളത് ദേവകിയമ്മ ശ്രദ്ധിച്ചു. വലിയ കണ്ണുകൾ. വില്ലുപോലെ വളഞ്ഞിരിക്കുന്ന ത്രെഡ് ചെയ്ത നേർത്ത പുരികങ്ങൾ. ചുവന്നു തുടുത്ത മുഖം. കോപം കൊണ്ട് വിറക്കുന്നതുപോലെയുള്ള ചുവന്നു നീണ്ട നാസിക. ഗോതമ്പും പാലും ചേർന്നതുപോലുള്ള നിറം. നീണ്ട കാലുകൾ. നല്ല ഉയരമുള്ള ഒതുങ്ങിയ ശരീരം. ഇതായിരുന്നു അനസൂയ. അമ്മ പ്രൊഫസർ ദേവകിയമ്മ, ഗവണ്മെന്റ് വിമൻസ് കോളേജിൽ സൈക്കോളജി വിഭാഗത്തിന്റെ മേധാവി ആയിരുന്നു. രണ്ടു വർഷം മുൻപ് റിട്ടയർ ചെയ്തു. അനസൂയയുടെ അച്ഛൻ സിംഗപ്പൂരിലാണ്, അവിടെ ബിസിനസ്സ് ചെയ്യുന്നു.
അനസൂയ ദേവകിയമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് കാലുകൾ നീട്ടിവച്ചു കിടന്നു. ദേവകിയമ്മ അവളുടെ നെറ്റിയിൽ പതിയെ തലോടി. അനസൂയയുടെ കണ്ണുകൾ നിറഞ്ഞു വന്നു. ദേവകിയമ്മ ഓർക്കുകയായിരുന്നു.. ആണായിട്ടും പെണ്ണായിട്ടും ഒരേ ഒരു മകൾ,. അനസൂയ. JNU വിൽ നിന്നും MBA കഴിഞ്ഞിട്ട് ഒരു കൊല്ലമാകുന്നു. ഇവളെയോർത്തു വേദനിക്കാത്ത ദിവസങ്ങളില്ല. ഒരു സൈക്കോളജിസ്റ് ആയ തനിക്കു ഇവളെ മനസ്സിലാകും, പക്ഷെ എല്ലാവർക്കുമാകുമോ.. ? ആൾക്കാരെന്തെല്ലാമാണ് പറയുന്നത്.. ?
എന്റെ കുഞ്ഞിന്റെ ജീവിതം എന്താകുവോ എന്തോ.. എന്റെ തേവരേ.. ! ഒന്നുരണ്ടു പ്രാവശ്യം സുഹൃത്തായ ഡോക്ടർ ഭവാനിയുടെ അടുത്ത് കൗൺസലിങ് നടത്തിയിട്ടും അനസൂയക്ക് ഒരു വ്യത്യാസവുമില്ല. ഇതൊരു രോഗമല്ലെന്നറിയാം.. എന്നാലും... ഞാനൊരമ്മയല്ലേ... !
ഇതവളുടെ വ്യക്തിത്വത്തിന്റെ പ്രശ്നമാണ്. ജന്മനാലുള്ള വ്യക്തിത്വം (Personality ). മനുഷ്യരിൽ അടിസ്ഥാനപരമായി കാണപ്പെടുന്ന നാല് വ്യക്തിത്വങ്ങളിൽ, സ്ത്രീകളിൽ അധികമാർക്കും കാണാത്ത വ്യക്തിത്വമാണ് ദൈവം അവൾക്കു കൊടുത്തത്.. കോളേരിക് പേഴ്സണാലിറ്റി (Choleric personality). ഒരു വ്യത്യസ്ഥമായ സ്വഭാവം (Temperament).
കോളേരിക് പേഴ്സണാലിറ്റി ഉള്ളവർ സാധാരണഗതിയിൽ നല്ല സംഘാടകരും, വാഗ്മികളും, നേതൃനിരയിലെത്തുന്നവരും, സത്യസന്ധരും, 'നേരേവാ നേരെപോ -വെട്ടൊന്ന് തുണ്ടം രണ്ട് ' സ്വഭാവക്കാരും ആയിരിക്കും. സുഹൃത്തുക്കളെക്കാൾ ശത്രുക്കളായിരിക്കും ഇക്കൂട്ടർക്ക് കൂടുതൽ.
അനസൂയ ആള് പാവമാണ്. പക്ഷെ പെട്ടെന്ന് ചൂടാവും, പൊട്ടിത്തെറിക്കും, അതുപോലെ പെട്ടെന്ന് തണുക്കുകയും ചെയ്യും. ശുദ്ധ മനസ്സാണ്. ഉള്ളിൽ കളങ്കമില്ല. മോശമായ എന്ത് കാര്യം കണ്ടാലും ഇടപെടും, തല്ലുണ്ടാക്കും. ആരുടെയും ഒരുതരത്തിലുള്ള വിളച്ചിലും അവളുടെ അടുത്ത് ചെലവാകില്ല.
ഒരാൺകുട്ടിയില്ലാത്ത ഒരുകുറവും അവളിവിടെ വരുത്തിയിട്ടില്ല. ചിലദിവസങ്ങളിൽ സ്ലീവ്‌ലെസ് ബനിയനുമിട്ട്, അച്ഛന്റെ ബുള്ളറ്റ് മോട്ടോർസൈക്കിളുമെടുത്ത്, ശരംപോലെ പാടവരമ്പുകൾക്കിടയിലെ റോഡിലൂടെ ഓടിച്ചു പോകും. അഴിഞ്ഞ മുടിക്കെട്ടു അന്തരീക്ഷത്തിൽ പറക്കുന്നത് കാണാൻ നല്ല ചേലാണ്. അതുകാണുന്ന അപ്പുറത്തെ നാണിത്തള്ള ചോദിക്കും " ടീച്ചറമ്മേ.. മോളെന്താ ഇങ്ങനൊക്കെ.. " മറുപടി ഒരു മന്ദഹാസത്തിൽ ഞാനൊതുക്കും. മിനിഞ്ഞാന്ന് മുകൾനിലയിലെ കുളിമുറിയിൽ കുളിച്ചതിനുശേഷം, അടിവസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ട് ടെറസ്സിലേക്കു തുണിയുണങ്ങാനിടന് പോകുന്നത് കണ്ടു. ഞാൻ ഓടിച്ചെന്നു ഉന്തിത്തള്ളി മുറിക്കകത്താക്കി കതകടച്ചു. പക്ഷെ അവൾക്കൊരു കൂസലുമില്ലായിരുന്നു. ഒരു പൊട്ടിച്ചിരി മാത്രം. 'Choleric personality carries aggression, energy and passion.' കോളേജിൽ പണ്ട് പഠിപ്പിച്ചതോർത്തു. എന്നാലും ഇങ്ങനുണ്ടോ ഒരു പെണ്ണ്.... !
തന്റേതല്ലാത്ത പലകാര്യങ്ങളിലും കേറി തലയിടും, അല്ലാ.. അതാണല്ലോ ഇന്ന് സംഭവിച്ചത്.. പതിവില്ലാതെ ഇന്ന് ബസിലാണ് അവൾ ടൗണിലേക്ക് പോയത്. തിരക്കുള്ള ബസ്സിൽവച്ച് ഒരു മധ്യവയസ്‌കൻ ഒരു കൗമാരക്കാരിയുടെ പിൻഭാഗത്ത് തോണ്ടുന്നത് അനസൂയ കണ്ടത്രേ. പെൺകുട്ടി അസ്വസ്ഥയും നിസ്സഹായയുമായി കാണപ്പെട്ടു. അനസൂയ തന്നെയാണ് ബെല്ലടിച്ചു വണ്ടി നിർത്തിച്ചത്. ശേഷം, മധ്യവയസ്കന്റെ അടിനാഭി നോക്കി ഒറ്റത്തൊഴി. വയറ് പൊത്തിപ്പിടിച്ചുകൊണ്ടു താഴേക്കിരുന്ന അയാളെ വലിച്ചുപോക്കി എഴുന്നേൽപ്പിച്ചു ഇടിയോടിടി. അയാളുടെ വായിലൂടെ ചോരവന്നു. പോലീസെത്തി മുന്നുപേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ നിന്നും വിളിച്ചപ്പോഴാണ് ഞാൻ വിവരമറിഞ്ഞത്. താക്കീത് നൽകി പോലീസ് വിട്ടയച്ചു. അതിന് ഞാൻ വഴക്ക് പറഞ്ഞതിനാണ് ഇപ്പോഴത്തെ ഈ കിടപ്പ്. അവൾ കോളേജിൽ പഠിക്കുന്ന കാലത്ത്, സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇടയിൽപെട്ട അവളോട് " നീ പെണ്ണാണോടി.. " എന്നൊരുത്തൻ ചോദിച്ചപ്പോൾ, "ഇന്നാ നോക്കടാ.. " എന്ന് പറഞ്ഞുകൊണ്ട് ധരിച്ചിരുന്ന ഉടയാടകൾ മൊത്തം മുകളിലേക്ക് പൊക്കിക്കാണിക്കാൻ തുടങ്ങിയപ്പോൾ, കൂട്ടുകാരി രേഷ്മയാണ് അവളെ പിടിച്ചുവലിച്ചു കൊണ്ട് പോയത്. രേഷ്മയില്ലായിരുന്നെങ്കിൽ... ?!
ദേവകിയമ്മ നെടുവീർപ്പിട്ടു.
പിന്നെയും.. ഒരിക്കൽ വീട്ടിൽ വള വിൽക്കാൻവന്ന ഒരു തമിഴൻ അണ്ണാച്ചിയെ, ഒറ്റ ചവിട്ടിന് മുറ്റത്ത് നിന്ന പതിനെട്ടാംപട്ട തെങ്ങിന്റെ ചുവട്ടിലിട്ടു. അണ്ണാച്ചി വള കയ്യിലിടാൻ കൊടുത്തപ്പോൾ അവളുടെ കൈത്തണ്ടയിൽ അമർത്തി പിടിച്ചുവത്രേ.... !
പിന്നൊരിക്കൽ മേലേക്ക് ചെളിവെള്ളം തെറിപ്പിച്ച് പാഞ്ഞുപോയ പ്രൈവറ്റ് ബസുകാരനെ, തിരിച്ചു വന്നപ്പോൾ ബുള്ളറ്റ് മോട്ടോർസൈക്കിൾ റോഡിനുകുറുകെ വച്ചു തടഞ്ഞുനിർത്തിയിട്ട്, ബസിൽ നിന്ന് പിടിച്ചിറക്കി,
ഒരുതൊട്ടി ചെളി അയാളുടെ തലയിലൂടെ കമഴ്ത്തി. അന്നെന്താരുന്നു ഒരു പുകില്. ആരെങ്കിലും എന്തെങ്കിലും ഇഷ്ടമില്ലാത്തത് ഫോണിലൂടെ പറഞ്ഞാൽ സ്വന്തം ഫോൺ ആണെന്ന് കരുതാതെ എറിഞ്ഞുടക്കും. അങ്ങനെ എത്രയെത്ര ഫോണുകൾ.
കഴിഞ്ഞ വൃശ്ചികത്തിൽ ഒരു കല്യാണം ഏകദേശം ഒത്തുവന്നതാണ്. പെണ്ണുകാണാൻ വന്ന ചെറുക്കനുമായി അകത്തെ മുറിയിലിരുന്ന് സംസാരിക്കുന്നത് കണ്ടിട്ടാണ് ഞാൻ അടുക്കളയിലേക്ക് പോയത്. എന്തോ തച്ചുടക്കുന്ന ശബ്ദവും അവളുടെ ആക്രോശവും കേട്ടാണ് ഞാൻ പെട്ടെന്ന് പുറത്തേക്ക് വന്നത്.. അവിടെ കണ്ട കാഴ്ച.. !! ചെറുക്കന്റെ ഫോൺ എറിഞ്ഞുടക്കപ്പെട്ട നിലയിൽ മുറ്റത്ത് തറയിൽ ചിതറിക്കിടക്കുന്നു. ചെക്കനെ അവൾതന്നെ ബലമായി ഉന്തിത്തള്ളി കാറിൽക്കയറ്റി, ശക്തിയായി ഡോർ വലിച്ചടച്ചു. "ഇനി നിന്നെയീ ഏരിയയിൽ കണ്ടുപോകരുത്.. " അവൾ ആക്രോശിച്ചു. കല്യാണത്തിന് മുൻപ് അവന് അവളുടെ "ഒരു സ്വകാര്യ ഫോട്ടോ " വേണംപോലും.. ഒരു കൺഫർമേഷന്
വേണ്ടിയാണത്രെ... അതാണവളെ ചൊടിപ്പിച്ചത്... ദേവകിയമ്മ ദീർഘനിശ്വാസമുതിർത്തു....
" എന്റെ ദേവൂട്ടിയെന്താ.. ഇത്രേം ചിന്തിക്കുന്നത്.. എന്തിനായിങ്ങനെ വിഷമിക്കുന്നത്.." അനസൂയ അമ്മയുടെ മടിയിൽ നിന്നും തലയുയർത്തി ചോദിച്ചു. "അടുത്തമാസം ഞാനങ്ങു പോവില്ലേ.. ലണ്ടനിൽ... പിന്നെ ദേവ്‌വമ്മ മാത്രം ഇവിടെ.. ഞാൻ ഇങ്ങനെയൊക്കെയാ അമ്മേ.. ഞാൻ എന്നെത്തന്നെ മാറ്റാൻ ഒരുപാട് ശ്രമിച്ചു.. പക്ഷെ നടക്കുന്നില്ലമ്മേ മാറാൻ.. ഈ കാണുന്നതാണ് ഞാൻ. എനിക്ക് മാറാനാവില്ലെന്നു ഞാൻ മനസ്സിലാക്കി. ഞാൻ മാറണമെങ്കിൽ ഞാനില്ലാതാകണം... അതേ മാർഗമുള്ളൂ.. "
അനസൂയ ഒന്നുനിർത്തി. " നീ മിണ്ടാതിരി.. നീ എങ്ങും പോകുന്നില്ല.. നീ മാറുകേം വേണ്ട.. നിന്നെ എനിക്കറിയാം.. നീ എന്റെകൂടെ, എന്റെ കണ്ണടയുന്നതുവരെ, ഇവിടെത്തന്നെ വേണം. "
ദേവകിയമ്മയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ അനസൂയയുടെ മുഖത്ത് വീണോ... !?
അനസൂയ അവളുടെ ദേവൂട്ടിയെ കെട്ടിപ്പിടിച്ചു...
*************************************************
ബിനു കല്ലറക്കൽ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot