Showing posts with label ബിനുകല്ലറക്കൽ. Show all posts
Showing posts with label ബിനുകല്ലറക്കൽ. Show all posts

കണാരേട്ടന്റെ മെയ്ദിനം


കണാരേട്ടന്റെ മെയ്ദിനം::
======================
"അങ്ങോട്ട് മാറി നില്ല് ..ചേട്ടാ ..തോരണം കെട്ടുന്ന കാണാൻ മേലേ "
പഞ്ചായത്ത് ആപ്പിസിന് മുൻപിൽ മെയ്ദിനം പ്രമാണിച്ച് തോരണം കെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളിൽ ഒരാൾ കണാരേട്ടനോട് അട്ടഹസിച്ചു .
കണാരേട്ടൻ വേച്ച് വേച്ച് ഒരു വശത്തേക്ക് ഒതുങ്ങി നിന്നു .
"മോനെ..ചന്ദ്രൻ എവിടെ .. ഞാൻ ചന്ദ്രനെ കാണാൻ വന്നതാ "
കണാരേട്ടൻ ആ തൊഴിലാളിയോട് ചോദിച്ചു .
" ഏത് ചന്ദ്രൻ ? "
"പഞ്ചായത്ത് പ്രസിഡന്റ് "
"ങ്ങാ ..അങ്ങനെ നേരെ പറ കെളവാ ..ചന്ദ്രൻ എന്നൊക്കെ കുറുക്കെ കേറിയങ്ങ് വിളിക്കാൻ തന്റെ മടീലിരുത്തിയാണോ പേരിട്ടത് .. ങാ ചന്ദ്രൻ സാർ പാർട്ടി ആപ്പീസിൽ കാണും ..കാണണേൽ അങ്ങോട്ട് ചെല്ല് "
കണാരേട്ടൻ പതിയെ അങ്ങോട്ട് നടന്നു .
•••• •••• •••••
" ഡാ ..ഗംഗാരാ ..ജംഗ്ഷനിലെല്ലാം ബാനറും തോരണോം നന്നായിട്ട് കെട്ടണം .നമ്മുടെ പാർട്ടി ഭരിക്കുന്ന പഞ്ചായത്താ ..ഒന്നിനും കുറവ് വേണ്ട.കാശ് വല്ലോം വേണേൽ നമ്മുടെ "പവിത്ര" ബാർ മുതലാളിയോട് വാങ്ങിക്കോ "
ചന്ദ്രൻ ,ഗംഗാധരനോട് പറഞ്ഞു .
" സാറിനെക്കാണാൻ ഒരാൾ വന്നിട്ടുണ്ട് .പഞ്ചായത്ത് ഇന്ന് ഒഴിവാണെന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല .സാറിനെ കണ്ടിട്ടേ പോന്നോള്ളുന്ന പറേണെ " ഗംഗാധരൻ തലേ ചൊറിഞ്ഞോണ്ട് അറിയിച്ചു .
" ആരാടാ ..? ഓരോ ശല്യങ്ങള് വലിഞ്ഞുകേറി വരും .!!" ങ്ങാ കേറ്റിവിട് "
"ആരാ ..മനസിലായില്ലല്ലോ "
അകത്തേക്ക് കേറിവന്ന കണാരേട്ടനെ നോക്കി നെറ്റി ചുളിച്ചോണ്ട് ചന്ദ്രൻ ചോദിച്ചു .
"എന്നെ ചന്ദ്രന് മനസിലായില്ലേ ..നമ്മളോരുമിച്ചല്ലേ കുടികിടപ്പ് സമരവും,വാളയാർ സമരവുമൊക്കെ നടത്തിയത് .നമ്മളോരുമിച്ചല്ലേ വിയ്യൂർ ജയിലിൽ കിടന്നത് ?"
"ആ..ഞാനൊന്നുമോർക്കുന്നില്ല ..എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത് ?"
" പഞ്ചായത്ത് ,പാവപ്പെട്ടവർക്ക് കിണർ കുഴിക്കാൻ പൈസ കൊടുക്കുന്നൂന്ന് കേട്ടു .ഞാൻ പലവട്ടം ആപ്പീസിൽ ചെന്നിട്ടും നടന്നില്ല .ചന്ദ്രനെ കാണാനാ പറയുന്നത് "
"തനിയ്ക്ക് പാർട്ടി മെമ്പർഷിപ് ഉണ്ടോ ,അടുത്തിടെ വല്ല സമരത്തിൽ പങ്കെടുത്തോ ?
ഇലെക്ഷൻ ഫണ്ടിലേക്ക് കാശ് വല്ലോം കൊടുത്താരുന്നോ "
"ചന്ദ്രാ ..എനിക്ക് വയസായില്ലേ ..ഇനിയെന്ത് പാർട്ടി ? എന്റെ കൈയിലെവിടുന്നാ കാശ് ..ആകുന്ന കാലത്ത് പാർട്ടിക്ക് വേണ്ടി തല്ലുകൊണ്ടവനല്ലേ ഞാൻ ?"
" താൻ പഴമ്പുരാണം പറയാതെ സ്ഥലംവിടാൻ നോക്ക് .ആനുകൂല്യങ്ങളൊക്ക നാടിന് വേണ്ടി പ്രവർത്തിക്കുന്നവർക്കുള്ളതാ ...അല്ലാതെ ആശയം പുഴുങ്ങിത്തിന്നാൻ പറ്റൂല "
"ചന്ദ്രാ .."
"വിട്ടോ ..വണ്ടിവിട്ടോ ..
ഗംഗാരാ ..."
കണാരേട്ടൻ കുനിഞ്ഞ ശിരസോടെ അവിടുന്നിറങ്ങി ,പതുക്കെ നടന്നു ,വെയിലിലുടെ .
••••••• •••••• •••••••
ചന്ദ്രൻ പാർട്ടി ആപ്പീസിൽ നിന്ന് ഇറങ്ങി ,തന്റെ ആഡംബരക്കാരിലേക്ക് കയറി .
ഫോൺ ബെല്ലടിച്ചു .വാർഡ് മെമ്പർ ലീലാമണി .
"ചന്ദ്രേട്ടാ ..എവിടാ .ഇങ്ങോട്ടൊന്നും ഇപ്പോ വരത്തേയില്ലല്ലോ ..
കിണറിനുള്ള കാശ് തരാമെന്ന് പറഞ്ഞല്ലോ .എന്തായി ? എനിക്ക് നേരത്തെതന്നെ കിണറുണ്ടെന്നുള്ളത് സത്യാ ..എന്നാലും ഈ കാശ് കിട്ടിയിരുന്നെങ്കിൽ "
ലീലാമണി കൊഞ്ചിക്കുഴഞ്ഞു .
"വൈകിട്ട് കാണാടീ ..നിനക്ക് കിണറ് തന്നില്ലേൽ പിന്നാർക്കാ "
ചന്ദ്രേട്ടൻ പ്രായം മറന്ന് കുലുങ്ങിചിരിച്ചു .ചിരിയോടൊപ്പം കുടവയറും കുലുങ്ങി .
••••• ••••••••• •••••••
കണാരേട്ടൻ നടന്ന് വീട്ടിലെത്തി .
"ദേവിയേ ..അല്പം വെള്ളം ഇങ്ങോട്ടെടുക്ക് .വല്ലാത്ത ദാഹം "
ദേവിയേടത്തി വെള്ളവുമായി വന്നു .
"പോയകാര്യം എന്തായി "
"നമ്മള് സമരത്തിൽ പങ്കെടുത്തിട്ടുണ്ടോന്ന് ചോദിച്ചു .ഇല്ലേൽ കിണറ് തരില്ലാന്ന് പോലും "
കണാരേട്ടൻ വിളറിച്ചിരിച്ചു .
അടിവയറ്റിൽ ലാത്തികൊണ്ടുള്ള കുത്തും ചോരച്ചാലും കുഞ്ഞുമുഖവും ദേവിയേടത്തിയുടെ മനസിലൂടെ ഓടിമറഞ്ഞു .
••••••••• •••••••••••• •••••••
വൈകിട്ട് :
വിയർപ്പിൽ കുളിച്ചിരിക്കുന്നു ചന്ദ്രേട്ടൻ .
അടുത്തുകിടക്കുന്ന ലീലാമണിയെ ചുണ്ടുകോട്ടിയൊന്ന് നോക്കി ചന്ദ്രൻ.
ഇടിഞ്ഞുതൂങ്ങിയ അർദ്ധനഗ്നമായ ശരീരം .
"ഈ ചന്ദ്രേട്ടന്റെ ഒരു നോട്ടം .. "
ലീലാമണി കിലുങ്ങിചിരിച്ചപ്പോൾ,ചന്ദ്രേട്ടൻ തുറന്നുകിടന്ന വാതിലിലൂടെ, അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന, ലീലാമണിയുടെ 16 വയസുള്ള മകളുടെ,ശ്വാസഗതിക്കൊപ്പം ഉയർന്നുതാഴുന്ന നിമ്നോന്നതങ്ങളുടെ അളവെടുക്കുകയായിരുന്നു ,കണ്ണുകൾകൊണ്ട് .
"പൊതുപ്രവർത്തനത്തിലേക്ക് യുവാക്കളും കടന്നുവരേണ്ട സമയം കഴിഞ്ഞിരിക്കുന്നു "
ചന്ദ്രേട്ടൻ ലീലാമണിയോട് പറഞ്ഞു .
ബിനു കല്ലറക്കൽ .

ഒരു മറുപടിക്കവിത: വിഷയം: ലൈക്ക്


ലൈക്കുകൾ ലൈക്കുകൾ സർവ്വത്ര
കിട്ടാനൊന്നുമേയില്ലത്ര
അപ്പുറം പോസ്റ്റിൽ കണ്ടത്രെ
ഇപ്പുറം പോസ്റ്റിൽ കണ്ടത്രെ
എന്നുടെ പോസ്റ്റിൽ ഇല്ലത്രെ .
ലൈക്കുകളെനിക്കിനി തന്നില്ലാകിൽ
വെട്ടും നിന്നുടെ പേരത്രേ
പോസ്റ്റിന്നടിയിൽ കുറിച്ചില്ലെങ്കിൽ
"ബ്ലോക്കും നിന്നെ" പറഞ്ഞത്രേ .
"ഇൻബോക്സ''തിലൊരു മെസ്സേജ് വന്നു
പരാതി,പരിഭവ ,മരിശം പൂണ്ടു
എന്തട മർക്കട ശുoഭാ,ശുനകാ
തന്നീടാത്തതെന്തേ,യൊരു ലൈക്ക്
ടാഗുകൾ ,മെൻഷൻ,ഭീഷണി ,പുഞ്ചിരി
ലൈക്കുകൾ കിട്ടാൻ പലവിധമാർഗ്ഗം.
ലൈക്കുകളിനിയും തന്നില്ലെങ്കിൽ
പുരകളതഗ്നിക്കിരയാക്കീടും ..
പിന്നൊരു കൂട്ടർ,കവനം ചെയ്‌വോർ
സ്വയമായയ്യോ ലൈക്ക് ചെയ്യുന്നു
ഇദ്ധരയിലിങ്ങനെ ലൈക്കുകൾ തെണ്ടാൻ
അൽപ്പവുമില്ലാ മാനക്കേട് .
ലൈക്കില്ലെന്നൊരു കാരണം ചൊല്ലി
തൂലികപോലുമെറിഞ്ഞൊരു വങ്കൻ
പൊന്നുവിതയ്ക്കും താളുകളെല്ലാം
ചീന്തിയെറിഞ്ഞാ,മന്ദശിരോമണി .
ലൈക്കില്ലേലും, കമന്റില്ലേലും
എന്നുടെ അക്ഷരം സ്വർണ്ണനിറം
എന്നും പുതിയൊരു താളതിലൊന്നിൽ,
പകർന്നുവയ്ക്കും പുതുവർണ്ണങ്ങൾ
ഹന്ത ! ഇതെന്തൊരു കഷ്ടം
ലൈക്കില്ലെങ്കിൽ കരഞ്ഞീടാമോ !
ലൈക്കില്ലേലും ടാഗില്ലേലും
തുടരുക നിങ്ങൾ തന്നുടെ കർമ്മം

ഇരട്ടപ്പേര്

Image may contain: one or more people and closeup

മലയാളികളുടെ ശ്രദ്ധേയമായ "ഗുണ"ഗണങ്ങളിൽപ്പെട്ട ഒരുകാര്യമാണ് "ഇരട്ടപ്പേര് വിളി".അതായത് മാന്യമായ പേരുള്ളവർക്ക് അതുമായോ അവരുമായോ യാതൊരുവിധത്തിലുമുള്ള ബന്ധമില്ലാത്ത പേരുകൾ നാട്ടുകാർ ഉണ്ടാക്കി ചാർത്തിക്കൊടുക്കുന്നു .
ആഫ്രിക്കൻ രാജ്യങ്ങളുൾപ്പടെ പലരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള(ഓരോ ആവശ്യങ്ങൾക്ക്),ദിനവും വിവിധ രാജ്യങ്ങളിൽനിന്നുള്ള ആളുകളുമായി സഹകരിക്കുന്ന ഒരാളെന്നനിലയിൽ ,മറ്റൊരിടത്തും ഇങ്ങനെ ഒരു പ്രതിഭാസം ഉള്ളതായി ഞാൻ കണ്ടിട്ടില്ല,അറിഞ്ഞിട്ടുമില്ല.
മലയാളികൾക്ക് ഇങ്ങനെ ഒരുപാട് 'ഗുണ'ങ്ങളുണ്ട്.അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല .
മലയാളികളുടെ ഈ "പേരിടീൽ കർമ്മം" സ്കൂൾ കാലഘട്ടം മുതൽ തുടങ്ങുന്നു.സ്കൂളിലെ ഉച്ചക്കഞ്ഞി രണ്ടാം വട്ടവും വാങ്ങുന്ന കുഞ്ഞുമോൻ എന്ന ആളിനെ "കഞ്ഞിക്കുഞ്ഞുമോൻ" എന്നും,ചന്തയിൽ ഇറച്ചിക്കച്ചവടം നടത്തുന്ന സുലൈമാനെ "പോത്ത് സുലൈമാൻ "എന്നും, മുൻനിരയിൽ മൂന്ന് പല്ലുകൾ തള്ളിയ കുഞ്ഞാലിയെ "ചീങ്കണ്ണിക്കുഞ്ഞാലി" എന്നും,റോഡ് ടാർ ചെയ്യാൻ വച്ചിരുന്ന ടാർവീപ്പയിൽ വീണ അശോകനെ "കരിമന്തി അശോകൻ" എന്നും ,വീട്ടിലെ ദാരിദ്ര്യം കാരണം, വലിയ മീൻ വാങ്ങാതെ എന്നും ചാളമീൻ വാങ്ങുന്ന മേരിച്ചേച്ചിയെ "ചാള മേരി"എന്നും, ഏതൊരു നല്ല കാര്യത്തിനും "നല്ലവാക്ക് " പറഞ്ഞ് പിറ്റേന്ന് തന്നെ അതിനെയുണക്കുന്ന രാമനെ "കരിങ്കണ്ണൻ രാമൻ " എന്നും,സെമിത്തേരിയ്ക്കടുത്ത് വീടുവച്ച് താമസിക്കുന്ന മത്തായിച്ചനെ "സാത്താൻ മത്തായി" എന്നും നാട്ടുകാർ ഇരട്ടപ്പേരിട്ടു വിളിച്ചു.
അധ്യാപകർക്കും ഇരട്ടപ്പേരുകൾ വീഴാറുണ്ട് .സ്ഫടികം സിനിമയിലെ തിലകന്റെ കഥാപാത്രം (കടുവ),കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളിലെ "കാലൻ മത്തായി" തുടങ്ങിയവ സിനിമയിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ .
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ,
ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിൽ ചിലപ്പോൾ പൊരിഞ്ഞതല്ലും നടക്കാറുണ്ട് .
ഒരിക്കൽ,കൊരട്ടി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന കാലത്ത് ,അങ്കമാലിയിലുള്ള ഒരു സുഹൃത്തിനെ കണ്ടിട്ട് തിരിച്ചുവരുന്ന വഴിക്ക് ,കറുകുറ്റി (അങ്കമാലിക്കും കൊരട്ടിക്കും ഇടയിലുള്ള ഒരു സ്ഥലം) എലഗൻസ് ബാറിന്റെ മുൻപിൽ ഒരു ചെറിയ ആൾക്കൂട്ടം കണ്ടു .ബസിന് വെളിയിലേക്ക് നോക്കിയപ്പോൾ ,അവിടെ പൊരിഞ്ഞ തല്ല് നടക്കുന്നു .ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ കൂടെ ജോലി ചെയ്യുന്ന സുഹൃത്താണ് തല്ലുകാരിൽ ഒരാൾ .ബസ് നിർത്തിച്ച് ഞാനോടിയിറങ്ങിച്ചെന്നു.രണ്ടുപേരെയും പിടിച്ചുമാറ്റി .രണ്ടുപേരും കുറേശ്ശേ സേവിച്ചിട്ടുണ്ടെന്ന് മനസിലായി.
"എന്താടാ പ്രശ്‍നം ? " ഞാൻ കൂട്ടുകാരനോട് ഗൗരവത്തോടെ ചോദിച്ചു."അത് പിന്നെ ..ഇവൻ എന്നെ ഇരട്ടപ്പേര് വിളിച്ചു " കൂട്ടുകാരൻ,അടർന്നുപോയ ഷർട്ടിന്റെ ബട്ടൻസ് കൂട്ടിച്ചേർക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് പറഞ്ഞു ."ഓഹോ ..ഇരട്ടപ്പേര് വിളിച്ചാലുടൻ റോഡിൽ കിടന്ന് തല്ലുണ്ടാക്കും അല്ലേ ...കൊച്ചുപിള്ളേരെപ്പോലെ ? അതിരിക്കട്ടെ എന്താ ഇവൻ വിളിച്ചത് .."
ഞാനവന്റെ മുഖത്തേക്ക് നോക്കി ."കാളക്കണ്ണൻ ഷാജീന്ന് " ചങ്ക് മറുപടി പറഞ്ഞു. ഉള്ളിൽ ചിരിപൊട്ടിയെങ്കിലും,ഞാനത് പുറമേ കാണിക്കാതെ ഗൗരവം വിടാതെ നിന്നു .
കാളയുമായോ ,അതിന്റെ കണ്ണുമായോ ഷാജിയ്ക്ക് യാതൊരു ബന്ധവുമില്ല .സംഭവം എന്താണെന്ന് വച്ചാൽ കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ പോകുമ്പോഴെല്ലാം ഷാജി ആവേശപൂർവ്വം കഴിച്ചിരുന്നത് "ബുൾസ് ഐ " ആയിരുന്നു .അങ്ങനെ പോകെപ്പോകെ ഷാജി "കാളക്കണ്ണൻ"ഷാജിയായി .
ഇപ്പോൾ ,സമൂഹത്തിലെ 'പ്രമുഖരേയും' മലയാളികൾ ഓരോരോ പേരിട്ട് വിളിക്കാൻ തുടങ്ങി .ഏതോ ഹോട്ടലിൽ ഉള്ളിക്കറി കഴിച്ചുകൊണ്ടിരുന്ന നമ്മുടെ സുരേന്ദ്രൻ ചേട്ടനെ "ഉള്ളിസുര" എന്നും,വിവാദമായ 1,2,3 പ്രസംഗം നടത്തി ജയിലിലായ മണിയാശാനെ "1,2,3 മണിയെന്നും", ഇല്ലാത്ത Xtra ചങ്ക് കൂടി ആരോപിച്ച് നമ്മുടെ വിജയേട്ടനെ "ഇരട്ടചങ്കൻ" എന്നും,നാടിന്റെ 'നന്മയ്ക്കായി നാട്ടിലെങ്ങും സോളാർ പാനലുകൾ നിർമ്മിയ്ക്കാൻ മുൻകൈയെടുത്ത ചാണ്ടിച്ചായനെ "സോളാർ ചാണ്ടി " യെന്നും ആൾക്കാർ നിഷ്കരുണം വിളിച്ചു ,വിളിക്കുന്നു .നാട്ടുകാരെ പോത്തിറച്ചി വച്ച് പ്രീതിപ്പെടുത്താൻ പോയ രാജേഷ് സഖാവിനെ "പോത്ത് രാജേഷ് " എന്ന് വിളിച്ചവരുമുണ്ട് .
ഇങ്ങനെയൊക്കെ ചെയ്യുന്നത് അപഹാസ്യമാണ് എന്നത് സത്യമാണെങ്കിലും ,മലയാളി ഒരിക്കലുമത് തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല .തീർച്ചയായും ഇതൊരു മോശം ഏർപ്പാടാണെന്നുള്ളതിൽ ഒരു സംശയവുമില്ല.മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിച്ച് രസിക്കുന്ന മലയാളി,ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .
😪😪😉
ബിനു കല്ലറക്കൽ

ആവണിപ്പാട്ട്


ആവണിപ്പാട്ടിന്റെ ആവേശമോലുന്ന
ആർപ്പുവിളിയങ്ങ് ദൂരേ
ഉത്രാടപ്പൂനിലാവും ആർപ്പുവിളികളും
ആമോദത്തോടങ്ങ് ദൂരേ
തുമ്പയും മുല്ലയും തെച്ചിയും മന്ദാരവും ,
ഒന്നിച്ചു പൂക്കുന്നീനെഞ്ചിൽ! എന്റെ,യിടനെഞ്ചിൽ
മുറ്റത്തെ മാവിന്റെ പൂക്കാത്ത ചില്ലയിൽ
ചേലൊത്തൊരൂഞ്ഞാല് വേണം !
അന്നൊരുനാളിലാ,ത്തിരുവോണത്തിന് ,
ഉണ്ണികൾ മുറ്റംനിറയെ !
അഷ്ടിക്കില്ലാത്തോരും പുഷ്ടിയായ് നിറയെ,
മനം നിറഞ്ഞുണ്ണുന്നോരോണം .
അകലെയായ് കേൾക്കാമെനിക്കിന്നാ,
മാമലനാടിന്റെ പൂവിളികൾ
ഇക്കടലിനക്കരെ കോടിയുടുക്കുന്ന ,
മലനാട് പൂകുവാനെൻ മോഹം .
ബിനു കല്ലറക്കൽ.

ചെമ്പകപ്പൂക്കളുടെ വീട്


കൊച്ചിയിൽ നിന്നും ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുമ്പോൾ
രാവിലെ എട്ട് മണി കഴിഞ്ഞിരുന്നു .തെളിഞ്ഞ ആകാശം .ഓർമ്മകളുടെ ഗന്ധമുള്ള, ഉപ്പുരസമുള്ള കാറ്റ് എന്റെ മുഖത്തെ തഴുകിത്തലോടി.
വിനീത് വെളിയിൽ കാറുമായി കാത്തുനിൽപ്പുണ്ടായിരുന്നു .കാലം അവനിൽ യാതൊരു മാറ്റം വരുത്തിയിട്ടില്ലെന്ന് തോന്നി.നല്ലവണ്ണം വെളുത്ത് മെലിഞ്ഞ രൂപം .പണ്ട് കാര്യവട്ടം ക്യാമ്പസിൽ പഠിച്ചിരുന്ന സമയത്തുള്ള അവന്റെ രൂപത്തിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല,തലനാരിഴകളിൽ ചിലതിൽ വെള്ളിവീണതൊഴിച്ചാൽ.
"യാത്രയൊക്കെ സുഖമായിരുന്നോ " എന്ന അവന്റെ ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.ചെറിയ ട്രോളിബാഗെടുത്ത് അവൻ ഡിക്കിയിൽ വച്ചു.
"ഓർമ്മയുണ്ടോ ഈ സ്ഥലങ്ങളൊക്കെ .." കാർ പോത്തൻകോടെത്തിയപ്പോൾ അവൻ ചോദിച്ചു.
"പിന്നെ ..ഇതൊക്കെ ഞാനെന്നെങ്കിലും മറക്കുമോടാ ...ഇതെല്ലാം ഒന്നുകൂടി കാണണമെന്ന് തോന്നിയതിന്റെ ഫലമാണല്ലോ ഈ വരവ് തന്നെ ..." ഞാൻ മറുപടി പറഞ്ഞു.
വെളിയിൽ നേർത്ത കടൽക്കാറ്റിൽ തലപ്പുകളിളക്കുന്ന തെങ്ങുകൾ .നിറയെ തേങ്ങയുള്ള തെങ്ങുകൾ തിരുവനന്തപുരത്തിന്റെ ഒരു പ്രത്യേകതയാണല്ലോ .
നല്ല കാലാവസ്ഥയും ,ഭൂപ്രകൃതിയും തിരുവനന്തപുരത്തോടുള്ള എന്റെ പ്രണയത്തിന്റെ കാരണങ്ങളിലൊന്നാണ് .
പൗഡിക്കോണം കഴിഞ്ഞ് കാർ വലിയൊരു രണ്ടുനിലവീടിന്റെ മുറ്റത്തേക്ക് കയറി .
എട്ട് വയസ് തോന്നിക്കുന്ന കണ്ണടവെച്ച ഒരുപെൺകുട്ടി ഇറങ്ങി വന്നു ,അവനോട് ചേർന്നുനിന്നു .
"മകളാണ് .രാജി .ഞാൻ ഫോട്ടോ അയച്ചിരുന്നല്ലോ .."വിനീത് പറഞ്ഞു.
"പിന്നേ ..എനിക്കറിയില്ലേ ..ഇവളെ .നേരിട്ട് കണ്ടിട്ടില്ലന്നല്ലേയുള്ളു .അല്ലേ മോളെ .." ഞാനവളുടെ തലയിൽ തലോടി .
"ഇവളുടെ അമ്മ ഡപ്യൂട്ടേഷനിൽ പോയിരിക്കുവാ ,ചെന്നൈയിൽ ..രണ്ട് മാസം കഴിഞ്ഞു ഇപ്പോൾ ." വിനീത് പറഞ്ഞുകൊണ്ട് എന്നെയും കൊണ്ട് അകത്തേക്ക് കയറി .
"വിനീത് ..എനിക്കിവിടമെല്ലാം ഒന്ന് നടന്നു കാണണം .നമ്മൾ അന്ന് നടന്നിരുന്ന വഴികൾ .താമസിച്ച വീട് ...പിന്നെ ആ ചെമ്പകപ്പൂക്കൾ ഉള്ള വീട് ..." ഐസിട്ട വിസ്കിഗ്ലാസ്സ് ചുണ്ടോട് അടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു .
"യൂ മീൻ കേരളാദിത്യപുരം .?"വിനീത് നെറ്റിചുളിച്ചു ."ഉം .." എന്തോ ഓർത്തുകൊണ്ട് ഞാൻ മൂളി .
ഗ്ലാസിൽ രണ്ടാമതും വിസ്കി നിറച്ചുകൊണ്ട് ഞാൻ എഴുന്നേറ്റു .രണ്ടാംനിലയിലെ ബാൽക്കണിയുടെ ഗ്രില്ലിൽ പിടിച്ചുകൊണ്ട് താഴേക്ക് നോക്കി .എത്രഭംഗിയായിട്ടാണ് വിനീത് ഈ വീടിന്റെ പരിസരം ക്രമീകരിച്ചിരിക്കുന്നത് .
മതിലിന് മുകളിലൂടെ പുറത്തേക്ക് വളർന്നുനിൽക്കുന്ന ബോഗൺവില്ല.ഒരരികിലായി "ശവംനാറിപ്പൂക്കളുടെ "വലിയ നിര .വെള്ളയും വയലറ്റുമുണ്ട് .മുറ്റത്തിന്റെ ഒരു കോണിൽ വലിയപൊക്കമില്ലാത്ത ചെമ്പകമരങ്ങൾ ,അതിൽ നിറയെ പൂവുകൾ .ചിലത് താഴെവീണുകിടക്കുന്നു .മതിലിന്റെ കിഴക്കുഭാഗത്തായി വലിയ വാളൻപുളിമരം.
"നിനക്ക് ചെമ്പകപ്പൂക്കളോടും ശവംനാറിപ്പൂക്കളോടുമുള്ള പ്രണയം ഇതുവരെ പോയിട്ടില്ല ,അല്ലേ .."തൊട്ടരികിൽ വന്നുനിന്ന വിനീതിനോട് ഞാൻ ചോദിച്ചു .
"പ്രണയം ...അതിപ്പോൾ ഇവയോടൊക്കെയേ ഉള്ളൂ ..ബാക്കിയുള്ളതൊക്കെ എന്റെയുള്ളിൽ പോറലുകളേൽപ്പിച്ചു കൊണ്ട് എന്നേ പോയിമറഞ്ഞില്ലേ ...പിന്നെ ഈ നാടിനോടുള്ള പ്രണയം .അതെന്നുമുണ്ടാകും .അതുകൊണ്ടാണല്ലോ ജോലി കിട്ടിക്കഴിഞ്ഞ് ഈ നാട്ടിൽത്തന്നെ താമസമാക്കിയത് ..." തന്റെ ഗ്ലാസ് സിപ്പ് ചെയ്തുകൊണ്ട് വിനീത് പറഞ്ഞു .
ലാൻഡിങ്ങിന് സിഗ്നൽ കിട്ടാത്ത ഏതോ ഒരു വിമാനം വീടിന് മുകളിലൂടെ ശബ്ദമുണ്ടാക്കികൊണ്ട് അകന്നുപോയി .
വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം ,രണ്ടുപേരും പുറത്തേക്കിറങ്ങി .
അവൻ കാറിറക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു, "വേണ്ട ..നടന്നു തന്നെ പോകാം ..പോകണം .പണ്ടത്തെ കാര്യവട്ടം കാമ്പസിലെ ആ വിദ്യാർത്ഥികളായി ..വട്ടവിളയിലെ വീട്ടിലെ പേയിങ് ഗെസ്റ്റുകളായി .."
ഞാനവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടം നിർവ്വികാരമായിരുന്നു .
പണ്ടത്തെ നെൽപ്പാടങ്ങളൊക്കെ നികത്തി വാഴയും തെങ്ങും നട്ടിരിയ്ക്കുന്നു .കവുങ്ങുമുണ്ട് .നല്ല പച്ചനിറമുള്ള തെങ്ങുകളും കവുങ്ങുകളും.കവുങ്ങുകളിൽ ചിലതിൽ നല്ല ഓറഞ്ചുനിറത്തിൽ അടയ്ക്കാക്കുലകൾ.
വീണ്ടും മുന്നോട്ട് നടന്നു .
വാഴക്കൂട്ടങ്ങൾക്കിടയിൽ ഷീറ്റുമേഞ്ഞ വീടുകൾ .പലതും വെട്ടുകല്ല് കൊണ്ട് ഉണ്ടാക്കിയതാണ് .വീടുകൾക്ക് ചുറ്റും തിരുവനന്തപുരം ശൈലിയിൽ സംസാരിച്ചുകൊണ്ട് ഓടിക്കളിക്കുന്ന കുട്ടികൾ .
"നമ്മൾ ,ഈ കലുങ്കിൽ വന്നിരുന്ന് ദാസേട്ടന്റെ ഹരിമുരളീരവം പാടാൻ ശ്രമിച്ചതും ,നീ എപ്പോഴും ശ്വാസം കിട്ടാതെ ,പാട്ട് മുഴുമിപ്പിക്കാൻ കഴിയാതെ തോറ്റു തുന്നം പാടിയതും ഓർക്കുന്നോ .."
കമുകിൻ തോപ്പുകൾക്കിടയിലൂടെ ഒഴുകുന്ന തോട്ടിന്റെ കരയിലെ കലങ്കു ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു .അവനൊന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല .അവനും എന്തൊക്കെയോ ഓർത്തെടുക്കുവാൻ ശ്രമിക്കുകയാണെന്ന് തോന്നി .അതോ മറക്കുവാനോ .
നടന്നു നടന്ന് ആ വീട്ടിന് മുന്നിലെത്തിയതറിഞ്ഞില്ല .ചെമ്പകപ്പൂക്കളുടെ വീട് .ആ പഴയ ചെമ്പകമരങ്ങൾ അവിടെത്തന്നെയുണ്ട് .വളർച്ച മുരടിച്ച് ,ചില്ലകൾ കുറഞ്ഞിരിക്കുന്നു .പൂക്കൾ കുറവാണെങ്കിലും ,ഉണ്ട് ഇപ്പോഴും .
മതിലുകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു .കാട് കയറിക്കിടക്കുകയാണ് മുറ്റം മുഴുവൻ .വീടിന്റെ മുകളിലേക്ക് വരെ പാഴ്ചെടികൾ വളർന്നുകയറിയിരിക്കുന്നു .വാതിലുകളും ജനലുകളുമെല്ലാം അടർന്നു വീഴാറായിരിക്കുന്നു.
അതിനുള്ളിൽ നിന്ന്,കാവിമുണ്ട് വയറൊപ്പം കയറ്റിയുടുത്ത രണ്ട് രൂപങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടോ ..''അണ്ണാ ..അണ്ണാ ..വിശപ്പ് ..നിങ്ങള് മണ്ണന്തലേ പോയിട്ട് എപ്പഴാ അണ്ണാ വരണത് .." ഒട്ടിയ വയറിൽ കൈവച്ചുകൊണ്ട് ആ മനുഷ്യരൂപങ്ങൾ ചോദിക്കുന്നുണ്ടോ ..
" ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ ..അവര് രണ്ടും പോയി .മൂത്തയാളിനെ പാമ്പോ മറ്റോ കടിച്ചതാണെന്ന് തോന്നുന്നു .രാവിലെ കരിനീലിച്ചു മുറ്റത്ത് കിടപ്പുണ്ടായിയുന്നു .ശവം എടുത്ത് ദഹിപ്പിക്കാൻ പോലും നാട്ടുകാരെ സമ്മതിക്കാതെ ,ആ ശരീരത്തിൽ കെട്ടിപ്പിടിച്ച് കൊണ്ട് രണ്ടാമത്തെയാൾ .ഏറെ പണിപ്പെട്ടു ശരീരം സംസ്കരിക്കാൻ .പക്ഷെ പിറ്റേന്ന് തന്നെ മറ്റെയാളും ...
രാജകുടുംബമായിരുന്നുവെന്ന് പറഞ്ഞിട്ടെന്ത് കാര്യം .അനാഥരായിരുന്നു..കൂടെ മനസികാസ്വാസ്ഥ്യവും.എന്നാലും അവർ നമുക്കെന്തൊക്കെയോ ആയിരുന്നല്ലോ ,തിരിച്ചും ."വിനീത് പറഞ്ഞു നിർത്തി.
തെങ്ങോലകളെ ഇളക്കിമറിച്ചുകൊണ്ട് ഒരു കാറ്റുവന്ന് ,ഞങ്ങളെ മുട്ടിയുരുമ്മി കടന്നുപോയി.
മുറ്റത്തെ ചെമ്പകമരങ്ങളിൽ നിന്നും അവശേഷിച്ച ചില പൂക്കൾ ,കാറ്റിന്റെ ശക്തിയിൽ ഞങ്ങളുടെ മുന്നിലേക്ക് പറന്നുവീണു .
സൂര്യൻ കടലിനടിയിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു ,അപ്പോൾ .
ബിനു കല്ലറക്കൽ.

:: നൊങ്ക് :: (കഥ )


:: നൊങ്ക് :: (കഥ )
---------=-----------=--------=-----------=-------------------------- തെങ്കാശി ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ രാവിലെ ആറ് മണി കഴിഞ്ഞിരുന്നു.മലയിടുക്കുകളെ തഴുകിയെത്തുന്ന കാറ്റിന് പിച്ചിപ്പൂവിന്റെ സുഗന്ധമായിരുന്നു .
സ്റ്റാൻഡിൽ നിരനിരയായി തമിഴന്റെ ബസുകൾ .അതിലേക്ക് കൊട്ടയും വട്ടിയും പിള്ളേരുമൊക്കെയായി തള്ളിക്കയറുന്ന തമിഴ് മക്കൾ .ഇടയിൽ ഒരു കേരളാ ബസും കണ്ടു .ഡ്രൈവർ ചായകുടിക്കാൻ പോയിരിക്കുവാണെന്ന് തോന്നുന്നു .
പ്രഭാതമാണെങ്കിലും നല്ല ചൂടുണ്ട് .ബസ് സ്റാൻഡിനരികിലായി ചായപ്പീടികകൾ.ചെറിയ ഗ്ലാസിൽ അരഭാഗം മാത്രം വരുന്ന,എരുമപ്പാൽ ചേർത്ത് കടുപ്പത്തിലുണ്ടാക്കുന്ന ചായ,നല്ല രസമാണ് കുടിക്കാൻ .
"പൂ ..പിച്ചിപ്പൂ ..മല്ലിപ്പൂ ...പൂ ..പൂവേ ..ശാർ ..പൂ വേണുമാ .." ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ,തലമുഴുവൻ പിച്ചിപ്പൂ ചൂടിയ 55 വയസോളം വരുന്ന ഒരു സ്ത്രീ ,കയ്യിൽ പൂക്കൊട്ടയുമായി നിൽക്കുന്നു .കൊട്ടക്കുള്ളിൽ പലതരത്തിലുള്ള പൂക്കൾ .പൂമാലയും ഉണ്ട് .എന്നോട് തന്നെയാണോ ചോദിച്ചതെന്നുള്ള സംശയത്തിൽ ഞാൻ തിരിഞ്ഞുനോക്കി .
"ഉങ്കളുക്കിട്ടെ താൻ നാൻ കേട്ടത് ..വേറെ യാരുമേയല്ല..'' എന്റെ സംശയം കണ്ടിട്ട് അവർ പറഞ്ഞു ." അമ്മാ ..എനക്ക് എതുക്ക് പൂ ...എങ്കിട്ടെ പെൺകൾ യാരുമേ ഇല്ലയെ ..'' ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു ."പെൺകൾ ഇരുന്താൽ മട്ടും പൂ വയ്ക്കലാമ ..യറുക്കും വയ്ക്കലാം ..സറീ ..വിട്ടിടുങ്കോ ..'' അവർ തിരിഞ്ഞു നടന്നു .
സ്റ്റാൻഡിനുള്ളിൽ ആകെ തിരക്കാണ് .ആൾക്കാർ കലപിലാ സംസാരിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്നു .
"സാർ ..ഇങ്കേയിരുന്ത് ..അംബാസമുദ്രം പോകറുതുക്ക്‌ ബസ് കിടക്കുമാ .." ബസ് സ്റ്റാൻഡിലെ കൗണ്ടറിൽ പോയി ചോദിച്ചു .കറുത്ത് തടിച്ച ഒരു തമിഴൻ കൗണ്ടറിനുള്ളിൽ ഇരിക്കുന്നു .
" ഇറുക്ക് ..ഏള് മണിയാക്കും " അയാൾ പറഞ്ഞപ്പോൾ ഞാൻ വാച്ചിൽ നോക്കി.ഇനിയും അരമണിക്കൂർ ഉണ്ട് .
നേരെ ചായക്കടയിലേക്ക് നടന്നു "അണ്ണൈ .ഒറു ടീ കൊടുങ്കോ .."
ചായക്കടക്കാരൻ ഒരു ചായയെടുത്തു തന്നു .അത് കുടിച്ചു തീരാറായപ്പോഴേക്കും അംബാസമുദ്രത്തിലേക്കുള്ള ബസ് വന്നു .
കട്ടബൊമ്മൻ ട്രാൻസ്‌പോർട് കോർപറേഷൻ വക ബസ് .കേരളത്തിലെ ടുറിസ്റ് ബസുകളെപ്പോലെ ജനാലകൾ മുഴുവൻ കറുത്ത ചില്ലിട്ട ബസ് .ബസിന് പുറകുവശം നന്നായി ഡിസൈൻ ചെയ്തിരിക്കുന്നു .
ചായഗ്ലാസ്സും പൈസയും തട്ടിപ്പുറത്ത് വച്ചിട്ട് ബസിന് നേർക്കോടി.അംബാസമുദ്രത്തിൽ പച്ചക്കറികൃഷി ചെയ്യുന്ന സുഹൃത്തിനെ കാണാനാണ് ഈ പോക്ക് .പറ്റിയാൽ അവന്റെ കൃഷിയിടത്തിന് സമീപത്തായി കുറച്ച് സ്ഥലം വാങ്ങാനും പദ്ധതിയുണ്ട് .
ബസിൽ കയറാൻ നല്ല തിരക്കുണ്ടായിരുന്നു .വല്ലവിധേനയും ഉള്ളിൽ കയറിപ്പറ്റി.രണ്ടുപേർക്കിരിക്കാവുന്ന ഒരു സീറ്റിലിരുന്നു .
"ജ്ഞാനപ്പളത്തെ പിളിന്ത് .."പഴയ ഏതോ തമിഴ് സിനിമയിലെ പാട്ട് വെളിയിലെ ഏതോ ചായക്കടയിൽ നിന്നും ഒഴുകിയെത്തുന്നു .
"തമ്പി ..കൊഞ്ചം തള്ളി ഉക്കാര് .." ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു കറുത്തുതടിച്ച തമിഴ് സ്ത്രീ.അൻപത് വയസോളം കാണും .നീലനിറത്തിലുള്ള ഒരു ചേലചുറ്റി ,തലമുടി നിറയെ മുല്ലപ്പൂ ചൂടിയിരിക്കുന്നു.കയ്യിൽ,രണ്ടുമൂന്ന് തുണിസഞ്ചി നിറയെ സാധനങ്ങളും.കൂടെ പത്തുവയസോളം പ്രായമുള്ള മെലിഞ്ഞ ഒരു പെൺകുട്ടിയും .മകളാണെന്ന് തോന്നുന്നു .ഞാൻ ജനാലക്കരികിലേക്ക് നീങ്ങിയിരുന്നു ." ഇന്ന് കൊഞ്ചം തള്ളുങ്കോ .." അവർ വീണ്ടും പറഞ്ഞു .ഞാൻ വീണ്ടും നീങ്ങി .
അവർ രണ്ടുപേരും കൂടി എന്റെ അടുത്തിരുന്നു .കയ്യിലിരുന്ന തുണിസഞ്ചികൾ ചിലത് ഓവർഹെഡ് കാരിയറിൽ വച്ചു .
നീല യൂണിഫോമിട്ട കണ്ടക്ടർ നീട്ടി വിസിലടിച്ചപ്പോൾ ബസ് മുന്നോട്ട് നീങ്ങി.ഞാൻ പുറത്തെ കാഴ്ചകളിൽ ലയിച്ചു.
പച്ചക്കറിത്തോട്ടങ്ങളും നെൽപ്പാടങ്ങളും പിന്നിലാക്കി ബസ് മുന്നോട്ട് കുതിച്ചു .
റോഡിനിരുവശവും വലിയ പുളിമരങ്ങളും വാകമരങ്ങളും ,വേപ്പുമരങ്ങളും കൊണ്ട് നിറഞ്ഞിരുന്നു .നല്ല തണൽ തരുന്ന മരങ്ങൾ .വാകമരങ്ങൾ മിക്കതും പൂത്തുലഞ്ഞുനിൽക്കുന്നു .ഗ്ലാസിന്റെ വിടവിലൂടെ ബസിനുള്ളിലേക്ക് തള്ളിക്കയറുന്ന വരണ്ട കാറ്റ് .
"ഇന്താങ്കെ ..ഇത് ശാപ്പിടുങ്കോ .." നോക്കിയപ്പോൾ കയ്യിലെ പാത്രത്തിൽ ഇന്നും തോട് കളഞ്ഞ രണ്ട് പനനൊങ്ക് എന്റെ നേരെ അവർ നീട്ടുന്നു .അവരുടെ കയ്യിലുടെ പനനൊങ്കിന്റെ ചാറൊഴുകുന്നു ."വാങ്കി ശാപ്പിടുങ്കോ ..നല്ലാ മൂള വരും .." അവർ ചിരിച്ചുകൊണ്ട് എന്റെ നേരെ വീണ്ടും നീട്ടി .ഞാൻ അവരുടെ മുഖത്തേക്ക് നോക്കികൊണ്ട് ,മടിച്ചു മടിച്ച് അത് വാങ്ങി .നോക്കിയപ്പോൾ കുട്ടിയുടെ കയ്യിലും നൊങ്ക് .അവളത് തിന്നാൻ തുടങ്ങിയിരിക്കുന്നു .അതിന്റെ ചാർ അവളുടെ ഉടുപ്പിലും മുഖത്തുമെല്ലാം പറ്റിയിട്ടുണ്ട് .
ഞാനെന്റെ കയ്യിലുള്ള നൊങ്ക് കഴിക്കാൻ തുടങ്ങി.അവർ കയ്യിലുള്ള സഞ്ചിയിൽ നിന്നും ഒരു പനയോലക്കുമ്പിൾ എടുത്ത് ,അതിലേക്ക് കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും ഒരു ദ്രാവകം പകർന്ന് എന്റെ നേരെ നീട്ടി ."ശാപ്പിടുങ്കോ ,ഇത് വന്ത് പാനി ..പനയിൽ ഇരുന്ത് കിടക്കിറത് ..കുടിക്കറുതുക്ക്‌ സൂപ്പർ .." ഞാനത് വാങ്ങിക്കുടിച്ചു .നല്ല രുചി .കരിക്കുവെള്ളം പോലെ .
"നീങ്കെ എങ്കെ പോറേൻ ..അംബാസമുദ്രമാ ..നാങ്കള് 'ഒട്ടൻഛത്രം' പോറേ.."
അവര് ചോദിച്ചപ്പോൾ ഞാൻ അതെയെന്ന് തലയാട്ടി."അങ്കെയെന്ന ..ഏതാവത് വ്യാപാരം വച്ചിരുക്കാ .." അവർ വീണ്ടും ചോദിച്ചു ."ഇല്ലൈ .അങ്കെ എൻ ഫ്രണ്ട് ഇരുക്ക് " ഞാൻ പറഞ്ഞു .
"ആനാൽ നാൻ വന്ത് എൻ പുരുഷനെ പാക്കിറത്തുക്ക് പോറെൻ ...പുരുഷൻ എൻട്രാൽ എൻ പളയ പുരുഷൻ ..ഇവളുടെയ അപ്പാ ... എനക്ക് അളക് കുറവ് എൻര് സൊല്ലി ,എന്നെ ഏമാത്തി ,രണ്ടാമത് വേറെ പൊണ്ണയ് തിരുമണം പണ്ണിയാച്ച് .അഞ്ച് വർഷമാച്ച്..ആനാൽ എനക്ക് എന്ത കവലയും കെടയാത് ..എൻ ഇദയത്തിലെ എനക്ക് എപ്പോതും അവര് താൻ എൻ പുരുഷൻ.ഇപ്പൊ ഇവാൾ വന്ത് അപ്പാവെ പാക്കണം എന്റര് സൊല്ലി ഒരേ സണ്ടയ് ..അതിനാലെ താൻ നാങ്കള് പോകിറത് ..."(ഞാനെന്റെ ഭർത്താവിനെ കാണാനാണ് പോകുന്നത് .എന്നുവച്ചാൽ പഴയഭർത്താവ് ..ഇവളുടെ അച്ഛൻ .അഞ്ച് വർഷം മുൻപ് ,എനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് അയാൾ വേറെ കെട്ടി .എനിക്ക് അതിൽ വിഷമമൊന്നുമില്ല .എന്റെ ഹൃദയത്തിൽ ഇപ്പോഴും അയാൾ തന്നെയാണ് എന്റെ ഭർത്താവ് .അച്ഛനെ കാണണമെന്ന് പറഞ്ഞ് ഇവൾ എന്നും വഴക്കുണ്ടാക്കുന്നു .അതുകൊണ്ടാണ് ഇന്ന് പോകുന്നത് )
അവർ പറഞ്ഞു നിർത്തിയപ്പോൾ അവരുടെ കൺകോണുകളിൽ ചെറിയ നനവുണ്ടായിരുന്നു .
ഞാൻ ഒന്നും പറഞ്ഞില്ല .വെറുതെ വെളിയിലേക്ക് നോക്കിയിരുന്നു .
"ഒട്ടൻഛത്രം ..ഒട്ടൻഛത്രം .." ഒട്ടൻഛത്രം എത്തിയപ്പോൾ കണ്ടക്ടർ നീട്ടി വിസിലടിച്ചു വണ്ടി നിർത്തി ."സരിപ്പാ ..എങ്കെയാവത് പാക്കലാം .." എന്നെ നോക്കിചിരിച്ചിട്ട് ,സഞ്ചികളുമെടുത്ത് ,കുട്ടിയേയും പിടിച്ചുകൊണ്ട് അവർ ഇറങ്ങിപ്പോയി .
കണ്ടക്ടർ വിസിലടിച്ചപ്പോൾ ബസ് വീണ്ടും മുന്നോട്ടെടുത്തു ,അംബാസമുദ്രത്തേക്ക് ...
അംബാസമുദ്രമെത്തി .ആറും തോടും മരങ്ങളും പാടവുമെല്ലാമുള്ള ,കേരളം പോലെ തോന്നിക്കുന്ന മനോഹരമായ ഒരു സ്ഥലം .
ഓട്ടോ പിടിച്ച് സുഹൃത്തിന്റെ ഫാം ഹൗസിലെത്തി .വേലക്കാരൻ കതക് തുറന്നു .കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ,"അയ്യാവ് വന്ത് ഇങ്കെ ഇല്ലൈ ..കോവൈ പോയിരുക്ക് ..രണ്ടുനാൾ ആക്കും തിരുമ്പി വാറതുക്ക്.."
വേലക്കാരൻ പറഞ്ഞു .
ഞാൻ അപ്പോൾത്തന്നെ ,അതേ ഓട്ടോയിൽ തിരികെ ബസ് സ്റ്റാൻഡിലേക്ക് വിട്ടു.ഭാഗ്യം,ഞാൻ അംബാസമുദ്രത്തിലേക്ക് വന്ന ബസ് തിരികെപ്പോയിരുന്നില്ല.തെങ്കാശിയിലേക്ക് ടിക്കറ്റ് എടുത്തു .
ബസിൽ തിരക്ക് നന്നേ കുറവായിരുന്നു .
"എൻ അന്പുക്കും അൻപാന,ഉയിര്ക്കും ഉയിരാന സെന്തമിൾനാട്ടിൻ മക്കളേ ..ഇന്ത മാവട്ടത്തിൽ ......." ബസ് സ്റ്റാൻഡിന് പുറത്ത് ഏതോ രാഷ്ട്രീയക്കാരന്റെ പ്രസംഗം നടക്കുന്നു .
ബസ് മുന്നോട്ട് നീങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ,യാത്രാക്ഷീണം കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു .ബസിന്റെ സഡൻബ്രേക്കും,ആൾക്കാരുടെ ഉച്ചത്തിലുള്ള സംസാരവും ,ആരുടെയോ ഉറക്കെയുള്ള നിലവിളിയും കേട്ടാണ് ഞാൻ ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നത് .ബസിന് വെളിയിൽ സാമാന്യം നല്ലൊരു ആൾക്കൂട്ടവും അതിനുള്ളിൽനിന്നും ഒരു സ്ത്രീയുടെ ദയനീയമായ കരച്ചിലും കേട്ടു .
ഞാൻ നോക്കിയിട്ടും എന്താണ് സംഭവമെന്ന് മനസിലായില്ല .അപ്പോഴേക്കും ബസ് മുന്നോട്ടെടുത്തുകഴിഞ്ഞിരുന്നു .ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തെ ആൾക്കൂട്ടത്തിനുള്ളിലേക്ക് നോക്കി .അവിടെ .... വെറും നിലത്ത് കുത്തിയിരിക്കുന്ന,അങ്ങോട്ട് പോയപ്പോൾ എന്റെ സീറ്റിലിരുന്ന തമിഴ് സ്ത്രീ .അവരുടെ മടിയിൽ ചോരയിൽ കുളിച്ച് അവരുടെ മകൾ ,ആ മെലിഞ്ഞ പെൺകുട്ടി നിശ്ചലമായി കിടക്കുന്നു .ആ സ്ത്രീ കൈകൾ രണ്ടും തലയിൽ വച്ച് ഉറക്കെ നിലവിളിക്കുന്നു.
ഞാൻ കണ്ടക്ടറോട് വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു ." സാർ ..ഇത് വന്ത് ലിമിറ്റഡ് സ്റ്റാപ് ബസ് ..അങ്കെയും ഇങ്കെയും എല്ലാം നിപ്പാട്ടമുടിയാത് .." കണ്ടക്ടർ പറഞ്ഞിട്ട് വിസിൽ നീട്ടിയടിച്ചു.ബസ് വീണ്ടും മുന്നോട്ട് കുതിച്ചുതുടങ്ങി .
***** ***** *****
നൊങ്ക് : പനങ്കായയുടെ, കരിക്ക് പോലുള്ള ഇളം കായ്.
ബിനുകല്ലറക്കൽ .

: കലപ്പ ::


: കലപ്പ ::
-----=------=----=-----=-----=------=-----=------
വൃക്ഷത്തലപ്പുകൾ കാരണമുണ്ടായ കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി .ഡ്രൈവറുടെ പല ചോദ്യങ്ങൾക്കും മറുപടി നൽകാത്തത് കൊണ്ടാവാം അയാൾ മൗനമായിരുന്നു.നീരൊഴുക്ക് സൃഷ്ടിച്ച,റോഡിലെ, ചാലുകളിലൂടെ കുലുക്കത്തോടെ ആ പഴയ ബജാജ് ഓട്ടോറിക്ഷ ഏന്തിവലിഞ്ഞ് മുന്നോട്ട് നീങ്ങി.
അന്തീക്ഷം നിശ്ചലമായിരുന്നു.ആകാശത്തിൽ തടസ്സങ്ങളേതുമില്ലാതെ പൂർണ്ണചന്ദ്രൻ മനോഹരമായി പുഞ്ചിരി പൊഴിക്കുന്നു .ഓട്ടോയുടെ ശബ്ദം രാത്രിയുടെ നിശബ്ദതയെ അലോസരപ്പെടുത്തിയത് കൊണ്ടാവാം ചില വീടുകളിൽ നിന്നും നായ്ക്കൾ കുരക്കുന്നുണ്ട്.ചില വീടുകളിലെ ഉൾമുറികളിലെ നീലവെളിച്ചം പുറത്തേക്ക് കാണാം .
"ദാ ..അവിടെ നിറുത്തിയാൽ മതി .." ഒരുമതിൽ അവസാനിക്കുന്നിടത്തേക്ക് ചൂണ്ടിക്കൊണ്ട് ഞാൻ ഡ്രൈവറോട് പറഞ്ഞു .അവിടെ വെളിച്ചം തീരെയില്ലായിരുന്നു .റബ്ബർ മരങ്ങളുടെ നിഴൽ കാറ്റിൽ ഉലയുന്നുണ്ട് .വലിയ "ബാക്ക് പാക്ക് " ബാഗ് ഓട്ടോയിൽ നിന്നെടുത്തുകൊണ്ട് ഞാൻ പുറത്തിറങ്ങി,ഓട്ടോയുടെ കാശ് കൊടുത്തു .ഉള്ളിലെ ലൈറ്റ് ഇട്ടതിനു ശേഷം അയാൾ പേഴ്സിൽ നിന്നും ബാക്കി പൈസ എടുത്ത് എനിക്ക് നേരെ നീട്ടിയത് കാണാത്ത ഭാവത്തിൽ ,ഞാൻ മതിലിനരികിലൂടെയുള്ള,ഒറ്റയടിപ്പാതയിലൂടെ നടന്നു .
നല്ലയിരുട്ടുണ്ട് .പൗർണ്ണമിയായിട്ടും റബ്ബർമരങ്ങളുടെ നിഴൽ വലിയ ഇരുട്ട് സൃഷ്ടിക്കുന്നു .
ബാഗിന്റെ വശത്തെ പോക്കറ്റിൽ നിന്നും പെൻ ടോർച്ചെടുത്ത് തെളിച്ചു .വഴിയെല്ലാം പാഴ്ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.നേരത്തേയെപ്പോഴോ പെയ്ത മഴയിൽ ,നനഞ്ഞു കുതിർന്ന് ഒട്ടിപ്പിടിച്ചു കിടക്കുന്ന കരിയിലകളുടെ കൂമ്പാരങ്ങൾ .
വഴിയരികിൽ ഒരനക്കം .ഒരു വലിയ പച്ചത്തവള കുറുകെ ചാടി.വഴിയരികിൽ നിന്ന ഒരു കാഞ്ഞിരക്കുറ്റിയിലെ പുതുശാഖ ഷർട്ടിന്റെ കൈയില്പിടിച്ച് പുറകോട്ട് വലിച്ചു .കുറച്ചു ദൂരെയായി ഇരുളിൽ മൂടിക്കിടക്കുന്ന വീട് കണ്ടു .
മുറ്റത്തെ കിണറിനരികെയുള്ള പടികളിലൂടെ മുറ്റത്തേക്ക് കയറി.മുറ്റം നിറയെ കരിയിലകൾ .ചിതറിക്കിടക്കുന്ന ,വവ്വാൽ കടിച്ച ചാമ്പക്കയും,പേരയ്ക്കയും .
കിണറിന്റെ അരമതിലിൽ നിറയെ പായൽ പിടിച്ചിരിക്കുന്നു .ഭിത്തിയുടെ മുകളിലൂടെ കയ്യോടിച്ച് ,ഉത്തരത്തിനടിയിൽ വച്ചിരുന്ന താക്കോൽ കണ്ടെടുത്തു .താക്കോലിൽ നിറയെ മാറാല പറ്റിപ്പിടിച്ചിരിക്കുന്നു .
" കറ കറ "ശബ്ദത്തിൽ കതക് തുറന്നപ്പോൾ,മുഖത്തേക്ക് വീണ മാറാലയാണ് എതിരേറ്റത് .നരിച്ചീറുകൾ വീടിനുള്ളിൽ വട്ടമിട്ട് പറക്കുന്നു . മച്ചിന് മുകളിൽ നിന്ന് ഒരു മരപ്പട്ടി മുന്നിലേക്ക് ചാടി .അതിന്റെ വായിൽ ഒരു പഴുത്ത പേരയ്ക്കയുടെ ഭാഗങ്ങൾ .
അച്ഛന്റെ കട്ടിലും ,ചാരുകസേരയും വെറ്റിലപ്പെട്ടിയും അവിടെത്തന്നെയുണ്ട് .നിറയെ പൊടിപിടിച്ചിരിക്കുന്നു .
ബാഗ് കട്ടിലിലേക്ക് വച്ചിട്ട് മുറ്റത്തേക്കിറങ്ങി .ഇപ്പോൾ മുറ്റം നിറയെ നിലാവുണ്ട് .
വീടിന്റെ വശത്തായി ,ഭിത്തിയോട് ചേർത്ത് മഴനനയാതെ കെട്ടിത്തൂക്കിയിരിക്കുന്ന രണ്ടു ജോഡി കലപ്പകളും അതിന്റെ നുകങ്ങളും .കലപ്പയുടെ അടി വശത്തെ ലോഹഭാഗങ്ങൾ വല്ലാതെ തുരുമ്പിച്ചിരിക്കുന്നു .നുകത്തിന്റെ മുകളിലെ കുറ്റികൾ ദ്രവിച്ച് ഇല്ലാതായിരിക്കുന്നു .
വടക്കേവശത്തെ ചെമ്പരത്തിപ്ലാവിന്റെ അടുത്തേക്ക് നടന്നു .ആരും പറിക്കാനില്ലാതെ,ചുവട്ടിൽ നിറയെ പഴുത്ത ചക്കകൾ വീണ് ചിതറിക്കിടക്കുന്നു .പണ്ട് ഞാൻ നട്ട പ്ലാവാണിത് .ഇപ്പോൾ വല്ലാതെ വണ്ണം വച്ചിരിക്കുന്നു .
തൊട്ടുതാഴെയുള്ള തോട്ടിൽ നിന്നും എന്തോ ഒരു ശബ്ദം.മീനുകൾ മുകളിലേക്ക് ചാടുന്നതിന്റെയാവാം .മുറ്റത്ത് നിന്നുകൊണ്ട് ,നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരങ്ങളെ നോക്കി .എല്ലാം കാടുപിടിച്ചു കിടക്കുന്നു .പണ്ട് മൈലക്കാളയും പൂവാലിപ്പശുവുമൊക്കെ നിന്നിരുന്ന തൊഴുത്തിന്റെ മേൽക്കൂരയെല്ലാം അടർന്ന് താഴെവീണിരിക്കുന്നു .കഴുക്കോലുകൾ മേലേക്ക് പൊങ്ങിനിൽക്കുന്നു .
ഞാൻ പതിയെ ഉള്ളിലേക്ക് കയറി .
വലത് വശത്തെ അമ്മയുടെ മുറിയിലെ ആ പഴയ കാൽപ്പെട്ടി .കരിവീട്ടിയാണത്രെ.അമ്മ എന്നെ പ്രസവിച്ചപ്പോൾ അമ്മവീട്ടുകാർ കൊടുത്തതാണത് .താക്കോൽ തിരിക്കുമ്പോൾ മണിനാദം മുഴങ്ങുന്ന പെട്ടി .വെറുതെ തുറന്നുനോക്കി.അമ്മയുടെ വെള്ളമുണ്ടും നേര്യതും .പിന്നെ മിനിക്കുട്ടിയുടെ,അടിയിൽ "റാന്ത"പിടിപ്പിച്ച വെള്ള ഫ്രോക്ക് .അവൾക്ക് വലിയ ഇഷ്ടമായിരുന്നത് .
പെട്ടിയടച്ചുവച്ചിട്ട് ചാരുകസേരയിലേക്കിരുന്നു .പതിയെ കണ്ണടച്ചു .''ഉണ്ണീ ..സംഭാരമായെങ്കിൽ കുറച്ച് തന്നുവിടാൻ അമ്മയോട് പറയൂ .." വയലിൽ നിന്ന് അച്ഛന്റെ ശബ്ദമല്ലേ അത്.ഞാൻ കണ്ണുകൾ ഇറുകെപ്പൂട്ടി .
നീണ്ട ഇരുപത്തിയാറ് വർഷങ്ങൾ .
അന്നും ഞാൻ രാവിലെ എഴുന്നേറ്റു .അമ്മ തന്ന ചക്കരക്കാപ്പി മൊത്തിക്കുടിച്ചുകൊണ്ട് ,മുറ്റത്ത് നിന്ന് ഞാൻ വയലിലേക്ക് നോക്കി.അച്ഛൻ ഉഴുതുകൊണ്ടിരിക്കുന്നു.മൈലക്കാളയും ചുവപ്പനും ഇന്ന് നല്ല ഉത്സാഹത്തിലാണ്.നുകം നന്നായി വലിക്കുന്നുണ്ട് .അതിനനുസരിച്ച് അച്ഛന്റെ പേശികളിലെ മസിലുകൾ ഇളകിമറിയുന്നു .
കലപ്പയുടെ ചുവട്ടിൽ ഇളകിമറിയുന്ന കുതിർന്ന മണ്ണ് .ചേറിൽ നിന്നും ഇളകുന്ന പ്രാണികളെയും പുഴുക്കളേയും തിന്നാൻവേണ്ടി കലപ്പയോടൊപ്പം സഞ്ചരിക്കുന്ന വെള്ളക്കൊറ്റികളുടെ കാലാൾപ്പടയെ ,അച്ഛൻ ഇടയ്ക്കിടക്ക് 'പൂട്ടുകമ്പ്' വീശി പേടിപ്പിക്കുന്നുണ്ട് .
അച്ഛന്റെ മുഖം ശരീരവും നിറയെ വിയർപ്പുതുള്ളികൾ .
ഇടക്കെപ്പോഴോ അച്ഛൻ മുഖമുയർത്തി നോക്കിയപ്പോൾ ,മുറ്റത്ത് നിന്നും അച്ഛനെ സാകൂതം വീക്ഷിക്കുന്ന എന്നെക്കണ്ടു.
" ഉണ്ണീ ...നീയവിടെ നോക്കികൊണ്ട് നില്ക്കാ ..ഉസ്ക്കൂളിന് പോണില്ല്യാന്നുണ്ടോ ..ഇപ്പം പത്തുമണിയാവും കുട്ട്യേ .." വയലിൽ നിന്നും അച്ഛനുറക്കെ വിളിച്ചു പറഞ്ഞു .ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി .
ബയോഗ്യാസിന്റെ ടാങ്കിലേക്ക് ,തൊഴുത്തിൽ നിന്നും ചാണകം കലക്കിയൊഴിക്കുകയായിരുന്നു അമ്മയപ്പോൾ .മിനിക്കുട്ടി മുറ്റത്തെ ചെമ്പരത്തിയുടെ ചുവട്ടിലിരുന്ന് എന്തോ കളിക്കുന്നു.
തോട്ടിലെ വെള്ളത്തിൽ കുളിച്ചിട്ട് ,പഴങ്കഞ്ഞിയും കുടിച്ച് പുസ്തകക്കെട്ടുമെടുത്ത് ഞാനിറങ്ങി.പോകുന്നവഴിക്ക് മിനിക്കുട്ടിയെ ഒന്ന് തോണ്ടാനും മറന്നില്ല .
കപ്പത്തോട്ടത്തിനിടയിലൂടെ ഇറങ്ങുമ്പോൾ ,കപ്പയിലകളിലെ മഞ്ഞുത്തുള്ളികൾ എന്റെ ഉടുപ്പിനെ നനക്കുന്നുണ്ടായിരുന്നു .അടുത്തെവിടെയോ കാപ്പിപ്പൂക്കളുടെ മണം .തോടിന് കുറുകെയുള്ള കമുകിന്റെ ഒറ്റത്തടിപ്പാലത്തിലൂടെ ഞാൻ അക്കരെയെത്തി.കുറച്ചു നടന്നപ്പോൾ മഴ വീശിയടിച്ചു പെയ്തുതുടങ്ങി .കൈത്തോടിലൂടെ വെള്ളം ചുവന്നുകലങ്ങി കുത്തിയൊലിച്ചു വരുന്നത് കണ്ടപ്പോൾ നേരിയ ഭയം തോന്നി .കിഴക്കെവിടെയോ നേരത്തെതന്നെ മഴ പെയ്തിട്ടുണ്ടാവാം .
ക്ലാസ്സിൽ മാഷ് പഠിപ്പിക്കുന്നതിനിടയിൽ ഹെഡ് മാഷിന്റെ തല വാതിലിന് വെളിയിൽ കണ്ടു .മാഷ്, ഹെഡ് മാഷിനോട് എന്തൊക്കെയോ സംസാരിക്കുന്നു .
"ഉണ്ണീ ..ഇവിടെവരൂ .." മാഷ് എന്നെ വെളിയിലേക്ക് വിളിച്ചു .സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ അവിടെ ചെറിയച്ഛൻ വിയർപ്പുതുള്ളികൾ പൊടിഞ്ഞ മുഖത്തോടെ നിൽക്കുന്നു .
ചെറിയച്ഛനോടൊപ്പം ,പുസ്തകക്കെട്ടുമെടുത്ത് വെളിയിലേക്ക് നടക്കുമ്പോൾ ,മാനത്ത് കാർമേഘങ്ങൾ അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ടായിരുന്നു .
വീടിനടുത്തെത്താറായപ്പോൾ,മുറ്റത്ത് ഉയർത്തിക്കെട്ടിയിരിക്കുന്ന ടാർപോളിന്റെ പന്തൽ കണ്ടു.
ശ്വാസം വിടാതെ വീട്ടിലേക്കുള്ള പടികൾ കയറി .
അവിടെ,കത്തുന്ന നിലവിളക്കുകൾക്കും പുകയുന്ന ചന്ദനത്തിരികൾക്കും അരികെ .. വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന മൂന്ന് ശരീരങ്ങൾ.
വെളിയിലെ തെങ്ങിൽ കെട്ടിയിരുന്ന മൈലക്കാളയും ചുവപ്പനും കയറുപൊട്ടിക്കുന്ന വിധത്തിൽ,വെപ്രാളപ്പെട്ട് അലറുന്നുണ്ടായിരുന്നു ..
ഫോൺബെല്ലടി കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്.മൊബൈലെടുത്തു നോക്കി.മുംബൈ നമ്പർ .ഫോണെടുത്ത് കാതോട് ചേർത്തു ." സാബ് ജി ..സാരാ ഖത്തം കർ ദിയാ.."
തിരിച്ചൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.വെളിയിലിറങ്ങി ,ഫോണിൽനിന്നും സിമ്മുകൾ ഊരിമാറ്റി ,ഫോൺ താഴേ തോട്ടിലേക്കെറിഞ്ഞു.
ബാഗ് തുറന്ന് പിസ്റ്റലെടുത്തു തുറന്നുനോക്കി.മാഗസിനിൽ ഒരു തീയുണ്ട ബാക്കിയുണ്ട് .പിസ്റ്റലെടുത്ത് ,വാതിലിനടുത്ത് ,മേ ൽക്കൂരയുടെ പൊട്ടിയ ഓടിനടിയിൽ ഒളിച്ചുവച്ചു .അകത്തുനിന്ന് മിനിക്കുട്ടിയുടെ കിലുങ്ങുന്ന ചിരി കേട്ടത് പോലെ തോന്നി.
ബിനു കല്ലറക്കൽ .

::ബാലു ::


പ്രീയപ്പെട്ടവരെ ,
ഇത് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ എഴുതി എനിക്കയച്ചുതന്ന കഥയാണ് .ഏതെങ്കിലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് എന്നോട് വഴക്കാണ് എന്നും .ദേ ..പോസ്റ്റ് ചെയ്തു .ഇനിയൊക്കെ നിങ്ങളുടെ ഇഷ്ടം :: :) :)
::ബാലു ::
ബാലു ഒരു ചെറിയ കുട്ടിയാണ്. അവന് അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ഇല്ല. ഒരു തെരുവിലായിരുന്നു അവന്റെ താമസം. പഠിക്കാൻ വലിയ ഇഷ്ടമുള്ള അവന് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. വകയിലെ ഒരു വല്യമ്മയുടെ കൂടെയാണ് അവൻ താമസിച്ചിരുന്നത്. അച്ഛനും അമ്മയും മരിച്ചപ്പോൾ ഈ വല്യമ്മ അവനെ കൂട്ടികൊണ്ടു പോരുകയായിരുന്നു. പക്ഷെ അത് അവനെ സ്നേഹിക്കാനായിരുന്നില്ല, അവനെക്കൊണ്ട് ഭിക്ഷയെടുപ്പിച്ചു അവർക്കു ജീവിക്കാൻ വേണ്ടിയായിരുന്നു. ഒരുദിവസം മുന്നൂറു രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ അവർ അവനെ വല്ലാതെ ഉപദ്രവിക്കുമായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസ്സം അവന് പൈസയൊന്നും കിട്ടിയില്ല. അന്ന് വല്യമ്മ അവനെ ഒരുപാടു തല്ലി, ഭക്ഷണമൊന്നും കൊടുത്തതുമില്ല. അവൻ തളർന്ന് അവശനായി. രാത്രിയായപ്പോൾ വിശപ്പ് സഹിക്കവയ്യാതെ അവൻ അടുക്കളയിലേക്കു പോയി എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്ന് നോക്കി. കലത്തിൽ കുറച്ചു ചോറ് ബാക്കിയുണ്ടായിരുന്നു. ബാലു അത് ആർത്തിയോടെ വാരിത്തിന്നു. അപ്പോഴാണ് വല്യമ്മ അടുക്കളയിലേക്കു വന്നത്. ബാലു അവരെകണ്ട്‌ ഞെട്ടിയെഴുന്നേറ്റു. അവർ ബാലുവിനോട് പറഞ്ഞു, "എടാ ചെറുക്കാ... നിന്നോട് ഞാൻ പറഞ്ഞില്ലെടാ... ഇന്ന് നിനക്ക് ഭക്ഷണമില്ലെന്ന് ?നീ ഞാൻ പറഞ്ഞാൽ അനുസരിക്കില്ല, അല്ലേടാ ?അവർ കട്ടിയുള്ള ഒരു വിറകു കഷ്ണമെടുത്തു അവനെ തല്ലാൻ ചെന്നു. അപ്പോൾ അവൻ വിറച്ചുകൊണ്ട് പറഞ്ഞു, അയ്യോ... ഒന്നും ചെയ്യല്ലേ... വിശന്നിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്. പക്ഷെ അതൊന്നും കേൾക്കാൻ അവർ തയാറായില്ല. അവർ വിറകുകൊണ്ട് അവനെ തല്ലാനോങ്ങി. പേടിച്ചു പോയ അവൻ വെളിയിലേക്കിറങ്ങി ഓടി...
ഓടിയോടി അവൻ ഒരു പാലത്തിനരികെയെത്തി. അപ്പോഴാണ് അവൻ aa കാഴ്ച കണ്ടത്. പാലത്തിനടിയിൽ ഒരു സംഘമാളുകൾ ഒരാളെ കത്തികൊണ്ട് ആഞ്ഞാഞ്ഞു കുത്തുന്നു. അയാൾ നിലവിളിക്കുന്നു. പിന്നെയവൻ കാണുന്നത് അയാൾ മരിച്ചു കിടക്കുന്നതാണ്. അതുകണ്ട ബാലു പേടിച്ചു നിലവിളിച്ചു. അവന്റെ നിലവിളികേട്ട് അവരിലൊരാൾ തിരിഞ്ഞു നോക്കി. പിടിക്കെടാ അവനെ.. എന്ന് ആക്രോശിച്ചുകൊണ്ട് അവർ അവനു നേരെ ഓടിയടുത്തു. ബാലു ഓടി, അവർ അവന്റെ പിന്നാലെയും... ഓടിയോടി അവൻ ഒരു റെയിൽവേ സ്റ്റേഷനിലെത്തി.
ഒരു ട്രെയിൻ അപ്പോൾ ആ സ്റ്റേഷനിൽ നിന്നും പോകാൻ തുടങ്ങുകയായിരുന്നു. ബാലു ഓടി അതിൽ കയറി. അവനെ പിന്തുടരുന്നവർ അടുത്തെത്തിയപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. അത് ബോംബയിലേക്കുള്ള ട്രെയിൻ ആയിരുന്നു. അവൻ കയറിയ കംപാർട്മെന്റിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. പേടിച്ചുവിറച്ചുകൊണ്ടു അവനൊരു സീറ്റിൽ ഇരുപ്പുറപ്പിച്ചു. ക്ഷീണം കൊണ്ട് അവനെപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് ഉണർന്നപ്പോൾ ട്രെയിൻ ബോംബയിൽ എത്തിയിരുന്നു. ബാലു ട്രെയിനിൽ നിന്നും ഇറങ്ങി. സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. ആ തിരക്കിനിടയിലൂടെ അവൻ സ്റ്റേഷന് വെളിയിൽ കടന്നു. പുറത്തു കടന്ന അവൻ കണ്ടത് ഇതുവരെ കാണാത്ത വലിയൊരു നഗരമായിരുന്നു. ആരെയും ശ്രദ്ധിക്കാതെ കടന്നു പോകുന്ന ആളുകൾ.. ചീറിപ്പായുന്ന വാഹനങ്ങൾ.. അത്രയും തിരക്കുള്ള ഒരു നഗരം അവൻ ആദ്യമായി കാണുകയായിരുന്നു. അവൻ ഫുട്പാത്തിലൂടെ നടന്നു. എങ്ങോട്ടു പോകണമെന്ന് അവനറിയില്ല, അസഹ്യമായ വിശപ്പും.. മുന്നിൽ കണ്ട ഒരു ഹോട്ടലിലേക്ക് അവൻ കയറി ചെന്നു. ഹോട്ടലുടമ എന്ത് വേണമെന്ന് അവനോടു ഹിന്ദിയിൽ ചോദിച്ചു. ബാലുവിന് ഒന്നും മനസ്സിലായില്ല..
ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാൾ ഹോട്ടലുടമയോട് ഹിന്ദിയിൽ എന്തോ പറഞ്ഞു. ഹോട്ടലുടമ ബാലുവിനോട് അയാളുടെ അടുത്ത് പോയിരിക്കാൻ പറഞ്ഞു. ഇപ്രാവശ്യം ബാലു സംസാരിച്ചു, "എനിക്ക് നിങ്ങൾ പറയുന്നതൊന്നും മനസ്സിലാവുന്നില്ല... അപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാൾ ബാലുവിനോട് ചോദിച്ചു, നീ കേരളത്തിൽ നിന്നാണല്ലേ ??ബാലു തലകുലുക്കികൊണ്ടു അതെയെന്ന് പറഞ്ഞു. നിന്റെ അച്ഛനും അമ്മയും എവിടെ ?അയാൾ വീണ്ടും ചോദിച്ചു. എനിക്കാരുമില്ല, അവരെല്ലാം മരിച്ചു പോയി. ബാലു മറുപടി പറഞ്ഞു. നിന്റെ പേരെന്താണ് ??അയാൾ അവനോടു ചോദ്യങ്ങൾ തുടർന്നു കൊണ്ടിരുന്നു. അവൻ പേര് പറഞ്ഞു... അയാൾ അവന് ഭക്ഷണം വാങ്ങി കൊടുത്തു. ശരിക്കും അത് അവനോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല... അയാൾ ഭിക്ഷാടനമാഫിയയിലെഇടനിലക്കാരനായിരുന്നു. ബാലുവിനെ പാട്ടിലാക്കാനായിരുന്നു അയാൾ അവനു ഭക്ഷണം വാങ്ങിക്കൊടുത്ത്.
കഴിച്ചു കഴിഞ്ഞു അവൻ അയാളോടൊപ്പം പുറത്തേക്കു നടന്നു. അയാൾ ബാലുവിനോട് ചോദിച്ചു, നീ എന്റെ കൂടെ വരുന്നോ ??ബാലുവിന്റെ വിചാരം അയാൾ വളരെ നല്ല ഒരാളാണെന്നായിരുന്നു. അവനു വലിയ ഈ നഗരത്തിൽ ആരെയും അറിയില്ലായിരുന്നെല്ലോ... അവൻ അയാളുടെ കൂടെ പോകാൻ തീരുമാനിച്ചു. അയാൾ അവനെ തന്റെ കാറിനടുത്തേക്ക് കൂട്ടികൊണ്ടു പോയി. ഡോർ തുറന്നു കൊണ്ട് അവനെ കാറിനകത്തു കയറ്റി. കാറിൽ വെച്ച് അയാൾ അവന്റെ കഥകളൊക്കെ ചോദിച്ചു മനസ്സിലാക്കി. എല്ലാം കേട്ട് കഴിഞ്ഞു അയാളവനോട് പറഞ്ഞു... എല്ലാവരും എന്നെ ബാബുജി എന്നാണ് വിളിക്കുന്നത്. നീയും അങ്ങിനെ വിളിച്ചോളൂ... ബാലു തലകുലുക്കി സമ്മതം മൂളി. ഇനിയും കുറെ ദൂരമുണ്ട് എന്റെ വീട്ടിലേക്ക്... നീ വേണമെങ്കിൽ ഒന്നുറങ്ങിക്കോളൂ... ഇതുകേട്ട ബാലു സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ടു കണ്ണുകളടച്ചു...
യാത്രാക്ഷീണം ഉള്ളത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ അവനുറങ്ങി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അവനെ വിളിച്ചുണർത്തി. നമ്മുടെ സ്ഥലമെത്തി, അയാൾ അവനോട് പറഞ്ഞു. കണ്ണ് തുറന്ന ബാലു ചില്ലിലൂടെ പുറത്തേക്കു നോക്കി. ഒരു വലിയ വീട്... വീട്ടിനുള്ളിൽ വെളിച്ചം കാണുന്നുണ്ട്... പക്ഷെ ചുറ്റുമൊന്നും ആൾപ്പാർപ്പില്ലാത്ത പോലെ... വണ്ടി വീടിനടുത്തേക്കു പോയി. വണ്ടി നിർത്തി അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി. ബാലുവിനെയും കൂട്ടികൊണ്ടു അകത്തേക്ക് നടന്നു.
വീട്ടിൽ കുറെ പേരുണ്ടായിരുന്നു. കുറെ കുട്ടികളും. ഇവിടെയെന്താണ് ഇത്രയും കുട്ടികൾ എന്ന് അവൻ ചിന്തിച്ചു. ചിലകുട്ടികൾ കരയുന്നുണ്ടായിരുന്നു. മറ്റുചിലരെ കൊണ്ട് അവിടെയുള്ളവർ എന്തൊക്കെയോ ചെയ്യിക്കുന്നുണ്ടായിരുന്നു. ഇതൊകെ കണ്ടപ്പോൾ അവന് ചെറിയ സംശയം തോന്നി. അപ്പോൾ അയാൾ അവനെ അവിടെ നിന്നു മാറ്റി ഒരു മുറിയിൽ കൊണ്ടിരുത്തി. ബാലു അവിടെ കിടന്നു അറിയാതെ ഉറങ്ങി പോയി. ഒരു വണ്ടിയുടെ ശബ്ദം കേട്ടാണ് അവൻ ഉണർന്നത്. അവനിരുന്ന മുറിയിലേക്ക് ഒരു സായിപ്പ് കടന്നു വന്നു. അയാൾ സായിപ്പിനോട് ഇംഗിളിഷിൽ എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് ഒരു പെട്ടി അയാൾക്ക് കൈമാറി. അയാൾ അത് തുറന്നു നോക്കി. അതിൽ നിറയെ പണമായിരുന്നു. ബാലുവിനെ സായിപ്പിന് ചൂണ്ടികാണിച്ചിട്ട് അയാൾ മാറിനിന്നു. അപ്പോൾ രണ്ടുപേർ വന്നു അവനെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. ബാലു ഓടി രക്ഷപെടാൻ നോക്കി. ഇത് കണ്ട അയാൾ ബാലുവിന്റെ ചെകിട്ടത്തു അടിച്ചു, എന്നിട്ട് പറഞ്ഞു. നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് വളർത്താൻ അല്ല... വിൽക്കാനാ... വിൽക്കാൻ... അത്രയും പറഞ്ഞു അയാൾ ബാലുവിനെ ആ വീടിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവൻ രക്ഷപെടാനുള്ള വഴികൾ ആലോചിച്ചു കൊണ്ടേയിരുന്നു. അയാൾ ബാലുവിനെ തൂക്കി എടുത്തു സായിപ്പിന്റെ കാറിനുള്ളിലേക്കിട്ടു. സായിപ്പ് അവന്റെ കയ്യുംകാലും ശക്തിയായി പിടിച്ചിരുന്നു. അവന് അനങ്ങാൻ പോലും ആകുമായിരുന്നില്ല. ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ചെയ്തു, വണ്ടി ആ വീടിനു മുന്നിൽ നിന്നും നീങ്ങാൻ തുടങ്ങി. ഒരുപാട് ദൂരം പിന്നിട്ടു വിജനമായ ഒരിടത്ത് കൂടി വണ്ടി പോകാൻ തുടങ്ങി. പെട്ടെന്ന് ബാലുവിന് ഒരു ബുദ്ധിതോന്നി. തന്നെ പിടിച്ചിരിക്കുന്ന സായിപ്പു മയങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇത് തന്നെ പറ്റിയ സമയം. അവൻ പെട്ടെന്ന് അയാളുടെ കൈത്തണ്ടയിൽ ശക്തമായി കടിച്ചു. അലറി വിളിച്ചു കൊണ്ട് അയാൾ ബാലുവിന്റെ മേലുള്ള പിടുത്തം വിട്ടു. ഡോർ തുറന്നു ബാലു പുറത്തേക്കിറങ്ങിയോടി. കൂറ്റാക്കൂറ്റിരുട്ടിലേക്കു അവൻ ഓടി മറഞ്ഞു. ഓടിയോടി അവശനായ ബാലു കൈകാലുകൾ തളർന്ന് അവിടെ കുഴഞ്ഞു വീണു.
അപ്പോഴാണ് ഒരു കാർ അതുവഴി വന്നത്. കാറിൽ ഉണ്ടായിരുന്നവർ അവനെ ആശുപത്രിയിൽ എത്തിച്ചു. ബാലു കണ്ണ് തുറക്കുമ്പോൾ അവന്റെ മുന്നിൽ രണ്ടുപേർ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ശേഖറും ഭാര്യ സാവിത്രിയും ആയിരുന്നു അത്. കോടീശ്വരൻമാരായിരുന്ന ആദമ്പതികൾക്കു മക്കളുണ്ടായിരുന്നില്ല. സാവിത്രി അവനോട് ചോദിച്ചു, ഇപ്പൊൾ സുഖം തോന്നുന്നുണ്ടോ ??ബാലു ഉണ്ടെന്ന് തലകുലുക്കി. അവർക്കു അവനെ ഇഷ്ടപ്പെട്ടു... അവന്റെ കഥ കേട്ട ശേഖറും സാവിത്രിയും അവനെ സ്വന്തം മകനായി വളർത്തി. അവനെ പഠിപ്പിച്ചു. അവന്റെ ജീവിതം മാറിമറിഞ്ഞു. അവനൊരു ഡോക്ടർ ആയിരുന്നു അപ്പോഴേക്കും.
ആയിടക്ക് അവനൊരു ആഗ്രഹമുണ്ടായി. അവന്റെ പഴയ വല്യമ്മയെ കാണാൻ അവന് കൊതിതോന്നി. അവൻ വല്യമ്മയെ അന്വേഷിച്ചു അവരുടെ വീട്ടിലേക്ക് പോയി. അവിടെ രോഗബാധിതയായി കിടക്കുന്ന വല്യമ്മയെ ആണ് അവന് കാണാനായത്. അയൽക്കാരുടെ കരുണ കൊണ്ടാണ് അവരുടെ ഇപ്പോഴത്തെ ജീവിതം. ബാലുവിനെ കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു. അവനോട് ചെയ്തു പോയ തെറ്റിനെല്ലാം അവർ മാപ്പുപറഞ്ഞു. നല്ല ചികിത്സക്കായി അവരെ അവൻ ബോംബെയിലേക്ക് കൊണ്ട് പോയെങ്കിലും രോഗം മൂർച്ഛിച്ചു അവർ മരിച്ചു. ബാലുവിന്റെ ജീവിതം പിന്നെയും ഒഴുകികൊണ്ടേയിരുന്നു....
(ശുഭം)
എഴുതിയത് :
ചിമ്പൻ (യാഹ്‌വിൻ)
Std: 7 A
C A H S
ആയക്കാട്
വടക്കഞ്ചേരി
പാലക്കാട് (ജില്ല)

ചില പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണ്..പുച്ഛം :


ചില പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണ്..പുച്ഛം :
ഇക്കാലയളവിലെ ജീവിതത്തിനിടയിൽ ഒരുപാട് വ്യക്തികളെ പരിചയപ്പെട്ടിട്ടുണ്ട് ..അതിൽ ആണുങ്ങളുമുണ്ട് ,പെണ്ണുങ്ങളുമുണ്ട് .ചില ജീവിതങ്ങളുണ്ട്,ജീവനെപ്പോലെ സ്നേഹിച്ചതിന്റെ പേരിൽ സ്ത്രീകളാൽ തകർക്കപ്പെട്ട ജീവിതങ്ങൾ.
ചില പെണ്ണുങ്ങളോട് എനിക്ക് പുച്ഛമാണ് :
കഷ്ടപ്പെട്ട് വളർത്തിയ അച്ഛനെയും അമ്മയെയും
ദ്രോഹിച്ചുകൊണ്ട് ഏതെങ്കിലും വായ്നോക്കിയുടെ കൂടെ ഇറങ്ങിപ്പോകുന്ന വീര വനിതകളോട്..
ഇറങ്ങിപ്പോയിട്ട് അവന്മാർ പള്ളേലുണ്ടാക്കി കഴിഞ്ഞിട്ട്, ഇറക്കിവിടുമ്പോൾ ,കരഞ്ഞുകൊണ്ട് ,ലോകത്തുള്ള നല്ല പുരുഷന്മാരെക്കൂടെ തെറിവിളിച്ചുകൊണ്ട് ,നാണമില്ലാതെ ,വീണ്ടും അതെ മാതാപിതാക്കളുടെ കീഴിൽ ശരണപ്പെടുന്നവളുമാരോട് .....
ഒരുകെട്ട് നോട്ടിന് വേണ്ടിയോ ഒരു smart ഫോണിന് വേണ്ടിയോ നൊന്തുപെറ്റ മകളെ കൂട്ടിക്കൊടുക്കുന്നവളുമ്മാരോട് ..
പാവപ്പെട്ട വീടുകളിൽ നിന്ന് ഒരുകൊട്ട പൊന്നും പണവുമില്ലാതെ വന്നുകയറുന്ന പാവം മരുമകളുമാരെ ഗ്യാസ് പൊട്ടിത്തെറിപ്പിച്ച് കൊല്ലുന്ന അമ്മായിയമ്മ പെണ്ണുങ്ങളോട് ..
ഭർത്താവ് ജീവ്ച്ചിരിക്കുമ്പോൾ,ഗ്ലാമറും പണവുമുള്ള ആണുങ്ങളോടൊപ്പം വ്യഭിചാരവും ആഡംബരവും നടത്തുന്ന കൊച്ചമ്മമാരോട് ..
മക്കളുടെ പ്രായമുള്ള പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി ,തടവിലാക്കി വേശ്യാലയങ്ങൾ നടത്തി കാശു ഉണ്ടാക്കുന്ന ആധുനിക മഹിളകളോട് ..
സ്വന്തം അമ്മായിയമ്മയെ വൃദ്ധസദനത്തിലാക്കാൻ ഭർത്താവിനോട് തലയണമന്ത്രം നടത്തി പോരുനടത്തുന്ന കുലടകളോട് ..
സ്വന്തം മക്കളെക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടികളുമായി നിർബന്ധിത ലൈംഗികബന്ധം നടത്തുന്ന പതിവ്രതകളോട് ,..
വിദേശത്തുള്ള ഭർത്താവിനോട് അഞ്ചുമിനിറ്റ് പോലും സംസാരിക്കാതെ ,ഓൺലൈനിലുള്ള കാമുകന് തന്റെ നഗ്നമേനി ലൈവ് ആയിക്കാണിക്കുന്ന മഹിളാരത്‌നങ്ങളോട് ..
കാമുകനോടൊത്ത് കേളികളാടാൻ വേണ്ടി സ്വന്തം കുഞ്ഞിനെപ്പോലും കൊന്ന് കുഴിച്ചുമൂടുന്ന തേവിടിശികളോട് ...
പുതുതലമുറയെ വഴിതെറ്റിക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് ചുംബിക്കുന്ന കുലടകളോട് ..
വധുവായി വന്നുകയറിയ വീട്ടിലെ,ഇരുകൈകളും നീട്ടി സ്വീകരിച്ച ഭർതൃപിതാവിനെ കാമുകനോടൊപ്പം ചേർന്ന് നിഷ്കരുണം കൊലപ്പെടുത്തിയ അഭിനവ മരുമകൾമാരോട് ...
ഒരു ജന്മം മുഴുവൻ അറബിനാട്ടിൽ സ്വന്തം ശരീരവും യൗവനവും ബലികഴിച്ച് ഉണ്ടാക്കിയ സമ്പാദ്യങ്ങൾ കാമുകർക്ക് നൽകിയിട്ട് ഭർത്താവിനെയും മക്കളെയും പെരുവഴിയിലാക്കുന്ന അഭിനവ ഭാര്യമാരോട് ....
ആണും പെണ്ണും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ,നന്മതിന്മകൾ എല്ലാവരിലുമുണ്ടെന്നും മനസിലാക്കാതെ ,ആൺവർഗ്ഗത്തെ മാത്രം എല്ലായ്‌പോഴും പ്രതികൂട്ടിൽ നിർത്തുന്ന താത്രിക്കുട്ടിമാരോട് ,സ്മാർത്തവിചാരങ്ങളോട് ...
സ്വന്തം കുടുംബം കലക്കിമറിച്ചിട്ട് നാടുനന്നാക്കാൻ നടക്കുന്ന വാസ്സവദത്തകളോട് ...
ഇവരോടൊക്കെ എനിക്ക് പുച്ഛമാണ് ..പുച്ഛം
നിയമവും ,നിയമപാലകരും കണ്ണുകെട്ടിയിരിക്കുന്നു .
നിയമസംരക്ഷണം എപ്പോഴും സ്ത്രീകൾക്ക് മാത്രം ലഭിക്കുന്നു .സ്ത്രീ പറയുന്നതുമാത്രം ,ശരിയായാലും തെറ്റായാലും അംഗീകരിക്കുന്ന നിയമവ്യവസ്ഥ ,എത്രയോ നിരപരാധികളായ പുരുഷന്മാർക്ക് കൊലക്കയർ മുറുക്കുന്നു ...
കണ്ണുതുറക്കുക നിയമമേ ...
കണ്ണുതുറക്കുക സമൂഹമേ ..
പുരുഷന്മാരെല്ലാം അധമന്മാരല്ല .അവരും മനുഷ്യരാണ് ..അവരിലും നന്മയുണ്ട് .നെഞ്ചകം പൊള്ളിത്തിളക്കുമ്പോഴും നന്മയുടെ പുഞ്ചിരി മുഖത്തണിയുന്നവരാണവർ ..
മറക്കരുത് അവരുടെ നെടുവീർപ്പുകൾ ..
കാണാതിരിക്കരുത് പുറംവാതിലിലും അടച്ചിട്ട മുറികളിലും അവരൊഴുക്കുന്ന കണ്ണുനീർ ....
ബിനു കല്ലറക്കൽ

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മുത്തശ്ശിക്കഥ :


ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മുത്തശ്ശിക്കഥ :
------------------------------------------------------------------------ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ ഒരു മുത്തശ്ശി തന്റെ പേരക്കിടാവിന് പറഞ്ഞുകൊടുത്തേക്കാവുന്ന ഒരു കഥ ചിലപ്പോൾ ഇങ്ങനെയായിരിക്കും .
"പണ്ട് പണ്ട് ,എന്നുവച്ചാൽ വളരെ പണ്ട് ,എന്റെ മുത്തശ്ശിയുടെ കാലത്ത് ഒരിടത്തൊരിടത്ത് ഒരു കാടുണ്ടായിരുന്നു .ആ കാട്ടിനു നടുവിലൂടെ കണ്ണാടിപോലത്തെ ഒരു അരുവിയും ആ അരുവിയിൽ നിറയെ നല്ല ഭംഗിയുള്ള മീനുകളും അരയന്നങ്ങളും,അതിൽ മീൻപിടിക്കുന്ന വെള്ളക്കൊറ്റികളും പൊന്മാനുമൊക്കെ ഉണ്ടായിരുന്നു ......" മുത്തശ്ശി കഥ പറയാൻ തുടങ്ങുകയായിരുന്നു .
" സ്റ്റോപ്പ് ..സ്റ്റോപ്പ് ..ഗ്രാൻഡ്മാ ...വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് ..??
കാട് ..? വാട്ട് ഈസ് കാട് ...? വാട്ട് ഈസ് അരുവി ..? " പേരക്കുട്ടി ഇടയ്ക്ക് കയറി .
"അതേ ..കാടെന്ന് വച്ചാൽ നിറയെ മരങ്ങളും ചെടികളും ,മൃഗങ്ങളുമൊക്കെയുള്ള ഒരു സ്ഥലമാണ് ..എന്ത് രസമാണെന്നോ അതൊക്കെ കാണാൻ ..? " മുത്തശ്ശി കഥ തുടരാൻ ശ്രമിച്ചെങ്കിലും പേരക്കുട്ടി വീണ്ടും ഇടക്ക് കയറി .
"ഐ ഡോണ്ട് ബിലീവ് ദിസ് ബുൾഷിറ്റ് സ്റ്റോറീസ് ..
ഐ ക്യാനോട്ട് ബിലീവ് വാട്ട് ഐ ആം നോട്ട് സീയിങ് നൗ ...തീസ് ആർ ഫാന്റസിസ് .."
പേരക്കുട്ടി കഥകേൾക്കാൻ താല്പര്യമില്ലാതെ കംപ്യൂട്ടറിന് മുന്നിലേക്കോടി ..
ഒരുപക്ഷെ ,ഇങ്ങനെയായിരിക്കും ഭാവിയിൽ സംഭവിക്കാൻ പോകുന്നത് .വരുംതലമുറയ്ക്ക് കാടും അരുവിയും തോടുമെന്നൊക്കെ പറഞ്ഞാൽ വെറും കെട്ടുകഥയായി തോന്നാം .കാരണം അവരുടെ കാലഘട്ടം വരുമ്പോൾ ഒരുമരമെങ്കിലുമോ ,ഒരു പുഴയെങ്കിലുമോ അവശേഷിക്കുമെന്ന് ഒരുറപ്പുമില്ല .സംരക്ഷിക്കാം നമ്മുടെ പ്രകൃതിസമ്പത്തിനെ....കൊല്ലാതിരിക്കാം മരങ്ങളെയും പുഴകളെയും ....
ഇന്ന് ലോക വനദിനം ...ആശംസകൾ ..!!
------------------------------------------------------------------------
ബിനു കല്ലറക്കൽ

SI സുഗുണനും സത്യവ്രതകളും :


SI സുഗുണനും സത്യവ്രതകളും :
------------------------------------------------------------------------ "കിർർർ കിര്ര്ര്ര്ര്ര് .."
SI സുഗുണൻ ഞെട്ടിയുണർന്നു .അലാറം ഓഫ് ചെയ്യാനായി കൈപൊക്കി പരതിയപ്പോൾ കൈതട്ടി ടൈം പീസ് താഴെവീണു മൂന്നുകഷണമായി .കൈകുത്തിയെഴുന്നേറ്റ് കട്ടിലിൽ ഇരുന്നു ,കണ്ണുതിരുമ്മി .ഇത്രപെട്ടെന്ന് നേരം വെളുത്തോ ...എത്ര ലേറ്റായിട്ടാണ് ഇന്നലെ വന്നുകിടന്നത് .എന്നും അടിക്കുന്നതിൽ കൂടുതൽ കള്ള് കുടിച്ചത് അയാളോർത്തു .
പേടിക്കേണ്ട ,കാശുമുടക്കി അയാള് കുടിക്കാറില്ല .വല്ലവന്റേം കാശിന് മാത്രമേ കഴിക്കൂ .
തലേന്നത്തെ കാര്യം ഓർത്തപ്പോൾ അയാൾക്ക് CI ഏമാനോട്‌ വല്ലാത്ത ദേഷ്യം തോന്നി .എന്നും ഓരോരോ "അലകുലുക്ക് " കേസുകളെ അയാൾ തന്നെ ഏൽപ്പിക്കാറുള്ളുവെന്ന് സുഗുണൻ ഓർത്തു .
ഇന്നലെ ഒരു പീഡനക്കേസ് .ഒറ്റക്ക് താമസിക്കുന്ന ഒരു വൃദ്ധയെ പാതിരാത്രി ആരോ പീഡിപ്പിച്ചത്രേ .കേട്ടപാതികേൾക്കാത്ത പാതി ആർഡർ വന്നു .സുഗുണൻ അന്വേഷിക്കണം .പോയി .പോകാതിരിക്കാൻ പറ്റുമോ ..അവിടെച്ചെന്ന് വൃദ്ധയെ വൈദ്യപരിശോധനക്ക് അയച്ചപ്പോഴല്ലേ രസം ,പീഡനം നടന്നിട്ടില്ലെന്ന് ഡാക്ടർ തലയിലടിച്ച് ആണയിട്ടു .പിന്നെ വീണ്ടും അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്ത് വന്നത് .പരാതിക്കാരിയും പ്രതിയും തമ്മിലുള്ള വഴിതർക്കമാണ് പീഡനം എന്നൊരു പരാതിയിലേക്ക് വൃദ്ധയെ നയിച്ചത്.പത്ത് കാശ് തടയുമെന്ന് വിചാരിച്ച് പോയ കേസ് അങ്ങനെ ഗോവിന്ദ ..!
കഴിഞ്ഞാഴ്ചയിലും ഇതുപോലൊരു കേസ് .ഒരു ബിസിനസ്കാരന്റെ ഭാര്യ.ഭർതൃപിതാവ് പീഡിപ്പിച്ചുവെന്നായിരുന്നു കേസ് .പതിവുപോലെ ലാത്തിയും ,തോക്കുമായിട്ട് ഓടിപ്പോയി ,അന്വേഷണത്തിന് .പ്രതി ഒരു പഴയ NRI ആണെന്ന് കേട്ടപ്പോൾ അന്വേഷണത്തിന് പോകാൻ അനിയന്ത്രിതമായ ഉത്സാഹം തോന്നി .അന്വേഷണത്തിന് പോകുന്ന വഴിയിൽ ,ജീപ്പ് നിർത്തി കുരിശടിയിൽ മൂന്ന് രൂപാ കാണിക്കയിട്ട് നല്ലപോലെ താണുതൊഴുതു പ്രാർത്ഥിച്ചു ,ഇന്നെങ്കിലും വല്ലോം തടയണെ . ...
നഹി ..നിരാശയായിരുന്നു ഫലം.ആസ്തമ പിടിച്ച് വലിച്ചു വലിച്ചു ശ്വാസം എടുക്കാൻ കഴിയാതെ കിടക്കുന്ന മെല്ലിച്ച ഒരു വൃദ്ധനായിരുന്നു പ്രതി .അയാളെക്കണ്ടതേ സകല പ്രതീക്ഷകളും മർഗ്ഗയാ ...പീഡിപ്പിക്കാൻ പോയിട്ട് ഒന്നു മൂത്രം ഒഴിക്കാൻ പോലും പരസഹായം വേണ്ടിവരുന്ന ഒരു സീനിയർ സിറ്റിസൺ .അവിടെയും വില്ലത്തി പരാതിക്കാരി തന്നെ .ആസ്തമക്കുള്ള മരുന്ന് കഴിക്കാൻ വെള്ളമെടുക്കാൻ നമ്മുടെ പഴയ NRI അടുക്കളയിൽ ചെന്നപ്പോൾ അവിടെ വീട്ടിലെ ഡ്രൈവറും പരാതിക്കാരിയും ------ ചെ ചെ ..ഓർക്കുമ്പോൾ തന്നെ നാണം വരുന്നു .ഡ്രൈവറെ കുനിച്ചുനിർത്തി നാലിടിയിടിച്ച് ആ നാണമങ്ങ് മാറ്റി .അവന്റെ പോക്കറ്റിൽ കയ്യിട്ടപ്പോൾ ഒരു കവർ കതിരവൻ ബീഡിയും ഏഴുരൂപയും മാത്രം .ഏഴെങ്കിൽ ഏഴ് ..ഏഴെടുത്ത് പോക്കറ്റിലിട്ടു ,കതിരവൻ ബീഡി ഡ്രൈവറുടെ അണ്ണാക്കിൽ തള്ളിക്കയറ്റി .തിരിച്ചുപോകുന്ന വഴിക്ക് കുരിശടിയിൽ നിൽക്കുന്ന പുണ്യാളനെ നോക്കി ചുണ്ടുകോട്ടി ചിരിച്ചു .
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ദാ വരുന്നു,അടുത്ത പീഡനം.ഒരു വില്ലേജ് ആപ്പീസറുടെ സഹധർമ്മിണിയാണ് പരാതിക്കാരി .പരാതിക്കാരിയും ,കെട്ട്യോന്റെ മേലുദ്യോഗസ്ഥൻ താലൂക്ക് ആപ്പീസറും തമ്മിലുള്ള" ഫ്രണ്ട്ഷിപ് " ഒരുദിവസം വില്ലേജ് ആപ്പീസർ കയ്യോടെ പിടിച്ചപ്പോൾ ,പെണ്ണുംപിള്ള തലയിൽ കൈവച്ച് പറഞ്ഞു " ചേട്ടാ .എനിക്കീ താലൂക്കനേ അറിയത്തെ ഇല്ല ..അയാളെന്നെ പീഡിപ്പിച്ചതാ " താലൂക്ക് ആപ്പീസർ സ്വാധീനം ഉപയോഗിച്ച് തടിയൂരി .
ഫോൺ ബെല്ലടിച്ചപ്പോഴാണ് സുഗുണൻ സാർ ചിന്തയിൽനിന്നും ഞെട്ടിയുണർന്നത് .CI ആണ് .സുഗുണൻ ഉടുമുണ്ട് പോലും എടുത്തുടുക്കാതെ ചാടിയെഴുന്നേറ്റ് അറ്റൻഷനായി . "സുഗുണാ ...കാർത്തികപ്പള്ളിയിൽ ഒരു പീഡനം നടന്നിട്ടിട്ടുണ്ട് .പെട്ടെന്ന് അവിടം വരെയൊന്നു പോകണം .ചാർജ് തനിക്കാണ് " വല്യേമാനെ മനസ്സിൽ ശപിച്ചുകൊണ്ട് സുഗുണൻ ആർഡർ ഏറ്റെടുത്തു .ചായക്കാശ് എങ്കിലും കിട്ടുമോ ആവോ ..
വീട്ടിൽ നിന്നും ധൃതിയിൽ ഇറങ്ങുമ്പോൾ പിന്നിൽ നിന്നും ഭാര്യയുടെ കമന്റ് " നിങ്ങളിങ്ങനെ ലാത്തിയും തൂക്കിയിട്ടൊണ്ട് നടന്നോ ..ആമ്പിള്ളേര് കാശ് ഉണ്ടാക്കുന്നുണ്ട് .."
സുഗുണൻ മറുപടി പറയാതെ ജീപ്പിലേക്ക് കയറി .പീഡനങ്ങൾ അന്വേഷിക്കാൻ സുഗുണന്റെ ജീവിതം ഇനിയും ബാക്കി .
=======================================

By Binu K

നൂലുപറിക്കുന്ന കുട്ടികൾ : ( കഥ )


നൂലുപറിക്കുന്ന കുട്ടികൾ : ( കഥ )
=======================================
രാവിലെ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു .പരീക്ഷാക്കാലമായതിനാൽ ബസിൽ വലിയ തിരക്കുണ്ടായിരുന്നില്ല.ബസിൽ നിന്നിറങ്ങി,കുട നിവർത്തിപ്പിടിച്ച് നേരെ സ്കൂളിലേക്ക് നടന്നു .ഒറ്റക്കും കൂട്ടമായും കുട്ടികൾ കുടയും ചൂടി സ്കൂളിലേക്ക് നടക്കുന്നുണ്ടായിരുന്നു .പല കുട്ടികളുടെയും മുഖത്ത് പരീക്ഷയുടെ ചൂട് പ്രതിഫലിക്കുന്നുണ്ട് . ചില കുട്ടികൾ എന്നെ കണ്ടപ്പോൾ 'ഗുഡ് മോർണിങ് ' പറഞ്ഞു .ഞാനവരെ പുഞ്ചിരിയോടെ തിരിച്ചും വിഷ് ചെയ്തു .
സ്കൂളിന്റെ മതിൽക്കെട്ട് കടന്നപ്പോൾ രമണി ടീച്ചർ ധൃതിയിൽ നടന്നു വരുന്നത് കണ്ടു ."ലിസി ടീച്ചർ ഇന്ന് നേരത്തെയാണല്ലോ .." ചിരിച്ചുകൊണ്ട് ടീച്ചർ കുശലം ചോദിച്ചു ."അതെ.. ഇന്ന് കുറച്ച് നേരത്തെയാണ് .കുട്ടികൾക്ക് ആർകെങ്കിലും വല്ല സംശയവും ഉണ്ടെങ്കിൽ തീർക്കാമെന്ന് കരുതിയാണ് നേരത്തെ വന്നത്..." മറുപടി പറഞ്ഞിട്ട് ഞാൻ നടന്നു .
കുടമടക്കി നേരെ സ്റ്റാഫ് റൂമിലേക്ക് കയറി .ചോറും കുടയും ഒരു ഭാഗത്ത് ഒതുക്കിവച്ച് സീറ്റിലിരുന്നു .മറ്റ് അധ്യാപകർ വന്നു തുടങ്ങുന്നതേയുള്ളൂ .
പത്തുമണിക്ക് പരീക്ഷക്കുള്ള ബെല്ലടിച്ചപ്പോൾ ചോദ്യപ്പേപ്പറുകളുമെടുത്ത് പരീക്ഷാഹാളിലേക്ക് നടന്നു .5,6,7 ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷയാണ് .ഹാളിലേക്ക് കടന്നുചെന്നപ്പോൾ കുട്ടികൾ എഴുന്നേറ്റ് അഭിവാദ്യം ചെയ്തു .
ധൃതിയിൽ ചോദ്യപേപ്പറുകളും ഉത്തരം എഴുതാനുള്ള പേപ്പറുകളും വിതരണം ചെയ്തു .ചില കുട്ടികളൊക്കെ പ്രാത്ഥനയോടെയും മറ്റുള്ളവർ അല്ലാതെയും എഴുത്ത് തുടങ്ങി .
തിരികെ സീറ്റിൽ വന്നിരിക്കാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത് .പത്തുവയസുള്ള ഒരു പെൺകുട്ടി യൂണിഫോം ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തുനോക്കുന്നു .ഞാൻ കണ്ടു എന്ന് മനസിലായപ്പോൾ ഭീതിയോടെ അത് തിരികെ പോക്കറ്റിലേക്ക് വച്ചു .എന്നിട്ട് ഒന്നുമറിയാത്തതുപോലെ എഴുത്ത് തുടർന്നു .
"കോപ്പിയടിയാണോ " എനിക്ക് സംശയം തോന്നി .
കയ്യിലിരുന്ന ബാക്കി പേപ്പറുകൾ മേശയിലേക്ക് വച്ചിട്ട് ഞാനാ കുട്ടിയുടെ അടുത്തേക്ക് നടന്നു .
മേശമേൽ വിരലുകൊണ്ട് മുട്ടിയപ്പോൾ ആ കുട്ടി എഴുന്നേറ്റു നിന്നു .ഭീതിയോടെ എന്റെ മുഖത്തേക്ക് നോക്കി .നല്ല ശാലീനതയുള്ള ഒരു കുട്ടി .
എന്താ നിന്റെ പേര് ..ഞാൻ ചോദിച്ചു ."അപ്സര "
അവൾ മറുപടി പറഞ്ഞു ."എന്താ കുട്ടി പോക്കറ്റിൽ നിന്നും എടുത്ത് നോക്കിയത് ..കോപ്പിയാണോ "..ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെനിന്നു ."പറയ് " എനിക്ക് ദേഷ്യം വന്നു .
" അത് നൂലാണ് ടീച്ചറെ .." അവൾ പറഞ്ഞു .
"നൂലോ ..എന്ത് നൂൽ ..കുട്ടി കള്ളം പറയുവാണോ ..കള്ളം പറഞ്ഞാൽ ഞാനിവിടുന്ന് നിന്നെ പുറത്താക്കും ..പറഞ്ഞേക്കാം .."
" സത്യമായിട്ടും അത് നൂലാണ് ടീച്ചറെ " പറഞ്ഞതിനൊപ്പം അവൾ പോക്കറ്റിൽ നിന്നും പച്ചനിറത്തിലുള്ള കുറെ നൂലുകൾ എടുത്തെന്നെ കാണിച്ചു .
" ഇതെന്താ ...ഇതെന്തിനാ ഇവിടെ കൊണ്ടുവന്നത്"
ഞാൻ ചോദിച്ചു.
"ഇതെന്റെ അമ്മയുടെ ഷാളിന്റെ നൂലാ ..എനിക്കെന്റെ അമ്മയെ പിരിഞ്ഞിരിക്കുന്നത് വിഷമമാ ...അമ്മയെക്കാണണമെന്ന് തോന്നുമ്പോൾ ഞാനിതെടുത്തു നോക്കും .അപ്പൊ എനിക്ക് സമാധാനമാകും .
ഞാൻ രാവിലെ അമ്മയുടെ ഷാളിൽ നിന്നും പറിച്ചോണ്ട് വന്നതാ .ഇങ്ങനെ കണ്ടിട്ടില്ലെങ്കിൽ ഞാൻ പരീക്ഷക്ക് പഠിച്ചതെല്ലാം മറന്നുപോകും .."
അവൾ വിങ്ങിവിങ്ങി പറയുന്നത് കേട്ടപ്പോൾ എനിക്ക് വിഷമമായി .
" മോളുടെ അമ്മയെവിടാ "ഞാൻ ചോദിച്ചു ." അമ്മ വീട്ടിലുണ്ട് ..എന്നാലും എനിക്ക് അമ്മയെ എപ്പഴും കാണണം .." അവൾ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി .
" ശരി ശരി ..എന്നാൽ എഴുത്ത് തുടങ്ങിക്കോ ..സമയം കളയണ്ട .." ഞാൻ ചിരിയോടെ അവളുടെ കവിളിൽ തട്ടി .
ഏകദേശം മൂന്നുമാസങ്ങൾക്ക് ശേഷം,കുടുംബകോടതിയിൽ വക്കീലായി പ്രാക്റ്റീസ് ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരിയെ കാണാൻ ഞാൻ കുടുംബക്കോടതിയുടെ പരിസരത്ത് എത്തി .കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയമായിരുന്നു അത് .
കോടതിപരിസരത്ത് തിരക്കുണ്ടായിരുന്നു .ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ധൃതിയിൽ നടക്കുന്നുണ്ടായിരുന്നു .പിരിയാനുള്ള ഭാര്യമാരും ഭർത്താക്കന്മാരും ,പിരിഞ്ഞ ഭാര്യയായിരുന്നവരും ഭർത്താവായിരുന്നവരുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു .ചിലരുടെ മുഖത്ത് സങ്കടവും രോഷവുമായിരുന്നെങ്കിൽ മറ്റുചിലരുടെ മുഖത്ത് വിജയസ്മിതവും ആശ്വാസവുമായിരുന്നു .വക്കീലന്മാരും ഗുമസ്തന്മാരുമൊക്കെ തേരാപാരാ കോടതിവളപ്പിലുടെ നടക്കുന്നു .
കോടതിപരിസരത്തെത്തിയ വിവരം കൂട്ടുകാരിയെ ഫോണിലൂടെ അറിയിച്ച ശേഷം ,ഞാനവിടെ ഒരു വാകമരത്തിന്റെ ചോട്ടിലെ സിമന്റ് ബെഞ്ചിലിരുന്നു . വെറുതെ ചുറ്റുപാടൊക്കെ ഒന്ന് വീക്ഷിച്ചു .പെട്ടെന്നാണ് ,ഒരു പെൺകുട്ടി കോടതിയുടെ പുറത്തെ വരാന്തയിൽ നിന്ന് വിങ്ങിപ്പൊട്ടുന്നത് കണ്ടത് .പരിചയമുള്ള മുഖം .കൂടെ വൃദ്ധരായ ഒരു സ്ത്രീയും പുരുഷനും ഉണ്ട് .ആ മുഖം ഓർമ്മയിൽ ചികഞ്ഞു .പെട്ടെന്ന് ഓർമ്മയിൽ ആ മുഖം തെളിഞ്ഞു .അപ്സര ..അതെ അപ്സരയാണത് .സ്കൂളിൽ നൂല് പറിച്ചുകൊണ്ടുവരുന്ന കുട്ടി .
ഞാനെഴുന്നേറ്റ് അവൾ നിൽക്കുന്നിടത്തേക്ക് നടന്നു .വൃദ്ധരായ സ്ത്രീയും പുരുഷനും അവളോട് എന്തൊക്കെയോ പറയുന്നുണ്ട് ." എന്ത് പറ്റി ..ഇവളെന്താ ഇവിടെ " ഞാനടുത്തെത്തി ആ സ്ത്രീയോട് ചോദിച്ചു . " ആരാ മനസിലായില്ല " സ്ത്രീ സംശയത്തോടെ പുരികം വളച്ച് എന്നെ നോക്കി .
" ഞാനിവളുടെ സ്കൂളിലെ ടീച്ചറാ .." ഞാൻ പറഞ്ഞപ്പോൾ വൃദ്ധനും വൃദ്ധയും പരസ്പരം നോക്കി .അപ്സരയും എന്നെ കണ്ടുകഴിഞ്ഞിരുന്നു .അവളുടെ കണ്ണുകൾ കലങ്ങിച്ചുവന്നിരുന്നു ..
" എന്തുപറയാനാ എന്റെ ടീച്ചറെ ..ഞാനിവളുടെ അമ്മുമ്മയാണ് ..അമ്മയുടെ അമ്മ .ഇവളുടെ അച്ഛനും അമ്മയും ഇന്നിവിടെവച്ചു പിരിഞ്ഞു .എന്റെ മകൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നത് അവളുടെ ഭർത്താവ് അറിഞ്ഞു .അതാണ് കാരണം .എന്താ ചെയ്കാ ..കലികാലം .ഈ കുട്ടിയെ അവർക്ക് രണ്ടാൾക്കും വേണ്ട ,അവരുടെ സ്വകാര്യജീവിതത്തിന് തടസ്സമാകുമത്രേ .ഒരു പെൺകൊച്ചല്ലേ ..എനിക്ക് കളയാനൊക്കുമോ .അവള് ഈ കുട്ടിയോട് ഒന്ന് മിണ്ടിയത് പോലുമില്ല ..അസ്സത്ത് .." വൃദ്ധ പറഞ്ഞതുകേട്ടപ്പോൾ ഞാനാകെ വല്ലാതായി .
ഞാൻ അപ്സരയുടെ അടുത്തേക്ക് ചെന്നു .അവൾ മുഖമുയർത്തിയില്ല .കഠിനമായ ദുഃഖം അവളുടെ മുഖത്ത് കാണാമായിരുന്നു ..
"മോളേ .." വിളിച്ചുകൊണ്ട് ഞാനവളുടെ മുഖം മെല്ലെയുയർത്തി .ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു .ഞാനവളെ നെഞ്ചോട് ചേർത്തമർത്തി .എന്റെ തോള് അവളുടെ കണ്ണീരിനാൽ നനയുന്നുണ്ടായിരുന്നു .
അവളുടെ ഉടുപ്പിന്റെ കീശയിൽ ചുവപ്പുനിറത്തിലുള്ള കുറേ നൂലുകൾ ഞാൻ കണ്ടു .
കോടതിമുറ്റത്തെ വാകമരത്തിൽ നിന്നും ശക്തമായ കാറ്റടിച്ച് ചുവന്ന വാകപ്പൂക്കൾ ദൂരേക്ക് പറക്കുന്നുണ്ടായിരുന്നു ...
•••••• •••••• •••••• •••••••
ഓരോവർഷവും നൂറുകണക്കിന് വിവാഹമോചനങ്ങളാണ് നമ്മുടെ നാട്ടിൽ ,പാശ്ചാത്യരാജ്യങ്ങളെ വെല്ലുന്ന വിധം നടക്കുന്നത്.അതിലോരോന്നിലും അപ്സരയെപ്പോലെയുള്ള ,മാതാപിതാക്കളെ ജീവനെപ്പോലെ സ്നേഹിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയവും ,ബാല്യവും ,ഭാവിയുമാണ് തകരുന്നത് .നമ്മൾ കാരണം ,നമ്മുടെ കുഞ്ഞുങ്ങളിൽ വിഷാദരോഗവും കണ്ണീരും നിറയാതിരിക്കട്ടെ .കുടുംബം ഒരു സ്വർഗമാക്കാൻ എല്ലാവർക്കും കഴിയട്ടെ .കുഞ്ഞുങ്ങളുടെ ഭാവി ശുഭമാകട്ടെ ..!
------------------------------------------------------------------------
ബിനു കല്ലറക്കൽ ©
This script is secured with International copy right act.Do not copy this creation without prior permission.

'വിക്കച്ചനും' കപ്യാരും : (നർമ്മ കഥ )© ഭാഗം -1


'വിക്കച്ചനും' കപ്യാരും : (നർമ്മ കഥ )©
ഭാഗം -1
------------------------------------------------------------------------
കാനത്തൂർ എന്ന മലയോരഗ്രാമത്തിലെ ആകെയുള്ള ഒരു ഇടവകപ്പള്ളിയിലെ ആകെയുള്ള വികാരിയച്ചായിരുന്നു 'വിക്കച്ചൻ ' എന്നറിയപ്പെടുന്ന ഫാദർ സെബാസ്റ്റ്യൻ .അതേ പള്ളിയിലെ കപ്യാർ ആയിരുന്നു പാപ്പച്ചായൻ എന്ന പാപ്പച്ചൻ.പേരിൽ സൂചിപ്പിക്കുന്നതുപോലെ അച്ചന് നല്ല രീതിയിലുള്ള വിക്കുണ്ടുണ്ടായിരുന്നു .അങ്ങനെയാണ് സെബാസ്റ്യാനച്ചൻ 'വിക്കച്ചൻ' ആയത് .കപ്യാർ പാപ്പച്ചൻ കറുത്തിരുണ്ട ഒരു ആജാനുബാഹു .അറുപതിന് മേൽ പ്രായം വരും .ലിസിയാണ് ഭാര്യ .കുട്ടികളില്ല .പാപ്പച്ചൻ അല്പസ്വല്പം " മരുന്നടിക്കുന്ന" കൂട്ടത്തിലാണ് .അതിന് സമയവും സാഹചര്യവും ഒന്നും നോക്കാറുമില്ല .
വിക്കച്ചന്റെ വിക്ക് കാരണം പള്ളിയിലും വെളിയിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് .പോരാത്തതിന് ക്ഷിപ്രകോപിയും .
പറഞ്ഞു ഫലിപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം വിക്കച്ചന് പെട്ടെന്ന് ദേഷ്യം വരും .കൂടെ നടക്കുന്ന കപ്യാർക്ക് ഇതുമൂലം "പലവിധ അനർത്ഥങ്ങൾ"
ഉണ്ടായിട്ടുമുണ്ട് .തനിക്ക് "വിക്ക് " ഉണ്ടെന്നുള്ള കാര്യം അച്ചൻ ഒരിക്കലും സമ്മതിക്കാറില്ല .ഇടക്കിടക്ക് പാപ്പച്ചനോട് പറയും , " പാ ..പാ ..പാപ്പച്ചാ ..എ ..എനിക്ക് വി ..വിക്ക് ..ഉണ്ടെന്നാ ഇടവകേലെ ഓ ..ഓരോരോ സാത്താന്റെ സന്തതികൾ പറയുന്നത് ...പാ ..പാപ്പച്ചന്റെ അഭിപ്രായം എന്താ ..." "ഹേയ് ..അച്ചന് അങ്ങനെ വിക്കൊന്നുമില്ല...സംസാരിക്കുമ്പോൾ മാത്രമല്ലേ ഉള്ളൂ ..." കപ്യാരുടെ മറുപടി.
"ങ്ങാ ..അ ..അതാ ഞാ..ഞാനും പറഞ്ഞത് ..." അച്ചന് സമാധാനമാകും .
അങ്ങനെയിരിക്കെ ഇടവകയിലെ ഒരു കുഞ്ഞാടിന്റെ കല്യാണം വന്നു .പയ്യൻ വെറും പയ്യൻ .പുതുപ്പണക്കാരന്റെ മകൻ ...25 വയസ്സ് .
കല്യാണം നടത്താൻ ബിഷപ്പിനെ വിളിച്ചെങ്കിലും ഡേറ്റ് കിട്ടാത്തത് കൊണ്ട് വിക്കച്ചൻ തന്നെ കല്യാണം നടത്തിയാൽ മതിയെന്ന് തീരുമാനമായി .
കല്യാണദിവസം വന്നെത്തി .പള്ളിയും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു .പത്തുമണിക്ക് തന്നെ ചെറുക്കനും പെണ്ണും പള്ളിയിലെത്തി .കെട്ടുതുടങ്ങി .ഒരുമാതിരി കുഴപ്പമില്ലാതെ വിക്കച്ചൻ കല്യാണക്കുർബാന നടത്തുകയായിരുന്നു .ചെറുക്കൻ പെണ്ണിന്റെ കഴുത്തിൽ മിന്ന് കെട്ടുന്ന നേരമായി .വിക്കച്ചൻ മിന്നുകെട്ട് സമയത്ത് കൈകൾ രണ്ടും ദമ്പതികളുടെ മേൽ,അനുഗ്രഹിക്കാനായി ഉയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുകയാണ് .പക്ഷെ ചെറുക്കന് എത്ര ശ്രമിച്ചിട്ടും മിന്ന് കെട്ടാൻ കഴിയുന്നില്ല .കെട്ടുന്നതെല്ലാം തെറ്റായിട്ടാണ് ..അതായത് "പെൺ കെട്ട് "ആണ് കെട്ടുന്നത് ..ചെറുക്കൻ പലവട്ടം ശ്രമിച്ചിട്ടും കെട്ടുന്നത് എല്ലാം "പെൺകെട്ട് " ആണ് .ഗായകസംഘം അനക്കമറ്റ് നിൽക്കുകയാണ് ,കപ്യാരും ജനങ്ങളും .അച്ചൻ അത്രസമയവും കൈകൾ ഉയർത്തിപ്പിടിച്ചുതന്നെ നിൽക്കുകയാണ്.ചെക്കൻ ശരിയായി കെട്ടിയിട്ടുവേണം അച്ചന് കൈകൾ താഴ്ത്താൻ .പക്ഷെ ഒരു രക്ഷയുമില്ല .ചെക്കനാണേൽ വിയർത്തുകുളിച്ചു .അച്ചൻ കപ്യാരുടെ മുഖത്തേക്ക് പാളിനോക്കി .കപ്യാർ ആ നോട്ടം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു " കെ ..കെ ..കെട്ട് മോനേ ..." കൈ കഴച്ചു വശംകെട്ട അച്ചൻ കല്യാണചെക്കനോട് പറഞ്ഞു .വീണ്ടും ചെക്കൻ കെട്ടാൻ ശ്രമിച്ചെങ്കിലും തഥൈവ .അച്ചന്റെ മുഖം ചെമ്പരത്തിപ്പൂപോലെ ചുവന്നു ."കെ ..കെ ..കെട്ടാൻ പഠിക്കാതെയാണോടാ നാ ..നായിന്റെ മോ ..മോനേ മിന്ന് കെട്ടാൻ വ ..വന്നേക്കുന്നെ ..." അച്ചൻ പരിസരം മറന്ന് ക്ഷോഭിച്ചുകൊണ്ട് ,ഉയർത്തിപ്പിടിച്ചിരുന്ന കൈകൾ താഴ്ത്തി മുന്നോട്ടാഞ്ഞ് ,ചെക്കന്റെ കയ്യിൽനിന്നും താലിച്ചരട് പിടിച്ചുവാങ്ങി പെണ്ണിന്റ കഴുത്തേൽ അങ്ങ് കെട്ടി.ചെക്കനും പെണ്ണും കപ്യാരും സകലജനവും സ്തബ്ധരായി നിന്നു .അച്ചൻ കൂളായിട്ട് വിവാഹക്കുർബ്ബാന പൂർത്തിയാക്കി .
പിന്നൊരിക്കൽ മറ്റൊരു കല്യാണം .ഇടവകയിലെ ഒരു പെൺകുട്ടിയെ മറ്റൊരു ക്രിസ്ത്യൻ വിഭാഗത്തിലെ കുടുംബത്തിലേക്ക് കെട്ടിച്ചുവിടുകയാണ് .അങ്ങനെയുള്ള വിവാഹങ്ങളിൽ മാതൃസഭയിലെ അച്ചന്മാർ വിവാഹച്ചടങ്ങുകളിൽ ആ വിവാഹകർമ്മത്തിൽ പങ്കെടുക്കാറില്ല .തലേന്ന് രാത്രി കല്യാണപ്പെണ്ണിന്റെ വീട്ടിൽ നടക്കുന്ന ടീപാർട്ടിയിൽ മാത്രമേ പോകാറുള്ളൂ .അങ്ങനെ അച്ചനും കപ്യാരും കൂടി പോകാൻ തീരുമാനമായി .പറഞ്ഞുറപ്പിച്ചത് പോലെ അച്ചന്റെ കൂടെ പോകാനായി വൈകുന്നേരം കപ്യാർ പള്ളിമേടയിലെത്തി .അച്ചൻ ആ സമയത്ത് വയറുവേദനകരണം ടോയ്‌ലെറ്റിൽ ആയിരുന്നു .കിട്ടിയ തക്കം നോക്കി കപ്യാർ ,വീഞ്ഞ് വച്ചിരിക്കുന്ന മുറിയിലേക്ക് പാഞ്ഞുകയറി.കല്യാണപ്പാർട്ടിക്ക് പോകുമ്പോൾ ഒരു മൂഡിന് വേണ്ടി കയ്യിൽ കരുതിയിരുന്ന റമ്മിന്റെ (Rum) പയിന്റ് ,പെട്ടെന്ന് വെളിയിലെടുത്ത് പകുതികാലിയായിരുന്ന വീഞ്ഞുകുപ്പിയിൽ മിക്സ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ,ടോയ്ലറ്റിന്റെ വാതിൽ തുറന്ന് അച്ചൻ ഇറങ്ങിവരുന്ന ശബ്ദം കേട്ടു .മിക്സ് ചെയ്ത മദ്യം എന്തുചെയ്യണമെന്നറിയാതെ കപ്യാർ മറ്റ് വീഞ്ഞുകുപ്പികളുടെ ഇടയിലേക്ക് ,വീഞ്ഞുകുപ്പിയെന്ന് തോന്നിപ്പിക്കും വിധം വച്ചിട്ട് കപ്യാർ ഹാളിലേക്ക് പെട്ടെന്നിറങ്ങി.
"പാ ..പാപ്പച്ചൻ വന്നോ ..താ ..താനിരിക്കൂ ...വ ..വയറ്റിനൊരു കുഴപ്പം ...അജീർണ്ണതയാ ..അൽപ്പം വീഞ്ഞ് സേവിച്ചാൽ ചി ..ചിലപ്പോ ശരിയാകും .." എന്ന് പറഞ്ഞിട്ട് അച്ചൻ നേരെ വീഞ്ഞ്‍മുറിയിലേക്ക് നടന്നു .കപ്യാരുടെ ഞെഞ്ചിൽ വെള്ളിടി വെട്ടി .
എന്തോ സംഭവിക്കാൻ പോകുന്നു ,കപ്യാർ വിചാരിച്ചു .പതുക്കെ അച്ചനെ പിന്തുടർന്ന് വീഞ്ഞ് റൂമിന് വെളിയിൽ നിന്നിട്ട് അകത്തേക്ക് നോക്കി .ഞെട്ടിപ്പോയി .പേടിച്ചത് തന്നെ നടന്നിരിക്കുന്നു .വീഞ്ഞുകുപ്പിയിൽ മിക്സ് ചെയ്തുവച്ചിരുന്ന കള്ള് വീഞ്ഞാണെന്ന് കരുതി അച്ചൻ മടമടാന്ന് മോന്തുന്നു .എന്തുംവരട്ടെയെന്ന് കരുതി കപ്യാര് ഹാളിൽ തന്നെ പോയിരുന്നു .
കുറച്ച് കഴിഞ്ഞപ്പോൾ തിരിച്ചിറങ്ങി വന്നു ,കയ്ക്കുന്ന മുഖഭാവത്തോടെ ." എ ..എന്ത് ചെയ്യാനാ ..പാപ്പച്ചാ ..വീഞ്ഞിലും മായമാണെന്ന് തോന്നുന്നു ..ഭ ..ഭയങ്കര കയ്പ്പ് .." അച്ചൻ പറഞ്ഞു .കപ്യാർ ഒന്നും മിണ്ടാതെ അച്ചനെത്തന്നെ നോക്കിയിരുന്നു .കുറച്ചുകഴിഞ്ഞപ്പോൾ അച്ചന്റെ ഭാവം കുറേച്ചേ മാറാൻ തുടങ്ങി .." പാ ..പാപ്പച്ചാ ..നി ..നീ ..മാഴ്‌ഗം കഴി (മാർഗം കളി ) കണ്ടിട്ടുണ്ടോ .."അച്ചൻ ചോദിച്ചു ..
"ഇല്ലച്ചോ ..പക്ഷെ കാണണ്ട .."
" അതെന്താ മാഴ്‌ഗം കഴി ക ..കണ്ടാൽ നീ ..ച ..ചത്ത് പോകുവോ ...ദാ ..നീ കണ്ടേച്ചും പോയാൽ മതി .." അച്ചൻ ളോഹ മുകളിലേക്ക് മടക്കിക്കുത്തി .
" പുണ്യവാനിസഹാക്കിനുണ്ടായി രണ്ടുമക്കൾ ..
ഒന്നാമൻ ഏസാവും ..---------- -----" അച്ചൻ മാർഗം കളിയങ്ങ് കൊഴുപ്പിച്ചു തുടങ്ങി ..ഇനി നിന്നാൽ കുഴപ്പമാകുമെന്ന് വിചാരിച്ച് പാപ്പച്ചൻ മേടയിൽ നിന്നിറങ്ങിയോടി .
അങ്ങനെയിരിക്കെ ഒന്നുരണ്ട് ദിവസം കപ്യാർക്ക് പള്ളിയിൽ വരാൻ കഴിഞ്ഞില്ല .കാരണമറിയാതെ അച്ചൻ കപ്യാരെ തിരക്കി പുറപ്പെട്ടു ,കപ്യാരുടെ വീട്ടിലേക്ക് .നല്ല മഴ .ഒരു കാലൻ കുടയുമായിട്ടാണ് പോക്ക് .കപ്യാരുടെ വീട്ടിലേക്ക് പോകുന്ന വഴിയെല്ലാം മഴകാരണം ചെളിനിറഞ്ഞു കിടക്കുമായായിരുന്നു .അച്ചൻ ളോഹ മുട്ടൊപ്പം പൊക്കിപ്പിടിച്ചാണ് നടന്നത് .
കപ്യാരുടെ വീട്ടിലെത്തിയപ്പോൾ കപ്യാർ സ്ഥലത്തുണ്ടായിരുന്നില്ല .കപ്യാരുടെ ഭാര്യ അച്ചനെ കണ്ട്‌ കതക് തുറന്ന് ഭയഭക്തിബഹുമാനങ്ങളോടെ ഒതുങ്ങിനിന്നു .അപ്പോളും അച്ചൻ ളോഹ പൊക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു ." പാ ..പാ ..പാ .."(പാപ്പച്ചൻ എവിടെപ്പോയി എന്നാണ് ചോദിയ്ക്കാൻ ഉദ്ദേശിച്ചത് ) കപ്യാരുടെ ഭാര്യയോട് ചോദിക്കാൻ തുടങ്ങി .മഴയിൽ നനഞ്ഞുനിൽക്കുന്ന അച്ചൻ "പായ് " ആണ് ചോദിച്ചതെന്നുകരുതി ,കേട്ടപാതി കേൾക്കാത്തപാതി ഭാര്യ അകത്തേക്കോടി ഒരു തഴപ്പായയുമായി ധൃതിയിൽ വെളിയിലേക്ക് വന്നപ്പോളാണ് പാപ്പച്ചൻ വെളിയിൽ നിന്നും അകത്തേക്ക് വന്നത് .കണ്ടതോ ,ളോഹ മുട്ടിന് മുകളിൽ പൊക്കിപ്പിടിച്ചു നിൽക്കുന്ന വിക്കച്ചനെയും പായയുമായി നിൽക്കുന്ന സ്വന്തം ഭാര്യയെയും .കപ്യാർ സംശയം നിഴലിക്കുന്ന കണ്ണോട് കൂടി രണ്ടുപേരെയും മാറിമാറി നോക്കി .
" അച്ചോ ..അച്ചൻ ഇത്തരക്കാരനാണെന്ന് ഞാൻ വിചാരിച്ചില്ല ..കേട്ടോ .." കപ്യാർ പറഞ്ഞു ."എ ..എ എത്തരക്കാരൻ ...? ഞ ..ഞാൻ ..പാ ..പാ .പാ .."
അച്ചൻ വിശദീകരിക്കാൻ ഒരു പാഴ്ശ്രമം നടത്തി ." ഞാനും അതുതന്നെയാ പറഞ്ഞത് ..പായ് ..ഇവിടിപ്പോൾ പായയുടെ ആവശ്യമെന്താ ..രണ്ടുപേരും കൂടി എന്നെ പൊട്ടനാക്കുവാ .." കപ്യാർ കൂടുതൽ ക്രുദ്ധനായി .
രംഗം പന്തിയല്ലെന്ന് കണ്ട അച്ചൻ ളോഹ ഒന്നുകൂടി പൊക്കിക്കുത്തികൊണ്ട് മഴയത്തേക്ക് ഇറങ്ങി നടന്നു .
" നീ ..നീ ..എ ..എന്ത് നോക്കി നി ..നിക്കുവാടി അസ്സത്തെ ...കേ ..കേറി പോടീ അകത്ത് .." കപ്യാർ ഭാര്യയോട് ഗർജ്ജിച്ചു .
" ങേ ..വിക്കച്ചന്റെ കൂടെ നടന്ന് നിങ്ങൾക്കും വിക്കായോ മനുഷ്യാ .."
പറഞ്ഞിട്ട് കപ്യാരുടെ ഭാര്യ പായയും കൊണ്ട് അകത്തേക്കോടി ...
(തുടരും)
------------------------------------------------------------------------
ബിനു കല്ലറക്കൽ ©

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo