Showing posts with label BadshaKavumpady. Show all posts
Showing posts with label BadshaKavumpady. Show all posts

ഷിറാഖ് - 10

ഷിറാഖ് - 10
കറുത്ത പ്രതലത്തിൽ വെളിച്ചത്തിന്റെ ചെറുപൊട്ട് കാണുന്നതിന്റെ പ്രായോഗീകത ഞാൻ മുമ്പ് പറഞ്ഞതാണ്. ഒരു പക്ഷേ തോൽവി ഉറപ്പാകുന്ന ചില നിമിഷങ്ങളിൽ ഒരു വെളിച്ചപ്പൊട്ട് മുന്നിൽ തെളിയും. ആ തുരുത്തിൽ നമുക്ക് മാത്രം കിട്ടുന്ന ആത്മവിശ്വാസമുണ്ട്. ലോകം മുഴുക്കെ തോൽവിയെ കുറിച്ച് സംസാരിക്കുമ്പോൾ നാം മാത്രം വിജയത്തെ കുറിച്ച് ചിന്തിക്കും. അതിന് പ്രത്യേക യുക്തിയെ പോലും നാം തന്നെ സൃഷ്ടിച്ചെടുക്കും.
സിജ്നിൽ കെട്ടി നിന്ന കനത്ത നിശ്ശബ്ദതയിൽ; എനിക്കു മുന്നിൽ തെളിഞ്ഞു നിന്നിരുന്ന വെളിച്ചത്തിന്റെ ചെറു പൊട്ടുകൾ ശൂന്യതയിലേക്ക് മാഞ്ഞ് പോവുന്നത് പോലെ തോന്നി. ഞാനേറെ പ്രതീക്ഷ വെച്ചിരുന്ന ഫരിസ്ത കൂറുമാറിയിരിക്കുന്നു!. ഒരു പക്ഷേ അവൾ ഇത്രയും സത്യസന്ധയാണെന്ന് ഞാൻ തിരിച്ചറിയാതിരുന്നത് എന്റെ തെറ്റു തന്നെയാവും.
കൃത്യമായ പദ്ദതിയോട് കൂടി തന്നെയാണ് അവൾ ഈ സിജ്നിലേക്ക് വന്നതെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അവളുടെ പെരുമാറ്റവും സംസാരവുമെല്ലാം. അവളുടെ കുറ്റസമ്മതത്തോടെയായിരുന്നു തുടക്കം. അവൾ കരഞ്ഞുകൊണ്ടാണ് പറയുന്നതെങ്കിലും വാക്കുകൾ ഉറച്ചതും ശക്തവുമായിരുന്നു.
"ഞാനാണ് കുറ്റക്കാരി... ഷിറാഖ് എന്ന നീചനായ കൊലയാളിയെ കിട്ടാൻ വേണ്ടി ഞാനാണ് ഇയാളോട് സൗഹൃദം സ്ഥാപിച്ചത്. പക്ഷേ, ഗഫാനി പ്രപിതാക്കളിൽ സത്യം ചെയ്തു ഞാൻ പറയുന്നു; ആനന്ദ് ഹത്തി സേനാ തലവനാണെന്നറിയാതെയാണ് ഞാനയാളിൽ ആകൃഷ്ടനായതും അയാളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചതും.."
സിജ്നിലെ ആൾക്കൂട്ടത്തിൽ നിന്നുയർന്ന മുറുമുറുപ്പ് അവ്യക്തമായ അനേകം ശബ്ദങ്ങളിൽ തീർത്ത ബഹളമായി എനിക്ക് തോന്നി. "ഗഫാനി സ്ത്രീ പ്രേമിക്കുകയോ.." ക്രമാതീതമായി അവിടെ ഉയർന്ന ശബ്ദത്തിന്റെ ഹേതു അതാണെന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നതായിരിരുന്നു. ശാപ ജന്മമായ നൗറയുടെ പ്രണയം കൊണ്ട് തന്നെ ഏറെ ഭ്രാന്തമായ ഗഫാനികൾക്ക് അതൊരു വെള്ളടി തന്നെയാണെന്ന് ആ മുറുമുറുപ്പ് തെളിയിക്കുന്നു.
"അറിയാം... സ്ത്രീകൾ പ്രേമിക്കാൻ പാടില്ലാത്തവരും ഗോത്ര പ്രമുഖർ തീരുമാനിക്കുന്നയാളുടെ അടിമ തുല്യമായി ജീവിക്കേണ്ടവരുമാണെന്ന് എനിക്കറിയാം.. എന്നിട്ടും ഞാൻ ആനന്ദിനെ പ്രേമിച്ചു പോയതിൽ മാപ്പ് ചോദിക്കുന്നു." അത്രയും പറഞ്ഞ ശേഷം വലത് കൈ കൊണ്ട് കണ്ണുകൾ തുടച്ച് മൂക്ക് വലിച്ച ശേഷം ഇരു കൈകൾ കൊണ്ടും സാക്ഷി കൂട്ടിലെ കൈപ്പിടിയിൽ മുറുക്കിപ്പിടിച്ചു. പിന്നെ എനിക്കു നേരെ നോട്ടമെറിഞ്ഞു. അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു മിന്നൽ പ്രകാശം രൂപപ്പെട്ടത് പോലെ തോന്നുകയും ഞാൻ കണ്ണടച്ചു പോവുകയും ചെയ്തു.
"പക്ഷേ.. നൗറയെ പോലെ പ്രണയത്തിനായി ജീവിതകാലം കൊടും കുറ്റവാളിയായി തുറങ്കിൽ കിടക്കാൻ എനിക്ക് താത്പര്യമില്ല. അത് കൊണ്ട് തന്നെ എന്റെ തെറ്റിന് ഞാൻ ചെയ്യുന്ന പ്രായശ്ചിത്തം ആനന്ദിനെതിരെ നൽകുന്ന സാക്ഷിമൊഴിയാണ്..."
കനത്തു കെട്ടിയ നിശ്ശബ്ദതയിൽ ഫരിസ്തയുടെ ക്രമാതീതമായ കിതപ്പുകൾ മാത്രം ഉയർന്നു കേട്ടു. അവൾ തല താഴ്ത്തി നിലത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അപ്പോൾ. അവൾ കരയുന്നത് പോലെ ശബ്ദം പുറപ്പെടുവിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മിഴികളിൽ നനവോ ശബ്ദത്തിൽ ഇടർച്ചയോ അനുഭവപ്പെട്ടില്ല.
തീർത്തും നിസ്സഹായവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുന്നതിന്റെ വേദനയെ കുറിച്ച് നിങ്ങൾ ബോധവാനാണോ? ഏറെ പ്രതീക്ഷകളോടെ നാം ഒരാൾക്കു മുന്നിലെത്തുമ്പോൾ മുഖം തിരിച്ചു കളയുന്നതിന്റെ നോവനുഭവിച്ചിട്ടുണ്ടോ? നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും പങ്ക് വെക്കാൻ കഴിയുന്നൊരു സുഹൃത്ത് നിങ്ങളെ അവഗണിക്കുന്നുവെന്ന് കരുതുക; നിങ്ങൾ എത്രമാത്രം ബലഹീനമാവും അപ്പോൾ എന്നോർത്തിട്ടുണ്ടോ? അല്ലങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും അത്തരം സന്ദർഭങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടോ?
ഇതൊക്കെയും ചേർന്നൊരവസ്ഥയിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. വഞ്ചിക്കില്ലെന്ന് ഞാൻ വിശ്വസിച്ച ഫരിസ്ത എന്നെ വഞ്ചിച്ചിരിക്കുന്നു. അപ്പോൾ നൗറ...?? അവൾ എന്തിനാവും എന്നോട് ഫരിസ്തയെ വിശ്വസിക്കാൻ പറഞ്ഞത്? നൗറയ്ക്ക് എന്താണിതിൽ പങ്ക്? ചങ്ക് പൊട്ടി കവിതയും പാടി നടക്കുന്ന ഷിറാഖിനെ നൗറ വഞ്ചിക്കുകയാണോ? അന്ന് ദമീഷികൾക്കിടയിലേക്ക് ഒരു നയതന്ത്രജ്ഞയുടെ കൗശലത്തോടെ ഷിറാഖിനെ അവളയച്ചത് മരിക്കാനായിരുന്നോ? എന്തുകൊണ്ടാണവൾ എന്നോടാദ്യമായി "അവൻ മരിച്ചില്ലേ?" എന്ന് ചോദിച്ചത്?
അനേകം ചോദ്യങ്ങൾ ഒരേ സമയത്ത് തലച്ചോറിനകത്ത് പെറ്റുപെരുകുകയാണല്ലോ എന്നോർത്താവണം എന്റെ കണ്ണുകൾ നിറഞ്ഞത്. ഞാൻ തല താഴ്ത്തി കുറ്റസമ്മതം നടത്തി. "അതെ, ഫരിസ്ത പറഞ്ഞത് ശരിയാണ്... പറഞ്ഞതെല്ലാം ശരിയാണ്..." അത് മാത്രമായിരുന്നു എന്റെ കുറ്റസമ്മതം.
* * * * *
ഇതേ സമയം തെക്കൻ പ്രവിശ്യയിൽ ഷിറാഖിന്റെ വീട്ടിൽ കനത്ത മൗനം മാത്രം ഘനീഭവിച്ചു കിടന്നു. തെക്കുഭാഗത്തേക്ക് ജേഷ്ഠനെ തിരഞ്ഞ് പോയ ഷികാർ നിരാശനായി മടങ്ങിയെത്തിയതോടെ അതൊരു മരണവീട് പോലെ മൂകമായിരുന്നു. ഒരു പക്ഷേ അവർ എന്റെ മടങ്ങിവരവിനെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് അപ്പോഴായിരിക്കണം. ഒരിക്കലും ഞാനവരെ നിരാശപ്പെടുത്തില്ലെന്ന് അവർ ഊഹിച്ചു കാണണം.
ഷിറാഖിന്റെ അമ്മയ്ക്കുള്ള കുറിപ്പും കൂടെ സ്ഥിതിഗതികൾ വിശദമായി എഴുതിയ എന്റെ സന്ദേശവും കിട്ടുന്നത് വരേ അവർക്കിടയിൽ ആ മൂകത അനുനിമിഷം വളർന്നിട്ടുണ്ടാവണം.
ഷിറാഖ് എഴുതിയ കുറിപ്പ് വായിച്ച് അമ്മ പൊട്ടിക്കരഞ്ഞു. പ്രിയപ്പെട്ട മകന്റെ ദാരുണാവസ്ഥ ആ അമ്മയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്നാൽ ഗസാൻ ഹത്തും ഷികാർ ഹത്തും പിന്നെ ഷാദല ഹത്തും അപ്പോൾ തന്ത്രങ്ങൾ മെനയുകയായിരുന്നു. ഷിറാഖിനെ കാണുക എന്നതായിരുന്നു റശാദ ലിവയുടെ ആഗ്രഹം എങ്കിൽ മറ്റു മൂന്നു പേരുടെ ചിന്ത നൗറയെ ഷിറാഖിന്റെ അരികിലെത്തിക്കുന്നതിനെ കുറിച്ചായിരുന്നു.
തുടർന്ന് ഹത്തി ഗോത്രാചാരപ്രകാരം യുദ്ധ സഭ പ്രഖ്യാപിക്കപ്പെട്ടു. ശക്തരിൽ ശക്തരായ ഹത്തികളുടെ ആയുധപ്പുരയിൽ സൈന്യാധിപരും ഗോത്ര പ്രമുഖരും സമ്മേളിച്ചു. എന്റെ സന്ദേശം അവിടെ ഉറക്കെ വായിക്കപ്പെട്ടു. അതിങ്ങനെയായിരുന്നു.
"സർവ്വം പരിപാലിക്കുന്നവന് സ്തുതി. ഞാൻ ഷിറാഖിനെ കണ്ടെത്തിക്കഴിഞ്ഞു. അതിന് തെളിവായി ഷിറാഖ് അമ്മയ്ക്കയക്കുന്ന കത്ത് ഞാനിതോടൊപ്പം ചേർക്കുന്നു. ഗോത്ര പ്രമുഖർക്കും ആദരണീയരായ നേതാക്കൾ നന്മകൾക്കായി പ്രാർത്ഥിച്ചു കൊണ്ട് ഞാനീ വിഷയം പറയട്ടെ.
ഷിറാഖ്, ഗഫാനി ഗോത്രത്തലവനായ നസീഹ് ഗഫാനിയുടെ മൂത്തമകൾ നൗറ നസീഹയുമായി പ്രണയത്തിലാണെന്നു മാത്രമല്ല, അവർ അന്യോനം വേർപിരിയാൻ കഴിയാത്ത വിധം ഹൃദയങ്ങൾക്കൊണ്ടടുത്തിരിക്കുന്നു. എന്നാൽ ഗഫാനി കോട്ടയിൽ മാന്യമായി പെണ്ണ് ചോദിച്ചു ചെന്ന ഷിറാഖിനെ ഗഫാനികൾ ക്രൂരമായി മർദ്ദിച്ചു. അത് ഭ്രാന്തമായ മാനസീകാവസ്ഥയിലേക്കാണ് ഷിറാഖിനെ എത്തിച്ചിരിക്കുന്നത്. ഗോത്രത്തിന്റെ രാജകുമാരനെ മർദ്ദിക്കുക വഴി നൂറ്റാണ്ടുകളായി നമ്മെക്കാൾ താഴെ തട്ടിൽ കഴിയുന്ന ഗഫാനികൾ യുദ്ധക്കരാർ ലംഘിച്ചിരിക്കുകയും ഹത്തികളോട് യുദ്ധം പ്രഖ്യാപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതഭിമാനപ്രശ്നമാണെന്ന് ഉണർത്തി
ദൈവത്തിന് നന്ദിയർപ്പിച്ച് നിർത്തുന്നു."
കൂടുതൽ ചർച്ചകളുടെ ആവശ്യമുണ്ടായിരുന്നില്ല; യുദ്ധാഹ്വാനം മുഴങ്ങി. പ്രവിശ്യയിലെ ഏറ്റവും ഉയരത്തിലുള്ള കുന്നിനു മുകളിൽ നിന്ന് ളംളം എന്ന ഹത്തി യുവാവിന്റെ ശബ്ദം ഉയർന്നു.. "ഹത്തീ ഗോത്ര പ്രമുഖരേ... ചുണക്കുട്ടികളേ... നിങ്ങൾക്കപമാനം... നിങ്ങളുടെ ആദരണീയനായ ഗോത്ര പ്രമുഖൻ ഷിറാഖ് അപമാനിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഇനിയും ഉറങ്ങാൻ കഴിയുന്നതെങ്ങനെ...? വരൂ... ഉടൻ പുറപ്പെട്ടിറങ്ങി വരൂ... ഗഫാനികളായ അക്രമികളെ പാഠം പഠിപ്പിക്കൂ... " അയാൾ അതാവർച്ച് വിളിച്ചു പറഞ്ഞു കെണ്ടേയിരുന്നു.
ഹത്തി പ്രവിശ്യയിൽ യുദ്ധാരവം മുഴങ്ങി. ചെണ്ടകൊട്ടിയും യുദ്ധക്കൊടി നാട്ടിയും യുവാക്കൾ തെരുവുകൾ ജീവിപ്പിച്ചു. അരയിൽ വാളും കയ്യിൽ പരിജയുമേന്തി ഭടൻമാൻ ഗസാൻ ഹത്തിയുടെ വീട്ടുവളപ്പിൽ ഹാജരായി. അവർക്കാവേശം പകരനായി യുവതികൾ യുദ്ധത്തെയും വിജയത്തേയും പുകഴ്ത്തി പാട്ടു പാടുകയും നൃത്ത വെക്കുകയും ചെയ്തു. അവർക്കിടയിലേക്ക് വീര്യം കുറഞ്ഞ മുന്തിരി വീഞ്ഞ് വിതരണം ചെയ്യപ്പെടുകയും അവരത് പാനം ചെയ്ത് ഉന്മാദികളെ പോലെ ആക്രോഷിക്കുകയും ചെയ്തു.
"ഷിറാഖ്...
നിനക്കായി ജന്മം
നിനക്കായി ജീവൻ
നിനക്കായി മരിക്കാൻ
ഒരുങ്ങി നാം വരവായി..."
തുടങ്ങിയ പടപ്പാട്ടുകൾ പാടി യുവാക്കളും സായുധരായി സന്നിഹ്തരായി.
അവർക്കിടയിലേക്ക് ഊരിപ്പിടിച്ച വാളുമായി ഗസാൻ ഹത്ത് എഴുന്നുള്ളി. അദ്ധേഹത്തിന്റെ കണ്ണുകൾ തീക്കനലുപോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. നരച്ച താടിരോമങ്ങളിൽ മൈലാഞ്ചി പുരട്ടി ചുവപ്പിച്ചത് വെളുത്ത വട്ട മുഖത്ത് സിംഹത്തിന്റെ ശൗര്യം നൽകുന്നുണ്ടായിരുന്നു.
വലതു കൈ നീട്ടി നിശ്ശബ്ദമാകാൻ ആംഗ്യം കാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കനത്ത ശബ്ദം ഉയർന്നു.
"ഹത്തിഗോത്രത്തിന്റെ പ്രപിതാക്കൾ തന്നെ സത്യം... നമ്മുടെ മാനവും അഭിമാനവും ഏത് ചെറ്റയ്ക്കും ഞങ്ങൾ തീറെഴുതിക്കൊടുത്തിട്ടില്ല... ഇതഭിമാനത്തിന്റെ പോരാട്ടമാണ്... ഈ യുദ്ധത്തിൽ തോൽവി എന്നൊന്നില്ല.. ജയം അല്ലെങ്കിൽ മരണം... തോറ്റ് ഏതെങ്കിലുമൊരു ഹത്തി ഈ പ്രവിശ്യയിലേക്ക് തിരികെ വന്നാൽ നിങ്ങൾ അവരെ കൊന്നു കളയുക...."
വൻ കരഘോഷത്തോടു കൂടി ആ ആഹ്വാനം സ്വീകരിക്കപ്പെട്ടു. വീടുകളിൽ നിന്ന് സ്ത്രീ ജനങ്ങൾ ഉച്ചത്തിൽ പാട്ടു പാടിയും വീരകഥകൾ പറഞ്ഞും ആൺതരികളെ ഊർജ്ജസ്വലരാക്കി.
"ധീരരാണു നാം
മറക്കവേണ്ടതൊട്ടുമേ...
ധർമ്മമാണു മാന-
മോർത്തിടേണം കൂട്ടമേ..
മരിക്കുകിൽ ഭയപ്പെടേണ്ടതില്ല
നിങ്ങൾ വീരരേ...
മടിക്ക വേണ്ട പോർവിളിക്ക്
ധീര സോദരങ്ങളേ..."
തുടങ്ങി അനേകം സമര കവിതകൾ ഉണർന്നു.. യുവാക്കളും ഭടൻമാരും പോർവിളികളോടെ ഗസാൻ ഹത്തിന്റെ വാക്കുകൾക്കായി കാത്തിരുന്നു.
"ഈ യുദ്ധത്തിൽ നാം മൂന്ന് അണികളായിട്ടാണ് നിൽക്കേണ്ടത്. ഒന്നാം നിരയിൽ എന്റെ നേതൃത്വത്തിൽ നീങ്ങുന്ന ചുവപ്പ് പതാക വഹിച്ചവർ.. രണ്ടാം നിരയിൽ ഷാദിലഹത്തി നേതൃത്വം നൽകുന്ന കറുപ്പ് പതാക വാഹകർ. മൂന്നാം നിര നയിക്കുന്നത് ഷികാർ ഹത്തിയാണ്. അദ്ദേഹത്തിന്റെ കീഴിൽ വെളുത്ത പതാകയാണ് നിങ്ങൾ വഹിക്കേണ്ടത്..."
ഗസാൻ ഹത്തിയുടെ നയതന്ത്ര പ്രഖ്യാപനം വന്നു. മൂന്ന് വിഭാഗമായി നൊടിയിടയിൽ ജനക്കൂട്ടം വക തിരിഞ്ഞു നിന്നു. ഏവർക്കും സഞ്ചരിക്കാനുള്ള വാഹനം, കഴിക്കാനുള്ള ഭക്ഷണം, അകമ്പടി സേവിക്കുന്ന നർത്തകിമാർ, ഗായകർ, മദ്യസേവകർ എല്ലാം ആനയിക്കപ്പെട്ടു. സർവ്വായുധ വിഭൂഷരായി അവർ അണിഞ്ഞാെരുങ്ങി ആർപ്പുവിളികൾ ഉയർത്തി. വഴി തടയാൻ വരുന്ന ഒരു പുൽകൊടിയെ പ്പോലും ജീവനോടെ വെച്ചേക്കില്ലെന്നും, മരണം വരെ പോരാടുമെന്നും അണയാതെ കത്തുന്ന അഗ്നികുണ്ഡത്തിനു മുന്നിൽ നിന്ന് ദൈവത്തിൽ സത്യം ചെയ്ത് ശപഥം ചെയ്തു.
പ്രത്യേകം സജ്ജമാക്കിയ പുഷ്പ വാഹനത്തിൽ റശാദ ലിവയും തോഴിമാരും അവരെ അനുഗമിച്ചു. ഇടക്കിടെ നിറഞ്ഞ കണ്ണുകൾ തന്റെ ഷാൾ കൊണ്ട് തുടച്ച് തേങ്ങുന്ന റശാദയെ സമാധാന വാക്കുകൾ കൊണ്ട് സന്തോഷിപ്പിക്കാൻ തോഴികൾ ശ്രമിച്ചു കെണ്ടേയിരുന്നു.
സന്ദേശങ്ങൾക്കൊപ്പം ഞാനവർക്കു അയച്ചു നൽകിയ ഗഫാനി കോട്ടയുടെ രൂപരേഖയും ചിത്രങ്ങളും ഉപയോഗിച്ച് അവർ യുദ്ധാസൂത്രണങ്ങൾ നടത്തി. വ്യക്തമായ പദ്ദതിയോടെ ആ പട്ടാളം പാരാവാരം കണക്കെ വടക്കൻ പ്രവിശ്യയിലേക്ക് കുതിച്ചു. ഈ യാത്ര കണ്ട് വഴികളിലെ ജീവജാലങ്ങൾ മുതൽ സസ്യലതാതികൾ വരേ ഭയന്ന് വിറച്ചു. പിഞ്ചു കുഞ്ഞുങ്ങൾ ഉച്ചത്തിൽ കരയുകയും സ്ത്രീ പുരുഷൻമാർ വീട്ടിനകത്ത് കയറി വാതിലടച്ച് ഒളിക്കുകയും ചെയ്തു.
* * * * *
എന്നാൽ, ഇവിടെ ഞാൻ, സിജ്നിന്റെ അന്തിമ തീരുമാനത്തിനായി കാത്ത് നിൽക്കുകയായിരുന്നു അപ്പോൾ. വധശിക്ഷയിൽ കുറഞ്ഞ ഒന്നും വിധിക്കാൻ നിർവാഹമില്ലാതെ നസീഹ് ഗഫാനി സങ്കോചിച്ചു നിന്നു. ഒരു ചാരൻ പിടിക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത അപ്പോൾ കാട്ടു തീ പോലെ നാടു മുഴുക്കെ പരന്നു. ഷിറാഖിന്റെ കാതിലും ആ വാർത്തയെത്തി.. അദ്ദേഹം ഉച്ചത്തിൽ അലറി വിളിച്ചു കൊണ്ട് തന്റെ വാൾ ഉറയിൽ നിന്നൂരി.. പിന്നെ ആകാശത്തിലതു ചുഴറ്റി അടവുകൾ പരീക്ഷിച്ച് ക്ഷീണത്തോടെ നിന്നു. "എനിക്കായി.. എന്റെ പ്രണയത്തിനായി.. ഇനിയുമൊരു രക്ത സാക്ഷിയോ...."
തളർന്നവശനായ ഷിറാഖിന് മറ്റൊന്നും പറയാനില്ലെന്നു തോന്നും വിധം അയാൾ അതു തന്നെ പിറുപിറുത്തു കൊണ്ട് തറയിലേക്ക് വീണു.
ഗഫാനി കോട്ടയ്ക്കു മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾക്കു മുന്നിൽ പ്രഖ്യാപനം പരന്നു... "വധശിക്ഷ..."
പഴകി പൊളിഞ്ഞു വീഴാറായ വീട്ടിൽ നിന്ന് ഉച്ചത്തിൽ ഒരു കവിതയുയർന്നു. അത് വരേ കേട്ട പ്രണയത്തിന്റെ മടുപ്പില്ലാത്ത ഒരു വിപ്ലവ കവിത.
"നീ ജനിച്ചു
ഇനി നിനക്കു മരിക്കണം
നീ ജീവിച്ചു
ഒടുക്കം നിനക്കു മരിക്കണം
എങ്കിലാ മരണമെന്തേ
ധീരമായി മരിച്ചു കൂടാ?
ഭീരുവായി പതുങ്ങി നിന്ന്
ജീവന്നെന്തിന് ശവത്തിന്
രക്തസാക്ഷിയെന്നതിൽ
കവിഞ്ഞ ചിന്തയെന്തിന്?"
തളർന്ന കൈകൾ നിലത്തു താങ്ങി ആയാസപ്പെട്ട് നിവർന്നു നിന്ന് വാൾ പിടിയിൽ കൈ മുറുക്കി പതറാതെ ചുവടുകൾ നിലത്തുറപ്പിച്ച് അദ്ദേഹം മുന്നോട്ട് നടന്നു...
(തുടരും)
ബാദ്ഷ കാവുംപടി

ഷിറാഖ് - 9

ഷിറാഖ് - 9
ഞങ്ങൾ വിജയത്തിനരികിലെത്തുമ്പോൾ പ്രകൃതി ചില വികൃതികൾ നമുക്കായി ഒരുക്കി വെക്കും. ഒരിക്കലും നാം ജയിക്കരുതെന്ന് വാശിയുള്ള പോലെ. വീണ്ടും വീണ്ടും തോൽവിയുടെ കയ്പ് കുടിച്ച് ഞങ്ങൾ ഭ്രാന്തരാവുന്നത് ദൈവത്തിനോ പ്രകൃതിക്കോ എന്നറിയില്ല, ഒത്തിരി ഇഷ്ടമാണെന്ന് തോന്നുന്നു.
കൈകൾ പിറക് പിരടിക്ക് സമമായി ബന്ധിച്ച ചങ്ങലയുടെ അറ്റം കൊണ്ട് കാലുകൾ തമ്മിൽ ബന്ധിച്ച് എന്നെ സിജ്നിൽ ഹാജറാക്കപ്പെട്ടു. മറുവശത്ത് സാക്ഷിക്കൂട്ടിൽ ഫരിസ്തയും. എന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ നീണ്ട കുറിപ്പ് സിജ്നിലെ അംഗങ്ങളിലൊരാൾ വായിച്ചു. അതിപ്രകാരമായിരുന്നു.
"ജഗത്തെ നിയന്ത്രിക്കുന്ന പിതാവാം ദൈവം സാക്ഷി,
ആനന്ദ് എന്ന ഇന്തോ-ഹത്തി വംശജനായ ഷിഖായ ഹത്തി അതിക്രമിച്ച് ഗഫാനി കോട്ടയിൽ കയറുകയും അതീവ സുരക്ഷയോടെ പാർപ്പിച്ച കൊടും കുറ്റവാളിയും ശാപ ജന്മവുമായ നൗറ നസ്വീഹയെ കാണുകയും, നിർബന്ധിച്ച് അവളെ ഹിതപൂജാ വ്രതം മുറിപ്പിക്കുകയും ചെയ്തിരിക്കുന്നു. മേൽ പറയപ്പെട്ട വ്യക്തി തെക്കൻ പ്രവശ്യയിലെ പ്രബല ഗോത്രമായ ഹത്തി വംശജനും അവരുടെ സൈനീക മേധാവിയുമായിട്ടു കൂടി യുദ്ധ കരാറുകൾ ലംഘിച്ച് കോട്ടയിലെത്തിയത് കരാർ ലംഘനവും ചാരവൃത്തിയുമാണ്. കൂടാതെ ഗഫാനി ഗോത്രത്തിന്റെ വരും കാല രാജ്ഞിയായ ഫരിസ്ത നസ്വീഹയെ തുടർച്ചയായി ഇദ്ധേഹം ശല്യം ചെയ്തതായും പരാതിയുണ്ട്. മേൽ പറയപ്പെട്ട കുറ്റകൃത്യങ്ങൾ പ്രതി ചെയ്തത് സ്വബോധത്തോടെയും ഗൂഢലക്ഷ്യങ്ങൾ മുൻനിർത്തിയുമായതിനാൽ കൊടിയ കുറ്റമാണെന്ന് പ്രഥമദൃഷ്ടിയാ നിരീക്ഷിക്കുന്നു."
നസ്വീഹ് ഗഫാനി തന്റെ ഇരിപ്പിടത്തിൽ ഒന്നനങ്ങിയിരുന്നു. പിന്നെ എന്നെയും ഫരിസ്തയെയും മാറി മാറി നോക്കി. ശേഷം വർഖാൻ വാളെടുത്ത് ഉച്ചത്തിൽ എന്തോ ഉച്ചരിച്ച് കൊണ്ട് സമറത്ത് പഴം വാൾ തലപ്പിൽ കുത്തി. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അത് ചെയ്യണമെന്നാണ് വിശ്വാസം. സമറത്തിന്റെ ചുവന്ന നീര് വാൾ തലപ്പിലൂടെ ഒലിച്ചിറങ്ങി നിലത്തുറ്റി കൊണ്ടിരുന്നു.
"മേൽ പറയപ്പെട്ട കുറ്റകൃത്യങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ?" ഇടതു കൈ കൊണ്ട് താടിയിൽ തടവി നസീഹ് ഗഫാനിയുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ഉയർന്നു. അയാളുടെ ഇറുകിയ കണ്ണുകൾ തീ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ഞാനെന്റെ മനസ്സിനെ ഓർമകളിലേക്കയച്ചു.
* * * * * *
നൗറയ്ക്കരികിൽ നിന്ന് മടങ്ങുമ്പോഴാണ് ഞാനാ കാല് പെരുമാറ്റം കേട്ടത്. ഇരുട്ടിൽ എനിക്കു മുന്നേ അവിടെയെത്തി ഒളിഞ്ഞിരുന്നത് കൊണ്ടാവണം ഞാനയാളെ മുമ്പേ കാണാതിരുന്നത്. ഷിറാഖ് നൽകിയ വിലപ്പെട്ട ഉപദേശം ശരിയാണ്. ഞാനൊരു നല്ല പട്ടാളക്കാരനല്ലെന്ന് തെളിവായിരിക്കുന്നു.
ഇരുട്ടിന്റെ മറ നീക്കി വെളിച്ചത്തിലേക്ക് വന്ന ഫരിസ്തയെ കണ്ട് ഞാൻ സ്തബ്ധനായി നിന്നു. എന്തിനവൾ ഇവിടെ ഒളിഞ്ഞിരുന്നുവെന്നാശ്ചര്യപ്പെട്ടു. അവൾ ചതിക്കുകയായിരുന്നോ? അവളെന്റെ വഴിമുടക്കുമോ? അനേകം സംശയങ്ങൾ മുളപൊട്ടുകയും വളർന്ന് പന്തലിക്കുകയും ചെയ്തു.
പക്ഷേ അവളുടെ കണ്ണുകളിൽ പകയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല. പകരം ഒരു തരം നിസ്സംഗത നിറഞ്ഞു നിൽക്കുന്നതായാണ് എനിക്ക് തോന്നിയത്.
"ആനന്ദ് എന്നെ ചതിക്കുകയായിരുന്നു അല്ലേ?" അവളുടെ കണ്ണുകൾ അകാരണമായി നിറഞ്ഞു. വളരെ ആർദ്രമായി അവളത് പറയുമ്പോൾ ഇതുവരെ അവളെന്നെ അത്രമേൽ വിശ്വസിച്ചിരുന്നുവെന്നെനിക്ക് തോന്നി. അതേ സമയം അവൾ അഭിനയിക്കുകയാണോ എന്ന് ശങ്കിച്ച് പരുഷമായി തന്നെ ഞാനവളോട് പ്രതികരിച്ചു. "ഫരിസ്താ... അണ്ഡകടാഹങ്ങൾ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ചനാഥൻ തന്നെയാണ് സത്യം, നിനക്കെന്നെ തടയാനാവില്ല. അഥവാ നീ എന്നെ തടയാൻ ശ്രമിക്കുന്നുവെങ്കിൽ അരയിൽ തൂക്കിയിട്ട വാൾ അലങ്കാരത്തിനല്ലെന്ന് ഞാൻ തെളിയിക്കേണ്ടി വരും..."
അപ്പോൾ എന്റെ കൈകൾ വിറക്കുകയും ശരീരം ചൂടുപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫരിസ്ത തല താഴ്ത്തി കരയുന്നത് കണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നുകയും ഞാൻ അവളുടെ തലയിൽ കൈ വെച്ച് തടവിയ ശേഷം തിരിഞ്ഞു നടക്കുകയും ചെയ്തു.
"ആനന്ദ്... " വിറയാർന്ന ശബ്ദത്തിലാണ് അവളെന്നെ വിളിച്ചത്. ഞാൾ തിരിഞ്ഞു നിന്നു. അപ്പോൾ നമുക്കിടയിൽ കട്ട പിടിച്ച ഇരുട്ടിൽ അന്യോനം കാണാൻ കഴിയാത്തതിനാൽ ഞാൻ ശബ്ദത്തിനായി കാതോർത്തു. ഒരു വിരൽ നൊടിപോലും വിട്ട് പോവരുതെന്ന് ഉറപ്പിച്ചായിരുന്നു എന്റെ നില്പ്.
''ആനന്ദ് ഈ ഇരുട്ടിന്റെ മറുപുറത്ത് നീയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോഴും എനിക്ക് ഞാനെങ്ങനെ കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമാവുന്നില്ല. ഗഫാനികളിലെ അതിബുദ്ധിമതിയായ സ്ത്രീയെന്ന് വിശേഷണം ചാർത്തപ്പെട്ട ഞാനെങ്ങനെ അന്ധയായതെന്ന് മനസ്സിലാവുന്നില്ല. നിന്റെ ഓരോ കരുക്കളും കൃത്യമായ നീക്കങ്ങളായിരുന്നു ആനന്ദ്. എതിരാളികൾക്ക് ഒരു സംശയം പോലും നൽകാത്ത വിധം പൂർണ്ണമായത്.
ഇടക്കെപ്പോഴോ നീയെന്നെ പ്രേമിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിപ്പോയി. നിന്റെ ചുണ്ടുകൾ എന്റെ ഗാഢമായ ചുംബനത്തെ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ചിന്തിച്ചു. ഒരു വേള എന്റെ ഹൃദയത്തെ പോലും അതുലച്ചു കളഞ്ഞു ആനന്ദ്... അത് കൊണ്ട് തന്നെയാണ് നീ നൗറയെ കാണണമെന്നാവശ്യപ്പെട്ടപ്പോൾ എനിക്ക് നിന്നെ തടയാൻ കഴിയാതെ പോയത്. ഇവിടെ എനിക്കു പകരം ഗഫാനി കിങ്കരൻമാർ നിൽക്കാത്തതും..
ആനന്ദ്... ദയവായി എന്നെ മനസ്സിലാക്കൂ.. ഞാൻ ചതിക്കുകയായിരുന്നില്ല ആനന്ദ്. ഞാനെന്റെ അമ്മയിൽ സത്യം ചെയ്തു പറയുന്നു ഞാനിവിടെ വന്നത് നിന്നെ തടയാനല്ല. പകരം നൗറയോട് നിനക്കെന്താണ് പറയാനുള്ളതെന്നറിയാനാണ്. അപ്പോഴാണ് നീയൊരു ഇന്ത്യൻ വംശജനായ ഹത്തിയാണെന്ന് ഞാൻ അറിയുന്നത്. നിനക്ക് ഷിറാഖ് രാജകുമാരനാണ്. നിന്റെ മോഹന വാഗ്ദാനം കപടമായിരുന്നു ആനന്ദ്.. ഇപ്പോൾ ചതിച്ചത് നീയാണ്.. വാക്കുപാലിക്കാത്ത ഹത്തിയാണ് നീ..
ശക്തവും ഏകാഗ്രവുമായ എന്റെ ഹൃദയത്തെ പിഴപ്പിച്ചു കളഞ്ഞല്ലോ നീ..." അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അത് പറയുമ്പോൾ എന്റെ മിഴികളും നിറഞ്ഞിരുന്നു.
"ആനന്ദ്... ഫരിസ്തയെ വിശ്വസിക്കൂ... അവൾ മാത്രമാണീ ഗോത്രത്തെ നേർവഴിക്ക് നടത്താൻ കഴിയുന്നവൾ..." ഞങ്ങൾക്കിടയിൽ തളം കെട്ടിയ മൗനത്തെ ഭേദിച്ചു കൊണ്ട് ഒരിടറിയ ശബ്ദം ഉയർന്നു. "നൗറ....!"
ഞാൻ വീണ്ടും നൗറയുടെ തടവറയ്ക്ക് മുന്നിലേക്ക് നീങ്ങി നിന്നു. അപ്പോളവൾ മുറിയുടെ ഒരു മൂലയിൽ കുമിഞ്ഞു കൂടിയിരിക്കുകയായിരുന്നു. ഞാനത്ഭുതത്തോടെ അവളെ നോക്കി.
"ഷിറാഖിനെ പിറകിൽ നിന്നടിച്ചു വീഴ്ത്തിയതും ഇരുമ്പ് വടി കൊണ്ട് കാലൊടിച്ചതും നീ കണ്ടതല്ലേ നൗറാ...?" അത് ചോദിക്കുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു.
"എനിക്ക് സംസാരിക്കാൻ വയ്യ.. വല്ലാതെ നോവുന്നുണ്ട് നെഞ്ചും തലയുമെല്ലാം.. ഒന്ന് മാത്രം പറയുന്നു. നിങ്ങൾക്കവളെ വിശ്വസിക്കാം..."
അവൾ പതിയെ വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കുന്നതിനിടയിൽ പറഞ്ഞു. അപ്പോൾ നിറഞ്ഞ കണ്ണുകളോടെ ഫരിസ്ത എനിക്കഭിമുഖമായി നിൽക്കുകയും എന്റെ കൈകളിൽ പിടിക്കുകയും ചെയ്തു.
അനേകം സംശയങ്ങൾ കടന്നലുകൾ പോലെ കുത്തി നോവിക്കുന്ന തലച്ചോറിൽ ഒരു കൃത്യമായ ഉത്തരം കിട്ടാതെ ഉഴറിയുലഞ്ഞു. "ആനന്ദ് കേട്ടത് ശരിയാണ്... വർഷങ്ങൾക്ക് മുമ്പ് ഷിറാഖിനെ അക്രമിച്ചിരുന്നു ഞാൻ. അതും പിറകിൽ നിന്ന്.. പക്ഷേ അത് വർഷങ്ങൾക്ക് മുമ്പാണ്... അന്നെനിക്ക് സ്വാർത്ഥതയായിരുന്നു. നൗറയ്ക്ക് അർഹതയില്ലെന്ന ചിന്തയും.. പക്ഷേ... ഇരുവരും എന്നെ തോൽപിച്ചു കളഞ്ഞു ആനന്ദ്...
അന്ന് ജഗോല്പ ദിനത്തിൽ ഷിറാഖിന്റെ മുന്നിൽ ഞാൻ ചെന്നുപെട്ടതാണ്. ഒരു തവണ വാൾ ചുഴറ്റിയാൽ നിരായുധയായ എന്നെ കൊല്ലാൻ അദ്ധേഹത്തിന് കഴിയുമായിരുന്നു.. പക്ഷേ തന്റെ പ്രണയത്തേക്കാൾ വലുതല്ല പകയും വിദ്വേഷവും എന്തിന് താൻ പോലും എന്ന് ചിന്തിക്കുന്ന ഷിറാഖ്... അതേപോലെ ആരോഗ്യവും ജീവിതവും നഷ്ടപ്പെട്ട് ഭ്രാന്തും മരണവും പോലും ഉപേക്ഷിച്ച ശരീരവും മനസ്സും ഒരേ ഓർമ്മയിൽ കുരുക്കിയിട്ട നൗറ... തോൽപിച്ചു കളഞ്ഞു ഇരുവരും എന്നെ...
എനിക്ക് ഷിറാഖിനെ വേണം... ഷിറാഖിനെ രക്ഷിക്കാൻ എനിക്ക് മാത്രമേ കഴിയൂ.. കാരണം ഷിറാഖൊരു കൊലയാളിയാണ്..."
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ അനിയന്ത്രിതമായി ഒഴുകി. അവൾ തേങ്ങിക്കരഞ്ഞു. ഇത് പോലെ ഇതിനു മുമ്പൊരിക്കലും അവൾ കരയുന്നതായി ഞാൻ കണ്ടിട്ടില്ല. "ഷിറാഖ് ആരെയാണ് കൊന്നത്...?"
പെട്ടന്ന് എന്തോ തീരുമാനിച്ചിട്ടെന്ന പോലെ അവൾ തല ഉയർത്തി എന്നെ നോക്കി. "വേഗം വാ.. ഗഫാനികളുടെ പൂജ തീരാറായി... അതിനു മുമ്പ് കോട്ടയ്ക്ക് വെളിയിലെത്തണം... " അവളാജ്ഞാപിച്ചു..
ധൃതിപ്പെട്ട് ഓടുമ്പോഴും എന്റെ ചിന്തയിൽ ഷിറാഖ് കൊന്നെന്ന് പറയപ്പെടുന്ന ആൾ ആരാണെന്നതായിരുന്നു. ഇതുവരേ ശിക്ഷിക്കപ്പെടാത്ത ഒരു കൊലപാതകം അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിൽ; അത് ഗഫാനികളെ ക്രോധരാക്കുന്നുവെങ്കിൽ കൊല്ലപ്പെട്ടയാൾ ചില്ലറക്കാരനാവില്ല തീർച്ച.
പക്ഷേ ഗഫാനി കോട്ടയുടെ വടക്കേ പുറത്ത് എന്നെ കാത്തിരുന്ന അപകടം ഞാൻ തിരിച്ചറിയാതെ പോയി. ഷിറാഖ് പ്രത്യേകം പറഞ്ഞിരുന്നതാണ് തിരികെ വരുമ്പോൾ തെക്കുഭാഗത്ത് കൂടി പുറത്ത് കടക്കാൻ. പക്ഷേ ഫരിസ്തയുടെ നിർദേശവും നിർബന്ധവും വടക്ക് ഭാഗത്ത് കൂടി രക്ഷപ്പെടാനായിരുന്നു. അതാണ് ഏറ്റവും സുരക്ഷിതമെന്നവൾ ആണയിട്ടപ്പോൾ ഞാനവഴി തിരഞ്ഞെടുക്കുകയായിരുന്നു.
* * * * * *
"ഹേയ്... ഹത്തി... എന്താണ് ഒന്നും മിണ്ടാതിരിക്കുന്നത്? മേൽ വായിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ?" നസീഹിന്റെ ശബ്ദം സിജ്നിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. ഞാൻ ഫരിസ്തയെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു ക്ഷമാപണം നിഴലിക്കുന്നത് പോലെ.. ഞാൻ നസീഹിനു നേരെ തിരിഞ്ഞു. അയാളുടെ ഇറുകിയ കണ്ണുകളിൽ നിന്ന് സംഹാരാഗ്നി ജ്വലിക്കുന്നതായി തോന്നി. വെളുത്ത മുഖത്ത് ചുവന്ന നിറം പരന്നിട്ടുണ്ടായിരുന്നു.
"ഇല്ല... ഞാൻ ഈ പറിയപ്പെട്ട ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ചാരനുമല്ല.."
തികഞ്ഞ ദൃഢനിശ്ചത്തിൽ ഉറച്ച ശബ്ദത്തിൽ തന്നെയാണ് ഞാനത് പറഞ്ഞത്. എന്റെ തെറ്റിൽ ഏക സാക്ഷിയായ ഫരിസ്ത എനിക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമാവാം എനിക്കപ്പോൾ കരുത്ത് പകർന്നത്.
''എങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ഗഫാനി കോട്ടയിലെത്തിയത്?"
''ഷിറാഖ്.... ഷിറാഖിനെ തിരഞ്ഞാണ് ഞാൻ വന്നത്. ഹത്തി ഗോത്ര പ്രമുഖനും ആദരണീയനുമായ ഷിറാഖ് ഹത്തിയെ തിരഞ്ഞാണ് ഞാൻ വന്നത്.."
"കാണാതായൊരാളെ തിരഞ്ഞ് തടവറയിലേക്ക് നുഴഞ്ഞു കയറുകയോ... നിങ്ങൾ ഒരു സൈനികനല്ലേ? ഗോത്രമര്യാദകളെ കുറിച്ചറിയില്ലേ..?"
അല്പനേരം നീണ്ട മൗനത്തിന് ശേഷം ഞാൻ പറഞ്ഞു: ''അറിയാം.. തെറ്റാണെന്നും അറിയാം.. ഗഫാനി തടവറയിലേക്കല്ല ഞാൻ പോയത്. ഞാനത് കണ്ടിട്ടുമില്ല. ഗഫാനി കോട്ടയ്ക്കകത്ത് ഷിറാഖ് ബന്ധനസ്ഥനാണെന്ന് സന്ദേശം കുറച്ച് ദിവസം മുമ്പ് ഞങ്ങൾക്ക് കിട്ടിയിരുന്നു. അതടിസ്ഥാനത്തിൽ ഹത്തി സേന ഇങ്ങോട്ട് പുറപ്പെട്ട് കഴിഞ്ഞു. എനിക്കറിയേണ്ടത് ഷിറാഖ് എവിടെ എന്നാണ്? അദ്ദേഹം നിങ്ങളുടെ മകൾ നൗറയെ പ്രണയിച്ചത് ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു. ഷിറാഖിനെ നിങ്ങൾ കൊല ചെയ്തെങ്കിൽ ദൈവത്തിൽ സത്യം ചെയ്തു ഞാൻ പറയുന്നു നിങ്ങളെ രക്ഷിക്കാൻ ദൈവത്തിനു പോലുമാവില്ല. നിങ്ങളുടെ ഭാര്യമാർ വിധവകളും കുട്ടികൾ അനാഥരുമാക്കപ്പെടുക തന്നെ ചെയ്യും."
അത് വെറുമൊരു ഭീഷണി വാക്കു മാത്രമല്ലെന്ന് ഗഫാനികൾക്കറിയാം.. നൂറ്റാണ്ടുകൾക്ക് മുമ്പ് ഗഫാനികളുടെ പിതാമഹൻമാർ ഹത്തി ഗോത്രത്തിനെതിരെ പോരാടി തോറ്റതാണ്. യുദ്ധക്കരാർ പ്രകാരം ഹത്തികൾക്ക് താഴെയാണ് ഗഫാനികൾ. അഥവാ യുദ്ധത്തടവുകാരനല്ലാത്ത ഒരു ഹത്തിയെ വധശിക്ഷയ്ക്ക് വിധിച്ചു നടപ്പാക്കുകയാണെങ്കിൽ അത് ഗോത്ര പ്രമുഖരെ അറിയിക്കണമെന്നാണ് നിയമം. പക്ഷേ വധശിക്ഷയല്ലാത്ത നിയമ നടപടികൾ, ജയിൽവാസം, അടിമ നിയമം, എന്നിവ നടപ്പാക്കാൻ സ്വാതന്ത്ര്യവുമുണ്ട്.
എന്റെ ശബ്ദം ഉയർന്നു താഴ്ന്നപ്പോൾ ഭീകരമായൊരു മൗനം സിജ്നിനെ പൊതിഞ്ഞു. അനേകം കണ്ണുകൾക്ക് ഒരേ ലക്ഷ്യമായി ഞാൻ നിന്നു. കെട്ടിയിടപ്പെട്ട കൈകൾ അസഹ്യമായിക്കൊണ്ടിരിക്കുന്ന വേദനയെ കടിച്ചമർത്തി ഞാൻ അപശബ്ദങ്ങളുണ്ടാക്കി മൗനത്തെ മുറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
"ഷിറാഖിനെ തിരിച്ചേൽപിക്കാതെ ഗഫാനി ഗോത്രത്തിലെ ആൺകുട്ടികൾ അവരുടെ ഭാര്യമാർക്കരികിൽ തിരിച്ചെത്തുന്നുവെങ്കിൽ ഹത്തി ഗോത്രം ഭൂമിയിൽ ഇല്ലെന്ന് നിങ്ങൾക്ക് വിശ്വസിക്കാം.." എന്റെ ഭീഷണി സിജ്നിന്റെ അകത്തളങ്ങളിൽ അലയടിച്ചു. കൂടി നിന്നവരുടെ മുഖങ്ങളിൽ ഭീതി നിഴലിക്കുകയും പരസ്പരം നോക്കുകയും ചെയ്തു.
പെട്ടാന്നാണ് മുകതയെ മുറിച്ചൊരു ശബ്ദം ഉയർന്നത്. "അയാൾ കള്ളം പറയുകയാണ്... അയാൾ തടവറയിൽ പോയിട്ടുണ്ട്.." ആ ശബ്ദത്തിന്റെ ഉറവിടത്തിലേക്കാണ് ദൃഷ്ടികൾ അമിത വേഗത്തിലോടിയത്..
"ഫരിസ്ത...!!"
(തുടരും)
ബാദ്ഷ കാവുംപടി

ഷിറാഖ് - 8

ഷിറാഖ് - 8
"നിങ്ങളെന്തിനാണ് നൗറയെ കാണുന്നത്...?"
ഉത്തരം നൽകാത്ത അനേകം ചോദ്യങ്ങളിലതിനേയും ചേർത്ത് അവഗണിക്കുക എന്നതിൽ കവിഞ്ഞൊരു ചിന്തയും എനിക്കുണ്ടായില്ല. ഫരിസ്തയുടെ മുന്നിൽ ഒരർദ്ധ പുഞ്ചിരിയോടെ ഇരിക്കുക മാത്രമാണപ്പോൾ ഞാൻ ചെയ്തത്.
''നൗറയെ കാണുക എന്നത് എളുപ്പമല്ല.. ഏറ്റവും അപകടം പിടിച്ച കാര്യമാണ്.. പിടിക്കപ്പെട്ടാൽ ജീവൻ പോലും നഷ്ടമായേക്കാം..." ഒരു മുന്നറിയിപ്പെന്ന പോലെ അവളത് പറയുമ്പോൾ; ഞാനതിൽ കേട്ടത് എന്നെ സഹായിക്കാമെ വാഗ്ദാനമായിരുന്നു. എനിക്കപ്പോൾ ഏറെ സന്തോഷം തോന്നി.
വ്യക്തമായ പ്ലാനോട് കൂടിയാണ് ഞങ്ങളന്ന് പിരിഞ്ഞത്. അന്നേക്ക് മൂന്നാം വാരം അമാവാസി രാവിൽ ഗഫാനികളിൽ നടക്കുന്ന വിശേഷ പൂജയുണ്ട്. ഹിതപൂജ എന്ന് വിളിക്കപ്പെടുന്ന ഒരു കർമ്മമാണത്. ഹിതപൂജ നടക്കുമ്പോൾ ഗഫാനികൾ പ്രത്യേകം തയ്യാർ ചെയ്യപ്പെടുന്ന സദസ്സിൽ ഉണ്ടായിരിക്കണമെന്നാണ്. എന്നാൽ ശാപജന്മമായി കണക്കാക്കപ്പെടുന്നവർക്ക് അന്ന് അന്നമോ പാനീയമോ നൽകാൻ പാടില്ല എന്നു മാത്രമല്ല അവർ വെളിയിൽ വരാനോ അവരെ മറ്റുള്ളവർ സന്ധിക്കാനോ പാടില്ല എന്നാണ്. അതായത് നൗറയെ തനിച്ചു കിട്ടാൻ ഇതിലും നല്ലൊരവസരമില്ലെന്ന് ഫരിസ്ത തന്നെ പറഞ്ഞു തന്നു. അതിനു പ്രത്യുപകാരമായി ഞാനവൾക്കായി ഷിറാഖിനെ തേടി കണ്ടെത്തി വിവരം അറിയിക്കണമെന്നാണ് ധാരണ.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പിറക് വശത്ത് കൂടി വന്ന് വേലക്കാർ താമസിക്കുന്ന ടെന്റിന് പിറകിലൂടെ വടക്കേ പുറത്തെ നിലവറ വഴി ഞാൻ ഗഫാനി കോട്ടക്കകത്തു കയറി. എനിക്കാ വഴിയും അതിലെ സുരക്ഷിതത്വവുമെല്ലാം ഷിറാഖും ഫരിസ്തയും പറഞ്ഞു തന്നിരുന്നു.
ഒരേ ലക്ഷ്യത്തിലേക്ക് തികച്ചും ശത്രുക്കളായ രണ്ടു പേരുടെ സഹായം! കൗതുകകരം തന്നെയാണത്. ചിലപ്പോഴൊക്കെ മനുഷ്യർ അങ്ങനെയാണ്. കൂർമ്മ ബുദ്ധിയും അസാമാന്യ വിവേകവുമുണ്ടാവുമെങ്കിലും തങ്ങളുടെ പ്രവർത്തിയുടെ ഗുണഭോക്താവ് സത്യത്തിൽ ആരെന്ന് തിരിച്ചറിയില്ല. ഫരിസ്ത എന്തുകൊണ്ടെന്നെ ഇത്രയും അന്ധമായി വിശ്വസിക്കുന്നു എന്ന സംശയത്തിന് എനിക്കെത്താൻ കഴിഞ്ഞ ഉത്തരം ഷിറാഖ് ആണ്. അവളുടെ മൂക്കിൽ തുമ്പിൽ ഭ്രാന്തനായി അലയുന്ന ഷിറാഖിനെ ഞാനവൾക്ക് കാട്ടിക്കൊടുക്കേണ്ടി വരുന്നതിൽ വ്യക്തമാണ് ഗഫാനികളുടെ അശ്രദ്ധയുടെ ആഴം.
ഇരുട്ട് പുതച്ച ഇടവഴിയിലൂടെ ആരുടേയും കണ്ണിൽ പെടാതെ ഞാൻ പതുങ്ങി നടന്നു. "ആരെങ്കിലും കണ്ടാൽ... പിന്നെ ഉടയതമ്പുരാന് പോലും നിന്നെ രക്ഷിക്കാനാവില്ല ആനന്ദ്..." ഫരിസ്തയുടെ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു കെണ്ടേയിരുന്നു. "ഒരു പട്ടാളക്കാരനാണ് നീ... ചടുലത മാത്രമല്ല.. ഏറ്റവും നല്ല ക്ഷമയും, ഒതുക്കവും കൂടി പട്ടാളക്കാരന് അത്യാവശ്യമാണ്... ഇരുട്ടിൽ കാണുന്ന കണ്ണും, ശബ്ദം ശ്രവിച്ച് ബിംബത്തെ തിരിച്ചറിയുന്ന കാതും വേണം..." മറുഭാഗത്ത് ഷിറാഖിന്റെ വാക്കുകൾ.
"ഇടവഴി അവസാനിക്കുന്നിടത്ത് നിന്ന് വലതു വശത്തേക്കും ഇടതു വശത്തേക്കും വാതിലുകൾ കാണാം വലതു വശത്താണ് പോവേണ്ടത്. ഒരു കാരണവശാലും ഇടതു വശത്തേക്ക് പോവരുത്. കാരണം അതു തുറന്നുടൻ നിങ്ങൾ കാൽ വെക്കുന്നത് ചതിക്കുഴിയിലേക്കാണ്." ഫരിസ്ത വ്യക്തമായി പറഞ്ഞു തന്നതാണ്. എന്നിട്ടും ഞാനവിടെ സംശയാലുവായത് ഇടതു വശത്തുള്ള വാതിൽ സമാന്യം വലുപ്പമേറിയതും വലതു വശത്തുള്ളത് ഇടുങ്ങിയതുമായതിനാലാണ്.
ഫരിസ്ത ചതിക്കുകയായിരുന്നോ? ഇടതു വശത്താണോ സത്യത്തിൽ ചതിക്കുഴിയുള്ളത് അല്ല വലതു വശത്താവുമോ? ഒരു നിമിഷം പകച്ചു നിന്നു. "അവർ ഐശ്വര്യങ്ങളെ ഇടതു വശത്തും ശാപങ്ങളെ വലതു വശത്തും പ്രതിഷ്ഠിച്ചവരാണ്." മുമ്പെന്നോ ഗഫാനികളെ പറ്റി പറയുമ്പോൾ ഷിറാഖ് പറഞ്ഞ വാക്യമാണ്. ഒരു നിമിഷം അതെന്റെ ഹൃദയത്തിൽ തെളിഞ്ഞു. അതേ സമയം തന്നെ ഫരിസ്ത ആവർത്തിച്ചു പറയാറുള്ള "ശാപമാണവൾ... ശാപം പേറി ജനിച്ചവൾ.." തുടങ്ങിയ നൗറയുടെ വിശേഷണങ്ങൾ ഓർത്തു. വലതു വശം തന്നെയാവും.. പതിയേ ഞാനാ വാതിൽ തുറന്നു.
"ഒരു മനുഷ്യനോളം താഴ്ച്ചയിലാണ് പിന്നീട് നിലം വരുന്നത്. അത് കൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം വാതിൽപടി കടക്കാൻ..." എത്ര കൃത്യമായാണ് അവൾ വഴി പറഞ്ഞു തന്നിരിക്കുന്നതെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. അകാരണമായി അവളെ സംശയിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. അവൾ ചതിക്കുകയല്ല എന്നെനിക്കുറപ്പിക്കാൻ അതു മാത്രം മതിയായിരുന്നു കാരണം.
ഇവിടെ നിന്നാണ് ഗഫാനി "തടവറ" തുടങ്ങുന്നത്. യുദ്ധത്തിൽ പിടിക്കപ്പെട്ടവർ, ഗോത്രത്തെ ഒറ്റിക്കൊടുത്തവർ, തുടങ്ങി വിവിധങ്ങളായ കുറ്റക്കാർക്ക് ഇവിടെയാണ് ജയിലിൽ. നസീഹ് ഗഫാനിയുടെ വിധി പ്രകാരമാണ് അവരുടെ ശിക്ഷാ കാലാവധിയും ജയിൽ മോചനവുമൊക്കെ തീരുമാനിക്കപ്പെടുന്നത്. വിചിത്രകരമായ മറ്റൊരു സത്യം ഗഫാനി ജയിലിൽ പുരുഷൻമാർ വളരേ തുഛമാണത്രെ. അതിന്റെ കാരണം ഒരു കുടുംബത്തിലെ പുരുഷൻ തെറ്റു ചെയ്താൽ അവർക്കു പകരം ശിക്ഷയേറ്റു വാങ്ങാൻ ആ കുടുംബത്തിലെ സ്ത്രീക്ക് കഴിയുമെന്നതാണ്. എന്നാൽ സ്ത്രീയാണ് കുറ്റക്കാരിയെങ്കിൽ ശിക്ഷ അവർ തന്നെ സഹിക്കണം. കുറ്റക്കാരനായ പുരുഷൻ നിർദേശിച്ചാൽ തന്നെ ഒരു സ്ത്രീ ശിക്ഷയേൽക്കാൻ ബാധ്യസ്ഥയാണ്. അവിടെ സ്ത്രീയുടെ അനുവാദം പോലും വേണ്ട എന്നതാണ് നിയമം.
ചെറിയ വെളിച്ചം പരക്കുന്ന കുടുസ്സുമുറികളായാണ് ജയിൽ ഒരുക്കപ്പെട്ടിട്ടുള്ളത്. കഷ്ടിച്ച് ഒരു പുരുഷന് നിവർന്ന് നിൽക്കാനുള്ള ഉയരം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. വീതിയിലോ നീളത്തിലോ നീണ്ടു നിവർന്ന് കടക്കാൻ കഴിയാത്ത അത്രയും ചെറുതായിരുന്നു അവകൾ. അതിൽ തന്നെ വലതു ഭാഗത്തുള്ള രണ്ട് മൂലകളിലും ഒഴു മുഴം വലുപ്പത്തിൽ കല്ലുവെച്ചുകെട്ടിയതിനാൽ കോണോട് ചേർന്ന് പോലും നീണ്ടു കിടക്കാൻ ഒരു തടവു പുള്ളിക്ക് കഴിയില്ലെന്ന് ഉറപ്പായിരുന്നു.
എട്ടാമത്തെ മുറി കഴിഞ്ഞാൽ വലതു ഭാഗത്തേക്ക് ചെറിയൊരു വഴിയുണ്ട്. ഇരുട്ടിൽ അത് കണ്ടെത്തുക പ്രയാസമാണ് അതിനാൽ ചുമർ തൊട്ട് ഉറപ്പ് വരുത്തിയാണ് ഞാനാ വഴിയിലേക്ക് കയറിയത്. അവിടെയാണ് കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന തടവറ.
ഏകദേശം മൂന്നടി വീതിയും നാലടി നീളവുമുള്ള ചെറിയ മുറികളാണ് ഈ തടവറയിലെ കുറ്റവാളികൾക്കുള്ളത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലൊരു വെളിച്ചം മാത്രമാണാ മുറികളിലുള്ളത്. നീണ്ട ചങ്ങലകളും ഒരു മൺകൂജയുമാണ് അതിനകത്ത് ആകെയുള്ള വസ്തു വകകൾ. അവിടെ വലത്ത് മൂന്നാം മുറിയിലാണ് നൗറയുള്ളത്.
വെളിച്ചം കേറാത്ത ഈ തടവറ നിർമിച്ചിരിക്കുന്നത് ഭൂമി തുരന്നിട്ടാണ്. അത് കൊണ്ട് തന്നെ പുറത്ത് നിന്നുള്ള ശബ്ദമോ വെളിച്ചമോ ആ മുറികളിലെത്തില്ലെന്നു മാത്രമല്ല; അവിടെ കഴിയുന്നവർക്ക് പകലാണോ രാത്രിയാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വസ്തുത.
മൂന്നാം മുറിയുടെ ഇരുമ്പ് കമ്പികൾ കൊണ്ടുണ്ടാക്കിയ വാതിലിന്റെ മുന്നിൽ ഞാൻ നിന്നു. അകത്തേക്ക് ദൃഷ്ടി പായിച്ചു. ആരെയും കാണാതെ അത് മുറിയിൽ അലസമായി നടന്നു. "നൗറാ..." പതിഞ്ഞ ശബ്ദത്തിൽ ഞാനത് ഉരുവിട്ടു.
"ഉം...." ജീവനുണ്ടെന്നറിയിക്കാനെന്ന പോലെ ഒരു മൂളൽ മാത്രമാണ് പ്രതിവചനമായി എനിക്ക് കിട്ടിയത്. അതിൽ തന്നെ അവളങ്ങേയറ്റം ക്ഷീണിതയാണെന്ന് വ്യക്തമാവുന്നുണ്ടായിരുന്നു. "നൗറാ..." എന്ന എന്റെ രണ്ടാമത്തെ വിളിയിലും മുമ്പത്തേതിലും കനത്ത ഒരു മൂളൽ എന്നതിൽ കവിഞ്ഞൊരു മറുപടിയും ഉണ്ടായില്ല.
"ഞാൻ.... ഷിറാഖിനെ കണ്ടിട്ടാണ്... വരുന്നത്..." കട്ടപിടിച്ച ഇരുട്ടിലും ഭീകരമായ നിശ്ശബ്ദതയിലും എന്റെ പതിഞ്ഞ ശബ്ദം ഉയർന്നു...
ഇര കിട്ടിയ വേട്ടമൃഗത്തെ പോലെ അവളൊന്ന് മുരണ്ടു. പിന്നെ കൈകൾ താങ്ങിയെഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ തുടരേ തുടരെ അവളാശ്രമത്തിൽ പരാജയപ്പെട്ടു കൊണ്ടിരുന്നു. ഒടുക്കം ചുവരിൽ പിടിച്ച് വളരെ പ്രയാസപ്പെട്ടു കൊണ്ട് അവൾ എഴുന്നേറ്റ് നിന്നു. പിന്നെ എന്റെ അരികിലേക്കാഞ്ഞു വരികയും മുഖം ഇരുമ്പ് വാതിലിൽ അടിച്ചു വീഴുകയും ചെയ്തു.
അല്പനേരത്തെ നിശ്ചലതക്ക് ശേഷം അവൾ ശക്തിയോടൊരു ശ്വാസം അകത്തേക്ക് വലിച്ചു. പതിയെ കമ്പികളിൽ താങ്ങി എനിക്കു നേരെ മുന്നിൽ നിന്നു.
ഞാൻ കയ്യിൽ കരുതിയ പവർ കുറഞ്ഞ വെളിച്ചം തെളിച്ചു. അവളുടെ വരണ്ടുണങ്ങിയ ചുണ്ടിൽ വീഴ്ചയുടെ ആഘാതത്തിലുണ്ടായ മുറിവിൽ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. രണ്ടു കണ്ണുകളുടെ സ്ഥാനത്ത് രണ്ട് കുഴികൾ രൂപപ്പെട്ടതായും അതിൽ തിളങ്ങുന്ന രണ്ട് മുത്തുകൾ ഉള്ളതായും എനിക്കു തോന്നി. പാതി മാത്രം തുറന്ന കണ്ണിൽ ചോര നിറം പുരണ്ടിരുന്നു. ഒട്ടി ച്ചുളിഞ്ഞ ഇരു കവിളുകളിലും ചുവന്ന രണ്ട് വരകൾ കണ്ണീരിൽ ചേര കലർന്നതിന്റെ പാടായി ശേഷിച്ചിരുന്നു. ഇരുവശങ്ങളിലായി കണ്ണിനു താഴെ പുറത്തേക്കു തള്ളി നിൽക്കുന്ന എല്ലുകൾ അവളെ ഏതോ ഭയാനകത നൽകി വിരൂപിയാക്കിയത് പോലെ തോന്നിക്കുന്നു.
അവളുടെ മുഖത്തപ്പോഴും ഒടിവ് തട്ടാത്തെ സുന്ദരമായി ശേഷിക്കുന്നത് അവളുടെ നീണ്ട മൂക്ക് മാത്രമാണെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. നീണ്ട കൈവിരലുകൾ കമ്പിയിൽ മുറുക്കെ പിടിച്ചിട്ട് കൂടി വിറക്കുന്നുണ്ടായിരുന്നു. അപ്പോഴും അവളുടെ ശരീരത്തിന്റെ ക്രമാതീതമായ ചലനം; അവളനുഭവിക്കുന്ന ദേഹാസ്വസ്ഥ്യം കാരണമാണെന്ന് ഞാനൂഹിച്ചു...
"അ...അ... അവൻ... ജീ...വനോടെ... ഉണ്ടല്ലേ...?" അവളുടെ വാക്കുകൾ മുറിഞ്ഞും വിങ്ങിയും പുറത്തേക്ക് വന്നു.
"ജീവനോടെ ഉണ്ടോന്നോ....! തീർച്ചയായും അദ്ദേഹം നിങ്ങളുടെ ഓർമകൾ പേറി മരിക്കാതെയുണ്ട്...." ഒരാവേശമായിരുന്നു അത് പറയുമ്പോൾ ഞാനനുഭവിച്ചത്. അപ്പോൾ അവളുടെ ചുണ്ടുകളിൽ വശ്യമായൊരു പുഞ്ചിരി വിരുന്നെത്തുകയും കുഴിയിലാണ്ട കണ്ണുകൾ പുറത്തേക്ക് തള്ളിത്തുറക്കുയും അവിടെ ദിവ്യമായൊരു പ്രകാശം വിളങ്ങി നിൽക്കുകയും ചെയ്തു. കൂടെ കണ്ണുകൾ നിറയുകയും അത് പതിയെ കവിളിലേക്കിറങ്ങുകയും ചെയ്തു.
"അവനെന്റെ പ്രണയത്തെ കുറിച്ച് വാചാലമാവുന്നു;
ഞാനവന്റെ മരണത്തെ കുറിച്ച് ചിന്തിക്കുന്നു.
നമുക്കിടയിൽ അതിരു കെട്ടിയ ദൈവങ്ങളേക്കാൾ
ശപിക്കപ്പെട്ടൊരു
ദൈവപുത്രിയും പിറന്നിട്ടില്ല തന്നെ..."
കണ്ണുകളിറുക്കിയടച്ച് അവളത് പറയുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. എന്തു പറയണമെന്നറിയാതെ പകച്ചു നിൽക്കുന്ന എന്നോടായി കണ്ണു തുറക്കാതെ തന്നെ അവൾ തുടർന്നു. "ഇനി അവനെ കാണുമ്പോൾ ഈ പാപിയോട് പൊറുക്കണമെന്നു പറയണം.. അർഹമല്ലാതിരുന്നിട്ടും പ്രണയിച്ചു പോയതിന്... മരണത്തേക്കാൾ ഭീകരമായ ജീവിതത്തിലേക്ക് ഒളിച്ചോടാൻ നിർബന്ധിച്ചതിന്... മാപ്പ് പറഞ്ഞെന്നു പറയണം...
അവസാനമായി ഒന്നു കൂടെ പറയണം.. എന്നെ മറക്കാൻ...." ശേഷം അല്പനേരം നിശബ്ദതയെ പുണർന്ന് എന്തോ ആലോചിട്ടെന്നവണ്ണം തുടർന്നു. "അതവന്... പറ്റില്ലെന്ന് എനിക്കറിയാം.. അത് കൊണ്ട്... മരിക്കാൻ പറയണം... അവനോട്.. കൊച്ചു കുട്ടികൾക്ക് പോലും പരിഹാസ്യ കഥാപാത്രമാവുന്നതിലും ഭേദം മരിക്കുന്നത് തന്നെയാ.. " അത് പറയുമ്പോൾ അവൾ പൊട്ടിക്കരയുകയും നെറ്റി കൊണ്ട് ശക്തിയായി ഇരുമ്പ് വാതിലിലടിക്കുകയും ചെയ്തു. ഒരുതരം തണുപ്പ് എന്റെ ശരീരത്തെ പൊതിയുകയും എന്റെ കൈകാലുകൾ വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു അപ്പോൾ.
''അപ്പോൾ നിങ്ങൾക്കിടയിലെ വാഗ്ദാനം...?" ഞാനവളുടെ തല കൈകളിൽ താങ്ങി നിർത്തിക്കൊണ്ട് ചോദിച്ചു.
ഷിറാഖിനും നൗറയ്ക്കുമിടയിൽ വിശുദ്ധമായൊരു ഉടമ്പടിയുണ്ട്. ഒരാളുടെ മരണമുറപ്പാകുന്നത് വരെ മറ്റൊരാൾ സ്വയം മരണം വരിക്കില്ലെന്ന്. അതോർത്തു കൊണ്ടാണ് ഞാൻ ആ ചോദ്യം ഉന്നയിച്ചത്.
''ആത്മാഭിമാനത്തെക്കാൾ വലുതല്ല ഒരു വാഗ്ദാനവും. അത്യാവശ്യമെങ്കിൽ ലംഘിക്കപ്പെടേണ്ടവ തന്നെയാണത്..."
എന്റെ വാചാലതകൾ ആ ഇരുട്ട് മുറിയിൽ മണ്ണുപുതച്ച പോലെ എനിക്കനുഭവപ്പെട്ടു. എന്തിനാവും ഇവളെ കൊടും കുറ്റവാളികൾക്കൊപ്പം പാർപ്പിച്ചതെന്ന സംശയത്തിന് പുഞ്ചിരിയോടെ നൗറ തന്നെ മറുപടി തന്നു. "പ്രണയം... പ്രണയത്തേക്കാൾ വലിയ പാതകമെന്തുണ്ട് പെണ്ണിന് ചെയ്യാൻ ഇവിടെ.."
വർദ്ധിച്ച ക്ഷീണത്താൽ നൗറ ചുവരിലേക്കൊതുങ്ങിയിരുന്നു. സത്യത്തിൽ അവളൂർന്ന് വീഴുകയായിരുന്നു എന്ന് വേണം പറയാൻ. അപ്പോൾ വീണ്ടും ചുണ്ട് പൊട്ടുകയും ചോരയൊലിക്കുകയും ചെയ്തു. അവളതിൽ കൈ തൊട്ട് നിലത്ത് ഇങ്ങനെ എഴുതി
"മഷി നിഷേധിച്ച് പ്രണയത്തോട് യുദ്ധം പ്രഖ്യാപിച്ചവരേ..
ചോര കൊണ്ടെഴുതപ്പെട്ട പ്രിയമുള്ളവന്റെ
ഓർമകളെ
നിങ്ങളെങ്ങനെ കൊല്ലും?"
ഞാൻ കയ്യിൽ കരുതിയ വെളിച്ചം കുറഞ്ഞ വിളക്ക് കൊണ്ട് മുറി വീണ്ടുമൊന്ന് നിരീക്ഷിച്ചു. കുറേ കവിതകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ചുവരുകൾ. എല്ലാം പ്രണയത്തിന്റെ തീവ്രത കുറിക്കുന്നത്. അത്ഭുതത്തോടെ ഞാനോരോന്നായി വായിച്ചു.
"കുടിനീരില്ലെങ്കിലും സിരയിൽ രക്തം നിലക്കില്ല
പ്രണയത്തിന്റെ ചഷകമായി നീ നിറയുന്ന കാലത്തോളം"
"കാറ്റേ ദൂത് പറയുക
നിന്റെ തോഴൻ എന്നും എന്റെ പ്രിയപ്പെട്ടവനെന്ന് "
"ചോര വാർന്ന കണ്ണുകൾ സാക്ഷി
നിന്നേക്കാൾ എനിക്കെന്നെ പോലും
പ്രേമിക്കാനാവുന്നില്ല.."
ഞാൻ കാഴ്ചയെ വീണ്ടും നൗറയിലേക്കയച്ചു.. "വേഗം പോയിക്കോ... നാശത്തിന്റെ വായയിലാണ് നീ ഇപ്പോൾ..." അത്രയും പറഞ്ഞു കൊണ്ടവൾ നിലത്തു കമഴ്ന്നു കിടന്നു. പിന്നെ ചുണ്ടിലെ ചോര തൊട്ട് കെണ്ട് വീണ്ടും നിലത്തെഴുതി. "ഷിറാഖ്... നിന്റെ പ്രണയമിത്രയും ഭ്രാന്തമാണോ?
ഞാനെന്നെ തന്നെ മറന്നു പോവുന്നല്ലോ..."
"ഷിറാഖ് വരും... നിങ്ങളെ ഇവിടെ നിന്ന് രക്ഷിക്കും... ഇതൊരു ഹത്തിയുടെ വാഗ്ദാനമാണ്. അരയിൽ ഇന്ത്യൻ വാളും തലയിൽ പാരമ്പര്യവും പേറുന്ന ഹത്തി സേനാധിപന്റെ വാക്ക്.... ഞാനെന്റെ പിതാവിൽ സത്യം ചെയ്തു പറയുന്നു നിങ്ങൾ ഭക്ഷണ പാനിയങ്ങൾ മുടക്കം വരുത്തുന്നത് ഷിറാഖിനിഷ്ടമല്ല തന്നെ..."
ഷിറാഖ് തന്നേല്പിച്ച ഉണങ്ങിയ റൊട്ടിയും അല്പം പാലും അവൾക്ക് കൈമാറിയാണ് ഞാനത് പറഞ്ഞത്. അദ്ദേഹം തന്നതാണെന്ന് കേട്ടപ്പോൾ അവൾ ആവേശത്തോടെ അത് കഴിക്കുകയും ഹിതപൂജയുടെ നിയമം ലംഘിക്കുകയും ചെയ്തു. നിറഞ്ഞ കണ്ണുകളോടെ ഞാനാ കാഴ്ചയിൽ നിമഗ്നനാവുകയും പിന്നെ തിരിഞ്ഞ് നടക്കാനൊരുങ്ങുകയും ചെയ്തു. സത്യത്തിൽ നൗറയെന്ന പ്രണയത്തിന്റെ പര്യായമെന്ന വല്ലാതെ കരയിച്ചുവെന്ന് പറയാതെ വയ്യ.
പെട്ടന്നാണ് ഇടവഴിയിൽ ആളനക്കം കേട്ടത്... ശക്തമായൊരു കാല് പെരുമാറ്റവും.. ഞാൻ പിടിക്കപ്പെട്ടിരിക്കുന്നു... എന്റെ മനസ്സ് മന്ത്രിച്ചു... ഇരുട്ടിന്റെ മറ നീക്കി പുറത്തു വന്നയാളെ കണ്ട് ഞാൻ തരിച്ചു നിന്നു.
(തുടരും)
ബാദ്ഷ കാവുംപടി

ഷിറാഖ് -7

ഷിറാഖ് -7
ശൂന്യതയുടെ മട്ടുപ്പാവിലേക്ക് പടർന്നു കയറുന്ന മുന്തിരിവള്ളികളാണ് മൂകത. ഒരു പക്ഷേ അർത്ഥങ്ങൾ ഏറെ പേറുന്നത് കൊണ്ടാവാം എനിക്കങ്ങനെ തോന്നിയത്. മൗനങ്ങളിൽ നിന്നാണ് ലോകക്രമത്തെ പോലും മാറ്റിമറിച്ച വിപ്ലവങ്ങൾക്ക് അരങ്ങുണർന്നത്.
ബേർബിക്വസ് ക്വാർട്ടേഴ്സിലേക്കുള്ള നടത്തത്തിൽ എനിക്കു ചുറ്റും വലയം പ്രാപിച്ച മൗനങ്ങളിൽ ഞാൻ പ്രക്ഷുബ്ധനായിരുന്നു. കൃത്യമായൊരത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളിൽ ഹൃദയം പിടയുന്നതായി എനിക്ക് തോന്നി.
ഇനിയെനിക്ക് ബേർട്ടിക്ലസ് പാർക്കിൽ ആരെയും കാത്തിരിക്കേണ്ടതില്ല. ഹോട്ടലിലെ ചെറുപ്പക്കാരന് ഇരുന്ന് മുഷിപ്പിക്കുന്ന ഉപഭോക്താവിനെ ശ്രദ്ധിക്കേണ്ടതില്ല. മുറിയിലെ നീല വെളിച്ചത്തിന് പെണ്ണിന്റെ മനസ്സെന്ന് ചിന്തിച്ച് പ്രണയിക്കപ്പെടുന്നതിന്റെ നീരസമാവശ്യമില്ല. ഇനിയെനിക്കു ചുറ്റും ഒന്നിനും ഞാൻ ശല്യമാവേണ്ടതില്ല. തിരികെ പോകണം. എന്റെ ദൗത്യം ഇവിടെ പൂർണ്ണമാവുന്നു. ഇനി തിരികേ ചെന്ന് ഷിറാഖിന്റെ അനിയൻ ഷികാറിനെയും ഷാദിലയെയും കാണണം. പിന്നെ എന്തു സംഭവിക്കുമെന്നത് ദൈവത്തിന്നു മാത്രം നിശ്ചയമുള്ള കാര്യമാണ്.
* * * * * *
രാവിലെ എഴുന്നേറ്റപ്പോഴാണ് ഷിറാഖിനെ കാണാതെ നാടുവിടുന്നത് തെറ്റാണെന്നെനിക്ക് തോന്നിയത്. അങ്ങനെയാണ് പൊളിഞ്ഞു വീഴാറായ ആ പഴയ വീട്ടു വാതിൽക്കലേക്ക് ഞാൻ വീണ്ടുമെത്തിയത്. അപ്പോൾ അകത്ത് നിന്ന് ഉച്ചത്തിൽ ചൊല്ലപ്പെടുന്ന കവിത കേൾക്കാമായിരുന്നു.
കണ്ണേ പറഞ്ഞു തരിക
ഏതോർമ്മകളുടെ
ഭാണ്ഡച്ചുമടുകളാണ്
നിന്റെ കണ്ണീരിൽ ചോരകലർത്തുന്നതെന്ന്.
കാലുകളേ നിൽക്കുക
പ്രണയ ഭക്തിയാൽ
ഞാനെന്റെ പ്രേമയെ
ഇനിയുമാരാധിച്ചു തീർന്നിട്ടില്ല.
അനുവാദത്തിനു കാത്തു നിൽക്കാതെ ഞാനകത്തേക്കു കയറി. അപ്പോൾ ഇരുട്ട് പുതച്ചൊരു മുറിയിലെ മൂലയിൽ കുനിഞ്ഞിരുന്ന് കാല് മുട്ട് വളച്ച് പൊന്തിച്ച് അതിൽ നെറ്റിത്തടം തട്ടിച്ച് ഇരു കൈകളും പിരടിക്കു മേൽ വിരൽ കോർത്ത് വെച്ച് അദ്ധേഹം ഇരിക്കുന്നു. എന്റെ കാൽ പെരുമാറ്റം കേട്ടാവണം ആദ്യം ശബ്ദം കുറക്കുകയും പിന്നെ തല ഉയർത്തി എന്നെ നോക്കുകയും ചെയ്തു.
ഞാനദ്ദേഹത്തിനരികിൽ ഇരുന്ന് എന്റെ വലതു കൈ കൊണ്ട് അദ്ദേഹത്തിന്റെ കാല് മുട്ടിൽ തടവിക്കൊണ്ടിരുന്നു. എന്നെ നോക്കി അല്പനേരമങ്ങനെയിരുന്ന് ശേഷം പുരികം മേല്പോട്ടുയർത്തി എന്താ എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. ഞാൻ ഒന്നുമില്ലെന്ന് തലയാട്ടിക്കൊണ്ട് തന്നെ പ്രതിവചിച്ചു.
''മരണത്തിനു പോലും വേണ്ടാത്ത എന്നെ തിരഞ്ഞെന്തിനു വരുന്നു നീ?" മുഖത്തിരുണ്ട് കൂടിയ കാർമേഘത്തേയും കണ്ണിൽ പൊടിഞ്ഞ മഴയേയും മറച്ചു കൊണ്ടദ്ദേഹം ചോദിച്ചു...
അല്പനേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു. "ഫരിസ്തയെ കണ്ടിരുന്നു ഞാൻ..."
പെട്ടന്നദ്ദേഹം തല വെട്ടിച്ച് കണ്ണുകൾ പുറത്തേക്കു തള്ളി എന്നെ നോക്കി. ചടുലമായ വേഗത്തിൽ ഇടത് കൈ കൊണ്ടന്റെ മാറിൽ അമർത്തി പിടിച്ച് വലതു കൈ ചൂണ്ടുവിരൽ കണ്ണിനു നേരെ മുന്നിൽ നീട്ടി ഗർജിച്ചു.. "എന്നിട്ട് കൊന്നില്ലേ നീ അവളെ..."
അപ്പോഴദ്ദേഹത്തിന് പഴകയകാല പ്രതാപവും ശൗര്യവുമുണ്ടായിരുന്നു. ഏത് പ്രതിയോഗിയെയും ചൂണ്ടുവിരൽ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ആജ്ഞയുടെ സ്വരമുണ്ടായിരുന്നു. കണ്ണുകളിൽ ഭയം വിളമ്പാനുള്ള ശേഷിയും ചുണ്ടുകളിൽ ഇര കിട്ടിയ വന്യമൃഗത്തിന്റെ തൃഷ്ണയുമുണ്ടായിരുന്നു.
ഞാനെന്റെ വലതു കൈ കൊണ്ട് അദ്ദേഹത്തിന്റെ ഇടം കൈ തണ്ട പിടിച്ചു. പതിയേ അദ്ദേഹം ശാന്തനാവുകയും പിന്നെ എഴുന്നേറ്റു നിൽക്കുകയും ചെയ്തു.
അദ്ദേഹത്തിനു പിറകിലായി നിന്നുകൊണ്ട് ഞാൻ കഥകളോരോന്നായി പറഞ്ഞു തുടങ്ങി അവൾ പറഞ്ഞ പ്രകാരം ഞാനറിഞ്ഞത് മുഴുവനായും...
ദീർഘനേരത്തെ മൗനം ഭഞ്ജിച്ചു കൊണ്ട് പ്രത്യേകതരത്തിൽ ശബ്ദമുണ്ടാക്കി ഒരു നെടുവീർപ്പിട്ടു. പിന്നെ പറഞ്ഞു തുടങ്ങി.
അതെ അതിബുദ്ധിമാനെന്നും അതിശക്തനെന്നും വാഴ്ത്തപ്പെടുന്ന ഷിറാഖിനൊരപദ്ധം പിണഞ്ഞു. ജഗോല്പ ദിനത്തിലെ ഒളിച്ചോട്ടത്തിന് തിരഞ്ഞെടുത്ത സ്ഥലം തെറ്റായിപ്പോയി.
എനിക്കിവിടെ നിന്ന് തെക്കോട്ട് പോയി നമ്മുടെ നാട്ടിൽ അഭയം പ്രാപിക്കാമായിരുന്നു. പക്ഷേ ആ വഴി അപകടകരമാണെന്ന് ആർക്കാണറിയാത്തത്. ഗഫാനികളുടെ ഉറ്റമിത്രങ്ങളായ ബുകീറുകളുടെ നാട് താണ്ടി വേണം നമുക്ക് പോകാൻ. അതസാധ്യമാണ്. പിന്നെയുള്ളത് വടക്ക് ഭാഗമാണ് അവിടെ അതിരിട്ടൊഴുകുന്ന നീഫാ നദി മുറിച്ചുകടക്കാൻ നമുക്കാവില്ല. ഇനി കിഴക്കാണ് പോവേണ്ടത്. അതാണെങ്കിൽ കിലോമീറ്ററുകളോളം ഘോരവനമാണ്. അത് വഴി പോവുക എന്നത് മരണത്തിന് മുന്നിലേക്ക് പോവുക എന്ന് തന്നെയാണ്. അത് കൊണ്ടാണ് പടിഞ്ഞാറൻ പ്രവിശ്യയായ ദമീഷുകളുടെ നാട് ഞാൻ തിരഞ്ഞെടുത്തത്."
''ദമീഷുകൾ....!" അതൊരു ചോദ്യമായിരുന്നില്ല. പകരം അപായ സൂചന പോലെ അറിയാതെ വന്നു പോയതായിരുന്നു എന്നിൽ നിന്ന്. കാരണം ദമീഷുകൾ കൊടിയ വഞ്ചകരെന്ന് ഖ്യാതി നേടിയവരാണ്.
ദമീഷ്, പശ്ചിമ പ്രവിശ്യ കേന്ദ്രീകരിച്ചു ജീവിക്കുന്ന ഗോത്ര വിഭാഗമാണ്. അവർക്കൊപ്പം കരാറുകളിലോ യുദ്ധ ഉടമ്പടികളിലോ മറ്റു ഗോത്രക്കാർ ഇടപെടാറില്ല. അതു മാത്രമല്ല വേണ്ടി വന്നാൽ ഭാര്യയെ വരെ വഞ്ചിക്കാൻ മടിക്കാത്തവരാണ് ദമീഷുകൾ. ഇതെന്നെക്കാൾ നന്നായി അറിയുന്ന ആളാണ് ഷിറാഖ്. എന്നിട്ടും ഈ തീരുമാനം അദ്ദേഹം കൈ കൊണ്ടത് തനി വിഡ്ഢിത്തം തന്നെയാണ്. നമുക്കിടയിൽ പ്രചാരത്തിലുള്ള ഒരു പഴമൊഴിയുണ്ട്. "മലവെള്ളത്തിലമ്മയെ ഉപേക്ഷിച്ച ദമീഷുകാരെ പോലെ" എന്ന്.
ഷിറാഖ് ചുവരിലേക്ക് ചാരിയിരുന്നു. ഞാനകത്ത് പോയി കൂജയിൽ വെള്ളത്തിന് തിരഞ്ഞു. അത് കാലിയായിരുന്നെന്നു മാത്രമല്ല ചിലന്തിവല കെട്ടിയും പല്ലിമുട്ടയിട്ടും അതവരുടെ താവളമാക്കിയിരുന്നു. ജലപാനം പോലും ചെയ്യാതെ ഒരാൾ എങ്ങനെ ജീവിക്കുന്നു എന്നാശ്ചര്യപ്പെട്ട് ഞാൻ ഷിറാഖിനരികിലേക്ക് ചെന്നു. അപ്പോൾ അദ്ദേഹമൊരു കവിത ചൊല്ലിക്കൊണ്ട് പൊട്ടിച്ചിരിച്ചു.
"പ്രണയത്തെ
ആഹാരമാക്കിയവന്
വിശപ്പെവിടെ,
ഉറക്കമെവിടെ..."
ഒരു ചെറിയ മൗനത്തിന്റെ ഇടവേള വേണമായിരുന്നു എനിക്കെന്റെ വിങ്ങലൊളിപ്പിക്കാൻ. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നവൻ സ്വയം ദാരിദ്ര്യത്തെ വരിച്ചിരിക്കുന്നു. പ്രണയമിത്രയും ക്രൂരമോ..?!
"ദമീഷുകാർ നിങ്ങളെ ഒറ്റി അല്ലേ..?"
"അതെ, റിസാവത്ത് ദമീഷി എന്ന യുവാവാണ് ഞങ്ങളെ ഒറ്റിയത്. അഥവാ ഞങ്ങൾ അവിടെ എത്തി പതിമൂന്നാം നാളിലാണ് റിസാവത്ത് ഞങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത് ഞങ്ങളറിയുന്നത്. അന്ന് തന്നെ ഞാനയാളെ വകവരുത്തി രക്ഷപ്പെടാൻ തുനിഞ്ഞു. ഒരു ദമീഷിയെ കൊന്ന് ആ നാട് വിടുക എന്നത് ഏറെ പ്രയാസകരമായിരുന്നു. എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് റിസാവത്തിനെ ഞാൻ കൊന്നതാണ്. അല്ലെങ്കിൽ നമുക്ക് ഒരുപക്ഷേ രക്ഷപ്പെടാൻ കഴിഞ്ഞേനെ.
റിസാവത്തിന്റെ കൊലയോടെ ദമീഷികൾ ഞങ്ങളെ വളഞ്ഞു പിടിച്ചു. അപ്പോഴാണ് നൗറയുടെ ആർത്തവ സമയമായത്.. പട്ടിണിയുടെ കൂടെ അതുകൂടി ആയപ്പോൾ വർദ്ധിച്ച ശാരീരിക ക്ഷീണം കാരണം അവൾ തളർന്നു വീണു. ഒരു ഭാഗത്ത് ഗഫാനികൾ, മറുഭാഗത്ത് ദമീഷികൾ ഇരുവർക്കുമിടയിൽ നൗറയെയും താങ്ങി ഭക്ഷണവും വെള്ളവും കിട്ടാതെ പരവശയായി മരണത്തിനു മുന്നിൽ...
''ഷിറാഖ് ദയവായി എന്നെ ഇവിടെ ഉപേക്ഷിച്ച് നീ ദമീഷുകൾക്ക് നേരെ പോകൂ.. എന്നിട്ടവരോട് ഒരു സംഘം ഗഫാനികൾ അവരുടെ മകൾ നൗറയെ തേടി എനിക്കു പിറകിൽ വരുന്നുണ്ടെന്ന് പറയൂ.. അവരീ നാട്ടിൽ കാലുകുത്തിയാൽ ദമീഷി പെൺകുട്ടികളുടെ മാനവും യുവാക്കളുടെ അഭിമാനവും നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകൂ... തീർച്ചയായും അവർ ഭീരുക്കളും ഗഫാനികളുടെ അടിമയുമാണ്. ഷിറാഖ്... ദൈവവിധിയുണ്ടെങ്കിൽ മരണത്തിന് ശേഷം നമുക്ക് കാണാം... ദയവായി ഗഫാനികളെത്തും മുമ്പ് നീ രക്ഷപ്പെടൂ... അവർക്കെന്നെ കൊല്ലാൻ കഴിയില്ല.. അതിനാൽ നീ എന്നെ കുറിച്ചോർത്ത് വ്യാകുലപ്പെടേണ്ടതില്ല..."
അവൾ പറഞ്ഞതു തന്നെയായിരുന്നു ശരി. നൗറ, ഗഫാനിയാണെന്നും അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഗഫാനികൾ അക്രമകാരികളാവും എന്നും ദമീഷികളെ പറഞ്ഞു വിശ്വസിപ്പിക്കാൻ എനിക്കു കഴിഞ്ഞു. റിസാവത്തിനെ കൊന്നതിന് പകരമായി ഒരു വർഷം എന്നെക്കൊണ്ട് അടിമവേലയും ചെയ്യണമെന്ന് ശിക്ഷ വിധിച്ചു. അങ്ങനെ അടിമയുമായി.
മൂന്ന് മാസങ്ങൾക്ക് ശേഷം അവർ ശിക്ഷയിൽ ഇളവ് വരുത്തി. ഞാൻ ഹത്തി നേതാവും യുദ്ധ പ്രമുഖനുമായതുമായിരുന്നു കാരണം. ഭാവിയിലൊരിക്കലും ദമീഷികളുമായുള്ള യുദ്ധങ്ങളിൽ പങ്കെടുക്കരുതെന്ന കരാറിൻ മേൽ മോചന ദ്രവ്യമായി എന്റെ അരപ്പട്ട നൽകി ഞാൻ മോചിതനായി. അവരെന്നെ യുദ്ധ തടവുകാരനായി വകയിരുത്തിയാണ് മോചിപ്പിച്ചത്.
അന്നാ മൺകൂനയ്ക്കരികിൽ വെച്ച് പിരിഞ്ഞതാണ് നാം. അതിൽ പിന്നെ ഞാനിതുവരെ അവളെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല."
അദ്ധേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആരോരും സഹായിക്കാനില്ലാതെ ഒരു മണൽ കൂനയക്കരികിൽ അവളെ ഉപേക്ഷിച്ചു പോവേണ്ടി വന്ന സാഹചര്യത്തെ ശപിച്ചു കൊണ്ടദ്ദേഹം പൊട്ടിക്കരഞ്ഞു. "ഞാൻ പാപിയാണ്. മരണം വരെ കൂടെയുണ്ടാവുമെന്ന് വാക്കു നൽകിയ പ്രിയതമയുടെ വിശ്വാസത്തെ കെടുത്തിക്കളഞ്ഞ മഹാപാപി..." ഇതു തന്നെ അദ്ദേഹം ആവർത്തിച്ചു പറയുകയും തല ശക്തിയായി ചുമരിലടിച്ചു കൊണ്ടിരിക്കുകയും ചെയ്തു. വിളറി വെളുത്ത മുഖത്ത് ചുവപ്പ് പരക്കുകയും ഞരമ്പുകൾ ഉയർന്ന് വരികയും ചെയ്തു.
ഞാൻ അദ്ദേഹത്തെ പിരടിയിൽ കൂടി പിണഞ്ഞു പിടിച്ച് എന്റെ നെഞ്ചിലേക്കു ചേർത്തു. കരഞ്ഞു കലങ്ങിയ കണ്ണുകളും വിതുമ്പി നിൽക്കുന്ന തൊണ്ടയും അക്ഷരങ്ങളെ വിഴുങ്ങിക്കളഞ്ഞപ്പോൾ പൊട്ടിക്കരയാനെല്ലാതെ എനിക്ക് വേറെ നിർവാഹമില്ലായിരുന്നു. എത്ര നേരം നാമങ്ങനെ കരഞ്ഞിരുന്നുവെന്ന് മാത്രം ഓർമയില്ല.
"നീ എന്റെ നൗറയെ കണ്ടോ?" അക്ഷരങ്ങൾ അവ്യക്തമെങ്കിലും അതാണദ്ദേഹം ഉദ്ധേശിച്ചതെന്ന് എനിക്കുറപ്പുണ്ട്.
"ഇല്ല..." നിരാശയോടെയാണത് ഞാൻ പറഞ്ഞത്...
"നീ കാണണം അവളെ... ഒരു വട്ടമെങ്കിലും എനിക്കു വേണ്ടി. മരണത്തെ ഭയന്ന് പ്രണയത്തെ ഉപേക്ഷിച്ച പാപിയോട് പൊറുക്കണമെന്നു പറയണം. പിന്നെ മരണം വരെ അവൾക്കായി കാത്തിരിക്കുമെന്ന വാഗ്ദാനം കൈമാറണം... ദയവായി ഇതെനിക്കു വേണ്ടി നീ ചെയ്യണം..."
* * * * * * *
ബേർട്ടിക്ലസ് പാർക്കിലെ ഊഞ്ഞാലിലിരുന്ന് ഞാനാലോചിച്ചത് ഗഫാനി കോട്ടയിൽ അതീവ സുരക്ഷതത്വത്തിൽ ബന്ധനസ്ഥയായ നൗറയിലേക്കെത്താനുള്ള വഴികളായിരുന്നു. ഏക മാർഗ്ഗം ഫരിസ്ത മാത്രം... പക്ഷേ അവൾ....
മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും ഫരിസ്തയെ കണ്ടത്. മനപ്പൂർവ്വമാണ് ഞാനീ ഇടവേള ഉണ്ടാക്കിയത്. അവളുടെ ഹൃദയത്തിലിടം നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അവളെന്നെ തിരക്കുമെന്ന നിഗമനത്തിൽ നിന്നുണ്ടായതാണീ ഇടവേള.
ഇന്ന് ഫരിസ്ത അതീവ സുന്ദരിയായ പോലെ തോന്നിച്ചു. എങ്ങനെയാണവൾ വികൃതമായ ചിന്തയിലും സുന്ദരമായി ശരീരത്തെ സൂക്ഷിക്കുന്നതെന്ന് അത്ഭുതം തന്നെയാണ്. അവളുടെ വിടർന്ന കണ്ണും നീണ്ട മൂക്കും പവിഴാധരങ്ങളും അവളാണ് ശരിയെന്ന് എന്നെ പോലും തെറ്റിദ്ധരിപ്പിക്കാൻ പ്രാപ്തമായതാണ്.
"എവിടെയായിരുന്നു? ഷിറാഖിനെയും തിരിഞ്ഞു പോയോ?" അവൾ പൊട്ടിച്ചിരിയോടെ കണ്ണിറുക്കി കാണിച്ചു. ഞാനൊന്നും പറയാതെ കീഴ്ച്ചണ്ട് വലതുഭാഗത്തേക്കൊടിച്ച് ശരീരമൊന്നിളക്കി. പിന്നെ ചിരിച്ചെന്നു വരുത്തി അവളുടെ കൈ പിടിച്ചു.
"പ്രണയത്തിൽ അന്ധരാകുന്നവർ വിഡ്ഢികളാണ് ഫരിസ്താ..."
"അറിയാം... പക്ഷേ മൂലയിലിരിക്കേണ്ടവൾ തല ഉയർത്തിയാൽ എനിക്കു നഷ്ടമാവുന്നത് എനിക്കർഹമായതാണ്. നൗറയെക്കാൾ ഷിറാഖിനെ പ്രണയിക്കാൻ എനിക്കാണവകാശം... ഞാൻ ശാപ ജന്മമല്ല... നൗറയുടേത് അതിമോഹമാണ്.. അവൾ തല ഉയർത്തിയാൽ നഷ്ടമാവുന്ന ഗോത്രമഹിമയിലൊന്നുമല്ല എനിക്കു പേടി... അവളെക്കാൾ മുന്നേ അദ്ദേഹത്തെ പ്രണയിച്ച ഞാനെന്തിന് നഷ്ടപ്പെടണം. വാക്കുകൾക്കപ്പുറം പ്രണയത്തെ അറിഞ്ഞവളാണ് ഞാൻ.. എനിക്ക് നിശ്ശബ്ദയാവാൻ പറ്റില്ല.... ഒന്നുകിൽ ഷിറാഖിനൊത്തൊരു ജീവിതം അല്ലെങ്കിൽ ഷിറാഖിനെ കൊന്ന് ഗഫാനി ഗോത്രത്തിന്റെ അധികാരത്തിലെത്തുന്ന ആദ്യ സ്ത്രീയാകണം. ഇവ രണ്ടും എനിക്കു പ്രിയപ്പെട്ടതാണ്..."
അവളുടെ കണ്ണുകൾ ക്രോധത്താൽ വിറക്കുന്നുണ്ടായിരുന്നു. പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടവൾ എനിക്കു നേരെ മുരണ്ടു. "ഗഫാനി ഗോത്രം ഇനി പെണ്ണ് ഭരിക്കും."
അവളുടെ രൂപഭാവമാറ്റം എന്നെ അക്ഷരാർത്ഥത്തിൽ പേടിപ്പെടുത്തുന്നതായിരുന്നു. യവന കഥകളിൽ മാത്രം കേട്ടു പരിചയമുള്ള രക്തദാഹികളായ ചുടല യക്ഷിയെ പോലെ തോന്നി എനിക്കപ്പോർ അവളെ.
അല്പം സങ്കോചത്തോടെയാണെങ്കിലും ഞാനെന്റെ ആവശ്യം അറിയിച്ചു "എനിക്കൊന്ന് നൗറയെ കാണണം..."
അവൾ ഞെട്ടിത്തിരിഞ്ഞു കൊണ്ട് കൈവിരലുകൾ എനിക്കു നേരെ നീട്ടി പുച്ഛം കലർന്ന സ്വരത്തിൽ പ്രതിവചിച്ചു.
ഭ്രാന്തിന്റെ ഉച്ചിയിൽ ശരീരം മറന്നവൾ.. അവളെ കാണാൻ ഗഫാനികൾക്ക് പോലും അവകാശമില്ല. പിന്നെങ്ങനെ നീ...!
"എനിക്കറിയില്ല... പക്ഷേ കാണണം... എന്നെ സഹായിക്കാൻ നിനക്കു മാത്രമേ കഴിയൂ... ഒരു പ്രണയത്തിനായി ജീവിതം ഉരുകിത്തീർന്നവളെ കാണാൻ ഒരു കൊതി. അത്രമാത്രം... ദയവായി ഒരു വട്ടം മാത്രം എന്നെ അവൾക്കരികിലെത്തിക്കൂ..."
എന്റെ വാക്കുകൾ യാചനയുടെ ഭാഷയിലായിരുന്നു.. എന്തു വിധേനയും അകത്തു കടക്കണം അവളെ കാണണം.
ഫരിസ്ത തല താഴ്ത്തി ഇടത് കൈവിരലിൽ കൊണ്ട് തലമുടിയിൽ നിന്നല്പം ചുരുട്ടിയും വലത് കൈ കൊണ്ട് മേശയക്കു മുകളിൽ മുട്ടിയും ക്കൊണ്ടേയിരുന്നു. പിന്നെ തള്ളവിരൽ കൊണ്ട് ഇടതു കൺ പുരികം തടവി മെല്ലെ തല ഉയർത്തി എന്നെ നോക്കി.
(തുടരും)
ബാദ്ഷ കാവുംപടി

ഷിറാഖ് - 6

ഷിറാഖ് - 6
എന്ത് കൊണ്ടാണ് ഞാൻ ഷിറാഖിന്റെ അരികിൽ നിന്ന് പോകാൻ ധൃതിപ്പെട്ടതെന്ന് എത്രയാലോചിച്ചിട്ടും ഉത്തരം കിട്ടാതെ കിടന്നു. ആദ്യമായാണ് അദ്ദേഹം ഹൃദയം തുറന്ന് സംസാരിക്കാൻ തയ്യാറായത്. എന്നിട്ടും അത് മുഴുവൻ കേൾക്കാനുള്ള മാനസീക സാന്നിധ്യം എനിക്കില്ലാതെ പോയതെന്തേ?
ചില സമയങ്ങളിൽ നാമോരോരുത്തരും അങ്ങനെയാണ്. ഏറെ പ്രയാസപ്പെട്ട് ഒന്ന് നേടിയെടുക്കും. കയ്യിൽ കിട്ടിയാലോ യഥാവിധി പരിപാലിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ നഷ്ടപ്പെടുത്തുകയും ചെയ്യും. കുട്ടികളുടെ കയ്യിലെ കളിപ്പാട്ടം പോലെ. നമ്മളൊക്കെ പലപ്പോഴും കുട്ടികൾ തന്നെയാണ് നമ്മോളം വലുതായ നാമെന്ന കുട്ടികൾ. വെറുതേ ഞാൻ കുട്ടികളുടെ വേഷത്തിൽ നടക്കുന്നതൊന്ന് ഊഹിച്ചു നോക്കി. അപ്പോഴെന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു കാണും പിന്നെ അതെന്നിൽ അലിഞ്ഞ് ഇല്ലാതായിട്ടുണ്ടാവാം.
ബേർട്ടിക്ലസ് പാർക്കിന് ഇന്നെന്തോ ഭീകരമായ മൂകതയുള്ളത് പോലെ എനിക്ക് തോന്നി. തനിയേ ആടുന്ന ഊഞ്ഞാലുകളിൽ കാറ്റിന്റെ കരങ്ങളല്ല പ്രേതങ്ങളുടെ സാന്നിധ്യമാണെന്ന് ഊഹിച്ചു. വശങ്ങളിൽ തണലുകൾക്കു താഴെ കടല കൊറിച്ചു കൊണ്ടിരിക്കുന്ന രണ്ട് യുവാക്കൾ കാലൻമാരാണെന്ന് ചിന്തിക്കുകയും ഉള്ളിൽ എന്തിനെന്നറിയാത്ത ഒരാളൽ കണ്ടെത്തുകയും ചെയ്തു.
അകലേ നിന്നും പുഞ്ചിരിയോടെ നടന്നു വരുന്ന ഫരിസ്തയിലപ്പോൾ പ്രേമത്തിന്റേയും വശ്യതയുടേയും കണികകളില്ലാത്ത പോലെ തോന്നി. ചുവന്ന ചുണ്ടുകളിൽ ഏതോ പാവം മനുഷ്യന്റെ ചോര പുരട്ടിയതാവുമെന്നാരോ ഉള്ളിൽ കള്ളം ചൊല്ലുമ്പോലെ. ഇന്നലെ വരെ ആർദ്രമായിരുന്ന മിഴിയിണകളിൽ അമ്പിന്റെ മുന രാകി മൂർച്ച കൂട്ടി വെച്ചത് പോലെ. മാതള നാരങ്ങയുടെ നിറം കലർന്ന വെളുത്തു തുടുത്ത കവിളുകളിൽ പിശാചിന്റെ ഗാഢ ചുംബനങ്ങളേറ്റ പാടുകളുണ്ടെന്ന് ചിന്തിക്കുകയും അവജ്ഞ തോന്നുകയും ചെയ്തു.
എങ്ങനെയാണ് ഇന്നലെ വരെ സുന്ദരിയും അത്യാകൃഷ്ടയുമായിരുന്ന ഒരുവൾ ഇന്നീ പരുവത്തിലേക്ക് മാറ്റപ്പെട്ടതെന്ന് അത്ഭുതത്തോടെ ഓർത്തുനോക്കി. ഇതുവരേ അവൾ പ്രണയത്തിന്റെ മാലാഖയായി എന്നിൽ ചിറകെട്ടിയതും ഇന്നവൾ ഭീകര സത്വം കണക്കെ അട്ടഹസിക്കുന്നതും എന്റെ മനസ്സിന്റെ അപഥങ്ങളിലൊന്നാണെന്ന് എളുപ്പം തിരിച്ചറിഞ്ഞു.
ഞാൻ മുമ്പ് പറഞ്ഞത് പോലെ, ചിലപ്പോഴൊക്കെ മനസ്സ് ബാർബിക്വസ് കോർട്ടേഴ്സിലെ നീല വെളിച്ചം പോലെയാണ്. ചിതറിത്തെറിച്ചും വളയങ്ങളായും എത്ര പെട്ടന്നാണവകൾ രൂപാന്തരം പ്രാപിക്കുന്നത്! ഒരേ രൂപത്തിലിരിക്കുന്നതിലുള്ള മടുപ്പാവുമോ അതിന്റെ യുക്തിഭദ്രമായ ഒരു കാരണം? അല്ലെങ്കിലും മനസ്സിനെവിടെയാണ് യുക്തിബോധം? പ്രശസ്തമായൊരു ഉറുദു കവിതയുടെ നാലുവരികൾ ഇങ്ങനെയാണെഴുതപ്പെട്ടത്.
"പ്രണയമെഴുതപ്പെടുന്നത് മനസിലാണ്
തലച്ചോറപ്പോൾ ജീവനറ്റു കിടപ്പിലാണ്"
അല്ലെങ്കിൽ ഫരിസ്തയോട് സംസാരിക്കണമെന്നാഗ്രഹം ഉണ്ടായിരുന്നിട്ട് കൂടി അവൾക്കരികിലേക്ക് പോവാൻ ഞാൻ മടിക്കുന്നതിന്റെ ന്യായം മനസ്സു പറഞ്ഞു തരട്ടെ. അപ്പോൾ മാത്രം ഞാൻ സമ്മതിക്കാം മനസ്സിന് യുക്തിബോധമുണ്ടെന്ന്.
എന്നിട്ടും അവളെനിക്കരികിലേക്ക് വരുമ്പോൾ ഞാൻ ഓടിയകാലാതിരുന്നത് എന്തുകൊണ്ടാവും? അവളരികിൽ വരികയും "എന്തു പറ്റി മുഖം വല്ലാതിരിക്കുന്നല്ലോ?" എന്ന് ചോദിക്കുകയും ചെയ്തപ്പോഴും മൗനിയായി നിഷേധാർത്ഥത്തിൽ തലയാട്ടി ഒന്നുമില്ലെന്നടയാളമിട്ട് ചിരിക്കാൻ ശ്രമിച്ചതെന്തിനാവും...
''വേഗം വരൂ.... നിന്റെ വകയാണിന്ന് കാപ്പി..." എന്നു പറഞ്ഞവൾ കൈപിടിച്ചപ്പോൾ എല്ലാ നിഗൂഢതയും ഇല്ലാതാവുന്നത് പോലെ തോന്നിയതുകൊണ്ടാവാം അനുസരണയുള്ളൊരാട്ടിൻ കുട്ടിയെ പോലെ ഞാനവളെ പിന്തുടർന്നത്. ഹോട്ടലിലെ സീറ്റിൽ മുഖാമുഖമിരിക്കുമ്പോഴും എന്റെ ഉള്ളിൽ മാറാല പോലെ കെട്ടിക്കിടക്കുന്ന സംശയങ്ങളുടെ വലയറുക്കാൻ കഴിയാത്ത നിസ്സഹായതയുടെ പിടിയിലായിരുന്നു ഞാൻ..
മൂകത ചിലപ്പോഴൊക്കെ അസഹ്യമായൊരു വീർപ്പുമുട്ടലാണ്. ഘനീഭവിക്കും തോറും കരയിലെത്തിയ മീൻ പോലെ പിടക്കും മനസ്സ്. അടുത്ത നിമിഷം ഉണ്ടായേക്കാവുന്ന വാചാലതയുടെ തുടക്കവും ഒടുക്കവുമറിയാതെ, ഉഗ്ര വിസ്ഫോടനത്തിന്റെ തൊട്ടു മുമ്പെന്ന പോലെ, ഏതോ അദൃശ്യമായ വളയങ്ങളിൽ, ചുഴികളിൽ, അകപ്പെട്ട പോലെ പൊറുതിമുട്ടും. ഇപ്പോൾ ഞാനനുഭവിക്കുന്ന അവസ്ഥ ഇത് പോലെ ഭീകരമാണ്. ഏതക്ഷരമാണ് നമുക്കിടയിലെ മൗനം മുറിക്കാനെത്തുന്നതെന്ന് ഞാൻ കാത്തിരിക്കുന്ന പോലെ അവളും കാത്തിരിക്കുകയാവും ചിലപ്പോൾ.
"ആനന്ദ്... തെക്കൻ പ്രവിശ്യക്കാരനാണല്ലേ..?" പതിവ് തെറ്റിച്ചില്ല ആദ്യാക്ഷരം കൊണ്ട് തന്നെ അവൾ നമുക്കിടയിലെ മൗനത്തെ ഭേദിച്ചു.
"അ... അതെ... എന്താ?..." അത് പറയുമ്പോൾ ഞാൻ നെറ്റി ചുളിക്കുകയും തല ചെറുതായി ഇടത്തോട്ട് വെട്ടിക്കുകയും ചെയ്തു.
"ഏയ്... ഒന്നൂല്ല... ഹത്തികളുടെ നാട്ടുകാരനല്ലേ..." അത് പറയുമ്പോൾ അവളുടെ മുഖത്ത് പുച്ഛഭാവമാണെന്നെനിക്ക് തോന്നി. അവൾ സുന്ദരമായ മുഖം വക്രിച്ച് വികൃതമാക്കുകയും പിന്നെ തലമുടിയിൽ നിന്ന് കുറച്ചെടുത്ത് ഇടതു കൈ വിരലുകൊണ്ട് ചുരുട്ടിക്കൊണ്ടിരിക്കുകയും ചെയ്തു.
"സിജ്നിന്റെ വിധിയെന്തായിരുന്നു...?" ഞാൻ അവളെ നോക്കി. അവളെന്നെ നോക്കുകയും തല കുലുക്കുകയും ചെയ്തു കൊണ്ട് ഇരിപ്പിടത്തിൽ ഒന്നനങ്ങിയിരുന്നു.
"സിജ്നിന്റെ വിധിയെന്താവാൻ.. നിങ്ങൾ ഊഹിച്ചു കാണും. അമ്മയെ കൊല്ലാൻ വിധിക്കപ്പെട്ടു.
സിജ്നിന്റെ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ച ഗഫാനി സ്ത്രീയെ കൊല്ലാൻ വിധിക്കുമ്പോൾ അച്ഛന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.
പൊട്ടി ക്കരഞ്ഞു കൊണ്ടാണ് ഞാനാ വിധി കേട്ടത്. അമ്മയെ കൊല്ലരുതെന്നും അമ്മയ്ക്ക് പ്രായശ്ചിത്തം ചെയ്യാൻ അവസരമൊരുക്കണമെന്നും ഞാൻ കരഞ്ഞു പറഞ്ഞു. എന്താവാൻ.. ഗഫാനികൾ വിധികളെ ഭേദിക്കാറില്ലല്ലോ...
പക്ഷേ വിധി കേട്ട അമ്മ പൊട്ടിച്ചിരിച്ചു. പിന്നെ ചുണ്ടുവിരൽ അച്ഛനു നേരെ ചൂണ്ടിക്കൊണ്ട് ക്രമത്തിൽ അത് താഴോട്ടും മേല്പോട്ടും ചലിപ്പിച്ചു. "എന്റെ മരണം എനിക്കർഹതപ്പെട്ടതു തന്നെ. പക്ഷേ അഭിമാനത്തോടെ ഞാനെന്റെ മരണത്തെ വേൾക്കുന്നു. കാരണം ഞാൻ ചെയ്ത തെറ്റ് എന്റെ മകളുടെ അടിമത്വം മോചിപ്പിച്ചു എന്നത് മാത്രമാണ്. ഇതുവരേ ഭർത്താവല്ലാതൊരു പുരുഷൻ തൊട്ടിട്ടില്ലാത്ത ശരീരം തന്നെയാണ് സത്യം, നിങ്ങൾ നാശത്തിലാണ്."
അത്രയും പറയുമ്പോഴേക്കും അമ്മയുടെ ചുണ്ടുകൾ വിറക്കുകയും വാക്കുകൾ മുറിയുകയും ചെയ്തു. മുറിഞ്ഞ വാക്കുകളിൽ അപ്പോഴും ഷിറാഖിന്റെ പ്രണയ പവിത്രതയും അവരെ കണ്ടെത്താൻ ബുദ്ധി ഗഫാനികൾക്കില്ലാത്തതുമായിരുന്നു മുഴച്ചു നിന്നത്.
പിന്നെ ചുവരിലേക്ക് തല ചാരി നിൽക്കുകയും കണ്ണുകളടക്കുകയും ചെയ്തു. നിറഞ്ഞ കണ്ണുകൾ തുടച്ച് ചുണ്ടിൽ നാവ് കൊണ്ട് നനവ് എത്തിച്ച് ഉറച്ച ശബ്ദത്തോടെ പ്രഖ്യാപിച്ചു. "ഓരോ പ്രണയത്തിലും അനേകം രക്തസാക്ഷികളുണ്ടാവും. സമ്പ്രദായങ്ങളോട് സമരം ചെയ്യുന്ന പ്രണയം പോലും വിപ്ലവമാണ്. ഷിറാഖ് ഒരു വിപ്ലവകാരി തന്നെ. അവനു വേണ്ടി ആദ്യ രക്തസാക്ഷിയാവാൻ ഞാൻ തയ്യാറാണ്. എന്നാൽ ഒരിക്കലും നൗറയെ ഷിറാഖിൽ നിന്ന് വേർപിരിക്കാൻ നിങ്ങൾക്കാവില്ലെന്നാണയിടുന്നു."
അച്ഛന്റെ കോപമപ്പോൾ പതിന്മടങ്ങായി വർദ്ധിച്ചത് പോലെ തോന്നി. കണ്ണുകളിൽ നിന്നാളിയ തീ ജ്വാലയിൽ അമ്മ കരിഞ്ഞുണങ്ങുമെന്ന് തോന്നിച്ചു . പിന്നെ വർഖാൻ ഉയർത്തി ദൈവനാമം ജപിച്ചു കൊണ്ട് അമ്മയ്ക്കരികിലേക്ക് ഓടിയടുത്തു. പുരോഹിത വൃന്തവും സന്നിഹ്തരമായ മറ്റുള്ളവരും എഴുന്നേറ്റു നിന്നു. അമ്മയെ വധശിക്ഷ നടപ്പാക്കുന്ന പീഠത്തിലേക്ക് വിലിച്ചിഴച്ചു കൊണ്ടുവന്നു നിർത്തിയ ശേഷം വർഖാൻ ഉയർത്തി അച്ഛൻ പറഞ്ഞു: "ശറാഫത്ത് തല താഴ്ത്തി പിരടി നീട്ടി നിൽക്കുക... വധശിക്ഷ നടപ്പാക്കുന്നു.. "
ഒരു പൊട്ടിച്ചിരിയോടെ അമ്മ കണ്ണു തുറന്നു. എന്തു സംഭവിക്കുമെന്നറിയാതെ നിർവികാരിതയായി ഞാൻ മിഴിച്ചു നിന്നു. അമ്മയുടെ കണ്ണുകൾ അപ്പോൾ കരയുന്നതായോ ചിരിക്കുന്നതായോ വ്യാഖ്യാനിക്കാൻ കഴിയാത്ത വിധം നിഗൂഢമായിരുന്നു.
അച്ഛന്റെ കണ്ണുകളിലേക്ക് നോക്കിയ ശേഷം അമ്മ ഇടതു ഭാഗത്ത് കാറിത്തുപ്പിയിട്ട് പ്രഖ്യാപിച്ചു.
''ഞാൻ അടിമച്ചന്തയിൽ നിന്ന് വാങ്ങപ്പെട്ട മുതലല്ല. ഇന്നേ വരെ ആർക്കു മുന്നിലും അഭിമാനം പണയം വെക്കാത്ത സുകൂത്ത് ഗഫാനിയുടെ മകളാണ്. എന്റെ അച്ഛനിൽ സത്യം ചെയ്തു ഞാൻ പറയുന്നു തല കുനിച്ച് മരിക്കാൻ എനിക്ക് നിർവാഹമില്ല തന്നെ. ജീവിതം കുനിഞ്ഞ തലയോടെ ജീവിച്ചു മടുത്ത ഞാൻ മരിക്കുമ്പോഴെങ്കിൽ തല ഉയർത്തിപ്പിടിച്ചു മരിക്കുക തന്നെ ചെയ്യും. എനിക്കു ശേഷം ഗഫാനി സ്ത്രീകൾ ഉത്ബുദ്ധരാവാൻ വേണ്ടി മാത്രം...." അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ എനിക്കു നേരെ നീണ്ടിരുന്നു. പിന്നെ എല്ലാം നൊടിയിടെ ആയിരുന്നു. ശിരസ്സറ്റ് അമ്മ നിലം പതിച്ചു. കാഴ്ച കണ്ടു നിന്ന ഞാൻ മോഹാലസ്യപ്പെട്ടു."
അത്രയും പറഞ്ഞ് അവൾ ഇടത് കൈവിരലുകൾ കൊണ്ട് കണ്ണു തിരുമ്മി എന്നെ നോക്കി. ഞാൻ പിന്തിരിഞ്ഞു കുരിശു മാലയിട്ട ഹോട്ടൽ ജീവനക്കാരനായ യുവാവിനോട് വീണ്ടും രണ്ട് കോഫി വേണമെന്നാവശ്യപ്പെട്ടു. പിന്നെ കീഴ്‌ച്ചുണ്ട് കടിച്ചു കൊണ്ട് ഇടത് വശത്തേക്ക് തല തിരിച്ച് രണ്ടു കൈ കൊണ്ടും ടേബിളിൽ താങ്ങി മുന്നോട്ടാഞ്ഞിരുന്നു. അപ്പോൾ എന്റെ മനസ്സ് നിറയെ ഷിറാഖ് പറഞ്ഞ വാക്കുകളായിരുന്നു. "അതിബുദ്ധിമതിയായ അപകടകാരിയാണ് ഫരിസ്ത... ശക്തയും അഭ്യസ്തയുമായ അവളാണ് എന്നെ ആക്രമിച്ചത്. ഞങ്ങളെ ഉറ്റിയതും അവളാണ്...."
അവളിൽ പ്രത്യേകിച്ച് ഭാവ മാറ്റമോ വികാരത്തള്ളിച്ചയോ ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരുന്നു. എങ്ങനെയാണവൾക്ക് ഇത്രയും സ്വസ്ഥത കൈവരിക്കാൻ കഴിയുന്നതെന്ന് ചിന്തിക്കുകയും അവളുടെ മുഖത്തപ്പോഴും കളിയാടുന്ന നിഷ്കളങ്കതയിൽ ആശ്ചര്യനാവുകയും ചെയ്തു. ഒരു വേള ഷിറാഖ് കള്ളം പറഞ്ഞതാവുമെന്ന് തോന്നുകയും അദ്ദേഹം കള്ളം പറയാറില്ലെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുകയും ചെയ്തു.
"എന്തിനാ വീണ്ടും കോഫി പറഞ്ഞത്..." അവളുടെ ശബ്ദമപ്പോൾ ഏറ്റവും ആർദ്രവും പ്രണയപൂർണ്ണവുമായിരുന്നു.. അവളുടെ നീണ്ട കണ്ണുകൾ ആഴമേറിയ തടാകമാണെന്നും കൃഷ്ണമണികൾ അതിൽ നീന്തുന്ന നീല മത്സ്യങ്ങളാണെന്നും കരുതി ഞാനതു തന്നെ നോക്കിയിരുന്നു. മൂക്കിനു താഴെ ചെറിയ ചുവന്ന മേൽ ചുണ്ടിന് മുകളിലായി സ്വർണ്ണ നിറത്തിലുള്ള കുഞ്ഞു രോമങ്ങൾക്ക് തിളക്കം കൂടിയതായി എനിക്ക് തോന്നി.
അടുത്ത നിമിഷം തന്നെ എന്തുകൊണ്ടാണെന്റെ മനസ്സിങ്ങനെ ചിതറിപ്പോകുന്നതെന്ന് തിരയുകയും ഉത്തരം കിട്ടാതെ അലസമാവുകയും ചെയ്തു. ഞാൻ മുന്നിലെ ആവി പറക്കുന്ന കാപ്പി ഗ്ലാസിൽ പിടിച്ചു കൊണ്ട് അല്പനേരം മൗനം വരിക്കുകയും പിന്നെ സ്വരം താഴ്ത്തി അവൾക്കു നേരെ തിരിഞ്ഞു.
"അപ്പോൾ നൗറാ ഷിറാഖ് പ്രണയകഥ ഇവിടെ പൂർണമാവുന്നു അല്ലേ....?"
"ഇല്ല...." അത് പറയുമ്പോൾ അവളിൽ വന്യമായൊരാവേശവും ഗൂഢമായ ചിരിയും വിരുന്നെത്തിയത് ഞാൻ ശ്രദ്ധിച്ചു. "ഗഫാനികൾ വിഡ്ഢികളാണെന്ന് കരുതിയോ...? ഏത് ബുദ്ധിമാനും അവനറിയാതെ അപൂർവ്വമായെങ്കിലും ഒരു മണ്ടത്തരം ചെയ്യും. ഷിറാഖും അത് ചെയ്തു."
കുറച്ച് നേരം നീണ്ട മൗനത്തിലായിരുന്നു അവളെങ്കിൽ ഷിറാഖിൽ നിന്നുണ്ടായ അപദ്ധം എന്തെന്ന ആകാംക്ഷയിലായിരുന്നു ഞാൻ.
"വാക്കുകൾക്കപ്പുറം പ്രണയത്തെ അറിഞ്ഞവർ മൗനിയാകുന്നതെങ്ങനെ..."
അവൾ തന്നെ മൗനം ഭേദിച്ചത് പറയുകയും പൊട്ടിച്ചരിക്കുകയും ചെയ്തു. അപ്പോഴാദ്യമായി അവളുടെ കണ്ണുകളിൽ തീ പരക്കുകയും പല്ലുകൾ കടിച്ചു പിടിക്കുകയും മേൽച്ചുണ്ട് വക്രിക്കുകയും ചെയ്തു. ചൂടു കാപ്പി ഒറ്റ വലിക്ക് കുടിച്ചു തീർത്ത് ചുണ്ട് തുടച്ച് രൂക്ഷമായൊരു നോട്ടമെന്നിലെറിഞ്ഞ് ഒന്നനങ്ങിയിരുന്നു. പിന്നെ എന്തോ പറയാനായി ഒരുങ്ങി.
അവളുടെ ഭാവമാറ്റത്തിൽ സ്തബ്ധനായി നിൽക്കുന്ന എനിക്കു നേരെ അവളുടെ ശബ്ദമുയർന്നു. "ഷിറാഖ് നിങ്ങൾ തന്നെയാണ് ശരി" എന്റെ മനസ്സപ്പോൾ അങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു....
(തുടരും)
ബാദ്ഷ കാവുംപടി.

ഷിറാഖ് - 5

ഷിറാഖ് - 5
ഒരു സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടിയുണർന്നത്. രണ്ട് വലിയ മരങ്ങളാണ് ആദ്യം കണ്ടത്. ഒരിളം തെന്നലിന്റെ പ്രതിഫലനമെന്നോണം അതിന്റെ ഇലകൾ വശ്യമായി ആടുന്നുണ്ടായിരുന്നു. അതേ സമയം ഏതോ അനന്തതയിലുത്ഭവിച്ച് നേർ രേഖ പോലെ സഞ്ചരിക്കുന്ന പ്രത്യേകതരം സംഗീതവും കൂടെ ഊദിന്റെ സുഗന്ധം പരക്കുകയും ചെയ്തു. പറഞ്ഞറിയിക്കാൻ കഴിയാത്തൊരനുഭൂതിയോടെ ഞാനാ കാഴ്ചകളിൽ കണ്ണുനട്ടിരുന്നു.
പ്രണയം.... പ്രണയം എന്റെ മനസ്സങ്ങനെ മന്ത്രിക്കുകയും കൂടെ ഫരിസ്ത ഉണ്ടായിരുന്നെങ്കിലെന്നാശിക്കുകയും ചെയ്തു.
പെട്ടന്ന് രണ്ടു മരങ്ങൾക്കുമിടയിൽ നീട്ടി വളർത്തിയ താടിയും പാറിപ്പറക്കുന്ന മുടിയുമുള്ള ശുഷ്കിച്ചൊരാൺ കോലം പ്രത്യക്ഷപ്പെട്ടു. അയാൾ രണ്ടു മരങ്ങൾക്കുമിടയിൽ ഓടി നടക്കുകയും പിന്നെ ക്ഷീണിച്ച് ഒത്ത നടുവിലായി ഇരിക്കുകയും ചെയ്തു. അപ്പോൾ അയാൾക്കു പിറകിൽ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞൊട്ടിയ ശരീരവും കുഴിയിലാണ്ട കണ്ണുകളുമുള്ള അവൾ രണ്ട് മരങ്ങളിലേക്കും നോക്കി. പിന്നെ ആദ്യം കണ്ട പുരുഷരൂപത്തെ കെട്ടിപ്പിടിക്കാനൊരുങ്ങി. ശക്തമായൊരു കൊടും കാറ്റ് എങ്ങുനിന്നെന്നറിയാതെ വരികയും മരങ്ങളെ മറക്കും വിധം പൊടി പടലങ്ങളുയരുകയും ചെയ്തു. കാറ്റടങ്ങുമ്പോൾ നിലം പതിച്ച രണ്ട് മരങ്ങൾക്ക് അടിയിൽ പിടക്കുന്ന രണ്ട് പേരെയാണ് കണ്ടത് രണ്ടു പേരും വ്യത്യസ്ത മരങ്ങൾക്കടിയിലായാണ് ഉണ്ടായിരുന്നത്.
അവരെ രക്ഷിക്കണമെന്നാഗ്രഹിച്ച് ഓടിയടുക്കുന്ന ഞാൻ മണലിലാണ്ടുപോവുന്നതായി കണ്ടതോടെ എന്റെ ഉറക്കം ഞെട്ടി. അപ്പോഴെനിക്കു ചുറ്റും വലയം വെച്ചിരുന്ന ഇരുട്ടിൽ ഏതോ സ്ത്രീയുടേയും പുരുഷന്റേയും വിലാപങ്ങളുയരുന്നത് പോലെ തോന്നി.
ഞാനെഴുന്നേറ്റ് വിളക്കു തെളിച്ചു. പരിസരബോധം കൈവരുന്നതിനനുസരിച്ച് കേട്ടുകൊണ്ടിരുന്ന നിലവിളി പതിയേ ഇല്ലാതാവുകയും ഇരുട്ടിന്റെ വിശുദ്ധമായ മൂകത മാത്രം ബാക്കിയാവുകയും ചെയ്തു.
ഞാൻ മുറിയിലെ മൺകൂജയിൽ നിന്ന് വെള്ളം കോരിക്കുടിച്ച്, എനിക്കേറ്റവും പ്രിയപ്പെട്ട ചിതറിപ്പരക്കുന്ന നീല വെളിച്ചം മുമ്പേ കത്തിച്ചു വെക്കാത്തതിൽ എന്നെ തന്നെ പഴി പറഞ്ഞു കൊണ്ട് തെളിക്കുകയും പിന്നെ അതിലേക്ക് നോക്കി കിടക്കുകയും ചെയ്തു.
അപ്പോൾ മുറിയിലാകെ ഓടി നടക്കുന്ന പ്രകാശകണങ്ങളെ ഏതോ കുസൃതി കുട്ടികളായി എനിക്കു തോന്നി. ഓരോ തവണയും വളയങ്ങളായും മൊട്ടുകളായും അതെന്റെ ശരീരത്തെ തൊടുമ്പോൾ എന്തെന്നറിയാത്ത കുളിര് നിറയുകയും എന്റെ മനസ്സ് ശാന്തമാവുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴും ഞാൻ കണ്ട സ്വപ്നത്തിന്റെ ആന്തരീകാർത്ഥങ്ങൾ വ്യാഖ്യാനിക്കുന്ന വ്യഗ്രതയിലായിരുന്നു ഹൃദയം.
ഏതോ വിദൂരതയിൽ നിന്നൊരു ചീവീടിന്റെ ശബ്ദം കേട്ടു. ഒരു പക്ഷേ എന്നെപ്പോലെ അലോസരപ്പെട്ടുറക്കം നഷ്ടമായൊരു ജീവിയായിരിക്കാം അതെന്ന് ഞാനൂഹിച്ചു. പിന്നെ ഇടത്തും വലത്തും മാറി മാറിക്കിടന്ന് ഉറക്കത്തിനായി കണ്ണുകളിറുക്കിയടച്ചു. ഒരു വെളുത്ത പൊട്ട് കറുത്ത പ്രതലത്തിൽ പല വിധ വളയങ്ങായി തിളങ്ങുന്നത് പോലെ തോന്നുകയും എനിക്കുറക്കം അന്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. എങ്കിലും ഇടക്കെപ്പോഴോ ഞാൻ വീണ്ടും ഉറക്കത്തിലേക്ക് ആനയിക്കപ്പെടുകയും പുലരുവോളം ഉറങ്ങുകയും ചെയ്തു.
*****
ഞാനാദ്യം പോയത് ഷിറാഖിന്റെ താമസസ്ഥലമായ പൊളിഞ്ഞു വീഴാറായ പഴയ വീട്ടിലേക്കാണ്. അദ്ധേഹമവിടെ പ്രണയാതുരമായ കവിതകൾ പാടിയിരിപ്പുണ്ടാവുമെന്ന് പ്രതീക്ഷയിലാണങ്ങോട്ട് പോയത്. ഞാൻ ചെല്ലുമ്പോൾ തൊടിയിലെ നീണ്ടു വളർന്ന ഒരു മരത്തിന്റെ ചുവട്ടിൽ കാലുകൾ നീട്ടിവെച്ച് മരത്തിൽ ചാരിയിരിക്കുകയായിരുന്നു.
അടുത്തെത്തിയപ്പോഴാണ് തികഞ്ഞ ശ്രദ്ധയോടെ അദ്ധേഹം തന്റെ കൈവിരലുകൊണ്ട് മണലിൽ എന്തോ എഴുതുന്നതായി ഞാൻ ശ്രദ്ധിച്ചത്. ഞാനവിടെ എത്തിയത് പോലും അദ്ദേഹം കണ്ടില്ലെന്ന് തോന്നുന്നു. ഞാനാ എഴുത്തു വായിച്ചു.
"ഞാനും നീയും ചേർന്നാൽ
നമ്മളാവുന്നത് പ്രണയമെന്നാരാണ്
കള്ളം പറഞ്ഞത്?
ഞാൻ നീയും
നീ ഞാനുമാവുന്നതിലെ
ആഴമുണ്ടോ നമ്മളിൽ?
നൗറാ
നീയറിയുന്നുണ്ടോ..
ഞാനിപ്പോൾ നീയും
നീ ഇപ്പോൾ ഞാനുമായി
മാറിയതിന്റെ അകപ്പൊരുൾ.."
ഞാൻ തൊണ്ടയനക്കി അദ്ദേഹത്തെ ഉണർത്തി. ഒരു നീണ്ട ശ്വാസത്തോടെ അദ്ദേഹം തല ഉയർത്തുകയും എന്നെ നോക്കുകയും ചെയ്തു. ചുളിവ് വീണ കവിൾ തടങ്ങളിലൂടെ രണ്ട് വരകളായി ഒലിച്ചിച്ചിറങ്ങുന്ന കണ്ണീരിന് ചുവന്ന നിറമുള്ളത് പോലെ എനിക്ക് തോന്നി. ഹത്തികളുടെ രാജകുമാരന്റെ ഈയൊരവസ്ഥയിൽ പൊട്ടിക്കരഞ്ഞു കൊണ്ടദ്ധേഹത്തെ കെട്ടിപ്പിടാക്കാൻ മാത്രമേ എനിക്കു കഴിയുമായിരുന്നുള്ളൂ..
"വരൂ... നമുക്ക് തിരിച്ചു പോവാം..." കരഞ്ഞുകൊണ്ടാണത് ഞാൻ പറഞ്ഞത്?
"എന്തിന്?"
"അമ്മയും അച്ഛനും നിങ്ങളെ കാണാത്ത വിഷമത്തിലാണ്... നമ്മുടെ നാടും വീടുമൊക്കെ കാണുമ്പോൾ തന്നെ കുറേ ആശ്വാസം ഉണ്ടാവും.. അല്ലെങ്കിലും എന്തിനാണീ കാത്തിരിപ്പ്? ഒരിക്കലും നിങ്ങളൊന്നിക്കില്ലെന്ന് നിങ്ങൾക്കു തന്നെ ഉറപ്പല്ലേ? പിന്നെ....."
വേറെന്തോ പറയാനൊരുങ്ങിയ എന്നെ തീ പാറുന്ന നോട്ടം കൊണ്ടദ്ദേഹം നിശ്ശബ്ദനാക്കി. ഗോത്ര മഹിമയറിയിക്കുന്ന സ്വർണ്ണപ്പിടിയുള്ള വാൾ ഉറയിൽ നിന്നൂരി അദ്ദേഹം എനിക്കെതിരെ ഉയർത്തി. ഞാൻ തല താഴ്ത്തി നിന്നു.
''നീയാണോ ഉടയതമ്പുരാൻ...? നാം ഒന്നാവില്ലെന്നാരു പറഞ്ഞു നിന്നോട്? നാം എന്നോ പങ്ക് വെക്കപ്പെട്ടവരാണ്. ഞാനെന്ന ഈ ജഢവും നൗറയെന്ന ആത്മാവുമാണെന്നിൽ... എന്നിൽ അവൾ നിറയുന്ന നിമിഷങ്ങളെ തല്ലിക്കെടുത്താൻ നീ ഏതു പിശാചിനാണ് ജനിച്ചത്?"
പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ടദ്ദേഹം വാൾ ഉറയിലിടുകയും എനിക്കു മുന്നിൽ കൈകൂപ്പി നിന്ന് "എന്റെ പ്രണയത്തെ പുഛിക്കാതിരിക്കൂ..." എന്നപേക്ഷിക്കുകയും ചെയ്തു.
''അമ്മയും അച്ഛനും നിങ്ങളുടെ തിരിച്ചുവരവ് അത്രമേൽ ആഗ്രഹിക്കുന്നുണ്ട്..." ഇടറിയ ശബ്ദത്തിൽ ഞാനത് പറയുമ്പോൾ അദ്ദേഹം നിലത്ത് കിടന്നുരുളുകയും തലയിൽ കൈ വെച്ച് അടിക്കുകയും ചെയ്തു. അപ്പോഴദ്ദേഹത്തിന്റെ വെളുത്ത നിറത്തെ പൊടിമണ്ണ് കൊണ്ട് മൂടപ്പെട്ടിരുന്നു. ചുവന്ന ചുണ്ടുകളിലെ ചേര വാർന്ന് വിളറി വെളുത്ത കാഴ്ചയെക്കാൾ മണ്ണിന്റെ നിറമാണ് മെച്ചമെന്ന് ഞാൻ കണ്ടെത്തി.
ഏറെ നേരം നീണ്ട ഭ്രാന്തമായ ചേഷ്ടകൾക്ക് ശേഷം എഴുന്നേറ്റിരുന്ന് എന്റെ കാൽമുട്ടുകളിൽ അദ്ദേഹത്തിന്റെ കാൽമുട്ട് തട്ടിച്ച് എന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ വീണ്ടുമാ ചോദ്യമെറിഞ്ഞു. "നീ എന്റെ നൗറയെ കണ്ടോ?"
ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടുകയും കീഴ്ച്ചുണ്ട് മുന്നോട്ട് തള്ളി നിരാശ കാണിക്കുകയും ചെയ്തു.
"എങ്ങനെയാവും ഇപ്പോൾ അവൾ? പാവം ഒരുപാട് അക്രമിച്ചു കാണും ഗഫാനി പട്ടികൾ.." ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു.
"ഗഫാനികളെ കുറിച്ച് നിങ്ങൾക്കറിയില്ലേ? നൂറ്റാണ്ടുകളായി ഹത്തികളുടെ ശത്രുക്കളാണവർ..."
"ഉം.... പക്ഷേ അവൾ ഗഫാനിയാണെന്നെനിക്കറിയില്ലായിരുന്നു.. സത്യം.... അറിഞ്ഞപ്പോൾ പ്രണയമെന്റെ സിരയിൽ ലയിച്ചിരുന്നു.... അത് കൊണ്ട്.. അത് കൊണ്ട് മാത്രമാണ് ഞാൻ ഹത്തിയാണെന്നത് ഒളിച്ചുവെച്ചത്... നിനക്കറിയോ ഞാനന്ന് അവളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ആദ്യമായി അവളുടെ വീട്ടു പടിക്കലെത്തിയ ആ ദിവസം എന്തു സംഭവിച്ചെന്ന്...
മരണത്തെ നേരിൽ കണ്ടിട്ടുണ്ടോ നീ..? ഞാൻ കണ്ടു അന്ന്. നസീഹ് ഗഫാനി എന്ന പിശാചിന്റെ മുന്നിൽ പോയി താഴ്മയോടെ തന്നെയാണ് നൗറയെ ഞാൻ പ്രേമിക്കുന്നെന്ന് പറഞ്ഞത്. ആദ്യമൊരു പരിഹാസച്ചിരി. പിന്നെ കണ്ണുകളിൽ രോഷം കലർത്തിയൊരു നോട്ടം... ഇരിപ്പിടത്തിൽ നിന്നെന്റെ മാറിലേക്കൊരു ചവിട്ട്.. ഞാൻ നിലത്തേക്ക് തെറിച്ചു വീണു... അപ്പോഴേക്കും കുറേ യുവാക്കൾ എന്നെ വളഞ്ഞിരുന്നു. നസീഹിന്റെ ആജ്ഞയക്കായി കാത്തു നിന്ന അവരോടായി അയാൾ ഉച്ചത്തിൽ പ്രഖ്യാപിച്ചു... "തല്ലി കൊല്ലെടാ പന്നീടെ മോനെ.... "
ഒരു യുദ്ധം മുന്നിൽ കണ്ടു തന്നെയാണ് ഞാനവിടേക്ക് കയറി ചെന്നത്. അത് കൊണ്ട് തന്നെ തറയിൽ നിന്ന് ചാടിയെഴുന്നേറ്റ് അരയിൽ തൂക്കിയിട്ട വാളൂരി...
മരണമുറപ്പിച്ചവന്റെ ശക്തിയറിയാൻ പ്രയാസമാണ്. ലോകത്തെ തന്നെ സംഹരിക്കാനുള്ള ശേഷിയുണ്ടവന്റെ വാളുകൾക്ക്.
എന്റെ വാൾ കണ്ടതോടെ ആക്രമകാരികൾ പിന്നോട്ട് വലിഞ്ഞു. "ഹത്തി" ആരൊക്കെയോ അത് ഹയുന്നുണ്ടായിരുന്നു. അവർക്കുറപ്പായിരുന്നു എന്റെ ദേഹത്തിലേൽക്കുന്ന ഓരോ പ്രഹരത്തിനും അവർ മറുപടി പറയേണ്ടി വരുമെന്ന്. ചിന്നിച്ചിതറിയ യുവാക്കൾക്കിടയിലൂടെ ഞാൻ മുന്നോട്ട് നടന്നു. കുനിഞ്ഞ ശിരസ്സോടെ.
പെട്ടന്നാണ് ആരോ എന്റെ തലയ്ക്കടിച്ചത്. പിറകിൽ നിന്നുള്ള ആ അടിയിൽ എന്റെ കാല്പാദങ്ങൾ തെന്നി ഞാൻ താഴേക്കു വീണു. മലർന്നു വീണ എനിക്കു മുന്നിൽ ഇരുമ്പുവടിയുമായി ചുവന്ന കണ്ണുകളോടെ അവൾ നിൽക്കുന്നു. "ഫരിസ്ത..."
ഫരിസ്ത നൗറയുടെ അനിയത്തിയാണ്. സുന്ദരി, ശാന്ത സ്വഭാവക്കാരി എന്നൊക്കെയാണ് അതുവരേ ഞാനറിഞ്ഞിരുന്നത്ത്. എന്നാൽ ഉഗ്രരൂപിയായി സംഹാര താണ്ഡവമാടുന്ന ഒരു സ്ത്രീയെയാണ് അവിടെ കണ്ടത്. അവളുടെ കണ്ണുകൾക്കപ്പോൾ തീക്കനലിന്റെ ചൂടുണ്ടായിരുന്നു. കയ്യിലെ ഇരുമ്പ് വടി യോദ്ധാവിനെ പോലെ ചുഴറ്റി ശേഷം നിലത്തു കുത്തി പിന്നെ എന്റെ മുട്ടു കാലുകളിലേക്കാഞ്ഞു വീശി. ആ ഒരൊറ്റ പ്രവർത്തിയിൽ തന്നെ അവൾ അടവുകൾ പഠിച്ച അഭ്യാസിയാണെന്നെനിക്കു മനസ്സിലായി. കൂടെ ബുദ്ധിമതിയും.
"ഗഫാനികളുടെ മാനത്തിനും അഭിമാനത്തിനും വിലയിടാൻ മാത്രം വളർന്ന ഏതവനാണിവിടെ ഉള്ളത്? ഹത്തികളെ കണ്ട് മുട്ട് വിറക്കുന്ന പുരഷൻമാരേ... മരണത്തേക്കാൾ നല്ല ഒളിത്താവളമേതാണ് നിങ്ങൾക്കുള്ളത്..." അവൾ ആക്രോഷിച്ചുകൊണ്ടിരുന്നു."
അതുവരേ പേടിച്ചു മാറി നിന്ന യുവാക്കൾ എനിക്കു നേരെ പാഞ്ഞടുത്തു. മുട്ടുകാലിലും തലയിലുമേറ്റ അടിയുടെ ആഘാതത്തിൽ എനിക്കെഴുന്നേൽക്കാൻ കഴിഞ്ഞില്ല. പ്രണയത്തിന്റെ രക്തസാക്ഷിയാവുന്നതിലെ മുന്നൊരുക്കങ്ങൾ എന്റെ ഹൃദയത്തിൽ നടന്നു കൊണ്ടിരുന്നു. ഞാൻ കണ്ണുകളിറുകിയടച്ച് മരണം കാത്തു കിടന്നു.
പെട്ടന്നാണ് എന്റെ ശരീരത്തിലേക്കാരോ വീണത്. അവൾ നൗറ. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ ഉച്ചത്തിൽ തന്നെ പ്രഖ്യാപിച്ചു. "ഷിറാഖിനെ കൊല്ലുന്ന വാളുകൾക്കൊരു സന്തോഷ വാർത്ത. അദ്ധേഹത്തെക്കാൾ മുന്നേ വാളിന്നു കുടിക്കാൻ എന്റെ ചോര ഞാൻ ദാനം ചെയ്യുന്നു. എനിക്കു ജന്മം നൽകിയ പിതാവ് തന്നെയാണു സത്യം ഷിറാഖിനൊപ്പം ജീവിക്കുന്നതിലും മരിക്കുന്നതിലും ഞാൻ തുല്യമായ ആനന്ദം കണ്ടെത്തിയവളാകുന്നു."
ഗഫാനി വിശ്വാസ പ്രകാരം പിശാചിന്റെ പുത്രിയായി ജനിച്ച നൗറയെ കൊല്ലാൻ പാടില്ല എന്നാണ്. അവരീ ഭൂവിൽ നരകിച്ചു മരിക്കണമെന്നു മാത്രമല്ല ഉടയാഭരണങ്ങളോ ലൈംഗീക സുഖങ്ങളോ തുടങ്ങിയവയെല്ലാം നിഷേധിക്കപ്പെട്ടവരാണ്. അത് കൊണ്ട് തന്നെ നൗറയുടെ രക്തം വാളുകളിൽ പുരട്ടാൻ ഗഫാനി ഗോത്രം പേടിച്ചു. നൗറയെ കൊന്നാൽ ദൈവ കോപത്താൽ അവർ അഗ്നിപരീക്ഷ നേരിടേണ്ടി വരുമെന്ന് പുരോഹിത വൃന്തം പ്രഖ്യാപിച്ചതോടെ യുവാക്കൾ പിൻവാങ്ങുകയും ഞങ്ങൾ മോചിതരാവുകയും ചെയ്തു. "ഷിറാഖിനെ ജീവിക്കാനനുവദിക്കുന്ന കാലത്തോളം എന്റെ രക്തം കൊണ്ട് ഗഫാനീ ഗോത്രം കളങ്കപ്പെടില്ലെന്ന് ഞാൻ വാക്കു തരുന്നു." എന്ന് കൂടി പറഞ്ഞതോടെ നിമഴ്ന്ന തലയോടെ പരാജിതനായി പടിയിറങ്ങുകയായിരുന്നു ഞാൻ..."
പിന്നേയും ഷിറാഖ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ മനസ്സപ്പോൾ ബേർട്ടിക്ലസ് പാർക്കിലെ ഊഞ്ഞാലിലായിരുന്നു. സദാ പുഞ്ചിരി തൂകുന്ന മുഖവുമായി അവിടെയിരുന്ന് ഹെഡ് ഫോണിൽ പാട്ടുകേൾക്കുന്ന സുന്ദരിയായ ഫരിസ്തയിൽ. എന്തിനാവും അവൾ അദ്ധേഹത്തെ ആക്രമിച്ചത്? അവൾക്കീ പ്രണയ കഥയിലെന്താണ് വേഷം? മാലാഖയെന്നു പേരും പിശാചിന്റെ ജന്മവുമാണോ അവൾ? പക്ഷേ അവൾ പറഞ്ഞു കേട്ടിടത്തോളം അങ്ങനെയൊരുവളല്ലല്ലോ... ആർക്കാണ് പിഴച്ചത്?
ഷിറാഖിനോട് ഞാനവളെ കണ്ട കാര്യമോ ഞങ്ങൾ തമ്മിലുള്ള സൗഹൃദമോ പറയാത്തത് നന്നായി എന്നെനിക്കു തോന്നി. കാരണം ഫരിസ്ത എന്ന പേരുപയോഗിക്കുമ്പോഴെല്ലാം അദ്ധേഹം വർദ്ധിച്ച കോപത്താൽ മുഷ്ടി ചുരുട്ടുകയും നിലത്ത് ശക്തിയായി ഇടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോളദ്ദേഹത്തിന്റെ കണ്ണുകളിൽ തീ നാളങ്ങൾ ജ്വലിച്ചുയരുകയും സംഹാര ദേവനെപ്പോലെ ഉഗ്ര രൂപിയാവുകയും ചെയ്യുന്നുണ്ടായിരുന്നു.
******
(തുടരും)
ബാദ്ഷ കാവുംപടി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo